Follow KVARTHA on Google news Follow Us!
ad

സ്‌നേഹം ചൊരിയുന്ന പെണ്‍സൗഹൃദങ്ങള്‍

നബീസാന്റെ മകന്‍ മജീദ്-18 / കൂക്കാനം റഹ്‌മാൻ

(www.kvartha.com 12.04.2022)
സ്‌കൂളിലെ ഏഴാം ക്ലാസില്‍ ക്ലാസ് അധ്യാപകനായി ചാര്‍ജ് കിട്ടി. ആ വിദ്യാലയത്തില്‍ തൊണ്ണൂറ് ശതമാനവും മുസ്ലിം കുട്ടികളായിരുന്നു. മദ്രസ വിട്ട ഉടനെ സ്‌ക്കൂളിലെത്തുന്ന കുട്ടികള്‍ക്ക് ശരീര ശുചിത്വം വരുത്താനൊന്നും സമയം കിട്ടില്ല. മിക്ക കുട്ടികളുടെ കയ്യിലും അച്ചാറ് പാക്കറ്റ് കാണാം. അച്ചാറിനോട് ഏറെ പ്രിയമുളളവരായിരുന്നു അവിടുത്തെ കുട്ടികള്‍. പൊതുവെ പഠനകാര്യത്തില്‍ താല്‍പര്യമില്ലാത്താവരായിരുന്നു അന്നാട്ടുകാര്‍. 16 കഴിഞ്ഞാല്‍ അക്കരകടക്കാന്‍ ആണ്‍കുട്ടികളും, ഒരാണിന്റെ കൂടെ പൊറുക്കാന്‍ പെണ്‍കുട്ടികളും താല്‍പര്യം കാണിക്കുന്ന കാലം. ഒരു ഏക ദിന പഠന യാത്ര സംഘടിപ്പിക്കാന്‍ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചു. അറുപത് എഴുപത് കുട്ടികള്‍ തയ്യാറായി വന്നു. കുട്ടികളെ ക്യൂവില്‍ നിര്‍ത്തിയപ്പോള്‍ ഒരു രക്ഷിതാവ് ഓടിക്കിതച്ച് വരുന്നു അദ്ദേഹത്തിന്റെ മകളെ ക്യൂവില്‍ നിന്ന് വലിച്ച് ദൂരെക്ക് മാറ്റി കയ്യില്‍ കരുതിയ വടികൊണ്ട് ആ പെണ്‍കുട്ടിയെ പൊതിരെ തല്ലി. 'ആയ ഗര്‍ഭമൊക്കെ മതി' എന്നാക്രോശിച്ചുകൊണ്ടായിരുന്നു കുട്ടിയെ അടിച്ചുകൊണ്ടിരുന്നത്.

  
News, Kerala, Kookanam-Rahman, Article, Girl, School, Teacher, Job, Entertainment, Pleasure to face problems and provocations.



മജീദ് ഈ കാഴ്ച കണ്ട് ഭയന്നു പോയി. ഒന്നും പ്രതികരിക്കാനാവാതെ നിര്‍വികാരനായി നിന്നു. പ്രതികരിച്ചാല്‍ കൂടുതല്‍ പ്രശ്‌നമായാലോ എന്ന ചിന്തയായിരുന്നു മജീദിന്. മാനസീകമായി അസ്വസ്ഥനായെങ്കിലും പരിപാടിയില്‍ മജീദ് മാഷ് ഊര്‍ജസ്വലതയോടെ പങ്കെടുത്തു. യാത്ര കഴിഞ്ഞുളള തിരിച്ചു വരവില്‍ അപ്രതീക്ഷിതമായി ഒരു സംഭവം നടന്നു. സ്‌ക്കൂളിനടുത്ത് എത്താറായപ്പോള്‍ ബസ്സ് നിയന്ത്രണം വിട്ടു മറിഞ്ഞു. ബസ്സില്‍ നിന്ന് കൂട്ട നിലവിളി ഉയര്‍ന്നു. മജീദ് മാഷ് സ്റ്റെപ്പിനടുത്ത് നില്‍ക്കുകയായിരുന്നു അപ്പോള്‍. ഗേറ്റിലൂടെ കമിഴ്ന്നടിച്ചാണ് മജീദ് വീണത്. ശ്വാസം കിട്ടുന്നില്ല. വായിലും മൂക്കിലും പൂഴി നിറഞ്ഞു.
മരിച്ചു എന്നു തന്നെ മജീദ് കരുതി. കുട്ടികളും അധ്യാപകരും ബസ്സിന്റെ സൈഡിലുളള കമ്പിക്കിടയിലൂടെ ഓരോരുത്തരായി പുറത്തു കടന്നു.

എല്ലാവരും മജീദ് മാഷിന്റെ പുറത്തു ചവിട്ടിക്കൊണ്ടായിരുന്നു ജീവനും കൊണ്ട് പുറത്തെത്തിയത്. നാലഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ അല്പം വെളിച്ചം കണ്ണിലേക്ക് കടന്നു വന്നു. അപ്പോഴെക്കും എല്ലാവരും പുറത്തെത്തിയിരുന്നു. മജീദ് പിടഞ്ഞെണീറ്റു. ആരെല്ലാമോ ചേര്‍ന്ന് പിടിച്ചു പുറത്ത് കടത്തി. എല്ലാവരേയും അടുത്തുളള ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ചികില്‍സ നടത്തി വീട്ടിലെക്കെത്തിച്ചു. ബസ്സുമറിഞ്ഞ വിവരം നാടു മുഴുവന്‍ അറിഞ്ഞിരുന്നു. നബീസുമ്മയും ഇക്കാര്യം അറിഞ്ഞ് കരച്ചിലായി. മജീദിന് കാര്യമായൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഒരു വണ്ടി സംഘടിപ്പിച്ച് മജീദും വീട്ടിലെത്തി. രാവിലെ സ്‌ക്കൂള്‍ മുറ്റത്ത് നടന്ന സംഭവം മുതല്‍ ജീവിതത്തില്‍ മൂന്നാം തവണയും മരിക്കാതെ രക്ഷപ്പെട്ട കഥ മജീദ് നബീസുമ്മയുമായി പങ്കുവെച്ചു.

സ്‌ക്കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന അനീസയുടെ ബാപ്പ ഒരു ദിവസം മജീദിനെ അന്വേഷിച്ച് സ്‌ക്കൂളില്‍ വന്നു. ആ പ്രദേശത്ത് അറിയപ്പെടുന്ന പ്രമുഖ വ്യക്തിയാണ് ഇസ്ഹാഖ്. മജീദിന്റെ മനസ്സില്‍ ആരെങ്കിലും അദ്ദേഹത്തെ അന്വേഷിച്ചെത്തിയാല്‍ വേവലാതിയാണ് എന്തെങ്കിലും തെറ്റ് കയ്യില്‍ നിന്ന് വന്നു പോയോ, പറഞ്ഞ വാക്കുകള്‍ പിഴച്ചു പോയോ എന്നൊക്കെയാണ് കക്ഷിയുടെ ചിന്ത. ഇസ്ഹാഖ് വന്നത് അനീസയ്ക്ക് ഇംഗ്ലീഷില്‍ ട്യൂഷന്‍ എടുക്കാന്‍ പറ്റുമോ എന്നന്വേഷിക്കാനായിരുന്നു. 'അവള്‍ക്ക് മാഷുടെ ക്ലാസ് പെരുത്ത് ഇഷ്ടമാണെന്നും സംശയങ്ങളെല്ലാം പറഞ്ഞു തരുമെന്നും അവള്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്റെ വീട് മാഷ്‌ക്ക് അറിയില്ലേ? നിങ്ങള്‍ മാഷന്‍മാരൊക്കെ നടന്നു പോകുന്ന വഴിക്കാണ് എന്റെ വീട്. ഒരു
അരമണിക്കൂറെങ്കിലും മാഷൊന്നു സഹായിക്കണം'.

വാസ്തവത്തില്‍ അനീസാന്റെ വീട് മജീദ് മാഷിനറിയാം. ആ വഴിയില്‍ പോകുമ്പോഴൊക്കെ അനീസ ജനല്‍ പാളിയിലൂടെ മജീദിനെ നോക്കാറുണ്ട്. ക്ലാസിലും എന്തോ ഒരടുപ്പം അവള്‍ കാണിക്കാറുണ്ട്. ഗള്‍ഫില്‍ നിന്ന് എളയ വന്നിട്ടുണ്ട്, ഇച്ച വന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് വിലകൂടിയ മിഠായി മജീദിന് നല്‍കാറുണ്ട്. ഇടയ്ക്ക് വിലകൂടിയ സ്‌പ്രേയും മറ്റും കൊണ്ടു വരും. ഇത് മാഷിന് തരാന്‍ ഉമ്മ തന്നയച്ചതാണ് എന്ന് പറഞ്ഞാണ് അതൊക്കെ മജീദിന് കൊടുത്തിരുന്നത്.

മജീദ് ഒപ്പമുളള സഹപ്രവര്‍ത്തകരോടൊക്കെ അനുവാദം വാങ്ങിയിട്ടാണ് സ്‌ക്കൂള്‍ വിട്ടതിനു ശേഷം അരമണിക്കൂര്‍ ട്യൂഷനെടുക്കാന്‍ അവിടെ ചെന്നത്. വീട്ടില്‍ വെച്ച് ക്ലാസെടുക്കാന്‍ ഒരു പ്രത്യേക മുറി തയ്യാറാക്കിയിരുന്നു. അനീസാന്റെ ഉമ്മ മാത്രമെ അന്ന് ആ വീട്ടിലുണ്ടായിരുന്നുളളൂ. അടുത്ത വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് അവരും പോയി. മജീദും അനീസയും മാത്രമായി അവിടെ. പെട്ടെന്ന് ശക്തമായ മഴ വന്നു. അരമണിക്കൂറൊക്കെ പെട്ടെന്ന് കടന്നു പോയി. 'മാഷിന് ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്' എന്ന് പറഞ്ഞ് ചൂടു ചായയും പുഴുങ്ങിയ മുട്ടയുമായി അനീസ വന്നു. അവളുടെ നോട്ടത്തിലും ചിരിയിലും എന്തോ ഒളിഞ്ഞിരിക്കുന്നതായി മജീദിന് തോന്നി. അവരെ തനിച്ചാക്കി എല്ലാവരും വീട്ടില്‍ നിന്ന് പുറത്തു പോയതാണോ എന്നൊരു സംശയവും മജീദിനുണ്ടായി.

ചായ കഴിച്ച് പോകാനൊരുങ്ങുമ്പോള്‍ അനീസ തടസ്സപ്പെടുത്തി 'മഴ കഴിഞ്ഞിട്ട് പോകാം മാഷെ…' അവള്‍ ഒന്നു കൂടി മജീദിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. മജീദിന്റെ ഹൃദയമിടിപ്പ് കൂടിവന്നു. അവിടുന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ അപകടത്തില്‍ പെട്ടുപോകുമെന്ന് ഉറപ്പിച്ചു. 'എനിക്ക് പേടിയാവുന്നു, ഇടിയും മിന്നലും കാണുമ്പോള്‍, ഉമ്മ വരുന്നതുവരെ മാഷിരിക്കൂ'. അനീസ നിര്‍ബന്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അനീസാന്റെ ഉമ്മ വന്നു. ഹാവൂ രക്ഷപെട്ടു എന്ന് മജീദിന്റെ ഹൃദയം മന്ത്രിച്ചു.

രണ്ടു മൂന്നു മാസം കൂടി ഈ ട്യൂഷന്‍ പരിപാടി തുടര്‍ന്നു. കഴിയാവുന്നത്ര അകലം പാലിച്ചു കൊണ്ടു തന്നെയാണ് കാര്യങ്ങള്‍ ചെയ്തത്. ഇതറിഞ്ഞ് ഒന്നു രണ്ട് രക്ഷിതാക്കളും ട്യൂഷനെടുത്തു തരുമോ എന്നന്വേഷിച്ചു. അതില്‍ നിന്ന് ഒഴിഞ്ഞു നിന്നു. മൂന്നാലു മാസങ്ങള്‍ കടന്നു പോയി. അപകടത്തില്‍ പെടാതെയാണ് ആ ദിനങ്ങള്‍ കടന്നു പോയത്. അനീസാന്റെ ബാപ്പക്കും മജീദ് മാഷില്‍ ഒരു കണ്ണുണ്ടായിരുന്നു. അക്കാര്യം ഇസ്ഹാഖ് അവരുടെ കുടുംബാഗങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടായിരിക്കാം. അനീസായുമായി അടുക്കാനുളള സന്ദര്‍ഭങ്ങള്‍ അവര്‍ കരുതി കൂട്ടി ചെയ്യുന്നുണ്ടായിരുന്നു. മജീദ് ക്ലാസെടുക്കാന്‍ ചെല്ലുമ്പോള്‍ വീട്ടുകാരൊക്കെ അവിടെ നിന്ന് മാറി നില്‍ക്കും. ഇതൊക്കെ മജീദിന് പിടികിട്ടിയിരുന്നു.

ഒരു ദിവസം സ്‌ക്കൂളിലെത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഒരു രെജിസ്‌ട്രേഡ് കത്തു വന്നിട്ടുണ്ടെന്നറിഞ്ഞു. ആകാംക്ഷയോടെ കത്ത് തുറന്നു നോക്കി. ഡിപ്പാര്‍ടുമെന്റ് ക്വാട്ടയില്‍ ബി എഡിനുളള സെലക്ഷന്‍ മെമ്മോയാണത്. സുഹൃത്തുക്കളുമായി ആലോചിച്ചു. എല്ലാവരും പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തത്. ഒരു വര്‍ഷം വേണം കോഴ്സ് പൂര്‍ത്തിയാക്കാന്‍. ട്രെയിനിങ് കോളേജിലേക്ക് ദിവസേന പോക്കുവരവ് ബുദ്ധിമുട്ടാണ്. ശമ്പളവുമില്ല, പകരം ചെറിയൊരു തുക അലവന്‍സായി കിട്ടും. എന്തായാലും കോഴ്സിന് ചേരണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മജീദ്. സ്‌ക്കൂളില്‍ നിന്ന് മാറി നില്‍ക്കാം ട്യൂഷന്‍ നല്‍കുന്ന പരിപാടിയില്‍ നിന്ന് രക്ഷപെടാം. ആര്‍ക്കും സംശയത്തിട നല്‍കാതെ കാര്യം നടക്കും. ട്രയിനിംഗിന് പോകാന്‍ തീരുമാനിച്ച വിവരം നബീസുമ്മയുമായി സംസാരിച്ചു. അല്പം സാമ്പത്തിക ബുദ്ധിമുട്ട് വരുമെങ്കിലും പഠിക്കാന്‍ പോകണമെന്നു തന്നെയായിരുന്നു നബീസാന്റെ നിലപാടും. അതേ വരെ പറയാതിരുന്ന ട്യൂഷന്‍ വീട്ടിലെ അനുഭവങ്ങള്‍ മജീദ് ഉമ്മയുമായി പങ്കിട്ടു. 'നല്ല ബന്ധമാണെങ്കില്‍ അത് നോക്കുന്നത് നല്ലതായിരിക്കില്ലേ മോനേ?', എന്നാണ് ഉമ്മയുടെ പ്രതികരണം. മജീദിന് പല കാര്യങ്ങളും പറയാനുണ്ടെങ്കിലും എല്ലാം മനസ്സില്‍ ഒതുക്കിവെച്ചു 'അത് നമുക്ക് പറ്റില്ലുമ്മാ' എന്ന് മത്രം സൂചിപ്പിച്ചു.

മജീദ് വീണ്ടും വിദ്യാര്‍ത്ഥിയായി കോളേജിലെത്തി. ക്ലാസിലെ പഠിതാക്കളെല്ലാം 20 നും 22 നും ഉളളിലുളളവരായിരുന്നു. മുപ്പതിനടുത്തവരായി മജീദിനെ കൂടാതെ രണ്ടു മൂന്നു പേരേ ഉണ്ടായിരുന്നുളളൂ. അഞ്ചോളം ഡിപ്പാര്‍ടുമെന്റുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ ആ കോളേജിലുണ്ടായിരുന്നു. ക്ലാസില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. കോളേജില്‍ സുപരിചിതനായി മാറി മജീദ്. കോളേജ് പ്രിന്‍സിപ്പാളിനെ മുമ്പേ പരിചയമുണ്ട്. ഡിപ്പാര്‍ട്‌മെന്റ് ഹെഡും സുപരിചിതനാണ്.

ഫിസിക്‌സ് ഡിപ്പര്‍ട്‌മെന്റിലെ മീരാ ജാസ്മിന്‍ എന്തോ അടുപ്പം കാണിക്കുന്നുണ്ടെന്ന് മജീദിന് തോന്നി. കൊല്ലംകാരിയാണെന്നും ഫിസിക്‌സില്‍ പി ജി ഉണ്ടെന്നും നേരിട്ടു പറഞ്ഞു. വീര്‍ത്ത തടിയാണ് അവള്‍ക്ക്. മുഖമാകെ മുഖക്കുരു നിറഞ്ഞു നില്‍പ്പുണ്ട്. മൊത്തത്തില്‍ സൗന്ദര്യം തീരെ കുറഞ്ഞ പെണ്‍കുട്ടി. പക്ഷെ കോളേജിലേക്ക് മജീദ് കടക്കുമ്പോഴേക്കും സ്വീകരിക്കാന്‍ നില്പുണ്ടാവും മീരാജാസ്മിന്‍. തപാലില്‍ മജീദിന് കത്തുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് എടുത്തുകൊണ്ടു വന്ന് നേരിട്ട് കൊടുക്കും. ഇടയ്ക്ക് കോളേജിനടുത്തുളള ഇന്ത്യന്‍ കോഫി ഹൗസിലേക്ക് കാപ്പി കുടിക്കാന്‍ പോകാന്‍ ക്ഷണിക്കും. കുടുംബകാര്യങ്ങളെല്ലാം സംസാരിക്കാന്‍ ആ അവസരം ഉപയോഗിക്കും. നല്ല പെരുമാറ്റമാണ്, സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പെണ്‍കുട്ടിയാണെന്ന് മജീദിന് ബോധ്യപ്പെട്ടു.

(തുടരും)


ALSO READ:









Keywords: News, Kerala, Kookanam-Rahman, Article, Girl, School, Teacher, Job, Entertainment, Pleasure to face problems and provocations.

Post a Comment