Follow KVARTHA on Google news Follow Us!
ad

നാടകാഭിനയം തലാഖില്‍ കലാശിച്ചു

1960 ല്‍ ഓലാട്ട് എ.യു.പി. സ്‌ക്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. സ്‌ക്കൂള്‍ വാര്‍ഷികത്തില്‍ കുട്ടികളുടെ നാടകം ഉണ്ട്. തിരുവിതാം Article, Kookanam-Rahman, school, Drama acting and Talaq
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-21)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 17.06.2020) 1960 ല്‍ ഓലാട്ട് എ.യു.പി. സ്‌ക്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. സ്‌ക്കൂള്‍ വാര്‍ഷികത്തില്‍ കുട്ടികളുടെ നാടകം ഉണ്ട്. തിരുവിതാം കൂര്‍ മഹാരാജവിന്റെ വേഷമെടുക്കാന്‍ ഒരു കുട്ടി വേണം. അധ്യാപകന്‍മാര്‍ കണ്ടെത്തിയത് എന്നെയാണ്. കൊട്ടാരത്തിലെ പൂജാ മുറിയില്‍ പൂജ നിര്‍വ്വഹിക്കലാണ് ആദ്യരംഗം. അത് ഭംഗിയായി പഠിച്ചു അവതരിപ്പിച്ചു. നാടകത്തിലെ ഏറ്റവും നല്ല നടനുളള സമ്മാനം കിട്ടിയത് എനിക്കാണ്. സമ്മാനം ഒരു കണ്ണാടിയാണ്. എന്റെ രാജ കൊട്ടാരത്തിലെ പ്രധാന ഭടനായി വേഷമിട്ടത് സി.പി.ജനാര്‍ദ്ദനാണ്. രാമയ്യന്‍. 'രാമയ്യാ' എന്ന എന്റെ വിളിപ്പുറത്ത് ഓടിവന്ന് ഓച്ചാനിച്ച് 'പ്രഭോ' എന്ന് വായപൊത്തി നില്‍ക്കുന്ന രാമയ്യന്‍ അറുപത് വര്‍ഷം പിന്നിട്ടിട്ടും ഇന്നും എന്റെ മുന്നിലുണ്ട്.

അന്നേ നാടകത്തോട്  കമ്പമായിരുന്നു എനിക്ക്. ഹൈസ്‌ക്കൂളില്‍ യുവജനോല്‍സവത്തിനെല്ലാം നാടക മല്‍സരത്തില്‍ പങ്കെടുക്കും. ഒരു നാടകത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷമായിരുന്നു. ഇന്നും അഡ്വ.കെ.വിജയകുമാര്‍ ഓര്‍മിച്ചു വിളിക്കും 'പോലിസേ' എന്ന്. യുവജനോല്‍സവത്തില്‍ ഇന്നത്തെ തളിപറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് വൈക്കത്ത് നാരായന്‍ എന്റെ ഭാര്യയായി അഭിനയിച്ച കാര്യവും ഞങ്ങള്‍ ഇടയ്ക്ക് കാണുമ്പോഴൊക്കെ പങ്കുവെക്കാറുണ്ട്.

ഞാനും ടി.വി.ഗോവിന്ദന്‍ മാഷും നേതൃത്വം കൊടുത്ത് കൂക്കാനത്ത് ഒരു കലാസമിതിക്ക് രൂപം നല്‍കി. 1965 ലാണത്. 'അഭിനവ കലാസമിതി' എന്ന് പേരു നല്‍കി. അമ്മാവന്റെ പീടികയിലെ ഒരു മുറിയില്‍ കലാസമിതിയുടെ ബോര്‍ഡും കാര്‍ഡ് ബോര്‍ഡില്‍ എഴുതിത്തൂക്കി. വാര്‍ഷികം നടത്താന്‍ തീരുമാനിച്ചു. നാടകം തെരഞ്ഞെടുത്തു. അഭിനേതാക്കളെ കണ്ടെത്തി. വി.വി.അമ്പു, കൂത്തൂര്‍ കൃഷ്ണന്‍, കൊടക്കല്‍ രാഘവന്‍, പി.പി.രാഘവന്‍, ടി.വി.ഗോവിന്ദന്‍, കൂക്കാനം റഹ്മാന്‍, ഗോപാലന്‍ എന്നിവരാണ് അഭിനേതാക്കള്‍. രാത്രി അമ്മാവന്റെ കട പൂട്ടിയതിനു ശേഷമാണ് നാടക റിഹേഴ്‌സല്‍ . നോട്ടീസ് അടിക്കണം. നോട്ടീസില്‍ അഭിനേതാക്കളുടെ പേരു വെക്കും വിവിധ കളറിലുളള നോട്ടീസില്‍ പേര് അച്ചടിച്ചു വരുന്നത് അഭിമാനമൂഹൂര്‍ത്തങ്ങളിലൊന്നായിരുന്നു അന്ന്. നോട്ടീസിനടിയില്‍ എന്‍.ബി.എന്ന് വെച്ച് ഉച്ചഭാഷിണി ഉണ്ടാവും എന്ന് കൂടി പ്രിന്റ് ചെയ്യുന്ന കാലമായിരുന്നു. അത്.

നാടകത്തിലെ സ്ത്രീ വേഷമായിരുന്നു എനിക്ക്. സ്ത്രീകളെ നാടകാഭിനയത്തിന് കിട്ടാത്ത കാലം. നാടകം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് എന്റെ സ്ത്രീ വേഷം കണ്ട് നാടകം സംവിധാനം ചെയ്ത കെ.ജി.കൊടക്കാടിന് ഒരാഗ്രഹം .ഒരു ഡാന്‍സ് ചെയ്യണം. 'നീ മയങ്ങികൊണ്ട് നിന്നാല്‍ മതി. ഞാന്‍ പാട്ടും പാടി അഭിനയിക്കാം'. ഡാന്‍സ് തുടങ്ങി...'തൊട്ടു പോയാല്‍ വാടുന്ന പെണ്ണേ                                                                                                                       തൊട്ടാവാടി തോല്‍ക്കുന്ന പെണ്ണേ'... ഈ പാട്ടും പാടി അതി മനോഹരമായി ഡാന്‍സ് നടത്തി. നല്ല കയ്യടി കിട്ടി. അര നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ശ്രീ.കെ.ജി.കൊടക്കാട് കൂക്കാനത്ത് നടന്ന ഒരു പരിപാടിയില്‍ എന്നെ സ്റ്റേജിലിരുത്തി ആ പാട്ടു മനോഹരമായി ആലപിച്ച് എന്നെ സ്വാഗതം ചെയ്യുകയുണ്ടായി.

കാലം പിന്നീടും നീങ്ങി. കാസര്‍കോട് ഗവ.കോളേജിലെ പഠനകാലം.പ്രീഡിഗ്രിക്ക് രണ്ടാം ഭാഷയായി എടുത്തത് ഹിന്ദി ആയിരുന്നു. കോളേജ് ഡേക്ക് ഹിന്ദി നാടകത്തില്‍ അഭിനയിച്ചു. 'ബട്‌ലര്‍' ആയാണ് അഭിനയം ഹിന്ദി ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് അനുമോദനങ്ങള്‍ തന്നതും ഓര്‍മ്മയിലുണ്ട്. ടീച്ചേര്‍സ് ട്രൈനിംഗ് സമയത്ത് സ്‌ക്കൂള്‍ ഡേക്ക് നാടകം അരങ്ങേറി. ഒരു സുമുഖനായ കാമുകന്റെ വേഷമായിരുന്നു. സ്റ്റേജിലെത്തിയപ്പോള്‍ ആര്‍പ്പു വിളിയോടെയാണ് എന്നെ സഹപാഠികള്‍ പ്രോല്‍സാഹിപ്പിച്ചത്. 'ഹോ എന്തൊരു ഭംഗിയാണ്' കാണാന്‍ എന്നെ ഇഷ്ടപ്പെടുന്ന ചില സ്ത്രീ ട്രൈനീസ് പറഞ്ഞത് മധുരമൂറുന്ന ഓര്‍മ്മയാണിന്നും.

സ്‌ക്കൂള്‍ അധ്യാപകനായി 1970 ല്‍ കരിവെളളൂര്‍ നോര്‍ത്ത് എ.യു.പി. സ്‌ക്കൂളില്‍ ജോയിന്‍ ചെയ്തു. 1972ലും 73ലും  രണ്ടു വാര്‍ഷികങ്ങള്‍ അടുത്തടുത്തായി നടന്നു. രണ്ടിന്റെയും പ്രധാന സംഘാടകന്‍ ഞാനായിരുന്നു. വാര്‍ഷികാഘോഷത്തിന് ഫണ്ട് ഉണ്ടാക്കണം, നാരു ഉണിത്തിരി മാഷുടെയും,ഹെഡ്മാസ്റ്റര്‍ പി.നാരായണന്‍ നായരുടെയും യാത്രയയപ്പുപരിപാടിയും കൂടി ആയിരുന്നു അത്. ഫണ്ട് പിരിക്കണം, നാടകം അഭിനയിക്കണം, കുട്ടികളുടെ നാടകം തയ്യാറാക്കണം ഈ ചുമതലയൊക്കെ എനിക്കുണ്ട്.

കൂത്തൂര്‍ നാരായണന്‍ എന്ന അഞ്ചാം ക്ലാസ്സുകാരന്‍ കുട്ടിക്ക് സ്റ്റേജിലേക്ക് കടന്നു വരാന്‍ ഇരു ഭാഗത്തും വാരിക്കഷ്ണം അടിച്ച് ചരട് കെട്ടുന്ന ചുമതല നല്‍കി. അവന്‍ ആവേശം മൂത്ത് സ്വന്തം വീട്ടില്‍ ചെന്ന് വീട് നിര്‍മ്മാണത്തിന് സൂക്ഷിച്ചു വെച്ച വാരിക്കഷ്ണങ്ങളെടുത്ത് സ്‌ക്കൂളിലെത്തി. അവനും കൂട്ടുകാരും പ്രസ്തുത പണി ആരംഭിച്ചതേയുളളൂ അപ്പോഴേക്കുമതാ അവന്റെ അമ്മാവന്‍ ഓടിവരുന്നു. കുട്ടിയെ വഴക്കു പറയുന്നു. പറഞ്ഞു വിട്ട എന്നെ വഴക്കു പറയുന്നു......നാരായണന്‍ വീട്ടു പണിക്കുവച്ച മര ഉരുപ്പടിയാണ് കൊണ്ടുവന്നതെന്ന് എനിക്കറിയില്ലായിരുന്നു. നാട്ടുകാരും,അധ്യാപകരും ഇടപെട്ട് പ്രശ്‌നം ഒത്തു തീര്‍പ്പായി. വാര്‍ഷിക ദിനത്തിന്റെ അന്നാണ് ഈ സംഭവം. അതോടെ ടെന്‍ഷനിലായ ഞാന്‍ അതില്‍ നിന്ന് മോചിതനാവാന്‍ കുറച്ചു സമയമെടുത്തു.....

അന്നാദ്യമായാണ് നാടക നടികളുമൊത്ത് ഞാന്‍ അഭിനയിക്കുന്നത്. വല്ലാത്ത ഭയമോ ,നാണമോ ഒക്കെ ഉണ്ടായി. ഞാന്‍ ഒരു മുസ്ലിം ചെറുപ്പക്കാരനായിട്ടാണ് നാടകത്തില്‍ അഭിനയിക്കേണ്ടത്. ഒരു ഹിന്ദു പെണ്‍കുട്ടിയെ പ്രണയിക്കുന്ന രംഗമാണ് .അന്ന് നടിയായി വന്നത് 'ലക്ഷ്മി' എന്ന സഹോദരിയാണെന്നാണ് ഓര്‍മ്മ. കാമുകിയായ ലക്ഷ്മിയെ പിച്ചുന്നൊരു രംഗമുണ്ട്. ഞാന്‍ സ്റ്റേജില്‍ നിറഞ്ഞഭിനയിക്കുകയാണ് . പിച്ചുന്നത് കുറച്ചുകൂടിപ്പോയി...... നല്ലപോലെ വേദനിച്ചു എന്ന് നാടകാഭിനയത്തിനു ശേഷം നടി എന്നോടു പറഞ്ഞു. മധുരമുളള ഓര്‍മ്മയായി അതു നിറഞ്ഞു നില്‍ക്കുന്നു ഇന്നും.....

കാലം വീണ്ടും മുന്നോട്ട് കുതിച്ചു. കരിവെളളൂര്‍ ദേശാഭിമാനി കലാസമിതി അംഗമായി എ.കെ.രാഘവന്‍, എ.വി.മാധവന്‍, ലക്ഷ്മണന്‍ , പിലാക്കാ ചന്ദ്രന്‍ തുടങ്ങിയ അഭിനേതാക്കളോടൊപ്പം ഒന്നു രണ്ടു നാടകത്തില്‍ അഭിനയിച്ചു. നാടകം മൂലം ജീവിത്തില്‍ മറക്കാനാവാത്തൊരു ദുഖമുണ്ടായി. അന്ന് പ്രായം 24 കല്യാണാലോചന പലതും വന്നു. ഉമ്മയെ വല്യമ്മാവന്‍ സ്വാധിനിച്ചു. തീര്‍ത്തും ഓര്‍ത്തഡോക്‌സാണ് അമ്മാവന്‍. സാമ്പത്തീകമായി അദ്ദേഹത്തിന് മോശമല്ലാത്ത അവസ്ഥയായിരുന്നു. അമ്മാവന്റെ മകളെ കല്യാണം കഴിക്കണമെന്ന നിര്‍ബന്ധം വന്നു. ഞാന്‍ വഴങ്ങേണ്ടി വന്നു.വിവാഹിതനായി. എന്റെ പുരോഗമന ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും നേരെ എതിര്‍ദിശയിലായിരുന്നു അമ്മാവനും അമ്മാവന്റെ ബന്ധുക്കളും.

വിവാഹം നടന്നു ഒന്നു രണ്ടു മാസം കഴിഞ്ഞു കാണും. അമ്മാവന്റെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ മുറക്ക് നടക്കുന്നുണ്ട് എനിക്ക് വേണ്ടി. ഫുള്‍കൈ ബ്ലൗസ് വേണം, സിനിമ കാണാന്‍ പോകരുത്, ഫോട്ടോ എടുപ്പൊന്നും വേണ്ട , നാടകാഭിനയം നിര്‍ത്തണം, ഇങ്ങിനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. മൂത്ത അമ്മാവനല്ലെ പറയുന്നതെല്ലാം മൂളി കേട്ടു. പ്രതികരിച്ചില്ല...........

ദോശാഭിമാനി കലാസമിതി വാര്‍ഷികത്തോടനുബന്ധിച്ച് നാടകം റിഹേര്‍സല്‍ നടന്നു കൊണ്ടിരിക്കുന്നു. കരിവെളളൂര്‍ രക്തസാക്ഷി നഗറില്‍ നാടകം അരങ്ങേറുന്ന ദിവസം .ഭാര്യാവീട്ടുകാരില്‍ ചിലര്‍ നഗറിലെത്തി. സ്റ്റേജിലേറി നാടകം കളിക്കുന്ന എന്നെയാണ് അവര്‍ കണ്ടത്. എന്നെ കാണാതെ അവര്‍ തിരിച്ചു പോയി. അടുത്ത ദിവസം അവരൊക്കെ വീട്ടിലെത്തുന്നു. നമ്മുടെ ആചാരങ്ങള്‍ക്ക് വിരുദ്ധമായിമായി പ്രവര്‍ത്തിക്കുന്ന നീയുമായുളള ബന്ധം ഞങ്ങള്‍ക്കു വേണ്ട.പെണ്ണിനെ ഇന്നു തന്നെ തലാക്കു ചൊല്ലണം. ചെറുപ്പമല്ലേ ഭീഷണിക്കു വഴങ്ങാന്‍ ഞാന്‍ തയ്യാറായില്ല. ആ നിമിഷം തന്നെ തലാക്ക് ചൊല്ലി വിവാഹമോചിതനായി . നല്ല ഒരു ബന്ധമായിരുന്നു നാടകം മൂലം നശിച്ചത്....
1977 ല്‍ പാണപ്പുഴ  ഗവ.സ്‌ക്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെയും  സ്‌ക്കൂള്‍ വാര്‍ഷികം സംഘടിപ്പിച്ചു. അതിലും അധ്യാപകരുടെ നാടകം വേണമെന്ന് തീരുമാനിച്ചു. 'സമസ്യ' നാടകത്തിലെ അപ്ഫന്‍ നമ്പൂതിരിയുടെ വേഷമായിരുന്നു എനിക്ക്. കര്‍ട്ടണ്‍ സെറ്റും, മ്യൂസിക് സെറ്റും, സൗണ്ട് സിസ്റ്റവും എല്ലാം കരിവെളളൂരില്‍ നിന്നു സംഘടിപ്പിച്ചു. സ്റ്റേജ് മുഴുവന്‍ ചുവപ്പാണ്. അടിയന്തിരാവസ്ഥയാണെന്ന് ഓര്‍മ്മവേണം. നിങ്ങളുടെ ചോപ്പന്‍ കളി ഇവിടെ വേണ്ട. ഭീഷണി ആയിരുന്നു. വാര്‍ഷിക പരിപാടികള്‍ പൊളിയുമോ എന്ന് ഭയപ്പെട്ടു. ഭാഗ്യം ചില നന്മ നിറഞ്ഞ സുഹൃത്തുക്കള്‍ ഇടപെട്ടു പ്രശ്‌നം ഒത്തുതീര്‍ത്തു.വാര്‍ഷികം നന്നായി നടന്നു. എന്റെ അപ്ഫന്‍ നമ്പൂതിരി പാര്‍ട്ടും മോശമല്ലാതെ കലക്കി...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
Keywords: Article, Kookanam-Rahman, school, Drama acting and Talaq