Follow KVARTHA on Google news Follow Us!
ad

ജീവിതത്തിനൊരു കൂട്ട്

Companion to life, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം 23)

-കൂക്കാനം റഹ്‍മാൻ

(www.kvartha.com) കോളേജ് വിട്ട് ബസ്സിറങ്ങി നടന്നു വരുമ്പോള്‍ അവളെ ഗോവിന്ദന്‍ മാഷ് മജീദിന് കാണിച്ചു കൊടുത്തു. കണ്ടപ്പോഴാണ് മനസ്സിലായത് മിക്ക ദിവസങ്ങളിലും ക്ലബിന്റെ മുന്നിലുളള റോഡിലൂടെ നടന്നു പോകുന്നവളാണ് ഈ പെണ്‍കുട്ടിയെന്ന്. പാവാടയും ബ്ലൗസുമാണ് വേഷം. തലയിലിട്ട തട്ടത്തിന് വെളിയിലേക്ക് നീണ്ടു കിടക്കുന്ന തലമുടിയും പലപ്പോഴും മജീദ് ശ്രദ്ധിച്ചിട്ടുണ്ട്. പുസ്തകക്കെട്ട് മാറോട് അടുക്കിപ്പിടിച്ച് ഇരുപുറവും നോക്കാതെ താഴേക്കു മാത്രം നോക്കിയാണ് നടത്തം. കൂട്ടുകാരികളോട് സംസാരിക്കുമ്പോഴും ചുറ്റുപാടൊന്നും ശ്രദ്ധിക്കാറില്ല. അവര്‍ രണ്ടും പേരും എന്നും ഒന്നിച്ചാണ് കോളേജില്‍ പോകുന്നത്. കൂടെ നടക്കുന്ന പെണ്‍കുട്ടിയെ മജീദ് മാഷിനറിയാം. മാഷിന്റെ ട്യൂഷന്‍ ക്ലാസില്‍ പങ്കെടുത്ത സുലേചനയാണത്.
              
Article, Story, Marriage, Wedding, College, Teacher, Love, Study Class, Kookanam Rahman, Companion to life.

കോളേജ് വിട്ട് നടന്നു വരുന്ന ഒരു ദിവസം കരുതിക്കൂട്ടി ഗോവിന്ദന്‍ മാഷും മജീദും അവരുടെ മുന്നില്‍ വന്നു നിന്നു. 'സുലു നിന്റെ കൂടെ പഠിക്കുന്ന ഈ കുട്ടിയുടെ പേരെന്താ?' സുലു ചിരിച്ചുകൊണ്ടു പറഞ്ഞു 'സുഹറ'. 'സുഹറയുടെ വീടെവിടെയാ?' ഗോവിന്ദന്‍ മാഷ് അന്വേഷിച്ചു. അതിന്റെ മറുപടി സുഹറയാണ് പറഞ്ഞത് 'അതാ വയലിനക്കരെ വെളുത്ത പെയിന്റടിച്ച് കാണുന്ന വീടാണെന്റേത്', അത് കേട്ടപ്പോള്‍ മജീദിന് സന്തോഷമായി. സ്പഷ്ടമായ സംസാരമാണ്. മുഖത്ത് ചിരിയൊന്നും കാണുന്നില്ല. സുലോചനയാണെങ്കില്‍ ചിരിച്ചുകൊണ്ടേ സംസാരിക്കൂ. 'പോട്ടേ മാഷെ' എന്നു പറഞ്ഞുകൊണ്ട് രണ്ടു പേരും നടക്കാന്‍ തുടങ്ങി. അവര്‍ തമ്മില്‍ പിരിയുന്നതിന് മുമ്പേ പരസ്പരം എന്തോ പറഞ്ഞു ചിരിക്കുകയും പിച്ചുകയും ചെയ്യുന്നുണ്ടായിരുന്നു.

