പ്രശ്‌നങ്ങളും പ്രകോപനങ്ങളും നേരിടാനൊരു സുഖം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നബീസാന്റെ മകന്‍ മജീദ്-17 / കൂക്കാനം റഹ്‌മാൻ

(www.kvartha.com 10.04.2022) കടപ്പുറത്തെ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുക്കാന്‍ ആവശ്യപ്പെട്ടു. അതിന്റെ പ്രധാന പ്രവര്‍ത്തകര്‍ വന്ന കാര്യം മജീദ് നബീസുമ്മയുമായി ചര്‍ച്ച ചെയ്തു. മജീദിനെ സഹായിച്ച മാന്യ വ്യക്തികളാണ് വന്നതെന്നും അവരോട് പറ്റില്ലായെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും, രണ്ടുമൂന്നു വര്‍ഷത്തിനകം അവിടേക്ക് പാലവും വരുമെന്നും മജീദ് ഉമ്മയുടെ അനുവാദം കിട്ടാന്‍ വേണ്ടി സൂചിപ്പിച്ചു. മാത്രവുമല്ല സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററാവാന്‍ വേണ്ടി ഇരുപത് ഇരുപത്തിയഞ്ച് വര്‍ഷം കാത്തിരിക്കണം. വളരെ ചെറുപ്പത്തിലേ എച്ച് എം ആയാല്‍ സാമ്പത്തിക നേട്ടവും ഉണ്ടാവും. ഇതൊക്കെ ഉമ്മയുടെ നിലപാട് അറിയാന്‍ മജീദ് പറഞ്ഞുവെന്നേയുളളൂ . മജീദിന് പോകാന്‍ ഇഷ്ടമില്ല. വലിയൊരു ധര്‍മ്മസങ്കടത്തിലാണ് മജീദ്.
  
പ്രശ്‌നങ്ങളും പ്രകോപനങ്ങളും നേരിടാനൊരു സുഖം

ഇതൊക്കെ കേട്ട് ഉമ്മ ഉറപ്പിച്ചു പറഞ്ഞു, 'വേണ്ട മോനേ ജീവന്‍ പണയം വെച്ചുളള പണിക്കു പോകേണ്ട'. ഉമ്മ ഇങ്ങിനെയേ പറയൂയെന്ന് മജീദിനറിയാം. ഉമ്മ പറഞ്ഞതിനപ്പുറം പോവുകയുമില്ല. ആവില്ലായെന്ന് കമ്മറ്റിക്കാരോട് നേരിട്ടു പറയാന്‍ പ്രയാസമായതിനാല്‍ ഒരു കുറിപ്പ് കൊടുത്തയക്കുകയാണ് ചെയ്തത്. കുറിപ്പു കിട്ടിയ ഉടനെ അവര്‍ വീണ്ടും മജീദിനെ കാണാന്‍ വന്നു. നിര്‍ബന്ധിക്കാനാണ് വന്നത്. എച്ച് എം ആയി നിയമനം കിട്ടാന്‍ പലരും കിണഞ്ഞു ശ്രമിക്കുമ്പോൾ മജീദിന്റെ പ്രവര്‍ത്തന മികവും, സാമൂഹ്യ പ്രതിബദ്ധതയും മനസ്സിലാക്കിയാണ് കമ്മറ്റിക്കാർ വീണ്ടും വീണ്ടും വന്നു പറയുന്നത്. എന്തായാലും സ്‌ക്കൂള്‍ തുറക്കുന്ന ദിവസം മജീദ് മാഷ് വരണം. സ്‌ക്കൂളിന്റെ പ്രവര്‍ത്തനോദ്ഘാടനം മാഷ് നിര്‍വ്വഹിക്കണമെന്ന് പറഞ്ഞപ്പോള്‍ മജീദ് സമ്മതിച്ചു.


ഉദ്ഘാടന ദിവസം രാവിലെ മജീദ് കടവിനടുത്ത് എത്തി. പ്രത്യേകമായി ഒരു ബോട്ട് അറേഞ്ച് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. സ്‌ക്കൂളിലെത്തി പരിപാടിയുടെ മുഖ്യാതിഥി മജീദ് മാഷ് തന്നെ. സ്‌ക്കൂള്‍ മാനേജര്‍ അധ്യക്ഷത വഹിച്ചു. അഞ്ചാം ക്ലാസിലെ കുട്ടികളുടെ ഹാജര്‍ വിളിച്ചു കൊണ്ടാണ് മജീദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ചായ സല്‍ക്കാരമുണ്ടായി. അവിടെ വെച്ച് വീണ്ടും ചാര്‍ജെടുക്കാനുളള അഭ്യര്‍തഥന എല്ലാ ഭാഗത്തു നിന്നുണ്ടായി. പക്ഷേ മജീദ് അതില്‍ നിന്ന് പിന്തിരിഞ്ഞു.


ജൂണ്‍ മാസം സുബൈദ ടീച്ചറുടെ അന്വേഷണം ചെന്നെത്തിയത് സന്തോഷകരമായ ഒരു വാര്‍ത്തയിലായിരുന്നു. വിവാഹ മോചനം നേടിയ ഭര്‍ത്താവ് വീണ്ടും വന്ന് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നതാണ്. നാട്ടില്‍ തന്നെ സ്‌ക്കൂള്‍ കണ്ടെത്തി അവിടെ ജോയിന്‍ ചെയ്തു വെന്നുമാണ് കത്തിലൂടെ അറിഞ്ഞത്. മജീദിന് മനസ്സിലുണ്ടായ വിങ്ങല്‍ മാറിയ പോലെ തോന്നി. നബീസുമ്മ മജീദിനെ കൊണ്ട്
അവരെ ജീവിത സഖിയാക്കാന്‍ ശ്രമിക്കുമെന്ന ഭയം ഉളളിലുണ്ടായിരുന്നു. ഉമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാന്‍ മജീദിന് സാധ്യമല്ല. ഉമ്മയ്ക്ക് സുബൈദ ടീച്ചറെ അത്രയധികം ഇഷ്ടപ്പെട്ടിരുന്നു. സുബൈദ ടീച്ചര്‍ ഉമ്മയ്ക്ക് പ്രത്യേകമായി കത്തെഴുതിയിരുന്നു. മജീദിനെ കൊണ്ട് അനുയോജ്യമായ പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കാന്‍ അവരെ പ്രത്യേകം ക്ഷണിക്കണമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു.


അധ്യാപക ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗമായിരുന്നു മജീദ്. ചെറുവത്തൂരിലെ സ്‌ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഹൈസ്‌ക്കൂള്‍ പ്രൈമറി സ്‌ക്കൂള്‍ അധ്യാപകര്‍ക്ക് ഒറ്റ സംഘടന മതിയെന്ന നിലപാട് സ്വീകരിച്ചത്. പ്രസ്തുത സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. സംസ്ഥാന സമ്മേളന പ്രതിനിധിയായി പങ്കെടുക്കാന്‍ മജീദിനെയും ഹൈസ്‌ക്കൂള്‍ അധ്യാപകനായ കുമാരന്‍ മാഷിനെയും നിശ്ചയിച്ചു. ചെറുപ്പത്തിന്റെ ചുറുചുറക്കോടെ മജീദും കുമാരനും റിസര്‍വേഷനൊന്നുമില്ലാതെ ട്രയിനില്‍ തിരുവനന്തപുരം ചെന്നു. സമ്മേളനാനന്തരം തിരിച്ചു വന്നതും അതേ പോലെ. കാലം നീങ്ങിയപ്പോള്‍ ആളുകളുടെ വീക്ഷണത്തിനും സ്വാധീനങ്ങള്‍ക്കും മാറ്റം വരുമല്ലോ, കുമാരന്‍ മാഷ് ഇടതുപക്ഷ സംഘടനയില്‍ നിന്നു മാറി വലതുപക്ഷ ചിന്തകളുളള അധ്യാപക സംഘടനയിലേക്കു ചേക്കേറി. മജീദ് പഴയപോലെ തന്നെ തുടര്‍ന്നുവന്നു.


മജീദ് മാഷിന്റെ അനൗപചാരിക വിദ്യാഭ്യസ പ്രവര്‍ത്തനം അറിയുന്ന ചില തൊഴിലാളി സുഹൃത്തുക്കള്‍ സ്‌ക്കൂളിലേക്ക് കാണാന്‍ വന്നു. ചെറുവത്തൂരിന്റെ പടിഞ്ഞാറു ഭാഗത്തുളള പ്രദേശങ്ങളില്‍ നിരവധി ബീഡി ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. വളരെ കുറഞ്ഞ കൂലികൊണ്ട് ജീവിച്ചു വരുന്നവരാണവര്‍. അവരില്‍ മിക്കവരും ചെറിയ ക്ലാസില്‍ പഠനം നിര്‍ത്തിയവരോ തീരെ സ്‌ക്കൂള്‍ കാണാത്തവരോ ആയിരുന്നു. സ്‌ക്കൂള്‍ വിട്ടതിനുശേഷം ഇവിടെ വെച്ച് അവരെ പഠിപ്പിക്കാനാവുമോ എന്നന്വേഷിച്ചായിരുന്നു അവര്‍ വന്നത്. ഇത്തരം വിദ്യാഭ്യസ മേഖലയില്‍ തല്‍പരനായിരുന്ന മജീദ് ക്ലാസ് നടത്താന്‍ സമ്മതിച്ചു. മുപ്പത് ബീഡിത്തൊഴിലാളികള്‍ ക്ലാസിലെത്തി. സ്‌ക്കൂള്‍ സമയത്തിനു ശേഷം നാല് മണിമുതല്‍ ആറ് മണിവരെ ക്ലാസ് നടത്തിക്കൊണ്ടിരുന്നു.


ഇതേ കാലയളവില്‍ മജീദിന്റെ നേതൃത്വത്തില്‍ സ്വന്തം ഗ്രാമത്തിലും ബീഡി-നെയ്ത്ത് തൊഴിലാളികള്‍ക്ക് രാത്രികാലങ്ങളില്‍ സാക്ഷരതാ-തുടര്‍ വിദ്യാഭ്യാസ പഠനപരിപാടി നടത്തിയിരുന്നു. നിരവധി തൊഴിലാളി പഠിതാക്കള്‍ ഈ തരത്തില്‍ അക്ഷരജ്ഞാനമുറപ്പിക്കുകയും തുടര്‍ന്ന് ഏഴാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തിരുന്നു. ആ ഘട്ടങ്ങളില്‍ ഏഴാം ക്ലാസ് പരീക്ഷയ്ക്കിരിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടായിരുന്നു. പരീക്ഷാര്‍ത്ഥികള്‍ക്ക് പതിനേഴ് വയസ്സ് പൂര്‍ത്തിയായിരിക്കണം, പ്രൈമറി ക്ലാസുകള്‍ ഉളള ഒരു ഹൈസ്‌ക്കൂളില്‍ അവിടെ പഠിക്കുന്ന ഏഴാം ക്ലാസുകാരായ കുട്ടികളുടെ കൂടെ പരീക്ഷ എഴുതണം, ട്രഷറിയില്‍ പത്തു രൂപ അടച്ച് അപേക്ഷ നല്‍കണം.


ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുപത്തി മൂന്ന് പഠിതാക്കള്‍ ചെറുവത്തൂര്‍ ഹൈസ്‌ക്കൂളില്‍ മാര്‍ച്ച് മാസം പരീക്ഷ എഴുതാന്‍ എത്തി. മജീദ് മാഷിന്റെ നേതൃത്വത്തില്‍ കരിവെളളൂരില്‍ നിന്ന് ഏതാനും കമ്മ്യൂണിസ്റ്റ്കാര്‍ പരീക്ഷ എഴുതാന്‍ സ്‌ക്കൂളില്‍ വന്നിട്ടുണ്ടെന്നും ,അത് ഈ നാട്ടില്‍ അനുവദിക്കാന്‍ പറ്റില്ലെന്നും നാട്ടില്‍ മുഴുവന്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ പ്രചരിപ്പിച്ചു. അവര്‍ ഒന്നടങ്കം സ്‌ക്കൂളിലേക്ക് ഇരച്ചുകയറി, ഹെഡ്മാസ്റ്ററെ ഭയപ്പെടുത്തി. ഹെഡ്മാസ്റ്റര്‍ കാര്യം വിശദീകരിച്ചു കൊടുത്തപ്പോള്‍ പത്തി മടക്കി അവര്‍ പിരിഞ്ഞുപോയി. ഇതും മജീദ് വരുത്തിവെച്ച പൊല്ലാപ്പ് എന്ന നിലയില്‍ സഹപ്രവര്‍ത്തകരും നിസ്സംഗഭാവം കാണിച്ചു.


ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇവിടുന്നും ട്രാന്‍സ്ഫര്‍ വാങ്ങുന്നതായിരിക്കും നല്ലതെന്ന് മജീദിന് തോന്നി. അന്നന്ന് നടന്ന കാര്യങ്ങള്‍ കൃത്യമായി നബീസുമ്മയുടെ കാതുകളില്‍ മജീദ് എത്തിക്കും. ഉമ്മയുടെ നിര്‍ദ്ദേശത്തിനനുസരിച്ചേ മജീദ് പ്രവര്‍ത്തിക്കൂ. 'മോന്‍ സ്‌ക്കൂള്‍ മാറ്റത്തിന് അപേക്ഷ നല്‍കുന്നതായിരിക്കും നല്ലതെന്ന്' ഉമ്മയും നിര്‍ദ്ദേശിച്ചു.


ഡിഗ്രി ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതാന്‍ മൈസൂരിലേക്ക് പോയ മജീദിന് അതേവരെ അനുഭവപ്പെടാത്ത ഒരു സംഭവത്തിന് പാത്രീഭൂതനാകേണ്ടിവന്നു. പരീക്ഷാ കേന്ദ്രമായ കോളേജ് കുന്നിന്‍ പുറത്തെ മനോഹരമായ ഒരു കെട്ടിടത്തിലായിരുന്നു. ബസ്സിറങ്ങി നടന്നു വേണം കോളേജിലേക്കെത്താന്‍. കയറ്റമുളള റോഡാണ്. ഇരുപുറവും മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സുന്ദരമാക്കിയിട്ടുമുണ്ട്. പരീക്ഷ പത്തുമണിക്കാണെങ്കിലും മജീദ് എട്ടുമണിക്കേ കോളേജ് റോഡിലെത്തി. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ വന്നു തുടങ്ങുന്നതേയുളളൂ. മജീദിന്റെ തൊട്ടുമുമ്പില്‍ ഒരു ഹാഫ് പാവാട ധരിച്ച പെണ്‍കുട്ടി മെല്ലെ നടന്നു പോവുന്നത് കണ്ടു. മജീദ് പ്രസ്തുത പെണ്‍കുട്ടിയുടെ അടുത്തെത്താറായി. ചുവന്ന പുളളികളുളള വെളുത്ത പാവാടയാണ് കുട്ടി ധരിച്ചിരുന്നത്. അവളുടെ ഡ്രസ്സിന്റെ ബാക്കില്‍ ചോരപ്പാടുകള്‍ മജീദിന്റെ ശ്രദ്ധയില്‍പെട്ടു.


മജീദ് കുട്ടിയുടെ മുമ്പിലെത്തി. ഡ്രസില്‍ കാണപ്പെട്ട് ചോരപ്പാടുകളുടെ കാര്യം അവളുടെ ശ്രദ്ധയില്‍ പെടുത്തണമോ എന്ന ആശങ്കയിലായി. ശ്രദ്ധിക്കാത്തത് കൊണ്ടാവില്ലേ ഒന്നു സൂചിപ്പിക്കാമെന്ന് തീരുമാനിച്ചു. 'ഹലോ ഡ്രസിന്റെ പിന്‍ഭാഗം ശ്രദ്ധിക്കൂ', ഭയപ്പാടോടെയാണ് മജീദ് പ്രതികരിച്ചത്. പെണ്‍കുട്ടി ഡ്രസ് തിരിച്ചു പിടിച്ചു. 'താങ്ക്‌യൂ' എന്ന് പറഞ്ഞ് അവള്‍ കുന്നിന്‍ ചെരുവിലുളള ഒരു വീട്ടിലേക്ക് ഓടിപ്പോയി. മജീദിനെ അവള്‍ ശ്രദ്ധിച്ചുവെന്ന് തോന്നുന്നു. പിന്നാലെയെത്തിയ അവള്‍ മജീദിനോട് നന്ദി പറയാന്‍ വീണ്ടും വന്നു. സൗമ്യ എന്നാണ് പേരെന്നും പരീക്ഷ എഴുതാന്‍ വന്നതാണെന്നും ഇവിടെ അടുത്താണ് വീടെന്നും പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് സൗമ്യ പരീക്ഷാഹാളിലേക്ക് ചെന്നു. മജീദും അതേ ഹാളിലായിരുന്നു പരീക്ഷഎഴുതേണ്ടിയിരുന്നത്.


പരീക്ഷ കഴിഞ്ഞ് മജീദ് പുറത്തിറങ്ങി. പിന്നാലേ സൗമ്യ ഇറങ്ങിവന്നു. സൗമ്യയുടെ വീട്ടിലേക്ക് ക്ഷണിച്ചു. ബസ്സിറങ്ങി കുറച്ചുമാത്രമെ നടക്കാനുളളൂ. വീട്ടില്‍ അമ്മയും ചേട്ടനുമുണ്ട്. സൗമ്യയുടെ സ്‌നേഹപൂര്‍ണ്ണമായ ക്ഷണം സ്വീകരിച്ചു മജീദ് കൂടെ ചെന്നു. ബസ്സിറങ്ങി വയലിലൂടെ നടക്കണം. സൗമ്യ അവളുടെ വീട് ചൂണ്ടികാണിച്ചു കൊടുത്തു. വീട്ടിലെത്തി. മജീദിന് ആശങ്കയുണ്ടായി. ഡോര്‍ തുറന്നു അമ്പതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ വരാന്തയിലേക്കു വന്നു. മജീദിനെ സൗമ്യ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ചേട്ടന്‍ സ്ഥലത്തില്ല. അവന്‍ സിനിമാ ഫീല്‍ഡിലാണ് വര്‍ക്കു ചെയ്യുന്നത്. ഉച്ചഭക്ഷണം അവിടുന്ന് കഴിച്ച് യാത്രപറഞ്ഞ് പിരിയാറായപ്പോള്‍ ഞാനും വരുന്നുകൂടെ ടൗണ്‍ വരെയെന്ന് സൗമ്യ പറഞ്ഞു. വയലിലൂടെ നടക്കുമ്പോള്‍ സൗമ്യ മജീദിന്റെ കൈപിടിച്ചു നടക്കാന്‍ തുടങ്ങി.


വയലിലും പരിസരത്തും ആളുകളൊന്നുമില്ലാത്തതിനാല്‍ മജീദിന് ധൈര്യം വന്നു. അപ്രതീക്ഷിതമായി സൗമ്യ കവിളിലൊരുമ്മ നല്‍കിയപ്പോള്‍ മജീദ് പകച്ചുനിന്നു പോയി. ഇതൊരു പൊല്ലാപ്പാവുമോയെന്നു മജീദ് ഭയന്നു. ട്രയിനിന്റെ സമയം അടുക്കാറായി സ്റ്റേഷനില്‍ എത്തേണ്ടേ പോകട്ടെ? എന്നു സൂചിപ്പിച്ചപ്പോള്‍ ഇരു കവിളിലും സൗമ്യ മാറി മാറി ഉമ്മ വെച്ചു. വീണ്ടും കാണാമെന്ന് പറഞ്ഞു കൈവീശി യാത്ര പറഞ്ഞു അതിവേഗത്തില്‍ മജീദ് നടന്നു നീങ്ങി. ബസ് സ്റ്റോപ്പില്‍ എത്തി തിരിഞ്ഞു നോക്കിയപ്പോള്‍ സൗമ്യ അതേ സ്ഥലത്ത് മജീദിനെ നോക്കി നില്‍ക്കുകയാണ്……


(തുടരും)


ALSO READ:





Aster mims 04/11/2022



Keywords:  News, Kerala, Kookanam-Rahman, Article, Girl, School, Teacher, Job, Entertainment, Pleasure to face problems and provocations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script