സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

 


എന്റെ സന്തോഷസന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-31)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 12.08.2020) നമ്മെ നമ്മളാക്കിമാറ്റിയ നന്മ നിറഞ്ഞ ഒരു പാട് മനുഷ്യാത്മാക്കള്‍ നമുക്കു ചുറ്റും ഇന്നും കറങ്ങി നടപ്പുണ്ടാവാം. ജീവിച്ചു മരിച്ചുപോയ അവരെ കുറിച്ചൊരു ചെറു കുറിപ്പുപോലും എവിടെയും കാണാന്‍ സാധിക്കില്ല. കാരണം അവരാരും അത്തരം ഉയര്‍ന്ന നിലവാരത്തില്‍ ജീവിച്ചവരായിരുന്നില്ല. തങ്ങള്‍ ജീവിച്ചു വന്ന പ്രദേശത്ത് അല്ലറചില്ലറ അധ്വാനം ചെയ്ത് അന്നന്ന് കിട്ടിയ വരുമാനം കൊണ്ട് ജീവിച്ചു വന്നവരായിരുന്നു. ബന്ധുജനങ്ങളില്‍ മാത്രം അറിയപ്പെടുന്നവര്‍ തങ്ങളുടെ കുടുംബക്കാരെ തീറ്റിപ്പോറ്റുക എന്ന കടമ മാത്രം നിര്‍വ്വഹിച്ചവര്‍. അറിവും കഴിവും നേടാനാവാത്ത ജീവിത പരിതസ്ഥിതിയിലൂടെ കടന്നുപോയവര്‍. തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കനോ പറ്റാവുന്ന തൊഴില്‍ നേടികൊടുക്കാനോ കഴിയാത്തവര്‍. പക്ഷേ അവര്‍ സ്‌നേഹ സമ്പന്നരായിരുന്നു. ദാരിദ്ര്യാവസ്ഥയില്‍ കഴിഞ്ഞുകൂടിയവരായിരുന്നു, ജീവിത ക്ലേശങ്ങള്‍ ആവോളം സഹിച്ചവരായിരുന്നു.
സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലംഞാന്‍ എന്റെ തറവടിന്റെ മൂല സ്ഥാനം അന്വേഷിച്ചു നടക്കുകയാണ്. മണക്കാട് തെക്കേ പീടിക എന്നാണ് തറവാട്ട് പേര്..എം.ടി.പി. എന്നാണ് ചുരുക്ക എഴുത്ത് . മലബാര്‍ ഭാഗത്ത് അമ്മയുടെ തറവാട്ട് പേരാണ് മക്കള്‍ക്ക് ലഭിക്കുക. കോഴിക്കോട് മുതല്‍ മഞ്ചേശ്വരം വരെ എം.ടി.പി. തറവാട് വ്യാപിച്ചു കിടക്കുന്നുണ്ടിന്ന്. കരിവെളളൂര്‍ വില്ലേജിലാണ് മണക്കാട് പ്രദേശം. മണക്കാട് തെക്കും വടക്കും ഉണ്ട്. തെക്കേ മണക്കാടിലാണ് ഞങ്ങളുടെ തറവാടിന്റെ ആസ്ഥാനം. പടന്ന ഗവ.യു.പി.സ്‌ക്കൂളില്‍ നിന്നു വിരമിച്ച് അന്തരിച്ച എം.ടി.പി. അബ്ദുളള മാസ്റ്റര്‍ താമസിച്ചിരുന്ന വീടായിരുന്നു അതെന്നാണ് പറഞ്ഞു കേട്ടത്. അതിന്റെ യാതൊരു വിധത്തിലുളള ആധികാരിക രേഖകളോ, അതായിരുന്നു തറവാടെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന വ്യക്തികളോ ഇന്നില്ല.

തെക്കേ മണക്കാടുളള ആദ്യത്തെ ഏക മുസ്ലീം വീടാണത് എന്ന കാരണത്താല്‍ അതായിരിക്കാം തറവാടെന്ന നിഗമനത്തിലെത്തുന്നു എന്ന് മാത്രം. പഴയ കാലം മുതല്‍ മുസ്ലീംങ്ങള്‍ കച്ചവടക്കാരായിരുന്നു. കച്ചവട സ്ഥാപനത്തെ 'പീടിക' എന്ന പേരിലാണ് അറിയപ്പെട്ടത്. താമസിക്കുന്ന വീടിനെ പുരയെന്നും കല്ല്യാണം കഴിച്ച വീടിനെ വീട് എന്ന പേരിലും അറിയപ്പെടുന്നു. മുസ്ലീം വിഭാഗത്തിലും സ്ത്രീകള്‍ക്കായിരുന്നു മുന്‍ഗണന അവര്‍ക്കാണ്    കരുതലും അംഗീകാരവും വീടുകളില്‍ നിന്നും ലഭിച്ചിരുന്നത്. അതു കൊണ്ടാവാം വിവാഹം കഴിച്ചുകൊടുത്താലും പെണ്ണ് അവളുടെ വീട്ടില്‍ തന്നെയാണ് താമസിക്കാറ്. ഭര്‍ത്താവ് ഭാര്യാ  ഗൃഹത്തിലാണ് ജീവിച്ചു വന്നിരുന്നത്. അന്യ വീടുകളില്‍ ചെന്നുളള പീഢനങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനായിരിക്കാം അങ്ങിനെയൊരു സംവിധാനം സമുദായം ആസൂത്രണം ചെയ്തിരുന്നത്.

തറവാടിന്റെ പേര് അന്വേഷിച്ച് നടന്നിരുന്ന ഞാന്‍ എന്റെ ചെറിയ പ്രായത്തില്‍ കണ്ടിരുന്ന തെക്കേ മണക്കാട്ടെ അന്ത്രുമാനിച്ചയില്‍ ചെന്നെത്തി. ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത് എന്റെ വീട്ടില്‍ നടക്കുന്ന ആണ്ടു നേര്‍ച്ച സമയത്താണ്. നേര്‍ച്ച ദിവസം രാവിലെ  അദ്ദേഹം വീട്ടിലെത്തും. നല്ല ഹൈറ്റും വെയ്റ്റും ഒക്കെയുളള ആളായിരുന്നു. വീട്ടിലെത്തിയാല്‍ അടുക്കളിയിലാണ് അദ്ദേഹത്തിന്റെ ഡ്യൂട്ടി. പെണ്ണുങ്ങളെ അടുക്കള പണിയില്‍ സഹായിക്കും. മുറിക്കലും തറിക്കലുമൊക്കെ അദ്ദേഹം ആവേശപൂര്‍വ്വം ചെയ്യുന്നത് എനിക്കോര്‍മ്മയുണ്ട്. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് 'പെണ്ണന്ത്രുമാന്‍' എന്ന പേര് ലഭ്യമായത്.

ഞങ്ങളുടെ തറവാട്ടില്‍ ജീവിച്ചുവന്ന എനിക്കറിയാവുന്ന ഏറ്റവും തലമുതിര്‍ന്ന ആള് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നോ എന്ന അന്വേഷണത്തില്‍ രണ്ടു ആണ്‍ മക്കളുണ്ടായിരുന്നു എന്നു കണ്ടെത്തി. തറവാടിന്റെ പിന്‍തുടര്‍ച്ച അറിയണമെങ്കില്‍ അന്ത്രുമാനിച്ചാന്റെ ഉമ്മായെക്കുറിച്ചറിയണം. അത് ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കുമറിയില്ല. തറവാട് മഹിമക്കപ്പുറം ഇവിടെ ജനിച്ച് ജീവിച്ച് മരിച്ചു പോയ അന്ത്രുമാനിച്ചയെ പോലുളള വ്യക്തികളെക്കുറിച്ച് എന്തെങ്കിലും രേഖകള്‍ ഇല്ലാതെപോയി. സ്വത്ത് രേഖകള്‍ പോലും സ്ത്രീകളുടെ പേരിലാണുണ്ടായിരുന്നത്. മരുമക്കത്തായ സംമ്പ്രദായത്തില്‍ തറവാട് സ്വത്തിന്റെ അവകാശികള്‍ സ്ത്രീകളായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ലഭ്യമായിട്ടുണ്ട്. 'കൈച്ചുമ്മ' എന്നാണ് പോലും അവരുടെ പേര്. അദ്ദേഹത്തിന് പെങ്ങന്‍മാരുണ്ടായിട്ടുണ്ട്. അതിനാല്‍ മരുമക്കളും ഉണ്ടായിട്ടുണ്ട്. അവരും അവരുടെ മക്കളും ഉയര്‍ന്ന ജീവിതം നയിക്കുന്നുണ്ടിന്ന്. തലമുറകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒന്നും അറിയില്ല എന്ന ഉത്തരമാണ് അവരില്‍ നിന്നും ലഭിക്കുന്നത്.

ഒരു കാര്യം തീര്‍ച്ചയാണ് അന്ത്രുമാനിച്ചയുടെ യൗവനക്കാലത്ത് അദ്ദേഹം നല്ല അധ്വാനിയായിരിക്കാം. കാര്‍ഷിക രംഗത്ത് കഠിനാധ്വാനം ചെയ്തായിരിക്കാം അദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്. മക്കളെയല്ല മരുമക്കളെയാണ് അദ്ദേഹം പോറ്റി വളര്‍ത്തിയിട്ടുണ്ടാവുക. അതു കൊണ്ടുതന്നെ മക്കള്‍ക്ക് ഉപ്പയെകുറിച്ച് കൂടുതല്‍ അറിയാന്‍ സാധ്യതയില്ല. ഏതായാലും സ്വയം ജീവിച്ചു വരുന്നതിനപ്പുറം സ്വസമുദായത്തിനും അയല്‍പക്കകാര്‍ക്കും ഉപകാര പ്രദമായ സേവനങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടാവും തീര്‍ച്ച. അറുപത്തിയെട്ടിലെത്തിയ എനിക്ക് തറവാട്ടിലെ അന്ത്രുമാനിച്ച എന്ന വ്യക്തിയെ അറിയാം . എന്റെ കാലവും കഴിഞ്ഞാല്‍ ഇദ്ദേഹത്തെക്കുറിച്ചാര്‍ക്കുമറിയില്ല. അതിനാല്‍ വരും തലമുറയെങ്കിലും തറവാടിന്റെ വേരുകള്‍ തേടി ഇറങ്ങണം. പലതും പഠിക്കാനും ഉള്‍ക്കൊളളാനും ഉണ്ടാവും ആ കാലഘട്ടത്തില്‍ ജീവിച്ചു വന്ന വ്യക്തികളുടെ ജീവിതരീതിയില്‍ നിന്ന്........

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പ്രായം ചെന്ന വേറൊരു വ്യക്തിയായിരുന്നു ഉച്ചന്‍ വളപ്പിലെ മമ്മിച്ച . ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നൂറ്റമ്പത് വയസ്സായി കാണും. നീളം കുറഞ്ഞ സൗമ്യനായ ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അല്പം വിക്കുണ്ട്. നാട്ടുകാരറിയപ്പെട്ടിരുന്നത് 'കൊഞ്ഞേന്‍ മമ്മിച്ച' എന്ന പേരിലായിരുന്നു. പത്ത് ഏക്കറയോളം കരഭൂമിയും തൊട്ടുതാഴെ കൃഷിഭൂമിയുമുളള കര്‍ഷകനായിരുന്നു അദ്ദേഹം.. 'ഉച്ചന്‍' എന്നു പേരുളള ഒരു ആദിവാസി വ്യക്തി താമസിച്ചിരുന്ന സ്ഥലമായിരുന്നു അതെന്നും ആ സ്ഥലമാണ് മമ്മീച്ച വിലകൊടുത്തു വാങ്ങിയതെന്നും പറഞ്ഞു കേള്‍ക്കുന്നു. കൊഞ്ഞേന്‍ മമ്മിച്ചയും എം.ടി.പി. തറവാടുകാരനായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയേയും ഞാന്‍ കണ്ടിട്ടുണ്ട്. കൂനിക്കൂടി ചുരുണ്ടുകൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍ കണ്ടത്. മമ്മിച്ചാക്ക് അഞ്ചുമക്കളുണ്ടായിരുന്നു. മുട്ടോളമെത്തുന്ന തോര്‍ത്തുമുണ്ടും ,ബനിയനുമായിരുന്നു ഞാന്‍ കാണുമ്പോഴുണ്ടായിരുന്ന  അദ്ദേഹത്തിന്റെ വേഷം. കയ്യിലൊരു വടിയുമുണ്ടാവും നല്ല അധ്വാനിയായിരുന്നു. അദ്ദേഹം വടിയും കുത്തിപ്പിടിച്ച് അമ്മാവന്റെ പീടികയിലേക്കു വരും. പുകയില വാങ്ങാനായിട്ടാണ് വരവ്. ഒരിക്കല്‍ അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. 'പൊയ്‌ല മാത്രമേ ഞാന്‍ പുടിയേന്നു മാങ്ങൂ ബാക്കിയെല്ലാം ഞാന്‍ നയിച്ചിട്ടുണ്ടാക്കും'. ഭക്ഷണാവശ്യങ്ങള്‍ക്കുളളതെല്ലാം അദ്ദേഹം പറമ്പിലും വയലിലും  കൃഷി ചെയ്തുണ്ടാക്കും. വിശാലമായ പറമ്പും വയലും വീടും പീടികയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം. എഴുത്തും വായനയുമൊന്നും അദ്ദേഹത്തിന് പിടിപാടില്ല. എങ്കിലും വാങ്ങല്‍ കൊടുക്കലൊക്കെ വളരെ കൃത്യമായും കണിശമായും നടത്താനും അദ്ദേഹത്തിനറിയാം.

ഉച്ചന്‍ വളപ്പിനും മമ്മീച്ചാക്കും ഒരു പാട് ചരിത്രം പറയാനുണ്ടാവും. ജീവിച്ചിരിക്കുമ്പോള്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവാം പക്ഷേ ഒരു രേഖകളും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തോടെ അതെല്ലാം അപ്രത്യക്ഷമായി. ആ പറമ്പിന്റെ തെക്കേ അറ്റത്ത് ഒരു വലിയ പറങ്കിമാവുണ്ടായിരുന്നു.  അതിന്റെ ചോട്ടില്‍ തെയ്യം കല്ലായി മറിഞ്ഞതിന്റെ അടയാളങ്ങളുണ്ടായിരുന്നു. തെയ്യത്തിന്റെ വേഷത്തിലുളള ഒരു വലിയ കല്ല്, ,കൂടെ നടക്കുന്ന മൂന്ന്‌നാല്  സഹായികളുടെതെന്ന്  പറയുന്ന ചെറിയ നാല് കല്ല്. എന്നിവ ഉണ്ടായിരുന്നു. എന്തൊക്കയോ അന്ധവിശ്വാസങ്ങള്‍ അതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുളളവയായിരുന്നു അത്. കല്ലായി മിറഞ്ഞതിന്റെ അടുത്തുകൂടി പോവാന്‍ കുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് ഭയമായിരുന്നു. ഇന്നവിടം റോഡായി മാറി. ചരിത്രമുറങ്ങുന്ന കല്ലുകളും മറ്റും വെട്ടിമാറ്റി. ഒരു കാര്യം അല്‍ഭുതമുളവാക്കുന്നതാണ്. ആ പ്രദേശത്ത് പാറകൂട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചരല്‍ പ്രദേശമാണ്. പിന്നെങ്ങിനെ അത്തരം ശിലകള്‍ അവിടെ വന്നു ? ഇന്ന് ഉച്ചന്‍ വളപ്പ് ഉണ്ട് പിന്‍തലമുറയില്‍ പെട്ടവര്‍ പലര്‍ക്കും ചെറിയ ചെറിയ പ്ലോട്ടുകളാക്കി സ്ഥലം വില്‍പന നടത്തി. പത്തോളം വീടുകള്‍ പ്രസ്തുത പറമ്പില്‍ ഇന്നുണ്ട്......

ഞങ്ങളുടെ തറവാട്ടില്‍ ഉള്‍പ്പെട്ട രണ്ടു പഴയ വ്യക്തികളെയും എനിക്കറിയാം. അതിലൊരാളാണ് കുട്ടിക്കൊവ്വലിലെ ഉസ്സന്‍ച്ച .കരിവെളളൂര്‍ ബസാറിനെ പളളിക്കൊവ്വല്‍ എന്നാണ് അറിയപ്പെടുക . പാര്‍ട്ടി പറമ്പിനടുത്തായി കാണുന്ന സ്ഥലമാണ് കുട്ടിക്കൊവ്വല്‍. ഇവിടെ നിരവധി വീടുകള്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. എല്ലാം മണക്കാട് തെക്കേ പീടികക്കാര്‍ തന്നെ ഉസ്സന്‍ച്ച മെലിഞ്ഞ് ഉയരം കുറഞ്ഞ് വെളുത്ത മനുഷ്യനാണ്. കവിളൊക്കെ ഒട്ടിയിട്ടാണ്. പല്ലില്ലാത്ത ചിരി ആത്മാര്‍ത്ഥതയും, സത്യസന്ധതയുടേതുമായിരുന്നു. കുട്ടിക്കൊവ്വലിലെ മിക്ക വീട്ടുകാരും അവിലിടിച്ചാണ് ജീവിച്ചു വന്നിരുന്നത്. കൃഷി ചെയ്യാനൊന്നും സ്ഥലമില്ലായിരുന്നു അവര്‍ക്ക്..

ഉസ്സന്‍ച്ച ഒറ്റയാനായിരുന്നു കുറേക്കാലം . സ്വന്തം വയറിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. പെങ്ങന്‍മാരും മരുമക്കളും ഉണ്ടായിരുന്നു നിരവധി. വീടുകളില്‍ നിന്നുണ്ടാക്കുന്ന അവല്‍ കടകളിലും ,ഹോട്ടലുകളിലും , കുടിലുകളിലും എത്തിച്ചുകൊടുക്കലായിരുന്നു ഉസ്സന്‍ച്ചയുടെ ജോലി. ഒരിടങ്ങഴി അവലിന് രണ്ടിടങ്ങഴി നെല്ലോ അതിനു കണക്കായ തേങ്ങയോ പൈസയോ വാങ്ങും, അക്കാലത്ത് വീടുകളിലായാലും ഹോട്ടലുകളിലായാലും ചായക്കുളള പ്രധാന പലഹാരം അവിലായിരുന്നു.

ഉസ്സന്‍ച്ച പളളിയിലെ തണ്ണീര്‍ കോരിയായിട്ടും ജോലിചെയ്തിരുന്നു. ആരെക്കൊണ്ടും മോശം പറയിക്കാതെ, എല്ലാവരോടും ചിരിച്ചും ,നല്ലവാക്കു പറഞ്ഞും ജീവിച്ചു വന്ന അദ്ദേഹത്തിന് വിവാഹക്കാര്യം മറന്നുപോയിരുന്നു.പക്ഷേ അവസാന കാലം ഒരു പങ്കാളിയെ കിട്ടി. അതില്‍ രണ്ട് മിടുക്കന്‍മാരായ അണ്‍മക്കളുണ്ടായി. അക്കാലത്തെ ജീവിതം,നേര്‍ച്ച സമ്പ്രദായം, പളളികളിലെയും മദ്രസ്സകളിലെയും പ്രവര്‍ത്തനം കരിവെളളൂരിലെ കമ്മ്യൂണിസ്റ്റ്കാരുടെ സ്‌നേഹവും സഹകരണവും തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു ഉസ്സന്‍ച്ചാക്ക്. അതൊന്നും രേഖപ്പെടുത്താനോ, ഓര്‍മ്മകള്‍ പങ്കിടാനോ സാധിക്കാതെ നിരക്ഷരനായ ഉസ്സന്‍ച്ചായും മണ്‍മറഞ്ഞുപോയി....

