Follow KVARTHA on Google news Follow Us!
ad

വലിയ വലിയ സന്തോഷങ്ങൾ

Great big joys #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - ഭാഗം 7

ഇബ്രാഹിം ചെര്‍ക്കള

(www.kvartha.com 03.07.2021) പ്രഭാതത്തിന്റെ തണുപ്പ് കുറേശ്ശെ അകന്നു. സൂര്യപ്രകാശത്തിന്റെ കൊച്ചുകിരണങ്ങള്‍ ഭൂമിയെ ചുംബിച്ചു. തെങ്ങും കവുങ്ങും തിങ്ങിനിറഞ്ഞ പറമ്പിലൂടെ അഷ്‌റഫ് ഹാജി നടന്നു. തലമുറകളായി ചെയ്തുവരുന്ന കൃഷികള്‍. മഴക്കാലം വന്നാല്‍ പിന്നെ ആഘോഷമാണ്. നെല്‍കൃഷിയുടെ ആരംഭം. വയലുകളും നാടും ഉണരും. എങ്ങും ആളും ബഹളവും. അടുത്ത ഗ്രാമങ്ങളില്‍ നിന്നുപോലും ജോലിക്കാര്‍ എത്തും. കുഞ്ഞിരാമനാണ് എല്ലാം നോക്കിനടത്തുന്നത്. ഓരോ കൃഷിയുടെ രീതിയും വിത്തും വളവും ചേര്‍ക്കാന്‍ കുഞ്ഞിരാമന് നന്നായറിയാം. അതുപോലെ എല്ലാം ആത്മാര്‍ത്ഥമായി ചെയ്യും.

ഇപ്പോള്‍ പഴയതുപോലെ നെല്‍കൃഷി ഇല്ല. അധിക സ്ഥലങ്ങളും തെങ്ങും കവുങ്ങും നട്ടു. കൃഷിക്ക് ആളെ കിട്ടുന്നില്ല. അതുമാത്രമല്ല കൂലിയും വര്‍ദ്ധിച്ചു. പഴയകാലത്ത് നെല്‍കൃഷി ഒരു ആചാരം പോലെ നടന്നിരുന്നു. ഞാറ് നടീലും കള പറിക്കലും അവസാനം കൊയ്ത്തും എല്ലാം ഉത്സവമാണ്. കൃഷിപ്പണിക്ക് കൂലി നെല്ലാണ്. അതുകൊണ്ട് ഉടമയ്ക്കും തൊഴിലാളിക്കും ഒരുവര്‍ഷത്തെ ഭക്ഷണത്തിനുള്ള അരി കിട്ടിയിരുന്നു. നെല്‍കൃഷി കഴിഞ്ഞാല്‍ കിഴങ്ങും പച്ചക്കറികളും കൃഷി നടത്തും. ഇതും ആഹാരത്തിന്റെ കാര്യത്തില്‍ പ്രധാനമാണ്.

കുഞ്ഞിരാമന് പ്രായം കൂടി. എന്നാലും എന്നും രാവിലെതന്നെ എത്തും. പറമ്പില്‍ ഓരോ പണിയുമായി നടക്കും. ഹാജിയാര്‍ ചുറ്റും നോക്കി നടന്നു. കുഞ്ഞിരാമന്‍ തെങ്ങിന് വെള്ളം അടിക്കുകയാണ്. 'കുഞ്ഞിരാമാ, വടക്കേ പറമ്പിലെ തേങ്ങ ഇടീക്കണം. പീടിക പറമ്പിലും തേങ്ങ വീണുകിടക്കുന്നത് കണ്ടു.'
'തെങ്ങുകയറ്റക്കാരന്‍ അരവിന്ദനെ ഇന്നലെയും കണ്ടു പറഞ്ഞതാ. കുറച്ചു തിരക്കുണ്ടെന്നാ പറഞ്ഞത്.'
'തേങ്ങയ്ക്ക് നല്ല വിലയുണ്ട്. അതുകൊണ്ട് എല്ലാം വേഗത്തില്‍ പറിച്ചെടുക്കണം. വീണാല്‍ കിട്ടാന്‍ ബുദ്ധിമുട്ടും.'

Great big joys, Ibrahim Cherkala

ഹാജിയാര്‍ മറ്റൊരു ഭാഗത്തേക്ക് തിരിഞ്ഞു നടന്നു. അടുത്ത കാലത്തായി റബ്ബര്‍ കൃഷിക്കും കൊക്കോ കൃഷിക്കുമാണ് ആളുകള്‍ തിടുക്കം കാട്ടുന്നത്. അല്പം അകലെയുള്ള കുന്നിന്‍പ്രദേശത്ത് കുറേ റബ്ബര്‍ കൃഷിയുണ്ട്. അത് നോക്കുന്നത് അവിടെയുള്ള തോമസ്സാണ്. അയാള്‍ക്കും കുറേ റബ്ബര്‍ ഉണ്ട്, പറ്റിയ തൊഴിലാളികളും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയത്തുനിന്നും വന്നവരാണ് തോമസ്സും കുടുംബവും. കാടും മലയുമായിരുന്ന ആ പ്രദേശം മുഴവനും ഇന്ന് ധാരാളം വീടുകളും സ്‌കൂളും ചര്‍ച്ചും എല്ലാം വന്നു. കഠിനാദ്ധ്വാനം കൊണ്ട് അവിടെ നല്ലൊരു നാട് പിറവിയെടുത്തു.

'റാബിയാ.... റാബിയാ...' ഹാജിയാര്‍ നീട്ടി വിളിച്ചു. അകത്തുനിന്ന് ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. ഹാജിയാര്‍ വീടിനകത്തെത്തി. റാബിയ അടുക്കളയില്‍ ജോലിയിലായിരിക്കും. തസ്‌നി ഇനിയും ഉണര്‍ന്നില്ലേ. മകളുടെ മുറിയിലേക്ക് നടന്നു. അവള്‍ കിടക്കുകയാണ്. ഇന്ന് ഞായറാഴ്ചയാണ്, കോളേജില്ല. ഹാജിയാര്‍ അല്പസമയം മകളെത്തന്നെ നോക്കി നിന്നു. മൂത്ത മകള്‍ ഷാഹിനയുടെ വിവാഹം നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവളും കുഞ്ഞുങ്ങളും വന്നാല്‍ പിന്നെ കളിയും ചിരിയും ബഹളവുമാണ്. തസ്‌നി അവളെപ്പോലെ അല്ല. അല്പം വാശിക്കാരിയാണ്. സ്‌കൂള്‍ പഠിത്തം കഴിഞ്ഞാല്‍ കല്യാണം കഴിച്ചുവിടണമെന്ന് ആഗ്രഹിച്ചതാണ്. സമ്മതിച്ചില്ല. കോളേജില്‍ പഠിക്കണം. ആദ്യം ശ്രദ്ധിക്കാനേ പോയില്ല. പട്ടണത്തില്‍ പോയി പഠിക്കുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്തു കുറേ എതിര്‍ത്തു.

പക്ഷെ, ഉമ്മയും മകന്‍ നൗഫലും തസ്‌നിയുടെ ഭാഗം ചേര്‍ന്നു. 'അവളുടെ ഇഷ്ടം അങ്ങനെയാണെങ്കില്‍ പഠിക്കട്ടെ.' റാബിയയുടെ വാക്കുകള്‍ ഒരിക്കലും തള്ളിക്കളയാറില്ല. ഏത് കാര്യങ്ങളിലും അവളുടെ അഭിപ്രായം ചോദിക്കുകയും ചെയ്യും. കാരണം, ഏതു പ്രശ്‌നങ്ങള്‍ക്കും ഉചിതമായ ഒരു തീരുമാനവും ഉത്തരവും കണ്ടെത്താന്‍ വലിയ മിടുക്കാണവള്‍ക്ക്. പഠിപ്പും വിദ്യാഭ്യാസവും മാത്രമല്ല, പാരമ്പര്യമായ ചില ബുദ്ധിയും കഴിവും ചിലര്‍ക്ക് കിട്ടുന്നത് വലിയ അനുഗ്രഹമാണ്. ഹാജിയാര്‍ ചിന്തയോടെ അടുക്കളയിലേക്ക് നടന്നു. വേലക്കാരി നബീസത്താത്തയും റാബിയയും ജോലിത്തിരക്കിലാണ്.

'റാബിയാ, ചായ...' അവര്‍ പെട്ടെന്ന് ജോലി നിര്‍ത്തി ഗ്ലാസ്സില്‍ പകര്‍ന്നു നീട്ടിയ ചായയും വാങ്ങി ഹാജിയാര്‍ ഹാളിലേക്ക് നടന്നു. പിന്നാലെ റാബിയയും. 'നൗഫലിന്റെ ഭാര്യയുടെ പ്രസവം അടുക്കുകയല്ലേ, നമ്മള്‍ ഒന്നുപോയി കാണണം. മൂത്ത കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവന്നാലോ, അത് അവള്‍ക്ക് ആശ്വാസമാകില്ലേ? ഞാന്‍ കഴിഞ്ഞ ആഴ്ചയില്‍ പോയപ്പോള്‍ തന്നെ കുട്ടിയെ കൂട്ടാന്‍ നോക്കിയതാ. അവളുടെ ഉമ്മയ്ക്ക് അത് ഇഷ്ടമല്ല; പിന്നെ എതിര്‍ക്കാന്‍ പോയില്ല. സമയം ആകുമ്പോള്‍ അവധി കിട്ടിയാല്‍ വരാമെന്നാണ് നൗഫല്‍ പറഞ്ഞത്. അങ്ങനെ അവധികിട്ടുമോ? അറബി ലണ്ടനില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ജോലിത്തിരക്ക് കൂടുതലാണെന്നാണ് രണ്ടുദിവസം മുമ്പ് ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത്.'

മുറ്റത്തുനിന്നും ഉറക്കെയുള്ള സംസാരം കേട്ട് ഹാജിയാര്‍ വാതില്ക്കല്‍ എത്തി. ഗോപിനാഥന്‍ മാഷും അജ്മലും മറ്റു രണ്ടുപേരും ഉണ്ട്. 'വാ, മാഷേ, വരിന്‍.' എല്ലാവരും അകത്ത് കേറിയിരുന്നു. 'മാഷെ ഇപ്പോള്‍ തീരെ കാണാറേയില്ലല്ലോ.' 'എന്ത് പറയാനാ, ഓരോ കാര്യങ്ങള്‍ക്കായി ഓടി നടക്കണം. ജോലിയില്‍ നിന്നും വിരമിച്ചെങ്കിലും ഒഴിവ് കിട്ടുന്നില്ല. സ്വന്തം കാര്യങ്ങളും അതുപോലെ നാട്ടിലെ പ്രശ്‌നങ്ങളും. ഇവരുടെ കൂടെ ഇല്ലെങ്കില്‍ എല്ലാം മടിയന്മാരാണ്.' എല്ലാവരും ചിരിച്ചു. 'റാബിയാ... റാബിയാ...' ഹാജിയാര്‍ അകത്തേക്കു നോക്കി വിളിച്ചു. 'ചായ കൊണ്ടുവാ.'

'ഞങ്ങള്‍ ആ റഷീദിക്കാന്റെ വീടിന്റെ പിരിവിനിറങ്ങിയതാ.' മാഷ് വിഷയത്തിലേക്ക് കടന്നു. 'പണി എവിടെവരെയായി' കോണ്‍ക്രീറ്റ് കഴിഞ്ഞു ഇനിയും കുറേ പൈസ വേണം. റാബിയ ചായയുമായി എത്തി. 'മാഷേ, സുഖമാണോ, രാധച്ചേച്ചിയുടെ അസുഖം മാറ്റമുണ്ടോ?' 'ഇപ്പോള്‍ നല്ല സുഖമുണ്ട്.'
അജ്മലിനെ ശ്രദ്ധിച്ചു. 'നീ വഴിയെല്ലാം മറന്നു അല്ലേ അജ്മലേ?' അജ്മല്‍ ചിരിയോടെ ഉമ്മയുടെ മുഖത്തു തന്നെ നോക്കി. ചെറുപ്പത്തില്‍ അവരുടെ കൈകൊണ്ടുണ്ടാക്കിയ രുചിയുള്ള ഭക്ഷണം കുറേ കഴിച്ചതാണ്. ആഴ്ചയില്‍ കിട്ടുന്ന നേര്‍ച്ചക്കഞ്ഞിയുടെ സ്വാദ് ഇപ്പോഴും നാവിലുണ്ട്.

