ക്യാംപും മറക്കാത്ത ഓർമകളും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നബീസാന്റെ്റ മകന്‍ മജീദ് (ഭാഗം 25) / കൂക്കാനം റഹ്‌മാന്‍

(www.kvartha.com)
ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമായിരുന്ന മജീദിന് ഗിരിജന ക്ഷേമവകുപ്പ് ആദിവാസികള്‍ക്കൊരു പ്രൊജക്ട് ഏറ്റെടുത്തു നടത്താന്‍ സന്നദ്ധസംഘടനകളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു കൊണ്ടുളള പത്രവാര്‍ത്ത കണ്ടു. ബദിയഡുക്ക സ്വര്‍ഗ്ഗ മലയോര പ്രദേശങ്ങളില്‍ അധിവസിക്കുന്ന കൊറഗ വിഭാഗക്കാരായ സ്ത്രീകള്‍ക്ക് ജീവിത പരിശീലന കളരി സംഘടിപ്പിക്കാനായിരുന്നു അപേക്ഷ ക്ഷണിച്ചത്. മുപ്പത് കൊറഗ സ്ത്രീകളെ പങ്കെടുപ്പിച്ച് 10 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് സംഘടിപ്പിക്കേണ്ടിയിരുന്നത്. പത്ര വാര്‍ത്തപ്രകാരം അപേക്ഷ അയച്ചു. രണ്ടാഴ്ചക്കകം അപേക്ഷ അംഗീകരിച്ചു കൊണ്ട് ഉത്തരവുവന്നു.
  
ക്യാംപും മറക്കാത്ത ഓർമകളും

എല്ലാ കാര്യത്തിലും ചൂഷണത്തിനു വിധേയമായി കൊണ്ടിരിക്കുന്ന വിഭാഗക്കാരായിരുന്നു അന്നത്തെ കൊറഗ വിഭാഗം. അവര്‍ അജ്ഞരായിരുന്നെങ്കിലും എല്ലാ കാര്യങ്ങളിലും അറിവുളളവരായിരുന്നു. അവരെ ചൂഷണം ചെയ്യുന്ന വസ്തുതകളെല്ലാം കൃത്യമായി അവര്‍ക്കറിയാം. പക്ഷേ പ്രതികരിക്കാനാവില്ല. നിശബ്ദരായി എല്ലാം കണ്ടു നില്‍ക്കും. സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെല്ലാം ഇരുകൈയും നീട്ടി വാങ്ങും. തുടര്‍ന്ന്, ലഭിച്ച സഹായങ്ങള്‍ നിലനിര്‍ത്തികൊണ്ടു പോവാന്‍ താല്‍പര്യമില്ല. മുപ്പത് സ്ത്രീകളെ എങ്ങിനെ സംഘടിപ്പിക്കാമെന്ന ആലോചനയിലായിരുന്നു മജീദ്. മജീദിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിജയന്‍, സനിത, സെല്ലി എന്നിവരോട് കാര്യങ്ങള്‍ സംസാരിച്ചു. കോളനികളില്‍ പോയി നേരിട്ട് ക്ഷണിക്കാമെന്ന ധാരണയിലായി.

മജീദും കൂട്ടുകാരും അതിരാവിലെ പുറപ്പെട്ടു ബദിയഡുക്ക ടൗണിലെത്തി. കോളനിയിലെ കുഞ്ഞുകുട്ടികളടക്കം ടൗണിലെത്തിയിരിക്കുകയാണ് അവരുടെ കുലത്തൊഴിലായ കൊട്ടമെടയാന്‍. മരത്തണലിലാണവര്‍ കൂട്ടം കൂടിയിരിക്കുന്നത്. ആണും പെണ്ണും വെറ്റില മുറുക്കിക്കൊണ്ടാണ് പണി ചെയ്യുന്നത്. ഞങ്ങള്‍ അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഇരിക്കുന്നതിനു ചുറ്റും മുറുക്കി തുപ്പിയത് കാണാം. ക്ഷമയോടെ സ്‌നേഹത്തോടെ പുരുഷന്‍മാരോട് ക്യാമ്പിന്റെ കാര്യം പറഞ്ഞു. ഭാര്യമാരെ ക്യാമ്പിൽ എത്തിക്കണമെന്ന് അപക്ഷിച്ചു.

