Follow KVARTHA on Google news Follow Us!
ad

Life | സംതൃപ്തം ഈ ജീവിതം; ചില വേദനകളും

Satisfied is this life, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ്റ മകന്‍ മജീദ് (ഭാഗം -37) 

- കൂക്കാനം റഹ് മാന്‍

(www.kvartha.com) നബീസുമ്മായ്ക്ക് പ്രായം കൂടി വരികയാണ്. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. രണ്ടാമത്തെ മകന്‍ മരിച്ചതിനു ശേഷമുളള മാനസിക പ്രയാസം ഉണ്ട്. അക്കാര്യം ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിച്ചു പറയും. വെറ്റില മുറുക്ക് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പുകയില ഉപയോഗിക്കാതെയാണ് നബീസുമ്മ മുറുക്കുക. മുറ്റത്തെ പ്ലാവില്‍ വെറ്റിലക്കൊടി നട്ടുനനച്ച് വളര്‍ത്തിയിട്ടുണ്ട്. അയല്‍പക്കക്കാര്‍ക്ക് വെറ്റില പറിച്ചു കൊടുക്കും. ആവശ്യമുളളവര്‍ക്ക് വന്ന് പറിച്ചെടുത്ത് പോകുകയും ചെയ്യാം. മജീദ് മാഷിന് നബീസുമ്മയുടെ മുറുക്കുന്ന സ്വഭാവത്തിനോട് അനിഷ്ടമാണ്. എങ്കിലും പ്രായമായില്ലേ എന്ന പരിഗണന കൊടുത്തു അനിഷ്ടം പ്രകടിപ്പിക്കാറില്ല.
                
Kerala, Article, Family, Story, Satisfied is this life.

മരിച്ചു പോയ അനിയന് വീടും സൗകര്യവുമായി. മജീദും സ്വന്തമായി വീടു നിര്‍മ്മിച്ചു താമസമായി. ഇളയമകനും ഉമ്മയും തറവാടുവീട്ടിലാണ് താമസം. നബീസുമ്മായ്ക്ക് ഇളയമകന്‍ മുജീബിനോട് സ്‌നേഹവാല്‍സല്യം കൂടുതലാണ്. അതവന്‍ ശരിക്കും മുതലെടുത്തു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അവന്‍ പ്രശ്‌നക്കാരനാണ്. എങ്ങിനെയെന്നറിയില്ല, മാനസിക വിഭ്രാന്തി ഉണ്ടായി. സ്‌ക്കൂളില്‍ പോവാതായി, എല്ലാവരോടും വെറുപ്പും വിദ്വേഷവും കാണിക്കാന്‍ തുടങ്ങി. സൈക്ക്യാട്രിസ്റ്റിനെ കാണിച്ചു. ചികിത്സ നടത്തി. അല്പം താമസിയാതെ ചികില്‍സകൊണ്ട് രോഗം ഭേദമായി. ആ വര്‍ഷം തന്നെ എസ്എസ്എല്‍സി പരീക്ഷ എഴുതി എടുത്തു.

അന്നു പഠിക്കാന്‍ താല്‍പര്യം കാണിച്ചില്ല. സ്വയം അധ്വാനിച്ച് ജീവിച്ചോളാം എന്ന പോളിസിയാണവന്റേത്. ഓട്ടോറിക്ഷ വാങ്ങി, ഒപ്പം കൂട്ടുകാരും നിരവധി ഉണ്ടായി. ഉമ്മായോടും ജ്യേഷ്ഠനോടും ആലോചിക്കാതെയായി അവന്റെ മുന്നോട്ടുളള പ്രയാണം. കേവലം ഇരുപത്തിയഞ്ച് വയസ്സില്‍ ഒരു പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കി. സാമ്പത്തിക ക്രമക്കേട് വരാന്‍ തുടങ്ങി. നബീസുമ്മയുടെ കൈവശമുളള തുക കൈക്കലാക്കാന്‍ തുടങ്ങി. മജീദ് മാഷ് ഉമ്മയ്ക്ക് മാസാമാസം നല്‍കുന്ന തുക പിടിച്ചെടുത്തും ആര്‍ഭാടമായി ജീവിക്കാന്‍ തുടങ്ങി.
                   
Kerala, Article, Family, Story, Satisfied is this life.

ഉമ്മയെക്കൊണ്ട് തറവാട് സ്വത്ത് എഴുതി വാങ്ങിക്കാനുളള ശ്രമമായി. ഉമ്മയെ സ്‌നേഹം കാണിച്ച് പാട്ടിലാക്കാന്‍ ശ്രമിച്ചു. എന്റെ കയ്യിലുളളതെല്ലാം മൂന്നു മക്കള്‍ക്കും ഒരോ പോലെ അവകാശപ്പെട്ടതല്ലേ എന്ന കാര്യത്തില്‍ ഉറച്ചു നിന്നു. സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്താന്‍ പറ്റില്ലെന്നായപ്പോള്‍ ഭീഷണിയായി. ഭീഷണി മജീദ് മാഷിന്റെ നേരേയുമായി. മജീദ് അവന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാനും തടയിടാനും തുടങ്ങിയപ്പോഴാണ് മജീദ് മാഷും വെറുക്കപ്പെട്ടവനായത്. ലഹരി തലയ്ക്കു പിടിച്ചാല്‍ ഇന്നത് പറയാമെന്നും ഇന്നത് ചെയ്യാമെന്നും ഇല്ല. നബീസുമ്മയ്ക്ക് ഭയം കൂടി വന്നു. മജീദിനെ അപായപ്പെടുത്തുമോ എന്ന ആശങ്ക വരെ ഉമ്മയില്‍ ഉടലെടുത്തു. മുജീബിന്റെ ഭീകരതയും ഉമ്മയെ ഭീഷണിപ്പെടുത്തലും കാണാനിടയായ നബീസുമ്മ രണ്ടും കല്‍പിച്ച് കയ്യിലുളള സ്വത്ത് അവന്റെ പേരില്‍ എഴുതിവെച്ചു. മജീദിനെ പറഞ്ഞ് ബോധ്യപ്പെടുത്താം എന്ന് വിശ്വാസത്താലാണ് അങ്ങിനെ ചെയ്തത്.

കാലം അതിവേഗം മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. മജീദിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. രണ്ടു മക്കളുടെ അച്ഛനായി. പെന്‍ഷന്‍ ആവാന്‍ രണ്ടോ മൂന്നോ വര്‍ഷമേ ബാക്കിയുളളൂ. നാട്ടിന്‍ പുറത്തെ ഇടനാഴികളൊക്കെ ടാറിട്ട റോഡുകളായി മാറി. ഓടു മേഞ്ഞതും പുല്ല് മേഞ്ഞതുമായ വീടുകളൊക്കെ അപ്രത്യക്ഷമായി. കോണ്‍ക്രീറ്റ് വീടുകളാണെങ്ങും. പഴയ ചങ്ങാതിമാരില്‍ പലരും കാലയവനികയ്ക്കുളളില്‍ മറഞ്ഞു. ഒപ്പം പഠിച്ചവരില്‍ പലരും പരസ്പരം കാണാനോ അറിയാനോ കഴിയാതെ മറവിയിലേക്കാണ്ടു പോയി. കളിച്ചും ചിരിച്ചും പ്രണയിച്ചു സ്‌നേഹം നടിച്ചും കഴിഞ്ഞുകൂടിയതൊക്കെ ഓര്‍മ്മയില്‍ ഒതുങ്ങിക്കഴിഞ്ഞു.

ജീവിതത്തില്‍ ഒന്നും നേടാനാവില്ലെന്നു കരുതിയ മജീദ് മാഷ് എന്തെല്ലാമോ ആയിത്തീര്‍ന്നു. അധ്യാപകനായിട്ടാണ് ജീവിതം ആരംഭിച്ചതെങ്കിലും വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ഓരോ പ്രവര്‍ത്തന മേഖലയിലും തന്റെ അതിസാഹസികമായി അര്‍പ്പണ മനോഭാവത്തോടെയുളള പ്രവര്‍ത്തനം വഴി തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിഞ്ഞു എന്ന് സമൂഹത്തിലെ പലരും അഭിപ്രായം പറഞ്ഞു. ഓരോ ജോലിയിലിരിക്കുമ്പോഴും അവിടുത്തെ മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരവും അവാര്‍ഡും നേടിയെത്തി.

