Follow KVARTHA on Google news Follow Us!
ad

സ്നേഹപൂര്‍വം നബീസുമ്മ

With love, Nabisumma, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ്‌റ മകന്‍ മജീദ് (ഭാഗം -28) 

-കൂക്കാനം റഹ്മാന്‍

(www.kvartha.com) ഗ്രാമത്തില്‍ പുതുതായി തുടങ്ങിയ ഗവ. എല്‍പി സ്‌കൂളില്‍ മൂന്നാമതായി തിരുവനന്തപുരം സ്വദേശി 'അനിയന്‍' മാഷ് ജോയിന്‍ ചെയ്തു. ഇതിന് മുമ്പ് അവിടെ ഹെഡ്മാസ്റ്ററായി അടിയോടി മാഷും ഫസ്റ്റ് അസിസ്റ്റന്റായി മാരാര്‍ മാഷും ആണ് വന്നത്. ജാതി പേരില്ലാതെ ഒരു മാഷന്മാരും അന്നുണ്ടായിരുന്നില്ല. ജാതിപ്പേരില്ലാതെ വന്ന അനിയന്‍മാഷിനെ മജീദിന് ഇഷ്ടമായി. ടൗണില്‍ വാടകയ്ക്കാണ് അനിയന്‍മാഷ് താമസിക്കുന്നത്. അദ്ദേഹത്തിന് ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊടുക്കാമെന്ന് നബീസുമ്മ ഏറ്റു. അന്ന് വീട്ടില്‍ നിന്നുണ്ടാക്കി അനിയന്‍ മാഷിന് സ്‌ക്കൂളിലേക്കെത്തിച്ചു കൊടുക്കുന്ന ചോറും കറിയും മജീദിന് നല്ല ഓര്‍മ്മയുണ്ട്. ചൂട് ചോറും പരിപ്പ് കറിയും ഉണക്ക് മുളളന്‍ പൊരിച്ചതും കായ ഉപ്പേരിയും ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെളളമൂറും.
     
Article, Love, Food, Drinking Water, Students, Passenger, School, Mother, Nabisumma, With love, Nabisumma.

ഇതിന് പ്രതിഫലമൊന്നും നബീസുമ്മ വാങ്ങാറില്ല. കുഞ്ഞുങ്ങള്‍ക്ക് അറിവു പകര്‍ന്നു കൊടുക്കുന്ന മാഷല്ലെ, എന്നാണ് നബീസുമ്മയുടെ പക്ഷം. ഇതേ പോലെ നാരായണന്‍ മാഷിന് ചോറു നല്‍കിയ കാര്യം മജീദിന്റെ കുഞ്ഞുന്നാളിലെ ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്‍പ്പുണ്ട്. നാരായണന്‍ മാഷ് അധ്യാപക പരിശീലനത്തിന് പോകുന്ന സമയം അദ്ദേഹത്തിന്റെ അച്ഛന്‍ മുഴുക്കുടിയനായ കുഞ്ഞപ്പു വീട്ടില്‍ നിന്ന് നാരായണനെ അടിച്ച് പുറത്താക്കി. പഠനം അവസാനിപ്പിക്കേണ്ട സ്ഥിതിയിലെത്തി. കുഞ്ഞപ്പുവിന്റെ മദ്യപാനമാണ് മകനെ ദ്രോഹിക്കാനുളള അവസ്ഥയിലെത്തിച്ചത്. നാരായണന്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് അമ്മാവന്റെ കടയില്‍ അഭയം തേടി. അച്ഛന്‍ നാരായണനെ അന്വേഷിച്ചു നടക്കുകയാണ്. കണ്ടെത്തിയാല്‍ കൊല്ലും തീര്‍ച്ച. അങ്ങാടിയുടെ മച്ചിന്റെ മുകളില്‍ നാരായണനെ കിടത്തി. ആ സമയത്ത് നബീസു ഭക്ഷണം ഉണ്ടാക്കി നാരായണന് ആരും കാണാതെ എത്തിച്ചു കൊടുക്കും. മജീദിന്റെ അമ്മാവന്‍ അതിന് സഹായിയായിട്ട് നില്‍ക്കും.

വീടിന് സമീപത്തു കൂടി വഴിയാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നടന്നു പോകുമ്പോള്‍ നബീസുമ്മാന്റെ വീട്ടിലേക്ക് നോക്കും. നബീസുമ്മ പുറത്തുണ്ടെങ്കില്‍ വിശപ്പും ദാഹവും അകറ്റാന്‍ എന്തെങ്കിലും നല്‍കും. നബീസുവിന്റെ പറമ്പില്‍ മറ്റെവിടേയും കാണാത്ത പശമരമുണ്ട്. വലിയൊരു മരമാണ്. അതില്‍ നിറയെ പശക്കായ കായ്ച്ചു നില്‍ക്കും പാകമായാല്‍ മഞ്ഞക്കളറാണതിന്. മുന്തിരിക്കുല പോലെ കുലകുലയായിട്ടാണ് അവ മരത്തില്‍ കാണപ്പെടുക. പശപോലെയാണെങ്കിലും തിന്നാന്‍ പറ്റും. നല്ല രുചിയുളളതുമാണ്. മരത്തില്‍ കയറി പറിച്ചും എറിഞ്ഞിട്ടും കുട്ടികള്‍ അതാസ്വദിച്ചു തിന്നും. നബീസുമ്മ അതിന് സൗകര്യം ചെയ്തു കൊടുക്കും. പറമ്പില്‍ നാല് സീതാപഴമരങ്ങളുണ്ട്. സീസണില്‍ അവയില്‍ നിറയെ പഴം കായ്ച്ചു നില്‍ക്കും. പഴുക്കുന്നതിന് മുമ്പേ പറിച്ചെടുത്ത് വെണ്ണീര്‍ക്കൂനയില്‍ പൂഴ്ത്തിവെക്കും. രണ്ട് ദിവസം കൊണ്ട് പഴുത്തു കിട്ടും. സീതാപഴവും നബീസുമ്മ സ്നേഹപൂര്‍വ്വം വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. ഇതെല്ലാം കൊണ്ട് നബീസുമ്മമാനെ എല്ലാവര്‍ക്കും നല്ല ഇഷ്ടമാണ്.

നബീസുമ്മ പഴയ അഞ്ചാം ക്ലാസുകാരിയാണ്. രാവിലെ എഴുന്നേറ്റാല്‍ പത്ര വായന നിര്‍ബന്ധമാണ്. ഖുര്‍ആന്‍ പഠനത്തിലും മുന്നിലാണ്. മാലപ്പാട്ടുകളൊക്കെ ഹൃദ്വിസ്ഥമാണ്. മുഹ്യുദ്ദീന്‍ മാല നേര്‍ച്ച കഴിക്കാനും നബീസുമ്മ തയ്യാറാണ്. നാല് ആണ്‍മക്കളില്‍ ഏക പെണ്‍കുട്ടിയാണ് നബീസു. എല്ലാ ഇടപെടലുകളിലും ആണത്ത സ്വഭാവം നബീസുവിനുണ്ട്. ആങ്ങളമാരെല്ലാം കച്ചവടക്കാരായതിനാല്‍ അവരുടെ പീടികയില്‍ സഹായിയായി നില്‍ക്കും. നബീസുമ്മ ഉയരം കുറഞ്ഞ വെളുത്ത സുന്ദരിയാണ്. പക്ഷേ കിട്ടിയ ഭര്‍ത്താവ് അത്ര സുന്ദരനൊന്നുമല്ല. അതുകൊണ്ട് ഒപ്പം വരാനും പോകാനും നബീസുവിന് നാണമാണ്. അവര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലായ്മയുമുണ്ട്. മജീദിന് ഏഴുവയസ്സാകുമ്പോഴാണ് രണ്ടാമത്തെ അനിയനെ പ്രവസിക്കുന്നത്. വീണ്ടും ഏഴു വര്‍ഷം പിന്നിട്ടപ്പോഴാണ് മൂന്നാമത്തെ അനിയനെ പ്രസവിക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ മജീദിന്റെ ബാപ്പ, ഭാര്യാ വീട്ടിലേക്കു വരാറുളളൂ. മക്കളെ ശ്രദ്ധിച്ചു വളര്‍ത്താത്തതില്‍ നബീസുവും ഭര്‍ത്താവും തമ്മില്‍ പിണങ്ങാറുണ്ട്.

മരുമക്കത്തായ സമ്പ്രദായമാണ് അക്കാലത്ത് നലനിന്നുപോന്നത്. മജീദിന്റെ ബാപ്പയുടെ സ്വത്ത് മുഴുവന്‍ പെങ്ങള്‍ക്കും മരുമക്കള്‍ക്കുമാണ് നല്‍കിയിരുന്നത്. മക്കള്‍ക്ക് ഒന്നും കിട്ടിയില്ല. പക്ഷേ ബാപ്പയ്ക്ക് മക്കളോട് സ്നേഹമാണ്. പ്രത്യേകിച്ച് മൂത്തമകനായ മജീദിനോട് ബാപ്പ വീട്ടിലെത്തിയാല്‍ താലോലിക്കുകയും പാട്ടുപാടി ഉറക്കുകയും ചെയ്യുന്നത് മജീദ് ഇപ്പോഴും ഓര്‍ക്കാറുണ്ട്. അമ്മാവന്‍മാരുടെ ശിക്ഷണത്തിലാണ് മജീദും അനിയന്‍മാരും വളര്‍ന്നതെങ്കിലും അവരെ ശാരീരികമായി പീഡിപ്പിച്ചാല്‍ നബീസുമ്മ ബഹളം വെക്കും.

അമ്മാവന്‍മാരോട് കയര്‍ക്കും, പിണങ്ങും. നബീസുമ്മ പൊന്നുപോലെയാണ് മക്കളെ വളര്‍ത്തിയത്. നാട്ടുകാരൊക്കെ അക്കാര്യം പറയുന്നത് മജീദ് കേട്ടിട്ടുണ്ട്. വയറു നിറച്ച് ആഹാരം കഴിപ്പിച്ചിട്ടേ മജീദിനെ സ്‌കൂളിലേക്കു വിടൂ. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടി അലക്കി ഇസ്തരിയിട്ട ഷര്‍ട്ടും ട്രൗസറും ധരിപ്പിക്കും. അന്ന് കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ ശ്രദ്ധിച്ചപോലെ തന്നെ ഇന്നും മജീദിനെയും അനിയന്‍മാരെയും നബീസുമ്മ ശ്രദ്ധിക്കുന്നു. മാഷായിട്ടും വിവാഹം കഴിച്ചിട്ടും നബീസുമ്മാന്റെ മകനോടുളള ഇടപെടല്‍ പഴയതു തന്നെയാണ്.

നബീസുമ്മാന്റെ പറമ്പിന്റെ തൊട്ടടുത്തുളള അമ്പത് സെന്റ് സ്ഥലം തിരുവിതാംകൂറില്‍ നിന്നു വന്ന കൃഷ്ണപിളളവാങ്ങി. ഒരാഴ്ചക്കകം ഓലമേഞ്ഞ വീട് പണിതു. പിളളയും മക്കളും ഭാര്യയും മാത്രമാണ് ജോലിക്കാര്‍. അയല്‍പക്കത്തുളള കുണ്ടത്തില്‍ കുഞ്ഞാതിയേട്ടിയും ഉണ്ണീയന്‍ രാമന്റെ വീട്ടുകാരും, കോയ്യന്‍ ചിരുകണ്ടന്റെ വീട്ടുകാരും അത്ഭുതത്തോടയാണ് തെക്കുനിന്നു വന്ന ഈ കുടുംബത്തിന്റെ പ്രവര്‍ത്തികള്‍ നോക്കിക്കണ്ടത്, പിളളയുടെ ഭാര്യ ഭാര്‍ഗവി നബീസുമ്മയുടെ അടുത്ത സുഹൃത്തായി മാറി. പരസ്പരം കൊണ്ടും കൊടുത്തും അവര്‍ സ്നേഹം കൈമാറി. വാട്ട് കപ്പ ചാക്കു കണക്കിന് പിളള നാട്ടില്‍ നിന്നു കൊണ്ടു വന്നിട്ടുണ്ട്. ഭാര്‍ഗ്ഗവി എന്നും കുറച്ചു വാട്ടു കപ്പയുമായി നബീസുമ്മാനെ കാണാന്‍ വരും. വാട്ടുകപ്പയില്‍ കടലയും കൂടി ഇട്ടു വെക്കുന്ന 'ഇഷ്ടു' വളരെ രുചികരമാണ്. നബീസുമ്മ വീട്ടു പറമ്പില്‍ നിന്ന് ചക്കയും മാങ്ങയും ആവശ്യത്തിന് തേങ്ങയും ഒക്കെ ഭാര്‍ഗ്ഗവിക്ക് കൈമാറും.

നീളമുളള കൂന്താലി ഉപയോഗിച്ചു അതിരാവിലെ പറമ്പില്‍ കിളയ്ക്കുന്ന പിളളയെ നാട്ടുകാരൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. അതൊരു വേനല്‍ക്കാലമായിരുന്നു, അയല്‍പക്കത്തെ യുവാക്കളെല്ലാം മടിപിടിച്ച് കിടന്നുറങ്ങുമ്പോള്‍ തെക്കുനിന്നു വന്ന പിളളയും കുടുംബാംഗങ്ങളെല്ലാം അധ്വാനത്തിലായിരക്കും. സ്ഥലം മറിച്ച് മൂടകൂട്ടി കപ്പ തണ്ട് നടുന്നത് എല്ലാവരും നോക്കി നിന്നു. മൂന്നാലുമാസം കഴിയുമ്പോള്‍ പറമ്പിലെ കപ്പ കൃഷി ഉഷാറായി തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. നാട്ടുകാരെല്ലാം ഈ കൃഷിയും അതിന്റെ അധ്വാനവും തിരിച്ചറിഞ്ഞ് അല്‍ഭുതം കൂറി നിന്നു. ഇങ്ങിനെയാണ് അധ്വാനിക്കേണ്ടതെന്ന് നാട്ടുകാരെ ബോധിപ്പിക്കാന്‍ പിളളക്കും കുടുംബാംഗങ്ങള്‍ക്കും സാധിച്ചു. അടുത്ത വര്‍ഷം പിളളയുടെ പറമ്പിന്റെ സമീപത്തുളള എല്ലാവീടകളിലും കപ്പ കൃഷിചെയ്യാന്‍ തുടങ്ങി. ഇടയ്ക്ക് വാഴയും നട്ടു പിടിപ്പിച്ചു. വരണ്ടുണങ്ങിയ ചുവന്ന മണ്ണില്‍ പച്ചപ്പ് നിറഞ്ഞു. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ചയായിരുന്നു അത്.

നബീസുമ്മ ആ സമയത്ത് വെറ്റില മുറുക്കുന്ന സ്വഭാവം തുടങ്ങിയിരുന്നു. ഭാര്‍ഗവിയും മുറുക്കുന്നതില്‍ മിടുക്കിയാണ്. ഭക്ഷണം കഴിഞ്ഞ് അല്പം സൊറ പറഞ്ഞിരിക്കാന്‍ ഭാര്‍ഗവി നബീസുവിന്റെ വീട്ടിലെത്തും. വീട്ടുകാര്യം നാട്ടുകാര്യം കൃഷിക്കാര്യം അവരുടെ ചര്‍ച്ചയില്‍ വരും. രണ്ടുപേരും വിസ്തരിച്ച് മുറുക്കി കൊണ്ടാണ് ചര്‍ച്ച നടത്താറ്. മജീദ് അവരുടെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് മീത്തലെ കൊട്ടിലിലെ പത്തായത്തിന്റെ അരികില്‍ അമ്മാവന്‍ സമ്മാനിച്ച മരക്കസേരയിലിരുന്നു വായനയിലായിരിക്കും. ഭാര്‍ഗവി പറയുന്ന ഒരു പഴമൊഴി കേട്ട് മജീദിന് ചിരിപൊട്ടി. അന്യന്റെ വയറ്റിലെ തീട്ടം കണ്ടിട്ട് പട്ടിയെ പോറ്റരുത്, ഭാര്‍ഗവിയുടെ പറമ്പില്‍ കയറി അയല്‍വീട്ടിലെ ആട് വാഴത്തൈകള്‍ നശിപ്പിച്ചതിനെ പരാമര്‍ശിച്ചാണ് ഭാര്‍ഗവി ഈ പഴമൊഴി നബീസുവിനോട് പങ്കിട്ടത്.

ഭാര്‍ഗവി നബീസുവിന്റെ വീട്ടിലേക്കു വരുമ്പോള്‍ പത്താം ക്ലാസുകാരിയായ മകള്‍ ഓമനയും കൂടെ വരും. ഓമന കാണാന്‍ ചന്തമുളള കൂട്ടിയാണ്. പ്രായത്തേക്കാള്‍ ശാരീരിക വളര്‍ച്ചയുണ്ട്. ഭാര്‍ഗവിയും നബീസുവും വര്‍ത്തമാനം പറയുമ്പോള്‍ ഓമന മെല്ലെ മജീദ് മാഷിന്റെ അരികിലേക്ക് വരും. ചില വിഷയങ്ങളിലെ സംശയങ്ങള്‍ ചോദിക്കാനെന്ന മട്ടിലാണ് വരിക. സംശയം ചോദിക്കുകയും ചെയ്യും. പക്ഷേ മജീദിന്റെ ശരീരത്തില്‍ മുട്ടിയുരുമ്മിയാണ് ഓമന നില്‍ക്കുക. അമിതമായ അടുപ്പം കാണിക്കുന്നത് നബീസുമ്മാന്റെ ശ്രദ്ധയില്‍ പെട്ടു. നബീസു പഴയ കാര്യം ഒന്നു കൂടി സൂചിപ്പിച്ചു. 'പെണ്‍പിളളാരെ ശ്രദ്ധിക്കേണേ മോനേ'.

ഭാര്‍ഗവിയും ഓമനയും വീട്ടില്‍ വരുന്നതില്‍ നബീസുമ്മ അസ്വസ്ഥതയൊന്നും കാണിച്ചില്ല. ഓമന സാധാരണ പോലെ തന്നെ മജീദിന്റെ അടുത്തു ചെന്നു നില്‍ക്കും, സംസാരിക്കും. ശരീരത്തില്‍ സ്പര്‍ശിക്കും. ഇങ്ങിനെയൊക്കെയാണെങ്കിലും മജീദ് അല്‍പം പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നാലഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ അവിടം വിട്ട് വളക്കൂറുളള മണ്ണ് അന്വേഷിച്ച് പിളളയും കുടുംബവും മാറിപ്പോയി. ഭാര്‍ഗവിയും ഓമനയും വന്ന് യാത്ര ചോദിച്ചു. സ്നേഹത്തോടെ അവരെ യാത്രയാക്കി. ഓമന മജീദിന്റെ കയ്യില്‍ മുറുകെ പിടിച്ച് കുറേ നേരം നിന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് നിര്‍ന്നിമേഷനായി മജീദ് നോക്കിനിന്നു. ഒരു പാട് കാര്യങ്ങള്‍ പറയാന്‍ ബാക്കി വെച്ചായിരിക്കാം ഓമന യാത്ര പോയത്.

ALSO READ:













 



Keywords: Article, Love, Food, Drinking Water, Students, Passenger, School, Mother, Nabisumma, With love, Nabisumma.
< !- START disable copy paste -->

Post a Comment