Follow KVARTHA on Google news Follow Us!
ad

മായാത്ത നൊമ്പരങ്ങൾ

Indestructible annoyances#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 12 

ഇബ്രാഹിം ചെർക്കള

(www.kvartha.com 07.08.2021) വൈകുന്നേരത്തിന്റെ തിരക്കുനിറഞ്ഞ നാട്ടുകവലയില്‍ ആളുകള്‍ പലഭാഗത്തേക്ക് നടന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍, സാധനങ്ങള്‍ വാങ്ങാന്‍ കടകളിലേക്ക് പോകുന്നവര്‍.. ആല്‍മരച്ചുവട്ടില്‍ കുഞ്ഞാലി പുസ്തകങ്ങളും അത്തറും നിരത്തിവെച്ചു ഉച്ചത്തില്‍ പാട്ടുകള്‍ ഈണത്തില്‍ പാടിത്തുടങ്ങി. പക്ഷിപ്പാട്ട്, താലിപ്പാട്ട്, കുപ്പിപ്പാട്ട്, കുറത്തിപ്പാട്ട് ഇങ്ങനെ അല്‍ഭുതം നിറഞ്ഞ മാസ്മരിക ലോകം. ഭാവനയില്‍ തീര്‍ത്ത സാങ്കല്‍പ്പിക ലോകത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോയി.

Top-Headlines,Article, Ibrahim Cherkala,Kerala, Indestructible annoyances.

പാട്ടുപുസ്തകങ്ങള്‍ വാങ്ങാനാളില്ലെങ്കിലും കുഞ്ഞാലിയുടെ പാട്ടുകേള്‍ക്കാന്‍ ആളുകള്‍ക്ക് വലിയ താല്‍പര്യമാണ്. ചിലര്‍ക്ക് അത്തര്‍ മണപ്പിക്കാനും വാങ്ങാനുമാണ് ഇഷ്ടം. അത്തറിനെപ്പറ്റിയും കുഞ്ഞാലി സ്വന്തമായി ഉണ്ടാക്കി പാടുന്ന പാട്ടുകളും എല്ലാവരെയും രസിപ്പിക്കും. പഴയകാലത്ത് കുഞ്ഞാലി പാട്ടുപുസ്തക വില്‍പ്പനപോലെ തന്നെ അധികസ്ഥലത്തും പടപ്പാട്ടുകളും മാലപ്പാട്ടുകളും കഥാപ്രസംഗമായി അവതരിപ്പിച്ചിരുന്നു. വയസ്സായതോടെ അതിന് പറ്റുന്നില്ല. ആളുകള്‍ക്ക് കേള്‍ക്കാന്‍ താല്‍പര്യവും കുറഞ്ഞു. അതുകൊണ്ട് കുഞ്ഞാലി ഇപ്പോള്‍ കച്ചവടത്തിന്റെ രീതികളും മാറ്റി.

സബീനപ്പാട്ടുകളും അത്തറും വില്പന നടത്തുമ്പോഴും, സ്ഥലക്കച്ചവടത്തിന്റെയും വിവാഹ നടത്തിപ്പിന്റെയും ബ്രോക്കര്‍ പണിയും നടത്തും. പല നാട്ടില്‍ എത്തുകയും അവിടങ്ങളിലെ വിവാഹത്തിന്റെയും വില്‍ക്കാനുള്ള സ്ഥലങ്ങളുടെയും വിവരങ്ങള്‍ അറിഞ്ഞ് ആവശ്യക്കാരെ കണ്ടുപിടിക്കും. നല്ലൊരു കല്ല്യാണമോ സ്ഥലക്കച്ചവടമോ നടന്നാല്‍ അത്തര്‍ വില്‍പനയേക്കാള്‍ വലിയ സംഖ്യ കമ്മീഷനായി കിട്ടുന്നതുകൊണ്ട് എവിടെയെത്തിയാലും ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മമായി അന്വേഷണങ്ങള്‍ നടത്തും. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നവരുടെ വീട്ടില്‍ പോയാല്‍ കുഞ്ഞാലിക്ക് വിശേഷങ്ങള്‍ പലതാണ്. വില്‍ക്കാനുള്ള തുണിത്തരങ്ങളും ഇലക്‌ട്രോണിക് സാധനങ്ങളും വാങ്ങും, അതുപോലെ സ്ഥല ഇടപാടുകളും വിവാഹാലോചനകളും ഉണ്ടെങ്കില്‍ അതും ഏറ്റെടുക്കും.

ആളുകള്‍ ഒഴിഞ്ഞുപോയപ്പോള്‍ കുഞ്ഞാലി തന്റെ അത്തറും സബീനപ്പാട്ടുകളും എല്ലാം ഒതുക്കിവെച്ച് യാത്രയ്‌ക്കൊരുങ്ങി. 'എന്താ കുഞ്ഞാലീ, കച്ചവടം നിര്‍ത്തിയോ?' മൂസ ഹാജി ചിരിയോടെ അടുത്തുവന്നു. കുഞ്ഞാലി പെട്ടി കൈയ്യില്‍ തൂക്കി മൂസ ഹാജിയുടെ പിന്നാലെ നടന്നു. 'പഴയതുപോലെ ഇതൊന്നും അര്‍ക്കും വേണ്ട. പിന്നെ ഞാന്‍ പഠിച്ച തൊഴില്‍ അല്ലേ?, വീട്ടില്‍ അടങ്ങിയിരിക്കാന്‍ തോന്നുന്നില്ല. മക്കള്‍ക്ക് ഇത് തീരെ ഇഷ്ടപ്പെടുന്നില്ല. ശരീരത്തിന് ആഫിയത്തുള്ളേടത്തോളം ഞാന്‍ ഇത് തുടരും.' മൂസ ഹാജി ഒന്നും പറയാതെ നടന്നു. 'ഞാന്‍ പള്ളിയിലേക്ക് പോകട്ടെ' മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ മൂസ ഹാജി പറഞ്ഞു.

'കുഞ്ഞാലീ, എന്റെ മോള്‍ ഹസീനക്ക് നല്ലൊരു ചെക്കനെ വേണം. എന്റെ വിലയ്ക്കും നിലയ്ക്കും ഒത്ത പയ്യന്‍ ആകണം. പുതിയ പണക്കാര്‍ ആരെങ്കിലും ഉണ്ടോ?' കുഞ്ഞാലി അല്പസമയം ചിന്തയില്‍ മുഴുകി. 'നിങ്ങളുടെ നാട്ടില്‍ത്തന്നെയല്ലേ പണത്തിന്റെ മരം ഉള്ളത്' കുഞ്ഞാലി പറഞ്ഞതിന്റെ അര്‍ത്ഥം പിടികിട്ടാതെ മൂസഹാജി മിഴിച്ച് നോക്കി 'ആരാണ്' 'നമ്മുടെ തേങ്ങാക്കച്ചവടം നടത്തുന്ന മൊയ്തുവിന്റെ മകന്‍ യൂസഫ്.' ഹാജിയാര്‍ മൗനമായി. 'നിങ്ങളുടെ പറമ്പ്, പണം റൊക്കം തന്ന് വാങ്ങിയ അവന്റെ കൈയ്യില്‍ പുത്തന്‍ പണമാണ്. ഗള്‍ഫിലും നാട്ടിലും കച്ചവടം. അത് ആലോചിച്ചാലോ?' 'പ്രശ്‌നമില്ല, എന്നാല്‍ കുഞ്ഞാലി തന്നെ കാര്യങ്ങള്‍ മൊയ്തുവിനെ കണ്ട് സംസാരിക്ക്.' കുഞ്ഞാലി വലിയ സന്തോഷത്തോടെ ഹാജിയാരോട് യാത്ര പറഞ്ഞു.

അത്തര്‍പെട്ടിയും പുസ്തകകെട്ടും പള്ളിവരാന്തയില്‍വെച്ച് വേഗതയില്‍ നടന്നു. ഈ വിവാഹം ഒത്തുവന്നാല്‍ രണ്ട് ഭാഗത്ത് നിന്നും നല്ലൊരു കമ്മീഷന്‍ ഒപ്പിക്കാം. മനസ്സില്‍ പല കണക്കുകളും കൂട്ടി നടന്നു. മുറ്റത്ത് തേങ്ങ എണ്ണിയിടുന്ന മൊയ്തുവിനെ നോക്കി കുഞ്ഞാലി ചിരിയോടെ അടുത്തെത്തി. 'കുഞ്ഞാലീ, വാ... എന്തെല്ലാമാണ് വിശേഷങ്ങള്‍..' കുഞ്ഞാലി വരാന്തയിലെ കസേരയില്‍ ഇരുന്നു. മൊയ്തുവും അടുത്തിരുന്നു. 'ആമിനാ... ചായ വേണം....' മൊയ്തു ഉറക്കെ പറഞ്ഞു. 'ഞാന്‍ നമ്മുടെ മൂസഹാജിയെ കണ്ടാണ് വരുന്നത്.' കുഞ്ഞാലി വിഷയത്തിലേക്ക് കടന്നു. 'എന്താ? മറ്റേതെങ്കിലും പറമ്പ് കൊടുക്കാനോ, നമുക്ക് തന്നെ വേണം കുഞ്ഞാലീ..., ഹാജിയുടെ പറമ്പ് എല്ലാം നല്ല തേങ്ങ കിട്ടുന്നതാണ്.'

മൊയ്തു ചിരിയോടെ കുഞ്ഞാലിയുടെ മുഖത്ത് നോക്കി. 'പറമ്പ് കച്ചവടമല്ല, ഒരു കല്ല്യാണക്കാര്യമാണ് ഹാജിയാര്‍ പറഞ്ഞത്.' 'കല്ല്യാണമോ?' 'അതെ, അയാളുടെ മകളെ നിന്റെ മോന്‍ യൂസഫിന് നിക്കാഹ് ചെയ്തു കൊടുക്കാന്‍ ഇഷ്ടമാണെന്ന്.' മൊയ്തു ഒന്ന് ഞെട്ടി. എന്താണ് കേള്‍ക്കുന്നത്. വിശ്വാസം വരാതെ കുഞ്ഞാലിയുടെ മുഖത്ത് തുറിച്ചു നോക്കി. 'നമുക്ക് അങ്ങനെ ചെയ്തുകൂടെ?.' മൊയ്തു ഉത്തരം പറയാന്‍ കഴിയാതെ അല്പസമയം നിശബ്ദനായി. 'ചായ....' ആമിന വാതിലിന് മറവില്‍ നിന്ന് വിളിച്ചു. കുഞ്ഞാലി ചായകുടിച്ചുകൊണ്ട് തുടര്‍ന്നു. 'ഇത് ഭാഗ്യമെന്ന് കരുതിയാല്‍ മതി. മൂസ ഹാജിക്കുള്ള സ്വത്തും മുതലും അറിയാമല്ലോ?' മനസ്സില്‍ പല കണക്കുകളും കൂട്ടി മൊയ്തു പതുക്കെപ്പറഞ്ഞു. 'നമുക്ക് ആലോചിക്കാം. ഞാന്‍ യൂസഫിനോട് ചോദിച്ച് ശേഷം മറുപടി പറയാം.' കുഞ്ഞാലിക്ക് സന്തോഷമായി. 'അവനോട് എന്ത് ചോദിക്കാന്‍, വേഗം തീരുമാനം പറയണം. ഇല്ലെങ്കില്‍ മറ്റാരെങ്കിലും എത്തും. ഇത്രയും നല്ല ബന്ധം കിട്ടാന്‍ പ്രയാസമാണ്. ഞാന്‍ വരാം.'

കുഞ്ഞാലി നടന്നകലുന്നതും നോക്കി മൊയ്തു നിന്നു. മൂസഹാജിയുടെ വീട്ടുപടിക്കല്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പോലും പേടിച്ച് നടന്നിരുന്ന കാലം ഇന്നും ഓര്‍ക്കുന്നു. ഒരു മഴക്കാലത്ത് വീട് പട്ടിണിയായിരുന്നു. കുട്ടികള്‍ക്ക് പനിയും ഛര്‍ദ്ദിയും, ഭക്ഷണത്തിനും മരുന്നിനും വഴി കാണാതെ ബുദ്ധിമുട്ടി. മൂസ ഹാജിയുടെ മുന്നില്‍ പോയി നിന്ന് തേങ്ങിക്കരഞ്ഞ നാളുകള്‍. 'മൊയ്തൂ, നീ വാങ്ങിയ പണം തന്നെ തിരിച്ച് തന്നിട്ടില്ല. ഇപ്പോള്‍ ശരിക്ക് പണിക്കും വരുന്നില്ല, നിന്റെ മോന്‍ എന്റെ പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ചത് നിനക്ക് അറിയോ?' ഹാജിയുടെ മുന്നില്‍ നിന്ന് വിറച്ചു. ഏറെ പരിഹാസം കേട്ടശേഷം മഴയത്ത് തന്നെ മടങ്ങി. ഇന്നും എല്ലാം മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കുന്നു.

'യൂസഫേ' 'എന്താ ബാപ്പാ' 'നമ്മുടെ അത്തര്‍കാരന്‍ കുഞ്ഞാലി വന്നിരുന്നു.' 'എന്താ വിശേഷിച്ച്?' മൊയ്തു എങ്ങനെ തുടങ്ങണം എന്നറിയാതെ അല്പസമയം ചിന്തിച്ചു. 'ഒരു വിവാഹാലോചനയുമായിട്ടാണ് വന്നത്.' യൂസഫ് ബാപ്പ പറയുന്നത് കേട്ടുനിന്നു. 'മൂസ ഹാജിയുടെ മകളുടെ കാര്യമാണ്. നിന്നോട് ചോദിച്ച് മറുപടി പറയാമെന്ന് ഞാന്‍ പറഞ്ഞു.' യൂസഫ് തമാശ കേട്ടതുപോലെ ഒന്നു പുഞ്ചിരിച്ചു. 'ബാപ്പ എല്ലാം മറന്നോ? ആള്‍ക്കാരുടെ നടുവില്‍ വെച്ചാണ് മൂസ ഹാജി ബാപ്പയെ കള്ളനെന്ന് വിളിച്ച് തല്ലിയത്. ആ ദിവസം എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല.' 'അത് പഴയ കാര്യങ്ങളല്ലേ? മൂസ ഹാജി ഇങ്ങോട്ട് ബന്ധത്തിന് വന്ന സ്ഥിതിക്ക് നമ്മള്‍ സമ്മതിക്കുന്നതല്ലേ നല്ലത്' 'പണത്തിനും പദവിക്കും മുന്നില്‍ പഴയതു മുഴുവനും മറക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ എല്ലാം ബാപ്പയുടെ ഇഷ്ടം.'

യൂസഫിന്റെ മറുപടി കേട്ട് മൊയ്തു ഒന്നും പറയാതെ അകത്തേക്ക് പോയി. നാളുകള്‍ കടന്നു പോയി. കുഞ്ഞാലി പിന്നെയും എത്തി. 'അവന്‍ എന്തു പറഞ്ഞു?' 'പുതിയ ചെറുപ്പക്കാര്‍ക്ക് ആവേശമാണ്, മൂസഹാജിയോട് അത്ര മതിപ്പുണ്ടാകില്ല. പെണ്‍കുട്ടി സുന്ദരിയാണ്. പിന്നെ ഇഷ്ടംപോലെ സ്വത്തും. നിങ്ങള്‍ അതും ഇതും പറഞ്ഞു സമയം കളയണ്ടാ, ഞാന്‍ മൂസ ഹാജിയോട് നേരിട്ടു വരാന്‍ പറയാം!' കുഞ്ഞാലി വേഗതയില്‍ നടന്നകലുമ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ മൊയ്തു നിന്നു. രാത്രിയുടെ അന്ത്യയാമത്തിലും മനസ്സില്‍ നൂറുനൂറു ചോദ്യങ്ങള്‍ ഉയര്‍ന്നു. ജീവിതത്തിന്റെ ഓരോ രൂപഭേദങ്ങള്‍. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കരയുന്ന മക്കള്‍ക്ക് മുന്നില്‍ കണ്ണീര്‍വാര്‍ത്ത ദിനങ്ങള്‍.

ഇന്ന് ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞു സന്തോഷത്തിന്റെ വസന്തം വിരിഞ്ഞിരിക്കുന്നു. രാവിലെ നേരത്തെ ഉണര്‍ന്നു പറമ്പിലെ ജോലിക്കാരെ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച് മൊയ്തു വരാന്തയില്‍ ഇരുന്നു. യൂസഫ് എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണ്. 'എവിടെയാ? രാവിലെ തന്നെ.' 'ടൗണില്‍ കുറച്ചു ജോലിയുണ്ട്. ഉച്ചയൂണിന് എത്തും.' യൂസഫ് കണ്ണില്‍ നിന്നും മറയുന്നത് വരെ മൊയ്തു നോക്കിയിരുന്നു.

മൂസ ഹാജിയും കുഞ്ഞാലിയും മുറ്റത്തു നില്‍ക്കുന്നതുകണ്ട് മൊയ്തു വിനയത്തോടെ ഇറങ്ങിവന്നു. 'വരിന്‍... വരിന്‍...' രണ്ടുപേരും വരാന്തയില്‍ ഇരുന്നു ചുറ്റും നോക്കി. നാട്ടുവിശേഷങ്ങള്‍ ഓരോന്നും കുഞ്ഞാലി വിവരിച്ചു. തേങ്ങയ്ക്ക് വിലകൂടി വരുന്നതും, അടക്കയ്ക്കും കുരുമുളകിനും വിലയിടിഞ്ഞതും എല്ലാം. ചായയും പലഹാരങ്ങളും മൊയ്തു മേശയില്‍ നിരത്തിവെച്ചു. 'ഞങ്ങള്‍ വന്നകാര്യം....' കുഞ്ഞാലി ചര്‍ച്ചയിലേക്ക് കടന്നു. 'ഞാന്‍ അവനോടു കാര്യങ്ങളെല്ലാം പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല.' 'അവന്‍ എന്തു പറയാനാണ്? മക്കളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നമ്മള്‍ മുതിര്‍ന്നവര്‍ അല്ലേ?' കുഞ്ഞാലി ചിരിച്ചു. യൂസഫ് പുറത്തു നിന്നും വേഗതയില്‍ കേറിവന്നു. എല്ലാവരെയും ഒന്നു നോക്കി.

'മോന്‍ വന്നല്ലേ...' കുഞ്ഞാലി ഉറക്കെ പറഞ്ഞു. 'യൂസഫേ, എന്താണ് നിന്റെ തീരുമാനം.' 'ബാപ്പാ എനിക്ക് ഇയാളുടെ മോളെ കെട്ടാന്‍ ഇഷ്ടമല്ല. ഞാന്‍ മൂസയുടെ പറമ്പ് വാങ്ങിയപ്പോള്‍ ബാപ്പ വിചാരിച്ചു ഞാന്‍ പഴയകാര്യങ്ങളെല്ലാം മറന്നുവെന്ന്. ഇല്ല ഹാജിയാരേ, നിങ്ങള്‍ എന്റെ ബാപ്പയെ കെട്ടിയിട്ട് തല്ലിയ ആ പറമ്പ് എനിക്ക് സ്വന്തമാക്കണമെന്ന് തോന്നി. എല്ലാം പണം കൊടുത്തു വാങ്ങാം എന്ന് നിങ്ങള്‍ ചിന്തിക്കുന്നു; നടക്കില്ല. ചെയ്യാത്ത കുറ്റത്തിന് ബാപ്പയോടും എന്നോടും കാണിച്ച ക്രൂരതകള്‍ ഒന്നും ഞാന്‍ മറന്നിട്ടില്ല. പക്ഷെ, നിങ്ങളോട് അതേ രീതിയില്‍ മറുപടി പറയുന്നില്ല. എന്റെ വീട്ടില്‍ വന്ന അതിഥിയായതുകൊണ്ട് നിങ്ങള്‍ക്ക് പോകാം. നിങ്ങളുടെ ആഗ്രഹം നടക്കില്ല.' നിശ്ശബ്ദം തലതാഴ്ത്തി മൂസഹാജി നടന്നു.

(തുടരും)



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


Keywords: Top-Headlines,Article, Ibrahim Cherkala,Kerala, Indestructible annoyances.
< !- START disable copy paste -->

Post a Comment