Follow KVARTHA on Google news Follow Us!
ad

ആ യാത്രയ്ക്കിടയിൽ സംഭവിച്ചത്

What happened during that trip, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം 22)

-കൂക്കാനം റഹ്‍മാൻ

(www.kvartha.com) തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ സന്തോഷ സന്താപങ്ങള്‍ നേരിട്ടറിയാന്‍ മജീദ് മാഷിന് സാധിച്ചിട്ടുണ്ട്. പ്രാരാബ്ദം നിറഞ്ഞ ജീവിതമാണവരുടേത്. മാനസീകോല്ലാസം ഉണ്ടാക്കിയെടുക്കാനുളള കര്‍മ്മപദ്ധതികളെക്കുറിച്ച് മജീദ് ആലോച്ചിച്ചു. ചെറിയ ചെറിയ പഠനയാത്രകളും ഉല്ലാസ യാത്രകളും നടത്തിയാല്‍ ഗുണകരമാവും. അതിനുളള സാമ്പത്തീക ശേഷി അവര്‍ക്കില്ലതാനും. ആഴ്ച തോറും കൂലികിട്ടുന്ന തുകയില്‍ നിന്ന് ചെറിയൊരു സംഖ്യ മാറ്റിവെക്കാന്‍ പറ്റുമോ എന്നന്വേഷിച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു. ബീഡിമേഖലയിലാണ് ആദ്യ പരീക്ഷണത്തിനിറങ്ങിയത്. സാധു ബീഡിക്കമ്പനി ദിനേശ് ബീഡിക്കമ്പനി ബ്രാഞ്ചുകളില്‍ പഠനയാത്രാക്കമ്മറ്റി രൂപീകരിച്ചു. തൊഴിലാളികളില്‍ നിന്നും ആഴ്ചതോറും ഒരു നിശ്ചിത സംഖ്യ പിരിച്ചെടുക്കാന്‍ കമ്മറ്റി തീരുമാനിച്ചു. മാസം തികയുമ്പോള്‍ ആ തുകകൊണ്ട് ലേലക്കുറി വെച്ചു. അങ്ങിനെ രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ ഓരോ തൊഴിലാളിക്കും മൂവായിരം നാലായിരം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.
                 
Article, Travel, Bus, Study, Education, Kookanam-Rahman, Kerala, Workers, Tourism, What happened during that trip.

അവരുടെ യോഗം വിളിച്ചു ചേര്‍ത്ത് പഠനയാത്രക്കുളള സ്ഥലവും തീയതിയും മറ്റും നിശ്ചയിക്കും. കുടുംബസമേതമാണ് യാത്ര സംഘടിപ്പിക്കുക. യാത്രാ തീയതി നിശ്ചയിച്ചുകഴിഞ്ഞാല്‍ ദിവസമാവാനുളള ആത്മഹര്‍ഷത്തിലാണ് ഓരോരുത്തരും. തങ്ങളുടെ ജീവിതത്തില്‍ ഇതേവരെ നടക്കാതെപോയ ഒരു സംഭവമാണ് നടക്കാന്‍ പോവുന്നത്. മിക്ക തൊഴിലാളികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ സ്‌ക്കൂളുകളില്‍ നടക്കുന്ന പഠനയാത്രകള്‍ക്കൊന്നും പങ്കെടുക്കാന്‍ പറ്റിയിട്ടുമില്ല. അക്കാലത്ത് നടക്കാതെ പോയ ഒരാഗ്രഹം സഫലമാവാന്‍ പോവുകയാണ്. അറുപത് പേരെയെങ്കിലും പങ്കെടുപ്പിച്ചുളള യാത്രകളാണ് നടത്തിയിരുന്നത്. ആദ്യയാത്ര സംഘടിപ്പിച്ചത്. മൈസൂര്‍-ഊട്ടി-കൊടൈക്കനാല്‍ എന്നീ സ്ഥലങ്ങളിക്കായിരുന്നു. ഇത്രയും ദൂരം ആദ്യമായാണ് തൊഴിലാളി സുഹൃത്തുക്കള്‍ യാത്രചെയ്യുന്നത്. കൊച്ചു കുട്ടികളെപോലെയാണ് അവരുടെ മുഖത്ത് സന്തോഷം മിന്നിമറയുന്നത്.

