എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 69)
കൂക്കാനം റഹ്‌മാൻ
(www.kvartha.com 04.05.2021) ശശാങ്കന്‍ ആറുമാസത്തെ ലീവിനാണ് നാട്ടിലെത്തിയത്. ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ഗള്‍ഫിലെത്തിയതാണ്. സുഖകരമായ ജോലിയാണ് . അമേരിക്കന്‍ സ്‌ക്കൂളിന്റെ അക്കൗണ്ടന്റായാണ് കയറിയത്. താമസസൗകര്യം അവരുടെ ക്വാര്‍ട്ടേര്‍സില്‍ തന്നെ. ഒരു ലക്ഷം രൂപയോളം ശമ്പളം കിട്ടി. നാട്ടില്‍ അച്ഛനും അമ്മയ്ക്കും പ്രായം കൂടിവരുന്നു. അവര്‍ക്ക് നല്ലൊരു താമസസൗകര്യമുളള വീട് വെക്കണം. മൂന്ന് സഹോദരിമാരുണ്ട്. എല്ലവരേയും കെട്ടിച്ചു വിട്ടു. മരുമക്കളെ പഠിപ്പിക്കണം. അതിനുളള സഹായം ചെയ്തു കൊടുക്കണം. നാലഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇതൊക്കെ സാധിച്ചു. അച്ഛനും അമ്മയും പരിഭവം പറഞ്ഞു തുടങ്ങി. പെണ്ണു കെട്ടണം ഞങ്ങളിവിടെ തനിച്ചല്ലേ, നിന്റെ പ്രായക്കാരെല്ലാം പെണ്ണ് കണ്ട് കല്യാണം നടത്തി കഴിഞ്ഞു.
അടുത്ത തവണ വരുമ്പോൾ നീ തീര്‍ച്ചയായും ഞങ്ങളുടെ ആഗ്രഹം സഫലീകരിച്ചു തരണം. ശശാങ്കനും ഇപ്പോള്‍ 29 ല്‍ എത്തിനില്‍ക്കുന്നു. നാട്ടില്‍ അമ്മൂമ്മ പറയുാന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. 'ഉച്ചക്കിടക്ക് കഞ്ഞിയും മുപ്പതിനിടയ്ക്ക് കുഞ്ഞിയും' അതുകൊണ്ട് ഇനി വൈകിപ്പിക്കേണ്ട. വീടിനടുത്താണ് മൂത്ത പെങ്ങള്‍ വീട് നിര്‍മ്മിച്ചിട്ടുളളത്. അവര്‍ക്ക് ഒരു മകനേയുളളൂ. രഘുവിനെ താലോലിച്ചാണവര്‍ വളര്‍ത്തിയത്. അവന്റെ ആവശ്യങ്ങളൊക്കെ നിറവേറ്റികൊടുക്കാന്‍ അവന്റെ അച്ഛന്‍ ശ്രമിക്കുന്നുണ്ട്. കോളേജ് പഠനം കഴിഞ്ഞു ഇനി ഒരു ജോലി വേണമന്നാണ് അവന്റെ ആഗ്രഹം. അവന്റെ അമ്മ ശശാങ്കനെ വിളിച്ചു പറഞ്ഞു രഘുവിന് ഒരു ബൈക്ക് വേണം പോലും, അമ്മാവനോട് പറയണമെന്ന് എന്നോട് പറഞ്ഞതു കൊണ്ടാണ് ഞാന്‍ വിളിച്ചു പറഞ്ഞത്.
അവന്റെ എന്ത് ആഗ്രഹങ്ങളും സഫലീകരിച്ചു കൊടുക്കാന്‍ ശശാങ്കന് ഇഷ്ടമാണ്. നാട്ടിലെത്തിയാല്‍ അവന്‍ ശശാങ്കന്റെ പ്രധാനപ്പെട്ട സഹായിയാണ്. എന്റെ അച്ഛനേയും അമ്മയേയും സഹായിക്കാന്‍ അവനാണ് ഉണ്ടാവുന്നത്. നാട്ടിലെത്തിയാല്‍ അക്കാര്യം ചെയ്യാമെന്ന് ഞാന്‍ പെങ്ങളോട് പറഞ്ഞു. ഇത്തവണ നാട്ടിലെത്തിയാല്‍ പെണ്ണു കാണണം. പറ്റുമെങ്കില്‍ കല്ല്യാണവും നടത്തണം. അതിനാണ് ആറുമാസത്തെ ലീവിന് വേണ്ടി കമ്പനിയോട് അപേക്ഷിച്ചത്. അവര്‍ അതനുവദിക്കുകയും ചെയ്തു. അച്ഛനും അമ്മയ്ക്കും സന്തോഷമായി.
ആകെയുളള ഒരു ആൺതരിയാണ് ശശാങ്കന്‍. മൂന്ന് സഹോദരിമാരെ പ്രസവിച്ചതിനുശേഷം കിട്ടിയ ആൺതരിയാണ് ശശാങ്കന്‍. രഘുവിനേയും കൂട്ടി ടൗണില്‍ ചെന്നു. ബൈക്ക് സെയില്‍സ് കടകളന്വേഷിച്ചു നടക്കുമ്പോള്‍ കൂടെ കോളേജില്‍ പഠിച്ച ബിജു ബൈക്കില്‍ വന്നു മുന്നിൽ നിര്‍ത്തി. സുഖവിവരങ്ങള്‍ പരസ്പരം പങ്കുവെച്ചു. അവന്‍ ടൗണില്‍ യമഹ കമ്പനിയുടെ ഒരു സെയില്‍സ് സെന്റര്‍ നടത്തുന്നുണ്ട് എന്ന് പറഞ്ഞു. എന്നാല്‍ ഇതു തന്നെ നല്ല കാര്യം എന്ന് മനസ്സില്‍ കണ്ടു. 'ഞാനും കൂടെ വരാം നിന്റെ കട കാണാമല്ലോ?'
ഞങ്ങള്‍ ഒപ്പം കടയില്‍ ചെന്നു. കൂടെ വന്ന രഘുവിന്റെ ആവശ്യം പറഞ്ഞു. ഏറ്റവും ഗുണമേന്മയുളള ബൈക്ക് പരിചയപ്പെടുത്തി തന്നു. അത് തന്നെ ആവട്ടേയെന്ന് ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്ത് ബിജുവിനോട് ബാര്‍ഗൈന്‍ ചെയ്യേണ്ടി വന്നില്ല. അവന്‍ തന്റെ ലാഭം വേണ്ടെന്നു വെച്ചാണ് ബില്ല് മുറിച്ചത്. വീണ്ടും കാണാമെന്നു പറഞ്ഞ് തുകയും കൊടുത്ത് വണ്ടിയെടുത്ത് ഞങ്ങള്‍ ഇറങ്ങി. രഘുവിന് സന്തോഷമായി. അവന്റെ അമ്മയ്ക്കും അഭിമാനം തോന്നി. അവര്‍ ആവശ്യപ്പെട്ടതു പ്രകാരമല്ലേ ഇത് സാധ്യമായത്. ആങ്ങളയോട് കൂടുതല്‍ സ്‌നേഹം തോന്നി. വീട്ടില്‍ എത്തിയ രണ്ടാം ദിവസം തന്നെ അച്ഛനും അമ്മയും തിരക്കു കൂട്ടി പെണ്ണുകാണാന്‍ പോകാന്‍.
അച്ഛന്റെ സുഹൃത്തിന്റെ ഒരു മകളുടെ മകളുണ്ട്. അവളെ ഒന്നു കണ്ടു നോക്കൂ ആദ്യം എന്നു അച്ഛന്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം ശശാങ്കനും മരുമകന്‍ രഘുവും പുതിയ ബൈക്കില്‍ അച്ഛന്‍ പറഞ്ഞ സ്ഥലത്തുളള പെണ്ണിനെ കാണാന്‍ ചെന്നു. വീടിന്റെ അടുത്തെത്തി. മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ അവിടെ എത്താന്‍ പ്രയാസമുണ്ടായില്ല. ഗേറ്റ് തുറന്നു വീടിന്റെ പൂമുഖത്തെത്തി. അകത്ത് പെണ്ണിന്റെ അച്ഛനാണെന്നു തോന്നുന്നു. കറുത്തൊരു രൂപം. നോട്ടം കാണുമ്പോള്‍ തന്നെ ഭയം തോന്നി. 'കയറിയിരിക്ക്' അയാള്‍ ആജ്ഞ സ്വരത്തിലാണ് പറഞ്ഞത്. ഇത് വേണ്ടായിരുന്നു എന്നു മനസ്സ് പറഞ്ഞു. ഇരുന്നതിനുശേഷം ഒരു സ്ത്രി പുറത്തേക്ക് വന്നു. അല്പം സമാധാനമായി. അമ്മയായിരിക്കുമെന്നു തോന്നി. വെളുത്തു മെലിഞ്ഞ സ്ത്രി. അവരെ കണ്ടപ്പോള്‍ തോന്നി. മകളും ഇതുപോലെയാവില്ലേ?
സംശയം ശരിയായി. അവളും ചിരിച്ചു കൊണ്ടു വന്നു. സുന്ദരി തന്നെ. കണ്ട ഉടനെ രഘു 'ഹായ്' എന്നു പറഞ്ഞു ചിരിച്ചു. അവളും 'ഹായ്' പറഞ്ഞു. അപ്പോള്‍ തന്നെ രഘു പറഞ്ഞു. എന്റെ കോളേജ് മേറ്റാണ് രശ്മി. എനിക്കിത് അറിയില്ലായിരുന്നു. അവരുടെ സന്തോഷത്തില്‍ ഞങ്ങളെല്ലാം പങ്കു ചേർന്നു. അവള്‍ പഴയ കോളേജ് ജീവിതം പങ്കിട്ടു. കുറച്ചു നേരം സംസാരിച്ചു. അതു കൊണ്ടു തന്നെ എനിക്ക് രശ്മിയോട് അധികം സംസാരിക്കേണ്ടി വന്നില്ല.
'വിവരം അറിയിക്കാമെന്നു' പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. വഴിയില്‍ വെച്ചും വീട്ടിലെത്തിയിട്ടും രഘു രശ്മിയെക്കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടെയിരുന്നു. ക്ലാസിലെ മിടുക്കിയായ പെൺകുട്ടിയാണവള്‍. സംഗീതത്തിലും ഡാന്‍സിലുമൊക്കെ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എന്തായാലും മാമന് യോജിച്ച കുട്ടിയാണവള്‍. രഘു ഉറപ്പിച്ചു പറഞ്ഞു.
ഇതെല്ലാം കേട്ട പെങ്ങളും അമ്മയും അച്ഛനും അതു തന്നെ മതിയെന്ന തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഇനി അധികം നീട്ടേണ്ട ആറുമാസത്തെ ലീവ് വളരെ പെട്ടെന്ന് തീരും. നാളത്തന്നെ വിവരം കൊടുക്കാം, നിശ്ചയം നടത്താം. ഞാനും സമ്മതം മൂളി. ആര്‍ഭാടപൂര്‍വ്വം വിവാഹം നടന്നു. വധൂഗൃഹത്തില്‍ വെച്ചു തയൊയിരുന്നു വിവാഹം.
രശ്മി വീട്ടിലെത്തിയ ശേഷം അമ്മയ്ക്കും അച്ഛനും സന്തോഷമായി. വളരെ പെട്ടെന്ന് തന്നെ വിവാഹം നടന്നതില്‍ ശശാങ്കനും സന്തോഷിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ലീവ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ആറുമാസം എത്ര വേഗമാണ് കടന്നു പോയത്. ഓരോ ദിനവും സന്തോഷപൂര്‍വ്വം കടന്നു പോയി. ദിവസം കൊഴിഞ്ഞു പോകല്ലേയെന്നു ആശിച്ചു പോയി. ഞാന്‍ നാട്ടില്‍ നിന്നും പുതുമണം തീരാത്ത ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. ഇനി അടുത്ത വര്‍ഷം കാണാമെന്നു ആശ്വാസത്തോടെ വിടചൊല്ലി പിരിഞ്ഞു. എയര്‍ പോര്‍ട്ടില്‍ രഘുവും യാത്രയയക്കാന്‍ വന്നിരുന്നു.
ഇപ്പോള്‍ വീട്ടില്‍ പ്രായം ചെന്ന അമ്മയും അച്ഛനും മാത്രമെയുളളൂ. വീട്ടു കാര്യങ്ങളെല്ലാം രശ്മി ചെയ്യും. അച്ഛനും അമ്മയും മിക്ക സമയവും ടിവിക്ക് മുന്നിൽ തന്നെയായിരിക്കും. രഘു അച്ഛാച്ഛനേയും അമ്മമ്മയേയും ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിക്കും. ആവരുടെ ആവശ്യങ്ങള്‍ അന്വേഷിക്കാനും സഹായിക്കാനും ശശാങ്കന്‍ പറഞ്ഞിരുന്നു. രഘു ഇതൊരവസരമായി കണ്ടു അവന്റെ സന്ദര്‍ശനം ദിവസവും രണ്ടും മൂന്നും തവണയായി. കോളേജ് മേറ്റ് രശ്മിയുമായി പഴയകാല ഓര്‍മ പുതുക്കലും മറ്റും തകൃതിയായി നടന്നു.
രഘുവിന് ചെറുപ്പക്കാരുടെ ചാപല്യങ്ങള്‍ പലതുമുണ്ട്. കൂട്ടുകാരുണ്ട്. അവരെല്ലാം പിഴച്ചവരാണ്. ദുസ്വഭാവത്തിന് അടിമയായി മാറി രഘുവും. മാമന്‍ പഠനത്തിനായി അയച്ചു കൊടുക്കുന്ന തുക ഇപ്പോള്‍ കുറഞ്ഞു. രശ്മിയോട് കൂട്ടു കൂടി രഘു സാമ്പത്തിക സഹായം വാങ്ങിക്കൊണ്ടിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ബന്ധത്തിന്റെ രൂപവും ഭാവവും മാറി. അമ്മാവന്റെ ഭാര്യ എന്ന നില തെറ്റി. പഴയ കോളേജ് കൂട്ടുകാരിയായി. വീട്ടില്‍ എല്ലാത്തിനും സൗകര്യമുണ്ട്. ആരു ശ്രദ്ധിക്കില്ലായെന്നുറപ്പുണ്ട്, അവര്‍ ആസ്വാദനം തുടങ്ങി. സമപ്രായക്കാരാണ്. എല്ലാം മറന്നവര്‍ ഒന്നായി.
രശ്മിയുടെ കയ്യിലുളള പണം തീര്‍ന്നപ്പോള്‍ സ്വര്‍ണ്ണത്തിലായി രഘുവിന്റെ കണ്ണ്. ആഭരണങ്ങള്‍ ഓരോന്നായി പിടിച്ചെടുത്തു. തന്നില്ലെങ്കില്‍ എല്ലാം വെളിപ്പെടുത്തുമെന്ന ഭീഷണിയായി. രശ്മി വഴങ്ങി. ഗള്‍ഫില്‍ നിന്നു ഭര്‍ത്താവ് അവധിക്കു വരാന്‍ ഒരാഴ്ചയേയുളളൂ. ആഭരണങ്ങള്‍ കാണാത്തപ്പോള്‍ അന്വേഷിക്കില്ലേ. രഘുവിനോട് രശ്മി കേണപേക്ഷിച്ചു. അത്യവശ്യ ആഭരണങ്ങളെങ്കിലും തിരിച്ചു തരന്‍.
രഘുവിനറിയാം മാമ്മന്‍ വരും കാര്യങ്ങള്‍ അറിയും കയ്യില്‍ പണമൊന്നുമില്ല. ആഭരണങ്ങള്‍ തിരിച്ചു കൊടുക്കാന്‍ വഴിയൊന്നുമില്ല. ഒരു സന്ധ്യാ നേരത്ത് രഘു രശ്മിയുടെ വീട്ടിലെത്തി. ഇക്കാര്യം സംസാരിക്കാനെന്ന വ്യാജേന രശ്മിയേയും കൂട്ടി നടക്കാനിറങ്ങി. കാര്യങ്ങള്‍ സംസാരിച്ച് അവര്‍ നടക്കുകയായിരുന്നു. ആള്‍ താമസമില്ലാത്ത ഒരു വീടും കിണറുമുളള സ്ഥലത്തെത്തി. രശ്മിയെ രഘു ചേര്‍ത്തു പിടിച്ചു. തുരുതുരെ ഉമ്മ വെച്ചു കൊണ്ടിരുന്നു. അവള്‍ കിണറ്റിന്‍ കരയിലെത്തിയ നിമിഷനേരം കൊണ്ട് രഘു രശ്മിയെ കിണറ്റിലേക്ക് തളളിയിട്ടു. നിലവിളിയോടെ രശ്മി കിണറ്റിലേക്ക് വീണു.
സന്ധ്യ മയങ്ങിയതേയുളളൂ. അലര്‍ച്ച കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടി. കിണറ്റില്‍ വീണ രശ്മിയെ രക്ഷപ്പെടുത്തി. രഘു അവള്‍ കിണറ്റിലേക്ക് എടുത്തു ചാടിയാതാണെന്നു നാട്ടുകാരോട് പറഞ്ഞു. സുഖം പ്രാപിച്ചു വന്ന രശ്മി കാര്യങ്ങളെല്ലാം നാട്ടുകാരോട് തുറന്നു പറഞ്ഞു. വിവരമറിഞ്ഞ് ഭര്‍ത്താവ് നാട്ടിലെത്തി. മാമനും മരുമകനും അവരുടെ ബന്ധുക്കളും നാട്ടില്‍ അറിയപ്പെടുന്നവരാണ്. ഇതെങ്ങിനെയെങ്കിലും ഒതുക്കിത്തീര്‍ക്കണമെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടായി. മധ്യസ്ഥര്‍ ഇടപെട്ടു. നാട്ടില്‍ എന്തു പ്രശ്‌നമുണ്ടായാലും മധ്യസ്ഥം പറയാന്‍ പാര്‍ട്ടിക്കാര്‍ ഉണ്ടാവും.
ഒരാഴ്ചയോളം മധ്യസ്ഥര്‍ ശ്രമിച്ചു. മധ്യസ്ഥര്‍ പറഞ്ഞ ഒരു പ്രസ്താവനയുണ്ട്. മനുഷ്യര്‍ക്ക് തെറ്റ് പറ്റും. ആ തെറ്റ് തിരുത്തലാണ് മനുഷ്യത്വം. നാമെല്ലാം മനുഷ്യത്വമുളളവരാണ്. ഇത് കേട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന രശ്മിക്ക് മനംമാറ്റം വന്നു. അവള്‍ ഭര്‍ത്താവിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു. ഇത് കണ്ടു നിന്നവരുടെ കണ്ണ് നനയിച്ചു. ശശാങ്കന്‍ 'ഞാന്‍ ക്ഷമിച്ചിരിക്കുന്നു' എന്നു പറഞ്ഞു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. മധ്യസ്ഥര്‍ വിജയിച്ചു. ഹോമിച്ചു കളയുമായിരുന്ന ഒരു ജീവന്‍ തിരിച്ചു കിട്ടി. ഭര്‍ത്താവും രശ്മിയും സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നു. രഘു അന്നു സ്ഥലം വിട്ടതാണ് . അന്വേഷിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും.
Keywords: Kerala, Article, Kookanam-Rahman, Job, Youth, Marriage, Woman, Man, Husband, Wife, What a good man Shashanka is.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.