Follow KVARTHA on Google news Follow Us!
ad

Delhi Trip | ഡെൽഹി യാത്രയുടെ മധുര നൊമ്പരങ്ങൾ

Sweet and sad moments of trip to Delhi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം 20)

/ കൂക്കാനം റഹ്‌മാൻ

(www.kvartha.com) മാഷ് എന്ന വിളിപ്പേര് മരണം വരെ ഉണ്ടാകുമെന്ന് മജീദിന് അറിയാം. പ്രവര്‍ത്തന മേഖല മാറിപ്പോയാലും ആ വിളിപ്പേര് മാറില്ല. വടക്കേ മലബാറുകാരുടെ ബഹുമാനപൂര്‍വ്വമായ വിളിയാണത്. തെക്ക് നിന്ന് വന്ന ഒരു പ്രവര്‍ത്തകന്റെ സ്വഭാവത്തെക്കുറിച്ച് മജീദ് ഓര്‍ക്കുകയായിരുന്നു. രാമന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. കളക്ടറേറ്റില്‍ ഉയര്‍ന്ന തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ ഒരു സുഹൃത്ത് അറിയാതെ ‘രാമന്‍ മാഷെ’ എന്നു വിളിച്ചുപോയി. ‘രാമന്‍ സാര്‍’ എന്ന് വിളിച്ചാലെ അദ്ദേഹത്തിന് തൃപ്തിവരൂ. ‘മാഷെ’ വിളി അവിടങ്ങളിലൊക്കെ അപകര്‍ഷത ഉണ്ടാക്കുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

മജീദിന് ഇപ്പോള്‍ കിട്ടിയ ഡെസിഗ്നേഷന്‍ പ്രൈമറി എഡുക്കേഷന്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ എന്നാണ്. പക്ഷേ ആരും ആ പേരില്‍ മജീദിനെ വിളിച്ചില്ല. അപ്പോഴും മാഷ് തന്നെ. അതാണ് മജീദിന് ഇഷ്ടവും. കോളനികള്‍ സന്ദര്‍ശിക്കുകയും, അവിടങ്ങളിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും പഠനകാര്യങ്ങളിലുളള വിമുഖത മാറ്റിയെടുക്കുക, കൊഴിഞ്ഞു പോക്കില്ലാതാക്കുക, പഠനോപകരണങ്ങള്‍ കൊടുത്ത് സഹായിക്കുക എന്നിവയായിരുന്നു ചെയ്യേണ്ടിയിരുന്ന ജോലി. അങ്കണ്‍വാടികള്‍ സന്ദര്‍ശിക്കുകയും, കൗമാരക്കാരുടേയും രക്ഷകര്‍ത്താക്കളുടേയും യോഗങ്ങളില്‍ പങ്കെടുത്ത് അവരെ ബോധവല്‍ക്കരിക്കുകയെന്നതും പ്രവര്‍ത്തനങ്ങളില്‍ പെട്ടതായിരുന്നു. ഉള്‍നാടന്‍ കോളനികളില്‍ ചെല്ലുമ്പോള്‍ അവിടങ്ങളിലെ നന്മ നിറഞ്ഞ ഗ്രാമീണര്‍ സ്‌നേഹ ബഹുമാനപൂര്‍വ്വം നല്‍കുന്ന സ്വീകരങ്ങള്‍ മജീദിന്റെ മനസ്സില്‍ സന്തോഷം നിറച്ചു.

ഇത്തരം ഒരു തസ്തിക ഇതിനു മുമ്പും കാസര്‍കോടുണ്ടായിരുന്നു. പക്ഷേ ആ തസ്തികയില്‍ ഇരുന്നവരാരും സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനുളള താല്‍പര്യം കാണിച്ചിരുന്നില്ല. മജീദിന്റെ ഭാവനയില്‍ തെളിഞ്ഞുവന്ന ആശയങ്ങള്‍ പ്രയോഗവല്‍ക്കരിച്ചപ്പോള്‍ സഹായത്തിനായി പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്നോട്ടു വന്നു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വിദ്യാഭ്യാസ ഓഫീസര്‍ അങ്കണ്‍വാടി സൂപ്പര്‍വൈസര്‍മാര്‍. പത്രപ്രവര്‍ത്തകര്‍ തുടങ്ങി പലരും സഹകരിച്ചു. അതില്‍ അങ്കണ്‍വാടി സൂപ്പര്‍ വൈസര്‍ വല്‍സലയുടെ സഹകരണം എടുത്തു പറയേണ്ടതുതന്നെയാണ്. തലേ ദിവസം പ്ലാന്‍ ചെയ്ത സ്ഥലത്ത് അവര്‍ കൃത്യസമയത്ത് എത്തിച്ചേരും. ബസ്സിലാണ് യാത്ര. ബസ്സിറങ്ങി ദീര്‍ഘദൂരം കാല്‍നടയായി പോയാലേ കോളണികളിലും അവിടെ സ്ഥിതിചെയ്യുന്ന അങ്കണ്‍വാടികളിലും എത്തിപ്പെടാന്‍ പറ്റൂ.

നല്ല ഉയരവും വണ്ണവും ഉളള വ്യക്തിയാണ് വല്‍സല. മുപ്പത് വയസ്സ് പിന്നിട്ടുണ്ടാവും. ഇതേ വരെ വിവാഹിതയായിട്ടില്ല. കുടുംബ ബാധ്യത ഉളളതിനാല്‍ വിവാഹക്കാര്യം നീണ്ടുപോയാണ്. പലപ്പോഴും മജീദ് മാഷും വല്‍സലയും ഒന്നിച്ചാണ് യാത്ര ചെയ്യ്തിരുന്നത്. വന മേഖലയിലൂടെയും മണ്‍പാതയിലൂടെയും ചുട്ടുപൊളളുന്ന വെയിലിലും നടക്കേണ്ടി വന്നിട്ടുണ്ട്. നടന്നു ക്ഷീണിച്ചാല്‍ തണല്‍ കിട്ടുന്നിടത്ത് വിശ്രമിക്കും. വല്‍സലയുടെ കയ്യില്‍ എന്തെങ്കിലും ഭക്ഷണപ്പൊതിയും, കുപ്പിയില്‍ വെളളവുമുണ്ടാവും. മജീദിന് നല്‍കാനാണ് വല്‍സല ഇതൊക്കെ കരുതുന്നത്. വല്‍സല ഇവിടങ്ങളിലൊക്കെ സാധാരണയായി സന്ദര്‍ശിക്കുന്ന വ്യക്തിയാണ്. തലേ ദിവസം ഏത് അങ്കണ്‍വാടിയിലേക്കാണ് പോകേണ്ടതെന്ന് പ്ലാന്‍ ചെയ്യുമ്പോള്‍ അവിടങ്ങിലേക്കുളള യാത്രാദൂരവും മറ്റും വല്‍സലയ്ക്ക് കൃത്യമായിട്ടറിയാം. അതിനുളള കരുതലോടെയാണ് വല്‍സല തയ്യാറാവുക.
  
Kookanam-Rahman, Entertainment, Article, Teacher, Job, Girl, Kerala, Train, Delhi, Love, Job, Sweet and sad moments of trip to Delhi.

മജീദ് മാഷ് കുടയൊന്നും കരുതാറില്ല. വല്‍സലയുടെ കുടയില്‍ കൂടി ഒപ്പം നടക്കും. മജീദിന്റെ ഉയരക്കുറവ് കാരണം വല്‍സലയാണ് കുടപിടിച്ചു നടക്കാറ്. മുട്ടിയുരുമ്മി നടക്കുന്നതില്‍ പരിഭവവമൊന്നും വല്‍സല കാണിക്കാറില്ല. വനമേഖലയിലൂടെ പോകുമ്പോള്‍ നീര്‍ച്ചാലില്‍ ഇറങ്ങി കാലും മുഖവും കഴുകി അതിന്റെ കരയില്‍ കുറച്ചുനേരം വിശ്രമിക്കും. കാണാന്‍ സുന്ദരിയൊന്നുമല്ല വല്‍സല. പല്ല് അല്പം പുറത്തേക്കുന്തി മുഖമാകെ മുഖക്കുരു നിറഞ്ഞ് കറുത്ത പാടുകള്‍ അവിടവിടെയായി മുഖത്ത് കാണാം. പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥത നിറഞ്ഞ വ്യക്തിയാണ്. അതിനാല്‍ അങ്കണ്‍വാടി വര്‍ക്കര്‍മാരും തലപ്പത്തുളള ഓഫീസര്‍മാരും വല്‍സലയെ ഇഷ്ടപ്പെടുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.

വല്‍സലയ്ക്ക് മജീദിനോട് എന്തോ അടുപ്പം തോന്നുന്നുണ്ട് എന്ന് തീര്‍ച്ചയാണ്. പക്ഷേ ഇക്കാര്യം പരസ്പരം ഇരുവരും ഇതേവരെ സംസാരിച്ചിട്ടില്ല. പ്രതികരണമെന്തായിരിക്കും എന്ന ഭയമായിരിക്കാം വല്‍സല മജീദിനോട് തുറന്നു പറയാതിരിക്കാന്‍ കാരണം. അവള്‍ ഉളളിലൊതുക്കി കഴിയുകയാണെന്ന് മജീദിനറിയാം. യൗവനയുക്തയായ സ്ത്രീ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാതെ കുടുംബം പുലര്‍ത്താന്‍ പാടു പെടുന്നു. രക്ഷിതാക്കള്‍ക്കും അവളുടെ വിവാഹത്തെക്കുറിച്ച് ചിന്തയില്ല. ഒരു കറവപ്പശുവായി മാത്രം അവളെ കാണുകയാണ്. അവസരം കിട്ടിയാല്‍ അവളുടെ മനസ്സ് പതറി പോവും എന്നിട്ടും വല്‍സല പിടിച്ചു നില്‍ക്കുകയാണ്. ഒരു നിമിഷം മതി എല്ലാം വഴുതിപോവാന്‍. ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ, വനാന്തരങ്ങളിലൂടെ മജീദും വല്‍സലയും നിരവധി തവണ ഒപ്പം നടന്നു എന്നിട്ടും വല്‍സലയില്‍ പുറമേക്ക് ഒരു സൂചനയും കണ്ടില്ല. മജീദും അവളെക്കുറിച്ച് പഠിക്കുകയായിരുന്നു.

മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് മജീദിനൊരറിയിപ്പ് കിട്ടി. ഭാരത് വിജ്ഞാന്‍ ജാഥയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തക പരിശീലനത്തില്‍ പങ്കെടുക്കണമെന്നായിരുന്നു അറിയിപ്പ്. കൂടെ രണ്ട് പ്രവര്‍ത്തകരെ കൂടി കൊണ്ടുപോകാം. ഇക്കാര്യം മജീദ് വല്‍സലയുടെ ശ്രദ്ധയില്‍ പെടുത്തി. ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് അനുവാദം വാങ്ങി വല്‍സലയും വരാമെന്നു ഉറപ്പുപറഞ്ഞു. മജീദ് മറുപടി പറഞ്ഞില്ല. വീട്ടിലെത്തി നബീസുമ്മയോട് ഡല്‍ഹിയാത്രയും, കൂടെ വല്‍സല വരുന്നുണ്ടെന്നു പറഞ്ഞു. നബീസുമ്മ മറുത്തൊന്നു പറഞ്ഞില്ല പതിവു പല്ലവി മാത്രം, 'ശ്രദ്ധിക്കണേ മോനെ'.