ഛര്‍ദ്ദി ഉണ്ടാവാതിരിക്കാനുളള വൊമിറ്റിംഗ് ടാബ്ലറ്റുകളൊക്കെ കരുതിയിരുന്നു. എങ്കിലും സ്ത്രീകളില്‍ ചിലര്‍ക്ക് ഛര്‍ദ്ദി പിടിച്ചു നിര്‍ത്താനായില്ല. കാഴ്ച നോക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നതെങ്കില്‍ കണ്ണടച്ചിരിക്കാനും, മുടിമണക്കാനുമൊക്കെ പറഞ്ഞ് ഒരു വിധം എല്ലാവരേയും സമാധാനിപ്പിച്ചിരുത്താന്‍ മജീദ് മാഷ് ശ്രമിച്ചു കൊണ്ടിരുന്നു. ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ ഒരോ സീറ്റിലാണ് ഇരിക്കുന്നത്. മോഹനന്റെ ഭാര്യ ലീലക്ക് ഛര്‍ദിക്കാന്‍ തോന്നിക്കൊണ്ടേയിരുന്നു. മോഹനന്‍ മജീദിന്റെ അടുത്ത് വന്നു പറഞ്ഞു 'മാഷേ ലീലയുടെ അടുത്ത് മാഷിരിക്കണം. വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നാല്‍ അവളുടെ ഛര്‍ദ്ദി നില്‍ക്കാന്‍ സാധ്യതയുണ്ട്', കേട്ട യാത്രക്കാരെല്ലാം അതു ശരിവെച്ചു. മജീദ് ലീലയുടെ അടുത്തിരുന്ന് വര്‍ത്തമാനം പറയാന്‍ തുടങ്ങിയപ്പോള്‍ ലീലയുടെ ശ്രദ്ധമാറി. ക്രമേണ ഛര്‍ദ്ദിക്കാനുളള തോന്നല്‍ ഇല്ലാതായി.

മജീദ് അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ലീല പറഞ്ഞു 'മാഷ് ഇവിടെ തന്നെ ഇരിക്കണം'.
അന്നത്തെ ദിവസം പഠനയാത്ര അവസാനിക്കുന്നതുവരെ മജീദ് അവിടെത്തന്നെ ഇരുന്നു. ലീല വെളുത്തു തടിച്ച സുന്ദരിയാണ്. ബീഡിക്കമ്പനിയിലെ സ്ത്രീ തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ ബീഡി തെറുക്കുന്നത് അവളാണ്. എല്ലാവരോടും സ്‌നേഹവും കരുണയുമുള്ള സ്ത്രീയാണ് ലീല. മോഹനന്‍ കൂലി തൊഴിലാളിയാണ്. കറുത്തു മെലിഞ്ഞ ശരീരം. അല്പം കൂന് ഉണ്ട്. വെളിയിലേക്കു പൊന്തി നില്‍ക്കുന്ന പല്ലുകള്‍ മുറുക്കിക്കൊണ്ടിരിക്കണം. ലീലക്ക് മോഹനനെ തീരെ ഇഷ്ടമല്ല. ഒപ്പം എവിടേയും പോകാറില്ല. ബീഡിക്കമ്പനിയിലെ എല്ലാ തൊഴിലാളികളും കുടുംബത്തോടൊപ്പം പോകുന്നതിനാല്‍ മാത്രം ഒപ്പം വന്നതാണ്. ലീല അവളുടെ മനസ്സ് തുറന്ന് എല്ലാം പറഞ്ഞു. മജീദ് ഇതെല്ലാം കേട്ട് ലീലയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

മൈസൂരിലെത്തി താമസിക്കാന്‍ ഏര്‍പ്പാടു ചെയ്ത ലോഡ്ജിലെത്തി. ഇരുപത് ഫാമിലി റൂം ബുക്ക് ചെയ്തിരുന്നു. മജീദ് മാഷിന് ഫാമിലി ഇല്ലാത്തതിനാല്‍ സിംഗിള്‍ റൂമാണെടുത്തത് . എല്ലാവരും കുളിച്ച് റെഡിയായി ഭക്ഷണം കഴിച്ച് ലോഡ്ജിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഒത്തുകൂടി. ആദ്യ ദിവസ യാത്രയെക്കുറിച്ചുളള അഭിപ്രായങ്ങള്‍ ഓരോരുത്തര്‍ പങ്കുവെച്ചു. അടുത്ത ദിവസം രാവിലെ ഒമ്പത് മണിക്ക് റെഡിയാവണമെന്നും , കാണേണ്ട സ്ഥലങ്ങളേതൊക്കെയാണെന്നും മജീദ് പറഞ്ഞു. അടുത്ത ദിവസവും കൂടി ഇതേ ലോഡ്ജിലാണ് താമസം. എല്ലാവരും യാത്രാ ക്ഷീണത്തിലായിരുന്നു. എല്ലാവരും അവരവരുടെ മുറികളിലേക്ക് ചെന്നു. നല്ല ഉറക്കത്തിലായിരുന്നു മജീദ്. രാത്രി രണ്ടു മണിയായി കാണും. ഡോറിനു മുട്ടുന്ന ശബ്ദം കേട്ടു. ഞെട്ടി ഉണര്‍ന്നു വാതില്‍ തുറന്നു. ലീലയാണ് പുറത്ത് നില്‍ക്കുന്നത്. എന്താ ലീലേ എന്തു പറ്റി. ഒന്നുമില്ല മാഷേ… അങ്ങേര്‍ നല്ല ഉറക്കത്തിലാണ് . മാഷോട് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ടായിരുന്നു അതാണ് ഞാന്‍ വന്നത്, 'ലീല അതിപ്പോള്‍ പറയേണ്ട നമുക്ക് നാളെ ബസ്സിലിരുന്നു പറയാം…' 'അതിന് മാഷ് എന്റെ സീറ്റില്‍ തന്നെ ഇരിക്കുമോ?' 'ഇരിക്കാം ലീലേ'.

അടുത്ത ദിവസ യാത്രയിലും ലീല അവളുടെ ജീവിതം പങ്കുവെച്ചു. മജീദ് അവളുടെ ജീവിതാനുഭവം പോലെ നിരവധി സഹോദരിമാര്‍ക്കുണ്ടായിട്ടുളള കാര്യവും അതിനെ അവര്‍ അതിജീവിച്ച കാര്യങ്ങളും പറഞ്ഞു കൊടുത്തു. പിടിച്ചു നിന്ന് മുന്നോട്ട് പോകുന്നതാണ് അഭികാമ്യം എന്ന് സൂചിപ്പിച്ചു. വഴിതെറ്റിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, അദ്ദേഹത്തിന് തെറ്റിദ്ധരിക്കാനുളള അവസരം കൊടുക്കരുതെന്നും പറഞ്ഞുകൊടുത്തു. 'ഞാനും ഒരു സ്ത്രീയല്ലേ മാഷേ എനിക്കുമുണ്ടാവില്ലേ വികാരങ്ങളും മറ്റു ഭാര്യമാരെപോലെ ജീവിക്കണമെന്നും, അതിന് അവസരം തരില്ലെങ്കില്‍ ഞാനെന്തു വേണം'?. 'അതിന് അദ്ദേഹത്തെ സ്‌നേഹത്തോടെ സമീപിക്കുകയും ആഗ്രഹങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകയല്ലാതെ മറ്റ് പോംവഴികളൊന്നുമില്ല'. മജീദ് ലീലയുമായുളള സംഭാഷണം ഉപസംഹരിച്ചത് അങ്ങിനെയാണ്.

യാത്ര മൂന്നാം ദിവസത്തിലേക്ക് കടന്നു. ഊട്ടിയിലേക്കാണ് ഇന്നത്തെ യാത്ര. അവിടുത്തെ തണുപ്പും മനോഹരമായ പൂന്തോട്ടങ്ങളും ബോട്ടു യാത്രകളും മറ്റും മജീദ് ബസ്സില്‍ വെച്ച് അനൗണ്‍സ് ചെയ്തു. ഷോപ്പിംഗിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വിലപേശി സാധനങ്ങള്‍ വാങ്ങേണ്ട വിധവും പറഞ്ഞു കൊടുത്തു. പത്തുമണിയോടെ ഊട്ടിയിലെത്തി. ഊട്ടിയിലെ ഗാര്‍ഡന്‍ കാണാനാണ് ആദ്യം ചെന്നത്. മണിക്കൂറുകളെടുത്തു ഊട്ടിഗാര്‍ഡന്‍ ചുറ്റികാണാന്‍. സന്തോഷത്തോടെ തിരിച്ചിറങ്ങി. ഊട്ടി തടാകം കാണാന്‍ ചെന്നു. വിദേശികളും സ്വദേശികളുമായ നിരവധി പേര്‍ എത്തിയിരുന്നു അന്നവിടെ. സാഹസിക ബോട്ടു യാത്ര കണ്ടു നില്‍ക്കാനേ പഠനയാത്രാ സംഘങ്ങള്‍ക്ക് സാധിച്ചിട്ടുളളൂ. ആ സാഹസത്തിന് ഒരുമ്പെടാന്‍ ആര്‍ക്കും ധൈര്യം വന്നില്ല.

തടാക കാഴ്ചകള്‍ കണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ സമയം മൂന്നു മണിയോടടുത്തായി. തടാകക്കരയില്‍ കച്ചവട കേന്ദ്രങ്ങളാണ്. തണുപ്പകറ്റാനുളള പുതപ്പ് മഫ്‌ളര്‍, ജാക്കറ്റ്, സാരിത്തരങ്ങള്‍ ഇവയുടെയൊക്കെ കച്ചവടം പൊടിപൊടിക്കുന്ന കച്ചവട കേന്ദ്രങ്ങളാണ് എങ്ങും. മറ്റിടങ്ങളെ അപേക്ഷിച്ച് വിലക്കുറവാണിവിടെ എന്നറിഞ്ഞപ്പോള്‍ യാത്രാംഗങ്ങള്‍ കടകളിലേക്ക് വലിഞ്ഞു കയറി. മിക്കവരും പുതപ്പാണ് വാങ്ങിയത്. നബീസുമ്മയ്ക്ക് സമ്മാനമായി ഒരു പുതപ്പ് വാങ്ങാന്‍ മജീദും കടകളില്‍ കയറി. ഏറ്റവും നല്ലതെന്ന് തോന്നിയ പുതപ്പ് മജീദും സംഘടിപ്പിച്ചു. ഗ്രൂപ്പിലെ സ്ത്രീകള്‍ മുഴുവന്‍ സാരി ചൂരിദാര്‍ കടകളില്‍ കയറിയിരിക്കുകയാണ്. എല്ലാവരും സന്തോഷത്തിലാണ്. വിലക്കുറവാണെന്നാണ് എല്ലാവരും
അഭിപ്രായപ്പെട്ടത്. ഓരോരുത്തരും രണ്ടും മൂന്നും സാരികള്‍ വാങ്ങിക്കൂട്ടി. ഷോപ്പിംഗിന് ഒരു മണിക്കൂറാണ് അനുവദിച്ചിരുന്നത്. നാലു മണിയാവുമ്പോള്‍ എല്ലാവരും വണ്ടിയിലെത്തണമെന്നാണ് നിര്‍ദ്ദേശം കൊടുത്തത്.

നാല് മണികഴിഞ്ഞു. നാലരയായിട്ടും ഒന്നു രണ്ട് ഗ്രൂപ്പുകള്‍ വണ്ടിയില്‍ എത്തിയില്ല. മജീദ് മാഷ് പുറത്തിറങ്ങി നോക്കുമ്പോള്‍ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. ഗ്രൂപ്പില്‍ പെട്ട നാല് സ്ത്രീകളെ തമിഴര്‍ തടഞ്ഞു നിര്‍ത്തി കയര്‍ക്കുകയാണ്. അവന്റെ കടയില്‍ നിന്ന് സാരി വാങ്ങിയ സ്ത്രീകളിലാരോ ഒരാള്‍ രണ്ട് സാരിയുടെ വിലകൊടുക്കാതെ പുറത്തിറങ്ങിയെന്നും ഇതില്‍ ആരോ ഒരാളാണെന്നും അയാള്‍ വാശിപിടിക്കുകയാണ്. മജീദ് ഓടിചെന്നു പ്രശ്‌നത്തില്‍ ഇടപെട്ടു. മാഷ് ആവുന്ന വിധത്തില്‍ അയാളോട് തമിഴില്‍ സംസാരിച്ചു. ഞങ്ങള്‍ അങ്ങിനെ ചെയ്യില്ല. മറ്റാരെങ്കിലുമായിരിക്കാം അങ്ങിനെ ചെയ്തതെന്നും ഉറപ്പിച്ചു പറഞ്ഞു. തമിഴര്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവിടുന്ന് തിരിച്ച് പോയി.

വണ്ടിയില്‍ എല്ലാവരും എത്തിയശേഷം മജീദ് ഒന്നു കൂടി എല്ലാവരേയും ശ്രദ്ധിച്ചു. കൂട്ടത്തില്‍ ഉണ്ടായ ഒരു ചെറിയ കുട്ടി ഒരു സ്ത്രീയെ ചൂണ്ടി പറഞ്ഞു, 'ഈ ചേച്ചി രണ്ടു സാരിയെടുത്ത് സാരിക്കടിയില്‍ വെക്കുന്നത് ഞാന്‍ കണ്ടിരുന്നു'. യാത്രാംഗങ്ങളൊക്കെ നിശബ്ദരായി. ആ സഹോദരി ഭയന്നു വിറച്ചു സത്യം പറഞ്ഞു. ഇനി ഇക്കാര്യം ആരും പറയരുത്. നാട്ടിലെത്തിയാലും പറയരുത്. ഇത് ഇവിടെ അവസാനിപ്പിക്കണം. ആ രണ്ട് സാരിയെടുത്ത് യാത്രാ ലീഡറെയും കൂട്ടി മജീദ് കടയിലേക്കു ചെന്നു. ഉടമയ്ക്ക് തിരിച്ചു കൊടുത്തു ക്ഷമപറഞ്ഞ് തിരിച്ചു വന്നു. ഇങ്ങിനെയുളള സ്വഭാവക്കാര്‍ നിരവധി ഉണ്ടെന്ന് മജീദിനറിയാം. മജീദിന്റെ കൂടെ ജോലിചെയ്ത ഒരു സഹപ്രവര്‍ത്തകയും ഇതേ രീതിയില്‍ തുണിക്കടകളില്‍ നിന്ന് പിടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇനി സന്ധ്യക്കു മുമ്പേ പഴനിയിലെത്തണം, പഴനി മല കയറിയിട്ടു വേണം കൊടൈക്കനാലിലെത്താന്‍. അവിടെയാണ് ഇന്നത്തെ താമസത്തിനുളള സൗകര്യം ബുക്ക് ചെയ്തിട്ടുളളത്. പഴനിയിലെത്തി ലീല മജീദിന്റെ ഒപ്പം തന്നെ ആണ് നടക്കുന്നത്. മജീദ് മാഷിന്റെ കയ്യില്‍ പിടിച്ചിട്ടാണ് മല കയറിയത്. ക്ഷീണം തോന്നുമ്പോള്‍ പടിയിലിരിക്കും. മജീദും ഒപ്പം ഇരിക്കണം. സമയം വൈകിയതിനാല്‍ പഴനിമലയില്‍ അധികം സമയം ചെലവഴിച്ചില്ല. മലയില്‍ നിന്ന് ട്രെയിനിലാണ് ഇറങ്ങിയത്. യാത്ര തുടര്‍ന്നു. കൊടൈക്കനാലിലേക്കുളള കയറ്റം എല്ലാവരിലും ഭയമുണ്ടാക്കി. ലീല മജീദ് മാഷിനെ അമര്‍ത്തിപ്പിടിച്ചാണിരിപ്പ്. കണ്ണടച്ചിട്ടാണ് ലീല ഇരിക്കുന്നത്.

കൊടൈക്കനാലിലെ താമസ സ്ഥലത്തെത്തി. ഓരോ കുടുംബത്തിനും അലോട്ട് ചെയ്ത മുറികളിലേക്കു അവര്‍ ചെന്നു. അല്പ സമയത്തിനുളളില്‍ ഭക്ഷണം തയ്യാറായി എന്നറിയിപ്പു കിട്ടി. ചൂടുളള പൊറോട്ടയും ചിക്കന്‍ കറിയും കിട്ടിയപ്പോള്‍ സന്തോഷമായി. ഊട്ടിയില്‍ നിന്നു വാങ്ങിയ പുതപ്പിനുളളിലായിരുന്നു മിക്കവരും. ഭക്ഷണ ശേഷം എല്ലാവരും അവിടെത്തന്നെ ഒപ്പമിരുന്നു. അന്നത്തെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. സാരി അബദ്ധവശാല്‍ കൈക്കലാക്കിയ സ്ത്രീ പൊട്ടിക്കരഞ്ഞു മാപ്പപേക്ഷിച്ചു. എല്ലാവരും ഇക്കാര്യം പുറത്താരും അറിയില്ലെന്ന് ശപഥം ചെയ്തു. അടുത്ത ദിവസം വൈകീട്ടോടെ നാട്ടിലേക്കു തിരിച്ചു പോകും. എല്ലാവരും മുറികളിലേക്ക് തിരിച്ച് പോയി. രാത്രി ഏറെ വൈകിയപ്പോള്‍ മജീദിന്റെ മുറിയുടെ ഡോറില്‍ മുട്ടുന്ന ശബ്ദം കേട്ടു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിച്ചു.

(തുടരും)

ALSO READ:
Keywords: Article, Travel, Bus, Study, Education, Kookanam-Rahman, Kerala, Workers, Tourism, What happened during that trip.
< !- START disable copy paste -->

Post a Comment