Follow KVARTHA on Google news Follow Us!
ad

പൈതൃക കെടാവിളക്കുകള്‍

Heritage lanterns#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 3 

ഇബ്രാഹിം ചെർക്കള

(www.kvartha.com 04.06.2021) ബാങ്ക്‌ വിളിയുടെ നാദം മുഴങ്ങി. പള്ളിയിലും പരിസരത്തും ഉണര്‍വ് പടര്‍ന്നു. ദര്‍സില്‍ പഠിക്കുന്നവര്‍ വരിയായി പള്ളിക്ക് മുകളില്‍ നിന്നും താഴേക്ക് ഇറങ്ങിവന്നു. നിസ്‌കാരം കഴിഞ്ഞു. അയ്യൂബ്ക്ക യാത്ര പറയാന്‍ അടുത്തുവന്നു. 'നല്ല നിലയില്‍ പഠിക്കണം. വലിയ പേര്‌കേട്ട പണ്ഡിതനാണ് ഉസ്താദ്.' എല്ലാം നിശബ്ദം കേട്ടുനിന്നു.

പോക്കറ്റില്‍ നിന്നും പണമെടുത്ത് കൈയ്യില്‍ പിടിപ്പിച്ചുകൊണ്ട് പറഞ്ഞു. 'ഇത് ഇരിക്കട്ടെ. എന്തെങ്കിലും അത്യാവശ്യം വന്നാല്‍...' ജീവിതത്തില്‍ ഇതുവരെ കാണാത്ത ബാപ്പയുടെ, ചെറുപ്പത്തിലെ അകന്ന്‌ പോയ സഹോദരന്റെ എല്ലാം ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു. എല്ലാം അയൂബ്ക്കയില്‍ കാണാം. കണ്ണുകള്‍ നിറഞ്ഞു. മുഖം ശ്രദ്ധിച്ചു ചേര്‍ത്തുനിര്‍ത്തി തലയില്‍ തടവി. 'ഒന്നും പേടിക്കേണ്ട. നിറയെ കൂട്ടുകാരും ഉസ്താദന്മാരും പിന്നെ നാട്ടുകാരും എല്ലാം സഹായത്തിന് ഉണ്ടാകും.' സിറാജുദ്ദീന്‍ ഉസ്താദിന്റെ അരികിലേക്ക് നടന്നു. അയ്യൂബ്ക്ക യാത്ര പറയാനുള്ള തിടുക്കത്തിലാണ്. 'ഞാന്‍ പോകട്ടെ ഉസ്താദെ, ഇടയ്ക്ക് വരാം.' അല്പനേരം നോക്കി നിന്നശേഷം നടന്നകന്നു. കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കിനിന്നു. ഏതോ നഷ്ടബോധം മനസ്സില്‍ നൊമ്പരം പടര്‍ത്തി.

പുതിയൊരു ജീവിതക്രമത്തിന് തുടക്കം കുറിക്കുന്നു. സുബ്ഹി നിസ്‌കാരത്തിന് വളരെ മുമ്പ് തന്നെ ഉണര്‍ന്നു. തഹജ്ജുദ് നിസ്‌കരിക്കുന്നതോടെ ദര്‍സിലെ ഒരു ദിനം ആരംഭിക്കുന്നു. സുബ്ഹിക്ക് ശേഷം അരമണിക്കൂറെങ്കിലും ഖുര്‍ആന്‍ പാരായണം നിര്‍ബന്ധമാണ്. ആഴ്ചയില്‍ ഒരു ദിവസം ഹിഫ്‌ള് തജ്‌വീദ് ക്ലാസുണ്ടായിരിക്കും. ആദ്യത്തെ ഖിറാഅത്ത് കഴിഞ്ഞാല്‍ ഊഴമനുസരിച്ച് വൈകുന്നേരം വരെ ഓരോ സബ്ഖുകള്‍ നടത്തപ്പെടുന്നു. ക്രമപ്പെടുത്തിയ പഠനരീതി. ആത്മീയ നിയന്ത്രണത്തില്‍ എല്ലാം ഭംഗിയായി നടത്തിക്കൊണ്ടുപോകാന്‍ ദര്‍സ് പാരമ്പര്യത്തില്‍ നിഷ്പ്രയാസം കഴിയുന്നു.

Kerala, Article, Ibrahim Cherkala, Masjid, Dars, Masjid, Student, Scholar, Heritage lanterns.

ഒരേ കിതാബ് തന്നെ പലപ്രാവശ്യം ആവര്‍ത്തിച്ച് പഠിക്കണം. വലിയ കിതാബുകളോതുന്ന കാലത്ത് തന്നെ ചെറിയ ക്ലാസ്സുകളിലെ സംശയം തീര്‍ക്കാന്‍ ചെറിയ ക്ലാസ്സുകളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇരിക്കാറുണ്ട്. അതുപോലെ ചെറിയ വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചോതിക്കൊടുക്കുന്ന ഉത്തരവാദിത്തം വലിയവര്‍ക്കാണ്. അതിനാല്‍ ഏത് വിഷയവും സംശയരഹിതമായി ഗ്രഹിക്കാന്‍ കഴിയുന്ന സംവിധാനമാണ് ദര്‍സ് സമ്പ്രദായം. പ്രായോഗിക പരിശീലനവും ചിട്ടയായ ജീവിതവും ആത്മസംസ്‌കരണവും ദര്‍സിലൂടെ സാധ്യമാകുന്നു.

ആദ്യനാളുകളിലെ വിരസതയും വിഷമങ്ങളും പതുക്കെ അകന്നുതുടങ്ങി. പല നാടുകളില്‍ നിന്നുള്ള കൂട്ടുകാര്‍ അവരുടെ വിശേഷങ്ങള്‍... പുതിയ ലോകം തന്നെയാണ് ഇത്. തലമുറകള്‍ കൈമാറുന്ന വിജ്ഞാനത്തിന്റെ കെടാവിളക്കുകള്‍.

ദീനീ വിഷയങ്ങളില്‍ പത്ത് കിതാബും അറബിവ്യാകരണത്തില്‍ നഹ്‌വ് കിതാബുമാണ് പള്ളി ദര്‍സുകളില്‍ പഠിച്ച് തുടങ്ങുന്നത്. അറബി സാഹിത്യം, ഉര്‍ദു, ഇംഗ്ലീഷ്, ഭാഷാപഠനം എന്നിവയും തുടക്കം മുതല്‍ ക്രമീകരിക്കുന്നു. ആത്മസംസ്‌കരണം ലക്ഷ്യംവെച്ചുകൊണ്ട് തഅ്‌ലീമുല്‍ മുതഅല്ലിം ഇര്‍ഷാദ്, അദ്കിയ, ബൈത്കിതാബ്, രിയാഇസ്വാലിഹീന്‍, തുടങ്ങിയ കിതാബുകള്‍ തുടക്കം മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. പഠനം പുരോഗമിക്കുന്നതിനനുസരിച്ച് അല്‍ഫിയ്യ, ഫത്ഹുല്‍ മുഈന്‍, തസ്‌വ്‌രീഹ്, മന്‍ത്വിഖ്, തുഹ്ഫുല്‍ ഇഖ്‌വാന്‍, നഫാഇസ്, വറഖാത്ത് എന്നീ കിതാബുകളും പഠിച്ച് തീര്‍ക്കണം ദര്‍സ് പഠനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍. അതിരാവിലെ ആരംഭിക്കുന്ന പഠനക്രമത്തില്‍ വിശ്രമസമയം കുറവാണ്. ഇടവേളകളില്‍, പഠിച്ച പാഠങ്ങളെപ്പറ്റി കൂട്ടുകാര്‍ പരസ്പരം വലിയ വാദപ്രതിവാദങ്ങളും നടത്തും.

ഭക്ഷണത്തിന് ഓരോരുത്തര്‍ക്കും ചുറ്റുമുള്ള വീടുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കും. സമയത്ത് പോയി കഴിക്കണം. ഇതുകൊണ്ട് തന്നെ പഠിക്കുന്നവരും നാട്ടുകാരുമായി വളരെ അടുത്ത ബന്ധമാണ് നിലനില്‍ക്കുന്നത്. വീട്ടിലെ അംഗത്തെപ്പോലെ തന്നെ അവരെയും പരിഗണിക്കപ്പെടുന്നു. ചെറിയ അസുഖം വന്നാല്‍ വീട്ടുകാര്‍ വളരെ സഹകരണത്തോടെ കാര്യങ്ങള്‍ ചെയ്തുതരും. തനിക്ക് നഷ്ടപ്പെട്ടുപോയ കുടുംബ ബന്ധങ്ങളുടെ പരിലാളനങ്ങള്‍ റഷീദ്ഹാജി എന്ന വീട്ടുകാരനില്‍ നിന്നും കിട്ടിത്തുടങ്ങി.

അവരുടെ മക്കള്‍ സഹോദരങ്ങളായി. അവരുടെ ഉമ്മയെ ഉമ്മ എന്ന് തന്നെ വിളിക്കും. സ്‌നേഹത്തിന്റെ ശക്തമായ ചങ്ങലകളില്‍ ഇത്തരം ബന്ധങ്ങള്‍ വിലപ്പെട്ടതാകുന്നു. ദര്‍സ് പഠനത്തിന് റംസാന്‍ മാസം അവധിയാണ്. എന്നാല്‍ പഠിക്കുന്ന കാലത്തെ ഏറ്റവും സന്തോഷം നല്‍കുന്ന കാലവും അതാണ്. കാരണം, റംസാന്‍ ഒന്നുമുതല്‍ പല നാടുകളിലായി യാത്ര ചെയ്യാം. ഓരോ നിസ്‌കാരസമയത്തും എത്തിച്ചേരുന്ന പള്ളികളില്‍ പ്രസംഗം നടത്താം. ചെറിയ സംഖ്യ സംഭാവനയായി കിട്ടുമെന്ന് മാത്രമല്ല, പ്രസംഗത്തിനുള്ള പരിശീലനകളരികൂടിയാണ് ഇത്.

നോമ്പ് തുറക്കാന്‍ ഓരോ നാട്ടിലെ വീടുകളിലും അതിഥിയായി എത്തുമ്പോള്‍ വലിയ സന്തോഷത്തോടെയാണ് അധിക വീടുകളും സ്വീകരിക്കുന്നത്. റംസാന്‍ മാസം ഓടിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ഓരോ സമയവും ഒപ്പിച്ച് അടുത്ത പള്ളിയില്‍ എത്തണം. ചിലപ്പോള്‍ മറ്റാരെങ്കിലും പ്രസംഗത്തിന് ഉണ്ടെങ്കില്‍ പിരിവായി കിട്ടുന്ന പൈസ പങ്കുവെച്ച് എടുക്കും. ചില പള്ളികളില്‍ അവിടത്തെ ഖത്തീബിനെ ദിവസങ്ങള്‍ക്കുമുമ്പ് തന്നെ പോയി കണ്ടു പ്രസംഗത്തിന് സമയവും അനുവാദവും ചോദിച്ചുവെക്കും. ഒരു മാസത്തെ ഓട്ടത്തിനിടയില്‍ ചിലപ്പോള്‍ നല്ലൊരു സംഖ്യ തന്നെ സമ്പാദ്യമായി കിട്ടും. റംസാന്‍ കഴിയുന്നതോടെ വീണ്ടും ദര്‍സിലേക്ക് തിരിച്ചെത്തും. ദര്‍സിലെ പള്ളിനിവാസികളും അതുപോലെ ഭക്ഷണം തരുന്ന വീട്ടുകാരും സക്കാത്ത് പണവും പെരുന്നാള്‍ വസ്ത്രവുമെല്ലാം സമ്മാനിക്കും.

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്. ഇരുട്ട് നിറഞ്ഞ ബാല്യത്തില്‍ നിന്നും പ്രകാശം നിറഞ്ഞ കൗമാരവും യൗവ്വനവും മനസ്സില്‍ പുതിയ പുതിയ ചിന്തകള്‍ക്ക് ചിറകുകള്‍ നല്‍കി. സിറാജുദ്ദീന്‍ ഉസ്താദിന് പെട്ടെന്നാണ് അസുഖം വന്നത്. ആശുപത്രിയിലും വിശ്രമത്തിലും അങ്ങനെ നാളുകള്‍ നീങ്ങി. പുതിയ ഉസ്താദിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി. ഇടയ്ക്ക് ചില ഉസ്താദുമാര്‍ വന്നെങ്കിലും അധികകാലം ആരും പിടിച്ചുനിന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യൂബ്ഖാനെ കാണാന്‍ അയാളുടെ വീട്ടില്‍ എത്തി. അദ്ദേഹവും ഏതോ അസുഖത്തിന്റെ പിടിയിലാണ്. പഠനത്തോടൊപ്പം ഒരു ജോലിയും കിട്ടിയാല്‍ നല്ലതെന്ന് പറഞ്ഞു. അയ്യൂബ്ക്ക അല്പസമയം ഒന്നും മിണ്ടിയില്ല. 'ജോലി ചെയ്തുകൊണ്ട് പഠിക്കുന്നത് നല്ലതാണ്. സ്വന്തമായ വഴികള്‍ വേണമല്ലോ?' ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. യാത്ര പറയുമ്പോള്‍ ആശ്വാസത്തോടെ പറഞ്ഞു. 'ഒന്നും ചിന്തിച്ച് വിഷമിക്കേണ്ട. ഞാന്‍ അന്വേഷിച്ച് നല്ലൊരു സ്ഥലത്ത് ജോലി ശരിയാക്കിത്തരാം.' മനസ്സില്‍ സന്തോഷവും വേദനയും ഒന്നിച്ചു തിരയിളക്കം നടത്തി. ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ എന്നത് എത്ര സത്യമാണ്. ജീവിതത്തിന്റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുന്നില്‍ തെളിഞ്ഞുവരുന്ന ദൈവത്തിന്റെ വെളിച്ചങ്ങള്‍.