'ഞങ്ങളുക്ക് എന്തു കിട്ടും സാറെ', ഈ ചോദ്യം പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതാണ്. ഭക്ഷണം, വസ്ത്രം, എല്ലാം കിട്ടും. മറ്റുളളവരുടെ ചൂഷണത്തില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം എന്നു മനസ്സിലാക്കിത്തരും. ഇത്രയും കേട്ടപ്പോള്‍ അവര്‍ തലകുലുക്കി സമ്മതിച്ചു. തലകുലുക്കി സമ്മതിച്ചാലും തീയ്യതി ഓര്‍മ്മ ഉണ്ടാവില്ല, സ്ഥലം ഓര്‍മ്മയുണ്ടാവില്ല എന്ന് പ്രവര്‍ത്തകര്‍ക്കറിയാം. വീണ്ടും ചെന്നു കാണേണ്ടിവരും. തുടര്‍ന്ന് ബദിയടുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കൊറഗ കോളനികളിലേക്ക് ചെന്നു.

വൃത്തിഹീനമാണ് അവരുടെ വീടും ചുറ്റുപാടും. ദിവസങ്ങളോളം കുളിക്കാതെ, കഴുകാതെ ജീവിക്കുന്നവര്‍. അവരുടെ ചപ്രത്തലമുടി കണ്ടാല്‍ അക്കാര്യം വ്യക്തമാവും. അങ്ങിനെയുളള മാത്ത എന്നു പേരുളള സ്ത്രീയുടെ വീട്ടിലെത്തി. വരാന്തയിലിരുന്നു ഒരു പ്ലേറ്റില്‍ അവലും വെല്ലവും ചേര്‍ത്ത് കുഴയ്ക്കുകയാണ് ആ സ്ത്രീ. അത് കഴിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു. മുറ്റത്തെ വാഴയിലക്കഷണങ്ങളില്‍ അവില്‍ വാരിയിട്ടു ഞങ്ങളുടെ കയ്യില്‍ തന്നു. അവരുടെ നഖങ്ങളില്‍ ചേറ് പറ്റിപ്പിടിച്ചിട്ടുണ്ട്, ഇടയ്ക്കിടെ തല ചൊറിയുന്നുണ്ട്. അവല്‍ കയ്യില്‍ പിടിച്ച് ഞങ്ങള്‍ നാലു പേരും മുഖത്തോടു മുഖം നോക്കി നിന്നു. എന്തു ചെയ്യണം, അത് കഴിക്കാതിരുന്നാല്‍ അവര്‍ പിണങ്ങും, പിന്നീട് ഒന്നും സംസാരിക്കില്ല. മനസ്സില്ലാ മനസ്സോടെ മജീദ് അവലുവാരി വായിലിട്ടു, പിന്നാലെ കൂടെയുളളവരും.

അതിനു ശേഷം സംസാരം തുടങ്ങി. മാത്ത നല്ല ലഹരിയിലാണ് എങ്കിലും ഞങ്ങള്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചു തലകുലുക്കുന്നുണ്ട്. റാക്ക് കുടിക്കുന്നത് അപകടമാണെന്നായിരുന്നു ഞങ്ങള്‍ തുടങ്ങിവെച്ചത്. മാത്ത അതിനുളള മറുപടി പറയാന്‍ തുടങ്ങിയെതിങ്ങിനെയാണ്, 'സാറന്മാരെ പോലുളളവര്‍ റാക്കു കുടിക്കാറില്ലേ? പിന്നെന്തേ ഞങ്ങള്‍ക്ക് കുടിച്ചു കൂടെ?. ഇന്നലെ സര്‍ക്കാര്‍ വകയായി സൗജന്യമായി പശുവിനെ തരാം എന്ന് പറഞ്ഞ് രണ്ട് സാറന്‍മാര്‍ വന്നു. ഞങ്ങളോട് റാക്ക് വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു. ഈ മുറ്റത്ത് വെച്ചാണ് സാറെ അവര്‍ കുടിച്ചത്. സാറന്‍മാര്‍ ഞങ്ങളോട് പറയും കുടിക്കരുതെന്ന്, നിങ്ങള്‍ കുടിക്കുകയും ചെയ്യും', ഇത്രയും കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരം മുട്ടി.

