രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

എന്റെ സന്തോഷസന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-18)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 02.06.2020) ചിലരെന്തിനാണ് സ്വയം ചെയ്ത പ്രവര്‍ത്തനങ്ങളോ, ഉണ്ടായിട്ടുളള അനുഭവങ്ങളോ പുറത്തറിയിക്കാതെയിരിക്കുന്നത്. ? ചിലപ്പോള്‍ അവര്‍ക്കു തന്നെ ദോഷം വരുമെന്ന് ഭയന്നിട്ടോ, താന്‍ മൂലം മറ്റൊരാള്‍ക്കെന്തിന് പ്രയാസമുണ്ടാക്കുന്നു എന്ന് കരുതിയിട്ടോ ആവാം അങ്ങിനെ ചെയ്യുന്നത്. പക്ഷേ അടുത്ത ബന്ധുക്കളോടും, സുഹൃത്തുക്കളോടും രഹസ്യമാക്കിവെക്കുന്നത് കൂടുതല്‍ അപകടം വരുത്തില്ലേ? ഏതു രഹസ്യവും സ്വയം ചെയ്യുന്നതായിരിക്കില്ല മറ്റൊരാളും കൂടെ അറിഞ്ഞിട്ടുണ്ടാവാം. അത്തരം രഹസ്യാനുഭവങ്ങള്‍ രണ്ടുപേരിലൊരാള്‍ പുറത്തു വിട്ടാല്‍, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അറിയാനിടയായാല്‍ രഹസ്യമാക്കി വെച്ച വ്യക്തിയോട് വിരോധം തോന്നും തിര്‍ച്ച. സ്‌നേഹം, പ്രണയം, വ്യക്തിയോടുളള ബഹുമാനമോ, ആരാധനയോ, എന്നിവയാണ് രഹസ്യമായി പ്രവര്‍ത്തിക്കാനോ, സംഭവിക്കാനോ ഇടയാക്കുന്ന സാഹചര്യം സംജാതമാവുന്നത്.

രഹസ്യങ്ങളുടെ ചുരുളഴിയാത്ത, ഇന്നും അജ്ഞാതമായി തുടരുന്ന പ്രവൃത്തികള്‍ ചെയ്ത കൂട്ടുകാരും, ബന്ധുജനങ്ങളും എനിക്കുമുണ്ട്. ആ രഹസ്യ പ്രവര്‍ത്തികളൊക്കെ എന്തിനുവേണ്ടിയായിരുന്നു എന്നൊക്കെ എനിക്കൂഹിക്കാനാവും. പക്ഷേ അതിന്റെ യാഥാര്‍ത്ഥ വസ്തുത അറിയണമെങ്കില്‍ അനുഭവസ്ഥര്‍ പറഞ്ഞാലല്ലേ അറിയൂ. ബന്ധപ്പെട്ടവര്‍ ഒരിക്കലും പറയാത്ത, പറയാന്‍ സാധ്യതയില്ലാത്ത രണ്ട് രഹസ്യ സംഭവങ്ങളുടെ പച്ചയായ വിവരണമാണ് എന്റെ ഈ കുറിപ്പിലൂടെ വെളിപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നത്. വ്യക്തികളെ എനിക്കറിയാവുന്നവരാണെങ്കിലും അവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെ യാഥാര്‍ത്ഥ സംഭവം മാത്രം പരാമര്‍ശിക്കുകയാണ്.


ഒന്നാമത്തെ സംഭവം ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന ,സ്വന്തം മകളെപോലെ കരുതുന്ന ഒരു സഹപ്രവര്‍ത്തകയുടെ ഭാഗത്തു നിന്നുണ്ടായതാണ്. ഞങ്ങള്‍ ഒരേ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. വസ്തുതകള്‍ പറയുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് പേര് കൊടുത്തില്ലെങ്കില്‍ കഥ പറയാന്‍ വിഷമമുണ്ടാവും. സ്വപ്ന(യഥാര്‍ത്ഥ പേരല്ല) നല്ല തന്റേടിയാണ്. പ്രശ്‌നങ്ങളെ നേരിടാനുളള ശേഷിയുളളവളാണ്. പ്രയാസം അനുഭവിക്കുന്നവരോടും രോഗികളോടും കരുണ കാണിക്കുന്നവളാണ്.