സന്നദ്ധ പ്രവര്‍ത്തനത്തിനും സാമൂഹ്യ പ്രവര്‍ത്തനത്തിനും ചെറുപ്പകാലം മുതല്‍ ഇടപെട്ടുവരുന്ന വ്യക്തിയാണ് മജീദ്. റിട്ടയര്‍മെന്റിനു ശേഷം അതേ പോലെ പ്രവര്‍ത്തിച്ചു വരണമന്നാണ് മജീദ് മാഷിന്റെ ആഗ്രഹം. നിരക്ഷരരുടെ ഇടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സമൂഹം പുച്ഛിച്ചു തളളിയ നൂറു കണക്കിന് സഹോദരിമാരുടെ വേദന മാറ്റിയെടുക്കാനുളള ശ്രമത്തിലും മജീദ് ആക്ടീവാണ്. കൊച്ചു കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ശാരീരിക- മാനസീക- ലൈംഗീക പീഡനങ്ങള്‍ക്ക് അറുതി വരുത്താനുളള പ്രവര്‍ത്തനത്തിന്റെ നേതൃനിരയിലും മജീദുണ്ട്. ഇങ്ങിനെയുളള പ്രവര്‍ത്തനവുമായി പോകുന്നതിനാല്‍ സമൂഹത്തിലെ നന്മയുളളവരുടെ ഭാഗത്തു നിന്ന് അനുമോദനവും ആദരവും ലഭിക്കാറുണ്ട്. ചില കോണുകളില്‍ നിന്ന് കുത്തി നോവിക്കുന്ന വിമര്‍ശനങ്ങളുംനേരിടേണ്ടി വന്നിട്ടുണ്ട്

മജീദിനോട് ചോദിക്കാതെ ഉമ്മ സ്വത്തു മുഴുവന്‍ മുജീബിന് എഴുതികൊടുത്തതില്‍ മജീദ് പരിഭവിച്ചില്ല. പരാതി പറഞ്ഞില്ല. ഉമ്മയുടെ മനസ്സ് വേദനിപ്പിക്കരുത് എന്ന ചിന്തയും സമൂഹത്തില്‍ മജീദ് മാഷ് നേടിയെടുത്ത മതിപ്പും മൂലമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ ക്ഷമിച്ചത്. എല്ലാ ദിവസവും രാവിലേയും വൈകീട്ടും മജീദ് നബീസുമ്മയെ സന്ദര്‍ശിക്കും. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹരിച്ച് കൊടുക്കും. മിക്ക ദിവസങ്ങളിലും അനുജന്‍ മുജീബിന്റെ പരാക്രമങ്ങളെക്കുറിച്ചാണ് പറയാനുണ്ടാവുക. അക്കാര്യത്തില്‍ മജീദ് ഇടപെടേണ്ടന്ന് നബീസുമ്മ പ്രത്യേകം ഓര്‍മ്മപ്പെടുത്തും

ഔദ്യോഗിക ജീവിതത്തില്‍ നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ മജീദ് മാഷിനുണ്ടായി ഇന്ത്യയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും, ചരിത്ര സ്മാരകങ്ങളും സര്‍ക്കാര്‍ ചെലവില്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. പരിശീലന പരിപാടികള്‍ക്കും പഠനയാത്രകള്‍ക്കുമായിരുന്നു അവയില്‍ പലതും. വിദേശ രാജ്യങ്ങളായ സിങ്കപ്പൂര്‍, മലേഷ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനും അവസരം ലഭ്യമായിട്ടുണ്ട്. ജീവിതാവസാനം വരെ ഓര്‍മ്മകള്‍ സൂക്ഷിക്കാനുളള നിരവധി അനുഭവങ്ങള്‍ക്ക് സാക്ഷ്യമാവാന്‍ ഈ യാത്രകള്‍ സഹായകമായിട്ടുണ്ട്.

ഇത്രയൊക്കെയായിട്ടും ജീവിതത്തില്‍ ഒന്നും നേടിയിട്ടില്ലായെന്ന മനോഭാവമാണ് മജീദിന്. എത്ര ചെയ്താലും അത് പോരാ എന്ന ചിന്തയാണ് മജീദിനെ നയിക്കുന്നത്. വഴിപിഴച്ചു പോവാന്‍ ചീത്തകൂട്ടുകെട്ടില്‍ പെട്ടു പോകാന്‍ ധാരാളം അവസരങ്ങളുണ്ടായിട്ടും അതില്‍ നിന്നെല്ലാം മോചിതനായി ജീവിക്കാന്‍ സാധിച്ചതില്‍ മജീദിന് മാതാവായ നബീസുമ്മയെ എന്നും സ്തുതിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ അനുഭവക്കുറിപ്പാക്കി പുസ്തകരൂപത്തിലാക്കാന്‍ മജീദിന് സാധ്യമായി. ചില സായാഹ്ന പത്രങ്ങളില്‍ സ്ഥിരം കോളമിസ്റ്റാവാന്‍ മജീദ് മാഷിന് സാധ്യമായി. ജീവിതാനുഭവങ്ങളിലെ നേട്ടങ്ങള്‍, വീഴ്ചകള്‍, ഭീഷണികള്‍, അപായപ്പെടുത്താനുളള ശ്രമങ്ങള്‍, മരണമുഖം നേരില്‍ കണ്ടിട്ടുളള അപകടങ്ങള്‍ എല്ലാം പത്തോളം പുസ്തകങ്ങളിലായി എഴുതി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതും മജീദ് സന്തോഷപൂര്‍വ്വം സ്മരിക്കുകയാണ്.

അരനൂറ്റാണ്ടിനുമപ്പുറം ഒപ്പം ഓരേ ക്ലാസിലിരുന്ന് പഠിച്ചവര്‍ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നിലെത്തിയപ്പോള്‍ അവരെല്ലാം വിസ്മരിക്കപ്പെട്ടു പോയെന്ന് കരുതിയിരുന്നു. പക്ഷേ മജീദിന്റെ പേരും പെരുമയും വര്‍ദ്ധിച്ചതിനാല്‍ അവരൊക്കെ നേരില്‍ കാണാനും സ്‌നേഹാദരങ്ങള്‍ പങ്കിടാനും എത്തിയെന്നതും മജീദ് ആഹ്ലാദപൂര്‍വ്വം സ്മരിക്കുകയാണ്. അക്കൂട്ടത്തില്‍ സ്ത്രീ സൗഹൃദങ്ങളാണ് കാലമെത്ര കഴിഞ്ഞിട്ടും ഓര്‍മ്മപുതുക്കാന്‍ ആദ്യമെത്തിയത്. ഡോക്ടര്‍മാരുണ്ട്, അധ്യാപകരുണ്ട്, രാഷ്ട്രീയ നേതാക്കളുണ്ട് അവരൊക്കെ നേരിട്ട് വിളിച്ചു വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്.

കാലം വേഗം മുന്നോട്ട് നീങ്ങി. സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുളളവരായി. ഇനി ജീവിതത്തിന് വിരാമമിടുന്നതുവരെ സാമൂഹ്യസേവനം ചെയ്ത് ജീവിക്കണമെന്നാണ് മജീദിന്റെ മോഹം. നബീസുമ്മയും മജീദിന്റെ കൂടെ വന്ന് താമസിക്കാന്‍ തുടങ്ങി. എല്ലാം പിടിച്ചു വാങ്ങിയിട്ടും ഉമ്മയ്ക്ക് സന്തോഷവും സമാധാനവും കൊടുക്കാത്ത അനിയനുമൊന്നിച്ചുളള ജീവിതം മടുത്തെന്ന് നബീസുമ്മ പറയുന്നു.

ALSO READ:













 












Keywords: Kerala, Article, Family, Story, Satisfied is this life.
< !- START disable copy paste -->

Post a Comment