'ഇല്ല, ഓരോ തിരക്കില്‍ ഇങ്ങനെ' നിന്റെ ഉമ്മയുടെ അസുഖം എങ്ങനെ, മാറ്റമുണ്ടോ? എന്നും കരുതും, ഒന്നങ്ങോട്ട് വരണമെന്ന്, ഇവിടെ നൂറു കൂട്ടം പണി; സമയം കിട്ടണ്ടേ?' ഹാജിയാര്‍ ചിരിച്ചു- 'ഇവള്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവിടത്തെ ജോലി മുഴുവനും ഒറ്റയ്ക്ക് ചെയ്യുകയാണെന്ന്. എല്ലാത്തിനും സഹായിക്കാന്‍ ആളുകള്‍ ഉണ്ട്. പക്ഷെ, ഇവളുടെ നോട്ടം എവിടെയും വേണം. എന്റെ എല്ലാ കാര്യങ്ങളുടെയും ബുദ്ധി ഇവള്‍ തന്നെയാണ്.' അതുകേട്ട് എല്ലാവരും ചിരിച്ചു. റാബിയ പതുക്കെ അകത്തേക്ക് വലിഞ്ഞു.

'എന്തുവേണമെന്ന് മാഷ് തന്നെ പറഞ്ഞാല്‍ മതി. നിങ്ങള്‍ ചെയ്യുന്ന ഏത് നല്ല കാര്യങ്ങളിലും എന്റെ സഹായവും സഹകരണവും ഉണ്ടാകും. വീടിന് പണം തികയാതെ വന്നാല്‍ പറയണം. നൗഫല്‍ ഗള്‍ഫില്‍ നിന്നും വിളിക്കുമ്പോള്‍ ഞാന്‍ പറയാം. അവരുടെ ഒരു ചാരിറ്റി സംഘടന ഉണ്ട്. പാവപ്പെട്ടവരുടെ എല്ലാ പ്രശ്‌നങ്ങളിലും അവര്‍ ഇടപെടുന്നു; നല്ല സംഖ്യ കിട്ടുകയും ചെയ്യും.' 'ഇപ്പോള്‍ നാട്ടില്‍ നിന്നു കുറച്ചുപേരെ കണ്ട് നോക്കട്ടെ. തികയാതെ വന്നാല്‍ അറിയിക്കാം - ഞങ്ങള്‍ ഇറങ്ങട്ടെ' മാഷ് എഴുന്നേറ്റ് നടന്നു.

ഹാജിയാര്‍ അജ്മലിനെ ശ്രദ്ധിച്ചു. നിന്റെ ജോലിക്കാര്യം എന്തായി 'ഒന്നും ശരിയായില്ല.' 'ബാപ്പയ്ക്ക് വയസ്സായി വരികയല്ലേ, ഉമ്മയുടെ അസുഖവും. ഉസ്താദ് ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. പെട്ടെന്ന് ഒരു ജോലി കണ്ടുപിടിക്ക്. എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയാന്‍ മടിക്കരുത്.' ഹാജിയാരുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ മനസ്സില്‍ സന്തോഷം പകര്‍ന്നു. മാഷിന് പിന്നാലെ വേഗതയില്‍ നടന്നു. മനസ്സില്‍ തസ്‌നിയുടെ മുഖം തെളിഞ്ഞു. ചുറ്റും ഒന്നു നോക്കി. കുട്ടിക്കാലത്ത് എത്രയോ സമയം കളിച്ചുനടന്ന മുറ്റം... ഓര്‍മ്മകളില്‍ കുസൃതികള്‍ വിടര്‍ന്നു.

'റാബിയാ... റാബിയാ...' ഹാജിയാരുടെ ശബ്ദം ഉയര്‍ന്നു. 'എന്താണ് ബാപ്പാ' തസ്‌നി മുന്നില്‍ എത്തി. 'ഉമ്മ എവിടെ?...' 'അടുക്കള മുറ്റത്ത് മുളക് ഉണക്കാന്‍ ഇടുകയാ...' 'ഒന്ന് വിളിക്ക്. ബാങ്കില്‍ പോകണം. ആ പാസ്സ്ബുക്കും മറ്റും എടുത്തുവെക്കാന്‍ പറയണം.' തസ്‌നി അടുക്കളയിലേക്ക് നടന്നു. ചിരിയോടെ റാബിയ എത്തി. 'പാസ്ബുക്കും കാര്‍ഡും എല്ലാം ആ കപ്പാട്ടില്‍ ഇല്ലേ?' ഹാജിയാര്‍ മന്ദഹാസത്തോടെ നോക്കി. 'അത് നീ തന്നെ അല്ലേ എടുക്കുന്നതും വെക്കുന്നതും. അതുകൊണ്ടാ.' റാബിയ എല്ലാം എടുത്തു കൊടുത്തു. 'ഞാന്‍ ടൗണ്‍ വരെ പോയി വരാം. നിനക്ക് എന്തെങ്കിലും വാങ്ങാന്‍ ഉണ്ടോ?' സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ഏല്‍പ്പിച്ചു. തസ്‌നിക്ക് ചില നോട്ടുബുക്കുകള്‍ വാങ്ങാന്‍ പറഞ്ഞു. ഹാജിയാര്‍ ചിന്തയോടെ റാബിയയെത്തന്നെ നോക്കി. 'എന്താ ഇങ്ങനെ നോക്കുന്നത്?' 'തസ്‌നിയുടെ കാര്യം ചിന്തിച്ചതാ. അവള്‍ കോളേജും പഠിത്തവും ഒക്കെ പറഞ്ഞു ഇനിയും എത്രകാലം നടക്കും. വിവാഹം കഴിച്ച് അയച്ചിരുന്നെങ്കില്‍ വലിയ ആശ്വാസം കിട്ടുമായിരുന്നു.'

'എന്തിനാണ് പെട്ടെന്ന് വിവാഹം. അവള്‍ നമ്മുടെ ചെറിയ കുട്ടിയല്ലേ. ഇഷ്ടമുള്ളത്ര പഠിക്കട്ടെ. അവളുടെ സന്തോഷവും ചിരിയുമാണ് നമ്മുടെ സമാധാനം. ആവശ്യമില്ലാതെ വെപ്രാളം എന്തിനാണ്. ഷാഹിനയെത്തന്നെ പെട്ടെന്ന് വിവാഹം കഴിച്ച് അയച്ചത് തെറ്റായിപ്പോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തസ്‌നിയുടെ മിടുക്കും സാമര്‍ത്ഥ്യവും ഒന്നും അവള്‍ക്ക് ഇല്ല. മനസ്സില്‍ ചെറിയ വിഷമം തട്ടിയാല്‍ ഇരുന്നു കരയും. അതാണ് ഷാഹിന. കല്യാണം കഴിഞ്ഞ ഉടനെ പ്രസവിച്ചു. കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നതിന് മുമ്പ് അടുത്ത പ്രസവവും അടുക്കും. പെണ്‍കുട്ടികള്‍ക്ക് അവരുടെ ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം തുറന്ന് പറഞ്ഞു കളിച്ചു നടക്കാന്‍ കുറച്ച് സമയം വേണം. പഴയകാലമല്ല, എന്റെ ഒക്കെ കാലത്ത് പത്ത് വയസ്സ് കഴിഞ്ഞാല്‍ പിന്നെ വീട്ടുകാരുടെ ചിന്ത മോളുടെ വിവാഹം. ഇന്ന് ഓര്‍ക്കുമ്പോള്‍ തമാശയമായി തോന്നാം.' ഹാജിയാര്‍ ഭാര്യയുടെ ഓരോ വാക്കും പുഞ്ചിരിയോടെ കേട്ടുനിന്നു. നിന്റെ ഇഷ്ടംപോലെ നടക്കട്ടെ. എന്റെ ആഗ്രഹം പറഞ്ഞതാണ്.


Also Read :



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14

(തുടരും)

Keywords: Kerala, Article, Ibrahim Cherkala, House, Farmers, Farming, Girl, Marriage, Charity, Great big joys.



Post a Comment