Follow KVARTHA on Google news Follow Us!
ad

സംതൃപ്തിയുടെ ബാങ്കൊലിനാദം

prayer of satisfaction #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 15 

ഇബ്രാഹിം ചെർക്കള

(www.kvartha.com 30.08.2021) 
മനസ്സില്‍ തെളിയുന്ന മുഖങ്ങള്‍ വിവിധ ചിത്രങ്ങള്‍ തീര്‍ത്തു. സിദ്ദീഖ് ഉസ്താദ് ഓര്‍മ്മകളില്‍ ലയിച്ചു. യൂസഫ് പഠിക്കാന്‍ മിടുക്കനായിരുന്നില്ലെങ്കിലും വലിയ ഭയഭക്തിബഹുമാനങ്ങള്‍ ഉള്ള കുട്ടിയാണ്. ഇന്നും കാണുമ്പോള്‍ വലിയ ആദരവ് കാണിക്കും. കുട്ടികള്‍ക്ക് ഭക്ഷണത്തിന് വഴികാണാതെ ഓടിനടക്കുന്ന മൊയ്തുവിനെ പലപ്പോഴും വിഷമത്തോടെ നോക്കി നിന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് ഓര്‍മ്മകള്‍ തിരിഞ്ഞു നടന്നു. 'ഉസ്താദെ ജീവിക്കാന്‍ ഒരു വഴിയും കാണുന്നില്ല. എന്നെ സഹായിക്കണം.' 'ഞാന്‍ എന്ത് ചെയ്യാനാണ് മൊയ്തു.' 'ഉസ്താദ് എവിടെനിന്നെങ്കിലും കുറച്ച് പണം കടം വാങ്ങി തരണം. ചെറിയൊരു കച്ചവടം തുടങ്ങാനാണ്. ഞാന്‍ ആരോടു ചോദിക്കും. വേറെ വഴിയൊന്നും കാണുന്നില്ല, ഞാനും കുടുംബവും പട്ടിണി കിടന്ന് മരിച്ചുപോകും. അതുകൊണ്ടാണ്.'
   
Top-Headlines, Article, Ibrahim Cherkala, Kerala, Prayer of satisfaction.

മൊയ്തു മുന്നില്‍ നിന്നു തേങ്ങിക്കരഞ്ഞു. മനസ്സില്‍ വേദന തിങ്ങി. 'മൊയ്തു സമാധാനിക്ക്. പടച്ചവന്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല. നാളെ വാ ഞാന്‍ നോക്കട്ടെ.' മൊയ്തു കണ്ണുകള്‍ തുടച്ച് അകലുന്നത് നോക്കിനിന്നു. വൈകുന്നേരം അഷ്‌റഫ് ഹാജി പള്ളിയില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ സംസാരിച്ചു. 'ഉസ്താദിന് അറിയില്ല, കടം കൊടുത്താല്‍ ആരും തിരിച്ച് തരില്ല.' 'അങ്ങനെ പറയരുത്, ആ കുടുംബത്തിന്റെ ദയനീയത അറിഞ്ഞു ഒന്നും അറിയാത്തതുപോലെ നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. മൊയ്തു തന്നില്ലെങ്കില്‍ ഞാന്‍ എങ്ങനെയെങ്കിലും തിരിച്ചുതരും. ഹാജിയാര്‍
സഹായിക്കണം.'


പിറ്റേദിവസം ഹാജിയാര്‍ പണം തന്നു. മൊയ്തുവിന് വലിയ സന്തോഷമായി. പിന്നെ ആറുമാസം മൊയ്തുവിനെ ആ വഴിക്ക് കണ്ടില്ല. ഒരുദിവസം ഉച്ചയ്ക്ക് ഓടിവന്നു. മുഖത്ത് നിറഞ്ഞ ചിരി. 'ഉസ്താദേ, തീരെ സമയം കിട്ടുന്നില്ല, അതാണ് വരാത്തത്. തേങ്ങാക്കച്ചവടം തുടങ്ങി നല്ലനിലയില്‍ മുന്നോട്ടു പോകുന്നു. നിങ്ങള്‍ തന്ന പൈസയില്‍ കുറച്ച് മടക്കിത്തരാനാണ് വന്നത്.' മൊയ്തു പണം നീട്ടി. 'ഇപ്പോള്‍ വേണ്ട മൊയ്തു... കുറച്ചു സമയം കൂടി ഈ പണം കച്ചവടത്തില്‍ ഇരിക്കട്ടെ.' മൊയ്തു ഒന്നും പറയാതെ തിരിച്ചുപോയി. ഹാജിയാരോട് മൊയ്തൂന്റെ കാര്യം ഉണര്‍ത്തിയപ്പോള്‍ പറഞ്ഞു: 'അവന് തിരിച്ചുതരാനുള്ള മനസ്സ് ഉണ്ടായത് വലിയ സന്തോഷം. ഇനി അത് തിരിച്ച് വാങ്ങേണ്ട, കുടുംബം രക്ഷപ്പെട്ടാല്‍ അത് വലിയ കാര്യമല്ലേ?...'


