SWISS-TOWER 24/07/2023

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-22)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 22.06.2020) അസുഖം മാറാന്‍, യാത്ര സുഖകരമാവാന്‍, പ്രവൃത്തി വിജയത്തിലെത്താന്‍ ഇതിനൊക്കെ ഉമ്മ കണ്ടെത്തിയ പ്രതിവിധി നേര്‍ച്ച നേരല്‍ ആണ്. പളളിയില്‍ പണം വെക്കല്‍, മഖാമുകളില്‍ വെളളമൂടല്‍, പളളികളിലും മഖാമുകളിലും വിളക്ക് കത്തിക്കാനുളള എണ്ണ നല്‍കല്‍, മദ്രസാകുട്ടികള്‍ക്ക് കഞ്ഞിപ്പകര്‍ച്ച നല്‍കല്‍, മൊഹിയുദ്ധീന്‍ മാല നേര്‍ച്ച കഴിക്കല്‍ തുടങ്ങിയ വിവിധങ്ങളായ നേര്‍ച്ചകള്‍ എന്റെ കുട്ടികാലത്ത് ഞാന്‍ കണ്ടു വളര്‍ന്നിട്ടുണ്ട്. ഇതില്‍ മിക്കതിലും ഞാന്‍ ഭാഗവാക്കാകും, അല്ലെങ്കില്‍ എന്നെയും കൂട്ടിയിട്ടേ നേര്‍ച്ച നിറവേറ്റുന്നതിന് ഉമ്മയും ഉമ്മുമ്മയും പോകൂ.

കരിവെളളൂര്‍ ബസാറിലുളള പഴയ ജമാഅത്ത് പളളിയില്‍ ഉമ്മയുടെയും ഉമ്മുമ്മയുടെയും ഒപ്പം പണം വെക്കാനും എണ്ണ നല്‍കാനും നിരവധി തവണ പോയത് നല്ല ഓര്‍മ്മയുണ്ട്. ഉടുപ്പു പെട്ടിയില്‍ സൂക്ഷിച്ച ഇലഞ്ഞി പൂവിന്റെ മണം ഉമ്മുമ്മയുടെ ഡ്രസ്സിനുണ്ടാവും. അതാസ്വദിക്കാന്‍ ഞാന്‍ അടുത്തു കൂടും. ഇന്നത്തെ കറുത്ത പര്‍ദ്ദയും , സ്‌പ്രേയും ഇല്ലാത്ത കാലം. പളളിയുടെ പുറത്ത് മുന്‍വാതിലിനടുത്ത് എല്ലാവരും ഭയഭക്തിയോടെ നില്‍ക്കും. മൊയ്‌ലാറ് വന്ന് ദുആ ചെയ്യും. എല്ലാവരും അവരരവരുടെ കൈകൊണ്ട് നേര്‍ച്ച പൈസ പള്ളി പടിമേല്‍ വെക്കും. എണ്ണയും അവിടെ വെക്കും. പള്ളി പടിമേല്‍ വെച്ച പൈസ മൊയിലിയാറ് എന്ത് ചെയ്യുന്നു എന്ന് ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കും. പൈസ എടുത്ത് അദ്ദേഹം പോക്കറ്റിലിടുന്നത് കാണാം. ഇതെന്ത് നേര്‍ച്ച എന്ന് എന്റെ കുഞ്ഞു മനസ്സ് അന്നേ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ആ കാലത്ത് പളളികളില്‍ നിലവിളക്കും തൂക്കു വിളക്കും ഉപയോഗിച്ചിരുന്നു. അതില്‍ ഉപയോഗിക്കാനാണ് എണ്ണ. ഇന്ന് പരിഷ്‌ക്കാരം വന്നു. നിലവിളക്ക് പള്ളികളില്‍ നിന്ന് അപ്രത്യക്ഷമായി. പൊതു ചടങ്ങില്‍ നിലവിളക്കില്‍ തിരി കൊളുത്തി ഉല്‍ഘാടനം ചെയ്യുന്നതുപോലും വിലക്കിയിരിക്കുന്നു.....

ഉമ്മ ആരോടെങ്കിലും ദേഷ്യം പ്രകടിപ്പിക്കാനും, സങ്കടം പ്രകടിപ്പിക്കാനും സ്ഥിരമായി പറയുന്ന ഒരു പ്രയോഗമുണ്ട് എന്റെ 'മെതീഷേഖ് തങ്ങളേ......' അത് രൗദ്ര ഭാവത്തോടെയാണ് പറയുക. എനിക്ക് പ്രയോഗം കേള്‍ക്കുമ്പോള്‍ തന്നെ ഉളളാലെ വിറക്കും. വളരെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കേട്ടു ഭയപ്പെടുത്തുന്ന ഒരു പ്രയോഗമായിരുന്നു അത്. മൊഹിയുദ്ധീന്‍ ഷേഖ് എന്ന ഷഹീദായ ഒരു മത നേതാവിന്റെ പേരാണതെന്ന് പിന്നീടാണ് മനസ്സിലായത്. വലിയ  പ്രശ്‌നങ്ങളും, ആവശ്യങ്ങളും നിറവേറാനുണ്ടങ്കില്‍ മൊഹിയുദ്ധിന്‍ മാല നേര്‍ച്ച കഴിക്കാന്‍ തീരുമാനിക്കും. നേര്‍ച്ചകളിലെല്ലാം വെച്ച് എനിക്കേറ്റവും ഇഷ്ടം മൊഹിയുദ്ധീന്‍ മാല നേര്‍ച്ചയായിരുന്നു. അതിന്റെ കാരണം ഇതാണ്.

എന്റെ വല്യമ്മാവന്‍ ഔവ്വക്കറിച്ച പോത്താംകണ്ടത്തിലാണ് താമസം. മൂപ്പറ് വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ തവണ പോത്താം കണ്ടത്തില്‍ നിന്ന് നടന്ന് കൂക്കാനം തറവാട്ടിലേക്ക് വരും. 'മൊഹിയുദ്ധീന്‍ മാല' നേര്‍ച്ച അദ്ദേഹമാണ് നടത്താറ്. അന്ന് നെയ്യ്‌ച്ചോറും കോഴിക്കറിയും വെക്കും. മഹരിബ് നിസ്‌ക്കാരത്തിന് ശേഷം കാരണവര്‍ മൊഹിയുദ്ധീന്‍ മാല ചൊല്ലാനിരിക്കും. ഒരു ഇരിപ്പു പലകമേല്‍ മാല പുസ്തകവും , അതിന് താഴെ ചെറിയ നിലവിളക്കും കത്തിച്ച് വെക്കും. രണ്ടോ മൂന്നോ ചന്ദനത്തിരിയും കത്തിച്ചു വെക്കും താളത്തില്‍ മാല ചൊല്ലും. ഞാന്‍ തൊട്ടടുത്തിരുന്ന് ചൊല്ലുന്നതിന്റെ താളത്തിനനുസരിച്ച് കഴുത്ത് ചലിപ്പിച്ചു കൊണ്ടിരിക്കും.

'കോഴീടെ മുള്ളോട് കൂകെന്ന് പറഞ്ഞോവര്‍ കോഴീടെ മുളളിനെ പറപ്പിച്ചു വിട്ടോവര്‍' തുടങ്ങിയ വരികള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. നേര്‍ച്ചക്ക് അറുത്ത് കറിവെച്ച കോഴിയും അതുപോലെ കൂകി പറന്നു പോകുമോ എന്ന് എന്റെ കുഞ്ഞു മനസ്സ് ചിന്തിച്ചിരുന്നു. കോഴി അറവിന് എന്റെയും കൂടി സേവനം ആവശ്യമാണ്. കാരണവര്‍ മുറി കത്തി കല്ലില്‍ ഉരസി  മൂര്‍ച്ച കൂട്ടി കാല്‍പാദത്തില്‍ വെക്കും. കിണ്ടിയില്‍ കത്തികഴുകാന്‍ വെളളം വെക്കണം. കോഴിയുടെ ഇരു കാലുകളും കൂട്ടിപിടിച്ച കാരണവര്‍ എന്റെ കയ്യില്‍ തരും. കഴുത്തിന്റെ ഭാഗവും പിടിക്കണം. അളളാഹു അക്ബര്‍ എന്നുരുവിട്ട് കോഴിയുടെ കഴുത്ത് മുക്കാല്‍ ഭാഗവും മുറിക്കും. ചോര ഒഴുകുന്നുണ്ടാവും കോഴിയെ നിലത്ത് വെക്കാന്‍ പറയും . അതിന്റെ മരണ പിടിച്ചല്‍ കാണുമ്പോള്‍ ഖേദം വരും.......

എന്റെ കുട്ടികാലത്ത് നേര്‍ച്ചയിടാന്‍ പോയ മറ്റൊരോര്‍മ്മ ബീരിച്ചേരി മഖാമാണ്.  അവിടെ പോകുമ്പോള്‍ ഉപ്പുപ്പയും കൂടെ വരും. ഉപ്പുപ്പയുടെ ബന്ധത്തില്‍പ്പെട്ട ആരോ ഒരാള്‍ അവിടെ മഖാമില്‍ ഷഹീദായവരിലുണ്ട് ഞങ്ങള്‍ കൂറേ ആളുകള്‍ ഒരുമിച്ചാണ് അവിടേക്ക് ചെല്ലുക. അയല്‍വക്കകാരും, അടുത്ത ബന്ധുക്കളുമൊക്കെ ഉണ്ടാവും. കൂക്കാനത്തു നിന്ന് നടന്നു വേണം തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ മഖാമിലെത്താന്‍. നേര്‍ച്ച പൈസ, വെളിച്ചെണ്ണ, അവിലും തേങ്ങയും ഒക്കെ കൊണ്ടുപോകും, മഖാമിന്റെ ഉളളിലേക്ക് നോക്കുമ്പോള്‍ പേടി തോന്നും എനിക്ക്. നീളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഖബറിടം. അതിനു മുകളില്‍ പച്ചപ്പട്ട് വിരിച്ചിട്ടുണ്ടാകും. പലരും നേര്‍ച്ച നേര്‍ന്ന പുതിയ വെളളത്തുണികളും ഖബറിടത്തില്‍ കാണാം.

എന്നെ പേടിപ്പെടുത്തുന്ന ഒരു സംഭവം അവിടെ നടക്കുന്നത് ഇതാണ്. ഉപ്പൂപ്പ അവിടെ മഖ്ബറയില്‍ കിടക്കുന്ന വ്യക്തികളെ വിളിച്ച് ജനല്‍ പടിയില്‍ തലതല്ലി ഉറക്കെ കരയും, അതു കുറേ സമയം നീണ്ടു നില്‍ക്കും. ദുആ ഒക്കെ കഴിഞ്ഞാല്‍ ചീരണി വിതരണം. ചെയ്തിട്ടാണ് ഞങ്ങള്‍ മടങ്ങി വന്നിരുന്നത്............

രോഗം മാറാന്‍ പുളിങ്ങോം മഖാമില്‍ വെളള മൂടാന്‍ നേര്‍ച്ചയാക്കുന്നതും ഓര്‍മ്മയുണ്ട്. ബസ് സര്‍വ്വീസൊക്കെ വന്നതിനു ശേഷമാണ് പുളിങ്ങോം മഖാമിലേക്കും മറ്റും പോകാന്‍ തുടങ്ങിയത്.

ഇതൊക്കെ കുട്ടികാല ഓര്‍മ്മകളാണ്. പ്രായമായപ്പോള്‍ കേരളത്തിനകത്തും പുറത്തും, വിദേശത്തുമൊക്കെയുളള ആരാധനാലയങ്ങളില്‍ പോയിത്തുടങ്ങിയപ്പോഴാണ് ഇത്തരം പ്രാര്‍ത്ഥനകളുടെ പൊളളത്തരം മനസ്സിലായത്. എവിടെയും കൃസ്ത്യന്‍ ദേവാലയങ്ങളില്‍ ജാതി-മത ഭേദമില്ലാതെ പ്രവേശനമുണ്ട്. ആ മതത്തിന്റെ മതാചാര്യന്‍മാരോട് അക്കാര്യത്തില്‍ ആദരവ് തോന്നിയിട്ടുണ്ട്. മുസ്ലീം പളളികളിലും ആര്‍ക്കും കയറാം കാല് കഴുകി ശുചിയാക്കിയുട്ടു വേണം കയറാന്‍ എന്നു മാത്രമെ നിഷ്‌കര്‍ഷയുളളൂ.

പക്ഷേ ഹിന്ദു ക്ഷേത്രങ്ങളിലൊക്കെ അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല എന്ന് കറുത്ത ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതി വെച്ചതു കാണുമ്പോള്‍ മനസ്സില്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. പക്ഷേ സൗത്ത് ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും പഠനയാത്രാ സംഘത്തോടൊപ്പം ഞാന്‍ ചെന്നു കയറിയിട്ടുണ്ട്. ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല

ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു മുസ്ലിം പളളിയും, ഹിന്ദു ക്ഷേത്രവും കണ്ടിട്ടുണ്ട്. തിരുവന്തപുരത്തെ ബീമാപളളിയാണതിലൊന്ന്. ആ സ്ഥലം ഒരു രോഗീ പരിചരണ കേന്ദ്രവുമാണ്. മാനസീക വിഭ്രാന്തിക്ക് ശമനം കിട്ടാന്‍ വേണ്ടിയിട്ടാണ് പലരും അവിടെ എത്തിച്ചേരുന്നത്. എല്ലാവര്‍ക്കും പ്രവേശിക്കാം, പ്രാര്‍ത്ഥിക്കാം, തീര്‍ത്ഥം സ്വീകരിക്കാം. തടസ്സങ്ങളൊന്നമില്ലവിടെ. അത് അനുഭവിച്ചറിഞ്ഞപ്പോള്‍ മനസ്സിനൊരു കുളിര്‍മ. ഞാന്‍ പലപ്പോഴും അവിടെ എത്താറുളളത് പഠനയാത്രാ സംഘവുമായിട്ടാണ്. എല്ലാവര്‍ക്കും ഈ മതസൗഹാര്‍ദ്ദമൊന്ന് അനുഭവിപ്പിച്ചു കൊടുക്കുക എന്നതാണെന്റെ ലക്ഷ്യം. കൂടെ വന്നവരൊക്കെ ആണ്‍-പെണ്‍ വ്യത്യസമില്ലാതെ, ജാതി മത വ്യത്യസമില്ലാതെ പളളിയില്‍ കയറിയിട്ടുണ്ട്.

കന്യാകുമാരി യാത്രയില്‍ ശുചീന്ദ്രത്ത് ഹനുമാനെ പ്രതിഷ്ഠിച്ച ഒരു വലിയ ദേവാലയമുണ്ട്. ശുചീന്ദ്രനാഥ ക്ഷേത്രം അവിടെയും ജാതി-മത ഭേദമന്യേ ആര്‍ക്കും പ്രവേശിക്കാം. പ്രാര്‍ത്ഥന നടത്താം. ഹനുമാന്റെ വിഗ്രഹത്തില്‍ പനിനീര്‍അഭിഷേകം നടത്താം. ഇതൊക്കെ മറ്റുളള ആരാധനാലയങ്ങള്‍ക്ക് മാതൃകയാവേണ്ടതല്ലേ പ്രാര്‍ത്ഥനയും, തീര്‍ത്ഥാടന കേന്ദ്രങ്ങളും എന്നും ഓര്‍ക്കാനും പങ്കുവെക്കാനും കൗതുകം തോന്നുന്നു...

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു
Keywords:  Article, Kookanam-Rahman, Pray, Kanyakumari, Hanuman, Thiruvananthapuram, Muslim Masjid, Prayer and worships
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia