SWISS-TOWER 24/07/2023

അയ്യേ ഇച്ചി തൊടല്ലേ...

 


എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 28) / കൂക്കാനം റഹ് മാന്‍

(www.kvartha.com 21.07.2020) ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, രഹസ്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ കാണാറുണ്ട്. മനുഷ്യ ശരീരത്തില്‍ രഹസ്യഭാഗമെന്നും, സ്വകാര്യ ഭാഗമെന്നും പറഞ്ഞ് മാറ്റി നിര്‍ത്തേണ്ട അവയവങ്ങളുണ്ടോ?  പൂര്‍ണ്ണ നഗ്നനായി ജനിക്കുന്ന കുഞ്ഞിന് രഹസ്യ ശരീരഭാഗമില്ല. എല്ലാം പരസ്യമാണ്. പിന്നെ എപ്പോഴാണ് ശരീരത്തിലെ ചില ഭാഗങ്ങളെ രഹസ്യമെന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത് ? കൊച്ചു നാള്‍ മുതല്‍ സ്വശരീരത്തെക്കുറിച്ചൊരു ധാരണ കുട്ടികള്‍ക്ക് ഉണ്ടാവേണ്ടേ? സ്വശരീരത്തിലെ ചില അവയവങ്ങള്‍ മറ്റുളളവര്‍ കാണുമ്പോള്‍ നാണം തോന്നുന്ന മാനസികാവസ്ഥ എങ്ങിനെയാണ് ഉടലെടുക്കുന്നത് ?ചെറിയ കുഞ്ഞുങ്ങള്‍ തങ്ങളുടെ ലൈംഗീകാവയവത്തില്‍ തൊടുകയോ പിടിക്കുകയോ ചെയ്യുമ്പോള്‍ വലിയവര്‍ പറഞ്ഞു കൊടുക്കും 'അയ്യേ ഇച്ചി....തൊടല്ലേ...' ഇവിടുന്ന് തുടങ്ങി സ്വന്തം അവയവം ഇച്ചിയാണെന്നും, തൊടരുതെന്നും, കാണരുതെന്നും ഉളള മാനസികാവസ്ഥ ഉണ്ടാവാന്‍.

രഹ്‌നാ ഫാത്തിമ സ്വന്തം മാറിടത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചതിന്റെ ആരവം ഇനിയുമടങ്ങിയിട്ടില്ല. അവരെന്തോ അനീതി കാട്ടിയെന്നോ, സാമൂഹ്യനീതിക്ക് നിരക്കാത്തതാണ് ചെയ്തതെന്നോ ഹാലിളകി പറയുകയാണ് പലരും. അവരെ ന്യായീകരിക്കുന്നവരും നിരവധിയുണ്ട്. സ്വന്തം വീട്ടിലെ ഒരു മുറിയില്‍ വെച്ച് ഇത്തരം പ്രക്രിയ നടത്തിയാല്‍ ആരും അറിയാന്‍ പോകുന്നില്ല. അതിന്റെ പേരില്‍ ഒരു പുകിലും ഉണ്ടാവുകയില്ല. അവര്‍ അക്കാര്യം യൂട്യൂബിലും മറ്റും ഇട്ട് നാട്ടുകാരെ കാണിച്ചതിന്റെ പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ടാവാം. ഇങ്ങിനെയൊക്കെ കാണുന്നതും ചെയ്യുന്നതും അപകടകരമല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാവാം. അല്ലെങ്കില്‍ ഇതിനെക്കുറിച്ചൊരു ചര്‍ച്ച നടക്കട്ടെയെന്നും, ഇതിലും ഇതിനപ്പുറവും ചെയ്യാന്‍ തനിക്ക് തന്റേടമുണ്ടെന്ന് കാണിക്കാനുമാവാം. അതിന്റെ ശരിയും ശരികേടുമല്ല ഇവിടെ ഞാന്‍ ചര്‍ച്ച  ചെയ്യാനുദ്ദേശിക്കുന്നത്.

പച്ചയായി പറഞ്ഞ് ലൈംഗീകാവയവങ്ങളുടെ ആവശ്യകതയും, അതിന്റെ പ്രവര്‍ത്തന രീതികളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതില്‍ അപാകതയുണ്ടോ എല്ലാം തുറന്നു പറഞ്ഞു ബോധ്യപ്പെടുത്തിയാല്‍ അപാകമുണ്ടോ  പൊതിഞ്ഞു വെക്കുമ്പോഴാണ് തുറന്നു നോക്കാന്‍ ആഗ്രഹമുണ്ടാവുകയെന്നും, തുറന്നു തന്നെ വെച്ചാല്‍ അതേക്കുറിച്ചറിയാന്‍ മോഹമുണ്ടാവുകയില്ലെന്നും നമുക്കനുഭവമുളള കാര്യമാണ്. മാറു മറക്കാനുളള അവകാശത്തിനുവേണ്ടി സമരം ചെയ്തുവെന്നും, അവകാശം നേടിയെടുത്തു എന്നും അംഗീകരിക്കുമ്പോഴും എപ്പോഴാണ് അത്തരമൊരു അവസ്ഥ ഉണ്ടായതെന്നുകൂടി മനസ്സിലാക്കണം. മാറുമറച്ചു നടക്കുന്ന പെമ്പിളളാരുടെ മുലക്കച്ച പിച്ചിച്ചീന്താന്‍ ആവേശം കാണിക്കുന്ന മേലാളന്‍മാരോടുളള രോഷമായിരുന്നില്ലേ ആ സമരത്തിനു പിന്നില്‍? സാധാരണ ഗ്രാമ സ്ത്രീകള്‍ മാറുമറക്കാതെ നടന്നിരുന്നില്ലേ ആരും അത് ശ്രദ്ധിച്ചിരുന്നതേയില്ല. പ്രശ്‌നങ്ങളുമുണ്ടായില്ല. അവര്‍ തുറന്നു തന്നെ നടന്നു. സമൂഹവും അതംഗീകരിച്ചു.

പച്ചയായിട്ട് ഒരു കാര്യം കൂടി ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. എന്റെ പ്രായത്തിലുളള ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ ഒരു ഏട്ടന്‍ പറഞ്ഞു കൊടുത്തുപോലും പെണ്ണുങ്ങളുടെ ലൈംഗീകാവയവത്തിന്റെ ചുറ്റുപാടും മഹാ വൃത്തികേടാണ്, കാണാന്‍ പറ്റില്ലായെന്ന്. ആ ചിന്ത മനസ്സില്‍ വെച്ച് അദ്ദേഹം ജീവിതത്തില്‍ ഇതേവരെ സ്ത്രീ ലൈംഗീകാവയവം നോക്കിയിട്ടില്ല പോലും.

എന്തിനാണ് സ്ത്രീ ലൈംഗീകാവയവം കാണാന്‍ ഒളിഞ്ഞു നോട്ടവും ഒളിക്യാമറ പ്രയോഗവും മറ്റും നടത്തുന്നത്. അതിനെക്കുറിച്ച് എന്തൊക്കയോ ഉളള അതിശയോക്തി കലര്‍ന്ന പ്രസ്താവനകളും വിവരണങ്ങളും മറ്റുളളവരില്‍ നിന്ന് പറഞ്ഞുകേട്ടറിഞ്ഞാണ് പുരുഷന്‍മാര്‍ ഈ തൊരപ്പന്‍ പണി ചെയ്യുന്നത്. പണ്ടുകാലത്ത് ക്ഷേത്രോല്‍സവങ്ങളും മറ്റും നടക്കുന്ന പ്രാദേശങ്ങളില്‍ ചന്ത ഉണ്ടാവാറുണ്ട്. ചീര്‍പ്പ്,കണ്ണാടി, കുപ്പിവള, ചാന്ത്,കണ്‍മഷി ഒക്കെ വില്‍പന നടത്തുന്ന ചന്തകളാണ് അധികവും. പെണ്ണുങ്ങളാണ് ഇവിടുത്തെ ഉപഭോക്താക്കള്‍. സാധനങ്ങള്‍ റോഡരുകില്‍ നിരത്തിവെച്ചിട്ടാണ് വില്‍പന. ഞരമ്പു രോഗിയായ ഒരു കച്ചവടക്കാരന്റെ കഥ പറഞ്ഞു കേട്ടതിങ്ങിനെ കണ്ണാടി നിരത്തി വെച്ചിട്ടുണ്ടാവും, സ്ത്രീകള്‍ സാധനം വാങ്ങാന്‍ ചുറ്റും വന്നു നില്‍ക്കും. ഈ കച്ചവടക്കാരന്‍ തറയില്‍ ഇരുന്നാണ് വില്‍പന. സ്ത്രീകള്‍ വന്നു നില്‍ക്കുമ്പോള്‍ കണ്ണാടിയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടാസ്വദിക്കുകയാണ് പോലും ഇദ്ദേഹത്തിന്റെ ഹോബി....

ഇംഗ്ലീഷുകാരി സ്ത്രീകള്‍ ബ്രേസിയറും, അണ്ടര്‍വെയറും മാത്രം ധരിച്ചു നടക്കുമ്പോള്‍ ആ നാട്ടുകാര്‍ അത് ശ്രദ്ധിക്കാറേയില്ല. അവിടങ്ങളില്‍ ഒരു പുരുഷനും സ്ത്രീയും പാര്‍ക്കില്‍ വെച്ചോ മറ്റോ പരസ്പരം ആലിംഗനബദ്ധരായി നില്‍ക്കുന്നതോ, ഇണചേരുന്നതോ ആരും ശ്രദ്ധിക്കുക പോലുമില്ല. അതവരുടെ വസ്ത്രധാരണ രീതി കൊണ്ടോ, ലൈംഗീകാവയവങ്ങളെക്കുറിച്ച് വ്യക്തമായി പഠിച്ചതുകൊണ്ടോ ആവില്ലേ.

നമ്മുടെ നാട്ടില്‍ പുരുഷന്‍മാരെ പ്രകോപിപ്പിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് പരക്കെ പറയപ്പെടുന്നുണ്ട്. എല്ലാം മൂടി വെച്ചാല്‍ തുറന്നു നോക്കാനുളള പ്രവണത കൂടും. പക്ഷേ ഇപ്പോഴത്തെ സ്ത്രീ വേഷം പകുതി വെളിവാക്കുന്ന രീതിയിലാണ്. ഇത് പ്രകോപനം മാത്രമല്ല കടന്നുകയറ്റം തന്നെ സൃഷ്ടിക്കും. ഇതൊക്കെ പറയുമ്പോഴും കൃത്യമായ ലൈംഗീക വിദ്യഭ്യാസം ലഭിക്കാത്ത പോരായ്മകളാണ് ലൈംഗീകാതിക്രമങ്ങള്‍ക്ക് പിന്നില്‍. സുവോളജി (ജന്തുശാത്രം) ക്ലാസ്സില്‍ പോലും ശരീരാവയവ ബോധനം കൃത്യമായി നല്‍കാന്‍ അധ്യാപിക-ധ്യാപകന്‍മാര്‍ മടികാണിക്കുന്നു. ക്ലാസ് മുറിയില്‍ കൃത്യമായ സിറ്റ്വേഷന്‍ ഉണ്ടാക്കി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം . തമാശയിലോ, ചിരിയിലോ കാര്യങ്ങള്‍ ഒതുക്കി നിര്‍ത്താതെ ഗൗരവത്തിലാവണം ലൈംഗീക വിദ്യാഭ്യാസം നല്‍കേണ്ടത്.

ലൈംഗീകാവയവത്തിന്റെ പേര് പച്ച മലയാളത്തില്‍ പറഞ്ഞുകൊടുക്കാന്‍ അധ്യാപകര്‍ക്കാവില്ല, കേട്ടിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമല്ല. പകരം പെന്നിസ്. ഓവറി, നിപ്പ്ള്‍, തുടങ്ങി ഇംഗ്ലീഷ് പദങ്ങള്‍ കേള്‍ക്കുന്നതിനോ പറയുന്നതിനോ അറപ്പും വെറുപ്പുമൊട്ടില്ല താനും. എങ്ങിനെയായാലും ലൈംഗീകാവയവങ്ങളെക്കുറിച്ച് കൃത്യമായൊരു അവബോധം വിദ്യാര്‍ത്ഥികളിലുണ്ടാക്കിയെടുത്താല്‍ ഇന്നു കാണുന്ന ലൈംഗീക പരാക്രമങ്ങളും ചര്‍ച്ചകളും ഒന്നുമുണ്ടാവില്ല.

വാര്‍ത്താ മാധ്യമങ്ങളാണ് ലൈംഗീക ചോദന ഉണ്ടാക്കാന്‍ പര്യാപ്തമായ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. ഒളിച്ചോടി കാമുകി കാമുകന്‍മാര്‍ ആത്മഹത്യ ചെയ്തു, ലൈംഗീക പീഡനം നടന്നു, കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി. തുടങ്ങിയ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കണം. അതൊക്കെ കണ്ടും വായിച്ചും മനസ്സില്‍ ഉദിക്കുന്ന വികാരം മൂലം അത് അനുകരിക്കാനും, ആസ്വദിക്കാനും ഉളള വാസന മനുഷ്യരില്‍ രൂഡമുലമാകുകയാണ് ചെയ്യുന്നത്. രഹ്‌ന ഫാത്തിമയുടെ 'ബോഡി ആര്‍ട്ട്' ചിത്രം കൂടുതല്‍ വ്യാപകമായ ചര്‍ച്ചക്കും, പ്രചാരണത്തിനും വഴിയയൊരുക്കിയത് മാധ്യമങ്ങളാണ്. അതിനുളള അവസരം സൃഷ്ടിക്കാതിരുന്നാല്‍ അതവരുടെ വീടിനുളളില്‍ അവരിലും അവരുടെ കുട്ടികളിലും മാത്രമൊതുങ്ങുമായിരുന്നു.

ലൈംഗീക കാര്യങ്ങളെക്കുറിച്ചും, സ്വലൈംഗീകാവയവത്തെക്കുറിച്ചും ഒരുപാട് സംശയങ്ങള്‍ കുട്ടികള്‍ക്കുണ്ട്. ഈ കുറിപ്പുകാരന്‍ പ്ലസ്ടു കുട്ടികള്‍ക്ക് സെക്‌സ് എഡുക്കേഷന്‍ അഡോളസെന്റ് എഡുക്കേഷന്‍ ക്ലാസ്സിന്റെ ഭാഗമായി നല്‍കാറുണ്ട്. ചില കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇങ്ങിനെ 'എനിക്ക് പെനിസിന്റെ ഭാഗത്ത് ചെറിയൊരു നീളമേയുളളൂ ഞാനെന്തുചെയ്യണം' ? 'എനിക്ക് പതിനേഴ് വയസ്സായി ഇതേവരെ ശുക്ലം വന്നില്ല' ? തുടങ്ങി പലതും കുട്ടികള്‍ക്ക് ചോദിക്കാറുണ്ട്. കൃത്യമായും മറുപടിയും പറഞ്ഞു കൊടുക്കാറുണ്ട്.

അയ്യേ ഇച്ചി തൊടല്ലേ...

ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ ഒരു പീഡനക്കേസ് ഓര്‍മ്മ വന്നു. ഇരുപത്തിയഞ്ചു വയസ്സുകാരനായ ഒരു ചെറുപ്പക്കാരന്‍ പതിനേഴ്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസു വന്നു. അപ്പോള്‍ ചെറുപ്പക്കാരന്റെ അച്ഛന്‍ പറയുകയാണ് 'അവന് മൂത്രക്കുഴല്‍ നീളം ഇല്ല. പിന്നെങ്ങിനെ അവന്‍ പീഡിപ്പിക്കും'? പ്രശ്‌നം ഡോക്ടറുടെ അടുത്തെത്തി. ആ വലുപ്പം മതി ലൈംഗീക വേഴ്ച നടത്താന്‍ എന്നാണ് ഡോക്ടറുടെ അഭിപ്രായം......

ചെറിയ പെണ്‍കുട്ടികളെ അച്ഛന്‍മാര്‍ കുളിപ്പിക്കുകയും തുവര്‍ത്തി ഡ്രസ്സിടീച്ച് കൊടുക്കുകയും ചെയ്യുന്നു. രോഗശയ്യയില്‍ കിടക്കുന്ന അമ്മമാരെ ശുചിമുറിയില്‍ കൊണ്ടുപോയി കുളിപ്പിക്കുന്ന ആണ്‍മക്കളുണ്ട്. ഇവിടെയൊന്നും രഹസ്യഭാഗമെന്നും ലൈംഗീകാവയവമെന്നും പറഞ്ഞ് മാറ്റി നിര്‍ത്തല്‍ ഉണ്ടാകുന്നില്ല.ഇതുപോലെ തന്നെ സ്ത്രീ പുരുഷന്‍മാരില്‍ തങ്ങളുടെ ലൈംഗീകാവയവും മറ്റ് അവയവങ്ങളെപ്പോലെ തന്നെയാണ് എന്ന ബോധം എപ്പോഴുമുണ്ടായാല്‍ പ്രശ്‌നം തീര്‍ന്നു.

യൂറോപ്പില്‍ പഴയകാലത്ത് തടവുകാരെ പട്ടിണിക്കിട്ട് കൊല്ലുന്ന രീതി ഉണ്ടായിരുന്നുപോലും. ഒരു തടവുകാരന്‍ തടവു മുറിയില്‍ പട്ടിണി കിടന്ന് മരണ വെപ്രാളം കാട്ടുന്നു. അദ്ദേഹത്തിന് ഒരു മകളേയുളളൂ. തടവറയില്‍ കടന്ന ആ മകള്‍ മരണത്തിന്റെ വക്കിലെത്തിയ തന്റെ അച്ഛന് സ്വന്തം മുലപ്പാല്‍ ഊട്ടി അച്ഛന്റെ ജീവന്‍ കാത്തു. ആ മകളെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ അഭിമാനം തോന്നി....ഇതിലും അഭിപ്രായ വ്യത്യാസമുണ്ടായി. പിതൃ-പുത്രി ബന്ധത്തിന് കളങ്കം വരുത്തിയെന്ന് ഒരു പക്ഷം, പിതൃത്വത്തിന്റെ വിശ്വാസങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മറുപക്ഷവും.

എല്ലാത്തിലും ലൈംഗീകത മാത്രം കാണുന്ന അവസ്ഥയ്ക്ക് വിരാമമിടുകയും അതൊരു സാധാരണ ജീവിതാവസ്ഥയാണെന്ന് മനസ്സിലാക്കുകയും, ഉള്‍ക്കൊളളുകയും ചെയ്താല്‍ ഇവിടെ സദാചാര പോലീസ് മാളങ്ങളിലൊളിക്കും ഇതിന്റെ പേരില്‍ നടക്കുന്ന പോക്‌സോ കേസുകളും ലൈംഗീക പീഡനകേസുകളും അപ്രത്യക്ഷമാവുകയും ചെയ്യും.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

Keywords:  Article, Kookanam-Rahman, Study, Students, Don't touch...
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia