കണ്ണീരുകൾക്കിടയിലെ മന്ദഹാസം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 5

ഇബ്രാഹിം ചെർക്കള

(www.kvartha.com 20.06.2021) മുറ്റത്ത് ഉച്ചവെയില്‍ ചിത്രങ്ങള്‍ വരച്ച് വേനല്‍ കനക്കുകയാണ്. വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കൃത്യമായ മഴയും വെള്ളവും ഒന്നും ഇപ്പോള്‍ കിട്ടുന്നില്ല. ചൂട് അധികരിച്ചുവരുന്നു. എല്ലാ സമയത്തും നല്ല വെള്ളം കിട്ടാറുള്ള കിണറുകള്‍ ഇപ്പോള്‍ വറ്റിത്തുടങ്ങി. സിദ്ദീഖ് ഉസ്താദിന്റെ ചിന്തകള്‍ പലവഴിയായി ചിതറി. ഭാര്യ നല്ല ഉറക്കിലാണ്. അസുഖം വന്നതിന് ശേഷം അധികവും ഇങ്ങനെയാണ്. രാത്രിയില്‍ ഉറക്കം കുറവാണ്. ഷമീമയും ഉറങ്ങാറില്ല.

ഉമ്മയുടെ അടുത്തുതന്നെ കിടന്നു അവരോട് ഓരോന്നും ചോദിച്ചും ആശ്വസിപ്പിച്ചും സമയം കളയും. മകളുടെ രൂപം മനസ്സില്‍ തെളിഞ്ഞപ്പോള്‍ സിദ്ദീഖ് ഉസ്താദിന്റെ മനസ്സില്‍ വേദനയുടെ സൂചിമുനകള്‍ തറച്ചു. അവളുടെ പ്രായത്തില്‍ ഉള്ളവര്‍ വിവാഹം കഴിഞ്ഞു കുട്ടികളുമായി ജീവിക്കുന്നു. ഷമീമയ്ക്ക് ആ ഭാഗ്യം എന്നാണ് എത്തിച്ചേരുന്നത്. ഖദീജയുടെ മരുന്ന് തീരാന്‍ പോകുന്ന കാര്യം മകള്‍ ഇന്നലെ ഓര്‍മ്മപ്പെടുത്തിയതാണ്. ഇന്നും വാങ്ങാന്‍ പറ്റിയില്ല.
Aster mims 04/11/2022

കണ്ണീരുകൾക്കിടയിലെ മന്ദഹാസം

ശമ്പളം കിട്ടി ഒരാഴ്ച കഴിയുമ്പോള്‍ തന്നെ അത് തീരും. പിന്നെ കടം പറച്ചിലിന്റെ നാളുകള്‍. അജ്മലിന് ഒരു ജോലി കിട്ടിയിരുന്നുവെങ്കില്‍ ചെറിയ ആശ്വാസം കിട്ടുമായിരുന്നു. ആരോട് കടം ചോദിക്കും. അഷ്‌റഫ് ഹാജിയോട് ചോദിക്കാന്‍ പറ്റില്ല. പലപ്പോഴും ചോദിക്കാതെ തന്നെ സഹായിക്കും. ദാമോദരന്‍ വൈദ്യരോട് കടം പറയുന്നത് ശരിയല്ല. പഴയതുപോലെ ഇപ്പോള്‍ വൈദ്യര്‍ക്ക് കച്ചവടം ഇല്ല. അധികപേരും ഡോക്ടര്‍മാരുടെ ചികിത്സ തേടുന്നതുകൊണ്ട് വൈദ്യര്‍ ബുദ്ധിമുട്ടിലാണ്. കൂട്ടുകാരും പരിചയക്കാരും ഏറെ ഉണ്ടെങ്കിലും കടം ചോദിക്കാന്‍ വലിയ മടിയാണ്.

സബീനപ്പാട്ടുകളും കിത്താബുകളും അത്തറും എല്ലാം വില്‍ക്കാന്‍ വരുന്ന കുഞ്ഞാലിയെ ഇപ്പോള്‍ കുറേ ദിവസമായി കാണാറില്ല. അവനെ കണ്ടാല്‍ കുറച്ചു പൈസ കടം വാങ്ങാമായിരുന്നു. ചിലപ്പോള്‍ അവനും ചില്ലറ കടങ്ങള്‍ കൊടുക്കാറുണ്ട്. 'ഉപ്പാ, റേഷന്‍ വാങ്ങിയിട്ടില്ല; ഉമ്മാന്റെ മരുന്ന് രണ്ട് ദിവസത്തേക്കുകൂടിയേ ഉള്ളൂ.' ഷമീമയുടെ ശബ്ദം സിദ്ദീഖ് ഉസ്താദിനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. മകളെത്തന്നെ അല്പസമയം നോക്കിനിന്നു.

പിന്നെ എഴുന്നേറ്റ് ഖദീജയുടെ മുറിയിലേക്ക് നടന്നു. നേരിയ മയക്കത്തിലാണ്. കണ്ണുതുറന്നു നോക്കി. അരികില്‍ ഇരുന്നു നെറ്റിയില്‍ തടവി ആശ്വസിപ്പിച്ചു. ഖദീജ കൈയില്‍ അമര്‍ത്തിപ്പിടിച്ചു. 'എന്റെ മോള്, അവളെ ഇനിയും ഇവിടെ ഇങ്ങനെ കഷ്ടപ്പെടുത്തണോ? അവള്‍ക്ക് ഒരു വിവാഹം വേണ്ടേ?' ഖദീജ ശ്വാസം കിട്ടാതെ വെപ്രാളം കാട്ടി. 'നീ അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട. എല്ലാം സമയമാകുമ്പോള്‍ നടക്കും.' സിദ്ദീഖ് ഉസ്താദ് പതുക്കെ എഴുന്നേറ്റ് നടന്നു.

ഇനിയും അവിടെ ഇരുന്നാല്‍ ഓരോന്നും പറഞ്ഞു അവള്‍ കരഞ്ഞുതുടങ്ങും. അത് കാണാന്‍ പറ്റില്ല. വരാന്തയില്‍ ഇറങ്ങി. മുറ്റത്ത് പുസ്തകവും പിടിച്ചു നില്‍ക്കുന്ന അജ്മലിനെ ഒന്നു നോക്കി. 'എങ്ങോട്ടാ മോനെ?'' 'വായനശാല വരെ ഒന്നു പോകണം.' 'ആ ഖാദര്‍ പറഞ്ഞ ജോലിയെപ്പറ്റി നീ അന്വേഷിച്ചോ.' അജ്മല്‍ ഒന്നും പറഞ്ഞില്ല. 'എന്താ നീ പോയി നോക്കിയില്ലേ.' 'അത് ശരിയാകില്ല ഉപ്പാ, ചെറിയ ശമ്പളം. രാവിലെ തുടങ്ങി രാത്രിവരെ ജോലിയും ചെയ്യണം. കണക്കെഴുത്തു മാത്രമല്ല, ലോറിയില്‍ വരുന്ന സാധനങ്ങള്‍ ഇറക്കണം, മറ്റു ചിലത് കയറ്റിക്കൊടുക്കണം. നോക്കട്ടെ, വേറെയും ചിലത് പറഞ്ഞിട്ടുണ്ട്.'

അജ്മല്‍ ഇറങ്ങി നടന്നു. മനസ്സില്‍ ചോദ്യങ്ങളുടെ കടല്‍ ഇരമ്പി. എവിടെയും എത്താത്ത ചിന്തകള്‍, ഉപ്പയ്ക്ക് വയസ്സായിവരുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് നോക്കി നടത്താന്‍ പള്ളിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് നടക്കില്ല. ഉമ്മയുടെ മരുന്നിന് തന്നെ നല്ലൊരു സംഖ്യ വേണം. പിന്നെ നാലുപേരുടെ ചെലവ്. പഠിച്ചു ഡിഗ്രി എടുത്തത് വെറുതെയായെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പഠിച്ചില്ലായിരുന്നെങ്കില്‍ കിട്ടുന്ന കൂലിപ്പണി ചെയ്ത് ജീവിക്കാമായിരുന്നു. ഇപ്പോള്‍ അതിന് മനസ്സ് അനുവദിക്കുന്നില്ല. നടന്നു വായനശാലയില്‍ എത്തിയത് അറിഞ്ഞതേയില്ല.

ബെഞ്ചില്‍ ഇരുന്ന് പത്രം വായിക്കുന്ന കൂട്ടുകാരെ ഒന്നു നോക്കി. അന്‍വറും, രാജേഷും, റഫീഖും എല്ലാം എത്തിക്കഴിഞ്ഞിരിക്കുന്നു. അല്പസമയം അവിടെ ഇരുന്നു വായിച്ചു. അജ്മല്‍ നമ്മുടെ റാഷിദിന്റെ വീട് പണിയുടെ പിരിവിന് പോകണം. ഇനിയും കുറെ കാശ് വേണം പണി മുന്നോട്ട് പോകാന്‍. അന്‍വര്‍ അത് പറഞ്ഞു വായനശാലയ്ക്ക് പുറത്തേക്ക് നടന്നു. പിന്നാലെ കൂട്ടുകാരും. ചില വീടുകള്‍ കൂടി കേറിയിറങ്ങാം. ഇന്നലെ ഗോപിനാഥന്‍ മാഷ് കണ്ടപ്പോഴും ഇതുതന്നെയായിരുന്നു ചര്‍ച്ച. ആ നാരായണിയമ്മയുടെ ചികിത്സാസഹായവും പെട്ടെന്ന് ശരിയാക്കിക്കൊടുക്കണം. അവരെ കോയമ്പത്തൂര്‍ ആസ്പത്രിക്ക് കൊണ്ടുപോകുന്നെന്ന് മാഷ് പറഞ്ഞു. റാഫി ഒന്നും പറയാതെ നടന്നു നീങ്ങി. 'നീ എങ്ങോട്ടാ ഇത്ര തിരക്കില്‍. പിരിവിന്റെ കാര്യം എന്താണ് ചെയ്യുന്നത്.' ഇന്ന് സമയമില്ല. നാളെ രാവിലെ തന്നെ എല്ലാവരും വന്നാല്‍ നമുക്ക് വേണ്ടത് ചെയ്യാം. എല്ലാവര്‍ക്കും അത് സമ്മതമായി. കൂട്ടുകാര്‍ വഴിപിരിഞ്ഞു പോയപ്പോള്‍ അജ്മല്‍ അല്പസമയം കൂടി വായനശാലയ്ക്ക് മുന്നില്‍ ഇരുന്നു.

'ഓ... അജ്മല്‍ക്ക നാട്ടില്‍ തന്നെ ഉണ്ടോ?' ചോദ്യം കേട്ടു തലയുയര്‍ത്തി നോക്കി. മുന്നില്‍ പുഞ്ചിരിയുമായി തസ്‌നി. ശബ്ദം നഷ്ടപ്പെട്ടവനായി നിന്നു. അവളെ മിഴിച്ച് നോക്കി. 'എന്താ പരിചയമില്ലാത്തതു പോലെ ഇങ്ങനെ നോക്കുന്നത്. കുറേ നാളായില്ലേ കാണാതെ' 'അത് കള്ളം' - അവള്‍ ചിരിച്ചു. 'ഞാന്‍ പലപ്പോഴും കോളേജില്‍ പോകുമ്പോള്‍ കാണാറുണ്ട്. പക്ഷെ, അജ്മല്‍ക്ക ശ്രദ്ധിക്കാറില്ല. അതോ കണ്ടിട്ടും കാണാത്തതായി അഭിനയിക്കുന്നതാണോ? നിങ്ങള്‍ ആണുങ്ങള്‍ അങ്ങനെയാണ്. എല്ലം പെട്ടെന്ന് മറക്കും. പക്ഷെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ അങ്ങനെയല്ല, മനസ്സില്‍ പതിഞ്ഞ ചില മുഖങ്ങള്‍, ജീവിത മുഹൂര്‍ത്തങ്ങള്‍ അത് എന്നും തറച്ച് നില്‍ക്കും.'

അജ്മല്‍ ഒന്നും പറയാതെ അവളെ തന്നെ നോക്കി നിന്നു. കുട്ടിക്കാലത്ത് കുസൃതി കാണിച്ചുനടക്കുന്ന പെണ്ണ് ഇപ്പോള്‍ വളര്‍ന്ന് ഏറെ സുന്ദരിയായിരിക്കുന്നു. പഴയ വായാടിത്വം ഇപ്പോഴും ഉണ്ട്. എന്തും തുറന്നു പറയും. 'എന്താ ചിന്തിക്കുന്നത്?' 'ഒന്നുമില്ല, ഞാന്‍ ഒന്നും മറന്നിട്ടില്ല തസ്‌നി. ജീവിതത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ എന്താണ് ഏതാണ് എന്ന ചോദ്യം മാത്രം. തസ്‌നിയുടെ കോളേജ് പഠിത്തമൊക്കെ എങ്ങനെ?' 'എല്ലാം നന്നായി പോകുന്നു. ആദ്യ വര്‍ഷമല്ലേ? അജ്മല്‍ക്കാന്റെ ജോലിക്കാര്യം എന്തായി.' 'ഉമ്മയുടെ അസുഖം, പിന്നെ ഷമീമയെ വിവാഹം ചെയ്തു വിടണം. അങ്ങനെ ഏറെ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഞാന്‍.'

'സമയം പോയി. ഒരു പുസ്തകം എടുക്കാന്‍ വന്നതാ ഞാന്‍. കാണാം.' അവള്‍ വായനശാലയിലേക്ക് കേറി. അജ്മല്‍ വേഗതയില്‍ നടന്നു. പള്ളിയില്‍ എത്തി നിസ്‌കാരം കഴിഞ്ഞു, അല്പസമയം അന്‍വറിനോട് സംസാരിച്ചശേഷം വീട്ടിലേക്ക് നടന്നു. ഇരുട്ടു നിറഞ്ഞ വഴികളിലൂടെ നടന്നു നീങ്ങുമ്പോഴും മനസ്സില്‍ ഓര്‍മ്മകളുടെ പ്രകാശം പരന്നു. മനോഹരമായ കുട്ടിക്കാലം. മദ്രസയിലും സ്‌കൂളിലും ഇണങ്ങിയും പിണങ്ങിയും കുസൃതി കാണിച്ചും സ്വപ്നങ്ങള്‍ നെയ്തു നടന്ന നല്ലകാലം. നിഴലായി നടന്നിരുന്ന തസ്‌നി. അഷ്‌റഫ് ഹാജി എന്ന നാട്ടുരാജാവിന്റെ മകള്‍. ഷമീമയുടെ അടുത്ത കൂട്ടുകാരിയും അവളായിരുന്നു. ഹാജിയാരുടെ വീട്ടിലെ നേര്‍ച്ചക്കഞ്ഞി കുടിക്കാന്‍ വരിനിന്ന നാളുകള്‍.

സ്‌കൂളിലും മദ്രസയിലും ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി താനായിരുന്നല്ലോ? അതുകൊണ്ട് തന്നെ അവിടെ ഹീറോയായി. ഷമീമയും നന്നായി പഠിക്കും. എന്നാലും എന്തിലും സംശയമാണ്. ഓരോന്നും ചോദിക്കും. സ്‌കൂള്‍വിട്ടു മടങ്ങിവരുമ്പോഴും രാവിലെ പോകുമ്പോഴും വലിയൊരുകൂട്ടം തന്നെ ഉണ്ടാകും. പരീക്ഷ അടുത്താല്‍ പിന്നെ അധികവും തമ്മില്‍ ചോദ്യങ്ങള്‍ ചോദിക്കലും ഉത്തരം കണ്ടുപിടിക്കലുമാണ്. തസ്‌നിക്ക് പലപ്പോഴും മാര്‍ക്ക് കുറവായിരിക്കും. അതിന് എല്ലാവരും ചേര്‍ന്ന് അവളെ പരിഹസിക്കും. മണ്ടിപ്പെണ്ണ്. അത് കേട്ടവള്‍ പലപ്പോഴും കരയും.

ഷമീമ, യൂസഫ്, അന്‍വര്‍, ജാനകി, രവി എല്ലാവരും കൂടി വലിയ സംഘത്തിന് മുന്നില്‍ തസ്‌നി ദു:ഖിച്ചു നടക്കുമ്പോള്‍ പതുക്കെ അടുത്തുകൂടും. 'നീ നന്നായി പഠിച്ച് അടുത്ത പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി എല്ലാവരെയും തോല്‍പ്പിക്കണം.' അവള്‍ നേരിയ മന്ദഹാസത്തോടെ ഒളികണ്ണാലെ നോക്കും. പോക്കറ്റില്‍ നിന്നും മുഴുത്ത നെല്ലിക്ക ആരും കാണാതെ അവളുടെ കൊച്ചുകൈയ്യില്‍ കൊടുക്കും. ആ കണ്ണുകളില്‍ തെളിയുന്ന പ്രകാശം, കവിളില്‍ വിടരുന്ന നുണക്കുഴികള്‍. മായാത്ത പുഞ്ചിരി ഇന്നും മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തുന്നു.

'നിങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കും.' അവളുടെ ശബ്ദം വീണ്ടും വീണ്ടും പ്രതിദ്ധ്വനിച്ചു. ആ കണ്ണുകളില്‍ നനവ് പടര്‍ന്നുവോ? അജ്മലിന്റെ മനസ്സ് ആര്‍ദ്രമായി. അവളുടെ മനസ്സില്‍ എന്താണ്. ഓരോ വാക്കിലും തുടിച്ചു നിന്നത് നിരാശയോ. സത്യത്തില്‍ തന്റെ മനസ്സ് അവളുടെ ഓര്‍മ്മകളെ താലോലിക്കുന്നില്ലേ? ആ പഴയകാലം തിരിച്ച് വന്നെങ്കില്‍ എത്ര നന്നായിരുന്നു. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ ലോകം. അവിടെ എല്ലാവരും ഒന്നായിരുന്നില്ലേ? ഇന്ന് വളര്‍ന്നപ്പോള്‍ തീര്‍ച്ചയായും ഏറെ അകലത്തിലാണെന്ന തോന്നല്‍ മനസ്സില്‍ ഇരുട്ട് നിറഞ്ഞു. ജീവിതത്തിന്റെ വന്‍കരകളില്‍ ഇരമ്പുന്ന കടല്‍. മറുകരകാണാതെ ആടിയുലഞ്ഞ മനസ്സ്.

Also Read :



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14


Keywords: Kerala, Article, Ibrahim Cherkala, Love, Book, Mother, Treatment, Life, Novel, Problems, Library, Smile between Tears.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script