പലരോഗങ്ങള്‍ക്കും അടിമയായ, ഓപ്പറേഷന്‍ പരമ്പരകള്‍ക്ക് വിധേയനായ പരമേശ്വരന്‍(യഥാര്‍ത്ഥ പേരല്ല) എന്ന വ്യക്തിയെ സ്വപ്ന അവിചാരിതമായി പരിചയപ്പെടുന്നു. രോഗങ്ങളൊക്കെയുണ്ടെങ്കിലും സാമൂഹ്യബോധവും, പ്രതിബദ്ധതയും , ഊര്‍ജ്ജസ്വലതയുമുളള മാന്യ വ്യക്തിയാണ് പരമേശ്വരന്‍. അവരുടെ പരിചയപ്പെടല്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിവാഹിതനും മക്കളുളള വ്യക്തിയുമാണ് പരമേശ്വരന്‍ .ഭര്‍ത്താവും മക്കളും ഉളള സ്ത്രീയാണ് സ്വപ്ന.പക്ഷേ അവര്‍ തമ്മിലുളള സ്‌നേഹം, സ്വപ്നയെക്കുറിച്ചുളള എല്ലാ രഹസ്യങ്ങളും അഴിച്ചെടുക്കാനുളള ഒരു വെമ്പല്‍ പരമേശ്വരനിലുടലെടുത്തു. ചെറുപ്പക്കാര്‍ സ്വപ്നയോടു സംസാരിക്കുന്നതുപോലും അയാള്‍ക്കിഷ്ടമില്ലാതായി.

അവളുടെ ആഫീസില്‍ ജോലിചെയ്തിരുന്ന ഒരു ചെറുപ്പക്കാരനെയാണ് അയാള്‍ ആദ്യം നോട്ടമിട്ടത്. അവനുമായി  സ്വപ്ന കൂടുതല്‍ അടുപ്പം കാണിക്കുന്നു. നല്ല കലാകാരനായ അവന്റെ പ്രവര്‍ത്തിയില്‍ അവള്‍ വീണുപോയോ എന്നൊരു സംശയം. ഒരു ദിവസം ആഫീസില്‍ എന്തോ പ്രശ്‌നങ്ങള്‍ അവരിരുവരും അടുത്തടുത്തിരുന്നു സംസാരിക്കുകയായിരുന്നു . യാദൃശ്ചികമായി പരമേശ്വരന്‍ ആഫീസില്‍ എത്തിയപ്പോള്‍ കണ്ടകാഴ്ച അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവനെ ഷൗട്ട് ചെയ്ത് അവിടുന്ന് അയാള്‍ എണീപ്പിച്ചു. താക്കീത് നല്‍കിയാണ് അയാള്‍ ഇറങ്ങിപ്പോയത്.

പരമേശ്വരന്‍ എന്നോട് ഇക്കാര്യം സൂചിപ്പിച്ചു. ഞാനത് നിസ്സാരമായി തളളി. സ്വപ്നയെ അവന്‍ ഏച്ചി എന്നാണ് വിളിക്കാറ് എന്നും, അവന്‍ അവളേക്കാള്‍ പ്രായവിത്യാസമുണ്ടെന്നും പറഞ്ഞു ബോധ്യപ്പെടുത്തി. പക്ഷേ അയാള്‍ വിടുന്ന മട്ടില്ല. സ്വപ്നയുടെ ഫോണ്‍ അയാള്‍ കൈക്കലാക്കിയതാണോ, അതോ,എല്ലാം നോക്കിക്കോളൂ എന്ന് പറഞ്ഞ് അവള്‍ കൊടുത്തതാണോ എന്നറിയില്ല. ആധൂനിക സാങ്കേതിക വിദ്യ അറിയുന്ന പരമേശ്വരന്‍ സ്വപ്നയുടെ ഫോണിലേക്കു വരുന്ന മെസ്സേജെല്ലാം ഹാക്ക് ചെയ്യാന്‍ തുടങ്ങി.അയാളും സ്വപ്നയും തമ്മിലുളള ബന്ധം ഇത്ര ഗാഢമാവാന്‍ കാരണമെന്തെന്ന് ഇന്നേവരെ എന്നോട് പറഞ്ഞില്ല. ഒരു അച്ഛനെക്കളുപരി അവളുടെ സന്തോഷസന്താപങ്ങള്‍ എല്ലാം എന്നോട് പങ്കുവെക്കാറുണ്ട്.

പരമേശ്വരന്‍ വിടുന്ന മട്ടില്ല അവന്‍ എന്നെ വിടാതെ കൂടി. സ്വപ്നയുടെ ഫോണിലേക്കു വരുന്ന കോളുകളും മെസ്സേജുകളും എന്നോട് പങ്കുവെക്കാന്‍ തുടങ്ങി. അവളെ കാണാനും, ഇത്തരം കാര്യങ്ങള്‍സംസാരിക്കാനുമായിരിക്കാം  ഓഫീസിലെ നിത്യസന്ദര്‍ശകനായി മാറി പരമേശ്വരന്‍.