സിദ്ദീഖ് ഉസ്താദ് വീടിന്റെ മുറ്റത്ത് എത്തിയത് അറിഞ്ഞില്ല. വരാന്തയില്‍ ഇരിക്കുന്ന ഖദീജയെ അല്പസമയം നോക്കി നിന്നു. രോഗം മാറിയതോടെ ആ മുഖത്ത് തെളിച്ചം വന്നു. 'ഖദീജാ, മോളെവിടെ?' 'അവള്‍ അടുക്കളയില്‍ ഉണ്ട്.' ഉസ്താദ് ഭാര്യക്ക് മുന്നില്‍ ഇരുന്നു. 'ഉപ്പാ, ചായ.' ഷമീമ ഗ്ലാസ് നീട്ടി. ഉസ്താദ് മകളെ മന്ദഹാസത്തോടെ നോക്കി. 'ഖദീജാ നമ്മുടെ തേങ്ങാക്കച്ചവടക്കാരന്‍ മൊയ്തു നമ്മുടെ ഷമീമയ്ക്ക് ഒരു വിവാഹക്കാര്യവുമായി വന്നിരുന്നു.' ഖദീജ അത്ഭുതത്തോടെ ഉസ്താദിന്റെ മുഖത്ത് നോക്കി.


'യൂസഫിനെക്കൊണ്ട് ഇവളെ കെട്ടിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു.' ഷമീമ നാണത്തോടെ അകത്തേക്ക് ഓടി. അവളുടെ മനസ്സില്‍ യൂസഫിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നു. 'നിങ്ങള്‍ എന്തു പറഞ്ഞു. പെട്ടെന്ന് നടത്താന്‍ നമുക്ക് പറ്റുമോ?' 'ഞാന്‍ അതെല്ലാം തുറന്ന് പറഞ്ഞു. വീടിന്റെ പണിയും, പിന്നെ അജ്മല്‍ വരണം എന്നൊക്കെ. അതൊന്നും പ്രശ്‌നമല്ല, വിവാഹനിശ്ചയം നടത്താമെന്ന് അഷ്‌റഫ് ഹാജിയാണ് വാക്ക് കൊടുത്തത്. പിന്നെ ഞാനെന്തു പറയാനാണ്. എന്റെ മകളുടെ പ്രാര്‍ത്ഥന അല്ലാഹു കേട്ടു.' ഖദീജ സന്തോഷത്തോടെ അകത്തേക്ക് നടന്നു. ജനാലയില്‍ക്കൂടി പുറത്തേക്ക് നോക്കിനില്‍ക്കുന്ന ഷമീമയ്ക്ക് അരികില്‍ എത്തി. 'മോളേ...' അവള്‍ ഉമ്മയുടെ മാറില്‍ ചേര്‍ന്നു നിന്നു തേങ്ങി, ആനന്ദക്കണ്ണീര്‍ ഒഴുക്കി. ഉമ്മ അവളെ കൊച്ചുകുട്ടിയെപ്പോലെ കെട്ടിപ്പിടിച്ച് മുഖത്ത് തുരുതുരാ ചുംബിച്ചു. എന്റെ മകളുടെ കഷ്ടപ്പാടുകള്‍ തീര്‍ക്കണേ നാഥാ. ഉമ്മ കണ്ണുകള്‍ തുടച്ചുകൊണ്ട് പുറത്തേക്ക് നടന്നു.


'യൂസഫിന് ഷമീമയെ വിവാഹം ചെയ്തുകൊടുക്കാന്‍ മൊയ്തു ആവശ്യപ്പെടുന്നു.' - ഉപ്പയുടെ വാക്കുകള്‍ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു. മനസ്സില്‍ ആയിരം വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി മയില്‍ നൃത്തം ചെയ്തു. താന്‍ കാണുന്നതും കേള്‍ക്കുന്നതും സ്വപ്നമാണോ? ഷമീമയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇടനെഞ്ചില്‍ സന്തോഷത്തിന്റെ ദഫ്മുട്ട് ഉയര്‍ന്നു. ബാല്യകൗമാരങ്ങളിലെ നിറംചാര്‍ത്തിയ നിമിഷങ്ങള്‍ ഓരോന്നും മനസ്സില്‍ കൂടുതല്‍ കൂടുതല്‍ തെളിച്ചത്തോടെ വീണ്ടും വീണ്ടും തിരമാലകള്‍ സൃഷ്ടിച്ചു. അവള്‍ തലയിണയില്‍ മുഖമമര്‍ത്തി ഏറെ നേരം കിടന്നു.


സിദ്ദീഖ് ഉസ്താദ് ഓരോന്നും ചിന്തിച്ച് പള്ളിവരാന്തയില്‍ ഇരുന്നു. അകലെ നിന്നും ഈണത്തില്‍ പാട്ടുപാടിവരുന്ന കുഞ്ഞാലിയുടെ ശബ്ദം അയാളെ ഉണര്‍ത്തി. അത്തര്‍ പെട്ടിയും പുസ്തകക്കെട്ടും ഇറക്കിവെച്ച് കുഞ്ഞാലി ഇരുന്നു. ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിലെ ഈരടികള്‍ പിന്നെയും കുറേനേരം പാടി. ഉസ്താദ് നിശ്ശബ്ദനായി കേട്ടിരുന്നു. പാട്ട് നിര്‍ത്തി കുഞ്ഞാലി ചുറ്റും നോക്കി. 'എന്താ കുഞ്ഞാലീ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?' 'അങ്ങനെ ഒന്നുമില്ല, ചിലപ്പോള്‍ പാട്ടുപാടാന്‍ ഒരു ഉത്സാഹം തോന്നും, അങ്ങനെ പാടും. പഴയകാലത്ത് ജീവിക്കാന്‍ വേണ്ടി പാടി. ഇപ്പോള്‍ അങ്ങനെയല്ല, മനസ്സില്‍ ദു:ഖം നിറയുമ്പോഴും സന്തോഷം നിറയുമ്പോഴും അറിയാതെ പാട്ടുകള്‍ വരും.


കഥാപ്രസംഗങ്ങളും മതപ്രസംഗവും പഴയകാലത്ത് ജനങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ഇന്ന് എവിടെയും രാഷ്ട്രീയവും തമ്മില്‍ത്തല്ലും പോര്‍വിളിയുമാണ്. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ കാലത്ത് മനുഷ്യന്‍ വിനോദങ്ങളും വിജ്ഞാനങ്ങളും തേടിനടന്നു. ഇന്ന് അത് മാറി. രാഷ്ട്രീയത്തിലും മതത്തിലും എല്ലാം പണാധിപത്യം അധികരിച്ചു. നാട്ടിലെ ഏത് സ്ഥാനങ്ങളും പിടിച്ചെടുക്കാന്‍ നേരും നെറിയും ഇല്ലാതെ മനുഷ്യന്‍ പടയൊരുക്കം നടത്തുന്നു. ഉയരങ്ങളില്‍ എത്തിപ്പിടിക്കാന്‍ നീങ്ങുന്ന വഴികളെപ്പറ്റി ഒരു ചിന്തയും ഇല്ല. തടസ്സമായി വരുന്ന എന്തിനെയും തട്ടിമാറ്റും. അത് സ്വന്തം മാതാപിതാക്കളായാലും പ്രശ്‌നമില്ലാത്ത കാലമായിരിക്കുന്നു.' കുഞ്ഞാലിയുടെ മുഖത്തെ രോഷം ശ്രദ്ധിച്ച് ഉസ്താദ് ഒന്നും പറഞ്ഞില്ല.


'എന്താ, കുഞ്ഞാലീ, പുതിയ വിശേഷങ്ങള്‍.' അഷ്‌റഫ് ഹാജിയുടെ ശബ്ദം കേട്ട് കുഞ്ഞാലി ചിരിയോടെ എഴുന്നേറ്റ് നിന്നു. 'നാട്ടുകാര്യങ്ങള്‍ ഓരോന്നും പറഞ്ഞതാ...' ഹാജിയാര്‍ ഇരുന്നു വിശേഷങ്ങളില്‍ പങ്കുചേര്‍ന്നു. കുഞ്ഞാലി അത്തര്‍ പെട്ടിയും എടുത്തു യാത്രയ്ക്ക് ഒരുങ്ങി. 'തിരക്ക് പിടിച്ച് എങ്ങോട്ടാണ്. നല്ലൊരു കെസ്സ് പാട്ട് പാട് കുഞ്ഞാലി.' ഹാജിയാര്‍ ചിരിയോടെ പറഞ്ഞു. 'ഇപ്പോള്‍ സമയമില്ല. ഇനി ഒരിക്കല്‍ പാടാം. നമ്മുടെ മാധവന്‍ നായരുടെ മോന്‍ രമേശന്‍ ദുബൈയില്‍ നിന്നും വന്നിട്ടുണ്ട്. അവനെ ഒരു പറമ്പ് കാണിക്കാനുണ്ട്.' 'ഏതു പറമ്പ്?' 'നമ്മുടെ ആശാരി ശങ്കരന്റെ പറമ്പ്.' 'അതിന് വഴിയില്ലല്ലോ?' 'അതൊക്കെ ഞാന്‍ ശരിയാക്കിക്കൊടുക്കും. അടുത്ത പറമ്പുകാര്‍ വഴിക്ക് സ്ഥലം തരാമെന്ന് പറഞ്ഞിട്ടുണ്ട്. നല്ല വില കൊടുക്കാന്‍ രമേശന്‍ തയ്യാറാണ്.' കുഞ്ഞാലി നടന്നുനീങ്ങി.


അഷ്‌റഫ് ഹാജി സിദ്ദീഖ് ഉസ്താദിന്റെ മുഖത്ത് നോക്കി അല്പസമയം ഇരുന്നു. എങ്ങനെ തുടങ്ങണം. മനസ്സില്‍ തസ്‌നിയുടെ തേങ്ങുന്ന മുഖം തെളിഞ്ഞു. ഇളയ കുട്ടിയെന്ന സ്വാതന്ത്ര്യം അവള്‍ക്ക് കൂടുതല്‍ വാശിയും ധൈര്യവും പകര്‍ന്നിരിക്കുന്നു. സ്‌കൂള്‍ പരീക്ഷ ജയിച്ചപ്പോള്‍ കോളേജില്‍ പഠിക്കാന്‍ വാശിപിടിച്ച് രണ്ട് ദിവസം പട്ടിണി കിടന്നു. റാബിയയും നൗഷാദും എല്ലാം അവളുടെ ഭാഗത്ത് ചേര്‍ന്നപ്പോള്‍ പിന്നെ അധികം ചിന്തിക്കാന്‍ നിന്നില്ല. അവളുടെ ഇഷ്ടം നടക്കട്ടെ. ഇപ്പോഴും അവള്‍ സ്വന്തം ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. അവളുടെ ഭാവിയെ കരുതി നിര്‍ബന്ധിച്ചു മറ്റൊരു വിവാഹം നടത്തിക്കൊടുത്താല്‍ അതു എവിടെയെത്തും എന്ന് പറയാന്‍ പറ്റില്ല.


തസ്‌നി അങ്ങനെയാണ്. അവള്‍ക്ക് സ്വന്തമായ കുറേ കാഴ്ചപ്പാടുകള്‍ ഉണ്ട്. അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചിലപ്പോള്‍ തോറ്റുപോകാറുണ്ട്. അവളുടെ ബുദ്ധിയില്‍ അത്ഭുതം തോന്നിയിട്ടുണ്ട്. വിവാഹക്കാര്യത്തിലും അവളുടെ ഇഷ്ടം പ്രധാനമാണ്. റാബിയക്ക് അജ്മലിനെപ്പറ്റി നല്ലത് മാത്രമാണ് പറയാനുള്ളത്. അജ്മലിനെ തനിക്ക് ഇഷ്ടമാണ്, മതിപ്പാണ്.


'എന്തോ വലിയ ചിന്തയിലാണല്ലോ ഹാജിയാരേ?' സിദ്ദീഖ് ഉസ്താദിന്റെ ചോദ്യം അഷ്‌റഫ് ഹാജിയെ ഉണര്‍ത്തി. ഞാന്‍ നമ്മുടെ മക്കളെപ്പറ്റി ചിന്തിക്കുകയാണ്. പഴയതുപോലെ അല്ല, ഏത് കാര്യങ്ങളും തുറന്ന അഭിപ്രായങ്ങള്‍ അവര്‍ക്കുണ്ട്.' 'അത് നല്ല കാര്യമല്ലേ? എന്താ ഇപ്പം ഉണ്ടായത്?' 'നൗഷാദ് ദുബൈയില്‍ നിന്നും വിളിച്ചിരുന്നു. അവന്റെ കൂട്ടുകാരന്റെ അനുജന് നമ്മുടെ തസ്‌നിയെ വിവാഹം കഴിച്ചുകൊടുക്കുന്ന കാര്യം പറഞ്ഞു.' 'അത് നല്ല കാര്യമല്ലേ?' അതെ, പക്ഷെ, അവള്‍ക്ക് നമ്മുടെ അജ്മലിനെ അല്ലാതെ മറ്റൊരാളെ വേണ്ടെന്ന ഹാജിയാരുടെ വാക്കുകള്‍ സിദ്ദീഖ് ഉസ്താദിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്ത് മറുപടി പറയും. നിമിഷങ്ങള്‍ നിശബ്ദം കടന്നുപോയി. 'എന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി അവളുടെ മോഹങ്ങളെല്ലാം ഞാന്‍ ഇതുവരെ സാധിപ്പിച്ചുകൊടുത്തു. ഇതും നമുക്ക് അങ്ങനെ തന്നെ ചെയ്തൂടെ?.' അഷ്‌റഫ് ഹാജി സിദ്ദീഖ് ഉസ്താദിന്റെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചു. 'നിങ്ങളുടെ ആഗ്രഹം അങ്ങനെയാണെങ്കില്‍ എനിക്ക് എതിരഭിപ്രായം ഇല്ല. മോനോട് ചോദിക്കണം. അവനാണ് ഇതില്‍ സമ്മതം പറയേണ്ടത്.' 'ശരിയാണ്. ഇപ്പോഴത്തെ കുട്ടികളുടെ മനസ്സ് ആര്‍ക്കാണ് അറിയുന്നത്.'


സിദ്ദീഖ് ഉസ്താദിന്റെ മനസ്സില്‍ ഷമീമയുടെയും അജ്മലിന്റെയും മുഖങ്ങള്‍ മാറിമാറി തെളിഞ്ഞു. കുട്ടിക്കാലത്ത് നല്ലൊരു ഉടുപ്പിന് വേണ്ടി, നല്ല ആഹാരത്തിന് വേണ്ടി അവന്‍ വാശി പിടിച്ചിട്ടുണ്ട്. അന്നൊന്നും വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് അവരുടെ ജീവിതത്തിന് പ്രതീക്ഷിക്കാത്ത പ്രകാശങ്ങള്‍ കടന്നുവന്നിരിക്കുന്നു. സന്ധ്യയുടെ ചുവപ്പ് പടര്‍ന്നു. കാക്കകള്‍ കൂട്ടത്തോടെ ശബ്ദമുയര്‍ത്തി പറന്നു. മഗ്‌രിബ് നിസ്‌കാരത്തിന് സമയം അടുത്തുവന്നു. മനസ്സിന് വലിയ ആശ്വാസം. തണുത്ത കാറ്റ് പള്ളിയെ തഴുകി അകന്നുപോയി. നേരിയ ഇരുട്ട് പരന്നു. സിദ്ദീഖ് ഉസ്താദ് ബാങ്ക് വിളിക്കാന്‍ പള്ളിക്ക് അകത്തേക്ക് വേഗതയില്‍ നടന്നു. ഉറക്കെ ഈണത്തില്‍ 'അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...' പള്ളിപ്പറമ്പും കടന്ന് ഗ്രാമങ്ങളെ തഴുകി താഴ്‌വാരങ്ങളില്‍ ബാങ്കൊലിനാദം അലയടിച്ചു. ചുറ്റുമുള്ള വീടുകളില്‍ നിന്നും ആളുകള്‍ പള്ളിയിലേക്ക് നടന്നു. ഭക്തിയുടെ സങ്കീര്‍ത്തനങ്ങള്‍, ഖുര്‍ആന്റെ മണിമുത്തുകള്‍ സിദ്ദീഖ് ഉസ്താദ് ഉച്ചത്തില്‍ ഓതി; സ്വയം മറന്ന് സംതൃപ്തിയുടെ പുതിയ ലോകത്ത് ലയിച്ചു.

(അവസാനിച്ചു)



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14

Keywords: Top-Headlines, Article, Ibrahim Cherkala, Kerala, Prayer of satisfaction.


< !- START disable copy paste -->

Post a Comment