Follow KVARTHA on Google news Follow Us!
ad

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

1978ലെ ഡയറി വെറുതേ ഒന്നു മറിച്ചുനോക്കി. അതിന്റെ കവറിനകത്ത് നിന്റെ കുഞ്ഞുനാളിലേ ഒരു ഫോട്ടോ കണ്ടു. ഫോട്ടോയ്ക്ക് തേയ്മാനം Article, Kookanam-Rahman, Photo, House, Mother, Baby, Remembering childhood
എന്റെ സന്തോഷ സന്താപങ്ങള്‍... ചിലപ്പോള്‍ നിങ്ങളുടെതും ഭാഗം-3/ കൂക്കാനം റഹ് മാന്‍

(www.kvartha.com 13.03.2020) 1978ലെ ഡയറി വെറുതേ ഒന്നു മറിച്ചുനോക്കി. അതിന്റെ കവറിനകത്ത് നിന്റെ കുഞ്ഞുനാളിലേ ഒരു ഫോട്ടോ കണ്ടു. ഫോട്ടോയ്ക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ മനസില്‍ അക്കാലത്ത് നടന്ന സംഭവങ്ങളുടെയൊക്കെ ഓര്‍മ്മയ്ക്ക് തേയ്മാനം വന്നിട്ടില്ല. കൊടും ദാരിദ്ര്യത്തിന്റെ കാലമായിരുന്നു അത്. അന്ന് ഒരു പ്രൈമറി അധ്യാപകനായ എനിക്ക് കിട്ടുന്ന ശമ്പളത്തെക്കുറിച്ച് നിനക്ക് ഊഹിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

ഞാനും നിന്റെ ഉമ്മയും നിന്നെയെടുത്തു കൂക്കാനത്തേക്ക് പോവുകയയായിരുന്നു. ഒരു ഞായറാഴ്ചയാണ്.നിനക്ക് ഒരു വയസ്സായി കാണും. മാര്‍ച്ചു മാസത്തെ കൊടും ചൂട്. കൂക്കാനത്തേക്ക് റോഡില്ല, വാഹന സൗകര്യമില്ല. നടന്നു തന്നെ പോകണം. ഒരു വര്‍ഷം മുമ്പുവരെ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ നടക്കാനുണ്ടായിരുന്നുളളൂ. ഇപ്പോള്‍ നീയും ഞങ്ങളുടെ കൂടെ യാത്ര വരാന്‍ തുടങ്ങി. നടക്കാന്‍ പ്രായമാവാത്ത നിന്നെ എടുക്കുകയേ നിര്‍വാഹമുളളൂ.ഞങ്ങള്‍ മാറി മാറി നിന്നെ എടുത്തു നടന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്തസന്തോഷം. നിന്റെ കൊച്ചു നാളില്‍ ഞങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ നീയും കൂടെ അറിയേണ്ടേ?. അതൊക്കെ കേള്‍ക്കുമ്പോള്‍ നിന്റെ മനസ്സിലുണ്ടാവുന്ന വികാരം എന്താണെന്നത് എനിക്കറിയില്ല. നിന്റെ വളര്‍ച്ചയില്‍ എന്നെക്കാളുപരി ത്യാഗം സഹിച്ചത് നിന്റെ ഉമ്മയാണ്.അവള്‍ എന്തു ഭക്ഷിച്ചു, ഭക്ഷിച്ചില്ല എന്നൊന്നും എന്നെ അറിയിക്കാറില്ല. എനിക്കു പ്രയാസമുണ്ടാകേണ്ട എന്നു കരുതിയാവണം.

നേരം രാവിലെ പത്തു മണിയായി കാണും. നിന്നെയുമെടുത്തു ഞങ്ങള്‍ നടത്തം തുടങ്ങി. കരിവെളളൂര്‍ ബസാര്‍ പിന്നിട്ട് മണക്കാട് നോര്‍ത്ത് സ്‌ക്കൂള്‍ ഗ്രൗണ്ടിലൂടെ പലിയേരി വീട്ടില്‍ ശ്രീധരന്‍മാഷുടെ തറവാട് വീടിനു മുന്നിലൂടെ നടന്ന് വയലിലേക്ക് ഇറങ്ങി. വീട്ടില്‍ നിന്നിറങ്ങി ഏകദേശം മുക്കാല്‍ മണിക്കൂറായി കാണും. വിവാഹശേഷം ഞങ്ങള്‍ ഇരുവരും കൈവീശി നടക്കുമ്പോള്‍ കേവലം പത്തു-പതിനഞ്ച് മിനിട്ടുകൊണ്ട് ഇവിടെ എത്തുമായിരുന്നു. ഇന്ന് അതാവില്ലല്ലോ.

മണക്കാട് വയലില്‍ മൂന്നാം വിളയെടുക്കുന്ന സമയമാണത്. നെല്ല് വിളഞ്ഞു നില്‍ക്കുന്നു. മഞ്ഞ നെല്‍ കതിരുകള്‍ കാറ്റത്ത് ശാന്തമായി ചാഞ്ചാടുന്നുണ്ട്. കതിരില്‍ നിന്ന് നെല്‍മണികള്‍ പറിച്ചെടുത്തു കൊറിക്കുക എന്റെ സ്വഭാവമാണ്. ഞാന്‍ അതു ചവച്ചു കൊണ്ടിരിക്കുന്നത് ഉമ്മയുടെ ചുമലില്‍ കിടന്ന് തല ഉയര്‍ത്തി നീ നോക്കുന്നുണ്ട്. നിനക്ക് വിശക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. വയലിന്റെ മധ്യഭാഗത്തു കൂടെ ഒരു തോട് ഒഴുകുന്നുണ്ട്.പാലമില്ലാത്ത തോടാണത്. നടന്നു പോകാന്‍ രണ്ട് തെങ്ങിന്‍ തടി വെച്ചിട്ടുണ്ടാവും. മുള കൊണ്ട് പിടിച്ചു നടക്കാന്‍ കെട്ടിയ ഒരു കൈത്താങ്ങുമുണ്ട്.

തോട്ടില്‍ വെളളം കുറച്ചേയുളളൂ. പക്ഷേ നല്ല ആഴമുണ്ട്. തോടിനടിയില്‍ നിറയെ ചെളിയാണ്. പാലത്തില്‍ കൂടിയുളള യാത്ര ഒരു അഭ്യാസം തന്നെയാണ്. നിന്നെ ഒരു കൈയില്‍ പിടിക്കണം കൈത്താങ്ങ് മറ്റേ കൈകൊണ്ട് പിടിക്കണം. മെല്ലെ... മെല്ലെ നടന്ന് അക്കരെ എത്തിയാലെ ശ്വാസം നേരേയാവൂ. വയല്‍ കടന്നാല്‍ വിശാലമായ പാലിയോരി കൊവ്വലിലെത്തും. വയലില്‍ നിന്ന് പത്തു-പതിനഞ്ചടി ഉയരത്തിലാണ് പാലിയേരി കൊവ്വല്‍. വയലില്‍ നിന്ന് പൂഴിയിലൂടെ ചവിട്ടി കയറിയാലേ കൊവ്വലിലെത്തൂ.

വയല്‍ അവസാനിക്കുന്നിടത്ത് തെങ്ങ് നട്ടു പിടിപ്പിച്ചിട്ടുണ്ട്. തെങ്ങിന്‍ തണലില്‍ ക്ഷീണം തീര്‍ക്കാന്‍ ഞങ്ങളിരിക്കും. നല്ല വേനല്‍കാലത്തും തണുത്ത കാറ്റു കിട്ടുന്ന സ്ഥലമാണിത്. ഇരിക്കുമ്പോള്‍ നിന്റെ കരച്ചില്‍ തുടങ്ങി. മറ്റൊന്നിനുമല്ല. അമ്മിഞ്ഞക്കു വേണ്ടി തന്നെയാണ്. പാവം നിന്റെ ഉമ്മ അവിടെയിരുന്നു നിന്റെ വിശപ്പു മാറും വരെ അമ്മിഞ്ഞ തരും. അവള്‍ക്കും വിശപ്പുണ്ടായിരുന്നില്ലേ അന്ന്?. എനിക്ക് അതിനെപ്പറ്റി അറിയില്ലായിരുന്നു.

അമ്മിഞ്ഞ കിട്ടയ ആഹ്ലാദത്തില്‍ നീ എന്റെ കയ്യിലേക്ക് കാലും, കൈയുമിളക്കി പല്ലില്ലാത്ത പാല്‍പ്പുഞ്ചിരിയുമായി വരും. ഇനിയും മുക്കാല്‍ മണിക്കൂറോളം നടന്നാലേ വീട്ടിലെത്തൂ. മാസാവസാനമായി ശമ്പളം കിട്ടിയതൊക്കെ കാലിയായി. വീട്ടിലെത്തിയാല്‍ ഭക്ഷണവും മറ്റും തയ്യാറാക്കന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങേണ്ടിവരും...

പലിയേരി കൊവ്വലിന്റെ അറ്റത്തായി അക്കാലത്തെ ഏറ്റവും വലിയ വീടുണ്ട്. കണ്ണന്‍ മണിയാണിശ്ശന്റെ വീടാണത്. നാട്ടിലെ വലിയ കൃഷിക്കാരനാണ്. നല്ലൊരു കമ്മ്യൂണിസ്റ്റുകാരനുമാണ്. നിന്നെയും, ഉമ്മയേയും വഴിയരികിലേ തണലില്‍ ഇരുത്തി ഞാന്‍ കണ്ണന്‍ മണിയാണിശ്ശന്റെ വീട്ടിലേക്ക് ചെല്ലും. സിമന്റിട്ട ഇരുത്തിയില്‍ മണിയാണിശ്ശന്റെ സമപ്രായക്കാരനും, അയല്‍ക്കാരനുമായ കമ്മാരേട്ടന്‍ ദേശാഭിമാനി യും വായിച്ച് ഇരിപ്പുണ്ടാവും. മണിയാണിശ്ശന്‍ ചാരുകസേരയിലിരുന്നു മുറുക്കി കൊണ്ടിരിക്കുന്നുണ്ടാവും.

ഞാന്‍ പോകുമ്പോള്‍ തന്നെ മണിയാണിശ്ശനു കാര്യം മനസ്സിലായികാണും. നൂറ് രൂപ കടം മേടിക്കാനാണ് ഞാന്‍ ചെല്ലാറ്. പറഞ്ഞ തീയതിക്കു തന്നെ തിരിച്ചുകൊടുക്കും. ഒരു മാസത്തെ അവധിക്കാണ് കടം വാങ്ങാറ്. തിരിച്ചു കൊടുക്കുമ്പോള്‍ വലിയ നൂറു രൂപയുടെ ഒറ്റ നോട്ടിനുളളില്‍ ഒരു പത്തു രൂപ വച്ചു കൊടുക്കും. മണിയാണിശ്ശനു സന്തോഷമാവും. 'നൂറ് രൂപ വേണമല്ലോ മണിയാണിശ്ശാ' എന്നു ആവശ്യപ്പെട്ടാല്‍ അദ്ദേഹം ചാരുകസേരയില്‍ നിന്നെഴുന്നേറ്റ് അകത്തേക്കു പോകും. നേര്‍ത്ത തോര്‍ത്തു മുണ്ടു മാത്രമേ ഉടുക്കൂ. അതിനകത്തു ധരിക്കുന്ന വെളുത്ത കോണകം പുറത്തേക്കു കാണും. അകത്തേക്കു ചെന്നു പത്തായം തുറക്കുന്ന ശബ്ദം പുറത്തേക്കു കേള്‍ക്കും. നൂറ് രൂപ ചുരുട്ടിപിടിച്ചു കൊണ്ട് വന്ന് എന്റെ കൈയില്‍ തരും.

ആ നല്ല മനുഷ്യനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അങ്ങിനെ അഡ്ജസ്റ്റ് ചെയ്താണ് ആ കാലത്ത് നമ്മള്‍ ജീവിച്ചു വന്നത്. ഇന്നത്തെപോലെ ധാരാളിത്തമില്ല. കൂക്കാനത്തെ അപ്പുക്കൂഞ്ഞി ചെട്യാന്റെ പീടികയില്‍ നിന്നു അന്നന്നന്നേക്ക് ആവശ്യമുളള സാധനങ്ങളേ വാങ്ങൂ. കേവലം രണ്ടോ, മൂന്നോ രൂപ കൊണ്ട് ദിവസം കഴിച്ചു കൂട്ടിയ കാലം.

കൂക്കാനത്തെത്തിയാല്‍ നിന്നെ താലോലിക്കാന്‍ എന്റെ ഉമ്മ തയ്യാറായി നില്‍പ്പുണ്ടാവും. എന്റെ വീട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ച കൊച്ചു കുട്ടിയാണു നീ. ആ പരിഗണനയൊക്കെ നിനക്കു കിട്ടിയിട്ടുണ്ട്. പക്ഷെ അവിടെ നിന്റെ ഉമ്മയ്ക്ക് പിടിപ്പതു പണിയുണ്ട്. നെല്ല് പുഴുങ്ങി ഉണക്കി ഉരലില്‍ കുത്തി അരിയാക്കണം. കഞ്ഞി വെക്കണം. വിറകടുപ്പു മാത്രമേയുളളൂ. അലക്കു കല്ലില്‍ തച്ച് അലക്കണം. അകലെയുളള കിണറ്റില്‍ നിന്നു വെളളം കോരി കൊണ്ടുവരണം. എന്നാലും കൃത്യമായി ഭക്ഷണം കിട്ടാറുണ്ടോ എന്നൊന്നും എനിക്കറിയില്ലായിരുന്നു.

ഒരാഴ്ച മാത്രമേ വീട്ടില്‍ നില്‍ക്കൂ, വീണ്ടും തിരിച്ചു വരും. ആ യാത്രയും വന്ന പോലെ തന്നെ ബുദ്ധിമുട്ടേറിയതാണ്. നീ ഇന്ന് വളര്‍ന്നു. ലോകവിഗതികള്‍ ശരിക്കും പഠിച്ചു. അളവില്ലാത്ത വിധം ഞങ്ങള്‍ നിനക്കു തന്ന കരുതല്‍ ഇന്ന് ഞങ്ങള്‍ക്ക് തിരിച്ചു തരുന്നു. നിന്റെ ഓരോ ഘട്ടത്തിലുളള വളര്‍ച്ചയിലും തീക്ഷണമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും അതൊക്കെ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇന്നെന്തോ പ്രസ്തുത ഡയറി താളുകളില്‍ തേഞ്ഞുമാഞ്ഞു കൊണ്ടിരിക്കുന്നനിന്റെ മൃദുല മേനി തുടിച്ചു നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കുറച്ചതാണീ ഓര്‍മ്മ...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ


Keywords: Article, Kookanam-Rahman, Photo, House, Mother, Baby, Remembering childhood