നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-19)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 04.06.2020) മനുഷ്യ മനസ്സില്‍ വേദന ജനിപ്പിക്കാന്‍ വിവിധങ്ങളായ കാരണങ്ങളുണ്ടാവും. വ്യക്തികള്‍ നന്മ ,തിന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്‌തെന്നിരിക്കും. ചില പ്രവര്‍ത്തികള്‍ അതിന്റെ നന്മ തിന്മകള്‍ അറിയാതെ ചെയ്തു പോകുന്നതുമാവാം. അിറഞ്ഞുചെയ്യുന്ന ദുഷ് പ്രവര്‍ത്തികള്‍ നിരവധി  ഉണ്ടാവും. കാസര്‍കോട് ജില്ലാ ചൈല്‍ഡ് ലൈന്‍ ഡയരക്ടറായിരിക്കെ ഞാന്‍ ചെയ്ത നന്മ നിറഞ്ഞ, സഹായഹസ്തം നീട്ടിയ ഒരു പ്രവര്‍ത്തനത്തിന്റെ നേരനുഭവമാണ് ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നത്.

1989 ല്‍ ജില്ലയില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈന്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഒരു പ്രതിനിധി വന്നിട്ടുണ്ടായിരുന്നു. എന്നെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞതിനാല്‍ എന്നെ കാണാന്‍ അദ്ദേഹം വന്നു. ഞങ്ങളുടെ സംഘടന പ്രസ്തുത പരിപാടി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഞാന്‍ വാക്കു കൊടുത്തു. ജില്ലയില്‍ മൂന്നു പ്രൊജക്ടുകളാണുണ്ടാവുക എന്ന് അദ്ദേഹം സൂചിപ്പിച്ചു. നോഡല്‍, കൊളാബ്, സപ്പോര്‍ട്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഞങ്ങളുടെ സംഘടന ഏറ്റെടുത്തോളാം എന്ന് സൂചിപ്പിച്ചു.അദ്ദേഹം പറഞ്ഞ സാമ്പത്തീക കാര്യം ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട് എന്നും , സാമ്പത്തീക ബാധ്യത കുറഞ്ഞ പദ്ധതിയായ സപ്പോര്‍ട്ട് പ്രൊജക്ട് മതിയെന്നും ഞാന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് യാത്രചെലവിനും, ഹോണറേറിയം നല്‍കുന്നതിനും, കുട്ടികള്‍ക്കുളള സഹായം ചെയ്യലിനും മറ്റും വരുന്ന സാമ്പത്തിക ബാധ്യത സംഘടന ഏറ്റെടുക്കണം.

വര്‍ഷാവസാനം ഓഡിറ്റ് ചെയ്ത കണക്കുകളും റിപ്പോര്‍ട്ടും കിട്ടിയാലേ ബോംബെയില്‍ നിന്നു ചെലവായ തുക റീഫണ്ട് ചെയ്തു കിട്ടു.
പതിനെട്ടു വയസ്സിനു താഴെയുളള കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന മാനസിക-ശാരീരിക-ലൈംഗീക പീഡനങ്ങളില്‍ നിന്ന് മോചനം നേടാന്‍ അവരെ വിവിധ രീതികളില്‍ സഹായിക്കുക എന്നതായിരുന്നു ചൈല്‍ഡ് ലൈനിന്റെ പ്രാഥമിക ലക്ഷ്യം. ഒരു കോ-ഓര്‍ഡിനേറ്ററും, രണ്ട് വളണ്ടിയര്‍മാരും മാത്രമേ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടൂ. സേവനം ചെയ്യുന്ന ഒരു ഡയരക്ടറും വേണം. ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കാനുളള കരാറില്‍ ഒപ്പുവെച്ചു. കാഞ്ഞങ്ങാട് താലൂക്ക് ഉള്‍പെടുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഞങ്ങളെ ചുമതലപ്പെടുത്തിയത്.

കുട്ടികളുടെ ഇടയില്‍ ദീര്‍ഘകാലം ഔപചാരികമായും, അനൗപചാരികമായും ഇടപഴകിയിട്ടുളള  അനുഭവത്തിന്റെ വെളിച്ചത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനത്തില്‍ ഇടപെടാനും പരിഹാര നടപടികള്‍ കണ്ടെത്താനും എനിക്ക് താല്‍പര്യമായിരുന്നു. 2009മുതല്‍2019വരെയുളള കാലയളവില്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കോ-ഓര്‍ഡിനേറ്റര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളിലാണ് ഞാന്‍ സാധാരണയായിട്ട് ഇടപെട്ടിട്ടുളളത്.

സ്‌ക്കൂളുകള്‍, കോളേജുകള്‍, അങ്കണ്‍വാടികള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പോകാറുണ്ട്. പോലിസ് സേനാംഗങ്ങള്‍ക്കും ,ഗവ.ജീവനക്കാര്‍ക്കും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനം എന്ത് ? എങ്ങിനെ ? എന്ന് ക്ലാസ്സ് എടുത്തിട്ടുണ്ട്. പത്രങ്ങളില്‍ ,റേഡിയോ,ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയില്‍ ലേഖനങ്ങള്‍ എഴുതിയും, പ്രഭാഷണങ്ങളും, ചര്‍ച്ചകളും നടത്തിയും ചൈല്‍ഡ്‌ലൈന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഡല്‍ഹി, ബാംഗ്ലൂര്‍, തിരുവന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സെമിനാറുകളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുളള പ്രവര്‍ത്തകരുടെ അനുമോദനങ്ങള്‍ എനിക്ക് ലഭിച്ചുട്ടുമുണ്ട്.

ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറയാന്‍ കാരണം ചിലര്‍ രാഷ്ട്രീയമായി ഈ പ്രവര്‍ത്തനത്തെ വീക്ഷിക്കുകയും,കുറ്റപ്പെടുത്തുകയും ചെയ്ത രണ്ടനുഭവങ്ങള്‍ സൂചിപ്പിക്കാനാണ് . ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായ ഞങ്ങള്‍ കരിന്തളം പഞ്ചായത്തിലെ ഒരു കോളനി സന്ദര്‍ശിക്കുന്നു. ഒറ്റ മുറിക്കൂരകളില്‍ കഴിഞ്ഞു കൂടുന്ന കോളനി നിവാസികളെ കണ്ടു. മുതിര്‍ന്നവര്‍ കുടിലുകളിലില്ലായിരുന്നു. കിടപ്പിലായ രോഗികളേയും, പ്രായം ചെന്ന വയോവൃദ്ധരെയും മാത്രമേ അവിടങ്ങളില്‍ കാണാന്‍ കഴിഞ്ഞുളളൂ. മുഷിഞ്ഞു കീറിയ ഉടുപ്പിട്ട് വിശപ്പു സഹിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങളെയും കാണാനിടയായി. ഞങ്ങളുടെ കൈയില്‍ ഉച്ചയ്ക്ക് കഴിക്കാനുളള ഭക്ഷണം കരുതിയിട്ടുണ്ടായിരുന്നു. കുട്ടികളുടെ പ്രയാസം കണ്ടപ്പോള്‍ ഞങ്ങളുടെ കയ്യിലുളള ഭക്ഷണം അവര്‍ക്കായി കൊടുത്തു. ആര്‍ത്തിയോടെ വാരിവലിച്ചു തിന്നുന്ന കാഴ്ച ആരുടേയും ഉളളുലയ്ക്കും. ആ ഫോട്ടോ എടുത്ത് കുട്ടികളുടെ വേദന നിറഞ്ഞ അനുഭവം ഒരു പ്രാദേശിക പത്രത്തില്‍ എഴുതി.

ഇക്കഴിഞ്ഞ അസംബ്ലി ഇലക്ഷന്‍ സമയത്തായിരുന്നു ഈ സംഭവം നടക്കുന്നത്. കോളനി നിവാസികളേയും അവരുടെ മൂപ്പന്‍ മാരെയും പുറമേനിന്നുളള രാഷ്ട്രീയ കപടബുദ്ധികള്‍ തെറ്റിദ്ധരിപ്പിച്ചു. വാര്‍ത്തയും ഫോട്ടോയും വന്നത്  തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വേട്ട് തട്ടാനുളള  പണിയാണെന്നും , അതിനാല്‍ ഇതില്‍ പ്രതികരിക്കണം, പരാതി അയക്കണം, ഇതായിരുന്നു കോളനിക്കാര്‍ക്കു കിട്ടിയ ഉല്‍ബോധനം.
അവര്‍ കലക്ടര്‍, ട്രൈബല്‍ ഓഫീസര്‍,പോലീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റി എന്നിവിടങ്ങളുലേക്ക് പരാതി അയച്ചു.എല്ലാ ആഫീസുകളില്‍ നിന്നും അന്വേഷണമായി മറുപടി പറഞ്ഞു മടുത്തു. പാവപ്പെട്ട കുട്ടികള്‍ക്ക് ഞങ്ങള്‍ കഴിക്കാന്‍ കരുതിയ ഭക്ഷണമാണ് കൊടുത്തത്. രോഗികള്‍ക്ക് അത്യാവശ്യ ഭക്ഷണ സാധനങ്ങളും വാങ്ങി നല്‍കിയിരുന്നു. ആ കുടിലുകളില്‍ ജീവിക്കുന്നവരുടെ വേദന പുറംലോക മറിയട്ടെയെന്ന് കരുതിയാണ് വാര്‍ത്ത നല്‍കിയത്. ഈ നന്മ ചെയ്തതിനാണ് തിരിച്ചടി കിട്ടിയത്. കോളനിയിലെ ആള്‍ക്കാരെ വിളിച്ചുകൂട്ടി മൂപ്പന്‍മാരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ മാപ്പുപറയേണ്ടിവന്നു പ്രശ്‌നം തീര്‍ക്കാന്‍.

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

2019 മെയ്മാസത്തിലുണ്ടായ വേറൊരനുഭവം ഇതിലും ഭയാനകമാണ്. ചൈല്‍ഡ്‌ലൈന്‍ ആഫീസിലേക്ക് ഒരു കോള്‍ വരുന്നു.  'എന്നെ ബാപ്പ തല്ലി ചതച്ചിരിക്കുകയാണ്. എന്നെ കൊല്ലുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ്. ഞാന്‍എന്റെ ഉമ്മുമ്മയുടെ വീട്ടില്‍ ഒളിച്ചിരിക്കയാണ്. ഒന്നു വേഗം വന്ന് എന്നെ രക്ഷിക്കണം'.ഈ വിളികേട്ടപ്പോള്‍ സ്റ്റാഫിന് ഭയമായി. അവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയില്ലല്ലോ. നട്ടുച്ച സമയമാണ്. ഭക്ഷണംപോവും കഴിക്കാതെ ഞാന്‍ വണ്ടി സംഘടിപ്പിച്ച് പ്രവര്‍ത്തകരേയും കൂട്ടി അവിടേക്കു ചെന്നു.

സംഭവം ഭയാനകം തന്നെ. കുട്ടിയുടെ ഉപ്പ താമസിക്കുന്ന വീട് കണ്ടാല്‍ തന്നെ ഞെട്ടും. ചുറ്റും രണ്ടാള്‍ ഉയരത്തില്‍ കനത്ത മതില്‍. രണ്ട് ഗേറ്റ് കടന്നു വേണം കൊട്ടാരം പോലുളള വീട്ടിലെത്താന്‍....ഞങ്ങള്‍ ഫോണ്‍വിളിച്ച കുട്ടിയെ ഉമ്മുമ്മയുടെ വീട്ടില്‍ ചെന്നു കണ്ടു. എന്നെ രക്ഷപ്പെടുത്തണേയെന്നു പറഞ്ഞ് കുട്ടി കരയുകയാണ്. പ്രായമായ ഉമ്മൂമ്മയും ഉപ്പൂപ്പയും അതേ പല്ലവി ആവര്‍ത്തിക്കുന്നു.
കുട്ടിയുടെ  ബാപ്പായുടെ വീര പരാക്രമങ്ങളെകുറിച്ചൊക്കെ അവര്‍ വിശദീകരിച്ചു, ആരേയും ഭയമില്ലാത്ത വ്യക്തിയാണെന്നൊക്കെ പറഞ്ഞു. ഏതായാലും വരുന്നതു വരട്ടെ എന്നു കരുതി ഞാനും കോ-ഓര്‍ഡിനേറ്ററും ഗേറ്റ് കടന്ന് വീടിനു സമീപത്തെത്തി. ബെല്ലടിച്ചു. കൂറേ കഴിഞ്ഞപ്പോള്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍ ഡോര്‍ തുറന്നു . ഭയപ്പെടുത്തും രൂപത്തില്‍ 'ഉം എന്താ വന്നത്'  'ഞങ്ങള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ്താങ്കളോട് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നതാണ'അദ്ദേഹം അകത്ത് കയറി ഇരിക്കാനൊന്നും പറയുന്നില്ല. 'ഞങ്ങള്‍ അകത്ത് ഇരുന്നോട്ടെ' അങ്ങോട്ടു ചോദിച്ചപ്പോള്‍  മനസ്സില്ലാമനസ്സോടെ 'ഉം......'മൂളി.

ഞങ്ങള്‍ അകത്തേക്ക് കടക്കുന്നതും മറ്റും കുട്ടിയും ഉപ്പുപ്പയും പുറത്തു നിന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉപ്പുപ്പയും ഭയന്ന് ഭയന്ന് മുറിയിലേക്ക് കടന്നു. ഇദ്ദേഹത്തെ കണ്ട ഉടനെ ആജാനുബാഹുവായ ആമനുഷ്യന് കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു  'പുറത്ത് പോകൂ .......ഗെറ്റ് ഔട്ട്' അലറുകയായിരുന്നു. ആ പാവം മനുഷ്യന്‍ ഭയന്നു വിറച്ച് പുറത്തേക്കോടി... ഇതൊക്കെ കണ്ടപ്പോള്‍ തന്നെ തോന്നി ഇദ്ദേഹത്തിന്റെ അടുത്ത് ഞങ്ങളുടെ കൗണ്‍സിലിംഗ് നടക്കില്ലെന്ന്. 'എന്റെ മകനെ എങ്ങിനെ വളര്‍ത്തണമെന്ന് എനിക്കറിയാം ... അതിന് ചൈല്‍ഡ്‌ലൈനിന്റെ ഉപദേശമൊന്നും വേണ്ട എന്തുനടപടിയും എടുത്തോ ഞാന്‍ നോക്കിക്കോളാം'. ഇതു കേട്ടപ്പോള്‍ കൂടുതലൊന്നും പറയാതെ അവിടുന്ന് ഇറങ്ങി.
ഈ വ്യക്തിയെക്കുറിച്ച് ഉമ്മുമ്മ പറഞ്ഞ വിവരം .ഒരുപാട് പൈസ ഉളള വ്യക്തിയാണ്. നാട്ടുകരൊക്കെ അദ്ദേഹത്തിന്റെ കൂടെയാണ്. ഇവിടുത്തെ പേരുകേട്ട കമ്മ്യൂണിസ്റ്റ് കാരനാണ്. ഇതേവരെ ഗള്‍ഫിലായിരുന്നു വന്നിട്ട് അത്രേ വര്‍ഷമായിട്ടുളളൂ.
പുറത്തുനിന്ന് കാര്യം അന്വേഷിച്ചു. ഉമ്മുമ്മയും, ഉപ്പുപ്പയും ലീഗ് കുടുംബാഗമാണ്. കുട്ടിയും ഇവരൊപ്പമാണ്. ഭാര്യയുമായിട്ട് എന്തോ പിണക്കമുണ്ട്. അതൊക്കെയാണ് മകനെ മര്‍ദ്ദിക്കാന്‍ ഇടയായത്.

കുട്ടിയേയും ഉപ്പയെയും യോജിപ്പിച്ചു കൊണ്ടുപോകണമെന്ന ചിന്തയാണ് എന്നെ നയിച്ചത് കുട്ടിയെ സമാധാനിപ്പിച്ചു. അവന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നവനാണ്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, പാര്‍ട്ടി പ്രവര്‍ത്തകനായ വി.പി.പി.മുസ്തഫ എന്നിവരുമായി സംസാരിച്ചു. ഇവര്‍ രണ്ടുപേരും രണ്ടു പക്ഷത്താണ്. രണ്ടുപേരും പറഞ്ഞത് കുറച്ചു ദിവസം കഴിഞ്ഞ്  ഇരു കൂട്ടരെയും വിളിച്ച്  സംസാരിക്കാമെന്നായിരുന്നു.

ഇത് മനസ്സില്‍ വച്ച് കുട്ടിയെ ഞാന്‍ ചൈല്‍ഡ്‌ലൈനിന്റെ ഫോണില്‍ വിളിച്ചു. 'മോനെ നമുക്ക് കേസ് രമ്യമായി പരിഹരിക്കണം ഉപ്പയല്ലേ ക്ഷമിച്ചും പൊറുത്തും  നമ്മുക്ക് മുന്നോട്ട് പോണം.'  'നിങ്ങള്‍ ആരാണ് വിളിക്കുന്നത്'കുട്ടി അന്വേഷിച്ചു. അത് ഞാന്‍ പിന്നീട് പറയാം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ,വി.പി.പി. മുസ്തഫയും പറഞ്ഞാണ് വിളിക്കുന്നത്. മോന്‍ രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെങ്കില്‍ പറയൂ  ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ ചൈല്‍ഡ്‌ലൈനിന്റെ ചെന്നൈ റീജിയണാഫീസില്‍ നിന്ന് വിളിച്ചു. 'നിങ്ങള്‍ എന്തിനാണ് കേസ് രമ്യമായി തീര്‍ക്കാന്‍ ശ്രമിച്ചത് കേസ് കേസിന്റെ വഴിക്കുപോട്ടെ. എന്തിനാണ് നിങ്ങള്‍ ഇങ്ങിനെ ചെയ്തതെന്ന വിശദീകരണം തരണം'. എന്ന ഭീഷണിയും.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

Keywords:  Article, Kookanam-Rahman, Threatening, Patience, Phone call, Panchayat President, Case, Those who undermine good deeds
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script