എന്റെ സന്തോഷ - സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 68)
കൂക്കാനം റഹ്‌മാൻ
(www.kvartha.com 26.04.2021) ഇത് നടന്ന സംഭവമാണ്. അര നൂറ്റാണ്ടിനപ്പുറം. കഥാപാത്രങ്ങളൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാലും അവരുടെ യഥാര്‍ത്ഥ പേരോ നടന്ന സ്ഥലമോ വെളിപ്പെടുത്തുന്നില്ല. അവരുടെ പിന്‍തലമുറക്കാര്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് മാനസീക പ്രയാസമാവാതിരിക്കാന്‍ വേണ്ടി മാത്രം. അന്നെനിക്ക് 13 വയസ്സ് പ്രായമുണ്ടാവും. എഴാം ക്ലാസുകാരനാണ്. സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് എന്തും ചെയ്യാം, അതിലൊരു തെറ്റുമില്ല എന്ന് കരുതിയിരുന്ന കാലവും പ്രായവും. നേരിട്ടു കണ്ടിട്ടുളള സ്ത്രീപീഡന അനുഭവങ്ങളാണ് തുറന്നു പറയാന്‍ ശ്രമിക്കുന്നത്. അവ കാലമെത്രകഴിഞ്ഞിട്ടും മനസ്സില്‍ നൊമ്പരമുണ്ടാക്കുന്നു. അക്കാലത്ത് പുരുഷമനസ്സിലുണ്ടായിരുന്ന ദേഷ്യമെന്ന വികാര പ്രകടനങ്ങളുടെ നേര്‍ ചിത്രമാണ് ഇന്നത്തെ തലമുറ അറിയാന്‍ കുറിക്കുന്നത്.
ഞാന്‍ അന്ന് കരിവെളളൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ പഠിക്കുകയാണ്. ഉച്ച വരെ മാത്രമെ ആ ദിവസം ക്ലാസുണ്ടായിരുന്നുളളൂ. വേഗം വീട്ടിലെത്തി ഭക്ഷണം കഴിക്കാനുളള ധൃതിയില്‍ നടക്കുകയായിരുന്നു. കൂട്ടുകാരൊക്കെ പിറകെ നടന്നു വരുന്നുണ്ട്. ഇരു ഭാഗത്തും മകയ്യാലയുണ്ട്. അതിനിടയില്‍ കൂടിയാണ് നടക്കാനുളള വഴി. തൊട്ടരുകിലുളള പറമ്പില്‍ നിന്നു ഒരു സ്ത്രീയുടെ അലര്‍ച്ചയോടെയുളള കരച്ചില്‍ കേട്ടു. ആ പറമ്പിലേക്കെത്തി നോക്കി. അതി സുന്ദരിയായ സ്ത്രീയെ പൂര്‍ണ്ണ നഗ്നയാക്കി കമ്പകയറ് കൊണ്ട് തെങ്ങില്‍ വരിഞ്ഞു മുറുക്കി കെട്ടുകയാണ് ഒരു പുരുഷന്‍. അയാളും അരിശം കൊണ്ട് വിറയ്ക്കുകയാണ്. 'എന്നെ കൊല്ലുന്നേ.. ഓടിവായോ… രക്ഷിക്കണേ….' ആ സ്ത്രീ അലറുകയാണ്. ഞാന്‍ നിർന്നി മേഷനായി അല്പ നേരം നോക്കി നിന്നു. എന്റെ കൂട്ടുകാര്‍ അടുത്തെത്തി. ഞങ്ങളില്‍ തടി മിടുക്കുളള മൂന്നു പേര്‍ ആ സ്ത്രീയെ രക്ഷപ്പെടുത്താന്‍ ഓടിയടുത്തു. അപ്പോഴേക്കുമതാ ഒരു പുരുഷന്‍ കത്തിയുമായി ഞങ്ങളുടെ സമീപത്തേക്കോടുന്നു. 'കൊന്നുകളയും എല്ലാത്തിനേയും…. ഓടിപ്പോടാ…' ഞങ്ങള്‍ ജീവനും കൊണ്ടോടി.
പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. കുറേ കാലത്തിനു ശേഷം കഥയുടെ ചുരുള്‍ നിവർന്നു. ആ സ്ത്രിയുടെ സഹോദരനാണ് തെങ്ങില്‍ വരിഞ്ഞു മുറിക്കി കെട്ടിയിട്ടത്. സ്ത്രീയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് നാട്ടിലെ പ്രമാണിയായ ഒരു വ്യക്തി അവിടെ ചെല്ലാറുണ്ട് പോലും. ഒരു ദിവസം ഉച്ച സമയത്ത് സഹോദരന്‍ വീട്ടിലെത്തുന്നു. അകത്തെ മുറിയില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ഓടുന്നത് കണ്ടു. സഹോദരന്‍ മുറിയിലേക്ക് നോക്കുമ്പോള്‍ അവള്‍ വിവസ്ത്രയായി കിടക്കുകയായിരുന്നു പോലും. അതേ പടി അവളെ വലിച്ചിഴച്ചു കൊണ്ടുവന്നു തെങ്ങില്‍ കെട്ടിയിടുകയായിരുന്നു. സമ്പന്നനായ വ്യക്തിയെ ഒന്നും ചെയ്യാനായില്ല. പകരം ആ സ്ത്രിയാണ് പീഡനമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നത്. വിദ്യാസമ്പന്നയും സാമ്പത്തിക ശേഷിയുമുളള സ്ത്രീയായതിനാല്‍ സമൂഹത്തിന്റെ കുത്തുവാക്കുകളില്‍ നിന്നും, ഒറ്റപ്പെടുത്തലില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നാണവര്‍ വിരമിച്ചത്.
................
എന്റെ അയല്‍പക്കത്തെ വീട്ടില്‍ നടന്ന ഒരു സംഭവമാണ്. അനാഥയായ ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യ. പാവം മെലിഞ്ഞുണങ്ങിയ ശരീരം. അവരുടെ ഭര്‍ത്താവ് ബിസിനസ്സ്‌കാരനാണ്. നാട്ടില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ അയല്‍വീട്ടുകാരായ കുട്ടികളൊക്കെ ചെല്ലും. ആ വീട്ടില്‍ പെട്ടിപ്പാട്ട് ഉണ്ടായിരുന്നു. അതില്‍ പാട്ടു വെക്കുമ്പോഴാണ് കുട്ടികളായ ഞങ്ങള്‍ ചെല്ലുക. അദ്ദേഹത്തിന് കുട്ടികളായ ഞങ്ങളോടൊക്കെ നല്ല സ്‌നേഹമായിരുന്നു. ചെറിയൊരു കാര്യത്തിനു പോലും ഭാര്യയെ മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഞങ്ങളുടെ മുന്നില്‍ വെച്ചു തന്നെ മാരകമായി അവരെ മര്‍ദ്ദിക്കും. അതു കാണുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഞങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോവും.
വലിയ റൂളര്‍പോലുളള വടികൊണ്ടാണ് അടിക്കുക. അടി കിട്ടുമ്പോള്‍ ആ സ്ത്രീ നിലവിളിച്ചുകൊണ്ട് നിലത്തുവീഴും. നിലത്തുവീഴുമ്പോള്‍ കാലുകൊണ്ട് ചവിട്ടും. നിസ്സഹയായ ആ സ്ത്രി നിലവിളിക്കുക മാത്രമെ ചെയ്യൂ. അവര്‍ക്ക് ഞങ്ങളുടെ പ്രായക്കാരായ രണ്ടു മക്കളുണ്ടായിരുന്നു. അവരും ഓടി ഒളിക്കുകയാണ് പതിവ്. ഒരു ദിവസം കാലിലിടുന്ന ഷൂസുകൊണ്ടാണ് മുഖത്തടിച്ചത്. രണ്ട് പല്ല് ഇളകി തെറിച്ചു പോവുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ചോരവാർന്നൊലിക്കുന്ന മുഖം ഇപ്പോഴും ഓര്‍മ്മയുണ്ട്.