സിറാജുദ്ദീന്‍ ഉസ്താദിന്റെ മരണം പെട്ടെന്നായിരുന്നു. അസുഖം മാറി ജോലിക്ക് വന്ന് തുടങ്ങിയതാണ്. ഒരു ദിവസം തലകറങ്ങി വീണ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവനും അടക്കാന്‍ കഴിയാത്ത ദു:ഖം സമ്മാനിച്ചുകൊണ്ട് ഉസ്താദ് വിടപറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം അയ്യൂബ്ക്ക പള്ളിയില്‍ എത്തി. 'ജോലിക്കാര്യം ഞാന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ പോകണം. അല്പം ദൂരെയാണ്. എന്റെ ഒരു സുഹൃത്ത് അവിടെ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു പഴയ പള്ളിയാണ്. ജമാഅത്ത് പള്ളിയല്ല. ബാങ്ക് വിളിക്കണം, കുറച്ചു കുട്ടികളെ പഠിപ്പിക്കണം. താമസത്തിന് പള്ളിയില്‍ തന്നെ സൗകര്യമുണ്ട്. ഭക്ഷണം ചുറ്റുമുള്ള വീടുകളില്‍ നിന്നും കിട്ടും.'

സന്തോഷത്തോടെ ഓരോന്നും വിവരിക്കുമ്പോള്‍ ആ മുഖത്ത് തന്നെ നോക്കി നിന്നു. ഉപ്പയെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും ഒരു പിതാവിന്റെ ഗൗരവത്തില്‍ തന്റെ കാര്യങ്ങള്‍ ശ്രദ്ധയോടെ നോക്കുന്ന അയ്യൂബ്ക്ക. 'അവിടെ ചിലരെ എനിക്ക് പരിചയമുണ്ട്. നിനക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ പറയാം.' അകന്ന് പോകുന്ന ആ മനുഷ്യനെ ഏറെ നേരം നോക്കി നിന്നു. സ്വന്തം കാര്യങ്ങള്‍ക്ക് തന്നെ സമയം തികയാതെവരുന്ന ജീവിതത്തിനിടയില്‍ ആരുമല്ലാത്ത തനിക്ക് വേണ്ടി എത്ര ഉത്സാഹത്തോടെയാണ് ഓരോന്നും ചെയ്യാന്‍ ശ്രമിക്കുന്നത്. മനസ്സില്‍ പുഞ്ചിരിക്കുന്ന മുഖം മായാതെ കിടന്നു. രാത്രി ഉറക്കങ്ങളിലും പലപ്പോഴും ഉസ്താദ് പ്രത്യക്ഷപ്പെട്ടു. അനുഗ്രഹങ്ങളുടെ അശരീരി മന്ത്രനാഥമായി അലയടിച്ചു. നീ ജയിക്കും. പേടിക്കാതെ മുന്നോട്ട്. മനസ്സില്‍ പ്രതിദ്ധ്വനികള്‍, പ്രതീക്ഷകള്‍.

(തുടരും)


Also Read :ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14


Keywords: Kerala, Article, Ibrahim Cherkala, Masjid, Dars, Masjid, Student, Scholar, Heritage lanterns.
< !- START disable copy paste -->


Post a Comment