നബീസുമ്മയുടെ അനുഗ്രഹം വാങ്ങി മജീദ് സ്റ്റേഷനിലെത്തി. വല്‍സലയോടൊപ്പം സ്റ്റേഷനിലേക്ക് അവളുടെ അനിയനും വന്നിരുന്നു. രാജധാനിയിലാണ് യാത്ര. സുഖകരമായ അനുഭവമായിരുന്നു . തിരുവനന്തപുരത്തു നിന്ന് രാധാമണി മാഡവുമുണ്ടായിരുന്നു. രാധാമണി മാഡം സാഹിത്യകാരിയാണ്. മജീദിന് മുമ്പേ അറിയുന്ന വ്യക്തിയാണ്. എപ്പോഴും വായനയാണ്. കയ്യില്‍ രണ്ടോ മൂന്നോ പുസ്തകം കരുതിയിട്ടുണ്ട്. മജീദിന് യാത്രയില്‍ വായന ഇഷ്ടമല്ല. പുറത്തേ കാഴ്ചകള്‍ കാണാനാണ് താല്‍പര്യം. രാധാമണി മാഡം വായനയിലും മജീദും വല്‍സലയും പുറം കാഴ്ചയിലും മുഴുകിയിരുന്നു.

ഡല്‍ഹിയില്‍ ട്രെയിനിറങ്ങി. സൈക്കിള്‍ റിക്ഷയില്‍ ക്യാമ്പിലെത്തി. വലിയൊരു പന്തലിലാണ് പരിപാടി മജീദിനെക്കൂടാതെ പത്തോളം വ്യക്തികള്‍ കേരളത്തില്‍ നിന്നുണ്ട്. ചര്‍ച്ചകളും ക്ലാസുകളും പൊടിപൊടിക്കുന്നുണ്ട്. ആ സമയത്ത് ഡല്‍ഹി ചുട്ടുപൊളളുകയായിരുന്നു. കിടക്കാന്‍ വലിയ ഹോളാണ്. സ്ത്രീകള്‍ ഹാളിന്റെ ഒരു ഭാഗത്തും, പുരുഷന്‍മാര്‍ വേറൊരുഭാഗത്തും. തടിച്ച് വെളുത്ത സുന്ദരിയായിരുന്നു രാധാമണി മാഡം. എഴുത്തിലൂടെയും ഫോണ്‍വിളിയിലൂടെയും മജീദും രാധാമാഡവും പരസ്പരം അറിഞ്ഞിട്ടുണ്ട്. മുപ്പത്കാരനായ മജീദിനോട് അറുപത്കാരിയായ രാധയ്ക്ക് വല്ലാത്തൊരു സ്‌നേഹവായ്പായിരുന്നു. രാധാമാഡത്തിന്റെ ഭര്‍ത്താവ് അസുഖബാധിതനായി കിടപ്പിലാണ്. പേരുകേട്ട കുടുംബാംഗമാണ് രാധ.

മാധവിക്കുട്ടിയുടെ ആരാധികയാണ് രാധ. പ്രായം ഇത്രയായിട്ടു പ്രണയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. ഒരു ദിവസം മജീദിനോട് മാഡത്തിന്റെ ഒരു ചോദ്യം. 'മജീദേ നമുക്കൊന്നു പ്രണയിച്ചാലോ?'. മജീദിന് അവരുടെ സ്വഭാവത്തെക്കുറിച്ച് അറിയുന്നതുകൊണ്ട് മറുപടി ഒരു ചിരിയിലൊതുക്കി. ഈയൊരു സംഭാഷണം ഉണ്ടായത് കുറച്ചുനാള്‍ക്കു മുമ്പായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇത്തരം സംഭാഷണശകലങ്ങള്‍ രാധാമണിയില്‍ നിന്ന് ഉണ്ടാവാറുണ്ട്. 'എന്റെ വയസ്സ് മജീദ് നോക്കണ്ട മനസ്സ് യൗവനത്തിന്റേതാണ്', എന്ന് ഇടയ്ക്കിടെ പറയാറുണ്ട്.

ഡല്‍ഹിയിലെ പരിശീലന പരിപാടിയുടെ അവസാനത്തെ ദിവസം രാത്രി മജീദ് നല്ല ഉറക്കത്തിലായിരുന്നു. മുഖത്ത് ആരോ സ്പര്‍ശിക്കുന്നതായി തോന്നി. മൂക്കില്‍ ചൂടുളള നിശ്വാസം തട്ടി. മജീദ് കണ്ണ് മിഴിച്ചു നോക്കി. ചുണ്ടില്‍ വേദന തോന്നി. രാധാമാഡം എഴുന്നേറ്റ് പോവുന്നതു കണ്ടു. ഒന്നും പ്രതികരിക്കനാവാതെ മജീദ് വീണ്ടും ഉറക്കത്തിലാണ്ടു. രാവിലെ എഴുന്നേറ്റപ്പോള്‍ രാധമാഡം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 'ദീര്‍ഘനാളത്തെ എന്റെ ആഗ്രഹം പൂര്‍ത്തിയായി. മജീദ് ഒന്നു അറിഞ്ഞില്ല അല്ലേ?'. മജീദിന് സന്തോഷമല്ല തോന്നിയത് ഭയമാണ്. എങ്ങിനെ മാഡത്തിന് ഈ ധൈര്യം കിട്ടി? എന്ന് മജീദ് ചിന്തിച്ചു. ഇക്കഥ ആരോടും പറയാന്‍ പറ്റില്ല. ഇത് ആദ്യത്തെ അനുഭവമാണു താനും. മജീദിന്റെ അമ്മയുടെ പ്രായമുളള ഒരു സ്ത്രീയില്‍ നിന്നു കിട്ടിയ മധുരമുത്തം.

തിരിച്ചുളള ട്രെയിന്‍ യാത്രയില്‍ വല്‍സലയുടെ മുഖത്ത് അസന്തുഷ്ടി നിഴലിക്കുന്നത് കണ്ടു. രാധാമാഡത്തില്‍ നിന്നുണ്ടായ പ്രതികരണം വല്‍സലയുടെ ശ്രദ്ധയില്‍ പെട്ടോ എന്നൊരു ഭയം മജീദിനുണ്ടായി. വല്‍സലയുമായി പരിശീലനപരിപാടിയിലെ പ്രധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യവേ വല്‍സല പറഞ്ഞു. 'മാഷെന്തിനാ എന്നെയും കൂട്ടി ഇവിടേക്ക് വന്നത്? ഞാന്‍ മാഷില്‍ നിന്ന് എന്തൊക്കെയോ പ്രതീക്ഷിച്ചു. ഇങ്ങിനെയാണെങ്കില്‍ ഞാന്‍ വരില്ലായിരുന്നു', ഇത് കേട്ടപ്പോള്‍ മജീദും വല്‍സലയോട് തുറന്നുപറഞ്ഞു. 'എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ലാ വല്‍സലേ. നമുക്കെല്ലാം ചിന്തിക്കേണ്ടെ നമ്മുടെ കുടുംബം, നാട്ടുകാര്‍ എല്ലാം . നമുക്കിതുപോലെ തുടരാം. പരസ്പരം സ്‌നേഹിക്കാം . സന്തോഷസന്താപങ്ങള്‍ പങ്കുവെക്കാം. അതിനപ്പുറം നമ്മള്‍ പരസ്പരം ഒന്നും പ്രതീക്ഷിക്കരുത്'. വല്‍സലയുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകാന്‍ തുടങ്ങി. അവളെ സമാധാനിപ്പിക്കാന്‍ മജീദിന് വാക്കുകളില്ലായിരുന്നു.

(തുടരും)

ALSO READ:


Keywords: Kookanam-Rahman, Entertainment, Article, Teacher, Job, Girl, Kerala, Train, Delhi, Love, Job, Sweet and sad moments of trip to Delhi.< !- START disable copy paste -->

Post a Comment