എന്തിനാണവരെ തല്ലിച്ചതച്ചതെന്ന് അറിയില്ലായിരുന്നു. ചായകൊണ്ടുകൊടുക്കാന്‍ വൈകിയാല്‍, കറിയില്‍ ഉപ്പോ എരിവോ കൂടിപ്പോയാല്‍, ആ സ്ത്രീ എന്തെങ്കിലും ആവശ്യം ഉയിച്ചാല്‍ അപ്പോ മര്‍ദ്ദനം തുടങ്ങും. ചോദിക്കാനും പറയാനും ആരുമില്ലാത്ത ആ സഹോദരി അനുഭവിച്ച വേദന മനസ്സില്‍ ഇന്നും ഉണങ്ങാതെ നില്‍പ്പുണ്ട്. അവര്‍ രണ്ടു പേരും കാലയവനികയ്ക്കുളളില്‍ മറഞ്ഞു. അവരുടെ മക്കള്‍ ഉദ്യോഗസ്ഥരായി, വിവാഹിതരായി… സന്തോഷത്തോടെ ജീവിച്ചു വരുന്നു. തങ്ങളുടെ അമ്മ അനുഭവിച്ച പീഡനകഥകള്‍ അവര്‍ ഓര്‍ക്കുന്നുണ്ടോ എന്തോ ?
................
കൂ'ക്കരച്ചില്‍ കേട്ടു അയല്‍പക്കക്കാരൊക്കെ ഓടിയെത്തി. കൂട്ടത്തില്‍ ഞാനും ഓടിപ്പിടിച്ചവിടെയെത്തി. അകത്തെ മുറിയിലേക്ക് എത്തിനോക്കിയവരെല്ലാം നിറകണ്ണുകളോടെ തിരിച്ചു വരുന്നുണ്ട്. ഞാനും ആ കാഴ്ച ഒരു നോക്കു കണ്ടു. വീണു കിടക്കുന്ന സ്ത്രീ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. സിമന്റ് തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്നു. മൂന്നു വയസ്സായ ഒരു കുട്ടിയുണ്ടവര്‍ക്ക് . ആ കുട്ടിയെ ആരോ എടുത്ത് പുറത്തേക്ക് കൊണ്ടുപോയി. രാവിലെ സുബഹി നിസ്‌ക്കരിച്ച് ക്ഷീണം മൂലം ഒന്നു കൂടി കിടന്നതായിരുന്നു പോലും ആ സ്ത്രീ.
ഗര്‍ഭിണിയായ സ്ത്രിയെ അടിവയറ്റിന് ചവിട്ടിയതാണ് പോലും. ഉമ്മാ കൊല്ലുന്നേ എന്ന നിലവിളി കേട്ട് വാതില്‍ തുറന്നു നോക്കിയ ഉമ്മ നിലവിളിച്ച് പുറത്തേക്കോടി. ഭര്‍ത്താവായ മനുഷ്യന്‍ നിസ്സങ്കോചം ആ മുറിയില്‍ ഇരിക്കുകയായിരുന്നു പോലും അപ്പോള്‍. ആളുകള്‍ ഓടിക്കൂടാന്‍ തുടങ്ങിയപ്പോള്‍ അയാളും അവിടന്നു ഇറങ്ങിപോയി. ആ ഉമ്മ വന്നവരോടൊക്കെ കരഞ്ഞു പറയുന്നത് കേട്ടു. മരിച്ചു എന്നറിഞ്ഞതു കൊണ്ടാവാം ആരും ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറായില്ല. അവളുടെ ഭര്‍ത്താവ് ചെയ്ത പണിയാണിത്. എന്റെ മോള്‍ ക്ഷീണം കൊണ്ട് അല്പം ഉറങ്ങിപോയതാണ്. അവന് ചായ കിട്ടാന്‍ അല്പം വൈകിപോയി .അതിനെ ചൊല്ലി വഴക്കു കൂടുന്നത് പുറത്തേക്ക് കേട്ടതാണ്. പെട്ടെന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു. ഉമ്മാ…. എന്ന വിളിയും. ഞാന്‍ ചെന്നു നോക്കുമ്പോള്‍ എന്റെ മോള്‍ രക്തത്തില്‍ കുളിച്ച് ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
