Follow KVARTHA on Google news Follow Us!
ad

പ്രകാശം പരത്തിയ കണ്ണുകള്‍

Eye that spreads light#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന  വെള്ളിനക്ഷത്രങ്ങള്‍ - ഭാഗം രണ്ട്

ഇബ്രാഹിം ചെര്‍ക്കള

(www.kvartha.com 28.05.2021) മനസ്സിന്റെ ഓരോ അറകളിലും പല നിറങ്ങളായി ശബ്ദങ്ങളായി പോയകാല ജീവിതത്തിന്റെ നിഴല്‍ചിത്രങ്ങള്‍. ബാപ്പ എന്ന ആളെ കണ്ടതായി ഓര്‍ക്കുന്നില്ല. ഉമ്മ കണ്ണീരോടെ പലപ്പോഴും തലയില്‍ തടവി മന്ത്രിക്കും. എന്നെയും മക്കളെയും ഒറ്റക്ക്‌വിട്ട് എങ്ങോട്ടാ പോയത്?. സിദ്ദീഖ് ഉസ്താദിന്റെ മനസ്സില്‍ ഇന്നും ആ ചോദ്യം ആവര്‍ത്തിക്കും.  

ബാപ്പ എവിടെയാണ് പോയത്?. വഴിയോരങ്ങളില്‍ കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നതെന്ന് ഉമ്മ പറഞ്ഞു.  നാല് പെണ്‍മക്കളുള്ള ദരിദ്രകുടുംബത്തിലാണ് ഉമ്മയുടെ ജനനം. സഹോദരികള്‍ പലവഴിയായി വിവാഹം ചെയ്തുപോയി. ഇളയവളാണ് ഉമ്മ. പ്രായം ഏറെ കഴിഞ്ഞാണ് വിവാഹം നടന്നത്. ഊരും പേരും അറിയാത്ത നാട്ടില്‍ നിന്നും എത്തിയ ഒരാളുടെ ഭാര്യയായി. ഉത്സവങ്ങളും പള്ളി നേര്‍ച്ചകളും നടക്കുന്ന സ്ഥലങ്ങളില്‍ തെരുവ് കച്ചവടം നടത്തി ആഴ്ചകളിലും മാസങ്ങളിലും മാത്രം വീടണയുന്ന ഒരാള്‍. ആദ്യ കുട്ടി ജനിച്ച് നാട്ടില്‍ നിന്നും പോയ ആള്‍ തിരിച്ചുവന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം. ദേശങ്ങള്‍ കടന്ന് എങ്ങോ പോയതാണെന്ന് ഉമ്മ പറയും.

Article, Ibrahim Cherkala, Eye that spreads light



വീണ്ടും പഴയതുപോലെ മാസങ്ങള്‍ തോറും എത്തും. വരുമ്പോള്‍ കുട്ടിക്ക് ധാരാളം സമ്മാനങ്ങളും കൊണ്ടുവരും. രണ്ടാമത്തെ കുട്ടിയായ തന്റെ ജനനത്തിന് ശേഷം ആറുമാസം കഴിഞ്ഞു ഒരിക്കല്‍ വന്നിരുന്നു. പിന്നെ ഉമ്മയുടെ കാത്തിരിപ്പ് അനന്തമായി. പലവഴിയായി അന്വേഷിച്ചു; ആരും കണ്ടവരില്ല.  പള്ളിനേര്‍ച്ചകളിലും ഉത്സവ പറമ്പുകളിലും ഉമ്മ രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ചു അന്വേഷിച്ചു നടന്നു.  പക്ഷെ ബാപ്പയെ കണ്ടെത്താന്‍ പറ്റിയില്ല.  നിരാശയുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ ഉമ്മ മക്കളെ വളര്‍ത്താന്‍ പാടുപെട്ടു.  

അയല്‍വീടുകളിലും പറമ്പുകളിലും ജോലിക്ക് പോയി. മക്കളെ പട്ടിണിക്കിടാതെ വളര്‍ത്തി. എന്നാല്‍ അധികകാലം ജ്യേഷ്ഠന്‍ ഉമ്മയുടെ അടുത്ത് നിന്നില്ല. ഒരു പകല്‍ എങ്ങോട്ടോ ഇറങ്ങിപ്പോയി. ഉമ്മയുടെ ജീവിതം വീണ്ടും ഭര്‍ത്താവിനെയും മകനെയും തേടിയുള്ളതായി. പക്ഷെ അന്വേഷണങ്ങള്‍ക്ക് ഫലം കണ്ടില്ല. ഉമ്മയെ രോഗങ്ങള്‍ ആക്രമിച്ച് തുടങ്ങി. ജോലിക്ക് പോകാന്‍ പറ്റാത്ത നാളുകള്‍... അരപട്ടിണിയും മുഴുപട്ടിണിയും കൊണ്ട് രണ്ടുപേരും കണ്ണീര്‍വാര്‍ത്തു. 

ഉമ്മ കെട്ടിപ്പിടിച്ച് കരയും. 'എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മോനെ ആര് നോക്കും.'  ഉമ്മയുടെ തേങ്ങലുകള്‍ക്ക് മുന്നില്‍ നിശ്ശബ്ദനായി കണ്ണുകള്‍ തുടയ്ക്കും. പെട്ടെന്നാണ് നാട്ടില്‍ വസൂരി എന്ന മഹാരോഗം പടര്‍ന്ന് തുടങ്ങിയത്. ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ല. എവിടെയോ പോയി വന്ന ഉമ്മ പനിച്ച് വിറച്ചുകൊണ്ടാണ് മടങ്ങിയെത്തിയത്. പിറ്റേദിവസം രാവിലെ നോക്കുമ്പോള്‍ ഉമ്മയുടെ ശരീരത്തില്‍ നിറയെ നീര്‍ക്കുമിളകള്‍. അരികില്‍ ഇരുന്നു കരയുന്ന മകനോട് ഉമ്മ പറഞ്ഞു 'മോനേ നീ ഇവിടെ നില്‍ക്കരുത്. ഇത് വസൂരിയാണ്. ഉമ്മ രക്ഷപ്പെടില്ല. മോന്‍ അമ്മാവന്റെ വീട്ടില്‍പോയ്‌ക്കോ.'  സിദ്ദീഖ് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു. പൊട്ടിപ്പൊട്ടി കരഞ്ഞു. 

വീട്ടില്‍ നിന്നും ഇറങ്ങി നടന്നു. അകലെയുള്ള ബന്ധുവീട്ടില്‍, അവരുടെ കറുത്ത മുഖങ്ങള്‍ കണ്ടു തള്ളിനീക്കിയ ദിവസങ്ങള്‍. ഭക്ഷണവും കുളിയും ഉറക്കവും എല്ലാം നഷ്ടപ്പെട്ട ദിനരാത്രങ്ങള്‍. അധികം വൈകാതെ ഉമ്മ മരണത്തിന് കീഴടങ്ങി. പ്രതീക്ഷകളുടെ എല്ലാ വാതിലുകളും അടഞ്ഞു. ഇരുട്ട് നിറഞ്ഞ ദിവസങ്ങള്‍ പിന്നെയും തള്ളി നീക്കി. എന്തുചെയ്യും?. എവിടെപ്പോകും?. കുഞ്ഞുമനസ്സില്‍ ചിന്തകള്‍ നീറിപ്പുകഞ്ഞു. 

ആശ്വാസവാക്കുകള്‍ പറയാന്‍ പോലും ആരുമില്ലാത്ത നിശ്ചലത.  ഇനിയും ഇവിടെ നിന്നാല്‍ ശ്വാസംമുട്ടി മരിച്ചുപോകും. എങ്ങോട്ട് പോകും?. കുഞ്ഞുചിന്തകളില്‍ ഒന്നും തെളിഞ്ഞില്ല.  ഇരുട്ടുനിറഞ്ഞ രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ നിശബ്ദമായ ഗ്രാമപാതയിലേക്ക് ഇറങ്ങി നടന്നു. ലക്ഷ്യമില്ലാത്ത യാത്ര.  കടവരാന്തയില്‍ കിടന്നുറങ്ങി. ചായക്കടയിലും വീട്ടുമുറ്റത്തും വിശക്കുമ്പോള്‍ കൈകള്‍ നീട്ടി. നടത്തം തുടര്‍ന്നു. ദിശയേതാണെന്നൊന്നും അറിയില്ല. നാലു ദിവസങ്ങള്‍ നീണ്ട നടത്തം ഒരു സന്ധ്യയ്ക്ക് എത്തിപ്പെട്ടത് ഒരു ചെറിയ പട്ടണകവലയില്‍. ചുറ്റും നോക്കി. തന്നെ തുറിച്ചുനോക്കുന്ന കണ്ണുകള്‍ക്ക് മുന്നില്‍ തലതാഴ്ത്തി നിന്നു. അലച്ചിലിന്റെ ക്ഷീണവും വിശപ്പിന്റെ കാഠിന്യവും മനസ്സും ശരീരവും തളര്‍ത്തി. ഇനി മുന്നോട്ട് നീങ്ങാന്‍ തീരെ ശക്തിയില്ല.  

അടുത്തുകണ്ട ആല്‍ത്തറയില്‍ ഇരുന്നു. പിന്നെ കിടന്നു. ക്ഷീണത്താല്‍ മയക്കത്തിലേക്ക് വഴുതിവീണു. ആരോ തന്നെ തട്ടിവിളിക്കുന്നത് പോലെ തോന്നി. പണിപ്പെട്ടു കണ്ണുതുറന്നു. മുന്നില്‍ ഒരു മനുഷ്യന്‍.  തലയില്‍ തൊപ്പിയുണ്ട്. കറുത്ത താടിയുള്ള വെളുത്ത മുഖം. നേരിയ പുഞ്ചിരി. 'എന്താ ഇവിടെ കിടക്കുന്നത്?.  നീ എവിടുന്നാ വരുന്നത്?' തലയില്‍ തടവിയുള്ള അയാളുടെ ചോദ്യം കേട്ട് മനസ്സില്‍ മഞ്ഞുകണങ്ങള്‍ പെയ്തു. 'എനിക്ക് ആരുമില്ല.' കണ്ണുകള്‍ നിറഞ്ഞു. ശബ്ദം ഇടറി, തേങ്ങിത്തേങ്ങി കരഞ്ഞു. 

അയാള്‍ ആശ്വസിപ്പിച്ചു. 'കരയണ്ട നീ വാ, നമുക്ക് എന്റെ വീട്ടില്‍ പോകാം.' കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് അയാള്‍ക്കൊപ്പം നടത്തി. അധികദൂരം നടന്നില്ല. ഇടവഴികള്‍ കടന്നു ഒരു ചെറിയ വീടിന് മുന്നില്‍ എത്തി.  അയാള്‍ വീട്ടില്‍ കേറിപ്പോയി. മടിയോടെ മുറ്റത്ത് നിന്നു ചുറ്റും നോക്കി. നേരിയ വെളിച്ചത്തില്‍ മുറ്റം നിറയെ പൂച്ചെടികള്‍ നോക്കി നിന്നു. 'വാ എന്താ അവിടെ നിന്നു കളഞ്ഞത്.' രണ്ടു കുട്ടികളും അയാളും ഭാര്യയും എല്ലാം മുറ്റത്തേക്ക് ഇറങ്ങിവന്നു. ചിരിയോടെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കുളിക്കാന്‍ വെള്ളം തന്നു.  പിന്നെ വസ്ത്രം. നല്ല രുചിയുള്ള ഭക്ഷണം, കൊതിയോടെ വാരിക്കഴിച്ചു.  

അയാള്‍ അരികില്‍ ഇരുന്ന് പിന്നെയും പിന്നെയും വിളമ്പി. കഴിക്കൂ, നല്ല വിശപ്പു കാണും. ഭക്ഷണം കഴിഞ്ഞു അവരുടെ കുട്ടികളുടെ അടുത്ത് തന്നെ പായ വിരിച്ചുതന്നു. അല്പസമയം കൊണ്ടുതന്നെ സിദ്ദീഖ് തന്റെ ജീവിതത്തിന്റെ കറുത്ത ദിനങ്ങളെ അയ്യൂബ് എന്ന മനുഷ്യനോട് വിവരിച്ചു. ഉറക്കമുണര്‍ന്നപ്പോള്‍ ഏറെ വൈകിയിരുന്നു. എഴുന്നേറ്റ് ചുറ്റും നോക്കി അയ്യൂബ്ഖാന്റെ ഭാര്യ ചിരിയോടെ അടുത്ത് വന്നു.  'മുഖം കഴുകി വാ... ചായ തരാം.' ചായയും ദോശയും കഴിച്ചു. പതുക്കെ മുറ്റത്തേക്ക് നടന്നു.  'നീ നന്നായി പഠിക്കണം.  നല്ല കുട്ടിയായി വളരണം.'  അയ്യൂബ്ക്ക ചേര്‍ത്ത് നിര്‍ത്തിപ്പറഞ്ഞു.  'നിന്നെ ഞാന്‍ യത്തീംഖാനയില്‍ ചേര്‍ക്കാം. അവിടെ നിന്നാല്‍ ധാരാളം കൂട്ടുകാരും പഠിപ്പിക്കാന്‍ ഉസ്താദന്മാരും എല്ലാം ഉണ്ടാകും. മിടുക്കനായി പഠിച്ച് നല്ലൊരു ജോലി നേടണം.' ആ മുഖത്തെ മായാത്ത പുഞ്ചിരി, സ്‌നേഹതലോടല്‍ ഒരു പുതിയ ഉണര്‍വ്വ് പകര്‍ന്നു.  

പിറ്റേദിവസം തന്നെ അയ്യൂബ്ക്കയുടെ കൂടെ  യത്തീംഖാനയില്‍ എത്തി. അവിടെ പുതിയൊരു ലോകം.  ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞെന്ന തോന്നല്‍ പതുക്കെ പതുക്കെ മാറിത്തുടങ്ങി. ഇടയ്ക്ക് അയ്യൂബ്ക്ക വരും; കൂടെ മക്കളും. കാര്യങ്ങള്‍ അന്വേഷിക്കും. പ്രതീക്ഷകളുടെ ആയിരം ചിന്തകള്‍ വിരിഞ്ഞു. ഏകാന്തതയുടെ നിദ്രാവിഹീനമായ ചില രാത്രികളില്‍ ഉമ്മയുടെ ദയനീയ മുഖം തെളിഞ്ഞുവരും.  പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ട് നിശ്ശബ്ദം നിലവിളിച്ച രാത്രികള്‍.

വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നുപോയത്. താന്‍ വളര്‍ന്നിരിക്കുന്നു. യത്തീംഖാനയിലെ പരിമിതമായ പഠനം തന്റെ അറിവിന്റെ ദാഹം കെടുത്തില്ലെന്ന് തോന്നിത്തുടങ്ങി. ഒരു ദിവസം അയ്യൂബ്ക്ക വന്നപ്പോള്‍ പറഞ്ഞു 'എനിക്ക് നല്ലൊരു ദര്‍സില്‍ ചേര്‍ന്നു പഠിക്കണം.' പുഞ്ചിരിയോടെ അയ്യൂബ്ക്ക തലയില്‍ തടവി.  'നിന്റെ ആഗ്രഹം അങ്ങനെയാണെങ്കില്‍ വഴിയുണ്ടാക്കാം. റംസാന്‍ അടുത്തില്ലേ.  ഇനി ഒരുമാസം കഴിഞ്ഞു അതിനെപറ്റി ചിന്തിക്കാം.'  മനസ്സ് നിറയെ മോഹങ്ങളുമായി പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു.  

യത്തീംഖാനയോട് വിട പറയുകയാണ്.  വര്‍ഷങ്ങളായി സ്‌നേഹവും അറിവും എല്ലാം പകര്‍ന്നുതന്ന ഗുരുനാഥന്മാര്‍... ചുറ്റും സന്തോഷത്തിന്റെ വലയം തീര്‍ത്ത സുഹൃത്തുക്കള്‍... എല്ലാവരോടും വിടപറയുമ്പോള്‍ മനസ്സില്‍ നേരിയ വേദന തോന്നി.  പുതിയ ലക്ഷ്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയര്‍ന്നു.

അയ്യൂബ്ക്ക സമ്മാനിച്ച പുതിയ വസ്ത്രവും ധരിച്ചു ചെറിയ ബാഗ് തൂക്കി നടന്നു.  മുന്നില്‍ വഴികാട്ടിയായി അയ്യൂബ്ക്കയും.  ഓടുമേഞ്ഞ വലിയ പള്ളി. ചുറ്റും ഖബറുകള്‍ നിറഞ്ഞ പള്ളിപ്പറമ്പ്.  അകലെയായി വീടുകള്‍.  വലിയ കുളം.  അതില്‍ തെളിഞ്ഞുനില്‍ക്കുന്ന വെള്ളത്തില്‍ കുഞ്ഞോളങ്ങള്‍.  ചുറ്റും നോക്കി അല്പസമയം കൂടി അങ്ങനെ നിന്നു.  അയ്യൂബ്ക്ക ആരോടോ സംസാരിക്കുന്ന ശബ്ദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി. വെളുത്ത തലപ്പാവ്, അധികം നരബാധിക്കാത്ത നീണ്ട താടി.  പ്രകാശം പരത്തുന്ന കണ്ണുകള്‍.  പുഞ്ചിരി വിടര്‍ന്ന മുഖം.  ചുണ്ടുകളില്‍ മാന്ത്രിക ചലനം. പേര് കേട്ട മതപണ്ഡിതനാണ് സിറാജുദ്ദീന്‍ ഉസ്താദ്.  ഭയഭക്തി ബഹുമാനത്തോടെ ആ മുഖത്ത് നോക്കി.  മനസ്സില്‍ ആത്മീയ ചൈതന്യം നിറഞ്ഞു.

(തുടരും)

Also Read :



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14


Keywords: Kerala, Article, Ibrahim Cherkala, Boy, Mother, Death, Father, Orphan, Eye that spreads light

Post a Comment