സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-7)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 19.04.2020) കേരളത്തില്‍ സാക്ഷരതാ യഞ്ജം തുടങ്ങുന്നതിന് രണ്ട് ദശാബ്ദം മുമ്പ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. അതിന്റെ അടിസ്ഥാനത്തിലാവണം ജില്ലയില്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ ജില്ലാ-കോര്‍ഡിനേറ്ററായി എന്നെ നിയോഗിച്ചത്. ഉദ്യോഗസ്ഥ സഹകരണത്തോടെയും, പൂര്‍ണ ജനപങ്കാളിത്തതോടെയും  നടത്തിയ ഈ പ്രവര്‍ത്തനം എനിക്ക് പുതിയൊരവേശമായി. രാപകലന്യേ മലയോരങ്ങളിലും, ഹരിജന-ഗിരിജന കോളനികളിലും, തീരദേശ മുസ്ലീങ്ങളുടെ ഇടയിലും ആവേശ പൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെയും, പ്രമുഖ ജനപ്രതിനിധികളുടെയും സമ്പര്‍ക്കവും, സഹകരണവും പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം തന്നെ അസൂയയും, അഹന്തയും നിറഞ്ഞ ദുഖാനുഭവങ്ങളും ഉണ്ടായത് ഓര്‍ത്തു പോവുകയാണ്.

ട്രാന്‍സ്ഫറും, കാന്‍സലേഷനും:
അന്ന് ഞാന്‍ കുട്ടമത്ത് ഗവ.ഹൈസ്‌ക്കൂളിലെ അധ്യാപകനായിരുന്നു. അവിടെ നിന്ന് പരിഷത്ത് പ്രവര്‍ത്തകരായ സി.രാമകൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത് എന്നിവരെയും, കാന്‍ഫെഡ് പ്രവര്‍ത്തകനായ എന്നെയും സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിക്കുകയുണ്ടായി. കാന്‍ഫെഡ് പ്രവര്‍ത്തകനായ എന്നോട് നീരസത്തോടെയാണ് സഹപ്രവര്‍ത്തകരായ പരിഷത്തുകാര്‍ പെരുമാറിയത്.അവര്‍ക്കൊന്നും അറിയാത്ത ഒരു പരിഷത്ത് ബന്ധം എനിക്കുണ്ടായിരുന്നു.1978 ല്‍ പി.ടി ഭാസ്‌ക്കരപ്പണിക്കരാണ് എനിക്കു പരിഷത്ത് അംഗത്വം നല്‍കിയത്.

ഒരേ സ്‌ക്കൂളില്‍ നിന്നു മൂന്ന് അധ്യാപകരെ ഡപ്യൂട്ടേഷനില്‍ സാക്ഷരതാ യഞ്ജത്തിന്റെ കോ-ഓഡിനേറ്റര്‍മാരായി വിട്ടത് സ്‌ക്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നു എന്ന് പരിഷത്തുകാര്‍ തന്നെ പരാതി ഉന്നയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എന്നെ അകലേയുളള പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌ക്കൂളിലേക്ക് സ്ഥലം മാറ്റി ഡി.ഡി.ഇ ഉത്തരവിറക്കി. എനിക്കു പകരം പരിഷത്തുകാരെ ട്രാന്‍സ്ഫര്‍ ചെയ്യാനുളള ശ്രമം നടക്കാത്തത് എന്നില്‍ പ്രയാസമുണ്ടാക്കി. അന്നത്തെ കാസര്‍കോട് ഡി.ഡി.ഇ. രവിന്ദ്രന്‍ സാറായിരുന്നു. അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് ട്രാന്‍സഫര്‍ ഓര്‍ഡര്‍ കൈയില്‍തന്നു. ഇത് കൈയില്‍ കിട്ടിയപ്പോള്‍ എനിക്ക് അമര്‍ഷവും, സങ്കടവും അമര്‍ത്താന്‍ കഴിഞ്ഞില്ല. ഞാന്‍ ഡി.ഡി.ഇ യോട് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാതെ ഞാനിവിടുന്ന് എഴുന്നേല്‍ക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. നിവര്‍ത്തി ഇല്ലാതെ ആ നല്ല മനുഷ്യന്‍ പ്രസ്തുത ഓര്‍ഡര്‍ എന്റെറ മുന്നില്‍ വച്ചു തന്നെ കാന്‍സല്‍ ചെയ്തത് ഉള്‍പുളകത്തോടെ ഞാന്‍ ഓര്‍ക്കുകയാണ്.

ആകാശവാണിയിലെ വഴിവിളക്ക് പ്രോഗ്രാം:
അക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയം 'വഴിവിളക്ക്' എന്ന പേരില്‍ സാക്ഷരതാ പരിപാടിയെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു പ്രോഗ്രാം ആഴ്ചതോറും പ്രക്ഷേപണം ചെയ്തിരുന്നു. അതിലേക്ക് ഒരു സ്ഥിരം ക്ഷണിതാവാണ് ഞാന്‍. മെഹറലി സാറായിരുന്നു അതിന്റെ ചുമതലക്കാരന്‍. പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഒരു കോണ്‍ട്രാക്റ്റ് എന്റെ പുതിയ മേല്‍വിലാസം ആയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍,സാക്ഷരതാ ഭവന്‍, കാസര്‍ഗോഡ്. എന്ന വിലാസത്തിലാണ് വന്നത്. റിക്കാര്‍ഡിങ്ങ് ദിവസം എന്നെ കാണാത്തതില്‍ മെഹറലി സാര്‍ വിളിച്ച് ചോദിച്ചു. 'എന്തേ വരുന്നില്ലേ? കോണ്‍ട്രാക്ട് കിട്ടിയില്ലേ'.? ഞാന്‍ അല്‍ഭുതത്തോടെ  കിട്ടിയില്ലല്ലോ എന്ന് മറുപടി പറഞ്ഞു .ആ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഏറെ പ്രയാസമുണ്ടായി.

യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്- എന്നോട് വൈരാഗ്യമുളള ഏതോ ഒരു സഹപ്രവര്‍ത്തകന്‍ പ്രസ്തുത കത്ത് എടുത്തു മാറ്റി വെച്ചു. അയാളുടെ മനസ്സിലിരുപ്പ് ഞാന്‍ അത്ര മിനുങ്ങണ്ട എന്നാവാം. അടുത്ത ദിവസം ഓഫീസില്‍ ചെന്നപ്പോള്‍ പ്രസ്തുത ലറ്റര്‍ എന്റെ മേശ വലിപ്പില്‍ ആരോ തിരുകി വച്ചിട്ടുണ്ട്. റിക്കാര്‍ഡിങ്ങിന് പോകേണ്ട ദിവസമാണ് കത്ത് മേശ വലിപ്പില്‍ കണ്ടത്. നോക്കണേ, സര്‍വ്വരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്ന് വിവക്ഷിക്കുന്ന സാക്ഷരതാ പ്രവര്‍ത്തകരാണ് ഈ കുതന്ത്രം നടത്തിയതെന്നോര്‍ക്കുക.

ഇല്ലാത്ത വാര്‍ത്ത:
1990ല്‍ ഏപ്രില്‍ 18 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് പ്രഖ്യാപന സമ്മേളനം നടക്കുകയാണ്. പ്രഗല്‍ഭ വ്യക്തികള്‍ സന്നിഹിതരായ പ്രസ്തുത ആഘോഷത്തിന് മാറ്റ് കൂട്ടിയത് പ്രഖ്യാപനം നടത്തിയ വ്യക്തിയെ തെരഞ്ഞെടുത്തില്‍ ആണ്. ചേലക്കാടന്‍ ആയിഷ എന്ന നവസാക്ഷരയാണ് സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.

കാസര്‍കോട് ജില്ലയില്‍ നിന്നും പതിനഞ്ചോളം സ്‌പെഷല്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തി ആയിരത്തോളം സാക്ഷരതാ പ്രവര്‍ത്തകര്‍ ആ ഉല്‍സവ നഗരിയില്‍ സന്നിഹിതരായിട്ടുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടായിരുന്നു.

തൊട്ടടുത്ത ദിവസം ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്ത എന്നെ അദ്ഭുതപ്പെടുത്തി. പടന്ന ,പൈവളികെ പഞ്ചായത്തുകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ കയറി ബഹളം ഉണ്ടാക്കിയെന്നും ജില്ലാ കോര്‍ഡിനേറ്ററായ കൂക്കാനം റഹ് മാന്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ത്തു എന്ന വാര്‍ത്തയാണ്. ഇങ്ങിനെ ഒരു സംഭവമേ അവിടെ നടന്നിരുന്നില്ല. വാര്‍ത്ത ശ്രദ്ധയില്‍പെട്ട രണ്ടു പഞ്ചായത്തുകളിലേയും ഭരണ സമിതികളും, സാക്ഷരതാ സമിതികളും എന്നോട് അന്വേഷിച്ചു തുടങ്ങി. വാര്‍ത്തയുടെ ഉറവിടം ഞാനാണെന്നു തെറ്റിദ്ധരിച്ചു. രണ്ട് പഞ്ചായത്തുകളിലും വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത് അവിടെ ഈ ഇല്ലാ കഥയുടെ വിശദീകരണം നല്‍കേണ്ടി വന്നു എനിക്ക്. മാനസികമായി ഏറെ സമ്മര്‍ദ്ദം ഉണ്ടായ ഒരു സംഭവമായിരുന്നു ഇത്.

ഗൃഹ സദസ്സുകള്‍:
അന്നത്തെ ജില്ലാ കലക്ടര്‍ ജെ.സുധാകരന്‍ സാര്‍ എന്റെ പ്രവര്‍ത്തനത്തിന് താങ്ങും തണലുമായി നിന്നു. ജില്ലയിലെ മുസ്ലിം ബെല്‍ട്ടുകളില്‍ നിരക്ഷരത കൂടുതലായിരുന്നു. ഇവിടങ്ങളിലെ മത നേതാക്കളേയും, പളളി കമ്മിറ്റി ഭാരവാഹികളേയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എന്നെ ചുമതലപ്പെടുത്തി. യാത്രാ സൗകര്യത്തിനായി ട്രൈബല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ ഒരു ജീപ്പും ഡ്രൈവറേയും അനുവദിച്ചു തന്നു. ഇതര സഹ പ്രവര്‍ത്തകര്‍ക്കൊന്നും ലഭ്യമാകാത്ത ഈ സൗകര്യം എനിക്കു കിട്ടിയതില്‍ അവര്‍ക്ക് കുണ്ഠിതമുണ്ടായി. ഈ പ്രവര്‍ത്തനത്തോടനുബന്ധിച്ചു തന്നെ മുസ്ലീങ്ങള്‍ തിങ്ങി  പാര്‍ക്കുന്ന ഏരിയകളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ഗൃഹ സദസ്സുകള്‍ സംഘടിപ്പിച്ചു. സാക്ഷരതാ രംഗത്ത് നല്ലൊരു ചലനമുണ്ടാക്കാന്‍ ഗൃഹസദസ്സുകള്‍ പര്യാപ്തമായി. സംസ്ഥാന തലത്തില്‍ ഈ പ്രവര്‍ത്തനത്തിന് അംഗീകാരമുണ്ടായി.അവാര്‍ഡ് വാങ്ങാന്‍ ജില്ലാ കലക്ടര്‍ക്കൊപ്പം:
സാക്ഷരതാ യഞ്ജത്തിന്റെ തുടര്‍ പ്രവര്‍ത്തനമായ പോസ്റ്റ് ലിറ്ററസി ക്യാപയിന്‍ പരിപാടിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലയായി കാസര്‍കോടിനെ തെരഞ്ഞെടുത്തു. പ്രസ്തുത അവാര്‍ഡ് പാലക്കാടുവെച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബില്‍ നിന്നാണ് ഏറ്റുവാങ്ങേണ്ടിയിരുന്നത്.  ഈ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ കമാല്‍കുട്ടി സാര്‍, എഡി.സി.ജിതേന്‍ന്ദ്രന്‍ സാറും ഞാനുമാണ് പോയത്.

കരിവെളളൂരില്‍ വീട്ടിനടുത്ത് നിന്നാല്‍ മതി. അവിടെ വന്ന് കാറില്‍ പിക്കപ്പ് ചെയ്‌തോളാം എന്ന് കലക്ടര്‍ സാര്‍ പറഞ്ഞു. അതു  പ്രകാരം പാലക്കാട് വരെയും അവാര്‍ഡ് കൈപ്പറ്റി തിരിച്ചും കലക്ടരുടെ ഔദ്യോഗിക കാറില്‍ യാത്ര ചെയ്യാന്‍ അവസരം കിട്ടിയത് അവിസ്മരണീയമായ ഓര്‍മ്മയാണ്.

സംസ്ഥാനത്തെ മികച്ച പ്രൊജക്ട് ആഫീസര്‍ അവാര്‍ഡ്:
പോസ്റ്റ് ലിറ്ററസി കേമ്പയിനില്‍ നീലേശ്വരം ബ്ലോക്ക് പ്രൊജക്ട് ഓഫീസറായിരുന്നു ഞാന്‍. കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടാനായത് മനസ്സിന് സന്തോഷം നല്‍കി. ബ്ലോക്കിലെ പത്തു പഞ്ചായത്തുകളിലും പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ച് തുടര്‍ സാക്ഷരതാ പരിപാടി മതൃകാപരമാക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. അതിനു ഒപ്പം നിന്ന പത്തു അസി.പ്രൊജക്ട് ഓഫീസര്‍മാരും അവരുടെ കര്‍മ്മശേഷി പരമാവധി വിനിയോഗിച്ചിട്ടുണ്ട്.

അക്ഷര സംഘങ്ങളുടെ രൂപീകരണം, ജനവിദ്യാകേന്ദ്രങ്ങളുടെ സ്ഥാപനം, ഗൃഹസദസ്സുകള്‍, പഠനയാത്രകള്‍, നവസാക്ഷര പുസ്തക വിതരണം, അക്ഷരത്തോണി യാത്ര തുടങ്ങിയവ പുതുമയുളള പ്രവര്‍ത്തന രീതികളായിരുന്നു.

ഇതെല്ലാം കണക്കിലെടുത്ത് സംസ്ഥാനതലത്തില്‍ മികച്ച പ്രൊജക്ട് ആഫീസര്‍ക്കുളള അവാര്‍ഡും എനിക്കു ലഭിച്ചിട്ടുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വേദനക്കുളളില്‍ നനുത്ത സന്തോഷം മുളപൊട്ടുന്നുണ്ടായിരുന്നു.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

Keywords: Article, Kookanam-Rahman, Award, Sad moments of Literacy days
Previous Post Next Post