Follow KVARTHA on Google news Follow Us!
ad

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

1970 ല്‍ തറവാട് സ്വത്ത് വീതം വെക്കുന്നതുവരെ മൊത്തം കൈകാര്യം ചെയ്തിരുന്നത് ഉമ്മുമ്മയായിരുന്നു. പറമ്പിനെ വടക്കേ വളപ്പ്, തെക്കേ വളപ്പ്, എന്ന് Article, Kookanam-Rahman, Cash, Family, Those who forgot family for Money
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-25)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 04.07.2020) 1970 ല്‍ തറവാട് സ്വത്ത് വീതം വെക്കുന്നതുവരെ മൊത്തം കൈകാര്യം ചെയ്തിരുന്നത് ഉമ്മുമ്മയായിരുന്നു. പറമ്പിനെ വടക്കേ വളപ്പ്, തെക്കേ വളപ്പ്, എന്ന് വിഭജിച്ചാണ് പറഞ്ഞിരുന്നത്. മാവ്, പ്ലാവ്, എന്നിവ നിറഞ്ഞു നിന്ന പറമ്പായിരുന്നു അത്. നൂറ്റാണ്ടുകള്‍ പ്രായമുളള ഊക്കന്‍ മരങ്ങളായിരുന്നു അവ. ഞങ്ങളുടെ കുട്ടികാല ജീവിതം ഈ മരങ്ങളുടെ ചോട്ടിലായിരുന്നു എന്ന് പറയാം.തണുപ്പു കാലത്ത് പ്ലാവില അടിച്ചു കൂട്ടി തീയിട്ട് തണുപ്പ് മാറ്റിയിരുന്ന അനുഭവം മറക്കാന്‍ കഴിയില്ല. ജനുവരി  മാസത്തോടെ പ്ലാവിന്റെയും മാവിന്റെയും ചുവട്ടില്‍ 'ചപ്പിച്ച കൊരട്ട' ഉണ്ടാവും. അത് പെറുക്കിയെടുക്കലും പീടികയില്‍ കൊണ്ടുപോയി പല്ലി മിഠായി, നാരങ്ങാ മിഠായി, കോലു മിഠായി എന്നിവ വാങ്ങി തിന്നലും രസകരമായ പരിപാടികളായിരന്നു.

