Follow KVARTHA on Google news Follow Us!
ad

21-ാം വയസില്‍ വിവാഹം; അതിവേഗതയില്‍ മരണത്തിലേക്കും

Married at 21, And to death at speed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം -31) 

-കൂക്കാനം റഹ്മാന്‍

(www.kvartha.com) മജീദിന്റെ അനിയന്‍ നബീസുമ്മാന്റെ രണ്ടാമത്തെ മകന്‍ കുഞ്ഞബ്ദുളളയെ പ്രസവിച്ചത് മജീദിന് എട്ട് വയസ്സ് പ്രായമായപ്പോഴാണ്. ഉമ്മായ്ക്ക് രണ്ടാമത്തെ മകനോട് ഏറെ സ്നേഹമായിരുന്നു. ഓമനിച്ചു വളര്‍ത്തിയ കുട്ടിയാണ്. മജീദിന് അതത്ര ഇഷ്ടമായില്ല. പലപ്പോഴും മജീദ് കുശുമ്പ് കാണിക്കും. കുഞ്ഞബ്ദുളളയ്ക്ക് ആറുമാസം പ്രായമായപ്പോള്‍ വല്ലാത്തൊരു വയറു വേദന വന്നു. വയറ്റില്‍ നിന്ന് ചോരയും കഫവും പോയ്ക്കൊണ്ടേയിരുന്നു. സഹിക്കാന്‍ പറ്റാത്ത നാറ്റമായിരുന്നു അതിന്. ബാല ചികിത്സകനായ കണ്ണന്‍ പെരുവണ്ണാന്‍ തെയ്യം കെട്ട് പരിപാടിക്ക് വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നു. കുട്ടിയെ പരിശോധിച്ചു. മരുന്നു നല്‍കി രണ്ടു ദിവസത്തിനകം രോഗം ഭേദമായി.
           
Article, Story, Surgery, Treatment, Died, Death, Marriage, Wedding, Kookanam-Rahman, Married at 21, And to death at speed.

അഞ്ച് വയസ്സില്‍ അവനെ സ്‌ക്കൂളില്‍ ചേര്‍ത്തു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്റെ ക്ലാസ് മാഷ് അവനെ കളിയാക്കി. 'വാത്തിനെ പോലെ നടക്കുന്നവന്‍' എന്നാണ് പറഞ്ഞത്. അവനത് വല്ലാതെ വിഷമമായി. നബീസുവിന്റെ ഭക്ഷണം തീറ്റിക്കല്‍ കൊണ്ട് തടിച്ചു കൊഴുത്ത ശരീരമായിരുന്നു അവന്റേത്. ആ ഒറ്റകാരണം കൊണ്ട് ആറാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി. എത്ര പറഞ്ഞിട്ടും , പ്രോല്‍സാഹിപ്പിച്ചിട്ടും എത്ര ഭീഷണിപ്പെടുത്തിയിട്ടും അവന്‍ സ്‌ക്കൂളില്‍ പോകുന്നില്ല. സ്‌ക്കൂളില്‍ പോകേണ്ട സമയമാകുമ്പോള്‍ ഏതെങ്കിലും മരത്തില്‍ കയറി ഒളിച്ചിരിക്കല്‍, വയറുവേദനിക്കുന്നു എന്ന് കളളത്തരം പറച്ചില്‍ എന്നിവയാണ് കക്ഷിയുടെ കലാപരിപാടി. നബീസുമ്മയും മജീദും അവനോട് പറഞ്ഞു മടുത്തു. നാട്ടില്‍ സ്‌ക്കൂളില്‍ പോവാത്ത കുട്ടികളോട് രക്ഷിതാക്കള്‍ പറയുന്ന ഒരു കാര്യമുണ്ട് ബീഡിപ്പണിക്കോ, ചാണകം പെറുക്കാനോ പൊയ്ക്കോ എന്ന്.
                 
Article, Story, Surgery, Treatment, Died, Death, Marriage, Wedding, Kookanam-Rahman, Married at 21, And to death at speed.

കുഞ്ഞബ്ദുളളയെ ബീഡിക്ക് നൂല് കെട്ടാന്‍ പറഞ്ഞയച്ചു. അവന് സന്തോഷമായി. അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ അതിലും അവന് മടുപ്പു തോന്നി. പിന്നെന്തു ചെയ്യണമെന്ന ആലോചനയിലായി. അപ്പോഴാണ് ഒരു ചെറിയ പീടിക നിര്‍മ്മിക്കാനും , അതില്‍ കച്ചവടം നടത്താനും പറ്റുമോ എന്ന് സൂചിപ്പിച്ചപ്പോള്‍ അവനത് താല്‍പര്യമായി. മജീദ് താല്‍പര്യമെടുത്ത് പീടികപറമ്പെന്നു അറിയപ്പെടുന്ന നബീസുവിന്റെ പേരിലുളള സ്ഥലത്ത് ഒരു ഒറ്റ മുറി പീടിക നിര്‍മിച്ചു കൊടുത്തു. ചെറിയതോതിലുളള അനാദിക്കട ആരംഭിച്ചു. മോശമല്ലാത്ത രീതിയില്‍ കച്ചവടം നടന്നിരുന്നു. അവന് നിരവധി കൂട്ടുകാരുണ്ടായി. അതില്‍ ദുസ്വഭാവികളും ഉണ്ടായി. കൂട്ടുകെട്ട് പുകവലിയിലേക്കും ചെറിയ ചെറിയ തെറ്റുകളിലേക്കും നീങ്ങിക്കൊണ്ടിരുന്നു. ഉമ്മയേയും മജീദിനേയും ഭയമില്ലാതെ അവന്‍ താന്തോന്നിത്തരത്തിലേക്ക് നീങ്ങി. കച്ചവടത്തില്‍ പുരേഗമനം ഉണ്ടായപ്പോള്‍ ബിസിനസ് ബസാറിലേക്ക് മാറ്റാന്‍ സ്വയം തീരമുമാനിച്ചു.

ബസാറിലെ കച്ചവടസമയത്ത് സ്ഥിരമായി കടയില്‍ വരുന്ന ഒരു പെണ്‍കുട്ടിയുമായി അവന്‍ ഇഷ്ടത്തിലായി. വിട്ടു പിരിയാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ എത്തിയപ്പോള്‍ വിവാഹം നടത്തിക്കൊടുക്കാന്‍ ജ്യേഷ്ഠനായ മജീദും ഉമ്മയും തയ്യാറായി. അങ്ങിനെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ കുഞ്ഞബ്ദുളള വിവാഹിതനായി. കച്ചവടത്തില്‍ ശ്രദ്ധിക്കാതെയായി. വിവാഹസമയത്ത് അവനും അവന്റെ ഭാര്യയ്ക്കും ലഭിച്ച ഭൂസ്വത്തുക്കള്‍ കുറേശ്ശയായി വില്‍പന നടത്താന്‍ തുടങ്ങി. ജീവിതം അടിച്ചു പൊളിക്കുകയാണ് ചെയ്തത്. വീട്ടില്‍ നിന്നുളള ഭക്ഷണം ഒഴിവാക്കി ഹോട്ടലുകളെ ആശ്രയിക്കലാണ് സ്ഥിരം പരിപാടി. പൊറോട്ടയും ബീഫുമായി പ്രധാന ഭക്ഷണം. പുകവലി സ്ഥിരം സ്വഭാവമായി മാറി. ഒന്നിച്ചു സിഗരറ്റു വലി പഠിപ്പിച്ച ആത്മ സുഹൃത്ത് പഠിച്ചുയര്‍ന്നു. പക്ഷേ അവരുടെ സ്നേഹന്ധം ഉപേക്ഷിച്ചല്ല. ദളിത് വിഭാഗത്തില്‍ പെട്ട വ്യക്തിയായിരുന്ന ആ കൂട്ടുകാരന്‍ ബി.കോം പാസായതുകൊണ്ട് അവന് നാഷണല്‍ ബാങ്കില്‍ ജോലി ലഭ്യമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉയര്‍ന്ന തസ്തികയില്‍ എത്താന്‍ അവന് സാധ്യമായി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ദളിത് കൂട്ടുകാരന്‍ ഉയര്‍ന്ന പടവുകള്‍ കയറുമ്പോള്‍ സുഖലോലുപതയില്‍ ആറാടി ജീവിച്ച കുഞ്ഞബ്ദുളള ക്രമേണ ദരിദ്രാവസ്ഥയിലേക്ക് നീങ്ങാന്‍ തുടങ്ങി.

എല്ലാം വേഗം നടക്കണമെന്ന ആശയക്കാരനായിരുന്നു അവന്‍. വിവാഹം ചെറുപ്പത്തിലേ നടത്തി. മൂന്നു വര്‍ഷത്തിനുളളില്‍ മൂന്നു മക്കളുടെ അച്ഛനായി. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാത്തതുകൊണ്ട് കുടല്‍ രോഗിയായി മാറി. നബീസുമ്മയ്ക്ക് മകനോടുളള സ്നേഹത്തിനും കരുതലിനും ഒരു കുറവും വന്നിട്ടില്ല. ഭാര്യാഗൃഹത്തില്‍ നിന്നും ഒരു ദിവസം രാവിലെ അവന്‍ നബീസുമ്മയുടെ അടുത്തെത്തി. വേദന സഹിക്കാന്‍ കഴിയാതെ കിടന്നു കരയാന്‍ തുടങ്ങി. എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റുന്നില്ല. അവന്റെ വഴിവിട്ട പോക്കില്‍ അസ്വസ്ഥത ഉണ്ടായെങ്കിലും ഇത്തരം അവസ്ഥയില്‍ സഹായത്തിനെത്തേണ്ടത് ജ്യേഷ്ഠന്റെ കടമയാണെന്ന ബോധം മൂലം വണ്ടി വരുത്തി. കുടുംബ ഡോക്ടറും അനിയന്റെ സഹപാഠിയുമായ ഡോ. സുധീഷിന്റെ ക്ലീനിക്കിലെത്തി.

കുഞ്ഞബ്ദുളളയ്ക്ക് കാറില്‍ നിന്നിറങ്ങാന്‍ കഴിയുന്നില്ല. കാര്യം അറിഞ്ഞപ്പോള്‍ ഡോക്ടര്‍ കാറിന്റെ അടുത്തു വന്നു. അവനെ പരിശോധിച്ചു. ഡോക്ടറുടെ പ്രതികരണം ഭയപ്പെടുത്തുന്നതായിരുന്നു. 'അയ്യോ ഇത് ഒരു നിമിഷം പോലും വൈകിക്കാതെ ഓപ്പറേഷന്‍ ചെയ്യണം. ഇത് ഇപ്പോള്‍ തന്നെ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്'. അദ്ദേഹം ഒരു പ്രമുഖ സര്‍ജന്റെ പേരും അദ്ദേഹത്തെ കാണാന്‍ പറ്റുന്ന ആശുപത്രിയും പറഞ്ഞു തന്നു. ഒട്ടും വൈകാതെ പ്രസ്തുത ആശുപത്രിയിലെത്തി. അപ്പോഴും അവന്‍ വേദന കൊണ്ട് പിടയുകയായിരുന്നു. സര്‍ജന്റെ വിവിധതരത്തിലുളള പരിശോധന കഴിഞ്ഞു. എത്രയും പെട്ടെന്ന് ഓപ്പറേഷന്‍ തീയറ്ററിലേക്കു കൊണ്ടു പോവാന്‍ നഴ്സുമ്മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. എന്നാല്‍ രോഗമെന്തെന്നോ, മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നോ ഒന്നും നിര്‍ദ്ദേശം തന്നില്ല.

നബീസുമ്മ കരച്ചിലടക്കി നില്‍ക്കുന്നു. മജീദ് എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. വരുന്നതു വരട്ടെ എന്നു കരുതി ഓപ്പറേഷനുവേണ്ടിയുളള സമ്മതപത്രം ഒപ്പിട്ടു നല്‍കി. രണ്ടു മണിക്ക് ഓപ്പറേഷന്‍ തുടങ്ങും. മജീദും ഉമ്മയും പുറത്ത് ശ്വാസമടക്കി പിടിച്ച് നില്‍പ്പാണ്. മൂന്നുമണി കഴിഞ്ഞു. നാലുമണി കഴിഞ്ഞു ഡോക്ടര്‍ പുറത്തേക്കു വന്നു. ആകാംഷയോടെ കാര്യം തിരക്കിയ മജീദിനോട് ഡോക്ടര്‍ പറഞ്ഞു 'ഒന്നും മനസ്സിലാകുന്നില്ല. വയറിനകത്ത് പുകനിറഞ്ഞതുപോലെ ഒന്നും കാണാന്‍ പറ്റുന്നില്ല. നാളെ ഒന്നുകൂടി നോക്കാം.' ഓപ്പറേഷന്‍ കഴിഞ്ഞുതുന്നികെട്ടി അവനെ ഐസിയുവിലേക്കു മാറ്റി.