എല്ലാം എന്നോട് സത്യമായി പറയാറുണ്ട് എന്ന് എന്നെ വിശ്വസിപ്പിച്ച സ്വപ്ന പരമേശ്വരനെ രക്ഷിക്കാന്‍ ഒരു കളവ് പറഞ്ഞു. പരമേശ്വരന്‍ എന്തോ കാര്യം സംസാരിക്കുന്നതിനിടയില്‍ അയാള്‍ സ്വപ്നയെ വിളിച്ചിരുന്നു എന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇതറിഞ്ഞ ഞാന്‍  സ്വപ്നയോട് പലകാര്യങ്ങളും സംസാരിക്കുന്ന കൂട്ടത്തില്‍ 'ഇന്ന് പരമേശ്വരന്‍ സ്വപ്നയെ വിളിച്ചിരുന്നോ' എന്ന് ചോദിച്ചതിന് മറുപടി 'ഇല്ലാ' എന്നായിരുന്നു. ഞാന്‍ നേരിട്ടറിഞ്ഞതിനാല്‍ അത് കളവാണെന്നു ബോധ്യപ്പെട്ടു. ഇത് പോലെ എന്തെല്ലാം കളവ് പറഞ്ഞു കാണും എനിക്കറിയില്ലല്ലോ?

ആഫീസിലെ കലാകാരനായ ചെറുപ്പക്കാരനും സ്വപ്നയും പരസ്പരം മെസ്സേജ് അയക്കുന്നതും പരമേശ്വരന്‍ പിടിച്ചു കാണും. അതിന്റെ സത്യാവസ്ഥ  അറിയാന്‍ പരമേശ്വരന്‍ അതിരാവിലെ കലാകാരന്റെ വീട്ടിലെത്തുന്നു. അവന്റെ ഫോണ്‍ വാങ്ങിയിട്ട് സ്വപ്നയുടെ ഫോണിലേക്ക് കലാകാരന്‍ അയക്കുന്നതുപോലെ മെസ്സേജ് അയക്കുന്നു. അതിനുളള മറുപടി കൊടുത്തിനോ എന്നറിയില്ല. ഒരു സ്ത്രീയുടെ കാര്യത്തില്‍ അത്രയും സാഹസം ചെയ്യാന്‍ പരമേശ്വരനെ പ്രേരിപ്പിച്ചതെന്തായിരിക്കും. ?

ഇതൊക്കെ ഞാനും കൂടി അറിഞ്ഞു എന്നു മനസ്സിലാക്കിയ സ്വപ്ന പ്രസ്തുത ബന്ധം ഒഴിവാക്കി. ഇന്ന് പരമേശ്വരന്റെ ബദ്ധശത്രുവായിട്ടാണ് അവളുളളത്. ഇനിയും പിടികിട്ടാത്ത രഹസ്യം എന്തിനായിരുന്നു ഈ സാഹസങ്ങള്‍  ?എന്തിനായിരുന്നു അയാള്‍ സ്വപ്നയെ ഇത്രയും കെയര്‍ ചെയ്തത് ? ഇതിനിടയില്‍ രണ്ടു കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.സ്വപ്ന പരമേശ്വരന്റെ നാട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു. എന്തിനായിരുന്നു അതെന്നറിയില്ല. ഇതിന്റെയൊക്കെ പിറകില്‍ എന്തൊക്കയോ രഹസ്യങ്ങള്‍ വെളിച്ചത്തു വരാതെയുണ്ട്.രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കില്ല. കാലം ഏറേ കഴിഞ്ഞാലും അത് പുറത്താകും. പക്ഷേ കഥാപാത്രങ്ങള്‍ മരിക്കുംവരെ പറഞ്ഞില്ലെങ്കില്‍ പിന്നെങ്ങിനെ അറിയാന്‍?. മരിച്ചുപോയ എന്റെ നേരേ അനുജന്‍ അവന്റെ അനുജന്് 8.10.88 തിയ്യതി വെച്ച് എഴുതിയ ഒരു കത്ത് പഴയ ഡയറിക്കുളളില്‍ നിന്ന് എനിക്ക് ഇക്കഴിഞ്ഞ ദിവസം കിട്ടി. ആ കത്തില്‍ പഴയപല കാര്യങ്ങളും എഴുതിയ കൂട്ടത്തില്‍ ഒരു വാചകം ഇങ്ങിനെ  'നീ എന്നെ പല സ്ഥലത്തും നോവിപ്പിച്ചു. ഒരുദാഹരണം. രാജുചെക്കന്‍ ഒരു കുട്ടിയുമായി വന്നു നല്‍കിയിട്ടുണ്ട്. ഒരാണ്‍കുട്ടിയെ......' ഇത്രേയുളളു. കാര്യം ഒന്നും വ്യക്തതയില്ല. ചിലപ്പോള്‍ അവര്‍ക്കു രണ്ടുപേര്‍ക്കും അറിയുന്ന രഹസ്യമായിരിക്കാമത്.

ഉമ്മയ്ക്ക് ഞങ്ങള്‍ മൂന്ന്  ആണ്‍ മക്കളാണ്. ഞാനാണ് മൂത്തവന്‍.ഞാന്‍ ഉദ്യോഗസ്ഥനാണ് . ശമ്പളക്കാരന്‍. അനിയന്‍മാര്‍ക്കതില്ല. അതുകൊണ്ട് ഉമ്മയ്ക്കിഷ്ടം അവരോട് രണ്ടുപേരോടുമാണ്. ഉമ്മയ്ക്കുണ്ടായിരുന്ന സ്വത്തും,സ്വര്‍ണ്ണവും എല്ലാം അവര്‍ക്കു മാത്രമായി നല്‍കി.അതില്‍ എനിക്ക് പ്രയാസം തോന്നി. രണ്ട് അനിയന്‍മാരോടും ഞാന്‍ അകല്‍ച്ചയിലാവാന്‍ ഇതു കാരണമായി. തുടര്‍ന്ന് അവരുടെ ചെയ്തികളെക്കുറിച്ചൊന്നും ഞാനറിയാന്‍ മെനക്കെട്ടില്ല. എല്ലാത്തരം കുരുത്തക്കേടും രണ്ടുപേര്‍ക്കും ഉണ്ടായി എന്നാണ്പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ഒരു ദിവസം അറിയാന്‍ കഴിഞ്ഞത് ഒരു കഥപോലെയുളള വസ്തുതയാണ്. അനിയനും കുടുമ്പവും താമസിക്കുന്ന വീടിന്റെ വരാന്തയില്‍ ആരോ ഒരാള്‍ ഒരു ചോര കുഞ്ഞിനെ ഉപേക്ഷിച്ചു ഓടികളഞ്ഞു എന്നാണ്. ആരാണ് ? എന്തിനാണ് ? എന്നൊന്നും ഇന്നും അജ്ഞാതമാണെനിക്ക്. ആ കുട്ടിയെ അനിയന്‍ എടുത്തുകൊണ്ടുപോയി എവിടെയോ ഉളള 'അമ്മത്തൊട്ടിലില്‍'  ആക്കിയെന്നും പറയുന്നത് കേട്ടു. കുട്ടിയെ കൊണ്ടുകിടത്തിയ വ്യക്തി അടുത്ത ദിവസം വീണ്ടും അനിയന്റെ വീട്ടിലെത്തി കുഞ്ഞിനെ അന്വഷിച്ചുവെന്നും പറയുന്നത് കേട്ടു. എന്തിനു വേണ്ടിയാണ് അന്വേഷിച്ചതെന്നോ  എന്തായിരുന്നു ഉദ്ദേശമെന്നോ ആരും പറഞ്ഞുകേട്ടില്ലിതേവരെ.

പിന്നൊരു വാര്‍ത്ത പരന്നത് ഇങ്ങിനെ. അനിയന്റെ സുഹൃത്തായ ശ്രീകണ്ഠപുരം സ്വദേശി രാജുവിന്റെ ഭാര്യ പ്രസവിച്ച കുട്ടിയാണതെന്നും, അവള്‍ക്ക് മറ്റാരിലോ ഉണ്ടായ കുട്ടി ആയതിനാലാണ് ഉപേക്ഷിച്ചതെന്നുമാണ്. ബാക്കി കാര്യങ്ങളെല്ലാം രഹസ്യമായി ഇന്നും തുടരുന്നു . അനിയന്‍ മരിച്ചിട്ട് ഇരുപത് വര്‍ഷത്തോളമായി. രാജുവും ഭാര്യയും ഇന്നൊരുമിച്ച് ജീവിക്കുന്നുണ്ടോ എന്നും അറിയില്ല. അനിയന്റെ വീടിന്റെ ഇറയത്ത് ആ ചോര കുഞ്ഞിനെ കിടത്താനുളള കാരണവും വ്യകതമല്ല. ഏതായാലും ഇന്നേക്ക് 30-32 വയസ്സിലെത്തിയ ആകുഞ്ഞ് ദേശത്തോ വിദേശത്തോ ഉളള ഏതെങ്കിലുമൊരു നല്ല കുടുംബത്തില്‍ ജീവിച്ചു വരുന്നുണ്ടാവും തീര്‍ച്ച.

രഹസ്യങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത് സമൂഹത്തിന് ഗുണമാണോ ദോഷമാണോ വരുത്തിതീര്‍ക്കുന്നത് എന്ന ഒരു ചര്‍ച്ച എല്ലാവരില്‍നിന്നു ഉണ്ടാകണമെന്ന് കൂടി ഈ കുറിപ്പിലൂടെ ഞാന്‍ ആശിക്കുന്നുണ്ട്. 

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

Keywords: Article, Kookanam-Rahman, Secrets, Debate, Death, Brother, Family, House, Will the secrets ever come out?
 
ad