അടിവയറ്റില്‍ കിട്ടിയ ചവിട്ടാണ് ഗര്‍ഭിണിയായ ആ സ്ത്രീ പിടഞ്ഞു മരിക്കാന്‍ ഇടയാക്കിയത്. പാവപ്പെട്ട കുടുംബമാണ്. ഉമ്മ മാത്രമെ അവള്‍ക്കുളളൂ. മൂന്നു വയസ്സുകാരനായ ആ പിഞ്ചുബാലനെ മടിയിലിരുത്തി കരയുന്ന ആ ഉമ്മയുടെ ചിത്രം ഒരിക്കലും മനസ്സില്‍ നിന്നു മായുന്നില്ല.
'പോലീസും കേസും ഒന്നും വേണ്ട എന്റെ ആകെ ഉണ്ടായിരുന്ന മോള് പോയില്ലേ ? ഇനി എനിക്കാരുണ്ട് ? കൂടിയിരിക്കുന്ന ആളുകളോടായി ആ ഉമ്മ പറഞ്ഞു. മരിച്ചുപോയ ആ സ്ത്രിയുടെ അന്ത്യ കര്‍മ്മങ്ങളൊക്കെ നടത്തി. അവളുടെ കൊലയാളിയായ പുരുഷന്‍ സുഖമായി ഇന്നും ജീവിക്കുന്നുണ്ടാവാം. ആ മകന്‍ വളർന്നു വലുതായി. തന്നെ മുലപ്പാലു തന്നു വളര്‍ത്തിയ ഉമ്മയുടെ ഘാതകനെ അവനിപ്പോഴും തേടി നടക്കുന്നുണ്ടാവുമോ ?
സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരായിരുന്നു ഇവരൊക്കെ, പുരുഷന്റെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യാന്‍ കഴിയാത്തവര്‍. അടിമകളെപോലെ ജീവിച്ചവര്‍. സ്വാഭിപ്രായം പറയാന്‍ പ്രാപ്തിയില്ലാത്തവര്‍. അവരൊക്കെ മണ്ണൊപ്പം ചേർന്നു. അവരുടെ സന്തതികള്‍ ജീവിച്ചു വരുന്നുണ്ട്. പൂര്‍ണ്ണ സംതൃപ്തരായി, സ്വതന്ത്രരായി, പുരുഷാധിപത്യത്തിന് തടയണപണിത് കൊണ്ട് അവര്‍ മുന്നേറുന്നു. അരനൂറ്റാണ്ടിനു മുമ്പ് നമ്മുടെ നാടന്‍ ഗ്രാമീണ സ്ത്രീകള്‍ അനുഭവിച്ച കദനത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയത് ഇങ്ങിനെയായിരുന്നു. അന്നത്തെ സ്ത്രീ ജന്മങ്ങള്‍ എങ്ങിനെ എന്നു കാണിക്കാന്‍ വേണ്ടിയാണ്. അവരുടെ പിന്‍മുറക്കാരായ സ്ത്രീകള്‍ ഇന്നെത്തി നിൽക്കുന്ന സ്വതന്ത്രാവസ്ഥയെക്കുറിച്ച് ചിന്തിക്കാനും.
Keywords: Kerala, Article, Kookanam-Rahman, Man, Woman, Attack, Pregnant Woman, Husband, Wife, Honestly, this is not a story.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.