Follow KVARTHA on Google news Follow Us!
ad

ആരോടും പറയാത്ത രഹസ്യങ്ങൾ

Secrets not told to anyone#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം 24) 

-കൂക്കാനം റഹ്‌മാൻ

(www.kvartha.com)
മജീദ് മാഷിന് നിരവധി അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഗുരുനാഥ സ്ഥാനത്തുളളവരുണ്ട്. അതില്‍ പ്രധാനിയാണ് പിടിബി എന്ന ത്രയാക്ഷരത്തില്‍ അറിയപ്പെടുന്ന പിടി ഭാസ്‌ക്കര പണിക്കര്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ മജീദിന് ഇഷ്ടമാണ്. വെളുത്ത് തടിച്ച ഉയരം കുറഞ്ഞ ഉറച്ച കമ്മ്യൂണിസ്റ്റുകാരനായ പിടിബി സാറിന് ഉറച്ച തീരുമാനങ്ങളുണ്ട്. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണെങ്കില്‍ പറ്റില്ല എന്നു തന്നെ പറയും. അദ്ദേഹം മജീദിന് ആഴ്ചയ്ക്ക് ഒരു കാര്‍ഡെങ്കിലും അയക്കും. അതില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക -വിദ്യാഭ്യസ രംഗങ്ങളിലെ വര്‍ത്തമാന കാലത്തെ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെതായ നിര്‍ദ്ദേശങ്ങളും കാണും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധ വേണമെന്നും എടുത്ത തീരുമാനങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്നും നിഷ്‌ക്കര്‍ഷയുളള വ്യക്തിത്വത്തിന്റെ ഉടമയാണ് പിടിബി എന്ന് പല അനുഭവങ്ങളിലൂടെയും മജീദ് മനസ്സിലാക്കിയിട്ടുണ്ട്.

അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു പറയുന്ന നിര്‍ദ്ദേശം വളരെ പ്രാധാന്യമുളളതാണ്. ആളുകള്‍ സഹായം അഭ്യര്‍ത്ഥിച്ചു നിങ്ങളെ സമീപിച്ചാല്‍ ഒരിക്കലും നാം അത് ശരിയാക്കിത്തരാം എന്നോ , ചെയ്തു തരാം എന്നോ വാക്കു കൊടുക്കരുത്. പ്രശ്‌ന പരിഹാരത്തിനുളള വഴി പറഞ്ഞു കൊടുക്കണം. എങ്കില്‍ അവര്‍ക്ക് അത് സ്വയം ചെയ്യാന്‍ സാധ്യമാവും. ഒരു ആത്മസംതൃപ്തി ഉണ്ടാവുകയും ചെയ്യും. ഈ ഉപദേശം മനസാ സ്വീകരിച്ചു കൊണ്ടാണ് മജീദ് തന്നെ ഏതെങ്കിലും സഹായത്തിന് സമീപിക്കുന്ന വ്യക്തികളുമായി ഇടപെടുക.

മജീദ് മാഷെ കണ്ടാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പറ്റുമെന്ന് പൊതുവെ ഒരു ധാരണ സമൂഹത്തിലുണ്ടായിട്ടുണ്ട്. പറയാന്‍ മടിക്കുന്ന പ്രയാസങ്ങള്‍ അദ്ദേഹത്തിനോട് നേരിട്ടു സംസാരിച്ചാല്‍ പരിഹരിക്കുന്ന മാര്‍ഗം പറഞ്ഞു തരുമെന്നും അത്തരം സ്വകാര്യതകള്‍ ഒരു കാരണവശാലും പുറത്താരും അറിയില്ലെന്നും ഉളള ധാരണ കൂടി അനുഭവപ്പെട്ടവര്‍ പരസ്പരം പറഞ്ഞിട്ടുണ്ടാവാം. കടലോരത്തെ 20 കാരി സുനിത മജീദിനെ കാണാന്‍ വന്നു. വെളുത്തു മെലിഞ്ഞ സുന്ദരിയാണ്. അഞ്ചു വയസ്സുകാരിയായ ഒരു മകളുമുണ്ട്. ചിരിച്ചുകൊണ്ടാണ് സുനിത മജീദിന്റെ മുറിയിലേക്കു കടന്നു വന്നത്. എന്തോ പ്രശ്‌നവുമായിട്ടാണ് വന്നതെന്നു മജീദിന് മനസ്സിലായി. സ്‌ക്കൂള്‍ വിദ്യാഭ്യാസം പത്താം ക്ലാസുവരെ മാത്രമേയുളളൂ. തുടര്‍ന്ന് പ്രൈവറ്റായി പഠിച്ച് ഡിഗ്രി പാസായി. തൊഴിലൊന്നുമില്ല, ഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വ്വീസിലാണ്.

സുനിത പറഞ്ഞു തുടങ്ങിയതിങ്ങിനെയാണ്. 'ഞാനൊരു ധര്‍മ്മ സങ്കടത്തിലാണ് മാഷെ, ആരോരുമറിയാത്ത ഒരു രഹസ്യവും കൊണ്ടു നടക്കുകയാണ്. ഞാനാരോടും ഇതേവരെ അക്കാര്യം പറഞ്ഞിട്ടില്ല. പറയാന്‍ പറ്റുകയില്ല എന്നെനിക്കറിയാം. എന്റെ മനസ്സിന്റെ ഭാരം ഒന്നു താഴ്ത്തി വെക്കണം. പതിനഞ്ചു വയസ്സില്‍ വിവാഹിതയായവളാണ് ഞാന്‍. അന്ന് വിവാഹത്തിനോട് താല്‍പര്യം ഇല്ലാത്തതായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു വ്യക്തിയെ കിട്ടിയപ്പോള്‍ രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ചു. മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. വയസ്സില്‍ ഞങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ടായിരുന്നു. അതൊക്കെ പിന്നീടാണ് ഞാനറിയുന്നത്. എങ്കിലും ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ് കഴിയുന്നത്. പരസ്പരം എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യും. പക്ഷെ ഒരു രഹസ്യം ഇതേ വരെ അദ്ദേഹവുമായി പങ്കുവെച്ചിട്ടില്ല. അതറിഞ്ഞാല്‍ എന്താകും എന്നോടുളള പ്രതികരണം എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല'.
  
Article, Teacher, Story, Study Class, Secret, Love, Issue, Kookanam-Rahman, Secrets not told to anyone.

ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ മജീദ് പ്രതികരിച്ചു, 'സുനിതേ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. അതില്‍ ആദ്യം വേണ്ടത് മനസ്സില്‍ രൂപമെടുത്ത പ്രയാസം മറ്റുളളവരുമായെങ്കിലും സത്യസന്ധമായി പങ്കുവെക്കുക എന്നുളളതാണ്. അതും രഹസ്യമായിട്ടായിരിക്കണം എന്നുളളതും പ്രധാനമായി എടുക്കണം. ഇനി സുനിത പറയൂ'.

'മാഷെ ഞാനറിഞ്ഞിരുന്നില്ല അയാള്‍ എന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന കാര്യം. ഒരിക്കലും വാക്കിലോ നോക്കിലോ അതയാള്‍ പ്രകടിപ്പിച്ചിരുന്നില്ല. അങ്ങിനെ എന്തെങ്കിലും ഒരു സൂചന തന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും അയാളുമായുളള ജീവിതമായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക. അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നു. കാണാന്‍ സുമുഖനാണ്. അല്പം ഉയരക്കുറവ് എന്ന അപാകതയെ എനിക്ക് തോന്നിയിട്ടുളളൂ. എന്റെ വിവാഹം നടന്നിട്ട് അഞ്ചു വര്‍ഷത്തോളമായി. ഇപ്പോഴും എന്നെ സ്‌നേഹിക്കുന്ന ആ വ്യക്തി ആരുമറിയാതെ എന്നെ കാണാനെത്തും. വര്‍ഷത്തില്‍ ഓണം, ക്രിസ്തുമസ്, ദീപാവലി തുടങ്ങിയ ആഘോഷനാളുകളില്‍ എന്തു തിരക്കുണ്ടായാലും ഞാനറിയാതെ അയാള്‍ എന്നെ കണ്ടിരിക്കും. എനിക്കായി ഒരു സമ്മാനപ്പൊതി അടുത്തുളള കടയില്‍ ഏല്‍പ്പിക്കും. എന്റെ വിവാഹ വാര്‍ഷികദിനത്തില്‍ എവിടെയായിരുന്നാലും സമ്മാനങ്ങളുമായി കാണാനെത്തും.

അയാള്‍ ഇതേ വരെ വിവാഹിതനായിട്ടില്ല. ഇനിയൊരു വിവാഹം വേണ്ട എന്നാണ് അയാള്‍ പറയുന്നത് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ പറ്റിയില്ലല്ലോ ഞാന്‍ ഇങ്ങിനെ തന്നെ കഴിഞ്ഞോളാം. ഇതാണദ്ദേഹത്തിന്റെ നിലപാട്. എന്റെ വീട്ടുകാര്‍ ഇക്കാര്യം അറിയില്ല. ഞങ്ങളുടെ കുടുംബജീവിതം തകര്‍ക്കാന്‍ അയാള്‍ ഒരുക്കമല്ല. ഞങ്ങള്‍ സുഖമായി ജീവിച്ചു പോകണമെന്നേ അയാള്‍ക്കാഗ്രഹമുളളൂ. അദ്ദേഹത്തിന്റെ ഈ സമീപനത്തില്‍ എനിക്ക് പ്രയാസമുണ്ട്. ഞാന്‍ എന്തു ചെയ്യണമെന്ന് മാഷ് പറഞ്ഞു തരണം'.

'സുനിതേ അദ്ദേഹം ഉപദേശം കൊണ്ടൊന്നും ഇതില്‍ നിന്ന് മാറില്ല. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞ് വേദനിപ്പിക്കുകയും വേണ്ട. ഏതായാലും സുനിതയുടെ കുടുംബജീവിതത്തിന് തടസ്സമായി നില്‍ക്കാന്‍ അദ്ദേഹം വരില്ല. സുനിതയ്ക്ക് അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിൽ വിഷമം തോന്നേണ്ട കാര്യമില്ല. നിങ്ങള്‍ തമ്മിലുളള ഈ സ്‌നേഹബന്ധം ഇതേ പോലെ തുടരട്ടെ. അതില്‍ മാറ്റംവരുത്തിയാലാണ് പ്രശ്‌നങ്ങൾ ഉണ്ടാവുക. ശ്രദ്ധിക്കേണ്ടത് രഹസ്യമായി വെക്കുന്നതിലും കൂടിക്കാഴ്ചകള്‍ അതീവ സൂക്ഷ്മതയോടെ ചെയ്യുന്നതിലുമാവണം'.

ഇതേവരെ ആരും പറയാത്ത ദുഖവാര്‍ത്തയുമായാണ് അമ്പത് കഴിഞ്ഞ തൊഴിലാളി സ്ത്രീ മാഷെ കാണാന്‍ വന്നത്. അവർ റബ്ബര്‍ വെട്ടുതൊഴിലാളിയാണ്. പ്രായപൂര്‍ത്തിയായ രണ്ടുമക്കളുണ്ട്. വയസ്സ് അമ്പതായിട്ടും ആരോഗ്യ ദൃഢഗാത്രയാണ്. നല്ല മുഖ സൗന്ദര്യമുണ്ട്. പക്ഷേ കണ്ണുകളില്‍ വേദന നിഴലിച്ചു കാണാം. മജീദ് മാഷിന്റെ അനൗപചാരിക വിദ്യാഭ്യാസ ക്ലാസില്‍ പങ്കെടുത്ത പരിചയമുണ്ട്. മാഷിന്റെ നിര്‍ദ്ദേശോപദേശങ്ങള്‍ കേട്ട് പ്രശ്‌നങ്ങള്‍ പരിഹൃദയമായ സഹതൊഴിലാളികള്‍ പറഞ്ഞു കേട്ട അനുഭവം ഉണ്ട്. വന്നപാടെ കരഞ്ഞുകൊണ്ടായിരുന്നു വര്‍ത്തമാനം. മജീദിന് അതൊട്ടും പിടിച്ചില്ല. ബാത്ത് റൂമില്‍ ചെന്ന് മുഖം കഴുകാന്‍ പറഞ്ഞു.

വീണ്ടും വന്നത് ചിരിച്ചുകൊണ്ടായിരുന്നു. മാഷിന്റെ മുമ്പില്‍ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. 'മാഷേ ഭര്‍ത്താവ് കാന്‍സര്‍ രോഗിയാണ്. രണ്ടു മൂന്നു വര്‍ഷമായി കിടപ്പില്‍ തന്നെ, സാമ്പത്തീകമായും ബുദ്ധിമുട്ടിലാണ്. ഞാന്‍ പണിക്കു പോയിട്ടു വേണം മക്കളുടെ പഠനകാര്യങ്ങളും അതിയാന്റെ ചികിത്സാചെലവും മറ്റും നിര്‍വ്വഹിക്കാന്‍. ഞങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട് തെക്കുളള ഒരു ഫാദര്‍ സഹായിക്കുന്നതുകൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എത്രയെന്നു വെച്ചാ ഇങ്ങിനെ സഹായം സ്വീകരിച്ചു കൊണ്ട് മുന്നോട്ടു പോവുക, ആ ഫാദര്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ വീട്ടിലേക്കു വരും . കുറച്ചു തുക തരും. ആദരവോടെ ഫാദറിനോടാ തുക ഏറ്റുവാങ്ങും.

ഫാദര്‍ ചെറുപ്പക്കാരനാണ്. മാഷെ പോലേതന്നെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുകയും ചെയ്യാറുണ്ട്. വരുന്ന ദിവസം മുന്‍കൂട്ടി അറിയിക്കും. ഭക്ഷണമൊരുക്കി ഞാന്‍ കാത്തിരിക്കും. ഭര്‍ത്താവിനെ കാണുകയും സാന്ത്വനിപ്പിക്കുകയും ചെയ്യും. കുട്ടികളോട് സ്‌നേഹാന്വേഷണം നടത്തും. പഠനകാര്യങ്ങള്‍ അന്വേഷിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഒരു വര്‍ഷത്തോളമായി ഇങ്ങിനെ മുന്നോട്ടു പോകുന്നത്.

ഞങ്ങളുടേത് ഒറ്റ മുറിയുളള കൊച്ചു വീടാണ്. അവിടെയാണ് ഭര്‍ത്താവും ഞങ്ങളും അന്തിയുറങ്ങുന്നത്. ഫാദര്‍ വൈകുന്നേരത്തോടെ തിരിച്ചു പോവും. ഫാദറിന്റെ നോട്ടത്തിലും സംസാരത്തിലും എന്തോ ഒരു പന്തികേട് എനിക്ക് അനുഭവപ്പെട്ടു. ഇക്കഴിഞ്ഞ തവണ വന്നപ്പോള്‍ അങ്ങേര് ആഗ്രഹം തുറന്നു പറഞ്ഞു. അദ്ദേഹത്തിന് എന്നെ വേണം. ഒരു കുഞ്ഞും അറിയരുത്. അതിനുളള അവസരം ഉണ്ടാക്കിത്തരണമെന്നാണ് പറയുന്നത്. ഞാന്‍ മാഷിനെക്കുറിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹത്തോട് എല്ലാം തുറന്നു പറയൂ. അതിനുളള മാര്‍ഗ്ഗം പറഞ്ഞു തരും. എന്നൊരു നിര്‍ദ്ദേശവും പറഞ്ഞു. എനിക്ക് അദ്ദേഹത്തെ സഹായിക്കണമെന്നുണ്ട്. അത്ര മാത്രം ആ ഫാദര്‍ എന്നെ സാമ്പത്തീകമായി സഹായിച്ചിട്ടുണ്ട്. അദ്ദേഹം വലിയ ആളാണ്. അറിയപ്പെടുന്ന വ്യക്തിയാണ് . ഏതെങ്കിലും തരത്തില്‍ ഇക്കാര്യം അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. മാഷ് ഒരു പരിഹാരം കണ്ടേ പറ്റൂ'. 'അദ്ദേഹത്തേയും കൂട്ടി ഒന്നിവിടെ വരൂ' എന്നേ മജീദിന് പറയാന്‍ പറ്റിയുളളൂ. പിന്നീടവരെ കണ്ടിട്ടേയില്ല.


(തുടരും)

ALSO READ:













 
Keywords: Article, Teacher, Story, Study Class, Secret, Love, Issue, Kookanam-Rahman, Secrets not told to anyone.
< !- START disable copy paste -->

Post a Comment