രണ്ടാമതും മരണത്തില്‍ നിന്നും രക്ഷപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നബീസാന്റെ മകന്‍ മജീദ് (ഭാഗം 15) 

കൂക്കാനം റഹ്‌മാൻ

(www.kvartha.com 06.02.2022) സുബൈദ ടീച്ചറുമൊത്തുളള സ്‌ക്കൂളിലേക്കുളള യാത്രയില്‍ അവര്‍ എന്തെല്ലാമോ പറയാന്‍ തുടങ്ങുകയായിരുന്നു. കുടുംബകാര്യമാണ് ആദ്യം പറഞ്ഞത്. കൊല്ലം ജില്ലയിലാണ് വീട്. എംപ്ലോയ്‌മെന്റ് മുഖേന ആറുമാസത്തേക്കാണ് ഇവിടെ നിയമനം കിട്ടിയത്. ഭര്‍ത്താവും മക്കളും നാട്ടിലുണ്ട്. ഇവിടെ എവിടെയെങ്കിലും മാനേജ്‌മെന്റ് സ്‌ക്കൂളില്‍ ഒരു പോസ്റ്റ് സംഘടിപ്പിക്കണമായിരുന്നു. സ്‌ക്കൂളിന്റെ സമീപത്തെത്തിയപ്പോള്‍ അവര്‍ സംസാരം അവസാനിപ്പിച്ചു. മജീദ് ഓര്‍ക്കുകയായിരുന്നു എവിടെ എത്തിയാലും എന്തങ്കിലും ആവശ്യവുമായി സമീപിക്കുന്ന ആളുകളെ കണ്ടുമുട്ടുന്നു.
                       
രണ്ടാമതും മരണത്തില്‍ നിന്നും രക്ഷപ്പെട്ടു

സര്‍വ്വീസില്‍ കയറിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുളളൂവെങ്കിലും ഇപ്പോള്‍ എത്തിപ്പെട്ട വിദ്യാലയത്തിലെ സീനിയര്‍ അസിസ്റ്റന്റാണ് മജീദ്. ഹെഡ്മിസ്ട്രസ് പലപ്പോഴും ലീവായിരിക്കും. ആ ദിവസങ്ങളില്‍ മജീദിനാണ് സ്‌ക്കൂളിന്റെ ചാര്‍ജ്. യുവത്വത്തിന്റെ പ്രസരിപ്പ് കാണിക്കാന്‍ മജീദ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. പാവപ്പെട്ടവരാണ് ആ പ്രദേശത്തെ ജനങ്ങള്‍. മല്‍സ്യ മേഖലയിലും കാര്‍ഷിക മേഖലയിലും പണി ചെയ്യുന്നവര്‍. ഉച്ചക്കഞ്ഞി മാത്രം പ്രതീക്ഷിച്ചു വരുന്ന കുട്ടികള്‍. മദ്രസാ പഠനത്തിന് സ്‌ക്കൂള്‍ പഠനത്തെക്കാള്‍ പ്രാധാന്യം കൊടുക്കുന്ന രക്ഷിതാക്കള്‍.

അധ്യാപകര്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. ഓരോ ക്ലാസിലും നാല്‍പത് വരെ കുട്ടികളുണ്ട്. ബഹളമയമാണ് ക്ലാസ് മുറികള്‍. അതിനനുസരിച്ച് അധ്യാപകര്‍ ശബ്ദമെടുക്കേണ്ടിവരുന്നു. എങ്കിലെ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയൂ. ഇവിടെ സ്‌ക്കൂള്‍ പ്രവര്‍ത്തി സമയത്തിനും വ്യത്യാസമുണ്ട്. പത്തരമുതല്‍ നാലര വരെയാണ് സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സമയ കൃത്യത പാലിക്കാനും, ക്ലാസുമുറികള്‍ ശുചിയാക്കി വെക്കാനും, വ്യക്തി ശുചിത്വം പാലിക്കാനുമൊക്കെ മജീദിന്റെ നേതൃത്വത്തില്‍ സഹധ്യാപകരും തയ്യാറായി.

