Follow KVARTHA on Google news Follow Us!
ad

അന്നൊരു ട്രെയിന്‍ യാത്രയില്‍ അത്ഭുതപ്പെടുത്തിയ 3 അപരിചിതര്‍

3 strangers who surprised on train journey that day, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം -29) 

-കൂക്കാനം റഹ്മാന്‍

(www.kvartha.com) അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് നടക്കുന്ന മീറ്റിംഗുകളില്‍ വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ പോകേണ്ടിവരും മജീദിന്. ട്രെയിന്‍ യാത്രയില്‍ മജീദിന് പുതുമയുളള പല അനുഭവങ്ങളും ഉണ്ടാവാറുണ്ട്. ഒരേ കമ്പാര്‍ട്ടുമെന്റില്‍ അടുത്തടുത്ത ബര്‍ത്തില്‍ പ്രമുഖരായ വ്യക്തികളുണ്ടാവാറുണ്ട്. അതൊക്കെ സെക്കന്റ് എസി കമ്പാര്‍ട്ടുമെന്റുകളിലേ ഉണ്ടാവാറുളളൂ. റിസര്‍വേഷന്‍ ബര്‍ത്തുകളില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണക്കാരായ ആളുകളുമായി ഇടപഴകാന്‍ പറ്റും. പ്രത്യേകിച്ച് അപരിചിതരായ ആളുകളുമായി ഇടപഴകാനും, അവരുടെ വിശേഷങ്ങള്‍ അറിയാനും അവസരം ലഭിക്കാറുണ്ട്. മജീദിനുണ്ടായ ഒരു സ്വകാര്യ അനുഭവം ആരുമായും അദ്ദേഹം പങ്കുവെച്ചിട്ടില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും.
                              
Article, Kookanam-Rahman, Story, Travel, Passengers, Train, 3 strangers who surprised on train journey that day.

അന്നത്തെ യാത്ര സാധാരണയായ ബര്‍ത്ത് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലായിരുന്നു. തിരുവനന്തപുരത്തു നിന്നു ഏഴ് മണിക്ക് തിരിക്കുന്ന ട്രെയിനില്‍ കയറിയാല്‍ കോട്ടയത്ത് എത്തുമ്പോഴേ ഉറങ്ങാന്‍ പറ്റൂ. ടോപ് ബര്‍ത്താണ് മജീദിന് കിട്ടിയത്. എല്ലാ ബര്‍ത്തുകളും ഫുള്‍ ആണ്. മിക്കവരും ഉറക്കത്തിലാണ്ടുപോയി കാണും. തൊട്ടപ്പുറത്തെ ബര്‍ത്തില്‍ കിടക്കുന്നത് ഒരു സ്ത്രീയണെന്ന് മജീദിന് തോന്നി. ബര്‍ത്തിന്റെ സൈഡിലുളള വിളളലിലൂടെ വളയിട്ട ഒരു കൈ നീണ്ടു വന്നു. മജീദ് കണ്ണു തുറന്നു ശ്രദ്ധിച്ചു. അവള്‍ കൈകൊണ്ട് എന്തൊക്കയോ ആക്ഷന്‍ കാണിക്കുന്നുണ്ട്. മജീദ് തൊട്ടടുത്ത ബര്‍ത്തിലേക്ക് ശ്രദ്ധിച്ചു. അദ്ദേഹവും നല്ല ഉറക്കത്തിലാണ്.

മജീദ് മെല്ലെ എഴുന്നേറ്റ് അപ്പുറത്തെ ബര്‍ത്തിലേക്ക് നെറ്റിലൂടെ നോക്കി. അവളും എഴുന്നേറ്റിരുന്നു. വിടവിലൂടെ അവളുടെ മുഖം കാണാം. 'സാറെ എന്നെ രക്ഷിക്കണം കൂടെയുളളത് മുതലാളിയും അവരുടെ ഭാര്യയുമാണ്. അവര്‍ എസി കമ്പാര്‍ട്ടുമെന്റിലാണ്. ഞാന്‍ അവരുടെ വീട്ടുജോലിക്കാരിയാണ്. പത്ത് കൊല്ലത്തിലേറെയായി അവരുടെ വീട്ടില്‍ ജോലി ചെയ്യുന്നു. തിരുവനന്തുരത്ത് ബിസിനസുകാരനാണദ്ദേഹം. മംഗലാപുരം മകളുടെ വീട്ടിലേക്കാണ് അവര്‍ പോകുന്നത്. എന്റെ ദേഹം മുഴുവന്‍ പൊളളലേറ്റ പാടുകളുണ്ട്. തിളച്ച വെളളം ഒഴിച്ചതാണ്. അടുത്ത ഏതെങ്കിലും ഒരു സ്റ്റേഷനില്‍ എനിക്കിറങ്ങണം.'

'നേരം പുലരട്ടെ എന്നിട്ട് ഇറങ്ങിക്കോളൂ'. മജീദ് അവളെ സമാധാനിപ്പിച്ചു. ആ പെണ്‍കുട്ടിയുടെ ദൈന്യതയാര്‍ന്ന വര്‍ത്തമാനവും, അവളുടെ വേദനയും മജീദിനെ വ്യാകുലതപ്പെടുത്തി. ഒന്ന് കണ്ണടച്ചതേയുളളൂ. മജീദിന് വല്ലാത്തൊരു നെഞ്ചു വേദന വന്നു. വേദന സഹിക്കാന്‍ പറ്റുന്നില്ല. ആരും പരിചയക്കാരില്ല വിയര്‍ത്തൊലിക്കുന്നുണ്ട്. വേദന സഹിച്ചുകൊണ്ട് ബര്‍ത്തില്‍ എഴുന്നേറ്റിരുന്നു. സൈഡ് ബര്‍ത്തില്‍ ഉറങ്ങുന്ന ഒരു വ്യക്തിയെ തൊട്ടു വിളിച്ചു. അദ്ദേഹം ഞെട്ടിയുണര്‍ന്നു. മജീദ് വാക്കുകള്‍ കിട്ടാതെ വിഷമിച്ചു, 'എന്താ എന്തു പറ്റി?' അദ്ദേഹം ഉറക്കച്ചടവോടെ ചോദിച്ചു. 'വല്ലാത്തൊരു നെഞ്ച് വേദന തോന്നുന്നു. എന്നെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങാന്‍ സഹായിക്കണം', രണ്ടു പേരും അടുത്ത സ്റ്റേഷനില്‍ ഇറക്കാമെന്ന് ഉറപ്പു തന്നു. ആ പെണ്‍കുട്ടിയും പറഞ്ഞു, 'ഞാനും കൂടെ വരട്ടെ സാറെ?' മജീദ് അവളെ വിലക്കി.

അടുത്ത സ്റ്റേഷന്‍ ഇരിങ്ങാലിക്കുടയാണെന്ന് അവര്‍ പറഞ്ഞു. മജീദിന്റെ ബ്രീഫ് കെയ്സുമെടുത്ത് അവര്‍ രണ്ടു പേരും സ്റ്റേഷനില്‍ ഇറങ്ങി. മജീദ് ആരാണെന്നോ എവിടെ പോകുന്നെന്നോ, തട്ടിപ്പാണെന്നോ ഒന്നും അറിയാതെയാണ് ആ മനുഷ്യ സ്നേഹികള്‍ മജീദിന്റെ ഒപ്പം ഇറങ്ങിയത്. രണ്ടു പേരും താങ്ങിപ്പിടിച്ച് സ്റ്റേഷന് പുറത്തെക്കെത്തിച്ചു. ടാക്സി പിടിച്ച് ഏറ്റവും അടുത്ത ഒരു ഹോസ്പിറ്റലില്‍ എത്തി. ഒപി ചാര്‍ജുളള ഡോക്ടര്‍ പരിശോധിച്ചു. കൂടുതല്‍ പരിശോധന നടത്താന്‍ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു. കൂടെ വന്നവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പോലെ ചെയ്തു. അപ്പോഴേക്കും രാത്രി രണ്ടു മണിയായിക്കാണും.

നേരം പുലര്‍ന്നു കാണും. റിസല്‍ട്ടു വന്നു. പ്രശ്നമൊന്നുമില്ല. എട്ട് മണിക്ക് ഡിസ്ചാര്‍ജാവാം. കൂടെ വന്നവരോട് ബാഗില്‍ പൈസ ഉണ്ട് അതെടുത്തോളൂ എന്ന് സൂചിപ്പിച്ചു. ഒരു പൈസപോലും മജീദില്‍ നിന്നും ആ ചെറുപ്പക്കാര്‍ വാങ്ങിയില്ല. എല്ലാം അവര്‍ തന്നെയാണ് ചെയ്തത്. ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും സ്റ്റേഷനില്‍ ചെന്നിരിക്കുമ്പോഴാണ് മജീദും സഹായിയായി വന്ന രണ്ട് ചെറുപ്പക്കാരും പരസ്പരം പരിചയപ്പെടുന്നത്. മജീദ് ചിന്തിക്കുകയായിരുന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഉത്തരം പറയേണ്ടിവരിക ഈ ചെറുപ്പക്കാരല്ലേ എന്തൊരു തന്റേടമാണ്. മനുഷ്യസ്നേഹമാണ് ഇവര്‍ കാണിച്ചത്. മജീദ് സ്വയം പരിചയപ്പെടുത്തി കൊടുത്തു. പയ്യന്നൂരിലാണ് ഇറങ്ങേണ്ടതെന്നും അവിടുന്ന് ബസ്സില്‍ യാത്ര ചെയ്യണമെന്നും സ്ഥലപ്പേരും എല്ലാം വിശദമാക്കി കൊടുത്തു.