അടുത്ത ദിവസം രാവിലെ ഒന്നുകൂടി ഓപ്പറേറ്റു ചെയ്യട്ടെ എന്നിട്ട് പറയാം എന്ന് സൂചിപ്പിച്ചു. അന്നും ഓപ്പറേഷന്‍ തീയറ്റിറിനു പുറത്തു വന്ന സര്‍ജന്‍ പറഞ്ഞു 'ഒന്നു മനസ്സിലാകുന്നില്ല' എന്ന ഒറ്റവാക്ക്. പിന്നെന്തിന് ഈ പണിക്ക് ഡോക്ടര്‍ നിന്നു എന്നാണ് മജീദ് സ്വയം ചോദിച്ചത്. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്നുബോധ്യപ്പെട്ടതിനാല്‍ മണിപ്പാലിലേക്കു ചെന്നു. അവിടെ നിന്നുളള പരിശോധനയ്ക്കു ശേഷം കുടലിലും വയറിലും നിറഞ്ഞു നില്‍ക്കുന്ന മഞ്ഞ നിറത്തിലുളള ദ്രാവകം പുറത്തേക്കെടുത്തു. വാര്‍ഡ് ആകമാനം ദുര്‍ഗന്ധം കൊണ്ട് എല്ലാവരും പ്രയാസത്തിലായി. വലിയ ഗ്ലാസ് ഭരണിയിലേക്ക് പൈപ്പ് വഴി വയറില്‍ നിന്ന് ദ്രാവകം മാറ്റിക്കൊണ്ടേയിരുന്നു. അവനെ പ്രത്യേക മുറിയിലേക്കു മാറ്റി.

കുടല്‍ കാന്‍സറാണെന്ന് മണിപ്പാലിലെ ഡോക്ടര്‍ മാര്‍ വിധിയെഴുതി. ഓപ്പറേഷന്‍ ചെയ്തില്ലായിരുന്നെങ്കില്‍ കുറച്ചു കാലം ജീവന്‍ നിലനിര്‍ത്താമായിരുന്നു. രോഗം പിടിപെട്ട കുടലിന്റെ കറച്ചു ഭാഗം ഓപ്പറേറ്റു ചെയ്ത് മാറ്റി നോക്കിയാല്‍ ഫലം കിട്ടുമോയെന്ന് പരിശോധിച്ചു നോക്കണമെന്ന് ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഓപ്പറേഷന്‍ തീയറ്ററിന്റെ പുറത്തേക്കു മജീദിനെ വിളിപ്പിച്ചു. അരമീറ്ററോളം നീളത്തില്‍ കുടല്‍ മുറിച്ചു മാറ്റി. അതില്‍ നിറയെ ദ്വാരങ്ങള്‍ ഡോക്ടര്‍ ദ്വാരത്തിനകത്ത് വിരല്‍ കടത്തി കാണിച്ചു തന്നു. അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ യാത്രയായി. രോഗം തിരിച്ചറിയാന്‍ കഴിയാത്ത ഡോക്ടര്‍മാരും ആവശ്യമില്ലാതെ ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരെയും തിരിച്ചറിയുക തന്നെ വേണം. നബീസുമ്മ മാസങ്ങളോളം മകന്റെ വേര്‍പാടില്‍ മനംനൊന്ത് കിടപ്പിലായിരുന്നു. 'ഞാനും പോവുന്നു അവന്റെ അടുത്തേക്ക്' എന്ന് നെഞ്ചത്തടിച്ചു കരയുന്ന നബീസുമ്മയെ സാന്ത്വനിപ്പിക്കാന്‍ മജീദ് നന്നേ പാടുപെട്ടു.

ALSO READ:













 






Keywords: Article, Story, Surgery, Treatment, Died, Death, Marriage, Wedding, Kookanam-Rahman, Married at 21, And to death at speed.
< !- START disable copy paste -->

Post a Comment