പ്ലാവിനും, മാവിനും ഒക്കെ പേരുണ്ടായിരുന്നു കായ്ഫലത്തിന്റെ പ്രത്യേകത , മരത്തിന്റെ രൂപം, കിടപ്പ് ഇവയൊക്കെ നോക്കിയാണ് പേരിട്ടത്. പറമ്പിലെ പടിഞ്ഞാറെ വരിക്ക പ്ലാവ് നാട്ടിലെല്ലാവര്‍ക്കും പരിചിതവും പ്രിയപ്പെട്ടതുമായിരുന്നു. പറമ്പിലെ ഏറ്റവും രുചികരമായ ചക്ക അതിലാണ് കായ്ക്കുക. വാണിയന്‍ സമുദായക്കരുടെ ചുടുകാടിനടുത്താണ് ഈ പ്ലാവ്. ചുടുകാടില്‍ വിറകിന്റെ അവശിഷ്ടവും കരിപിടിച്ച കല്ലുകളും കാണും. അത് കാണാന്‍ ഭയമുളളതിനാല്‍ ഞാന്‍ പ്രസ്തുത പ്ലാവില്‍ കയറിയിരുന്നില്ല. ഈ പ്ലാവിന് ഒരു കഥ കൂടി പറയാനുണ്ട്. പഴയ വീട് പൊളിച്ച് പുതിയ വീട് കെട്ടുമ്പോള്‍ പ്രസ്തുത പ്ലാവ് പൊരിച്ചെടുത്ത് മുറിച്ച് മില്ലില്‍ കൊണ്ടുപോയി ഉരുപ്പടികളാക്കി കൊണ്ടുവന്നത് ഞാനാണ്. ആ മരമുപയോഗിച്ചാണ് പുതിയ വീടിന്റെ മരപ്പണിയൊക്കെ പൂര്‍ത്തിയാക്കിയത്. വീടിന്റെ ജനലും, കട്ടിളകളും,ഡോറുകളും എല്ലാം ആ പ്ലാവിന്റെതാണ്. അതിനൊക്കെ എത്രമാത്രം കഥകള്‍ പറയാനുണ്ടാവും. ഇന്ന് ആ വീടും സ്ഥലവും ഞങ്ങളുടെ കുടുംബക്കാരുടെ കൈവശമില്ല. ഞാനും കൂടെ അറിയാതെ നാട്ടിലെ ഒരു പ്രമാണി ചുളു വിലക്ക് ഉമ്മയുടെ കൈയില്‍ നിന്ന് വാങ്ങിയതാണ്. നൂറ്റാണ്ടുകളായി ആ പറമ്പില്‍ ജീവിച്ചവരുടെ ശ്വാസ നിശ്വാസ്സങ്ങളുടെ തന്മാത്രകളും, മുടി, നഖം, പല്ല് എന്നിവ മുറിച്ചു കളഞ്ഞപ്പോള്‍ ആ മണ്ണില്‍ ലയിച്ചു ചേര്‍ന്നതിന്റെ അവശിഷ്ടങ്ങളും, താവഴിയായ് തായ്‌വഴിയായ് ജീവിച്ചു വന്നിരുന്നവരുടെ ആത്മാക്കളും അവിടെ ചുറ്റിപ്പറ്റിയുണ്ടാവും, അതു കൊണ്ടു തന്നെ ചുളു വിലക്ക് പ്രസ്തുത സ്ഥലം തട്ടിയെടുത്ത് അവിടെ കൊട്ടാരസമാനമായ ഭവനം പണിത് ജീവിച്ചു വരുന്നവര്‍ക്ക് മനസമാധാനം കിട്ടാന്‍ സാധ്യതയില്ല.

പറമ്പിലുണ്ടായിരുന്ന ഇരട്ടപ്ലാവ്, ഉണ്ടപ്ലാവ്, പഴം പ്ലാവ് തേന്‍വരിക്ക, ഇങ്ങിനെ പ്ലാവുകള്‍ക്കും. ഈമ്പിക്കുടിയന്‍ മാവ്, വടക്കന്‍ മാവ്, ഒളമാവ്, പച്ച മധുരം മാവ,് ചക്കരേന്‍ മാവ്, പുളിയന്‍ മാവ്  തുടങ്ങി മാവുകള്‍ക്കും പേരുണ്ടായിരുന്നു. അവയൊക്കെ മുറിച്ചു വില്‍പന നടത്തി ഓഹരി  ലഭിച്ചവര്‍. കാലമെത്രകഴിഞ്ഞിട്ടും ആ പറമ്പില്‍ മാവുകളും പ്ലാവുകളും നിന്ന സ്ഥലം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അവയില്‍ നിന്നു ലഭിച്ച കായ് കനികളുടെ രുചിയും നാവിന്‍ തുമ്പിലുണ്ട്. പഴയ തറവാട് വീടിന്റെ മുന്നിലുണ്ടായിരുന്ന ഇടവഴി റോഡാക്കി മാറ്റുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് ഞാന്‍. ഇന്നത് താറിട്ട റോഡായി മാറി. ദശകങ്ങളോളം നടന്നു തഴമ്പിച്ച ആ വഴികളിലും ഞങ്ങളുടെയൊക്കെ വിയര്‍പ്പു കണങ്ങള്‍ മണ്ണില്‍ ഒട്ടിപ്പിടിച്ചു നില്‍പ്പുണ്ടാവാം. ഇപ്പോള്‍ ആ റോഡിലൂടെ വാഹനത്തില്‍ കടന്നു പോകുമ്പോള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന വീടും , പറമ്പും നിന്ന സ്ഥലം നോക്കാന്‍ പോലും എനിക്ക് പ്രായാസമാണ്. കൈവിട്ടുപോയ ആ സൗഭാഗ്യം ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും കൊതിച്ചു പോകുന്നു അവിടെ പഴയ കാല കൗമാര്യം ജീവിച്ചാസ്വദിക്കാന്‍.

പഴയ തറവാട് സ്വത്ത് ഭാഗം വെച്ചപ്പോള്‍ എന്റെ ഉമ്മയ്ക്കും ഒരു വിഹിതം കിട്ടി. ആ വിഹിതത്തിലും പ്രായം ചെന്ന പ്ലാവും, മാവുമൊക്കെ ഉണ്ടായിരുന്നു. എനിക്ക് മുപ്പത്തിയഞ്ച് വയസ്സായപ്പോള്‍ സ്വന്തമായി വീടുവെക്കാന്‍ ആഗ്രഹം തോന്നി. കരിവെളളൂരില്‍ പാലക്കുന്നില്‍ എന്റെ ഭാര്യക്ക് ലഭിച്ച സ്ഥലത്ത് വീടു നിര്‍മ്മിച്ചാല്‍ യാത്രയ്ക്കും മറ്റും സൗകര്യമാവും എന്ന കാഴ്ചപ്പാടും എനിക്കുണ്ടായി.

ഉമ്മയ്ക്ക് ഞങ്ങള്‍ മൂന്ന് ആണ്‍മക്കളാണുളളത്. മൂത്ത വ്യക്തി ഞാനാണ്. ഇളയ രണ്ടു പേരില്‍ ഒരാള്‍ കച്ചവടക്കാരനായിരുന്നു. ഒരാള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് ഇപ്പോള്‍. 1970 മുതല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ സര്‍വ്വീസില്‍ കയറിയ ഞാനാണ് കുടുംബ ബാധ്യത മുഴുവന്‍ ഏറ്റെടുത്തത്. അത് സന്തോഷ പൂര്‍വ്വമാണ് ഞാന്‍ നിര്‍വ്വഹിച്ചു പോന്നത്.

വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. ഹൗസിംഗ് ലോണ്‍ സഘടിപ്പിച്ചും സുഹൃത്തുക്കളില്‍ നിന്നു വായ്പ വാങ്ങിയുമൊക്കെയാണ് നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചത്. ഉമ്മയ്ക്ക് ഭാഗം കിട്ടിയ സ്വത്തില്‍ നിന്ന് രണ്ട് പ്ലാവ് സംഘടിപ്പിച്ചാല്‍ വീട് നിര്‍മ്മാണത്തിനാവശ്യമായ മര ഉരുപ്പടികള്‍ ലഭ്യമാവും, അത്രയും തുക കടം വാങ്ങാതെ അഡ്ജസ്റ്റ് ചെയ്യാമല്ലോ എന്നും കണക്കുകൂട്ടി. ഉമ്മയോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ വൈമനസ്യമൊന്നും കാണിച്ചില്ല. അതുകൊണ്ട് വീടിനു പടഞ്ഞാറു ഭാഗത്തുളള പഴം പ്ലാവും, അടുക്കള മുറ്റത്തുളള വരിക്ക പ്ലാവും മുറിക്കാന്‍ ധാരണയായി. നൂറ്റാണ്ട് പഴക്കമുളള, പട്ടിണിക്കാലത്ത് വിശപ്പുമാറ്റാനുളള ചക്ക കിട്ടുന്ന പ്ലാവ് മുറിക്കുന്നതില്‍ എനിക്കും പ്രായസമുണ്ടായിരുന്നു.അങ്ങിനെ ജോലിക്കാര്‍ വന്നു രണ്ടു പ്ലാവും മുറിച്ചെടുത്തു. ദിവസങ്ങളോളം പണിചെയ്ത് മരമില്ലിലേക്ക് കൊണ്ടുപോകുന്നതിലുളള പരുവത്തിലാക്കിവെച്ചു. അന്ന് നല്ല മഴക്കാലമായിരുന്നു. വലിയ ലോറി വേണം അവ മില്ലിലേക്ക് മാറ്റാന്‍ . പറമ്പിലേക്ക് ലോറി കയറ്റിയപ്പോള്‍ ചെളിയില്‍ താണുപോയി. ആളുകളെ വിളിച്ചുകൂട്ടി ലോറി കുഴിയില്‍ നിന്ന് കയറ്റി. ചെത്തി തയ്യാറാക്കിയ മരം ലോറിയില്‍ കയറ്റാനുളള പ്രത്യേക തൊഴിലാളികളും വന്നു. ഞാനും എന്റെ അകന്ന ബന്ധുവായ മരക്കച്ചവടത്തില്‍ പ്രാവീണ്യമുളള അബ്ദുള്‍ ഫത്താഫും റോഡില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.

'ഞങ്ങളെ വണ്ടിയില്‍ മരം കയറ്റാന്‍ അനുവദിക്കുന്നില്ല', രണ്ട് ചെറുപ്പക്കാര്‍ വന്ന് ഞങ്ങളെ തടയുകയാണ്.കേട്ടപാടെ ഞങ്ങള്‍ സംഭവ സ്ഥലത്തെത്തി. എന്റെ രണ്ടനുജന്മാരാണ് തടയാന്‍ വന്നിരിക്കുന്നത്. എന്റെ കൂടെയുളള ആള്‍ കാര്യമെന്താണെന്ന് അന്വഷിച്ചു.   'ഞങ്ങളുടെ ഷെയര്‍ തരാതെ മരം കൊണ്ടുപോവരുത്'. ഇതാണവരുടെ ആവശ്യം ഇക്കാലമത്രയും എന്റെ അധ്വാനം കൊണ്ട് ജീവിച്ചവരായിരുന്നു അവര്‍. അതിനു ശേഷമാണ് കച്ചവടക്കാരനും ,സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമൊക്കെ ആയത്. ഞാന്‍ അല്‍ഭുത സ്തബ്ധനായി നിന്നുപോയി. ഒന്നും പറയാന്‍ കഴിയുന്നില്ല. ഒരിക്കലും അവരുടെ ഭാഗത്തുനിന്ന് ഇങ്ങിനെയൊരു സമീപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല.

വീടിനുളളില്‍ കയറി ഉമ്മയെ കണ്ടു. ഇക്കാര്യം സൂചിപ്പിച്ചു. ഉമ്മയും നിസ്സഹയായി പറയുന്നു 'ഞാനെന്താ മോനെ ചെയ്യേണ്ടത് അവര്‍ക്ക് ഷെയര്‍ കിട്ടിയേ പറ്റൂ എന്ന വാശിയിലാണ്.' പിന്നൊന്നും എനിക്ക് ചെയ്യാനില്ല. എല്ലാം റെഡിയായി നില്‍ക്കുകയാണ്. പ്ലാവ് മുറിക്കുമ്പോഴെ പറഞ്ഞാല്‍ അത് ഞാന്‍ വേണ്ടാന്നു വെക്കുമായിരുന്നു. മുറിച്ച് മില്ലില്‍ കൊണ്ടുപോവാന്‍ തയ്യാറായപ്പോഴാണ് ഈ എതിര്‍പ്പ് വന്നത്. കാലത്തിന്റെ പോക്ക് ഇങ്ങിനെയായിരിക്കുമല്ലേ.?  പണത്തിനപ്പുറം രക്തബന്ധം കൂടി മറക്കുന്നു. വളര്‍ത്തികൊണ്ടു വന്നവരേയും അവരുടെ ത്യാഗത്തേയും മറക്കുന്നു.

മരക്കച്ചവടക്കാരനായ വ്യക്തിയോട് മരത്തിന്റെ അളവെടുത്ത് നാട്ടു നടപ്പനുസരിച്ചുളള വില നിശ്ചയിക്കാന്‍ പറഞ്ഞു. അയാള്‍ സ്ഥിരമായി മരം അളന്ന് തിട്ടപ്പെടുത്തേണ്ട ടേപ്പുമായി നടക്കുന്ന വ്യക്തിയാണ്. ഒന്നു രണ്ടു മണിക്കൂര്‍കൊണ്ട് അളന്ന് വില കണക്കാക്കി. അന്നത്തെ വില അനുസരിച്ച് പന്ത്രണ്ടായിരം രൂപ വരുമെന്ന് നിശ്ചയിച്ചു. പന്ത്രണ്ടായിരം മൂന്നുപേര്‍ക്ക് തുല്യമായി വീതിച്ചാല്‍ നാലായിരം രൂപ വീതമാവും. അതിനാല്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും എട്ടായിരം രൂപ കൊടുക്കണം. 1982 ലാണ് സംഭവം. സങ്കടം കൊണ്ട് ഞാന്‍ ഉളളാലെ മറ്റാരും കാണാതെ കരയുന്നുണ്ട്. എന്റെ കയ്യില്‍ തുകയില്ല. ഉടനെ കൂടെ വന്ന ആളോട് എട്ടായിരം രൂപ കടം വാങ്ങി ഉമ്മയെ ഏല്‍പിച്ചു.  ജീവിത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു വേദനാനുഭവമായിരുന്നു അത്. അങ്ങിനെ പ്രശ്‌നം പരിഹരിച്ചു. മരം മില്ലിലെക്കെത്തിച്ചു.

വര്‍ഷം കുറേ കഴിഞ്ഞു. 1985ല്‍ ഞാന്‍ കഠിനാധ്വാനത്തിലൂടെ പണിത വീട്ടില്‍ താമസം തുടങ്ങി.പ്ലാവിന്റെ വില ചോദിച്ചു വാങ്ങിയ അനുജന്‍മാരോട് വല്ലാത്ത പ്രയാസം തോന്നി. 'ജ്യേഷ്ഠനല്ലേ എല്ലാം പൊറുക്കണം . അവര്‍ അനുജ•ാരല്ലേ' എന്നാണ് ഉമ്മയുടെ ഉപദേശം. ഞാനത് അംഗീകരിച്ചു. അവര്‍ രണ്ടുപേരും എന്റെ വീട്ടിലേക്കു വരാന്‍ തുടങ്ങി. അവര്‍ വീടിന്റെ ഡോര്‍ തുറന്നു വന്നപ്പോള്‍ എന്റെ മനസ്സു പറഞ്ഞു. നിങ്ങള്‍ വില പറഞ്ഞു വാങ്ങിയ പ്ലാവിന്റെ തടി കൊണ്ടുണ്ടാക്കിയതാണ് ആ ഡോര്‍. ഈ വീടിന്റെ ജനലുകള്‍, കട്ട്‌ള എല്ലാം. അവര്‍ക്ക് ആ ഫീലിംഗ് ഉണ്ടായോ എന്നറിയില്ല. എനിക്ക് മാനസീക സംതൃപ്തിയാണുണ്ടായത്. മധുരമായ പ്രതികാരം വീട്ടിയ പ്രതീതി.

വര്‍ഷങ്ങള്‍ ഇന്ന് ഒരു പാട് പിന്നിട്ടു. ഒരനിയന്‍ ജീവിത്തോട് വിടവാങ്ങി പോയി മറ്റവന്‍ ജോലിയുമായി ഇന്നും മുന്നോട്ടു പോകുന്നു. എങ്കിലും അവര്‍ കാണിച്ച നന്ദികേട് മായാതെ മനസ്സില്‍ തളം കെട്ടി നില്‍ക്കുന്നു. ജ്യേഷ്ഠന്‍മാരായ പലര്‍ക്കും അനിയന്‍മാരില്‍ നിന്ന് ഇത്തരം ദുഖകരമായ അനുഭവങ്ങള്‍ ഉണ്ടാവാം. അതൊക്കെ കുറിച്ചുവെക്കുന്നത,് ഇനി വരുന്ന കുടുംബ തലമുറയ്ക്ക് പഠിക്കാന്‍ ഉതകട്ടെ എന്ന വിശ്വാസത്തോടെയാണ് ഈ ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയത്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

Keywords: Article, Kookanam-Rahman, Cash, Family, Those who forgot family for Money