മജീദിനെ രക്ഷപ്പെടുത്തിയ വ്യക്തികള്‍ അവരെ പരിചയപ്പെടുത്തി, കൊയിലാണ്ടിക്കാരാണ്. മുഹമ്മദും, അഷ്റഫും. മുഹമ്മദ് ടൗണില്‍ ടെക്സ്റ്റയില്‍ വ്യാപാരിയാണ്. അഷ്റഫ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു. രണ്ടു പേരും ഗള്‍ഫിലേക്കു പോകുന്ന സുഹൃത്തുക്കളെ യാത്രയാക്കാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു വരുന്നതാണ്. ബ്രേക്ക്ഫാസ്റ്റിന് സ്റ്റേഷന്‍ ക്യാന്റീനിലേക്ക് ചെന്നു. അവരുടെ കയ്യില്‍ നിന്ന് ചെലവായ തുക എത്രയാണെന്നോ ഒന്നും അവര്‍ പറയുന്നില്ല. തിരിച്ചുളള യാത്രാടിക്കറ്റും അവരാണെടുത്തത്. എങ്ങിനെ നന്ദി പറയണമെന്നറിയുന്നില്ല. രക്ഷകരായി എത്തിയ ഇവരെ എങ്ങിനെ സന്തോഷിപ്പിക്കണമെന്നും അറിയുന്നില്ല.

കാന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കേ അവിടേക്ക് ബേഗ് തോളില്‍ തൂക്കി ക്ഷീണിച്ചവശയായ ഒരു പെണ്‍കുട്ടി കടന്നു വന്നു. അവളെ കണ്ടപ്പോള്‍ രാത്രിയില്‍ ട്രെയിനില്‍ വച്ച് സംസാരിച്ച പെണ്‍കുട്ടിയാണോ ഇതെന്ന് മജീദിന് സംശയം വന്നു. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ കഴുത്തിന്റെ ഭാഗത്തൊക്കെ തീപ്പൊളളലേറ്റ അടയാളങ്ങളുണ്ട്. അവള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നിടത്തേക്ക് മജീദ് ചെന്നു. 'ഇന്നലെ ട്രെയിനില്‍ വെച്ചു സംസാരിച്ച പെണ്‍കുട്ടിയല്ലേ?' കേള്‍ക്കേണ്ട താമസം അവള്‍ ചാടി എഴുന്നേറ്റു. 'അതേ സാര്‍ സാര്‍ ഇറങ്ങിയതിന്റെ പിന്നാലെ തന്നെ ഞാനും ട്രെയിനിറങ്ങി. നിങ്ങള്‍ പെട്ടെന്ന് പോയതിനാല്‍ കണ്ടു പിടിക്കാനായില്ല. നേരം പുലരാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. എങ്ങോട്ടെങ്കിലും ചെന്ന് ജോലി കണ്ടു പിടിക്കാന്‍', ഇതൊക്കെ കേട്ടു നിന്ന മുഹമ്മദും, അഷ്റഫും അവളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു. 'ഭയപ്പെടേണ്ട ഞങ്ങള്‍ ജോലിതരാം. മുഹമ്മദ് അവളെ സമാധാനിപ്പിച്ചു. അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

'എന്റെ തുണിക്കടയില്‍ സെയില്‍സ് ഗേളായി നിര്‍ത്താം. താമസസൗകര്യം ഒരുക്കിക്കൊടുക്കാം'. മുഹമ്മദ് മജീദിനോട് പറഞ്ഞു. നാലുപേരും ട്രെയിനില്‍ കയറി. മുഹമ്മദും ആ പെണ്‍കുട്ടിയും കൊയിലാണ്ടിയിലിറങ്ങി. എന്നെ വീടുവരെ എത്തിച്ചാണ് അഷ്റഫ് തിരിച്ചു പോയത്. നാളുകളേറെ കഴിഞ്ഞിട്ടും മജീദ് മുഹമ്മദും അഷ്റഫുമായി ബന്ധം തുടരുന്നുണ്ട്. അവിചാരതമായി കണ്ടു മുട്ടിയ പെണ്‍കുട്ടി കടയില്‍ ജോലി ചെയ്തു സുഖമായി ജീവിച്ചു വരുന്നുണ്ടെന്നു മജീദ് മനസ്സിലാക്കി. മനുഷ്യത്വം മരിച്ചിട്ടില്ലായെന്ന് മജീദ് തിരിച്ചറിഞ്ഞു.

ALSO READ:













 




Keywords: Article, Kookanam-Rahman, Story, Travel, Passengers, Train, 3 strangers who surprised on train journey that day.
< !- START disable copy paste -->

Post a Comment