Follow KVARTHA on Google news Follow Us!
ad

പ്രീ ഡിഗ്രി പഠനകാലം

കൗമാര കുതൂഹത്തിന്റെ കാലഘട്ടമാണ് 16-18 വയസ്സു കാലം. വിനോദങ്ങളില്‍ ആര്‍ത്തുല്ലസിച്ചു നടക്കും കാലം. എല്ലാം തനിക്കാവുമെന്നും, ആരുടെയും Article, Kookanam-Rahman, Student, Study, Pre degree study time
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-8)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 28.04.2020) കൗമാര കുതൂഹത്തിന്റെ കാലഘട്ടമാണ് 16-18 വയസ്സു കാലം. വിനോദങ്ങളില്‍ ആര്‍ത്തുല്ലസിച്ചു നടക്കും കാലം. എല്ലാം തനിക്കാവുമെന്നും, ആരുടെയും നിര്‍ദ്ദേശോപദേശങ്ങള്‍ വേണ്ടെന്നു വെക്കുന്ന കാലം. ഇത്തരമൊരു കാലത്താണ് വീട്ടില്‍ നിന്ന് മാറിതാമസിച്ച് പഠിക്കാനുളള വേദി ഉണ്ടാവുന്നത്. ഈ ദ്വിവല്‍സര കോഴ്‌സ് പഠന കാലത്ത് മനസ്സിലേക്കാഴ്ന്നിറങ്ങിയ നിരവധി അനുഭവങ്ങളും, വ്യക്തിത്വങ്ങളും മനസ്സില്‍ മങ്ങാതെ കിടപ്പുണ്ട്. 54 വര്‍ഷങ്ങള്‍ക്കപ്പുറമുളള അത്തരം സംഭവങ്ങള്‍ ഇന്നും മനസ്സിലേക്ക് അടിവച്ചടിവച്ച് കയറി വരുന്നു. അതൊക്കെ പകര്‍ത്തുകയാണ്.അത് എന്റെ സമ പ്രായത്തിലുളളവര്‍ക്കും വരും തലമുറക്കാര്‍ക്കും ഓര്‍ക്കാനും ചിന്തിക്കാലും അവസരമൊരുക്കുമെന്ന പ്രതീക്ഷയില്‍ ഇവിടെ കുറിക്കുന്നു.

കാസര്‍കോട് ഗവ. കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി കിടക്കുന്ന കുളിയന്‍ ലോഡ്ജിലെ താമസവും, വിദ്യാനഗറിലുളള ഭക്ഷണം കഴിക്കുന്ന പട്ടറുടെ ഹോട്ടലും, കാലത്തും,വൈകീട്ടും ചായ കിട്ടുന്ന തലേക്കെട്ടുകാരനായ മൊയ്തീന്‍ ഇച്ചയുടെ ഹോട്ടലും മറക്കാനാവില്ല. കുളിയന്‍ ലോഡ്ജില്‍ നാട്ടുകാരായ ഞങ്ങള്‍ അഞ്ചു പേരാണ് താമസിച്ചിരുന്നത്.

ഡോക്ടര്‍ ആവാനുളള മോഹം മൂലം ഞങ്ങള്‍ സെക്കന്റ് ഗ്രൂപ്പാണെടുത്തത്. അതില്‍ കെ. രാമചന്ദ്രന്‍ നായര്‍ മാത്രം ഡോക്ടറായി. ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജിലാണ് ജിയോളജിസ്റ്റ് പ്രഭാകരനും, ഡി.വൈ.എസ്.പി. ആയി വിരമിച്ച പി.പി. രാഘവനും താമസിച്ചത്. ഒരു ദിവസം സന്ധ്യാനേരത്ത് ഞങ്ങളെല്ലാവരും അവരുടെ ലോഡ്ജിന്റെ വരാന്തയില്‍ കൂടിയിരിക്കുകയാണ് കളിതമാശകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ എന്റെ തലയിലേക്ക് ഒരു ശംഖുവരയന്‍ പാമ്പ് വീണു. ഭാഗ്യം കൊണ്ട് വിഷമേറ്റില്ല.
...................................................................................

കാബൂളിവാല

നീലേശ്വരം തൈക്കടപ്പുറക്കാരന്‍ കുഞ്ഞബ്ദുളള എന്റെ സീനിയറാണ്. ഞങ്ങളുടെ അടുത്ത ലോഡ്ജിലാണ് താമസം. നിസ്‌ക്കാരവും-നോമ്പും കളയാതെ മത നിഷ്ഠ പാലിക്കുന്ന വ്യക്തിയായിരുന്നു. നോമ്പുകാലത്ത്  നിര്‍ബന്ധിപ്പിച്ച് എന്നെകൊണ്ട് നോമ്പെടുപ്പിക്കുമായിരുന്നു. നോമ്പു തുറക്കാന്‍ ലോഡ്ജിനടുത്ത കച്ചവടക്കാരന്റെ വീട്ടിലേക്ക് കൊണ്ടുപോയതും മധുരമുളള ഓര്‍മ്മയാണ്.എന്നെ എവിടെ കണ്ടാലും അദ്ദേഹം കാബൂളിവാല എന്നാണ് അഭിസംബോധന ചെയ്യാറ്. എന്നോടുളള ഇഷ്ടം കൊണ്ടാവാം അങ്ങിനെ എനിക്കൊരു പേരു നല്‍കിയത്. എന്റെ ഓട്ടോഗ്രാഫിലും അതേ പേരില്‍ തന്നെയാണ് അദ്ദേഹം കുറിപ്പെഴുതിയത്. കാഞ്ഞങ്ങാട് ബാറില്‍ അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോഴും എന്നും പഴയ ഓര്‍മ്മ പുതുക്കി കൊണ്ടിരിക്കും. അദ്ദേഹം ഓര്‍മ്മയായിട്ട് മൂന്നു വര്‍ഷത്തോളമായി. ഒരു ഭാഗ്യം കൂടി എനിക്കു സിദ്ധിക്കുകയുണ്ടായി അദ്ദേഹത്തിന്റെ മകന്‍ പടന്ന ഗവ.യു.പി.സ്‌ക്കൂളില്‍ എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നെവിടെയെങ്കിലും ഉയര്‍ന്ന തസ്തികയില്‍ ആ കുട്ടി ജോലി ചെയ്യുന്നുണ്ടാവാം.
...............................................................................

കൗമാര ചാപല്യങ്ങള്‍ ആര്‍ക്കുമുണ്ടാവാം

ഒരു ജനപ്രതിനിധി  അന്ന് കോളേജില്‍ എന്റെ സീനിയറായിരുന്നു. അദ്ദേഹം കോളേജ് കൗണ്‍സില്‍ സെക്രട്ടറിയും, ഞാന്‍ കൗണ്‍സില്‍ മെമ്പറുമായിരുന്നു. സൗമ്യനും,ശാന്തശീലനുമായ അദ്ദേഹം കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും സ്‌നേഹിച്ചിരുന്നു. എന്റെ ക്ലാസ്സില്‍ പേരു കേട്ട ഒരു സഖാവിന്റെ സൗന്ദര്യവതിയായ മകളുണ്ടായിരുന്നു.അവരുടെ പേരിവിടെ പരാമര്‍ശിക്കുന്നില്ല. പ്രസ്തുത കുട്ടിയെ ഈ ജനപ്രതിനിധിയ്ക്ക് ഇഷ്ടമാണ്.    എന്റെ ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോയില്‍ അവളും കൂടെ ഉണ്ടായിരുന്നു. ആ ഫോട്ടോ ജനപ്രതിനിധി വാങ്ങിയത് തമാശയോടെ ആണെങ്കിലും ഓര്‍മ്മയിലെത്തുന്നു.അതിവിടെ പരാമര്‍ശിക്കുന്നത് മറ്റൊന്നിനുമല്ല. കൗമാര ചാപല്യങ്ങള്‍ ആര്‍ക്കുമുണ്ടാവാം എന്ന ഒരു അനുഭവം പങ്കുവെക്കാനാണ്.
....................................................................................



ബങ്കര അബ്ദുല്‍ ലത്തീഫെന്ന ഒരു ചെറുപ്പക്കാരനെ മറക്കാനാവില്ല. അവന്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്താണ് പഠിക്കുന്നത്. നേതാവിന്റെ എല്ലാ ലക്ഷണങ്ങളും ഉളള അവന്‍ അന്നേ നല്ലൊരു പ്രഭാഷകനായി. എം.എസ്.എഫ്. പ്രവര്‍ത്തകനായിരുന്നു അവന്‍. അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യവേ വളരെ ചെറുപ്പത്തില്‍ തന്നെ ഇഹലോകവാസം വെടിഞ്ഞു. കണ്ണൂര്‍.എസ്.എന്‍. കോളേജില്‍ നടന്ന എന്‍.സി.സി. കേമ്പില്‍ ഞങ്ങള്‍ പങ്കാളികളായിരുന്നു. ആദ്യ ദിവസം അദ്ദേഹത്തിനു പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം വന്നപ്പോള്‍ പ്രാഥമിക ആവശ്യത്തിനുളള ഒരു സാധനവും കൊണ്ടുവന്നില്ല. അന്നവന്‍ പല്ലു തേച്ചത് എന്റെ ബ്രഷും പേസ്റ്റും ഉപയോഗിച്ചാണ്. എന്നോടുളള സ്‌നേഹം കൊണ്ടാവാം അവനങ്ങിനെ ചെയ്തതെന്ന് ഞാനിപ്പോള്‍ കരുതുന്നു.
................................................................................

അമ്മായിയും പുകയിലയും

കുളിയന്‍ ലോഡ്ജിലേക്ക് ഞങ്ങളോടൊപ്പം താമസിക്കാന്‍ ജൂനിയറായ ഒരു പത്മനാഭന്‍ എത്തി. തൃക്കരിപ്പൂരുകാരനാണ്. അച്ഛന്‍ ബേക്കറി മുതലാളിയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു പത്മനാഭന്‍. വീട്ടില്‍ വളരെ ശ്രദ്ധയോടെയും, സ്‌നേഹിച്ചും വളര്‍ത്തിയവനാണ്. അവന് ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ അകന്ന ബന്ധുവായ ഒരു സ്ത്രീയെ കൂടി പത്മനാഭന്റെ അച്ഛന്‍ കണ്ടെത്തി ലോഡ്ജില്‍ താമസിപ്പിച്ചു. പത്മനാഭന്‍ അമ്മായി എന്നാണ് അവരെ വിളിച്ചിരുന്നത്. അത് കേട്ട് ഞങ്ങളും അവരെ അമ്മായിയെന്നു വിളിച്ചു.

പത്മനാഭന് മാത്രം ഭക്ഷണമുണ്ടാക്കി കൊടുക്കുവാന്‍ വന്ന അമ്മായി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കി തരാന്‍ സന്നദ്ധയായി. അവര്‍ സ്‌നേഹത്തോടെ തന്നെ ഞങ്ങളഞ്ചുപേര്‍ക്കും മൂന്നു നേരവും ഭക്ഷണമുണ്ടാക്കി തന്നിരുന്നു. അവര്‍ക്ക് എപ്പോഴും പുകയില ചവക്കണം അത് കിട്ടാനുളള വഴി അന്വേഷിക്കുകയായിരുന്നു അവര്‍. ഞാന്‍ നാട്ടില്‍ പോയി വരുമ്പോഴൊക്കെ പുകയില കൊണ്ടുവന്ന് അമ്മായിക്ക് നല്‍കും. അതിനാല്‍ അവര്‍ക്ക് എന്നോട് കൂടുതല്‍ വാല്‍സല്യമായിരുന്നു. എന്റെ ഡ്രസ്സ് അലക്കി തരാനും അവര്‍ തയ്യാറായി. അരനൂറ്റാണ്ടിനപ്പുറത്തെ അനുഭവമാണ്.ഇപ്പോള്‍ അമ്മായി ജീവിച്ചിരിക്കാനൊന്നും സാധ്യതയില്ല. പത്മനാഭന്‍ എന്നു പേരായ പപ്പന്‍ എന്നു വിളിച്ചിരുന്ന വ്യക്തി എവിടെയാണെന്നറിയില്ല. അക്കലത്തു തന്നെ നല്ലൊരു ചിത്രകാരനായിരുന്നു പപ്പന്‍.ഏതോ  സിനിമാ ട്രൂപ്പില്‍ പെട്ട് ചെന്നൈയിലാണുളളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പ്രീഡിഗ്രി കാലത്തെ മറക്കാന്‍ കഴിയാത്ത രണ്ടു കഥാപാത്രങ്ങളായിരുന്നു അമ്മായിയും, പപ്പനും.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

Keywords: Article, Kookanam-Rahman, Student, Study, Pre degree study time