ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

 


എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-29) / കൂക്കാനം റഹ് മാന്‍

(www.kvartha.com 28.07.2020) ഉള്‍നാടന്‍ ഗ്രാമങ്ങളിലെ തുടിപ്പുകള്‍  ഹൃദയഭിത്തികളിലൂടെ എന്നും തുളച്ചു കയറിക്കൊണ്ടിരിക്കും. കളങ്കരഹിതമായി പെരുമാറുന്ന നാടന്‍ സ്ത്രീകളെ ആരാധന മനോഭാവത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. അവരുടെ ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തന  ശൈലി കഠിനമായി അധ്വാനിക്കാന്‍ തയ്യാറാകുന്ന   മാനസികാവസ്ഥ ഇതൊക്കെ ഓര്‍മ്മയിലേക്ക് ഓടിയെത്തുമ്പോള്‍ ആ പഴയ കാലത്തേക്ക് വീണ്ടും എത്തിപ്പെടാന്‍ പറ്റണമെന്ന് ആഗ്രഹിച്ചു പോവുന്നു. അറുപതുകളിലൊന്നും നാടന്‍ സ്ത്രീകള്‍ മാറുമറയ്ക്കാറില്ല. ഒരപകടവും അന്ന് സംഭവിച്ചിട്ടുമില്ല. ലൈംഗീകാതിക്രമങ്ങളോ, കൊളളരുതായ്മകളോ ഇല്ലാത്ത കാലം.
ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

അതിനും കുറച്ചുകാലം മുന്പുവരെ  സ്ത്രീകളായിരുന്നു തറവാട് കാരണവത്തികള്‍. കാര്‍ഷിക വിളകള്‍ വിളവെടുപ്പു നടത്തിക്കഴിഞ്ഞാല്‍ അവയുടെ സൂക്ഷിപ്പുകാരി വീട്ടിലെ തല മുതിര്‍ന്ന സ്ത്രീയായിരുന്നു. മരുമക്കത്തായ സമ്പ്രദായകാലത്താണിതെന്നു പറയാം.എല്ലാ കുടുംബത്തിനും രണ്ടോ മൂന്നോ ഏക്ര ഭൂമിയും കുറച്ചു നെല്‍പാടങ്ങളും ഉണ്ടാവും. പറമ്പിന്റെ ഒത്ത നടുവിലായി ചെറിയൊരു വീട് . ഓടുമേഞ്ഞതോ ഓല മേഞ്ഞതോ ആവും അത്. മോഡിയും ഫാഷനുമില്ലാതേ പച്ചയായ മനുഷ്യര്‍ ജീവിച്ചു വന്ന കാലം.

മരുമക്കത്തായ സംമ്പ്രദായം മാറി അണുകുടുംബ സംവിധാനം വന്നപ്പോള്‍ ഭൂമിയും കൃഷിയിടവും ചുരുങ്ങിവന്നു. ഭര്‍ത്താക്കന്‍മാരേ അപേക്ഷിച്ച് വീടിന്റെ ചുമതലക്കാരി ഭാര്യമാര്‍തന്നെയായിരുന്നു അന്നും. മിക്ക തൊഴിലുകളിലും സ്ത്രീസാനിധ്യമായിരുന്നു കൂടുതലുണ്ടായിരുന്നത്. ചുമടെടുക്കാനും ,വീടു നിര്‍മ്മാണത്തിനും സ്ത്രീകളായിരുന്നു മുമ്പന്തിയിലുണ്ടായിരുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് കൂടുതല്‍ കര്‍മ്മ കുശലരായിരുന്നു അക്കാലത്തെ സ്ത്രീകള്‍.