നാട്ടിലെ അയല്‍വാസിയായ നാരായണന്‍ മാഷാണ് അബ്ദുളള മാഷെയും അദ്ദേഹത്തിന്റെ മൂത്ത മകളായ സുഹറയേയും കുറിച്ച് മജീദിനോട് പറഞ്ഞത്. നാരായണന്‍ മാഷുടെ സുഹൃത്താണ് അബ്ദുളള മാഷ്. മജീദിനെയും നബീസുമമ്മയേയും വിളിച്ച് നാരായണന്‍ മാഷ് പറയാന്‍ തുടങ്ങി. 'ആ പെണ്‍കുട്ടി നിങ്ങളുടെ മകന് യോജിച്ചതാണ്, പഠിപ്പുണ്ട് കാണാന്‍ ചേര്‍ച്ചയുണ്ട്. പഴയരീതിയിലുളള നടപടിക്രമങ്ങളൊന്നുമില്ല. അവളുടെ അച്ഛന്‍ നല്ലൊരു കൃഷിക്കാരന്‍ കൂടിയാണ്'. ഇതൊക്കെ കേട്ട് ഉമ്മയും പ്രതികരിച്ചു. 'ആവട്ടെ മാഷെ, ഇവന്‍ ഒന്നു കാണട്ടെ, കാര്യങ്ങള്‍ അന്വേഷിക്കട്ടെ, എന്നിട്ട് മാഷോട് പറയാം'.

അതിന് ശേഷമാണ് മജീദ് സുഹറയെ കാണുന്നത്. മജീദിനും അവളെ ഇഷ്ടപ്പെട്ടു. സലോചനയെന്നും മജീദിനോട് കാര്യങ്ങള്‍ അന്വേഷിക്കും. തിരിച്ചു സുലോചനയോട് സുഹറയുടെ അഭിപ്രായം അറിയാന്‍ പറയും. മാഷേ സുഹറയ്ക്ക് നിങ്ങളെ വളരെ ഇഷ്ടമായി. മജീദിന് അപ്പോള്‍ സന്തോഷം ഒന്നു കൂടി ഇരട്ടിച്ചു. ഇനിയും നീട്ടിവെക്കുന്നത് ശരിയല്ലെന്നും ഡിസംബര്‍ വെക്കേഷനില്‍ വിവാഹം നടത്താമെന്നും ധാരണയായി. മജീദ് മാഷ് ആ പഴയകാല വിവാഹത്തെക്കുറിച്ചോര്‍ത്തു പോയി. നാട്ടില്‍ വാഹനമൊന്നും എത്താത്തകാലം. വധുവിന്റെ വീട്ടിലേക്ക് നടന്നു പോകണം. രാത്രിയിലാണ് വിവാഹം നടന്നിരുന്നത്. മുന്നിലും പിറകിലും പെട്രോമാക്‌സ് കത്തിച്ചു പിടിച്ച് ആള്‍ക്കാരുണ്ടാവും. വയലിലൂടെയും പറമ്പിലൂടെയും നടന്നുപോകണം. വധുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അവളുടെ ബന്ധുജനങ്ങള്‍ക്ക് വസ്ത്രം, സോപ്പ് തുടങ്ങിയ സമ്മാനങ്ങള്‍ കൊണ്ടുപോകണം. അത് ഷെല്‍ഫിലോ, പെട്ടിയിലോ വെച്ച് ചുമട്ട് കാരനെക്കൊണ്ട് എടുപ്പിച്ചാണ് പോകേണ്ടത്.

വീട്ടില്‍ കൂടല്‍ കഴിഞ്ഞപ്പോഴാണ് ആ കുടുംബത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റിയത്. സുഹറയുടെ അചഛനും ഒരു എയ്ഡഡ് പ്രൈമറി സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററാണ്. നാട്ടിലെ പ്രമുഖനായ നെല്‍കൃഷിക്കാരനാണ്. ശാസ്ത്രീയമായ നെല്‍ക്കൃഷി പരീക്ഷണമാണ് മാഷിന്റെ ഹോബി. മൂന്നാല് ഏക്ര സ്ഥലമുണ്ട്. എല്ലാം തൊഴിലാളികളെ വെച്ചാണ് പ്രവർത്തിക്കേണ്ടത്. വിളവെടുപ്പ് കഴിയുമ്പോള്‍ മുതലിറക്കിയ തുകയുടെ പകുതിപോലും തിരിച്ചു കിട്ടാറില്ല. എങ്കിലും കൃഷിയോടുളള അഭിനിവേശം അദ്ദേഹത്തില്‍ ഉറച്ചുപോയതാണ്. കന്നുകാലി വളര്‍ത്തലും അതിനോടൊപ്പം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ആറുമക്കളില്‍ മൂത്തവളായിരുന്നു സുഹറ. സ്‌നേഹവതിയാണ്, പരിഷ്‌ക്കാര വേഷത്തോടോ സ്വര്‍ണ്ണത്തോടോ അതിരറ്റ ആഗ്രഹമില്ലാത്തവള്‍. അതുകൊണ്ടു തന്നെ മജീദിനും നബീസുവിനും സുഹറയോടുളള ഇഷ്ടം വര്‍ദ്ധിച്ചു വന്നു.

ജീവിത യാത്ര തുടരാന്‍ സാമ്പത്തീകമായി നില മെച്ചപ്പെടുത്തണം. സുഹറയ്ക്ക് ഒരു ജോലി സംഘടിപ്പിക്കുകയാണ് അതിനുളള ഏക മാര്‍ഗ്ഗമെന്നും മജീദിനറിയാമായിരുന്നു. ജീവിതത്തിലേക്ക് ഒരാള്‍കൂടി കടന്നു വന്നാല്‍ കുടുംബകാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. വലിയൊരു കര്‍ഷകന്റെയും സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററുടെയും മകളായി പിറന്ന സുഹറ മോശമല്ലാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് വളര്‍ന്നു വന്നത്. അവള്‍ വന്ന ചുറ്റുപാടുകളില്‍, വീട്ടില്‍ ലഭ്യമായ സൗകര്യങ്ങള്‍ മജീദിന്റെ വീട്ടിലും ഏര്‍പ്പാടാക്കണം. നബീസുമ്മ അക്കാര്യം മജീദിനോട് ഇടയ്ക്കിടെ സൂചിപ്പിക്കാറുണ്ട്. ആഴ്ചതോറും സിനിമ കാണാന്‍ പോകണം, ഭക്ഷണം വസ്ത്രകാര്യങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കും. ബന്ധുജനങ്ങളും അയല്‍പക്കക്കാരും മജീദ് മാഷിന്റെ ജീവിത രീതി ശ്രദ്ധിക്കുന്നവരാണ്. വീഴ്ചവരാതിരിക്കാന്‍ ശ്രദ്ധവേണം.

ജീവിത പങ്കാളിക്ക് ജോലി ഉണ്ടാവണമെന്ന് മജീദിന് ആഗ്രഹമുണ്ടായിരുന്നു. അതിനുളള വഴികണ്ടെത്തലാണ് അടുത്ത ശ്രമം. യോഗ്യതയ്ക്ക് അനുസരിച്ചുളള ജോലിയുടെ വിജ്ഞാപനം പത്രത്താളുകളില്‍ കണ്ടാല്‍ മജീദ് സുഹറയുടെ മുന്നിലെത്തിക്കും. അവളുമായി ചര്‍ച്ച ചെയ്ത് ഇഷ്ടമാണെങ്കില്‍ മാത്രം അപേക്ഷ അയക്കാന്‍ പറയും. ലേഡി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് പിഎസ്സി.അപേക്ഷ ക്ഷണിച്ചത് കണ്ടപ്പോള്‍ അതിന് അയക്കാന്‍ തീരുമാനിച്ചു. അപേക്ഷ അയച്ച് രണ്ടുമൂന്നു മാസത്തിനകം പരീക്ഷ നടന്നു. റാങ്ക് ലിസ്റ്റില്‍ കടന്നുകൂടി . അടുത്ത പടി ഇന്റര്‍വ്യൂ ആണ്. തിരുവനന്തപുരത്താണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ ബോര്‍ഡില്‍ അന്നത്തെ പിഎസ്സി അംഗം തെങ്ങമം ബാലകൃഷ്ണന്‍ ഉണ്ടെന്ന് മനസ്സിലാക്കി.

പിടിച്ചു കയറാന്‍ സ്വാധീനമുണ്ടെങ്കിലേ നടക്കൂ. അതാണ് എക്കാലത്തേയും സാമൂഹിക നിലപാട്. തെങ്ങമത്തെ അറിയുന്ന ഒരു പ്രമു വ്യക്തിയെ മജീദിനറിയാം. അദ്ദേഹത്തെ ചെന്നു കണ്ടു. 'ശിപാര്‍ശയ്ക്ക് പോകേണ്ട അര്‍ഹതയുണ്ടെങ്കില്‍ കിട്ടും'. കടുപ്പിച്ചായിരുന്നു ആ കമ്മ്യൂണിസ്റ്റുകാരന്റെ പ്രതികരണം. അദ്ദേഹത്തോട് ആദരവു തോന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചെയര്‍മാനായിരുന്ന പി ടി ഭാസ്‌ക്കരപ്പണിക്കരായിരുന്നു ആ വ്യക്തി. തെങ്ങമത്തോട് കാര്യം നേരിട്ടു പറയാന്‍ കഴിവുളള ഒരു വ്യക്തിയും തിരുവനന്തപുരത്തുണ്ട്. മജീദ് അദ്ദേഹത്തേയും കണ്ടു. വസ്തുത പറഞ്ഞു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഒരു ബുക്കു തരാം. ഇതദ്ദേഹത്തിന് കൊടുത്ത് ഞാന്‍ തന്നതാണെന്ന് പറയൂ. എന്നിട്ട് തന്റെ ആവശ്യം പറഞ്ഞോളൂ'. മജീദ് പുസ്തകം വാങ്ങി പക്ഷേ ഇങ്ങിനെ നേരിട്ടു പറയാന്‍ പ്രയാസം തോന്നി.

ഈ പറഞ്ഞ വ്യക്തി ഗാന്ധിയനായ പി എന്‍ പണിക്കരാണ്. നിരാശനായി പുറത്തിറങ്ങി. സുഹറയേയും കൂട്ടി നിയമസഭാ മന്ദിരത്തിന് ചുറ്റും നടക്കുകയായിരുന്നു. അപ്പോഴേക്കും നാട്ടുകാരിയായ ഒരു വനിതാ നേതാവ് മുന്നിലൂടെ നടന്നു പോവുന്നു. മജീദിന് അറിയുന്ന പരസ്പരം വ്യക്തിപരമായി കാര്യങ്ങള്‍ സംസാരിക്കുന്ന നേതാവാണവര്‍. 'സരോജിനിയേട്ടി എന്താ ഇവിടെ?' 'ഓ മകള്‍ക്കൊരു ഇന്റർവ്യൂ ഉണ്ട്. നാളെയാണ് അതിനാണ് വന്നത്'. അവരും വന്നത് സുഹറ അപേക്ഷിച്ച അതേ പോസ്റ്റിലേക്കുളള ഇന്റര്‍വ്യൂവിനാണ്.
'ഞാന്‍ വകുപ്പു മന്ത്രിയെ കാണാന്‍ വന്നതാ', സരോജിനിയേട്ടി സൂചിപ്പിച്ചു. മജീദ് സുഹറയുടെ കാര്യവും ഒന്നു സൂചിപ്പിക്കണേ എന്ന് അപേക്ഷിച്ചു. 'പിന്നെ പറയാനുണ്ടോ അവളും എന്റെ മോളേ പോലെ തന്നെയല്ലേ?'. മജീദിന് സമാധാനമായി അടുത്ത ദിവസം ഇന്റര്‍വ്യൂ നടന്നു. ഒരു മാസം കഴിഞ്ഞു കാണും അതിന്റെ റാങ്ക് ലിസ്റ്റ് വന്നു. സരോജിനിയേട്ടിയുടെ മകളുടെ റാങ്ക് ഏറ്റവും മുന്നിലുണ്ട്. സുഹറയുടേത് ഏറ്റവും ഒടുവിലും മജീദിന് പ്രയാസം തോന്നിയില്ല. ഇതൊക്കെ പൊതുവെ നടക്കുന്ന കാര്യങ്ങളല്ലേ…

(തുടരും)

ALSO READ:













Keywords: Article, Story, Marriage, Wedding, College, Teacher, Love, Study Class, Kookanam Rahman, Companion to life.
< !- START disable copy paste -->

Post a Comment