Follow KVARTHA on Google news Follow Us!
ad

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

പതിനഞ്ച് വര്‍ഷക്കാലം പ്രൈമറി അധ്യാപകനായി ജോലി ചെയ്തു. ഡിഗ്രി കയ്യിലുണ്ട്. ബി.എഡിന് ചേര്‍ന്നാലോ എന്ന ചിന്ത മനസ്സിലുദിച്ചു. വിവാഹിതനായി Kerala, Article, Kookanam-Rahman, Study, Student, Teacher, Job, school, Student after 30 years
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-12)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 19.05.2020) പതിനഞ്ച് വര്‍ഷക്കാലം പ്രൈമറി അധ്യാപകനായി ജോലി ചെയ്തു. ഡിഗ്രി കയ്യിലുണ്ട്. ബി.എഡിന് ചേര്‍ന്നാലോ എന്ന ചിന്ത മനസ്സിലുദിച്ചു. വിവാഹിതനായി രണ്ടു മക്കളും പിറന്നു. ഇനിയും വേണോ ഇപ്പണിയെന്നു ചില സുഹൃത്തുക്കള്‍ ചോദിച്ചു. 1985 ല്‍ പടന്ന യു.പി.സ്‌ക്കൂള്‍ അധ്യാപകനാണ്. ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന അപേക്ഷ അയച്ചു. അതാ വരുന്നു സെലക്ഷന്‍ ഓര്‍ഡര്‍.തലശ്ശേരി ഗവ.ട്രൈനിംഗ് കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്.

സാമ്പത്തീക പ്രശ്‌നമുണ്ട് ഒരു വര്‍ഷം ലോസ് ഓഫ് പേ ലീവെടുക്കണം. വരുന്നിടത്തുവച്ചു കാണാം എന്ന വിശ്വാസത്തില്‍ കോഴ്‌സിന് ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. കോളേജിലെത്തി. മുമ്പ് കാസര്‍കോട് ഗവ.കോളേജില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട പ്രൊഫസര്‍.ടി.സി.മാധവ പണിക്കരാണ ്അവിടുത്തെ പ്രിന്‍സിപ്പാള്‍. സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ചേരേണ്ടത്.അഡ്മിഷന്‍ ശരിയാക്കി ക്ലാസ്സിലെത്തി. നാല്‍പ്പത് പേരാണ് ബാച്ചിലുണ്ടായിരുന്നത്. സര്‍വ്വീസിലിരിക്കേ കോഴ്‌സിനു ചേര്‍ന്ന നാലുപേര്‍ വേറേയുമുണ്ടായിരുന്നു ക്ലാസ്സില്‍. ബാക്കി പഠിതാക്കളൊക്കെ ഇരുപത്തിയഞ്ചിനു താഴെയുളളവര്‍.

ഞങ്ങളുടെ ക്ലാസ്സ് ചാര്‍ജ്ജ് പ്രൊഫസര്‍.കെ.വി.നാരായണന്‍ സാറിനായിരുന്നു. നല്ല സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അധ്യാപകനായ എന്നോട് അദ്ദേഹം പ്രത്യേകം മമത കാണിച്ചു. വ്യക്തിപരമായ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. സാക്ഷരതാ കാലത്തും മറ്റും എഴുതിയ ലേഖനങ്ങള്‍ (പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നവ) കട്ട് ചെയ്ത് ഒട്ടിച്ചു വച്ച ഒരാല്‍ബം ഉണ്ടായിരുന്നു എന്റെ കയ്യില്‍. അതദ്ദേഹത്തിന് സമര്‍പ്പിച്ചു. അതിനുശേഷം വ്യക്തിപരമായി എന്നെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നു. ..ആരോഗ്യ ദൃഢഗാത്രനായ അദ്ദേഹം അടുത്തക്കാലത്താണ് നമ്മെ വിട്ടു പിരിഞ്ഞത്.ക്ലാസ്സിലെ ചെറുപ്പക്കാര്‍ ഞങ്ങളെ വയസ്സന്‍മാര്‍ എന്ന് സ്വകാര്യമായി പരസ്പരം പറയുന്നത് ഞാനറിഞ്ഞു. പരിഭവം കാണിച്ചില്ല. ക്ലാസ്സില്‍ അവരേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ എനിക്കായി. ക്രമേണ അവരൊക്കെ അടുത്ത സുഹൃത്തുക്കളായി. ...സമപ്രായക്കാരെപോലെ ഇടപഴകാന്‍ തുടങ്ങി.

ബസ്സില്‍ യാത്രചെയ്യാന്‍ സ്റ്റുഡന്‍സ് പാസ്സ് കിട്ടിയിരുന്നു. ഒരു ദിവസം അല്‍പം തണ്ടുകാണിക്കുന്ന ഒരു കണ്ടക്ടര്‍ എനിക്ക് പാസ്സ് അനുവദിച്ചു തന്നില്ല. പാസ്സ് കാണിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം  എന്നെ അല്‍ഭുത്തോടെ നോക്കി. ഈ പ്രായമായ നിങ്ങള്‍ക്കെങ്ങിനെ സ്റ്റുഡന്‍സ് പാസ് തരും? ഇതാണദ്ദേഹത്തിന്റെ ന്യായം. ഞാന്‍ നേതാവിന്റെ ഭാവം കൈവരിച്ച് ബസ്സിന്റെ മുന്‍ഭാഗത്തെത്തി. കോളേജ് സ്റ്റുഡന്റ്‌സ് കുറച്ചുപേര്‍ ബസ്സിലുണ്ട്. പാസ് ഉയര്‍ത്തിപ്പിടിച്ച് ബസ്സ് യാത്രക്കാരോടായി ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. 'പ്രീയപ്പെട്ടവരെ ഞാന്‍ ട്രൈനിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. എന്റെ കൈയില്‍ കോളേജ് അധികൃതര്‍ തന്ന പാസ്സുണ്ട്. ഈ കണ്ടക്ടര്‍ എനിക്ക് പാസ്സ് അനുവദിച്ചു തരുന്നില്ല'. ഇത്രയുമായപ്പോള്‍ തന്നെ എന്റെ കൂട്ടുകാര്‍ എഴുന്നേറ്റു നിന്നു. കയ്യടിച്ചു. അവര്‍ ഒപ്പം വിളിച്ചുപറഞ്ഞു. 'അയാള്‍ക്ക് പാസ് അനുവദിക്കണം. അദ്ദേഹം ഞങ്ങളുടെ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ'്. ഇത് കേട്ടപ്പോള്‍ ബസ്സിലെ മറ്റു യാത്രക്കാരും എനിക്കൊപ്പം നിന്നു. അങ്ങിനെ നിവൃത്തിയില്ലാതെ കണ്ടക്ടര്‍ക്ക് പാസ് നല്‍കേണ്ടിവന്നു.

കോളേജിലെ യു.യു.സി.റപ്രസെന്റിറ്റീവായി മല്‍സരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചു.എസ്.എഫ്.ഐ.യുടെ പ്രതിനിധിയായിട്ടാണ് മല്‍സരിക്കാന്‍ ഇറങ്ങിയത്. അവിടുത്തെ പാര്‍ട്ടി ചാര്‍ജുളള .സഖാവ് കെ.എന്‍.പരിയാരം കോളേജിലെത്തി. എന്റെ വ്യക്തി വിവരങ്ങളൊക്കെ ശേഖരിച്ചിരുന്നു. എന്റെ എതിര്‍ സ്ഥാനാര്‍ത്ഥി പയ്യന്നൂരില്‍ നിന്നു വരുന്ന ഒരു സുരേഷ് കുമാറായിരുന്നു. അവന്‍ കെ.എസ്.യു. സ്ഥാനാര്‍ത്ഥിയായിരുന്നു. ജയിക്കുമെന്ന ശൂഭ പ്രതീക്ഷയുണ്ടായിരുന്നു. അറബിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സുഹൃത്തുക്കള്‍ എനിക്ക് വോട്ട് ചെയ്തില്ല. ഞാന്‍ തോറ്റു. നിരാശ തോന്നി. ഒരാഴ്ച കോളേജില്‍ പോയില്ല. മാനസീകമായി തകര്‍ന്ന ഞാന്‍ കുടുംബസമേതം മൈസൂരിലേക്കു പുറപ്പെട്ടു.  ഒരാഴ്ച കഴിഞ്ഞു ഒരു കൂസലുമില്ലാതെ കോളേജിലെത്തി.

എന്റെ തോല്‍വി കോളേജില്‍ സംസാരവിഷയമായി. പ്രിന്‍സിപ്പാളും,നാരായണന്‍സാറും എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. തനിക്ക് കോളേജ് പ്ലാനിംഗ് ഫോം സെക്രട്ടറിയായി സ്ഥാനം വഹിക്കാന്‍ പറ്റുമോ എന്ന് ആരാഞ്ഞു. പ്രസ്തുത സ്ഥാനത്തേക്ക് പ്രിന്‍സിപ്പാളിനു നേരിട്ടു നാമനിര്‍ദേശം ചെയ്യാന്‍ പറ്റും. അങ്ങിനെ കോളേജിലെ പ്ലാനിംഗ് ഫോം സെക്രട്ടറിയായി ഞാന്‍ സ്ഥാനമേറ്റു. വിദ്യഭ്യാസ സര്‍വ്വേ, പഠനയാത്രാ പരിപാടി, പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുളള  സെമിനാറുകള്‍ എന്നിവ ഞാന്‍ മുന്‍കയ്യെടുത്തു സംഘടിപ്പിച്ചു. കോളേജ് ടീച്ചിംഗ് സ്റ്റാഫിന്റെ അംഗീകാരം നേടാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു.

കേരളാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച 'എഡ്യുക്കേഷന്‍ ജേര്‍ണലിസം' ത്രിദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയതും സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. മൂന്നു മാസത്തിലൊരിക്കല്‍ കോഴിക്കോട് ആകാശവാണിയില്‍ വിവിധ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നതും കോളേജില്‍ പലരും അറിഞ്ഞു. അങ്ങിനെ വയസ്സന്‍ കാലത്തെ കോളേജ് പഠനം എന്നെ അവിടുത്തെ ഒരു ഹീറോ ആക്കി മാറ്റി.

എടുത്തു പറയേണ്ട ഒരു സംഭവം കൂടി ഉണ്ടായി. ലോക പ്രശസ്ത വിദ്യഭ്യാസ ചിന്തകനായ ഡോ.എന്‍.പി.പിളള സാറിനെ കോളേജിലേക്ക് പ്രഭാഷണം നടത്താന്‍ കൊണ്ടുവന്നത് ഞാന്‍ മുഖേനയാണ്. കോളേജിലെ പഠിതാക്കള്‍ക്കും, സ്റ്റാഫിനും അതൊരല്‍ഭുതമായി. കാന്‍ഫെഡിലെ പ്രവര്‍ത്തനത്തിനിടയില്‍ പല പ്രമുഖ വിദ്യഭ്യാസ ചിന്തകന്മാരുമായും ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. പ്രൊഫ. യശ്പാല്‍, ഡോ.എന്‍.പി.പിളള, ഡോ.കെ.എസ്.പിളള  എന്നിവര്‍ അവരില്‍ ചിലരാണ്.

ഡോ.എന്‍.പി.പിളളസാറിന്റെ പ്രഭാഷണത്തുടക്കം എന്നെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു. കൂക്കാനം റഹ്മാന്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ്. ഞാന്‍ ഇവിടെ വന്നതെന്നും, അദ്ദേഹം എന്റെ ഇഷ്ടപ്പെട്ട സുഹൃത്താണെന്നും സൂചിപ്പിച്ചു. കോളേജ്‌മേറ്റ്‌സ് ഹര്‍ഷാരവത്തോടെയാണ് ആപ്രസ്താവന സ്വീകരിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെ നടത്താന്‍നേതൃത്വം കൊടുത്തത് ഞാനാണെന്നറിഞ്ഞപ്പോള്‍ എനിക്ക് യു.യു.സി.സ്ഥാനത്തേക്ക് വോട്ട്  നല്‍കാത്ത സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടായി. പലരും അക്കാര്യം എന്നോട് പങ്കുവെക്കുകയുമുണ്ടായി.വയസ്സ് മുപ്പത്തിയഞ്ചാണെനിക്കെങ്കിലും, എന്നോടൊപ്പം പ്രായമുളള സ്ത്രീകളും പല ഡിപ്പാര്‍ട്ടുമെന്റുകളിലും പഠിതാക്കളായുണ്ടായിരുന്നു. ഞാന്‍ വിവാഹിതനാണെന്നൊന്നു മറിയാത്ത പെണ്‍ സുഹൃത്തുക്കള്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുമോ എന്നും, അവള്‍ക്ക് മാഷിനോട് വല്ലാത്ത സ്‌നേഹമാണെന്നൊക്കെ സൂചിപ്പിച്ചു.. ഞാന്‍ വിവാഹ ജീവിത്തെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെ ആലോചിച്ചു പറയാമെന്ന് അവളുടെ സുഹൃത്തുക്കളോട് പറഞ്ഞു. അവരെല്ലാം കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നവരായിരുന്നു.

അതിനുശേഷം ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. കൊല്ലക്കാരിയായിരുന്നു അവള്‍. തപാലില്‍ കത്തുകളൊക്കെ വന്നാല്‍ അതെടുത്തുകൊണ്ടുവന്നെനിക്കു തരുമായിരുന്നു. കോളേജിനടുത്തുളള ഇന്ത്യന്‍ കോഫി ഹൗസില്‍ കാപ്പി കുടിക്കാന്‍ പലപ്പോഴും അവള്‍ എന്നെ ക്ഷണിച്ചു കൊണ്ടുപോവും. ഒരു സുഹൃത്തെന്ന നിലയില്‍ ഞാന്‍ അവളുടെ ക്ഷണം സ്വീകരിച്ചു പോകാറുണ്ട്.

ഒരു ദിവസം കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില തമാശകള്‍ പറയുന്ന കൂട്ടത്തില്‍ ഞാനൊരു തള്ളു തളളി. 'തെക്കുന്നു വരുന്നവരെ വിശ്വസിക്കാന്‍ കൊളളില്ല അവര്‍ കാലു മാറികൊണ്ടിരിക്കും.' അവള്‍ക്കത് കൊണ്ടു. പിന്നീടൊന്നും അവള്‍ പറഞ്ഞില്ല. കോഫിഹൗസില്‍ ക്യാഷ്  നല്‍കി അവള്‍ പുറത്തേക്കിറങ്ങി. പിന്നീട് കാണലോ സംസാരിക്കലോ ഒന്നുമുണ്ടായില്ല.പറഞ്ഞത് തെറ്റായി പോയെന്നും ക്ഷമിക്കണമെന്നൊന്നും പറയാനുളള അവസരം അവള്‍ തന്നില്ല. ...കോഴ്‌സ് കഴിയാറായി അവളും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചുപോവാന്‍ സ്റ്റേഷനിലെത്തി.ഞാനും പിന്നാലെകൂടി. അവള്‍ നോക്കുകപോലും ചെയ്തില്ല.അവള്‍ വണ്ടിയില്‍ കയറുന്നതുവരെ ഞാന്‍ കാത്തുനിന്നു. വണ്ടിയില്‍ കയറിയ അവള്‍ ഡോറിനടുത്തു തന്നെ നിന്നു. എന്നെ നോക്കി കൈവീശി...കണ്ണു തുടക്കുന്നത് ഞാന്‍ കണ്ടു. ആ പെണ്‍കുട്ടിയെ വേദനിപ്പിച്ചതില്‍ ഇന്നും എന്റെ മനസ്സു കേഴുകയാണ്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

Keywords: Kerala, Article, Kookanam-Rahman, Study, Student, Teacher, Job, school, Student after 30 years