അധ്വാനശേഷി കുറഞ്ഞും പ്രായം കൂടുകയും ചെയ്താല്‍ അതിനനുസരിച്ച് വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ അവര്‍ ഉല്‍സുകരായിരുന്നു. ആര്‍ക്കും ദ്രോഹമില്ലാത്തതും , എല്ലാവര്‍ക്കും ആവശ്യമുളളതുമായ വാറ്റു ചാരായം നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അന്നത്തെ ഗ്രാമീണ സ്ത്രീകളില്‍ മിക്കവരും.  ജീവിത മാര്‍ഗ്ഗം കണ്ടെത്തിയത് വാറ്റു ചാരായ നിര്‍മ്മാണത്തിലൂടെയായിരുന്നു. അവിടേക്ക് റോഡു സൗകര്യം ഇല്ലാത്തതിനാല്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഗ്രാമ പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ പ്രയാസമായിരുന്നു അന്ന്. ശത്രുതയുളള ആരെങ്കിലും വിവരംകൊടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ എത്തുമ്പോഴേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിവെക്കാന്‍ വാറ്റുകാര്‍ക്ക് സമയവും കിട്ടുമായിരുന്നു.

ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ നിന്നും നേരിട്ടറിഞ്ഞ അനുഭവമാണിവിടെ കുറിക്കുന്നത്. സ്‌ക്കൂള്‍ പഠനകാലത്ത് അമ്മാവന്‍മാരുടെ പീടികയില്‍ സാധനങ്ങള്‍ തൂക്കികൊടുക്കുന്ന പണി എനിക്കായിരുന്നു.  അവിടുത്തെ പ്രധാന കച്ചവടം ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റുമായിരുന്നു. മൂന്ന്  ചറിയ പീടികകള്‍ അന്ന് നാട്ടിലുണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും ലഭ്യമാണ്. ഇവ വാങ്ങാനെത്തുന്നത് സ്ത്രീകളാണ്. അവര്‍ത്തന്നെയാണ് വാറ്റു ചാരായത്തിന്റെ ഉല്‍പാദകരും. ചിരിയേട്ടി, പാറുഏട്ടി, മാധവി ഏട്ടി. തുടങ്ങിയവരുടെ രൂപവും ഭാവവും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അവരൊക്കെ കാലയവനികയ്ക്കുളളില്‍ മറഞ്ഞു പോയി.

ഒരു കിലോ വെല്ലം വാങ്ങിയാല്‍ നൂറ് ഗ്രാം അമോണിയം സള്‍ഫേറ്റും വാങ്ങും. പലര്‍ക്കും അമോണിയം സള്‍ഫേറ്റ് എന്നൊന്നും പറയാനറിയില്ല. 'ഇതിന്റെ മറ്റേതും താ' എന്ന കോഡുഭാഷയായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. വിലകുറഞ്ഞ കറുത്തവെല്ലവും ഇതിനുപയോഗിക്കാറുണ്ട്. മാരകമായ കുടല്‍ രോഗങ്ങലും മറ്റും ഉണ്ടാവാന്‍ സാധ്യതയുളള രാസവസ്തുവാണ് അമോണിയം സള്‍ഫേറ്റ്. ദിവസവും അഞ്ച് കിലോ വരെ വെല്ലം കൊണ്ടുപോയി വാറ്റുചാരായമുണ്ടാക്കുന്നവരും അന്ന് എന്റെ ഗ്രാമത്തിലുണ്ടായിരുന്നു.

വാറ്റു ചാരായം ഉണ്ടാക്കുന്നവരേയും അത് ഉപയോഗിക്കുന്നവരേയും കുറ്റപ്പെടുത്തുന്നവര്‍ അന്നുമുണ്ടായിരുന്നു. പക്ഷേ പകലന്തിയോളം കഠിനാധ്വാനം ചെയ്യുന്നവര്‍ രാത്രി അല്‍പമൊരു ഉണര്‍വു കിട്ടാന്‍ ഇത് ഉപയോഗിക്കുന്നതില്‍ അക്കാലത്ത് വലിയൊരു തെറ്റ് തോന്നുയിട്ടില്ല. പഴയകാല കുടിയന്‍മാര്‍ മൂക്കറ്റം കുടിച്ച് കുടുംബത്തെ വഴിയധാരമാക്കുന്നവരായിരുന്നില്ല. മറ്റെവിടെയെങ്കിലും ചെന്ന് മദ്യസേവ നടത്തുന്നതിനെക്കാള്‍ നല്ലത് തന്നെയായിരുന്നു തന്റെ വീട്ടില്‍ വച്ചോ അയല്‍പക്കത്തെ വീട്ടില്‍വച്ചോ സന്ധ്യമയങ്ങിയാല്‍ അല്‍പം ലഹരി അകത്താക്കുന്നത്. ഈ അഭിപ്രായം ഞാന്‍ പറയുന്ന് അക്കാലത്തെ ജീവിത സാഹചര്യം വെച്ചാണ്. അല്ലാതെ ഞാന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ ന്യായീകരിക്കുന്നവനല്ല.

വാറ്റുചാരായ വില്‍പനയിലൂടെ സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തിന് കഴിയാനുളള വരുമാനമുണ്ടാക്കിയിരുന്നു. അതുവഴി തങ്ങളുടെ ഭര്‍ത്താക്കന്‍മാരായ പുരുഷന്‍മാരെ ആശ്രയിക്കാതെ മുന്നോട്ടു പോകാനും അവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും ഭാര്യമാരായ സ്ത്രീകള്‍ക്ക് സാധിച്ചിരുന്നു. കാര്‍ഷിക വൃത്തിയിലും നാടന്‍പണികളിലും ഏര്‍പ്പെട്ട പുരുഷന്‍മാരാണ് പ്രധാനമായും ചാരായത്തിന്റെ ഉപഭോക്താക്കള്‍. രാത്രിയായാല്‍ ഗ്രാമം മുഴുവന്‍ ഇരുട്ടിലാവും. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ് എല്ലാ വീട്ടുകാരും കഴിഞ്ഞു വന്നിരുന്നത്. ലഹരി അല്‍പം തലയ്ക്കു പിടിച്ചാല്‍ ചില വീടുകളില്‍ നിന്ന് നാടന്‍പാട്ടിന്റെ ഈണത്തിലുളള ശീലുകള്‍ കേള്‍ക്കാനാവും. അടുത്ത ദിവസം പുലരുമ്പോഴേക്കും ലഹരിയുടെ ഹാങ്ങോവറൊക്കെ മാറി നല്ല കുടുംബനാഥനായി അയാള്‍ മാറും.

ഇന്നത്തെപോലെ യുവാക്കളില്‍ മദ്യപാന ശീലമുണ്ടായിരുന്നില്ല അക്കാലത്ത്. ലഹരി ഉപയോഗം ഒരു ഫാഷനായി കൊണ്ടുനടക്കുന്നവരായിരുന്നില്ല അക്കാലത്തെ സാധാരണക്കാര്‍. ഒപ്പംകൂടിയിരുന്നുളള മദ്യപാനമോ,ആഘോഷമാക്കലോ ഒന്നുമില്ലായിരുന്നു. സ്വന്തം വീട്ടില്‍വച്ചോ, തൊട്ട് അയല്‍പക്കത്തെ വീട്ടില്‍വെച്ചോ മദ്യം ഉപയോഗിക്കുകയും, ആര്‍ക്കും ദ്രോഹമില്ലാത്ത രീതിയില്‍ ആസ്വദിക്കുകയും മാത്രമെ അവര്‍ ചെയ്തിരുന്നുളളൂ.

പക്ഷേ ഇവിടെയും ചൂഷണത്തിന് വിധേയമായിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു.ദരിദ്രരും ദളിതരുമായ ആദിവാസി വിഭാഗക്കാര്‍ ഞങ്ങളുടെ നാട്ടില്‍ കുന്നും പുറങ്ങളില്‍ ജീവിച്ചു വന്നിരുന്ന ചെരുപ്പുക്കുത്തി വിഭാഗത്തില്‍പെട്ടവരുടെ ജീവിതം വാറ്റുചാരായം  ഉപയോഗിച്ചതുമൂലം പ്രതിസന്ധിയിലായിരുന്നു.കാട്ടില്‍ചെന്ന് വിറക് ശേഖരിച്ച് അവിടെ നിന്നു തന്നെ വിറക് കരി  ഉണ്ടാക്കി തലചുമടായി കൊണ്ടുവന്ന് ടൗണുകളിലെ ഹോട്ടലുകളിലും മറ്റും വില്പന നടത്തി ജീവിതമാര്‍ഗ്ഗം കണ്ടത്തുന്നതും വീടുകളില്‍ ചെന്ന് കക്കത്തോട് ശേഖരിച്ച് അവരുടെ കുടിലുളുടെ സമീപം കെട്ടിഉണ്ടാക്കിയ കുമ്മായകൂടുകളില്‍ കത്തിച്ച് കുമ്മായം ഉണ്ടാക്കി വില്‍പന നടത്തിയും കേടായ ചെരുപ്പുകള്‍ കേടുപാട് തീര്‍ത്തുകൊടുത്തും മറ്റുമായിരുന്നു അവര്‍ ജീവിച്ചു വന്നിരുന്നത്.

വൃത്തിഹീനമായ ചുറ്റുപാടുകളിലായിരുന്നു അന്നവര്‍ ജീവിച്ചു വന്നിരുന്നത്. പണിചെയ്തുകിട്ടിയ കാശിനു മുഴുവന്‍ ആണും പെണ്ണും ഒപ്പം വന്ന് വാറ്റു ചാരായം കുടിച്ച് തങ്ങളുടെ കുടിലുകളിലെത്തും ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ചാരായം അവര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായിരുന്നു.വിശന്ന വയറോടെ അടുത്ത ദിവസവും തങ്ങളുടെ ജോലിയില്‍ വ്യാപൃതരാവും.

നാടന്‍ ചാരായം കുടിച്ച് ടൗണുകളില്‍ നിന്നും മാന്യന്മാരായ വ്യക്തികള്‍ ഗ്രാമങ്ങളില്‍ എത്താറുണ്ട്. പ്രശ്‌നങ്ങളില്ലാതെ അവര്‍ ആവശ്യം തീര്‍ത്ത് സൗമ്യരായി പിരിഞ്ഞുപോവും. കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളൊക്കെ സ്ത്രീകള്‍ തന്നെയാണ് നിര്‍വ്വഹിച്ചിരുന്നത്.

പട്ടിണിയുടെയും അറുതിയുടെയും കാലത്ത് പിടിച്ചുനില്‍ക്കാന്‍ കുടുംബത്തിന്റെ അത്താണിയായി മാറാന്‍ ഇതു മൂലം സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. തെറ്റാണ് ചെയ്യുന്നതെന്നവര്‍ക്കറിയാം. എങ്കിലും മറ്റു മാര്‍ഗ്ഗമില്ലാതെ പിന്നെന്തുചെയ്യാന്‍ ? സ്ത്രീകള്‍ക്ക് പിന്നെയും ഉത്തരവാദിത്വങ്ങളുണ്ട്. തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ അമിത മദ്യപാനത്തില്‍ നിന്ന് രക്ഷിക്കണം. അവര്‍ മൂക്കറ്റം കുടിച്ചാല്‍ വരുമാനത്തില്‍ കുറവ് വരും. കുടുംബ കലഹം പരിഹരിക്കാന്‍ പറ്റാത്തവിധം ശക്തമാകും. തങ്ങളുടെ ആണ്‍മക്കളെ ഇതിന്റെ രുചി അറിയിക്കാതെ വളര്‍ത്തണം. അതില്‍നിന്ന് അവരെ മാറ്റി നിര്‍ത്താനുളള ശ്രദ്ധവേണം. ഇങ്ങിനെ എല്ലാഭാഗത്തും കണ്ണുവെച്ച് വേണം വാറ്റുചാരായ കച്ചവടം നടത്തി ജീവിക്കാനുളള വഴിയൊരുക്കാന്‍.

വാഹന സൗകര്യം ഇല്ലാത്ത അക്കാലത്ത് ഉണ്ടവെല്ലം പയ്യന്നൂരില്‍ നിന്ന് കാളവണ്ടിയിലാണ് കരിവെളളൂരിലേക്ക് കൊണ്ടുവരിക. അവിടെ നിന്ന് തല ചുമടായി വേണം കൂക്കാനം പോലുളള ഉള്‍നാടന്‍ ഗ്രാമങ്ങളിലെത്തിക്കാന്‍.അതിനും സ്ത്രീകള്‍ തന്നെ വേണം. അവര്‍ തലചുമടായിട്ടാണ് വെല്ലം നാടന്‍ പീടികളിലേക്കെത്തിക്കേണ്ടത്. അക്കാലങ്ങളില്‍ പനയോലകളില്‍ പൊതിഞ്ഞാണ് വെല്ലം ചാക്കിനകത്തേക്ക് കയറ്റിവെക്കുക. അലിഞ്ഞ് പോവാതിരിക്കാനാണ് അങ്ങിനെ ചെയ്തിരുന്നത്. വെല്ലച്ചാക്ക് കാലിയായാല്‍ ഓലയില്‍ പറ്റിപ്പിടിച്ച വെല്ലത്തിന്റെ അംശങ്ങള്‍ തുടച്ചെടുത്ത് ചാരായം വാറ്റുന്നതിന് സ്ത്രീകള്‍ കൊണ്ടുപോവാറുണ്ട്.

ചില വീടുകളുടെ സമീപത്തുകൂടെ പോവുമ്പോള്‍ ചാരായത്തിന്റെ മണം വരും. ചിലപ്പോള്‍ വീടിനകത്തിരുന്ന് ആരെങ്കിലും കുടിക്കുന്നുണ്ടാവും. അതിലൊന്നും ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ലായിരുന്നു അന്ന്. ഉണ്ടവെല്ലവു അമോണിയം സള്‍ഫേറ്റും ഓര്‍മ്മയായി മാറി . അന്ന് ആര്‍ക്കും ദോഷമില്ലാത്ത രീതിയില്‍ ചാരായം വാറ്റിയ സ്ത്രീകളും വിസ്മൃതിയിലാണ്ടു.മുട്ടോളമെത്തുന്ന ഒറ്റ തോര്‍ത്തമുണ്ടും , തലയിലൊരു തൊപ്പിപാളയും മാത്രം ധരിച്ച് ചാരായം കുടിച്ച് സന്തോഷിക്കുന്ന പുരുഷന്‍മാരും മണ്‍മറഞ്ഞുപോയി. പക്ഷേ സ്ത്രീജനങ്ങള്‍ ചെയ്ത ആ കര്‍മ്മ പരിപാടിയിലൂടെ വരുമാനം കണ്ടെത്തി മക്കളെ പഠിപ്പിക്കാനും തൊഴില്‍ കണ്ടെത്താനും സാധിച്ചതിനാല്‍ അവരുടെ മക്കള്‍ക്കൊക്കെ തല ഉയര്‍ത്തി സമൂഹത്തില്‍ നടക്കാന്‍ പറ്റി.

ഒരണപുടവയുമുടുത്ത് മാറിടമൊക്കെ പുറത്തുകാട്ടി സ്‌നേഹവും ആദരവും കാണിച്ച് സമൂഹത്തില്‍ ഇറങ്ങി നടന്ന് ജീവിതം നയിച്ച ആ അമ്മമാരെ നമിക്കാം നമുക്ക്...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

Keywords:  Article, Kookanam-Rahman, jaggery and Ammonium sulfate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia