Follow KVARTHA on Google news Follow Us!
ad

മലയോരത്തു നിന്നും കടലോരത്തേക്ക്

From hill to beach#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ്-14

/ കൂക്കാനം റഹ്‌മാൻ

(www.kvartha.com 24.01.2022)
പാണപ്പുഴയിലൂടെ ഒഴുകുന്ന തെളിനീരില്‍ മുഖവും കാലും കഴുകി സ്‌കൂളിലേക്കെത്തിയിരുന്ന അവസ്ഥ ജൂണ്‍ മാസമാകുമ്പോഴേക്കും മാറി. കുത്തിയൊലിച്ചു പോകുന്ന മല വെളളപ്പാച്ചില്‍ കണ്ടാല്‍ ഭയം തോന്നും. പുഴ കരകവിഞ്ഞൊഴുകും. ഇത്തരമൊരു കാഴ്ച ജീവിതത്തിലാദ്യമായിട്ടാണ് മജീദ് കാണുന്നത്. സാധാരണ നടന്നു പോകുന്ന വഴിയിലൂടെ പുഴയോരത്തെത്തി. ഈ കാഴ്ച കണ്ട് അമ്പരന്നു നില്‍ക്കേ അതിനടുത്ത് താമസിക്കുന്ന വീട്ടുകാരന്‍ വന്നു പറഞ്ഞു. 'മാഷേ മഴക്കാലത്ത് പുഴ കടന്ന് അക്കരക്കെത്താന്‍ വേറൊരു വഴിയുണ്ട്. ഇവിടുന്ന് നേരെ പത്തുമിനിട്ട് നടന്നാല്‍ അവിടെ എത്താം'. കേള്‍ക്കേണ്ട താമസം മജീദ് നടന്നു. ആ കാഴ്ച കണ്ടപ്പോള്‍ നടുങ്ങിപ്പോയി. കുത്തിയൊലിച്ചു പോകുന്ന പുഴയുടെ മധ്യഭാഗത്ത് വലിയൊരു കാട്ടുമരം, അതിന്റെ കമ്പിലേക്ക് രണ്ട് കവുങ്ങിന്‍ തടികള്‍ കയറ്റി വെച്ചിരിക്കുന്നു. അതേ കമ്പില്‍ നിന്ന് രണ്ട് കവുങ്ങിന്‍ തടികള്‍ മറുഭാഗത്തേക്കും വെച്ചിട്ടുണ്ട്. പിടിക്കാന്‍ കമ്പക്കയര്‍ മരത്തിന്റെ ശിഖരങ്ങളില്‍ കെട്ടിയിട്ടുണ്ട്.

  
Kookanam-Rahman, Students, School, Article, Teacher, Story, Kerala, function, Student, School, Mother, River, Government, Kerala, River, Sea, Women, From hill to beach.അതിലൂടെ ആളുകള്‍ നടന്നു പോകുന്നത് മജീദ് നോക്കി നിന്നു. കാല് വിറക്കാന്‍ തുടങ്ങി. അതിലൂടെ നടന്നുപോകാന്‍ സാധിക്കില്ലെന്ന് മനസ്സിലുറപ്പിച്ചു. നല്ല മഴയുണ്ട്. ഒരു കയ്യില്‍ ഭക്ഷണങ്ങളും പുസ്തകവും വെച്ച ബാഗ്. മറുകയ്യില്‍ കുട. പുഴയിലേക്ക് നോക്കി തല കറങ്ങുന്നത് പോലെ തോന്നി. മജീദ് അവിടെ നിശ്ചലനായി നിന്നു. സമയം പത്തുമണി ആവാറായി. ആളുകളൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ റേഷന്‍ കടയില്‍ പോയി തിരിച്ചു വരുന്ന വഴിക്ക് മജീദിന്റെ അടുത്തെത്തി. 'മാഷെന്താ അപ്പുറം കടക്കാതെ നില്‍ക്കുന്നേ? പേടിയാവുന്നോ? ഞങ്ങള്‍ക്കിതൊന്നും പേടിയില്ല. എല്ലാവര്‍ഷവും ഇതു തന്നെയാണ് ഞങ്ങളുടെ വഴി. മാഷ് വന്നോളൂ. ബാഗ് ഞാന്‍ പിടിക്കാം'. മജീദ് ധൈര്യത്തില്‍ ആ സ്ത്രീയുടെ പിന്നാലേ കവുങ്ങിന്‍ തടിയില്‍കയറി. മുന്നോട്ട് നടക്കാന്‍ പറ്റുന്നില്ല. പെട്ടെന്ന് ആ സ്ത്രീ മജീദിന്റെ കയ്യില്‍ പിടിച്ചു. എല്ലാ ധൈര്യവും സംഭരിച്ച് മജീദ് അവരുടെ പിന്നാലേ പതുക്കെ നടന്നു. ഒന്നും സംസാരിക്കാതെ പുഴയുടെ ഒഴുക്ക് നോക്കാതെ നടന്നു അക്കരെയെത്തി. ഹാവൂ രക്ഷപ്പെട്ടു.

ആ സ്ത്രീ മജീദിന്റെ ഭയം കണ്ട് പൊട്ടിച്ചിരിച്ചു. 'മാഷ് ഭയപ്പെടേണ്ട തിരിച്ചു വരുമ്പോഴും ഞാന്‍ അപ്പുറമെത്തിക്കാം. സ്‌കൂളിനടുത്ത് തന്നെയാണ് എന്റെ വീട്. ഞാന്‍ കൂടെ വരാം'. അവരോട് ഒന്നും സംസാരിച്ചില്ല അപ്പോഴും മജീദിന്റെ പേടി മാറിയിരുന്നില്ല. നബീസുമ്മയോട് മജീദ് പുഴക്കാര്യം പറഞ്ഞു. മഴ അല്പം ശമിച്ചിട്ട് മോന്‍ സ്‌ക്കൂളില്‍ പോയാല്‍ മതി ഒരാഴ്ച ലീവെടുക്കൂ. ഉമ്മ പറഞ്ഞത് പോലെ മജീദ് അനുസരിച്ചു. 'മഴക്കാലം കഴിയുന്നത് വരെ സ്‌ക്കൂളിനടുത്ത് വാടകയ്ക്ക് മുറി കിട്ടുന്നെങ്കില്‍ താമസിച്ചോളൂ. തിങ്കളാഴ്ച ചെന്നാല്‍ വെളളിയാഴ്ച വന്നാല്‍ മതി'. ഉമ്മയുടെ ഈ നിര്‍ദ്ദേശവും മജീദ് അനുസരിച്ചു. സ്‌ക്കൂളിനടുത്ത് ആള്‍താമസമില്ലാത്ത ഒരു ചെറിയ വീടുണ്ടായിരുന്നു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ടിന്റെ ബന്ധുവിന്റെ വീടായിരുന്നു അത്. വാടക വാങ്ങാതെ അവിടെ താമസിക്കാന്‍ സൗകര്യമൊരുക്കി കൊടുത്തു.

മജീദിനെ പുഴ കടക്കാന്‍ സഹായിച്ച സ്ത്രീയുടെ വീടും അതിനടുത്തായിരുന്നു. മജീദ് താമസമാക്കിയ വിവരം അവരറിഞ്ഞു. വീട്ടുപകരണങ്ങളൊക്കെ അവിടെ ഉളളതിനാല്‍ ചായ അവിടന്ന് ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ ചായ ഉണ്ടാക്കാനുളള ശ്രമം നടത്തുന്നതിനിടെ ആ സ്ത്രീ കയറിവന്നു. ചായ ഞാന്‍ ഉണ്ടാക്കിത്തരാം മാഷെ. പലഹാരവും ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. അവര്‍ ചായ ഉണ്ടാക്കി കൊണ്ടു വന്നു.ദോശയും ചട്ണിയും മജീദിന്റെ മുന്നില്‍ വെച്ചു കൊടുത്തു. ഭക്ഷണം കഴിക്കുന്നതിനിടെ മജീദ് ചോദിച്ചു. 'ചേച്ചിയുടെ പേരെന്താ?' 'ജാനകി. ഞാനും അച്ഛനും അമ്മയും മാത്രമെ വീട്ടില്‍ ഉളളൂ. വിവാഹം കഴിച്ചിരുന്നു തികഞ്ഞ മദ്യപാനിയായിരുന്നു. ഒഴിവാക്കുകയാണ് ചെയ്തത്.'