എം.ടി.പി. തറവാട്ടിലെ പ്രായം കൂടിയ വേറൊരു വ്യക്തിത്വമായിരുന്നു ആദന്‍ച്ച. നീണ്ടു തടിച്ച പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു ആദന്‍ച്ച. നാടന്‍പണി ചെയ്താണ് ജീവിച്ചുവന്നത്. തറവാട്ടില്‍ ധാരാളം ഭൂസ്വത്തുണ്ടായിരുന്നെങ്കിലും മരുമക്കത്തായ സമ്പ്രദായ പ്രകാരം എല്ലാം പെങ്ങന്‍മാര്‍ക്ക് നല്‍കേണ്ടിവന്നു. വീടു വെക്കാന്‍ ചെറിയൊരു സ്ഥലം മാത്രമെ ലഭിച്ചിരുന്നുളളൂ.പെട്ടെന്ന് കോപം വരുന്ന സ്വഭാവക്കാരനായിരുന്നു. ചിരട്ടകൊണ്ടുളള കയില്‍ ,ഓലങ്കം, തുടങ്ങിയവ നിര്‍മ്മിക്കാന്‍ സാമര്‍ത്ഥ്യമുളളവനായിരുന്നു അദ്ദേഹത്തിന്റെ ഉമ്മ ജീവിച്ചു വന്നത് കൊക്കാല്‍ എന്ന സ്ഥലത്തായിരുന്നു. വൃത്തിയിലും വെടിപ്പിലും ശ്രദ്ധാലുവാണ്. ഷൂസ് ഇട്ടേ നടക്കൂ...കയ്യിലെപ്പോഴും ടവലും തലയില്‍കെട്ടും ഒക്കെ ആയിട്ടാണ് നടത്തം. എത്ര വൃത്തിയുളള സ്ഥലത്ത് പോയാലും അദ്ദേഹം ഇരിക്കണമെങ്കില്‍ ടവല്‍ കൊണ്ട് തുവര്‍ത്തി ടവല്‍ വിരിച്ച് അതിന്‍ മേലേ ഇരിക്കൂ....വൈകിയാണ് വിവാഹിതനായത് .അദ്ദേഹത്തിനും ഒരു മകനുണ്ട്.

ഇത്രയും കുറിച്ചത് .തറവാടിന്റെ അടി വേര് തേടിയുളള യാത്രയിലാണ്. മരിച്ചു മണ്ണടിഞ്ഞെങ്കിലും ഒര്‍മ്മയില്‍ തെളിഞ്ഞു നിന്ന നാല് വ്യക്തിത്വങ്ങളെക്കുറിച്ച് ഞാനറിഞ്ഞ പ്രത്യേകതകള്‍ പങ്കുവെച്ചു എന്നു മാത്രം. വരും തലമുറയുടെ ശ്രദ്ധ മുന്‍ തലമുറയുടെ ചരിത്രം പഠിക്കുകയും പങ്കുവെക്കുകയും ചെയ്യാനുളള താല്‍പര്യം കാണിക്കണമെന്ന ആഗ്രഹം കൂടി ഈ കുറിപ്പിനു പിന്നിലുണ്ട്.


Keywords: Article, Women, Old, People, Kookanam-Rahman, In the days when property rights were only for women
 

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia