Follow KVARTHA on Google news Follow Us!
ad

മണലിനെ പ്രണയിച്ച മാഫിയ (എ ട്രാജഡി ത്രില്ലര്‍)

മണലും മാഫിയയും തമ്മിലുള്ള ഉറ്റ ബന്ധത്തെ പ്രണയമായി രസകരമായി വിവരിക്കുകയാണ് പ്രസാദ് വര്‍ഗീസ് എന്ന Article, Facebook, Police, Prasad Varghese, Sand, Mafia, Gang, Malayalam News, National News, Kerala
ണലും മാഫിയയും തമ്മിലുള്ള ഉറ്റ ബന്ധത്തെ പ്രണയമായി രസകരമായി വിവരിക്കുകയാണ് പ്രസാദ് വര്‍ഗീസ് എന്ന ഫേസ്ബുക്കര്‍. ഒരു പ്രണയ കഥ വായിക്കുന്ന അതേ രസത്തില്‍ വായിക്കാവുന്ന ഈ കുറിപ്പ് ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.

പുഴയിലെ മണല്‍ അനധികൃതമായി ഊറ്റുന്നതിനെയും കൈക്കൂലി വാങ്ങി ചെക്ക്‌പോസ്റ്റുകളിലൂടെ മണല്‍ കടത്തുന്നതിനെയും ഇതില്‍ കണക്കിന് പരിഹസിക്കുന്നു. ഗൗരവമായ ഒരു വിഷയത്തെ നര്‍മം കലര്‍ത്തി ഒരു പ്രണയ കഥയായി അവതരിപ്പിക്കുന്നതിലും അതിന് യോജിച്ച ഭാഷ സ്വീകരിക്കുന്നതിലും നല്ല സാമര്‍ത്ഥ്യമാണ് പ്രസാദ് വര്‍ഗീസ് കാണിച്ചിരിക്കുന്നത്.

വായനക്കാരെ ആദ്യാവസാനം രസത്തോടെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ പ്രസാദ് വര്‍ഗീസിന് കഴിയുന്നു. ഏതൊരു കാര്യവും പറയേണ്ട രീതിയില്‍ പറഞ്ഞാല്‍ അത് നല്ല വായനാനുഭവം പകരുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഈ കുറിപ്പ്.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത്
10-ാം ഭാഗം
പ്രസാദിന്റെ കുറിപ്പിലേക്ക്

കൊല്ലവര്‍ഷത്തെ ഏതോ ഒരു നാളിലായിരുന്നു മാഫിയയുടെ ജനനം. ജനിച്ചപ്പോള്‍ അവന്‍ തീരെ ചെറിയ കുഞ്ഞായിരുന്നു. അപ്പനാര്, അമ്മയാര് എന്നറിയാതെ ഏകനായി അവന്‍ വളര്‍ന്നു. സമൂഹത്തിന്റെ കുത്തു വാക്കുകള്‍ക്കിടയില്‍ അധികാരികളുടെ പീഡനങ്ങള്‍ ഏറ്റ് വാങ്ങി കടന്ന് പോയ അവന്റെ ബാല്യം.

പുഴയോരങ്ങളില്‍ പോയിരുന്ന് ഇളം തെന്നലുകളോട് കിന്നാരം പറഞ്ഞും, അരുവിയുടെ കള കളാരവത്തിനൊപ്പം താളം പിടിച്ചും, ആസ്വദിച്ച് ജീവിച്ച കൗമാരം. അവരോടൊന്നും അവന് പ്രണയമില്ലായിരുന്നു. അവരൊക്കെ അവന്റെ കൂട്ടുകാരായിരുന്നു. ഒരു പ്രണയിനിയെ കൊതിക്കുന്ന മനസുമായി ദിന രാത്രങ്ങള്‍ തള്ളി തള്ളി നീക്കി.

തെളിഞ്ഞ ആകാശമുള്ളോരുച്ച നേരത്ത്, തുള്ളി മറിയുന്ന പരല്‍ മീനുകള്‍ക്കിടയിലൂടെ, പുഴയുടെ അടിത്തട്ടില്‍ മിന്നി തിളങ്ങുന്ന അവളെയവന്‍ കണ്ടു. ഇത് തന്നെയല്ലേ ഞാന്‍ അന്വേഷിച്ചിരുന്ന എന്റെ സുന്ദരി. അവന്‍ വീണ്ടും വീണ്ടും അവളെ നോക്കി. മതിയാവുവോളം നോക്കിയിരുന്നു. അവള്‍ അവനെയും...

അവന്‍ ചോദിച്ചു ... എന്താ പേര് ?

അവള്‍ പറഞ്ഞു ... 'മണല്‍'

അവള്‍ ചോദിച്ചു ... നിന്റെയോ ?

അവന്‍ പറഞ്ഞു ... 'മാഫിയ'

അവന്‍ മനസില്‍ ചിന്തിച്ചു ... 'മണല്‍ മാഫിയ'

നല്ല പൊരുത്തമുള്ള പേരുകള്‍.

അവന്‍ സ്വപ്‌നങ്ങള്‍ നെയ്ത് കൂട്ടി. അത് തീര്‍ന്നപ്പോള്‍ പിന്നെയും നെയ്തു. നിത്യേന അവന്‍ അവളെ കാണാന്‍ തുടങ്ങി. രണ്ട് മനസിലും പ്രണയം മൊട്ടിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ മൊട്ട് പൂവായി, പൂവ് കായായി. കായായപ്പോള്‍ അതിലൊരെണ്ണം അവന്‍ പറിച്ച് തിന്നിട്ട് കുരു അവള്‍ക്ക് കൊടുത്തു. മണ്ടിപ്പെണ്ണ് അത് വാങ്ങി ഭക്ഷിച്ചു...

ഇവള്‍ തന്നെ എന്റെ ജീവിത സഖി. അവന്‍ ഉറപ്പിച്ചു. ആ ഉറപ്പിനെ അവന്‍ മനസില്‍ അരക്കിട്ട് ഒന്നൂടെ ഉറപ്പിച്ചു.... (ചക്ക പൊളിക്കുമ്പോള്‍ അതിനകത്ത് കാണുന്ന ഗ്രീസ് പോലുള്ള വെള്ള നിറത്തിലെ കുഴമ്പാകുന്നു അരക്ക്).

അവളുടെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കണം. പക്ഷെ ധൈര്യം പോരാ. 'പൊതു മേഖല' എന്ന ആ വലിയ തറവാട്ടിലേക്ക് പെണ്ണ് ചോദിച്ച് ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ആലോചിച്ചപ്പോള്‍ തന്നെ ശരീരം വിറക്കുന്നു. അവളില്ലാതെ എനിക്കിനി ഒരു ജീവിതമില്ല. എന്ത് പോം വഴി. അവളുടെ അമ്മാവന്മാരായ പരിസ്ഥിതി കാവല്‍ക്കാരെ കണ്ടാലോ. പിന്നെയത് വേണ്ടെന്ന് വെച്ചു. ഈ പെണ്ണിനെ കെട്ടിക്കാനുള്ളതല്ല എന്ന് ചിലപ്പോള്‍ അവന്മാര്‍ ബോര്‍ഡ് തൂക്കിക്കളയും.

ഒളിച്ചോടുക തന്നെ. മറ്റ് മാര്‍ഗമില്ല. അങ്ങനെ ആ ദിവസം വന്നെത്തി. അവന്‍ തന്റെ പ്രണയിനിയെയും വാരിപ്പുണര്‍ന്നു ലോറിയില്‍ കയറ്റി യാത്രയായി. വഴിയിലെ പ്രതിബന്ധങ്ങള്‍ ഒന്നും അവന് തടസമായില്ല. ചെക്ക് പോസ്റ്റുകളില്‍ അവന്‍ കറന്‍സികള്‍ വാരിയെറിഞ്ഞു. എങ്ങനെയും ലക്ഷ്യം കാണുക.

നാട് മൊത്തം വാര്‍ത്ത പരന്നു.

'മണല്‍, മാഫിയയുടെ കൂടെ ഒളിച്ചോടി പോയി' അധികാരികള്‍ ഉണര്‍ന്നു. എങ്ങും അന്വേഷണമായി. ചിത്രകാരന്‍മാര്‍ മാഫിയയുടെ രൂപ ചിത്രം വരച്ചു. കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. പ്രകൃതി സ്‌നേഹികള്‍ ഗീതങ്ങള്‍ ആലപിച്ചു. ഫേസ് ബുക്കികള്‍ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു. പോലീസ് വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. മാഫിയയുടെ ലോറിക്ക് വേഗം വര്‍ധിച്ചു. ഇപ്പോള്‍ പിടിക്കും എന്നായി. തനിക്ക് തന്റെ പ്രണയിനിയെ പിരിയാനാകില്ല.

പെട്ടെന്ന് മുന്നിലൊരു രൂപം. ആകാശത്തോളം പൊക്കമുള്ളോരു സ്ത്രീരൂപം. രണ്ട് കുഞ്ഞുങ്ങളെയും കയ്യില്‍ പിടിച്ച് കൊണ്ട് തന്റെ മാര്‍ഗത്തിന് തടസം സൃഷ്ടിച്ച് നില്‍ക്കുന്നു. ലോറി സഡന്‍ ബ്രേക്ക് അമര്‍ത്തി നിന്നു. ഇനി രക്ഷയില്ല. അധികാരികള്‍ തിരിഞ്ഞ് പോയി. പക്ഷെ താനെങ്ങനെ മുന്നോട്ട് പോകും. ഇടി വെട്ടും മിന്നലും. ഇതൊന്നുമറിയാതെ തന്റെ പ്രണയിനി ലോറിപ്പുറകില്‍ ശാന്തമായി ഉറങ്ങുന്നു.

ആകാശത്ത് നിന്ന് ഒരു കൈ നീണ്ട് വരുന്നത് അവന്‍ കണ്ടു. ആ കയ്യില്‍ പിടിച്ചിരുന്ന പണക്കിഴിയും അവന്‍ കണ്ടു. ഭീമാകാരയായ സ്ത്രീക്ക് മുന്നിലേക്ക് അത് അടുത്തടുത്ത് വരുന്നു. അവളാ പണക്കിഴിയിലേക്ക് തന്നെ നോക്കുന്നു. അവളുടെ വലുപ്പം കുറഞ്ഞ് വരാന്‍ തുടങ്ങി. അതെ... ചെറുതായി ചെറുതായി വരുന്നു. നിമിഷ നേരത്തില്‍ അവളൊരു സാധാരണ സ്ത്രീയായി. അവളുടെ കാലുകള്‍ ചലിക്കുന്നു. പണക്കിഴി പിടിച്ച അദൃശ്യ കൈ തെളിച്ച പാതയിലൂടെ അവള്‍ യാത്രയാകുന്നു.

കുട്ടികളുടെ കണ്ണുകളിലെ ദൈന്യത അവന് കാണാമായിരുന്നു. ഇതൊന്നും അവര്‍ക്ക് മനസിലാകുന്നില്ല. അമ്മ എങ്ങനെ ഇത്രയും വലുതായെന്നോ, ഞൊടിയിടയില്‍ എങ്ങനെ ഇത്രയും ചെറുതായെന്നോ അവര്‍ക്ക് അറിയില്ല. അവര്‍ നടന്ന് നീങ്ങി. പ്രണയിനിയെ സ്വതന്ത്രയായി കിട്ടിയ സന്തോഷത്തില്‍ അവനും.

ഇന്നും എല്ലാ രാത്രികളിലും മാഫിയ തന്റെ കാമുകിയായ മണലിനെ പുല്‍കാന്‍ രാത്രി കാലങ്ങളില്‍ പുഴയില്‍ മുങ്ങാം കുഴിയിടാറുണ്ട്. ആ ദിവ്യാനുരാഗത്തെ തടയാന്‍ ഇന്നാര്‍ക്കും ധൈര്യം ഇല്ല. കാലങ്ങളോളം ഇത് തുടരും.

അവസാനം ഒരു നാള്‍ അവള്‍ മരിക്കും, പുഴ മരിക്കും, കുളവും തോടും മരിക്കും, മൃഗങ്ങള്‍ മരിക്കും, മനുഷ്യന്‍ മരിക്കും, മാഫിയയും മരിക്കും.

ഭൂമി ഒരു ഇരുണ്ട ഗോളമായി പിന്നെയും ജീവിക്കും ... !

ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്:  Prasad Varghese

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.


Related: 

7 ഇത് ഒരുപക്ഷേ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം


ഫേസ്ബുക്കിലെ യുവതികളെ വട്ടമിടുന്ന ചതിക്കണ്ണുകള്‍

Keywords: Article, Facebook, Police, Prasad Varghese, Sand, Mafia, Gang, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment