സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-14)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 23.05.2020) 2020 ഏപ്രില്‍ എട്ടാം തീയ്യതി. തീരെ ഉറക്കം കിട്ടിയില്ല. നല്ല ചൂട് കൊറോണ ലോക്ഡൗണ്‍ നീണ്ടുപോകുന്നതിലുളള മനോവിഷമം.ഇതിനെ കുറിച്ചൊക്കെയുളള ചിന്തയിലായിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്നു മണിയോടടുത്ത് കണ്ണ് ചിമ്മിപ്പോയതേയുളളൂ. ഇരുപത് വര്‍ഷം മുമ്പ് യാത്ര പറഞ്ഞ അനുജന്‍ ഞങ്ങള്‍ താമസിച്ചിരുന്ന കൂക്കാനത്തുളള പഴയ വീടിന്റെ വരാന്തയില്‍ കയറി ഇരിക്കുന്നു. സന്തോഷത്തോടെയാണ് അനിയന്‍ സംസാരിച്ചു തുടങ്ങിയത് അവന്‍ ഇന്ന് അപ്പൂപ്പന്‍ ആയ കാര്യമാണ്. മകളുടെ മകള്‍ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ച കാര്യമാണ് പറഞ്ഞുതുടങ്ങിയത്. അവന്‍ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ബാക്കിവെച്ചാണ് യാത്രയായത്.

അവന്‍ ആദ്യം അന്വേഷിച്ചത് ഉമ്മയെ ആയിരുന്നു. ഉമ്മയുടെ മൂന്നു മക്കളില്‍ ഏറ്റവും ഇഷ്ടം അവനോടായിരുന്നു. ഉമ്മ നിന്റെ കൂടെ വന്നിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. എന്റെ വീട്ടില്‍ വച്ചാണ് മരിച്ചത്. അസുഖമായി കിടക്കുമ്പോള്‍ പറയുമായിരുന്നു 'ഞാന്‍ എന്റെ പൊന്നു മോന്റെ അടുത്തേക്ക് പോവുകയാണെന്ന്.' അതു കേട്ടപ്പോള്‍ അവന്‍ തൂവാലകൊണ്ട് കണ്ണു തുടക്കുന്നത് കണ്ടു. ഉമ്മ മരിച്ച ദിവസം പോലും നമ്മുടെ അനിയന്‍ നീ അവന് നല്‍കിയ കത്തില്‍ സൂചിപ്പിച്ച പോലെ തെറ്റായ വഴിയിലായിരുന്നു. രാവിലെ മരിച്ച ഉമ്മയുടെ ഖബറടക്കല്‍ ചടങ്ങ് മഗരിബിനടുത്താവാന്‍ കാരണം അവനെ കാത്തുനിന്നതുകൊണ്ടാണ്. ഉമ്മ അവസാനമായി എന്റെ കവിളിലൊരുമ്മ സമ്മാനിച്ചാണ് കണ്ണടച്ചത്. ഞാന്‍ തിരിച്ചും ഒരുമ്മ ഉമ്മയ്ക്ക് കൊടുത്തു. എന്നെ പ്രസവിച്ച്  കുളിപ്പിച്ച് കൊണ്ടുവന്നപ്പോള്‍ ഉമ്മ എന്റെ കവിളില്‍ ഉമ്മവെച്ചപോലെ ഉമ്മയുടെ ആത്മാവ് പിരിഞ്ഞുപോകുമ്പോള്‍ ഞാന്‍ തിരിച്ച് ഉമ്മാക്ക് നല്‍കിയതാവാം ആ ചുംബനം.

നിന്നെ അസുഖം ബാധിച്ച് പയ്യന്നൂര്‍ ആശുപത്രിയിലും,തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയലും അഡ്മിറ്റ് ചെയ്തപ്പോള്‍ ഒരു നോക്ക് കാണാന്‍പോലും നമ്മുടെ അനിയന്‍ എത്തിയില്ല എന്ന് നിനക്കോര്‍മ്മയുണ്ടാവും. അവസാനം നീ മരിച്ചെന്നറിഞ്ഞപ്പോഴാണ് അവന്‍ ആശുപത്രിയിലെത്തി ബഹളം വെച്ചത്. അതൊക്കെ കേള്‍ക്കുമ്പോള്‍ അവന്റെ സ്വതവേയുളള പുഞ്ചിരി മാത്രമാണ് ഞാന്‍ മുഖത്ത് കണ്ടത്.

അനിയാ മക്കളൊക്കെ നല്ല നിലയിലാണ്. നിനക്കതില്‍ സന്തോഷിക്കാം. മൂത്ത മകളുടെ ഭര്‍ത്താവിനെ നീ കണ്ടെത്തിയതല്ലേ ഉചിതമായ ബന്ധമായിരുന്നു അത്. നീ അനുഭവിച്ച ബുദ്ധിമുട്ടുകളൊക്കെ ഓര്‍മ്മയുണ്ട്. അവനിന്ന് അറിയപ്പെടുന്ന ജേര്‍ണലിസ്റ്റാണ്. തുണേരിയില്‍ അതി മനോഹരമായ വീടു പണിതിട്ടുണ്ട്. വളരെ സന്തോഷത്തോടെ മൂത്ത മകള്‍ ജീവിക്കുന്നു. രണ്ടാമത്തെ മോളുടെ വിവാഹവും നടത്തികഴിഞ്ഞപ്പോഴല്ലേ അസുഖം പിടിപെട്ടത്. അവളുടെ ഭര്‍ത്താവ് ഹൈസ്‌ക്കൂള്‍ അധ്യാപകനാണ്. അവരും കാലിക്കടവില്‍, നീ ആഗ്രഹിച്ച പോലെ പളളിക്കടുത്ത് നല്ലൊരു വീടു പണിത് ജീവിച്ചുവരുന്നു. അവസാനത്തെ മകന്‍ ഒരല്‍പം കുരുത്തക്കേട് കാണിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ പെണ്ണുകെട്ടി. കൂടെ പഠിച്ച ഇടുക്കികാരിയാണു പെണ്‍കുട്ടി. അവന്‍ സമയമല്‍പം വൈകിയെങ്കിലും അധ്യാപകപരിശീലനം നേടുകയാണ്. നല്ലൊരു ജോലി അവനും ലഭിക്കും തീര്‍ച്ച.

നിന്നോട് ചോദിച്ചറിയാന്‍ കൂറേ കാര്യങ്ങളുണ്ട്. അിറഞ്ഞാലെ എനിക്ക് സമാധാനമാവൂ....''ഓലാട്ട് സ്‌ക്കൂളില്‍' ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് നീ പഠിപ്പു നിര്‍ത്തിയത്. നിന്നെ പഠിപ്പിച്ച ഒരധ്യാപകന്‍ 'വത്തിനെപ്പോലെയാണല്ലോ നിന്റെ നടത്തം'  എന്ന് പറഞ്ഞ് വഷളാക്കിയതില്‍ പിന്നീടാണ് നീ സ്‌ക്കൂളില്‍ പോകാന്‍ മടികാണിച്ചത്. കുട്ടികളോട് എങ്ങിനെ ഇടപഴകണമെന്നറിയാത്ത ആ അധ്യാപകന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഒരുപാട് വാടക കെട്ടിടങ്ങളുടെ ഉടമയാണദ്ദേഹം.

ഞാനന്ന് കാസര്‍കോട് കോളേജില്‍ പഠിക്കുകയായിരുന്നില്ലേ? സ്‌ക്കൂളില്‍ പോകാന്‍ മടിച്ചിട്ട് പീടിക പറമ്പിലെ പറങ്കിമാവിന്റെ മുകളില്‍ കയറി ഒളിച്ചിരിക്കല്‍ നിന്റെ സ്വഭാവമായിരുന്നില്ലേ?  താഴെ നിന്ന് ഞാന്‍ കല്ലെറിയും എന്നിട്ടും നീ ഇറങ്ങി വരില്ലായിരുന്നു....ക്രമേണ ഞാനും നിന്നെ നിര്‍ബന്ധിക്കതായി. പഠനം നിര്‍ത്തി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ അവന്‍ തലകുനിച്ചിരിപ്പായിരുന്നു.

ഞാന്‍ മാഷായപ്പോള്‍ എന്റെ ശമ്പളത്തില്‍ നിന്ന് മിച്ചം വച്ച്  പീടിക പറമ്പില്‍ ഒരു ചെറിയ പീടിക കെട്ടിത്തന്നു. അതില്‍ ചെറിയൊരു കച്ചവടം തുടങ്ങാനുളള സൗകര്യവും ചെയ്തുതന്നു. അപ്പോഴേക്കും നീ മാറി യുവാവായി. എന്നെ അനുസരിക്കാതായി. പുകവലി ശീലമാക്കി ഉപദേശംകൊണ്ടൊന്നും ശരിയായില്ല. പോട്ടെ എനിക്കുകൂടി അവകാശമുളള ആ പീടികയും പറമ്പും നീയും,നിന്റെ അനുജനും കൂടി വിറ്റു തുലച്ചതെന്തിന്? എന്നോട് വെറുപ്പ് തോന്നാന്‍ ഇടയാക്കിയത് എന്തുകൊണ്ട്? വിറ്റു കിട്ടിയ തുകകൊണ്ട് നിങ്ങള്‍ ആദ്യം ചെയ്തത് ഓരോ ബൈക്ക് വാങ്ങിക്കുകയല്ലേ ?

അതു കഴിഞ്ഞപ്പോള്‍ നമ്മളെല്ലാം പെറ്റുവീണ വീടും പറമ്പും  കൂടി എന്നെ അറിയിക്കാതെ വിറ്റതെന്തിന്? എന്തു സുഖമായിരുന്നു അവിടെ ജീവിക്കാന്‍ . ടൗണിലേക്ക് ജീവിതം പറിച്ചു നടണമെന്ന മോഹം കൊണ്ടാവാം തറവാടു വിറ്റു തുലച്ചത്. പക്ഷേ എനിക്ക് നിന്നോട് സ്‌നേഹം തോന്നാന്‍ ഒരു കാരണമുണ്ട്. വിറ്റു കിട്ടിയ തുകകൊണ്ട് മണക്കാട് നീ കണ്ടുവെച്ച വീട് എനിക്കു കാണിച്ചു തന്നു. അതെടുക്കാന്‍ എന്നോട് അനുവാദം ചോദിച്ചു. അത് കൊണ്ടെങ്കിലും ഞാന്‍ സന്തോഷിച്ചു.

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍


എല്ലാം വളരെ പെട്ടന്ന് ചെയ്തു തീര്‍ക്കണമെന്ന ആശയമുളളവനല്ലേ നീ? അതല്ലെ ഇരുപത്തിരണ്ടാം വയസ്സില്‍ പെണ്ണു കെട്ടണമെന്ന് വാശി പിടിച്ചത്? പെണ്ണിനേയും നീ കണ്ടെത്തിയിരുന്നില്ലെ.? അത് നടത്തി തരേണ്ടുന്ന ബാധ്യതയല്ലേ എനിക്കുണ്ടായിരുന്നുളളൂ. മക്കള്‍ പെട്ടന്ന് വേണ്ട എന്ന എന്റെ അഭിപ്രായം നിന്റെ സുഹൃത്ത് അഹമ്മദ് മുഖേന പറഞ്ഞു വിട്ടപ്പോഴും നിന്റെ മറുപടി 'എല്ലാം വേഗം വേണം' എന്നായിരുന്നില്ലേ നിന്റെ ആഗ്രഹങ്ങളെല്ലാം വേഗം നടന്നു. വിവാഹം,മൂന്നു മക്കള്‍,അവരുടെ വിവാഹം,അതേ പോലെ നിന്റെ വിടചൊല്ലലും വേഗം നടന്നില്ലേ?

അവന്റെ മുഖം കൂടുതല്‍ പ്രകാശമാനമാകുന്നത് ഞാന്‍ കണ്ടു. എല്ലാം വേഗത്തില്‍ നടന്ന് ലോകത്തോട് വിടപറഞ്ഞതിലുളള സന്തോഷമായിരിക്കാം മുഖത്ത് കണ്ടത്. 'ഉമ്മയുടെ പേരിലുളള സ്വത്ത് മൂന്നു മക്കള്‍ക്കും ഒരേ പോലെ കിട്ടേണ്ടതല്ലേ? നിന്റെ മക്കള്‍ക്കും ഒന്നും കൊടുത്തില്ല?' ഇല്ല എല്ലാം നമ്മുടെ അനിയന്‍ പിടിച്ചെടുത്തു അവന്റെ പേരിലാക്കി. ഇതു കേട്ടപ്പോള്‍ അവന്റെ മുഖത്ത് ഒരു മ്ലാനത നിഴലിക്കുന്നത് കണ്ടു. അവന്റെ മക്കള്‍ എല്ലാം നല്ല നിലയിലെത്തിയതിനാല്‍ അവനത് അത്ര പ്രയാസം തോന്നിച്ചിട്ടുണ്ടാവില്ല.

നിന്റെ ചെറുപ്പത്തിന്റെ ധാര്‍ഷ്ട്യം നീ കാണിച്ചുവോ എന്ന് ഞാന്‍ സംശയിക്കുന്നു. നിന്നെ പൊന്നുപോലെ കാത്തു വളര്‍ത്തിയ ഉമ്മയെ വിചാരിച്ചെങ്കിലും തെറ്റില്‍ വീണുപോവാതെ നിനക്കു പിടിച്ചു നില്‍ക്കാമായിരുന്നു വിവാഹശേഷമാണ് കുറേ ദുഷിച്ച പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതെന്ന് തോന്നുന്നു. എന്റെ പിടിയില്‍ നിന്ന് നീ അന്നേ മോചിതനായിരുന്നു അല്‍പം മദ്യത്തിനും മറ്റും അടിമയായിപ്പോയോ എന്ന് ഞാന്‍ സംശയിക്കുന്നു.

നീ പലപ്പോഴും കച്ചവടാവശ്യാര്‍ത്ഥം യാത്രയിലായിരുന്നില്ലേ എല്ലാ കാര്യങ്ങളും നിന്റെ പ്രായക്കാരേക്കാള്‍ മുന്നേ ചെയ്യണമെന്ന വാശി ആയിരുന്നില്ലേ നിനക്ക?്.അതുകൊണ്ടല്ലേ കൂക്കാത്തെ വീട്ടില്‍് ആദ്യമായി ടെലിവിഷന്‍ വാങ്ങിയത്  ? നാട്ടില്‍ ബൈക്ക് ആദ്യമായി സ്വന്തമാക്കിയവനും നീയല്ലേ? ഭക്ഷണം വീട്ടില്‍ നിന്നും കഴിക്കതെയായി സുഹൃത്തുക്കളുമൊന്നിച്ചുളള പാര്‍ട്ടികളും മറ്റും പൊടിപൊടിച്ചു. നീ ആദ്യമേ ജീവിത കാലാവധിയെക്കുറിച്ച് ബോധവാനായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അതുമുലമാണ് നിനക്ക് കുടല്‍ ക്യാന്‍സര്‍ ഉണ്ടായത് .ചികില്‍സ ഇല്ലാത്ത ആ രോഗം നിന്നെ മരണത്തിലേക്ക് വേഗം തന്നെ കൂട്ടികൊണ്ടുപോയി.

പിന്നീട് അത്തരം ദുഷ് പ്രവര്‍ത്തിയില്‍ നിന്നെല്ലാം മോചിതനായി വിശ്വാസിയായ ചെറുപ്പക്കാരനായി തീര്‍ന്നതും ഞാന്‍ കണ്ടു. പളളിയും പ്രാര്‍ത്ഥനയും മത പ്രഭാഷണ താല്‍പര്യവുമൊക്കെ നീ കാണിച്ചുതുടങ്ങി അതവസാന നാളുകളിലായിരുന്നു. അങ്ങിനെ മത നിഷ്ഠയോടെ ജീവിച്ചു വരവേയാണ് ഒരു വര്‍ഷത്തോളം രോഗം മൂര്‍ച്ചിച്ച് മരണം വരിച്ചത്. വിശ്വാസത്തിന്റെ കാര്യം പറഞ്ഞപ്പോഴും അവന്‍ ഉളളു തുറന്ന് ചിരിച്ചു. 'ഇച്ചാ ആ വഴിക്കു വരണ'മെന്ന ഉപദേശവും നീ തന്നു.

അവന്‍ എഴുന്നേറ്റു പോവാന്‍ തുടങ്ങുമ്പോള്‍ ഒരു സംശയം കൂടി ഞാന്‍ ചോദിച്ചു. പണ്ട് ഒരു ചോര കുഞ്ഞിനെ നിന്റെ വീട്ടിന്റെ വരാന്തയില്‍ കൊണ്ടു കിടത്തിയത് ആരാണ?് എന്തിനാണ് അങ്ങിനെ ചെയ്തത്?. നീ ആ പിഞ്ചുകുഞ്ഞിനെ എന്തു ചെയ്തു?. ഈ ചോദ്യത്തിന് ഉത്തരം നല്‍കാതെയാണവന്‍ എന്റെ മുന്നില്‍ നിന്ന് അപ്രത്യക്ഷനായത്...

പെട്ടന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു. മരിച്ചു പോയ അനിയനെക്കുറിച്ചോര്‍ത്തു. അവനെന്തിനാണ് സ്വപ്നത്തില്‍ ഇന്നുതന്നെ പ്രത്യക്ഷനായതെന്നോര്‍ത്തു. ആ ചോരക്കുഞ്ഞിനെക്കുറിച്ച് ചോദിച്ചറിയാന്‍ ഇന്നാരുമില്ല... ഇങ്ങിനെ ജീവിതത്തില്‍ അനുഭവഭേധ്യമായ പല കാര്യങ്ങളും സ്വപ്നത്തില്‍ കൂടി അറിയുന്നത് സന്തോഷമല്ലേ പക്ഷേ ഇവിടെ ചോദ്യങ്ങളെല്ലാം എന്റെതുമാത്രമായി അവനെല്ലാം ചിരിയിലൊതുക്കി... സാരമില്ല ഇനിയും കാണുമായിരിക്കും...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും


മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

Keywords:  Article, Kookanam-Rahman, Brother, Dream, Mother, Love, Died, Smile, Illness, Advice, When Brother came in dream
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script