Follow KVARTHA on Google news Follow Us!
ad

ഒസ്സാൻറെ കയ്യിലെ തിളങ്ങുന്ന കത്തി

The shining knife in Osan's hand#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാൻറെ മകൻ മജീദ് (ഭാഗം 4) 

കൂക്കാനം റഹ്‌മാൻ

(www.kvartha.com 21.10.2021) അഞ്ചാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റായിരുന്നു മജീദ്. സ്‌കൂൾ വാര്‍ഷികത്തില്‍ നാടകാഭിനയത്തിനും, അഞ്ചാം ക്ലാസില്‍ മികച്ച പഠന നിലവാരം പുലര്‍ത്തിയതിനും സമ്മാനം കിട്ടി. ഒരു കണ്ണാടിയും, സ്റ്റീല്‍ ഗ്ലാസുമായിരുന്നു സമ്മാനം. പ്രൈമറി സ്‌ക്കൂള്‍ പഠനകാലത്ത് ഉണ്ടായ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ സന്തോഷ പുളകങ്ങള്‍ അണിയിക്കും. മഴക്കാല യാത്ര പേടി തോന്നിക്കുമെങ്കിലും സന്തോഷമുളള യാത്രയാണത്. വയലിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ഒരു തോടുണ്ട്. പാലമില്ല. കുത്തൊലിച്ചു വരുന്ന കലക്കം വെളളം കടക്കാന്‍ കുമാരന്‍ മാഷ് സഹായിക്കും. മാഷിന്റെ കൈ വിട്ടുപോയാല്‍ ഒഴുക്കില്‍ പെട്ടു പോയതുതന്നെ സ്‌ക്കൂളില്‍ നിന്ന് തിരിച്ചു വരുമ്പോഴും മാഷ് കൂടെ ഉണ്ടാവും.

    
Kookanam-Rahman, Article, Kerala, Knife, School, Food, Shop, Shopkeeping, Majeed, The shining knife in Osan's hand.



അന്ന് ഓലക്കുടയും പിടിച്ചാണ് മജീദും കൂട്ടുകാരും സ്‌ക്കൂളില്‍ പോയിരുന്നത്. എല്ലാവര്‍ക്കും ഒരേ വലിപ്പവും, രൂപവുമുളള കുടയായിരിക്കും. കുട തിരിച്ചറിയാന്‍ പല വിദ്യകളും കുട്ടികള്‍ ചെയ്തു വെക്കാറുണ്ട്. കളറുളള നൂല് കുടയുടെ വളളിയില്‍ കെട്ടിവെക്കല്‍, ടാര്‍ കൊണ്ട് കുടയുടെ പുറത്ത് പേരെഴുതിവെക്കല്‍, എന്നാലെ ആരുടെ കുടയാണെന്ന് തിരിച്ചറിയാന്‍ പറ്റൂ. ഉച്ച സമയത്ത് അമേരിക്കക്കാരന്റെ പാല്‍ കിട്ടുമായിരുന്നു. എങ്കിലും സ്‌ക്കൂള്‍ വിടാനുളള സമയമായാല്‍ വിശന്ന് പൊരിയും. ഓടി പിടിച്ച് വീട്ടിലെത്തുമ്പോഴേക്കും ഉമ്മ നോക്കിനില്‍പ്പുണ്ടാവും. ആദ്യം തല തുവര്‍ത്തി തരും. ചൂടുവെളളത്തില്‍ കാലും മുഖവും കഴുകി തരും. ഉച്ചയ്ക്കുളള കഞ്ഞി മജീദിന് പ്രത്യേകം വിളമ്പി വെച്ചിട്ടുണ്ടാവും. അത് മുമ്പില്‍ കിട്ടിയാല്‍ വാരിവലിച്ച് തിന്നും. അതൊക്കെ നോക്കി ആസ്വദിച്ച് നബീസുമ്മ മജീദിന്റെ അടുത്തിരിക്കും.


ഹോം വര്‍ക്ക് ചെയ്യലാണ് അടുത്ത പണി. അന്ന് കണക്കിന് മാത്രമെ ഹോം വര്‍ക്കുളളൂ. അഞ്ചാം ക്ലാസുമുതല്‍ 300 പേജുളള വരയില്ലാത്ത ബൗണ്ട് ബുക്കിലാണ് കണക്കെഴുതി ചെയ്യേണ്ടിരുന്നത്. കണക്കില്‍ മിടുക്കനാണ് മജീദ്. കണക്ക് പഠിപ്പിക്കുന്ന കുഞ്ഞിക്കണ്ണന്‍ മാഷ് മൂന്ന് നാല് ചോദ്യങ്ങള്‍ തരും വീട്ടില്‍ നിന്ന് ചെയ്യാന്‍. താഴത്തെ കൊട്ടിലിലെ തിണ്ണയുടെ കിഴക്കു ഭാഗത്ത് അഴികളൊന്നുമില്ലാത്ത ഒരു കിളി വാതിലുണ്ട്. ജനല്‍ പടിമേല്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന പലക എടുത്തു വെച്ച് എഴുത്തുമേശയാക്കിയും തിണ കസേരയാക്കിയുമാണ് മജീദിന്റെ ഇരുത്തം. വയറു നിറഞ്ഞ സന്തോഷത്തില്‍ വീട്ടു മുറ്റത്തുളള ചെണ്ടു മല്ലിക പൂ പറിച്ച് മണത്തു കൊണ്ടാണ് കണക്ക് ചെയ്യുക. അഞ്ച് മണിയാവുമ്പോഴേക്കും വീട്ടു കണക്ക് ചെയ്തു കഴിയും. ഉടനെ കളിക്കാനുളള പുറപ്പാടാണ്. ഇരുട്ടി തുടങ്ങും മുമ്പേ കിണറ്റിന്‍ കരയില്‍ ചെന്ന് കുളി കഴിഞ്ഞ് റഡിയായി നില്‍ക്കണം. രാത്രി സമയത്ത് അമ്മാവന്റെ പീടികയില്‍ ചെല്ലണം.

ആറാം ക്ലാസിലെത്തിയപ്പോള്‍ മുതല്‍ അമ്മാവനെ കച്ചവടത്തില്‍ കൂടുതല്‍ സമയം സഹായിക്കണമെന്ന അവസ്ഥ വന്നു. ചെറിയമ്മാവനെ മജീദ് വിളിച്ചിരുന്നത് ചെറിയ ഇച്ച (ചെറീച്ച) എന്നാണ്. ചെറീച്ച നിക്കാഹ് കഴിച്ചതിനു ശേഷം രാവിലെ പീടിക തുറക്കല്‍, അടിച്ചു വൃത്തിയാക്കല്‍ ചായ ഉണ്ടാക്കല്‍ തുടങ്ങിയ പ്രവൃത്തികളൊക്കെ മജീദിന്റെ തലയില്‍ വീണു. ചെറീച്ച ഭാര്യ വീട്ടില്‍ ചെന്നാല്‍ അടുത്ത ദിവസം തിരിച്ചു വരാന്‍ വളരെ വൈകും. അന്ന് സ്‌ക്കൂളില്‍ പോകാന്‍ പറ്റില്ല. പീടിക അടച്ചിട്ട് സ്‌ക്കൂളില്‍ പോകാനും പറ്റില്ല. അക്കൊല്ലം ആറാം ക്ലാസില്‍ നിന്ന് ഏഴാം ക്ലാസിലേക്ക് ക്ലാസ് കയറ്റം കിട്ടിയില്ല. റിസല്‍ട്ട് അറിയുന്ന മെയ് മാസം സ്‌ക്കൂളില്‍ ചെന്നു. റിസല്‍ട്ട് എഴുതിയ ബോര്‍ഡില്‍ നോക്കി മജീദിന്റെ പേരിനു നേരെ എഴുതി വെച്ചത് വായിച്ചു. 'റിസല്‍ട്ട് വിത്ത് ഹെല്‍ഡ് ഫോര്‍ വാണ്ട് ഓഫ് കണ്ടോനേഷന്‍' മജീദ് നേരെ ഹെഡ് മാസ്റ്ററുടെ മുമ്പിലെത്തി. 'നിനക്ക് ഹാജര്‍ കുറവായതിനാല്‍ എ ഇ ഒ യില്‍ നിന്ന് പ്രത്യേക അനുവാദം കിട്ടിയാലേ ക്ലാസ് കയറ്റം കിട്ടൂ.'


കരഞ്ഞു കൊണ്ടാണ് മജീദ് വീട്ടിലെത്തിയത് നബീസുമ്മയോട് കാര്യം പറഞ്ഞു. കേട്ടപാടെ നബീസുമ്മ ചെറിച്ചാനെ വഴക്കു പറയാന്‍ തുടങ്ങി. 'എന്റെ മോനെ പീടികയില്‍ നിര്‍ത്തിയിട്ട് സ്‌ക്കൂളില്‍ പറഞ്ഞു വിടാത്തതുകൊണ്ടല്ലേ ഇങ്ങിനെയായത്.' എന്നൊക്കെ കരഞ്ഞും പറഞ്ഞും ഉമ്മ ബഹളം വെച്ചു. ആറാം ക്ലാസിലെത്തിയ മജീദിന് അല്പം അഹങ്കാരം ഉണ്ടായിരുന്നു. വീട്ടില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം കിട്ടിയതെന്ന തോന്നലായിരുന്നു അതിനു കാരണം. ചെറീച്ച വെറും രണ്ടാം ക്ലാസുകാരനാണ്. ഉമ്മ അഞ്ചാം ക്ലാസുകാരിയാണ്. അതുക്കും മേലേ താനെത്തിയല്ലോ എന്ന ചിന്ത. മജീദിന് ആറാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിലായി. സ്‌ക്കൂള്‍ തുറന്നു മജീദിനൊപ്പം പഠിച്ചവരെല്ലാം ഏഴാം ക്ലാസിലെത്തി. മജീദ് മാത്രം അതേ ക്ലാസില്‍ ഇരിക്കേണ്ടി വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആ സന്തോഷവാര്‍ത്ത കിട്ടി. എഇഒ യില്‍ നിന്ന് ഓര്‍ഡര്‍ എത്തി മജീദിന് ഏഴാം ക്ലാസിലേക്ക് പ്രമോഷന്‍ കിട്ടി.


ഏഴാം ക്ലാസിലെത്തിയ മജീദ് കൂട്ടത്തില്‍ തടിമിടുക്കുളളവനും സുന്ദരനുമായിരുന്നു. കൂടെ പഠിക്കുന്ന കൃഷ്ണന്‍ തടിയനും ഉഷാറുളളവനുമായിരുന്നു. സ്‌ക്കൂളിലെ കബടി ടീമില്‍ രണ്ടു പേരേയും ഉള്‍പ്പെടുത്തി. സബ് ജില്ലാ തലത്തില്‍ മല്‍സരിച്ചു ഒന്നാം സ്ഥാനം നേടിയ സ്‌ക്കൂളിന്റെ ടീം ക്യാപ്‌ററനായിരുന്നു മജീദ്. സ്‌ക്കൂളില്‍ വര്‍ഷം തോറും കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കാറുണ്ട്. കുസുമം എന്നു പേരായ കയ്യെഴുത്തു മാസികയുടെ പത്രാധിപരായിരുന്നു മജീദ്. സ്‌ക്കൂളിന്റെ യാത്രയയപ്പു ഫോട്ടോയില്‍ പത്രാധിപരാണ് കയ്യെഴുത്ത് മാസിക കയ്യില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസു ചെയ്യേണ്ടത്. ഏഴാം ക്ലാസിലെ യാത്രയയപ്പ് യോഗത്തില്‍ കുട്ടികളെ പ്രതിനിധീകരിച്ച് മജീദ് നടത്തിയ വിടവാങ്ങല്‍ പ്രസംഗം എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റി.


'ഈ സ്‌ക്കൂളിലേക്ക് എന്നെ ചേര്‍ക്കാന്‍ കൂട്ടി കൊണ്ടു വന്ന കാനാ കുഞ്ഞിരാമന്‍ മാഷ് പറ്റിച്ച കാര്യം എന്നും മറക്കില്ല. മടിച്ചു നിന്ന എന്നെ അദ്ദേഹത്തിന്റെ ജുബ്ബയുടെ പോക്കറ്റിലുണ്ടായ പ്ലാസ്റ്റിക്ക് തത്ത കാണിച്ച് കൂടെ വന്നാല്‍ നിനക്കിത് സമ്മാനമായി തരുമെന്ന് പറഞ്ഞു. പ്ലാസ്റ്റിക്ക് തത്തയെ ഞെക്കി കരയിക്കും. ഞാന്‍ പിന്നാലേ പോവും വീണ്ടും തത്തയെ മാഷ് പോക്കറ്റിലിടും. ഞാന്‍ നടത്തം നിര്‍ത്തും. വീണ്ടും തത്തയെ കാണിച്ച് മാഷ് പ്രോല്‍സാഹിപ്പിക്കും. സ്‌ക്കൂളില്‍ എത്തിയപ്പോള്‍ മാഷിന്റെ മട്ടും സ്വഭാവവും മാറി. എന്നെ ഒന്നാം ക്ലാസിലിരുത്തി മാഷ് പോയി. തത്തയെ തന്നില്ല. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് വിഷമം ഉണ്ട്. ഒന്നാം ക്ലാസില്‍ ചെയ്ത ഒരു വിഡ്ഢിത്തവും മനസ്സില്‍ നിന്ന് മായില്ല. ഞാനും കൂട്ടുകാരായ നാരായണനും ജനാര്‍ദ്ദനനും ഒന്നാം ക്ലാസിന്റെ മുറ്റത്ത് ചെണ്ടു മല്ലിക പൂവിന്റെ വിത്ത് വിതറി. നല്ല പോലെ വളരാന്‍ വിത്തിട്ട സ്ഥലം അടിച്ചു ഉറപ്പിച്ചു. ആ വിത്തൊന്നും മുളച്ചില്ല…. കൂട്ടുകാരും അധ്യാപകരും ചിരിയോട് ചിരി തന്നെ'.


നാട്ടിലെങ്ങും വ്യക്തികള്‍ അവര്‍ക്കുണ്ടാകുന്ന ബാധ്യതകള്‍ തീര്‍ക്കാന്‍ തേയില സല്‍ക്കാരം നടത്തി പണം ശേഖരിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന കാലം. ചെറിച്ച കച്ചവടക്കാരനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റെഡ് വളണ്ടിയര്‍ ആണ്. നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്ന വ്യക്തിയാണ്. സാമ്പത്തിക സഹായവും ചെയ്തുകൊടുക്കാറുണ്ട്. തേയില സല്‍ക്കാരം നടത്തുന്നവിടങ്ങളിലെല്ലാം ചെല്ലും പണം നല്‍കും. അതൊന്ന് തിരിച്ചു വാങ്ങാനുളള ആലോചനയില്‍ മജീദിന്റെ സുന്നത്ത് കര്‍മ്മം നടത്തിയാലോ എന്ന ആശയം വന്നു. അന്ന് മജീദ് ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞു നില്‍ക്കുകയാണ്. മെയ് അഞ്ചിനാണ് മജീദിന്റെ സുന്നത്ത് കര്‍മ്മം നടത്താന്‍ തീരുമാനിച്ചത്. ക്ഷണകത്തിന്റെ രൂപം മജീദിന്റെ മനസ്സില്‍തെളിഞ്ഞു വന്നു. മഞ്ഞ ബോര്‍ഡറോടുകൂടിയ വെളളകാര്‍ഡിലാണ് കത്ത്.


'എന്റെ മരുമകന്‍ മജീദ് എന്ന കുട്ടിയുടെ സുന്നത്ത് അടിയന്തിര കര്‍മ്മം 1961 മെയ് അഞ്ചിന് നടക്കുകയാണ്. അതോടനുബന്ധിച്ച് എന്റെ ഭവനത്തില്‍ നടത്തുന്ന തേയില സല്‍ക്കാരത്തില്‍ താങ്കള്‍ കുടുംബസമേതം പങ്കെടുക്കണമെന്ന് സവിനയം അപേക്ഷിക്കുന്നു'. അന്ന് ‘നര്‍മ്മദാ സൗണ്ട്’ സര്‍വ്വീസിന്റെ മൈക്ക് സെറ്റ് എത്തി. വലിയ കോളാമ്പി വീട്ടുമുറ്റത്തുളള തെങ്ങിൽ കെട്ടി. രാവിലെ 10 മണി മുതല്‍ പാട്ട് വെക്കാന്‍ തുടങ്ങി. ആളുകള്‍ വരുന്നുണ്ട് ചായയും പലഹാരവും കഴിക്കുന്നുണ്ട്. വറുത്ത അവലും ചിപ്‌സും, ലഡുവും ചെറുപഴവുമാണ് കടി. ആളുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്. ചിലര്‍ മജീദിന് സമ്മാനം നല്‍കുന്നുണ്ട്. സന്ധ്യ ആവാറായി. മജീദിന്റെ ഉളള് പിടക്കാന്‍ തുടങ്ങി നബീസുമ്മ മജീദിനെ അടുത്ത് പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. തലോടിയും സമാധാനിപ്പിച്ചും ഉമ്മ കൂടെത്തന്നെയുണ്ട്.


ആരോ വിളിച്ചു പറയുന്നത് കേട്ടു 'പിളളമാരെ റഡിയാക്കി നിര്‍ത്തൂ. ഒസ്സാന്‍ എത്തി'. കേട്ടപാടെ മജീദ് പൊട്ടിക്കരയാന്‍ തുടങ്ങി. ഉമ്മയും ഉറക്കെ കരയുന്നുണ്ട്. കവിളില്‍ ഉമ്മവെച്ച്കരഞ്ഞു കൊണ്ട് ഉമ്മ പുറത്തേക്കോടി. മജീദിനെ ആരോ പിടിച്ചു കൊണ്ടു പോയി. മീത്തലെ കൊട്ടിലിലെത്തിച്ചു. അരയിലെ മുണ്ട് വലിച്ചൂരിമാറ്റി. പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ എല്ലാവരേയും കാണുന്നുണ്ട്. ചുവന്ന കണ്ണും നരച്ച താടിമീശയും തലേകെട്ടുമുളള ആളാണ് ഒസ്സാനെന്നു മനസ്സിലായി. അങ്ങേരുടെ കയ്യില്‍ മുടികത്തിയുണ്ട്. അതിന്റെ വായ്ത്തല തിളങ്ങുന്നുണ്ട്. മജീദ് വലിയ വായില്‍ കരയാന്‍ തുടങ്ങി. തുടക്ക് നല്ലൊരു അടി കിട്ടി. ബോധം നശിച്ചു പോയി ആ അടിയോടെ. പിന്നെ ഒന്നും ഓര്‍മ്മയില്ല. മജീദ് വേദനകൊണ്ട് പുളഞ്ഞു. മൂത്രകുഴലിന്റെ അറ്റത്തുനിന്ന് ചോര വാര്‍ന്നൊഴുകുന്നുണ്ട്. മണ്ണ് നിറച്ച ചിരട്ടയില്‍ ചോര വീണു നനഞ്ഞു കുതിര്‍ന്നു. പുകച്ചില്‍ സഹിക്കാതെ മജീദ് നിലവിളി തന്നെ.


തുടര്‍ന്ന് ഇബ്രാഹിമിനെയും ഉസ്മാനേയും ഇതേ പോലെ ചെയ്തു. പായ വിരിച്ച് ഞങ്ങള്‍ മൂന്നു പേരേയും നിരത്തി കിടത്തി. മുറിവില്‍ മരുന്ന് വെച്ചു കെട്ടി. തുലാനില്‍ ആണി തറച്ച് തുണിപൊക്കി കെട്ടി മലര്‍ന്നു തന്നെ കിടക്കണം. ഹാവൂ ഒരാഴ്ച കഴിഞ്ഞപ്പോള്‍ രക്ഷപ്പെട്ടു. കുളിച്ച് പുതിയ ഷര്‍ട്ടും മുണ്ടും ധരിച്ച് നടക്കാനിറങ്ങിയതായിരുന്നു. അപ്പോള്‍ മീന്‍ വില്‍പനക്കാരി പാറ്റ ഏട്ടി എതിരേ വരുന്നു. മജീദിനോട് പാറ്റയേട്ടിക്ക് വലിയ ഇഷ്ടമാണ്. സുന്ദരിയാണ് പാറ്റയേട്ടി. മജീദിനെ വഴിയില്‍ കണ്ടാല്‍ കവിളില്‍ നുളളി ആ വിരല്‍ ചുണ്ടോടടുപ്പിച്ച് ഉമ്മ വെക്കും. “നോക്കട്ടെ മോനെ നിൻറേത്, അടിയിലേ മുറിച്ചിനോ'.... മജീദ് ഓടിപ്പോയി.

(തുടരും)




Keywords: Kookanam-Rahman, Article, Kerala, Knife, School, Food, Shop, Shopkeeping, Majeed, The shining knife in Osan's hand.

Post a Comment