Follow KVARTHA on Google news Follow Us!
ad

കണ്ണീർ നനവുള്ള സ്വപ്‌നസാഫല്യം

Tear-soaked dream come true#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - 9 / ഇബ്രാഹിം ചെർക്കള


(www.kvartha.com 18.07.2021) കൗമാരകാലത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങള്‍ തസ്‌നിയുടെ ഓരോ വാക്കിലും നിറഞ്ഞു. 'എടീ, ഞാന്‍ ചായ ഉണ്ടാക്കാം.' ഷമീമക്ക് പിന്നാലെ നടന്നു. കരിപിടിച്ച അടുക്കളയിലെ അടുപ്പില്‍ തീ പുകഞ്ഞു. മദ്രസയിലും സ്‌കൂളിലും എല്ലാം പഠിച്ചുനടന്ന കാലത്ത് നമ്മള്‍ക്ക് ഉണ്ടായിരുന്ന സന്തോഷവും സ്വാതന്ത്ര്യവും എല്ലാം വളര്‍ന്നുവരുന്നതോടെ ഇല്ലാതാകുന്നു. കഴിഞ്ഞുപോയ ആ നാളുകള്‍ ഓര്‍ക്കാന്‍ നല്ല സുഖം. 'എടീ, നിന്റെ നിഴലായി നടന്നിരുന്ന യൂസഫിനെ നീ ഓര്‍ക്കുന്നില്ലേ? നിന്നെ എന്തോ പറഞ്ഞു പരിഹസിച്ചു കൂവി വിളിച്ച സുബൈറിനെ കല്ലെറിഞ്ഞു തലപൊട്ടിച്ച രംഗം ഇന്ന് നടന്നതുപോലെ തോന്നുന്നു. യൂസഫ് ഓടിവന്നു നിന്നെ ആശ്വാസവാക്കുകള്‍ കൊണ്ട് മൂടി. രണ്ടുദിവസം അവനെ മാഷ് ക്ലാസ്സില്‍ നിന്നും പുറത്താക്കി.'

 
Kerala, Article, Ibrahim Cherkala, Top-Headlines, Love, Gulf, Life, Job, Tear-soaked dream come true.



ചായ കുടിച്ചുകൊണ്ട് തസ്‌നി ഷമീമയെ തന്നെ നോക്കി. 'അങ്ങനെ എത്രയെത്ര രസകരമായ ചിത്രങ്ങള്‍ മനസ്സില്‍ മായാതെ കിടക്കുന്നു. നീ ഓര്‍ക്കുന്നില്ലേ?' 'എനിക്ക് ഒന്നും ഓര്‍ക്കാന്‍ തോന്നാറില്ല. രോഗം കൊണ്ട് നരകിക്കുന്ന ഉമ്മ, പ്രായം കൂടിവരുന്ന ഉപ്പ. ജോലി ഇല്ലാതെ നടക്കുന്ന സഹോദരന്‍, ശക്തമായ ഒരു മഴ വന്നാല്‍ പൊളിഞ്ഞുവീഴാന്‍ നില്‍ക്കുന്ന വീട്. എല്ലാറ്റിനും നടുവില്‍ നിശബ്ദമായി കരയാന്‍ മാത്രം കഴിയുന്ന എന്റെ മനസ്സില്‍ മറ്റൊന്നും തെളിയാറില്ല തസ്‌നി.' അവളുടെ കണ്ണുകള്‍ നിറഞ്ഞു.

'ഛേ... എന്താണ് ഷമീമ നീ ഇങ്ങനെ ദുഖിച്ചാല്‍... എല്ലാറ്റിനും അല്ലാഹു വഴികാണും. സുബ്ഹി ബാങ്കിന് മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിച്ചു നമ്മള്‍ അല്ലാഹുവിനോട് മനംനൊന്ത് പ്രാര്‍ത്ഥിക്കുക. അതു സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.' തസ്‌നിയുടെ ആശ്വാസവാക്കുകള്‍ ഷമീമയുടെ മനസ്സിന് അല്പം ശാന്തി നല്‍കി. കുറച്ചുസമയം നിശബ്ദമായി ഇരുന്നശേഷം ഷമീമ മന്ദഹാസത്തോടെ ഓര്‍മ്മയില്‍ ലയിച്ചു.

'സ്‌കൂളില്‍ പഠിത്തം നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ജാറത്തിലെ ഉറൂസിന് പോയപ്പോള്‍ ഒരിക്കല്‍ യൂസഫ് ചന്തപ്പറമ്പില്‍ വളക്കച്ചവടം നടത്തുന്നത് കണ്ടു. ആള്‍ക്കൂട്ടത്തിലും എന്നെ തിരിച്ചറിഞ്ഞു, ഷമീമ... ഷമീമാ... എന്നുള്ള വിളികേട്ട് ഞാന്‍ അങ്ങോട്ട് പോയി. പുഞ്ചിരിയോടെ നില്‍ക്കുന്ന യൂസഫ്.' തസ്‌നി കള്ളച്ചിരിയോടെ അവളെത്തന്നെ നോക്കി. 'എന്നാല്‍ ഇപ്പോള്‍ യൂസഫിനെപ്പറ്റി ഒന്നും അറിയില്ല.' തസ്‌നിയുടെ മുഖത്ത് തറപ്പിച്ചു നോക്കി. 'യൂസഫ് ദുബൈയില്‍ നല്ല ജോലിയിലാണ്. നാട്ടില്‍ വലിയ വീടും പറമ്പും എല്ലാം വാങ്ങി. അയാളുടെ ബാപ്പ തേങ്ങാക്കച്ചവടക്കാരന്‍ മൊയ്തൂക്ക ഇടയ്ക്ക് വീട്ടില്‍ വരും അപ്പോള്‍ ബാപ്പയോട് വിശേഷങ്ങള്‍ പറയുന്നത് കേട്ടാണ് ഞാന്‍ അറിഞ്ഞത്.'

ഷമീമ ഒന്നും പറയാതെ തസ്‌നി പറയുന്നത് കേട്ട് മിഴിച്ചിരുന്നു. പഠിക്കാന്‍ വലിയ മടിയനായിരുന്നു യൂസഫ്. പക്ഷെ ഏത് കാര്യങ്ങളിലും മുന്നില്‍ കാണാം. നന്നായി പാട്ടുപാടും. മദ്രസയിലെ നബിദിനങ്ങളില്‍ ഏറ്റവുമധികം സമ്മാനം കിട്ടുന്നത് യൂസഫിനാണ്. ഷമീമയുടെ നിശബ്ദത ശ്രദ്ധിച്ച് തസ്‌നി ചിരിച്ചു. 'എന്താ മിണ്ടാത്തത്.' 'ഞാന്‍ പഴയകാലം ഓര്‍ത്തുപോയി.' 'ഇപ്പോള്‍ യൂസഫിനെ ഒന്നു കാണണം എന്ന് തോന്നാറില്ലേ?' അവള്‍ അപ്പോഴും മൗനത്തിലായിരുന്നു. 'അജ്മല്‍ എവിടെപ്പോയി ഷമീമ?' 'രാവിലെ ചായകുടി കഴിഞ്ഞാല്‍ പുറത്തിറങ്ങും. പിന്നെ അധികവും രാത്രിയാണ് മടക്കം. ചോദിച്ചാല്‍ ഒന്ന് തറപ്പിച്ച് നോക്കും. പിന്നെ പറയും, ജോലി അന്വേഷണം... പിന്നെ നാട്ടുകാരുടെ സംഘം നടത്തുന്ന പൊതുപ്രവര്‍ത്തനം. ഇത് തന്നെ.'

'ഞാന്‍ ഇടയ്ക്ക് കോളേജില്‍ പോകുമ്പോള്‍ കാണാറുണ്ട്. പക്ഷെ, കണ്ട ഭാവം നടിക്കില്ല. അടുത്തു കണ്ടാല്‍ ഒന്നോ രണ്ടോ വാക്കുകളില്‍ വിശേഷങ്ങള്‍ ചോദിച്ചു തിടുക്കം കാണിച്ചു നടന്നകലും. അപ്പോള്‍ തോന്നും നമ്മുടെ ചെറുപ്പകാലം ഒന്ന് തിരിച്ചു വന്നെങ്കില്‍ ചിരിച്ചു കളിച്ചു കഥപറഞ്ഞു നടക്കാമെന്ന്. കൊതിതീരാത്ത ആ നല്ല കാലത്തിലേക്ക് മടങ്ങിപ്പോകാന്‍ പറ്റിയെങ്കില്‍...' ഷമീമ ഉത്തരമൊന്നും പറയാതെ ഉമ്മയുടെ മുറിയിലേക്ക് നടന്നു. പിന്നാലെ തസ്‌നിയും. 'ഉമ്മാ ഈ മരുന്ന് കുടിക്ക്' അവള്‍ താങ്ങി ഇരുത്തി മരുന്നു നല്‍കി. ഉമ്മ മടിയോടെ മരുന്ന് കുടിച്ചു. 'ഇനിയും എത്രകാലം ഇത് സഹിക്കണം റബ്ബേ? എന്റെ മോളുടെ കഷ്ടകാലം എന്നാണ് അവസാനിക്കുക.' ഉമ്മ ഉറക്കെ ചുമച്ചു. ഷമീമ തടവി ആശ്വസിപ്പിച്ചു.

'ഉമ്മ എന്താണ് ഓരോന്നും ചിന്തിച്ച് വിഷമിക്കുന്നത്. എല്ലാം കാണുന്നവന്‍ പടച്ചവന്‍ അല്ലേ? ശരിയാകും ഉമ്മാ' അവള്‍ തസ്‌നിയുടെ മുഖത്തു നോക്കി കണ്ണുകള്‍ തുടച്ചു. തസ്‌നി വിഷമത്തോടെ മുറിയില്‍ നിന്നും പുറത്തുവന്ന് അടുക്കിവെച്ച പുസ്തകങ്ങള്‍ എടുത്തുനോക്കി. അധികവും കഥാപുസ്തകങ്ങളാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എടുത്ത് ഷമീമയെ കാണിച്ച് - 'ഇത് ഞാന്‍ കൊണ്ടുപോകട്ടെ. വായിച്ചശേഷം തരാം. അജ്മലിനോട് പറയണം.' അവള്‍ സമ്മതം മൂളി.

'സമയം കുറേയായില്ലേ. ഉമ്മ നോക്കി നിന്നു വഴക്ക് പറയും.' അകലെ നിന്നും നടന്നുവരുന്ന സിദ്ദീഖ് ഉസ്താദിനെ കണ്ടു തസ്‌നി ബഹുമാനത്തോടെ നോക്കിനിന്നു. 'മോള് എപ്പോ വന്നു.' 'കുറച്ചുസമയമായി.' 'ഉമ്മയ്ക്കും മറ്റും സുഖംതന്നെയല്ലേ. ഇത്താത്തയും കുട്ടിയും ഉണ്ടോ?' തസ്‌നി മന്ദഹാസത്തോടെ മറുപടി പറഞ്ഞു. അവള്‍ നടന്നകലുന്നതും നോക്കി ഷമീമ മുറ്റത്തുനിന്നു. മനസ്സില്‍ ഓര്‍മ്മകളുടെ കടല്‍ ഇരമ്പി. ബാല്യകൗമാരങ്ങളുടെ ഇളംതെന്നല്‍ മയില്‍പീലി വിടര്‍ത്തിയാടി. 'മോളെ... മോളെ.... ഷമീമാ....' ഉപ്പയുടെ ശബ്ദം അവളെ ഉണര്‍ത്തി. തിടുക്കത്തില്‍ അകത്തെത്തി. 'ഉമ്മയുടെ മരുന്ന് കൊടുത്തോ?.' 'ഇപ്പോള്‍ കൊടുത്തതേയുള്ളൂ.' സിദ്ദീഖ് ഉസ്താദ് അല്പസമയം ഭാര്യയെ നോക്കി നിന്ന ശേഷം പുറത്തിറങ്ങി. ഷമീമ അടുക്കളയില്‍ ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലായി.

അജ്മല്‍ വേഗതയില്‍ നടന്നു. മുറ്റത്ത് അല്പസമയം മടിച്ചുനിന്നു. സുഹൃത്ത് നജീബിന്റെ എഴുത്തിലെ വരികള്‍ വീണ്ടും വീണ്ടും മനസ്സിനെ തട്ടിയുണര്‍ത്തി. 'നല്ല കമ്പനിയാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്താല്‍ ഉയരങ്ങളില്‍ എത്താം.' ഉപ്പയ്ക്ക് മുന്നില്‍ എഴുത്തും കൈയ്യില്‍ പിടിച്ചു അല്പസമയം നിന്നു. 'എന്താ അജ്മലേ? ആരുടെ കത്താണ്.' 'നജീബിന്റെ എഴുത്താണ് ഉപ്പാ.' 'എന്താണ് വിശേഷങ്ങള്‍?' 'എനിക്ക് ഒരു കമ്പനിയില്‍ വിസ ശരിയായിട്ടുണ്ട്. പെട്ടെന്ന് പോകേണ്ടിവരും. നല്ല ശമ്പളം കിട്ടുമെന്നാണ് എഴുതിയിരിക്കുന്നത്.'
'അല്‍ഹംദുലില്ലാഹ്.' സിദ്ദീഖ് ഉസ്താദ് നെടുവീര്‍പ്പിട്ടു. 'വിമാന ടിക്കറ്റിനും മറ്റും പണം വേണ്ടേ മോനെ... കമ്പനിയുടെ തന്നെ ചിലവ് ഉണ്ടാകുമോ?' 'അത് അറിയില്ല.' 'ഇനി ഒന്നും ചിന്തിക്കേണ്ട, കഴിയുന്നത്ര പെട്ടെന്ന് പോകാന്‍ തയ്യാറെടുക്ക്.' സിദ്ദീഖ് ഉസ്താദ് ഭാര്യയുടെ മുറിയിലേക്ക് നടന്നു. പിന്നാലെ അജ്മലും.

സംസാരം കേട്ട് ഷമീമയും ഓടിവന്നു. 'ഖദീജാ... ഖദീജാ...' ഖദീജ കണ്ണ് തുറന്ന് നോക്കി. 'ഉമ്മാ എനിക്ക് വിസ ശരിയായിട്ടുണ്ട്. നജീബിന്റെ എഴുത്തുണ്ടായിരുന്നു.' ഉമ്മയുടെ മുഖം തെളിഞ്ഞു. ചുണ്ടില്‍ മന്ദഹാസം പടര്‍ന്നു. 'പടച്ചവന്‍ നമുക്ക് നല്ലത് വരുത്തട്ടെ.' ഷമീമയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അജ്മലിന്റെ മുഖത്തുതന്നെ നോക്കി. പിന്നെ കൈയ്യില്‍ പിടിച്ചു. 'ഇക്കാ... ഇക്കാ...' അവള്‍ വിതുമ്പി. അജ്മല്‍ അവളെ ചേര്‍ത്തുനിര്‍ത്തി. 'നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നവനാണ് അല്ലാഹു.'

ദിവസങ്ങള്‍ പെട്ടെന്ന് കടന്നുപോയി. യാത്രയുടെ ഒരുക്കങ്ങള്‍ ഓരോന്നും ചെയ്തു അജ്മല്‍ ഓടിനടന്നു. ഗോപിനാഥന്‍ മാഷ്‌ക്കും സുഹൃത്തുക്കള്‍ക്കും സന്തോഷം പോലെ തന്നെ ദു:ഖവും ഉണ്ട്. നമ്മുടെ നല്ലൊരു പ്രവര്‍ത്തകനാണ് നമ്മളില്‍ നിന്നും അകന്ന് പോകുന്നത്. 'ഞാന്‍ എവിടെയായാലും ഏത് കാര്യവും എന്നെ അറിയിക്കണം. എല്ലാ സഹായങ്ങളും എപ്പോഴും ഉണ്ടാകും.' വായനശാലയിലെ പുസ്തകങ്ങള്‍ കൊടുത്തു തിരിച്ചുനടക്കുമ്പോള്‍ മുന്നില്‍ ഉപ്പ നടന്നുനീങ്ങുന്നു.

അജ്മല്‍ അടുത്തെത്തി. 'നീ എങ്ങോട്ടാ മോനെ...' 'വീട്ടിലേക്ക്.' 'നീ അഷ്‌റഫ് ഹാജിയെ കണ്ടു യാത്ര പറയണം. ഞാന്‍ വിസ കിട്ടിയ കാര്യങ്ങള്‍ പറഞ്ഞിരുന്നു.' 'ശരി ഉപ്പാ... ഞാന്‍ ഇപ്പോള്‍ തന്നെ പോയി കണ്ടുവരാം.' വൈകുന്നേരത്തിന്റെ ഇളംവെയില്‍ നിഴല്‍ചിത്രം വരച്ച ഇടവഴിയിലൂടെ അജ്മല്‍ വേഗതയില്‍ നടന്നു. ഗേറ്റ് കടന്നപ്പോള്‍ വരാന്തയില്‍ ഇരിക്കുന്ന അഷ്‌റഫ് ഹാജിയെ കണ്ടു. അടുത്തു തന്നെ ഭാര്യ റാബിയത്താത്തയും ഉണ്ട്. അല്പം മടിയോടെ മുറ്റത്തു നിന്നു.

'എന്താ അജ്മല്‍ അവിടെ നില്‍ക്കുന്നത്. കേറി വാ...' ഇരിക്കാന്‍ കസേര നീക്കിയിട്ട് ക്ഷണിച്ചു. 'ഞാന്‍ അടുത്ത ആഴ്ച ദുബൈയിലേക്ക് പോകും.' ഹാജിയാര്‍ ചിരിയോടെ മുഖത്ത് തന്നെ നോക്കി. 'ഉസ്താദ് കാര്യങ്ങളെല്ലാം പറഞ്ഞു.' 'റാബിയാ... ചായ.' ഇത്താത്ത അകത്തേക്ക് പോയി. നൗഫലിന്റെ ഫോണ്‍ നമ്പര്‍ തരാം. ഹാജിയാര്‍ മേശയില്‍ നിന്നും കടലാസ്സും പേനയും എടുത്ത് ഡയറി നോക്കി എഴുതിത്തന്നു. നാട്ടുവിശേഷങ്ങള്‍ തുടര്‍ന്നു. 'ചായ' റാബിയ ചായ നീട്ടി. ചൂടു ചായ ഊതിക്കുടിച്ചു. ഇതു കഴിക്ക് - ഹാജിയാര്‍ ബിസ്‌ക്കറ്റ് നീട്ടി. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹാജിയാര്‍ അകത്തേക്ക് പോയി, പെട്ടെന്ന് മടങ്ങിവന്നു.

ഇത് ഇരിക്കട്ടെ, എന്റെ ഒരു കൈനീട്ടം. ഹാജിയാര്‍ ഒരു കവര്‍ നീട്ടി. മടിയോടെ വാങ്ങി കീശയില്‍ ഇട്ടു. അല്പനേരം കൂടി സംസാരം തുടര്‍ന്നു. 'എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ.' 'നല്ല നിലയില്‍ പോയി വാ! പടച്ചവന്‍ തുണക്കട്ടെ.' ഹാജിയാരും റാബിയത്താത്തയും പ്രാര്‍ത്ഥനയോടെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. പതുക്കെ ഇറങ്ങി നടന്നു ഗേറ്റ് കടക്കുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കി. പിന്നാലെ നടന്നുവരുന്ന തസ്‌നിയെ കണ്ട് ഗേറ്റിന് പുറത്ത് നിന്നു. അവളുടെ മുഖം ഇരുണ്ടിരുന്നു. കണ്ണുകളില്‍ നനവ് പടര്‍ന്നു.

'എന്നോട് പറയാതെ പോകാന്‍ നോക്കുകയാണോ?' അജ്മല്‍ ശബ്ദം നഷ്ടപ്പെട്ടവനെപ്പോലെ നോക്കിനിന്നു. 'ഇനി എന്നാണ് ഒന്ന് കാണുക, എവിടെയായാലും എന്റെ മനസ്സില്‍ നിങ്ങള്‍ ഉണ്ടാകും. എന്നെ മറക്കരുത്. ഞാന്‍ കാത്തിരിക്കും. തിരിച്ചുവരുന്നത് വരെ.' എന്ത് പറയണം? അജ്മല്‍ നിശബ്ദനായി അവളുടെ കണ്ണുകളില്‍ നോക്കി. മനസ്സില്‍ ബാല്യകാലത്തിന്റെ ആയിരം വര്‍ണ്ണചിത്രങ്ങള്‍ തെളിഞ്ഞു.

(തുടരും)



ബാല്യത്തിലെ കളിക്കൂട്ടുകാരി 11



Keywords: Kerala, Article, Ibrahim Cherkala, Top-Headlines, Love, Gulf, Life, Job, Tear-soaked dream come true.

Post a Comment