സ്വയം കൃത്യത പാലിച്ചാലേ മറ്റുളള സഹപ്രവര്‍ത്തകരും സമയ നിഷ്ഠ പാലിക്കൂ എന്ന് മജീദിനറിയാം. ഒരു ദിവസം കടവിനടുത്തേക്കുളള ബസ് സമയത്തിന് എത്തിയില്ല. കടവില്‍നിന്ന് തോണി പുറപ്പെടുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് മജീദ്. പെട്ടെന്ന് ചെറിയ തോണി തുഴഞ്ഞു പോകുന്ന ഒരു കുട്ടി കടവിനടുത്തെത്തി 'മാഷ് വരുന്നോ?, ഞാന്‍ അക്കരെയെത്തിക്കാം'. വലിയ കടത്തുത്തോണി യാത്ര ഭയപ്പെടുന്ന മജീദിന് ചെറു തോണിയിലെ യാത്ര ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. സമയത്തിന് സ്‌ക്കൂളിലെത്തിയേ പറ്റൂ. ജീവനില്‍ ഭയം ഡ്യൂട്ടിക്ക് കൃത്യം എത്തണമെന്ന വാശി. മജീദ് മനസ്സ് ഒന്നുകൂടി പാകപ്പെടുത്തി ചെറുതോണിയില്‍ കയറാന്‍ തീരുമാനിച്ചു.

തുഴയുന്നത് കൊച്ചു കുട്ടിയാണ്, വളരെ ചെറിയ തോണി, നീന്തല്‍ വശമില്ലാത്ത വ്യക്തി. ഇത്രയൊക്കെയായിട്ടും മജീദ് തന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ കൊച്ചു തോണിയില്‍ കയറി ഇരുന്നു. മജീദിന്റെ മുഖഭാവത്തില്‍ നിന്ന് തുഴക്കാരന്‍ കുട്ടി മാഷിന്റെ ഭയം വായിച്ചറിഞ്ഞു. അവന്‍ മെല്ലെ തുഴഞ്ഞു. ഇരുഭാഗത്തേക്കും തോണി ചെരിയുന്നുണ്ട്. അപ്പോഴൊക്കെ മജീദിന്റെ മനസ്സില്‍ഭയം ഉരുണ്ടു കൂടി. പുറത്തു കാണിച്ചില്ല, ആദ്യം കടന്നു പോയ കടത്തു തോണി കടവിലെത്തുന്നതിന് മുന്നേ ചെറുതോണിയില്‍ അക്കരെ എത്തണമെന്ന ആഗ്രഹവും മജീദിനുണ്ട്.

കടവിനടുത്ത് എത്താറായി, ബോട്ട് ജെട്ടിയുടെ അടുത്ത് എത്തിയപ്പോള്‍ തുഴക്കാരന്‍ കുട്ടി 'കരിങ്കല്‍ തൂണില്‍ പിടിച്ചോ മാഷെ' എന്ന് പറഞ്ഞു. അത് കേള്‍ക്കേണ്ട താമസം മജീദ് ബോട്ട് ജെട്ടിയുടെ തൂണില്‍ പിടിമുറുക്കി. പെട്ടെന്ന് കുട്ടി പറഞ്ഞു, 'കടവില്‍ തന്നെ ഇറക്കാം ഇവിടെ ഇറങ്ങേണ്ട' എന്ന് പറയുകയും തോണി തുഴയുകയും ചെയ്തു. മജീദ് പുഴയിലേക്കു വീണു. ബോട്ട് ജെട്ടിയാണ് നല്ല ആഴമുളള സ്ഥലമാണ്. ആ പ്രദേശത്ത് ജനങ്ങളൊന്നുമില്ല. വെളളത്തില്‍ വീണ മജീദ് എങ്ങിനെയെന്നറിയില്ല നിവര്‍ന്നു നില്‍ക്കുന്നു. കഴുത്ത് മാത്രം പുറത്തു കാണാം. കയ്യിലുളള ബാഗ് പിടിവിടാതെ മുറുകെ പിടിച്ചിട്ടുണ്ട്. തോണിക്കരന്‍ കുട്ടി നിലവിളിച്ചപ്പോള്‍ ആളുകള്‍ഓടിക്കൂടി.

മജീദിനെ കരയ്ക്കു കയറ്റി. ഡ്രസ് മുഴുവന്‍ നനഞ്ഞുപോയി കടവിനടുത്തുളള ഒരു വീട്ടിലെത്തിച്ചു. വീട്ടുടമ പ്രായമുളള വ്യക്തിയാണങ്കിലും അദ്ദേഹത്തിന്റെ ഡ്രസ് മജീദിന് പാകമായി. അല്‍പം വിശ്രമിച്ചു അപ്പോഴേക്കും പ്രദേശം മുഴുവനും മാഷ് പുഴയില്‍ വീണ വാര്‍ത്ത പരന്നു. സ്‌ക്കൂളില്‍ നിന്ന് സഹധ്യാപകരും വന്നു. അപകടമൊന്നും പറ്റാത്തതിനാല്‍ സ്‌ക്കൂളില്‍ ചെന്നു. രണ്ടു കൈവെളളകളിലും, കാല്‍പാദത്തിന്റെ അടിയിലും പുകച്ചില്‍ അനുഭവപ്പെടുന്നകാര്യം സഹാധ്യാപകരോട് പങ്കിട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവിടെയെല്ലാം പോറലേറ്റിട്ടുണ്ട്. ചോര പൊടിയുന്നുണ്ട്.

പുഴതീര സംരക്ഷണത്തിന് കെട്ടിയ ഭിത്തിയിലും, ബോട്ട് ജെട്ടിയുടെ വാര്‍പ്പിട ഭാഗങ്ങളിലും പറ്റിപ്പിടിച്ച് വളരുന്ന മെരു എന്നൊരു തരം ജീവികളുണ്ട്. അവയില്‍ സ്പര്‍ശിച്ചാല്‍ ബ്ലേഡ് കൊണ്ട് മുറിയുന്നതുപോലെ അറിയാതെ മുറിവ് പറ്റും. നീന്താന്‍ അറിയാത്ത മാഷ് രക്ഷപ്പെട്ടത് അല്‍ഭുതമാണെന്ന് അവര്‍ സൂചിപ്പിച്ചു. ബോട്ട് ജെട്ടിക്കടുത്ത് മൂന്നാള്‍ പൊക്കത്തില്‍ വെളളമുണ്ടാവും. പിന്നെങ്ങിനെയാണ് മാഷ് കഴുത്തോളം വെളളത്തില്‍ നിന്നതെന്നും മനസ്സിലാകുന്നില്ല. മാത്രമല്ല ബോട്ട് ജെട്ടിയുടെ സമീപത്തൊക്കെ നല്ല പോലെ ചെളിനിറഞ്ഞിരിക്കും, അതില്‍ താണു പോയാല്‍ കയറാനോ, കയറ്റാനോ പറ്റില്ല, ഇതിനിടെ ഒരു ചെറുപ്പക്കാരന്‍ ബോട്ട് ജെട്ടിക്കടുത്ത് ചളിയിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്ത വിവരവും അവര്‍ പങ്കുവെച്ചു. ഇതൊക്കെ കേട്ടപ്പോള്‍ മനസ്സില്‍ വേവലാതി വര്‍ദ്ധിച്ചു.

മജീദ് ഉച്ചയ്ക്കു ശേഷം ലീവെടുത്തു. പോസ്റ്റ് മാഷുടെ വീട്ടില്‍ ഭക്ഷണത്തിന് ചെന്നപ്പോഴും പുഴയില്‍ വീണ കാര്യമാണ് പ്രധാനമായി ചര്‍ച്ച ചെയ്തത്. സുബൈദ ടീച്ചര്‍ മുറിവുണ്ടായ സ്ഥലങ്ങളിലെല്ലാം ഓയിന്റ്‌മെന്റ് പുരട്ടി തന്നു. കടവു തോണിയിലെത്തിയപ്പോള്‍ തോണിക്കാരനും യാത്രക്കാരും അല്‍ഭുതത്തോടെയാണ് മാഷിനെ നോക്കിയത്. അല്‍ഭുതകരമായി രക്ഷപ്പെട്ടതുകൊണ്ടാവാം അവരെല്ലാം തുറിച്ചു നോക്കിയത്. വീട്ടിലെത്തിയ മജീദ് ഉമ്മയോട് കാര്യങ്ങള്‍ സംസാരിച്ചു. തോണിയാത്രയില്‍ ഉണ്ടായ അപകടം കൃത്യമായി ഉമ്മയോട് പറഞ്ഞു കൊടുത്തു, നബീസുമ്മ കരയാന്‍ തുടങ്ങി. പണ്ട് നീന്തല്‍ പഠിക്കാന്‍ പോയി കുളത്തില്‍ മുങ്ങിയതും, രക്ഷപ്പെട്ടതും ഒക്കെ ഓര്‍ത്തു കൊണ്ടായിരുന്നു നബീസുമ്മയുടെ കരച്ചിലും പറച്ചിലും.

മജീദ് രണ്ടു ദിവസം സ്‌ക്കൂളില്‍ ചെന്നില്ല. അവധിയെടുത്തു. ചെറിയ തോതില്‍ പനി ഉണ്ടായി. സുഖവിവരമറിയാന്‍ സ്‌ക്കൂളില്‍ നിന്ന് സ്റ്റാഫും എല്ലാവരും വന്നു. സുബൈദ ടീച്ചറെ നബീസുമ്മ പോകാന്‍ വിട്ടില്ല. 'അടുത്ത ദിവസം വെളളിയാഴ്ചയല്ലേ, സ്‌ക്കൂള്‍ ലീവാണല്ലോ, രാവിലെ പോകാം. ഇന്നിവിടെ താമസിക്കാമെന്ന്' ഉമ്മ നിര്‍ബന്ധിച്ചപ്പോള്‍ സുബൈദ ടീച്ചര്‍ സമ്മതിച്ചു. അന്ന് രാത്രിമുഴുവനും ഉമ്മയും സുബൈദ ടീച്ചറും സംഭാഷണത്തിലായിരുന്നു. പെണ്‍മക്കളില്ലാത്ത നബീസുമ്മയ്ക്ക് പെണ്‍കുട്ടികളോട് നല്ല താല്‍പര്യമായിരുന്നു. അടുത്ത ദിവസം സുബൈദ ടീച്ചര്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

നബീസുമ്മ സുബൈദ ടീച്ചറുടെ കഥ മനസ്സില്‍ വെച്ചു. മജീദിനോട് കാര്യങ്ങള്‍ പറഞ്ഞു. 'മോന്‍ വിചാരിച്ചാല്‍ ഇവിടെ എവിടെയെങ്കിലും ഒരു സ്വകാര്യ സ്‌ക്കൂളില്‍ അവള്‍ക്കൊരു ജോലി തരപ്പെടുത്തി കൊടുക്കാന്‍ പറ്റില്ലേ?, അവള്‍ പാവം കുട്ടിയാണ്'. സുബൈദ ടീച്ചര്‍ നബീസുമ്മയെ ശരിക്കും കയ്യിലെടുത്തു എന്നാണ് തോന്നുന്നത്. മജീദ് മനസ്സില്‍കണക്കുക്കൂട്ടി. 'നോക്കാം ഉമ്മാ' മജീദ് ഉമ്മയ്ക്ക് വാക്കുകൊടുത്തു. ശനിയാഴ്ച സ്‌ക്കൂളിലെത്തിയ സുബൈദ ടീച്ചറെ ഹെഡ്മിസ്ട്രസ് കുത്തുവാക്കുകള്‍ കൊണ്ട് വേദനിപ്പിക്കാന്‍ തുടങ്ങി. മജീദിന്റെ വീട്ടില്‍ താമസിച്ചതിലുളള അസ്വസ്ഥതയാണ് അവര്‍ കാണിക്കുന്നത്. കുറച്ച് സൗന്ദര്യമുളള സ്ത്രീകളോടൊക്കെ ഹെഡ്മിസ്ട്രസ്സിന് അസൂയയാണ്. പക്ഷേ സുബൈദ അതൊന്നും കാര്യമാക്കിയില്ല.

മജീദ് സ്‌ക്കൂള്‍ അന്വേഷിച്ചു നടക്കാന്‍ തുടങ്ങി. കാസര്‍കോടിനടുത്ത ഒരു സ്‌ക്കൂളില്‍ വരുന്ന ജൂണില്‍ ഒരു റിട്ടയര്‍മെന്റ് വേക്കന്‍സി ഉണ്ടെന്ന് കണ്ടെത്തി. സുബൈദ ടീച്ചറുമൊത്ത് പ്രസ്തുത സ്‌ക്കൂളില്‍ ചെന്നു. മാനേജ്‌മെന്റ് പ്രതിനിധിയെ കണ്ടു. ഡൊണേഷന്‍ ഒരു ലക്ഷം തരണം. അത് ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് മാസാമാസം തന്നാല്‍ മതിയെന്ന ധാരണയിലെത്തി. അന്നു സുബൈദ ടീച്ചര്‍ മജീദിന്റെ വീട്ടില്‍ നബീസുമ്മയുടെ സ്‌നേഹത്തണലില്‍ കഴിഞ്ഞു. നബീസുമ്മയും സുബൈദ ടീച്ചറും ഏറ്റവും അടുത്തവരായി മാറി.

ആ വര്‍ഷത്തെ സമ്മര്‍ വെക്കേഷന്‍ അടുക്കാറായി. ജൂണില്‍ പുതിയ സ്‌ക്കൂളില്‍ ജോയിന്‍ ചെയ്യാനുളള മാനസീക ഒരുക്കത്തിലായിരുന്നു സുബൈദ ടീച്ചര്‍. ഒരു ദിവസം നബീസുമ്മ മജീദിനോട് മനസ്സ് തുറന്നു സംസാരിച്ചു. 'മോനേ നീയും സുബൈദയും ഒരേ പ്രായക്കാരാണെന്നറിയാം. ഒന്നിച്ചു ജീവിക്കാന്‍ സമപ്രായക്കാരാവുന്നതല്ലേ നല്ലത്. നിനക്ക് ഇഷ്ടമാണെങ്കില്‍ നമുക്കിതിനെക്കുറിച്ചാലോചിച്ചു കൂടെ?'. 'അയ്യോ! ഉമ്മാ സുബൈദ വിവാഹിതയാണ്, നാട്ടില്‍ രണ്ടു മക്കളുണ്ട് അവര്‍ക്ക്, അതു നമുക്ക് ചേരുമോ ഉമ്മാ' മജീദ് പറഞ്ഞപ്പോഴാണ് സുബൈദ പറഞ്ഞ എല്ലാകാര്യവും നബീസുമ്മ പറഞ്ഞത്. 'മോനേ അവര്‍ തമ്മില്‍ വിവാഹമോചനം നടത്തി. രണ്ടു മക്കളേയും അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. സുബൈദ സ്വതന്ത്ര്യയാണിപ്പോള്‍. അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ കഴിയുമെങ്കില്‍ നല്ലതല്ലേ?'. ഇതൊന്നും മജീദ് അറിഞ്ഞിരുന്നില്ല. പ്രയാസപ്പെടുന്നവരെ സഹായിക്കാനുളള മനസ്സുളളവനാണ് മജീദ്. നബീസുമ്മയോട് മറുപടിയൊന്നും പറഞ്ഞില്ല.

സുബൈദക്ക് ഏപ്രില്‍ ഒന്നിന് നാട്ടിലേക്ക് പോകാനുളള ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തുകൊടുത്തത് മജീദാണ്. സ്‌ക്കൂള്‍ അടച്ച ദിവസം വൈകീട്ട് മജീദിനൊപ്പം സുബൈദ ടീച്ചറും വീട്ടിലേക്കു വന്നു. അതിരാവിലെയാണ് ട്രെയിന്‍. സ്റ്റേഷനിലെത്താന്‍ ഓട്ടോറിക്ഷ ഏര്‍പ്പാട് ചെയ്തു. രാത്രി ഉമ്മ സുബൈദയോട് പറയുന്നത് മജീദ് കേട്ടു. 'നിനക്ക് എന്റെ മകളായി ഇവിടെ കൂടാന്‍ പറ്റുമോ?' സുബൈദയുടെ മറുപടി ഇങ്ങിനെയായിരുന്നു. 'ഉമ്മയുടെ അഭിപ്രായം മനസ്സിലായി. രണ്ടു പ്രസവിച്ച ഒരു സ്ത്രീയെ ഭാര്യയാക്കാന്‍ ചെറുപ്പക്കാര്‍ ഇഷ്ടപ്പെടില്ല. അതേക്കുറിച്ച് ഉമ്മ ആലോചിക്കേണ്ട. ഞാന്‍ എന്നും ഉമ്മയുടെ മകളായി കഴിയാം. മജീദിനെക്കൊണ്ട് ഒരു ചെറിയ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കണം. ബാക്കി ഞാന്‍ വന്നിട്ട് പറയാം'.

(തുടരും)
Aster mims 04/11/2022








Keywords:  Kookanam-Rahman, News, Kerala, Article, Escaped, Death, School, Accident, Kollam, Mother, Family, Second time also escaped from death.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script