'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വേദനയൂറുന്ന അനുഭവങ്ങള്‍-1 / കൂക്കാനം റഹ് മാന്‍

(www.kvartha.com 24.02.2020) 
ഉമ്മാ മാപ്പുതരണേ.....അറിയാതെ പറ്റിയതാണേ....
പൊന്നുപോലെ താലോലിച്ചുവളര്‍ത്തിയ ഉമ്മയോട് എനിക്ക് വിരോധം തോന്നിക്കാന്‍ ഇടയാക്കിയത് അനിയന്മാരാണ്. ഉപ്പ നിര്‍ദ്ധനനാണ്. ഉളള സ്വത്തും സമ്പാദ്യവുമെല്ലാം സഹോദരിക്കു നല്‍കി കുടുംബം പരിപാലിച്ച വ്യക്തി. ഞങ്ങളെ മൂന്നു പേരേയും കഷ്ടപ്പെട്ടു വളര്‍ത്തിയത് ഉമ്മയാണ്.

കൂട്ടത്തില്‍ ഞാന്‍ അധ്യാപകനായി. 1970 മുതല്‍. അന്നത്തെ മാസശമ്പളം 180 രൂപ. ഉമ്മയെയും, ഉമ്മുമ്മയെയും, രണ്ട് അനിയന്മാരേയും ജീവിപ്പിക്കണം. മാസം 100 രൂപ കടം തീര്‍ക്കാന്‍ വേണം. ബാക്കി 80 രൂപകൊണ്ട് ഞങ്ങള്‍ ജീവിച്ചു വരികയായിരുന്നു. ആറാം ക്ലാസില്‍ എത്തിയ അനിയന്‍ മടിയനാണ്. സ്‌കൂള്‍ പഠനം നിര്‍ത്തി മറ്റു പല മേഖലയിലും ശ്രമിച്ചു നോക്കി. അവസാനം ഉമ്മയുടെ ഷെയറായി കിട്ടിയ 25 സെന്റ് സ്ഥലത്ത് ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച് ഞാന്‍ ചെറിയൊരു പീടിക കെട്ടി. അതില്‍ കച്ചവടം നടത്താനുളള സൗകര്യവും ചെയ്തുകൊടുത്തു. ഒന്നാമത്തെ അനിയനു വേണ്ടിയാണ് അതൊക്കെ ചയ്തത്.

രണ്ടാമത്തവന്‍ കഷ്ടിച്ച് പത്താം ക്ലാസ് കടന്നു കിട്ടി. രണ്ട് അനിയന്മാരും ഒറ്റക്കെട്ടായി. അവരെ തീറ്റിപ്പോറ്റിയ ഞാന്‍ അന്യനായി. എന്നോട് അന്വേഷിക്കുകയോ പറയുകയോ ചെയ്യാതെ ഉമ്മയെ സ്വാധീനിച്ച് പീടികയും പറമ്പും അവര്‍ വിറ്റു. വിറ്റുകിട്ടിയ തുക കൊണ്ട് രണ്ട് പേരും ഓരോ ബൈക്ക് വാങ്ങുകയായിരുന്നു.

ആദ്യ അനിയന്‍ കച്ചവടം കരിവെളളൂര്‍ ബസാറിലേക്ക് മാറ്റി. കച്ചവട ടെക്കിനിക്ക് പഠിച്ചു. ഉയരത്തിലെത്താന്‍ ശ്രമിക്കുകയായിരുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. അവന്‍ ഇഷ്ടപ്പെട്ടു. വയസ് ഇരുപതിനോടടുത്ത് ആയതേയുളളൂ. വിവാഹം വേണമെന്ന് നിര്‍ബന്ധമായി. അവന്‍ വിവാഹം കഴിച്ചു.

രണ്ടുപേരും വഴിവിട്ടു സഞ്ചരിക്കാന്‍ തുടങ്ങി. തറവാട് വീടും ഉമ്മയുടെ അനുവാദത്തോടെ അവര്‍ വില്‍പന നടത്തി. ഉമ്മയ്ക്ക് താമസിക്കാന്‍ ചെറിയൊരു വീടും, സ്ഥലവും ആ തുകയില്‍ നിന്നും വാങ്ങിക്കൊടുത്തു. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ആദ്യ അനിയന് മൂന്ന് മക്കള്‍ പിറന്നു. കച്ചവടമൊക്കെ അവസാനിപ്പിച്ചു. ഓട്ടോ ഡ്രൈവറായി. വളരെ ചെറുപ്പത്തില്‍ തന്നെ കാന്‍സര്‍ രോഗം പിടിപെട്ട് അവന്‍ യാത്രയായി.

രണ്ടാമത്തെ അനിയനും ഉമ്മയും ഒപ്പം താമസിച്ചുവരികയായിരുന്നു. അവനും ചെറുപ്പത്തിലേ വിവാഹിതനായി. എന്നോട് അന്വേഷിക്കാതെയും, സമ്മതം ചോദിക്കാതെയും എനിക്കുകൂടി അവകാശമുളള രണ്ടു സ്വത്തുക്കളും വിറ്റു തുലച്ചതില്‍ ഉമ്മയോട് എനിക്ക് വെറുപ്പ് തോന്നി. പക്ഷേ കഷ്ടപ്പെട്ടു എന്നെ പോറ്റി വളര്‍ത്തിയത് എന്നും മനസില്‍ സൂക്ഷിച്ചു വെച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. രണ്ടാമത്തെ അനിയന്റെ വഴിവിട്ട പോക്കില്‍ ഉമ്മയ്ക്ക് പ്രയാസം തോന്നി. അവന്റെ കൂടെയുളള താമസം അസംന്തുഷ്ടി ഉണ്ടാക്കി. അവിടുന്ന് ഇറങ്ങി ഉമ്മ നേരെ എന്റെ വീട്ടിലേക്ക് വന്നു. വെറുപ്പുണ്ടെങ്കിലും പെറ്റു പോറ്റി വളര്‍ത്തിയ ഉമ്മയല്ലേ, ഞാന്‍ ക്ഷമിച്ചു. എന്നോടൊപ്പം സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു.

ഒരു ദിവസം എനിക്കൊരു ഫോണ്‍ കോള്‍. ഞാന്‍ സ്‌കൂള്‍വിട്ടു വരികയായിരുന്നു. 'ഉമ്മയെ നീ ശരിക്കും നോക്കിക്കൊളളണം'. ഇളയ അനിയനാണ് മറുതലയ്ക്കല്‍ 'നോക്കിക്കൊളളാമേ' എന്ന് ഹാസ്യ സ്വരത്തില്‍ ഞാന്‍ മറുപടി കൊടുത്തു. പിന്നെ പുളിച്ച ചീത്തയായിരുന്നു. മദ്യ ലഹരിയിലാവാം. ഞാന്‍ അവന്റെ അധ്യാപകനും, ജ്യേഷ്ഠനും, പോറ്റിവളര്‍ത്തിയവനുമാണ്. ആ എന്നെയാണ് പുളിച്ച തെറിയഭിഷകം നടത്തുന്നത്.

വീട്ടിലെത്തുന്നതുവരെ അതു തുടരുകയായിരുന്നു. ഉമ്മ എന്റെ ദേഷ്യമുഖം കണ്ട് ചോദിച്ചു 'ആര് മോനെ അത' നിങ്ങളുടെ പൊന്നാരമോന്‍' എന്റെ കൈയില്‍ കുടയുണ്ടായിരുന്നു. കുട ഉയര്‍ത്തിപ്പിടിച്ച് ഉമ്മയോടു കയര്‍ത്തു. ആ കഴുതയെ ഇങ്ങിനെ ഞാന്‍ തല്ലിച്ചതയ്ക്കും. ഞാന്‍ കൈ ഉയര്‍ത്തിയത് ഉമ്മയുടെ നേരെയായിപ്പോയെന്ന് പിന്നീടാണ് ഓര്‍ത്തത്. ഒരിക്കലും ചെയ്യരുതാത്തതായിരന്നു. ഞാന്‍ മുറിയില്‍ കയറി കതകടച്ചു ഏങ്ങി ഏങ്ങി കരഞ്ഞു. ഏറെ രാത്രിയായി ഉമ്മ കിടക്കുന്ന കട്ടിലിനരികില്‍ചെന്നു. കാലുപിടിച്ചു കരഞ്ഞു ഉമ്മാ മാപ്പു തരണേ.....അറിയാതേ പറ്റിയതാണേ...


Keywords: Article, Kookanam-Rahman, Please mother, forgive me; article by Kookkanam Rahman
ad