ഇത്രയും കേട്ടപ്പോള്‍ മജീദിന് പ്രയാസം തോന്നി. ഒന്നും പ്രതികരിച്ചില്ല. മാഷിന് ഉച്ചഭക്ഷണം 'മാഷമ്മ' തരുന്നുണ്ടല്ലോ രാത്രി ഭക്ഷണം ഞാന്‍ ഉണ്ടാക്കിക്കൊണ്ടുവരാം. സ്‌ക്കൂളിലെ രാമചന്ദ്രന്‍ മാഷിന്റെ അമ്മയെ എല്ലാവരും മാഷമ്മ എന്നാണ് വിളിക്കാറ്. അവരുടെ ഏക മകനാണ് രാമചന്ദ്രന്‍. മാഷമ്മ എന്ന് പറഞ്ഞാലേ നാട്ടുകാര്‍ക്കറിയൂ. അവര്‍ക്ക് നാട്ടുകാരുടേയും വിദ്യാര്‍ത്ഥികളുടേയും സ്‌നേഹാദരവും ലഭിക്കുന്നുണ്ട്.
മജീദ് മാഷ് ജാനകിയുടെ നിര്‍ദ്ദേശത്തിന് എതിരു പറഞ്ഞില്ല. ഹോട്ടലില്‍ കൊടുക്കുന്ന തുക അവര്‍ക്ക് കൊടുത്താല്‍ മതിയല്ലോ, ആ കാലത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ തുക കണക്കാക്കി മജീദ് ആഴ്ചതോറും ജാനകിക്ക് നല്‍കും. അവര്‍ക്കത് ഒരാശ്വാസം കൂടിയാണ്. മജീദിന് സൗകര്യവും. ജാനകിയുടെ ഇടപെടല്‍ വളരെ ഡീസന്റായിരുന്നു. പാകതയും പക്വതയും വന്ന ഒരു ചേച്ചിയെ പോലെയായിരുന്നു അവരുടെ ഇടപെടല്‍. ഇക്കാര്യമറിഞ്ഞ മൃണാളിനി അല്പം കെറു കാണിക്കാന്‍ തുടങ്ങി. 'ഓ മാഷിന് ചോറുണ്ടാക്കി തരാനും മറ്റും ആളെ കിട്ടിയല്ലോ എന്നോട് പറഞ്ഞാല്‍ ഞാന്‍ ഉണ്ടാക്കിതരുമായിരുന്നില്ലേ?' മജീദ് പ്രതികരണം ഒരു ചിരിയില്‍ ഒതുക്കി.

ഓണം വെക്കേഷന്‍ വരെ ഈ നില തുടര്‍ന്നു. ഇപ്പോള്‍ വീട്ടിലേക്ക് ദിവസവും പോയിവരാന്‍ തുടങ്ങി. പുഴയിലെ ഒഴുക്കു നിന്നു. തെളിനീരൊഴുകാന്‍ തുടങ്ങി. സ്‌ക്കൂള്‍ വെക്കേഷന്‍ അടുക്കാറായി. മാര്‍ച്ച് മാസം സ്‌ക്കൂള്‍ വാര്‍ഷികം നടത്തണമെന്ന ധാരണ പി.ടി.എ.ക്കുണ്ടായി. അടിയന്തിരാവസ്ഥകാലമായിരുന്നു, വളരെ ശ്രദ്ധയോടെ വേണം പരിപാടി നടത്താന്‍ . പി.ടി.എ.ക്കാരുടേയും വിദ്യാര്‍ത്ഥികളുടേയും നാടകം വേണം. സ്റ്റേജ് ഡക്കറേഷന്‍ ചുമതല മജീദിനാണ്. അപ്ഫന്‍ നമ്പൂതിരിയുടെ വേഷമാണ് മജീദിന്. സി.പി.എം കാരും കോണ്‍ഗ്രസ്‌കാരും തുല്യ ശക്തികളായിരുന്ന അക്കാലത്തെ പാണപ്പുഴയില്‍ സ്റ്റേജിന്റെ കര്‍ട്ടന്‍ സെറ്റ് തുടങ്ങിയവയെല്ലാം കരിവെളളൂരില്‍ നിന്ന് വന്നു. സ്റ്റേജ് മുഴുവന്‍ ചുവപ്പുമയം. ഒരു വിഭാഗം വിമര്‍ശനമായി വന്നു. അടിയന്തിരാവസ്ഥയാണെന്ന് ഓര്‍മ്മ വേണം. സര്‍ക്കാര്‍ സ്‌ക്കൂളില്‍ രാഷ്ട്രീയ നിറം കൊടുക്കുന്ന പരിപാടി നടത്താന്‍ അനുവദിക്കില്ല. ഓഡിറ്റോറിയത്തില്‍ ശബ്ദ കോലാഹലമായി. ഉല്‍ഘാടന സമ്മേളനത്തില്‍ സര്‍വ്വകക്ഷികളുടേയും പ്രതിനിധികളുണ്ടായിരുന്നു. അവിടെ ഉണ്ടായ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചു.

പാണപ്പുഴയില്‍ നിന്ന് പടിയറങ്ങണമെന്ന ആഗ്രഹം മനസ്സിലുണ്ടായി. മഴക്കാലത്തെ യാത്ര. രാഷ്ട്രീയ ഇടപെടല്‍, സ്‌നേഹപ്രകടനം നടത്തുന്ന സ്ത്രീകള്‍ വഞ്ചിക്കുമോ എന്ന ഭയം. ട്രാന്‍സ്ഫറിന് അപേക്ഷ കൊടുത്തു. മെയ് അവസാനത്തോടെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. മാവിലാ കടപ്പുറം സ്‌ക്കൂളിലേക്കാണ് ട്രാന്‍സ്ഫര്‍ കിട്ടിയത്. നാട്ടുകാരുടേയും പി.ടി.എ.ക്കാരുടേയും വക സ്‌നേഹമസൃണമായ യാത്രയയപ്പു കിട്ടി. നബീസുമ്മയോട് മജീദ് കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു. നബീസുമ്മയ്ക്കും സന്തോഷമായി. കടപ്പുറം മജീദിന് ഇഷ്ടപ്പെട്ട പ്രദേശമായിരുന്നു, കടലുകാണാം, തിരമാലകള്‍ ആസ്വദിക്കാം. വൈകീട്ട് കടപ്പുറത്തുകൂടെ നടക്കാം. എല്ലാം കൊണ്ടും ഇപ്പോള്‍ ട്രാന്‍സ്ഫര്‍ കിട്ടിയ സ്‌ക്കൂളും ചുറ്റുപാടും നല്ലതായിരിക്കുമെന്ന് മജീദ് മനസ്സില്‍ കണക്കുക്കൂട്ടി. സ്‌ക്കൂളിലേക്ക് പോകേണ്ട വഴി ചോദിച്ചു മനസ്സിലാക്കി.

വഴിയേക്കുറിച്ചറിഞ്ഞപ്പോള്‍ ഭയം തോന്നി. മനസ്സില്‍ തളിരിട്ട സന്തോഷങ്ങളൊക്കെയും വാടിക്കൊഴിയാന്‍ തുടങ്ങി. രണ്ടു പുഴ കടക്കണം. തോണിയില്‍ അരമണിക്കൂറെങ്കിലും ഇരിക്കണം. വരുന്നിടത്ത് വെച്ച് കാണാമെന്ന മനസ്സോടെ കടവിലെത്തി. ഇതേവരെ തോണിയില്‍ യാത്ര ചെയ്തിട്ടില്ല. വലിയ തോണിയാണ്. നാല്പതോളം ആളുകള്‍ക്ക് കയറാം. ഓരോരുത്തരായി കയറാന്‍ തുടങ്ങി. ഒരു യാത്രക്കാരന്റെ കയ്യില്‍ പിടിച്ച് ഭയം പുറത്തുകാണിക്കാതെ തോണിയില്‍ കയറി. ഒരാള്‍ ഇരിക്കാന്‍ സൗകര്യം ചെയ്തു തന്നു. തോണി തുഴയുന്ന വ്യക്തിയും ചില യാത്രക്കാരും മജീദ് മാഷിനെ പരിചയപ്പെട്ടു. നെഞ്ചിടിക്കുന്നുണ്ട്. നല്ല വെയിലുണ്ടായിരുന്നു, അന്ന് അരമണിക്കൂര്‍ കഴിഞ്ഞു കാണും തോണി കടവിനടുത്ത് അടുക്കാറായി. യാത്രക്കാരില്‍ ചിലരെല്ലാം ചാടി ഇറങ്ങുന്നുണ്ട്. മജീദ് അനങ്ങാതിരുന്നു. തോണി തുഴയുന്ന വ്യക്തിയുടെ കൈപിടിച്ച് മെല്ലെ ഇറങ്ങി. ഹാവൂ രക്ഷപ്പെട്ടു.

സ്‌ക്കൂളിലെത്താന്‍ പത്തു പതിനഞ്ച് മിനിട്ട് നടക്കണം. സ്‌ക്കൂളിലെത്തി. എല്‍.പി. സ്‌ക്കൂളാണെങ്കിലും ഡിവിഷനുകള്‍ ഉളളതുകൊണ്ട് എട്ടോളം അധ്യാപകരുണ്ട്. ക്ലാസു മുറികളൊക്കെ ബഹളമയം. കിഴക്ക് ഭാഗം പുഴയും പടിഞ്ഞാറ് ഭാഗം കടലുമാണ്. എന്നിട്ടും ചൂട് സഹിക്കാന്‍ പറ്റുന്നില്ല. ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കയ്യില്‍ പിടിച്ച് ഓഫീസ് മുറിയിലേക്ക്‌ചെന്നു. ഹെഡ്മിസ്ട്രസ്സാണ്, മജീദിനെ അവര്‍ തുറിച്ചു നോക്കി. ചിരിക്കുന്ന മുഖമല്ല അവര്‍ക്കുളളതെന്ന് മജീദിന് മനസ്സിലായി. ഭയം ഉളവാക്കുന്ന സ്‌ത്രൈണരൂപം. അവരുടെ മുന്നിലുണ്ടായ കസേരയില്‍ മജീദ് ഇരുന്നു, അവര്‍ പറയാതെ. ഓര്‍ഡര്‍ കയ്യില്‍ കൊടുത്തു. അറ്റന്റന്‍സ് റജിസ്റ്ററില്‍ പേരെഴുതി ഒപ്പിടാന്‍ തന്നു. വര്‍ത്തമാനമൊന്നുമില്ല. അപ്പോഴേക്കും ഇന്റര്‍വെല്‍ സമയമായിരുന്നു. ടീച്ചേര്‍സെല്ലാം സ്റ്റാഫ് റൂമിലേക്കു വന്നു. പരസ്പരം പരിചയപ്പെട്ടു. ഒന്നു രണ്ടു പേരൊഴിച്ച് മറ്റുളളവരെല്ലാം അക്കരെനിന്ന് വരേണ്ടവരാണ്.

കൊല്ലക്കാരിയായ സുബൈദ ടീച്ചറും, അറബിക്ക് അധ്യാപകനായ ബഷീറും നാട്ടുകാരുടെ അതിഥികളായി ഓരോ വീടുകളില്‍ താമസിക്കുന്നു. ഉച്ച സമയമാപ്പോള്‍ ബഷീര്‍ മാഷ് വിളിച്ചു. 'ളുഹറ് നിസ്‌ക്കരിക്കേണ്ടേ, കടവിനടുത്താണ് പളളി'. മജീദ് സ്‌ക്കൂളില്‍ ജോയിന്‍ ചെയ്ത വിവരം നാട്ടു പ്രമുഖനും അവിടുത്തെ പോസ്റ്റ് മാഷുമായിരുന്ന അബ്ദുള്‍ റഹ്‌മാന്‍ അറിഞ്ഞിരുന്നു. നാട്ടുകാരൊക്കെ പോസ്റ്റ്മാഷ് എന്നാണദ്ദേഹത്തെ വിളിക്കുന്നത്. നിസ്‌ക്കരിച്ച് പളളിയില്‍ നിന്ന് ഇറങ്ങാന്‍ പോകുന്ന മജീദ് മാഷിന്റെ അടുത്തേക്ക് പോസ്റ്റ് മാഷ് വന്നു. 'വാ പുരക്കേക്ക് പോകാം അല്പം ഭക്ഷണം കഴിക്കാം'. നല്ല വിശപ്പുണ്ട്, ഭക്ഷണം കൊണ്ട് വന്നിട്ടുമില്ല. അദ്ദേഹത്തിന്റെ കൂടെ ചെന്നു. അവിടെ ചെല്ലുമ്പോഴാണ് അറിഞ്ഞത്. സ്‌ക്കൂളിലെ സുബൈദ ടീച്ചര്‍ താമസിക്കുന്നത് അവിടെയാണെന്ന്.

പോസ്റ്റ് മാഷ് അവിടെ എത്തുന്ന മുസ്ലിം അധ്യാപകര്‍ക്കെല്ലാം ഉച്ചഭക്ഷണം നല്‍കും. അതദ്ദേഹത്തിന്റെ ശീലമാണ്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ വ്യക്തിപരമായ വിവരങ്ങളും മറ്റും തിരക്കി. പുഴമീന്‍ പൊരിച്ചതും കറിയും നല്ലപോലെ ഇഷ്ടപ്പെട്ടു. മജീദ് മാഷെ ഇനി എന്നും പളളിയില്‍ നിന്ന് ഇറങ്ങിയാല്‍ ഇവിടെ വന്ന് ഭക്ഷണം കഴിക്കണം. ചിരിച്ചു കൊണ്ട് മജീദ് തലയാട്ടി. പോസ്റ്റ് മാഷിന്റെ രണ്ട് മക്കളും അതേ സ്‌ക്കൂളില്‍ പഠിക്കുന്നുണ്ട്. അവരെ പരിചയപ്പെടുത്തിത്തന്നു. സുബൈദ ടീച്ചറിന്റെ കൂടെ സ്‌കൂളിലേക്ക് നടന്നു.

(തുടരും)

ALSO READ: 


Keywords: Kookanam-Rahman, Students, School, Article, Teacher, Story, Kerala, function, Student, School, Mother, River, Government, Kerala, River, Sea, Women, From hill to beach.

Post a Comment