ബി എഡ് കോളജ് പഠനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നബീസാൻറെ മകൻ മജീദ് (ഭാഗം 19) 

/ കൂക്കാനം റഹ്‌മാൻ

(www.kvartha.com)
ബി എഡ് കോളേജ് പഠനം ഇതേവരേയില്ലാത്ത മാനസീക സന്തോഷം മജീദിനുണ്ടായി. മജീദിനെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട് എന്നൊരു തോന്നല്‍ അവനുണ്ടായി. പൊതു രംഗത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് കോളേജ് പ്രിന്‍സിപ്പാളിനും സ്റ്റാഫിനും അറിയാം. അതിനാല്‍ മജീദിന് അവരുടെ ഭാഗത്തു നിന്നു നല്ല അംഗീകാരം കിട്ടുന്നുണ്ട്. കോളേജിലെ സഹപഠിതാക്കളുടെ അംഗീകാരം കിട്ടാന്‍ ഒരു സംഭവം കൂടി ഉണ്ടായി. ലോക പ്രശസ്ത വിദ്യഭ്യാസ വിചക്ഷണന്‍ ഡോ. എന്‍ പി പിളളയെ കോളേജിലെത്തിക്കാന്‍ മജീദിന് സാധ്യമായി. പൊതുപ്രവര്‍ത്തനത്തിനിടയില്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ പറ്റിയിരുന്നു. ആ പരിചയം വെച്ചാണ് മജീദ് അദ്ദേഹത്തെ കോളേജിലേക്ക് ക്ഷണിച്ചുവരുത്തിയത്. സഹപഠിതാക്കളെല്ലാം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചത്. സംസാരമദ്ധ്യേ മജീദിനെക്കുറിച്ചും പിളള സാര്‍ സൂചിപ്പിച്ചു. 'പ്രായത്തില്‍ ഞാനും മജീദും ഒരുപാട് വ്യത്യസമുണ്ടെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഞാനിവിടെ എത്തിയത്.' ഇതും കൂടി കേട്ട സഹപഠിതാക്കള്‍ മജീദിനെ സ്‌നേഹാദരവോടെ കാണാന്‍ തുടങ്ങി.
  
ബി എഡ് കോളജ് പഠനം

മീരാ ജാസ്മിന്‍ അവളുടെ അടുത്ത കൂട്ടുകാരികളോടും മജീദുമായുളള അടുപ്പം സ്വകാര്യമായി പങ്കുവെക്കാന്‍ തുടങ്ങിയെന്ന് മജീദ് സംശയിച്ചു. അറബിക് ഡിപ്പാര്‍ട്‌മെന്റിലെ വല്‍സലയ്ക്ക് മജീദില്‍ കണ്ണുണ്ടായിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടി അറബിക്കില്‍ പോസ്റ്റ് ഗ്രാഡുവേഷന്‍ നേടുകയും, ബി എഡ് ഡിഗ്രിക്ക് ചേർന്നതും അത്ഭുതത്തോടെയാണ് മജീദ് നോക്കിക്കണ്ടത്. അതുകൊണ്ടു തന്നെ വല്‍സലയുമായി അവളുടെ പഠനകാര്യവും കുടുംബകാര്യവും ചോദിച്ചറിയാന്‍ മജീദിന് താല്‍പര്യമുണ്ടായി. അതിനപ്പുറമൊന്നും മജീദ് കരുതിയിട്ടില്ലായിരുന്നു. പക്ഷേ ക്ലാസിലെ കൂട്ടുകാരികള്‍ മജീദിനെയും വല്‍സലയേയും ബന്ധപ്പെടുത്തി കഥകള്‍ മെനയാന്‍ തുടങ്ങി.

മീരാജാസ്മിന്‍ കാണിക്കുന്ന അടുപ്പം കണ്ടപ്പോള്‍ വല്‍സല മാറിനിന്നു. പരസ്പരം മിണ്ടാതായി. ഇക്കാര്യം മജീദിന്റെ മനസ്സില്‍ വേദന ഉണ്ടാക്കി. ക്ലാസില്‍ സമയം കിട്ടിയാല്‍ ജാസ്മിന്‍ മജീദിന്റെ അടുത്തെത്തും, എന്തെങ്കിലും സംസാരിക്കും. അല്പസമയം കിട്ടിയാല്‍ കോളേജിനടുത്തുളള ഇന്ത്യന്‍ കോഫി ഹൗസില്‍ കാപ്പികുടിക്കാന്‍ ക്ഷണിക്കും. ഇതൊരു സ്ഥിരം സ്വഭാവമായി മാറി. മജീദിന്റെ കൂട്ടുകാരും അവനെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നു.

കോളേജില്‍ നിന്ന് ഒരു വണ്‍ഡേ ടൂര്‍ സംഘടിപ്പിച്ചു. കോഴിക്കോടേക്കായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. കോളേജ് പ്ലാനിംഗ് ഫോറം സെക്രട്ടറിയെന്ന നിലയില്‍ മജീദിനായിരുന്നു ടൂറിന്റെ ചുമതല. രണ്ട് ബസ്സുകളിലായിരുന്നു യാത്ര. മീര ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്നു മജീദ് കയറുന്ന ബസ്സില്‍ കയറാന്‍. ജാസ്മിന്‍ ബസ്സില്‍ കയറി മജീദിനും കൂടി അടുത്തിരിക്കുവാന്‍ സീറ്റ് കരുതിവെച്ചു. മജീദിനെ അടുത്ത് കിട്ടുന്നതുവരെ ജാസ്മിന്‍ വെപ്രാളത്തിലായിരുന്നു. മജീദിന് ടൂറിന്റെ ചുമതലയുളളതിനാല്‍ ഇടയ്ക്കിടയ്ക്ക് സീറ്റില്‍ നിന്നെഴുന്നേറ്റ് പോകേണ്ടിവന്നു. അപ്പോഴൊക്കെ ജാസ്മിന്റെ മുഖം വാടും. ബസ്സില്‍ അടുത്തടുത്ത് ഇരുന്നു എന്നല്ലാതെ രണ്ടു പേര്‍ക്കും സംസാരിക്കാന്‍ പറ്റിയില്ല. അതുമല്ല കൂട്ടുകാര്‍ അതിന് അവസരം കൊടുത്തില്ല.

കോഴിക്കോട് എത്തി പ്രധാന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ആ സമയത്തൊക്കെ മജീദിന്റെ തൊട്ടടുത്തു തന്നെ ജാസ്മിന്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. ഉച്ചയ്ക്കുശേഷം ബീച്ചിലെത്തി. കാറ്റാടി കൂട്ടങ്ങള്‍ക്കിടയില്‍ ഒരുപാടിണകളെ കണ്ടു. അതൊക്കെ നോക്കിയിട്ടാവും 'മജീദെ നമുക്കും അവിടെ കുറച്ചുനേരമിരുന്നുകൂടെ?' ജാസ്മിന്റെ ശബ്ദത്തിന് ഇടര്‍ച്ചയുണ്ടായി. മജീദ് സമ്മതിച്ചു. ഒപ്പമുളളവരൊക്കെ കടപ്പുറത്ത് നടക്കുന്നുണ്ട്. കടലിലിറങ്ങി കുളിക്കുന്നുണ്ട്. ജാസ്മിന്‍ സ്‌നേഹത്തോടെ അടുത്തിരുന്നു. അവള്‍ മജീദിന്റെ മുഖത്തേക്ക് നോക്കി സംസാരിക്കാന്‍ തുടങ്ങി. 'മജീദെ ഞാന്‍ ഏകമകളാണ്. ബാപ്പച്ചിയും ഉമ്മച്ചിയും അധ്യാപകരാണ്. വിവാഹാലോചന ഒട്ടനവധി വരുന്നുണ്ട്. പക്ഷേ ഒന്നും അടുക്കുന്നില്ല. സൗന്ദര്യം പോരെന്ന കാര്യത്തിലാണ് വന്ന ആലോചനകളൊക്കെ തെറ്റിപ്പോവുന്നതെന്നാണ് പറയുന്നത് കേട്ടത്.'

'മജീദെ ജീവിതത്തില്‍ എന്നെ ഒപ്പം കൂട്ടാനാവുമോ? എന്റെ മനസ്സ് വിങ്ങുന്നു മജീദെ. ബാപ്പച്ചിക്കും ഉമ്മച്ചിക്കും എത്ര വിഷമമുണ്ടാവും. പറ്റുമെങ്കില്‍ …..' അത്രയും പറഞ്ഞ് ജാസ്മിന്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. മജീദ് ഭയന്നു ആരെങ്കിലും കണ്ടെങ്കില്‍ എന്തു കരുതും. 'ജാസ്മിന്‍ നമുക്കാലോചിക്കാം. കരയാതിരിക്കൂ.' മജീദ് അവന്റെ ജീവിത കഥ പറഞ്ഞു. 'ഉമ്മയാണെന്റെ എല്ലാം. ഉമ്മയോട് ഇക്കാര്യം പറയും. അതിനുശേഷം മാത്രമെ എനിക്ക് മറുപടി തരാന്‍ പറ്റൂ.' 'അത് മതി മജീദെ ഞാന്‍ പ്രതീക്ഷിച്ചിരിക്കും'.
മാര്‍ച്ച് മാസം അടുക്കാറായി. ജാസ്മിന്‍ എന്നും അന്വേഷിച്ചു, ഉമ്മ എന്തു പറഞ്ഞു എന്നാണവള്‍ക്കറിയേണ്ടിയിരുന്നത്. വെക്കേഷന്‍ ആവട്ടെ ജാസ്മിന്റെ നാട്ടിലേക്ക് ഞങ്ങള്‍ വരും. അവിടെ വെച്ച് തീരുമാനിക്കാം.

ഇത് കേട്ടപ്പോള്‍ അവളുടെ മുഖത്ത് വിളയാടിയ പ്രസന്നത മജീദിന്റെ മനസ്സില്‍ തട്ടി. അവള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമായിരിക്കും. മാര്‍ച്ച് 31ന് കോളേജ് അടച്ചു. അന്ന് വൈകീട്ടത്തെ ട്രയിനിനാണ് ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. വിമണ്‍സ് ഹോസ്റ്റലിലേക്ക് മജീദ് ചെന്നു. ലഗേജ് എടുക്കാന്‍ മജീദും സഹായിച്ചു. സ്റ്റേഷന്‍വരെ അവര്‍ ഒപ്പം പോയി. വണ്ടി വരാനുളള സിഗ്നല്‍ ആയി. ജാസ്മിന്‍ മജീദിന്റെ അരികെ ചെന്നു. അവളുടെ മുഖത്തൂടെ ഒഴുകുന്ന കണ്ണീര്‍ച്ചാലുകള്‍ മജീദിന്റെ കൈകള്‍ കൊണ്ട് ജാസ്മിന്‍ തുടച്ചു. ട്രയിന്‍ ചലിച്ചു തുടങ്ങി . പരസ്പരം ടാറ്റായോതി കൈകള്‍ വീശി. കണ്‍വെട്ടത്തു നിന്ന് മറയുന്നതുവരെ ജാസ്മിന്‍ ഡോറിനടുത്തു നിന്ന് നീങ്ങിയില്ല. മജീദും തിരിച്ച് ബസ്സ്റ്റാന്റിലേക്കു നടന്നു. ബസ്സ് കയറി. വീടെത്തും വരെ ഓരോ ചിന്തയായിരുന്നു. എന്തു ചെയ്യണം അവള്‍ അത്രയ്ക്കും ആശിച്ചുപോയ് എന്നുറപ്പാണ്. ഉമ്മയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു നോക്കാം.

ഒവട്ടിലെത്തി ഉമ്മയുടെ മൂഡ് നോക്കി സംസാരിച്ചു. നബീസുവിന് ഒരു പ്രയാസമേയുളളൂ. ദൂര സ്ഥലത്തല്ലേ എന്ന പരാതിയാണ് പറഞ്ഞുകൊണ്ടിരുന്നത്. ജാസ്മിന്‍ ആകാംഷയോടെ കാത്തിരിപ്പുണ്ടാവും. ഏപ്രില്‍ പകുതിയോടടുത്തു. വിളിച്ചില്ല. കത്തുകളുമയച്ചില്ല. മജീദിന്റെ മനസ്സ് ജാസ്മിനെ മറക്കാന്‍ ശ്രമിക്കുകയാണ്…അവള്‍ക്ക് നല്ലൊരു ബന്ധം വരാതിരിക്കില്ല. മജീദ് സമാധാനിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

പുതിയ സ്‌ക്കൂള്‍ വര്‍ഷം ആരംഭിക്കാറായി. ജൂണ്‍മാസം പിറന്നു. പുതിയ ബി എഡ്. മാഷായിട്ടാണ് മജീദ് സ്‌ക്കൂളില്‍ ചെന്നത്. ഹൈസ്‌ക്കൂള്‍ അധ്യാപകനായി പ്രമോഷന്‍ കിട്ടാന്‍ സാധ്യതയുണ്ട്. വളരെ മുമ്പേ അപേക്ഷിച്ച ഒരു പോസ്റ്റിലേക്ക് അപ്പോയ്‌മെന്റ് ഓര്‍ഡര്‍ കയ്യില്‍ കിട്ടി. പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പോസ്റ്റിലേക്കാണ് അപ്പോയ്‌മെന്റ് കിട്ടിയത്. സാമൂഹ്യ രംഗത്തുളള പ്രവര്‍ത്തന പരിചയത്തിലാണ് പ്രസ്തുത നിയമനം ലഭിച്ചത്. രാഷ്ട്രീയ-മത സ്വാധീനമുപയോഗിച്ച് നിരവധി പേര്‍ അപേക്ഷകരായിട്ടുണ്ടായിരുന്നു. കാസര്‍കോടാണ് ഓഫീസ്. വീട്ടില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ്. ഫീല്‍ഡ് വര്‍ക്കാണ്. വീണ്ടും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചെല്ലണം. സ്‌ക്കൂള്‍ ഡ്രോപ്ഔട്ട് ആയ കുട്ടികളെ സ്‌ക്കൂളില്‍ എത്തിക്കണം. രക്ഷിതാക്കളെ പറഞ്ഞ് ബോധവല്‍ക്കരിക്കണം. ആവശ്യമുളളവര്‍ക്ക് പഠനോപകരണങ്ങള്‍ മല്‍കണം മജീദിന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഇഷ്ടമുളളകാര്യമായിരുന്നു.

(തുടരും)
Aster mims 04/11/2022

ALSO READ:









സ്‌നേഹം ചൊരിയുന്ന പെണ്‍സൗഹൃദങ്ങള്‍ 18

Keywords:  Kookanam-Rahman, Entertainment, Students, School, News, Article ,Teacher, Job, Girl, Kerala, B.Ed College Studies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script