അടുത്ത ദിവസം സ്വര്‍ഗ്ഗയിലേക്കായിരുന്ന യാത്ര. പേരു കേട്ടപ്പോള്‍ സ്വര്‍ഗ്ഗം പോലെയായിരിക്കും ആ പ്രദേശമെന്ന് കരുതി. ബസ്സിറങ്ങി ഒരു മണിക്കൂറെങ്കിലും നടന്നാലെ സ്വര്‍ഗ്ഗയിലെത്തൂ. പാറ പ്രദേശത്തുകൂടിയാണ് നടക്കേണ്ടത്. ചുട്ടുപൊളളുന്ന വെയില്‍ വഴിയില്‍ ഒരു കോണ്‍ക്രീറ്റ് കെട്ടിടം കണ്ടു. പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക് താമസിക്കാനുളള ഹോസ്റ്റലാണെന്നു മനസ്സിലായി. അവിടെ നാട്ടുകാരനാണ് ഹോസ്റ്റല്‍ വാര്‍ഡന്‍. ഞങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം പുറത്തേക്ക് വന്നു. കുടിവെളളം സംഘടിപ്പിച്ചു തന്നു. പ്രദേശത്തെക്കുറിച്ച് ചെറിയൊരു വിവരണം തന്നു.

കുടിലുകളില്‍ കയറിയിറങ്ങുമ്പോള്‍ പലവിധത്തിലുളള ശാരീരിക വൈകല്യമുളള ആളുകളെ കണ്ടു. തല വലിയവര്‍, രണ്ടു കാലും തളര്‍ന്നവര്‍, കൈക്ക് ചലനശേഷി ഇല്ലാത്തവര്‍, ശബ്ദം പുറപ്പെട്ടുവെങ്കിലും ഉച്ചാരണം ചെയ്യാന്‍ സാധിക്കാത്തവര്‍. എന്താണ് ഈ കുട്ടിക്ക് പറ്റിയതെന്ന് വീട്ടുകാരോട് ചോദിക്കുമ്പോള്‍ 'ഭഗവാന്‍ അങ്ങിനെ ആക്കിയത് 'എന്നേ ഉത്തരമുളളൂ. മജീദ് മാഷ് ആ പഴയകാലം ഇന്നോര്‍ക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതമാണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ദൈവകോപം എന്ന് മാത്രമാണ് അവര്‍ ആ രോഗത്തെ കണ്ടത്.

വീടുകളിലൊന്നും കക്കൂസില്ലായിരുന്നു. കോളനിയിലെ ഒരു വീട്ടിലെത്തിയപ്പോള്‍ അല്പം വിദ്യാഭ്യാസമുണ്ടെന്നു തോന്നുന്ന ഒരു മധ്യവയസ്‌ക്കനെ കണ്ടു. കക്കൂസിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. അതില്ലെങ്കിലുളള ദോഷത്തെക്കുറിച്ചു സംസാരിച്ചു. എല്ലാം മൂളി കേട്ട അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു, 'സാറെ നാല് ഏക്കറോളം വരും ഈ പറമ്പ്. വിശാലമായ പറമ്പില്‍ കുറ്റിക്കാടുകള്‍ ഇഷ്ടം പോലെ ഉണ്ട്. അതിന്റെ മറവില്‍ പോയിരുന്ന് ഞങ്ങള്‍ കാര്യം സാധിക്കും. വീട്ടില്‍ എട്ടു പേരുണ്ട്. കക്കൂസുണ്ടായാല്‍ അതില്‍ പോകാന്‍ ഒരാള്‍ക്ക് രണ്ട് ബക്കറ്റ് വെളളം വേണം. ആകെ പതിനാറ് ബക്കറ്റ് വെളളം. അത് തെങ്ങിന്റെ മുരട്ട് ഒഴിച്ചാല്‍ തെങ്ങിന് ഗുണം ചെയ്യില്ലേ. ഈ തെങ്ങ് നോക്കൂ നല്ല പിടുത്തമില്ലേ', ഇതില്‍ അദ്ദേഹത്തോട് മറുത്തൊന്നും പറയാതെ ഞങ്ങള്‍ തിരിച്ചു നടന്നു.

ആഴ്ചകള്‍ നീണ്ടു നിന്ന കോളനി സന്ദര്‍ശനം കഴിഞ്ഞു. 40 സ്ത്രീകളുടെ ലിസ്റ്റ് തയ്യാറാക്കി. ക്യാമ്പ് തുടങ്ങുന്ന ദിവസം. അതിരാവിലെ ക്യാമ്പ് നടത്തേണ്ട സ്ഥലത്തെത്തി. ഉദ്ഘാടകന്‍ ജില്ലാ കലക്ടറാണ്. പത്ത് മണിക്ക് കലക്ടറെത്തി. ഒരു മരത്തണലിലാണ് ഉദ്ഘാടന സ്റ്റേജ് ഒരുക്കിയത്. പതിനൊന്നു മണിയായിട്ടും ആരേയും കാണുന്നില്ല. കലക്ടര്‍ ഇടയ്ക്കിടെ വാച്ചു നോക്കുന്നുണ്ട്. എന്തോ പിറുപിറുക്കുന്നുണ്ട്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നാലഞ്ചു പേരെത്തി. അവരെ വെച്ച് കലക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉച്ചസമയമാവുമ്പോഴേക്കും മുപ്പത് പേരെത്തി. സമാധാനമായി ജീവിത പരിശീലനമാണല്ലോ പരിപാടി. എല്ലാവര്‍ക്കും ഓരോ സോപ്പും തോര്‍ത്തും കൊടുത്തു. തലയില്‍ എണ്ണ തേപ്പിച്ചു. സമീപത്തുളള നീര്‍ച്ചാലിലേക്കു കൊണ്ടു പോയി. കുളികഴിഞ്ഞു വന്നു. വിഭവസമൃദ്ധമായ ഭക്ഷണം കൊടുത്തു. പത്തു ദിവസമായി നടന്ന പരിശീലനം പൂര്‍ത്തിയായപ്പോള്‍ ജീവിതം ആകെ മാറിയതായി അവര്‍ക്ക് തോന്നി.

അവിവാഹിതകളായ നിരവധി പെണ്ണുങ്ങളുണ്ടായിരുന്നു ക്യാമ്പിൽ. അവരില്‍ ആറു പേര്‍ ജീവിത പങ്കാളിയെ കണ്ട് വിവാഹം നിശ്ചയിച്ചു വെച്ചിട്ടുണ്ടായിരുന്നു. ക്യാമ്പിന്റെ സമാപന ദിവസം ആറു വധുവരന്‍മാരെ ഒന്നിച്ചു അണിനിരത്തി സമൂഹവിവാഹ വേദി ഒരുക്കി. ധര്‍മ്മ സ്ഥല രക്ഷാധികാരി താലിക്കുളള സ്വര്‍ണ്ണം സൗജന്യമായി നല്‍കി. കയ്യാര്‍ കിഞ്ഞണ്ണറായ് സമൂഹവിവാഹത്തിന് നേതൃത്വം നല്‍കി. ഇക്കഴിഞ്ഞതെല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ മജീദ് മാഷ് ഓര്‍ക്കുകയായിരുന്നു.

(തുടരും)

ALSO READ:













 
Aster mims 04/11/2022


Keywords:  Kookanam-Rahman, Issue, Article, Teacher, Study class, Women, Wedding, Camp and unforgettable memories.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia