Follow KVARTHA on Google news Follow Us!
ad

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയാല്‍ മറ്റ് പലമേഖലയിലും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് സുഹൃത്തുക്കളില്‍ Article, Kookanam-Rahman, Officer, school, Pocket officer and Empty bag
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം- 10)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 12.05.2020) സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയാല്‍ മറ്റ് പലമേഖലയിലും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് സുഹൃത്തുക്കളില്‍നിന്നും മനസ്സിലാക്കിയിരുന്നു. അതു കൊണ്ടാണ് അഞ്ചുവര്‍ഷം എയ്ഡഡ് സ്‌ക്കൂളില്‍ ജോലി ചെയ്തിരുന്ന ഞാന്‍ ശമ്പള നഷ്ടമൊന്നും കണക്കാക്കാതെ ഗവ. സ്‌ക്കൂളില്‍ ജോയിന്‍ ചെയ്തത്. മാടായി സബ് ജില്ലയിലെ പാണപ്പുഴ ഗവ.എല്‍.പി. സ്‌ക്കൂളിലാണ് ആദ്യ നിയമനം. 1975ല്‍ മാടായി സബ് ജില്ലാ ആഫീസില്‍ ചെന്നപ്പോള്‍ അവിടെ ഒരു നെയിംബോര്‍ഡു കണ്ടു. പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍. ആ മുറിയിലേക്കു കടന്നു ചെന്നു. അവിടെ കസേരയില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നു. പരിചയപ്പെട്ടു പേര് മുസ്തഫ. ജോലി കൊഴിഞ്ഞു പോക്കു തടയുക, നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ നല്‍കുക. തുടങ്ങിയവയാണെന്നും,ഗവ.പ്രൈമറി അധ്യാപകരെയാണ് ഈ പോസ്റ്റിലേക്ക് നിയമിക്കുകയെന്നും അദ്ദേഹത്തില്‍ നിന്ന് മനസ്സിലാക്കി. അതിനൊന്ന് ശ്രമിച്ചു നോക്കിയാലോ.

ഒന്ന് ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കുന്നതുവരെ കഠിന ശ്രമം ചെയ്യുക എന്നത് എന്റെ സ്വഭാവമായിരുന്നു.അന്ന് വിദ്യഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയ. തിരുവന്തപുരത്ത് പോകണം. അദ്ദേഹത്തെ കാണണം .അദ്ദേഹത്തെ ഒരു പരിചയവുമില്ല . പയ്യന്നൂരിലെ ഒരു ലീഗ് നേതാവ് അന്ന് എം.എല്‍.എ ആയിരുന്ന ഇ അഹമ്മദ് സാഹേബിനെ പരിചയപ്പെടുത്തിതന്നു. അദ്ദേഹം മുഖേന സി.എച്ച് നെ കണ്ടാല്‍ ശരിയാകുമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തിരുവന്തപുരം ചെന്നു . സെക്രട്ടറിയേറ്റിലെത്തി. മന്ത്രിയെക്കണ്ടു. അപേക്ഷകൊടുത്തു. മുഖത്തു നോക്കാതെ അദ്ദേഹം പറഞ്ഞു ഉം നോക്കാം. പക്ഷേ ആ നോക്കാം പറച്ചില്‍ നടന്നില്ല.

പത്തു വര്‍ഷത്തിനു ശേഷം കാസര്‍കോട് ജില്ലയില്‍ ഈ തസ്ഥികയില്‍ ഒരൊഴിവുണ്ടെന്നറിഞ്ഞു. അന്ന് ഗാന്ധിയനായ രവീന്ദ്രന്‍ സാറായിരുന്നു വിദ്യഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍. പി.എന്‍.പണിക്കരുടെ ഒരു ആരാധകനായിരുന്നു അദ്ദേഹം. പി.എന്‍.പണിക്കര്‍ ഫോണ്‍ വഴി എന്നെ പരിചയപ്പെടുത്തുകൊടുത്തു. ബാക്കി കാര്യങ്ങള്‍ റഹ്മാന്‍ നേരിട്ടു പറയും എന്ന് സൂചിപ്പിച്ചതിനാല്‍ ഞാന്‍ നേരിട്ടുചെന്നു. അപേക്ഷ കൊടുത്തു. അടുത്ത ദിവസം തന്നെ പ്രസ്തുത പോസ്റ്റിലേക്ക് എന്നെ അപ്പോയിന്റ് ചെയ്ത ഓര്‍ഡര്‍ കിട്ടി. നിരവധി പേര്‍ അപേക്ഷകരുണ്ടായിരുന്നു. ഇന്നത്തെ ഒരു മന്ത്രിയുടെ സഹോദരന്‍ കൂടി അപേക്ഷകരിലുണ്ടായിരുന്നു. അദ്ദേഹം ഡി.ഡി.ഇയില്‍ ചെന്ന് ബഹളം വെച്ചു. ഏറ്റവും നല്ല സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. അദ്ദേഹം തുടരട്ടെ എന്നാണ് ഡി.ഡി.ഇ. പ്രസ്ഥാവിച്ചത്.

തികഞ്ഞ ആഹ്ലാദത്തോടെയാണ് കാസര്‍കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ ചെന്നത്. അവിടെയും ആഫീസില്‍ ഒരു മുറിക്കു പുറത്ത്.പി.ഇ.ഇ.ഒ എന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. അതാണെന്റെ ഓഫീസ് മുറിയെന്നാണ് കരുതിയത്. എ.ഇ.ഒയെ കണ്ടു. ജോയിന്‍ചെയ്തു. പ്രസ്തുത ഓഫീസില്‍ ചെന്നിരിക്കാന്‍ പറയും എന്ന വിശ്വാസത്തിലായിരുന്നു ഞാന്‍ പക്ഷേ ബോര്‍ഡ് മാത്രമേയുളളൂ. മുറിയില്‍ ക്ലറിക്കല്‍ സ്റ്റാഫാണിരിക്കുന്നത്. എ.ഇ.ഒ.അദ്ദേഹത്തിന്റെ മുന്നിലെ കസേര ചൂണ്ടി പറഞ്ഞു. അവിടെയിരിക്കൂ...ഫീല്‍ഡ് വര്‍ക്കിനു പോകേണ്ട തസ്തികയാണ് നിങ്ങളുടേത്. ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ആഫീസില്‍ വരേണ്ടൂ.ആ ദിവസം ഇവിടെ വന്നിരിക്കാം.

വരുമ്പോഴുണ്ടായ ആഹ്ലാദമൊക്കെ പോയി. ഒരാഫീസും ,മേശയും ,കസേരയും ഒക്കെ സ്വപ്നം കണ്ട് വന്ന എന്റെ സ്ഥിതി ഇങ്ങിനെയായല്ലോ എന്നോര്‍ത്ത് പ്രയാസം തോന്നി. അന്ന് അവിടെ സീനിയര്‍ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന ദാസേട്ടന് എന്നെ അറിയാം. കാന്‍ഫെഡ് പ്രസിഡിയം അംഗം അഡ്വ.കെ.പുരുഷോത്തമന്റെ സഹോദരനാണ് ദാസേട്ടന്‍. എന്നോടുളള താല്‍പര്യം കൊണ്ട് അദ്ദേഹത്തിന്റെ സീറ്റിന്റെ സമീപത്തായി എനിക്കൊരു മേശയും കസേരയും ഒരുക്കി തന്നു.പക്ഷേ ദാസേട്ടന്‍ സ്ഥിരം സ്‌മോക്കറാണ്. ദിനേശ് ബീഡിയും, തപ്പെട്ടിയും മേശ വലിപ്പില്‍ സ്ഥിരം. ആഫീസില്‍ ഇരുന്നുകൊണ്ട് ഫയല്‍ നോക്കുകയും ബീഡി വലിക്കുകയും ഒപ്പം നടത്തും. ആഴ്ചയില്‍ ബുധനാഴ്ചമാത്രമേ ആഫീസില്‍ ചെല്ലേണ്ടു.അന്ന് ദാസേട്ടന്റെ പുകവലി സഹിക്കണം അദ്ദേഹം ബീഡിക്ക് തീ കൊളുത്താന്‍ തുടങ്ങുമ്പോള്‍ ഞാന്‍ എഴുന്നേറ്റു നടക്കും.

ആഫീസിലെ ക്ലാര്‍ക്കന്‍മാര്‍ പോക്കറ്റ് ആഫീസര്‍ എന്ന് ചിലപ്പോള്‍ പറയുന്നതുകേട്ടു. ഛെ...ആഫീസര്‍ തസ്തികയില്‍ ഇരിക്കുന്ന എന്നെ 'പോക്കറ്റ് ആഫീസര്‍' എന്ന് വിളിച്ചാക്ഷേപിക്കുന്നത് എനിക്ക് സഹിച്ചില്ല. അവരുമായി കയര്‍ക്കേണ്ടിവന്നു. അവര്‍ക്കാണെങ്കില്‍ തിരിയാനും മറിയാനും സമയമില്ലാതെ പിടിപ്പതും പണിയുണ്ട്. അവരെപോലെ നോണ്‍വെക്കേഷന്‍ സ്റ്റാഫാണ് ഞാനും. ആഴ്ചയില്‍ ഒരു ദിവസം മാത്രം വരുന്ന വ്യക്തി. പണിയൊന്നും എടുക്കേണ്ടല്ലോ ഇതൊക്കെ മനസ്സില്‍ വച്ചുകൊണ്ടാവാം പുതിയ പേര് തന്നത് 'പോക്കറ്റ് ആഫീസര്‍'.

പക്ഷേ കേവലം ഒരു മാസം കൊണ്ട് അവര്‍ക്ക് എന്നോടുളള മനോഭാവം മാറി. എനിക്കു മുന്നേ ഉണ്ടായിരുന്ന പി.ഇ.ഇ.ഒ.യെപോലെയല്ല ഞാനെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആഴ്ചയില്‍ അഞ്ചുദിവസവും ഫീല്‍ഡില്‍ പോവും സ്‌ക്കൂള്‍ സന്ദര്‍ശിക്കും. കോളനികളില്‍ ചെല്ലും പഠനോപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കും. എ.ഇ.ഒ, ഡി.ഇ.ഒ., ബി.ഡി.ഒ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ തുടങ്ങിയവരെ കൂട്ടിയാണ് ഇവിടങ്ങളിലൊക്കെ സന്ദര്‍ശിക്കുക. നടത്തിയ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങി. ചുരുക്കത്തില്‍ ഇങ്ങിനെയൊരു തസ്തിക ഉണ്ടെന്നും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങിനെയൊക്കെയാണെന്നും ആഫീസിലെ സ്റ്റാഫും സബ് ജില്ലയിലെ അധ്യാപകരും അറിഞ്ഞു തുടങ്ങിയത് ഇപ്പോഴാണ്. ഇക്കാര്യത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ ഇ.പി.ശ്രീനിവാസന്‍ സാറും.എ.ഇ.ഒ.കുഞ്ഞമ്പു നമ്പ്യാര്‍ സാറുമാണ്.

രണ്ട് പഞ്ചായത്ത് മാത്രം കേന്ദ്രീകരിച്ചാണ് എനിക്ക് പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. മധൂര്‍ പഞ്ചായത്തും, ബേഡഡുക്ക പഞ്ചായത്തും. പക്ഷേ ഞാന്‍ സബ് ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലൊക്കെ എത്തപ്പെട്ടു. എന്റെ കൂടെ നാരായണന്‍ ചെട്ട്യാര്‍ എന്നൊരു സഹപ്രവര്‍ത്തകനും ഉണ്ടായിരുന്നു. സ്‌ക്കൂള്‍ സന്ദര്‍ശനം വഴി കൊഴിഞ്ഞു പോക്കില്ലാതാക്കന്‍ പറ്റി. പിന്നോക്ക മേഖലയിലെ സ്‌ക്കൂളുകളില്‍ രക്ഷിതാക്കളെ വിളിച്ചു ചേര്‍്ത്ത് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പലപ്പോഴും ഉളളോട്ടുളള പ്രദേശങ്ങളില്‍ എത്തിപ്പെടാന്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസറുടെ ജീപ്പ് വിട്ടു തന്നിട്ടുണ്ട്.

കോളനി സന്ദര്‍ശനവും, അവിടങ്ങളില്‍ നടത്തുന്ന ഗൃഹസദസ്സുകളും ഏറേ പ്രയോജനപ്പെട്ടു. ഇക്കാര്യങ്ങളില്‍ ശ്രീനിവാസന്‍ സാര്‍ അതീവ താല്‍പര്യം കാണിച്ചു. അവിടെ നടന്ന വിജയകഥകള്‍ വെളിച്ചം കാണിക്കാനും ശ്രീനിവാസന്‍ സാര്‍ മുന്‍കയ്യെടുത്തു. പ്രവര്‍ത്തനം കൊണ്ട് അവഹേളനങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

കരിവെളളൂരില്‍ നിന്ന് ബസ്സിലാണ് കാസര്‍കോട്ടെത്തുക. രാവിലെ 10 മണിക്ക് മുന്നേ ആഫീസിലെത്തും. അവിടെ നിന്നാണ് നിശ്ചയിച്ചപ്രകാരം ഫീല്‍ഡില്‍ ചെല്ലാറ്. അതും ആഫീസ് സ്റ്റാഫിന് അത്ഭുതമായിരുന്നു. ഇതിന് സഹായകമായ ഒരു വസ്തുത കൂടി ഉണ്ടായി. അനൗപചാരിക വിദ്യഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജില്ലാ കലക്ടറും,ആര്‍.ഡി.ഒയും ബസ്സ് യാത്രക്ക് സൗജന്യ പാസ്സ് അനുവദിച്ചു തന്നു. യാത്രക്ക് സാമ്പത്തീക ബാധ്യത വന്നില്ല. യാത്രചെയ്യുന്നത് ബുദ്ധിമുട്ടാവാനുളള ശാരീരിക പ്രശിനങ്ങളുമുണ്ടായില്ല. യാത്ര എനിക്കൊരു ഹരമായിരുന്നു താനും.

ഇങ്ങിനെ സൗജന്യ യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരു കണ്ടക്ടറില്‍ നിന്ന് നിന്ദ്യമായ വാക്ക് കേള്‍ക്കേണ്ടിവന്നു. പക്ഷേ ഞാന്‍ കേട്ടില്ല. കേട്ട ഒരു സുഹൃത്ത് പറഞ്ഞതാണ്. യാത്രക്കാരുടെ എണ്ണം പറയുമ്പോള്‍ കിളിയോട് പറഞ്ഞുപോലും മുമ്പിലത്തെ സീറ്റില്‍ ഒരു 'കാലിച്ചാക്കുണ്ട്' എന്ന്. അതായത് പൈസ തരാതെ യാത്രചെയ്യുന്നവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന കോഡ് വാക്കാണ് പോലും 'കാലിച്ചാക്ക'്. പക്ഷേ ഞാന്‍ കേട്ടില്ലല്ലോ ആധികാരികമായ രേഖയോടെയാണ് ഞാന്‍ യാത്രചെയ്യുന്നതും.

1985 മുതല്‍ 1988 വരെ മൂന്നു വര്‍ഷകാലം വളരെ സ്തുത്യര്‍ഹമായ നിലയില്‍ പ്രൈമറി എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ എന്ന തസ്തികയ്ക്ക് സല്‍പേരുണ്ടാക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് അവിടുന്ന് യാത്രയായത്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
Keywords: Article, Kookanam-Rahman, Officer, school, Pocket officer and Empty bag