Follow KVARTHA on Google news Follow Us!
ad

അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍

ഫേസ്‌ബുക്കില്‍ പ്രണയിക്കുന്നവന്‍ എന്ന പ്രവാസിയുടെ ജീവിത ഗന്ധിയായ അനുഭവങ്ങള്‍ പലരിലും ഗൃഹാതുരത്വം Article, Facebook, Abbas Kubbusine Prnayikkendi Vannavan, Gulf, Watch, Time, Mother, Malayalam News,
ഫേസ് ബുക്കില്‍ ഒട്ടേറെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച 'അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കുന്നവന്‍' എന്ന പ്രവാസിയുടെ ജീവിത ഗന്ധിയായ അനുഭവങ്ങള്‍ പലരിലും ഗൃഹാതുരത്വം ഉണര്‍ത്തിയിരുന്നു. കെവാര്‍ത്തയില്‍ അബ്ബാസിനെ നേരത്തെ പരിചയപ്പെടുത്തിയത് വായനക്കാര്‍ക്ക് ഓര്‍മയുണ്ടായിരിക്കും.

പ്രവാസി എഴുത്തുകാരനെന്ന നിലയില്‍ അബ്ബാസിന്റെ കുറിപ്പുകള്‍ എന്നും ശ്രദ്ധേയമായിരുന്നു. ഓണ്‍ലൈന്‍ എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ് നല്‍കാനായി പട്ടികയില്‍ ഉള്‍പെടുത്തിയപ്പോള്‍ അബ്ബാസ് തനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത് ഫേസ്ബുക്കില്‍ വന്‍ ചര്‍ച്ചയായിരുന്നു. അവാര്‍ഡ് നല്‍കുന്നവരുടെ പ്രവര്‍ത്തന രീതിയില്‍ ആദര്‍ശപരമായ വിയോജിപ്പുള്ളത് കൊണ്ടാണ് അബ്ബാസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

അവാര്‍ഡ് ലഭിക്കാന്‍ വേണ്ടി ചിലരെങ്കിലും പിന്‍വാതില്‍ ശ്രമം നടത്തുന്ന ഇക്കാലത്ത് ചില മൂല്യങ്ങള്‍ക്ക് വേണ്ടി അത് വേണ്ട എന്ന പറയാനുള്ള അബ്ബാസിന്റെ ധൈര്യത്തെ ചര്‍ച്ചകളില്‍ പലരും പ്രശംസിക്കുകയും ചെയ്തിരുന്നു.

വേറിട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പോസ്റ്റുകള്‍ സൃഷ്ടിച്ച് ലൈക്കുകള്‍ വാരിക്കൂട്ടുന്ന അബ്ബാസിന്റെ ഈയടുത്ത് ശ്രദ്ധേയമായ മറ്റൊരു ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് കെവാര്‍ത്തയുടെ 'ഫേസ്ബുക്കില്‍ തിളങ്ങുന്നത്' ഇത്തവണ സഞ്ചരിക്കുന്നത്.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്‌ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് അഞ്ചാം ഭാഗം
അബ്ബാസിന്റെ കുറിപ്പിലേക്ക്

വാച്ച്......

അന്നൊക്കെ നാട്ടില്‍ ശ്രീധരേട്ടന് മാത്രമേ വാച്ചുണ്ടായിരുന്നുള്ളൂ. പള്ളിയിലെ മുക്രിക്കു ഒച്ചയടക്കുന്ന ദിവസങ്ങളില്‍ നമസ്‌കാര സമയം ഉറപ്പു വരുത്താന്‍ ഉമ്മ ശ്രീധരേട്ടനോടാണ് സമയം ചോദിച്ചിരുന്നത്. അല്ലാത്ത സമയത്തൊക്കെ സമയം കണക്കാക്കിയിരുന്നത് സിന്ദഗി ബസും,അനുഗ്രഹം ബസുമൊക്കെ വരുന്നതും പോകുന്നതും നോക്കിയായിരുന്നു.

ഒരു പെരുന്നാളിന് അമ്മായിമാര്‍ക്കു കുപ്പിവളകള്‍ വാങ്ങികൊടുത്ത കൂട്ടത്തിലാണ് ഉപ്പയെനിക്കൊരു പച്ചനിറത്തിലുള്ള വാച്ച് വാങ്ങി തന്നത്. താഴോട്ട് ചെരിച്ചാല്‍ ഒന്‍പതെ മുപ്പതും, മേലോട്ട് തിരിച്ചാല്‍ പത്തെ പതിനഞ്ചും കാണിക്കുന്ന വാച്ച്.

Article, Facebook, Abbas Kubbusine Prnayikkendi Vannavan, Gulf, Watch, Time, Mother, Malayalam News,
ചാവി രണ്ടാമത്തെ ദിവസം തന്നെ ഊരി പോന്നു. കുഞ്ഞബ്ബാസിന്റെ കൗതുകം മൂന്നാം നാളില്‍ വാച്ചിന്റെ പ്ലാസ്റ്റിക് ചില്ലും പറിച്ചെടുത്തു. പച്ച സ്ട്രാപ്പിന്റെ ഒരു തല വിളക്കില്‍ കാണിച്ചു ഉരുക്കുകകൂടി ചെയ്തതോടെ ആ പെരുന്നാള്‍ സമ്മാനം തൊടിയിലെവിടെയോ കിടന്നു പല്ലിളിക്കാന്‍ തുടങ്ങി. എന്റെ വാച്ചിനൊപ്പം പെരുന്നാളിന് റസിയയുടെ ഉപ്പ വാങ്ങി കൊടുത്ത കുപ്പി വള ഒന്ന് പോലും പൊട്ടിയില്ലാ എന്നും പറഞ്ഞു റസിയ ഇളിച്ചു കാട്ടിയത് പോലെ.

സമയം എന്ന സംഗതി സ്‌കൂളില്‍ പോകാനും മദ്രസയില്‍ പോകാനും മാത്രം ഉപയോഗിച്ചിരുന്ന അക്കാലത്തു വാച്ച് എന്നത് ഒരത്യാവശ്യമേ അല്ലായിരുന്നു. താരതമ്യേനെ മെച്ചപ്പെട്ട ജീവിതനിലവാരമുള്ള കൊണ്ടോട്ടിയില്‍ എത്തിയതിനു ശേഷമാണ് ആദ്യമായി വാച്ച് കെട്ടുന്നത്.

അമ്മാവന് പുതിയൊരു സിറ്റിസണ്‍ വാച്ച് കിട്ടിയപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന പഴയ സൈക്കോ ഫൈവ് വാച്ച് എനിക്ക് തന്നു. വണ്ണമില്ലാത്ത കയ്യില്‍ കനമുള്ള സൈക്കോ ഫൈവ് വാച്ച് ഇപ്പൊ ഊരി പോരും എന്ന് തോന്നിക്കുമാറ് തൂങ്ങി കിടന്നു.

ഏതാണ്ട് അതേ കാലത്ത് തന്നെയാണ് കൂട്ടുകാരന്‍ റഷീദ് അവന്റെ ഉപ്പ ഗള്‍ഫീന്ന് കൊണ്ട് വന്ന പുതിയ കാസിയോ വാച്ചും കെട്ടി മദ്രസയില്‍ വന്നത്. ഓരോ മണിക്കൂറിലും അതിനകത്ത് നിന്നും വരുന്ന ബീപ് ബീപ് ശബ്ദം ഗള്‍ഫ് എന്ന നാടിനെ എന്റെ സ്വപ്നങ്ങളില്‍ കൊണ്ട് വന്നു നിറച്ചു.

അന്ന് കണ്ട സ്വപ്നമായത് കാരണമാണ് ഞാന്‍ ഒരിക്കലും പ്രവാസത്തെ കുറ്റപ്പെടുത്തിയൊ പ്രാകിയോ ഇവിടെ ഒന്നും എഴുതാത്തത്. വല്ലപ്പോഴും മക്കളെ പിരിഞ്ഞിരിക്കുന്ന വിഷമം എഴുതാറുണ്ട്. അതെന്നെപോലെ തന്നെ മറ്റു പലരുടെയും വിഷമം ആയതുകൊണ്ട് മാത്രമാണ്.

നിങ്ങള്‍ ആരെങ്കിലും സെകന്റ് സൂചിയില്ലാത്ത വാച്ച് ഉപയോഗിച്ചിട്ടുണ്ടോ? അത്തരം വാച്ചിന് ഒരു അഭംഗിയുണ്ടാവും എന്നല്ലാതെ വേറെ പ്രശ്‌നമൊന്നും ഇല്ല. സെകന്റ് സൂചിയുണ്ടെങ്കില്‍ അതങ്ങിനെ ചലിച്ചുകൊണ്ടിരുന്നോളും. ഒരു സജീവത ഫീല്‍ ചെയ്യും നമുക്ക്.

ബാറ്ററി തീരുന്നതുവരെ നിലക്കാതെ, വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന സെകന്റ് സൂചിയാണ് നമ്മുടെയെല്ലാം അമ്മമാര്‍. ഞാന്‍ എന്ന വാച്ച് സെകന്റ് സൂചിയില്ലാതെ ഓടാന്‍ തുടങ്ങിയതും ആ കാലഘട്ടത്തിലാണ്. എന്റെ വാച്ചിലെ മിനുറ്റ് സൂചി ഏറ്റവും മോശമായി കറങ്ങിയതും ആ നിമിഷത്തിലായിരുന്നു. മെല്ലെ മെല്ലെ ജീവിതം പഴയപോലെ തന്നെയായി. പക്ഷെ ജീവിതത്തിന്റെ ആ താളം, ആ സജീവത, ആ പൂര്‍ണത എല്ലാം അന്നുമുതല്‍ നഷ്ടമായി.

ഉമ്മാന്റെ അനിയത്തി ചുവന്ന ഡയലുള്ള ഒരു സിറ്റിസണ്‍ വാച്ചു തന്നതില്‍ പിന്നെ ആ വാച്ചായിരുന്നു കുറേ കാലം ഉപയോഗിച്ചത്. അത് പെണ്ണുങ്ങള്‍ കെട്ടുന്ന വാച്ചാണെന്നു ചില അസൂയാലുക്കള്‍ പറഞ്ഞത് ഞാന്‍ മൈന്‍ഡ് ചെയ്തില്ല.

ഒരിക്കല്‍ ആ വാച്ച് ഒരു പണി തന്നു. കൊണ്ടോട്ടി ജി.എം.യു.പി സ്‌കൂളിലെ ബെല്ലടിച്ചിരുന്നത് ഞങ്ങള്‍ VI-F ക്ലാസുകാരായിരുന്നു. ഒരിക്കല്‍ അരമണിക്കൂര്‍ വേഗത്തില്‍ ഓടിയ വാച്ച് 12.30 ന് ഒരു മണി എന്ന് കാണിച്ചത് കാരണം ഞാന്‍ അരമണിക്കൂര്‍ നേരത്തെ ഉച്ച ഭക്ഷണത്തിനുള്ള ബെല്ലടിച്ചു. അപ്പൊതന്നെ ഹെഡ് മാഷ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു നാളെ മുതല്‍ വാച്ചില്ലാതെ സ്‌കൂളില്‍ വന്നാല്‍ മതിയെന്ന്. രക്ഷിതാവില്ലാതെ സ്‌കൂളിലേക്ക് വരരുത് എന്ന് പറയുന്നപോലെ ആയിപോയി ആ പറച്ചില്‍.

പിന്നീടാണ് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിനു അടുത്തുണ്ടായിരുന്ന മക്കാ വാച്ച് വര്‍ക്‌സില്‍ നിന്നും ഒരു ടൈറ്റാന്‍ വാച്ച് വാങ്ങിയത്. കൊണ്ടോട്ടിയിലെ അന്നത്തെ ഏറ്റവും വലിയ വാച്ച് കട അതായിരുന്നു എന്ന് തോന്നുന്നു. പിന്നെ ഒരു സ്വര്‍ണപല്ലുകാരന്‍ മുതലാളി നടത്തിയിരുന്ന ഒരു ഖുദ്‌സ് വച്ച് വര്‍ക്‌സ് മലപ്പുറം ഭാഗത്തേയ്ക്കുള്ള ബസ സ്റ്റോപ്പിനു അടുത്തുണ്ടായിരുന്നത് ഓര്‍ക്കുന്നു.

ഒരിക്കല്‍ ഈ ടൈറ്റാന്‍ വാച്ചിന്റെ സെകന്റ് സൂചി ഇളകി വന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിനു കുറുകേയിട്ട മരത്തടി പോലെ മിനിറ്റ് സൂചിയുടെയും, മണിക്കൂര്‍ സൂചിയുടെയും വഴി തടഞ്ഞു നിന്നു. തല്‍ക്കാലം വച്ച് നന്നാക്കിയില്ലെങ്കിലും കയ്യില്‍ കെട്ടാതിരുന്നില്ല.

വാച്ച് പണി മുടക്കിയപ്പോളാണ് അത്രയും കാലം സമയം ചോദിക്കാത്തവരെല്ലാം സമയം ചോദിക്കാന്‍ തുടങ്ങിയത്. ഒരിക്കല്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു കാക്ക വന്നിട്ട് ചോദിച്ചു, മോനെ സമയെന്തായി?
പറഞ്ഞു തരില്ലാ............
ങേ!!! ഞാന്‍ സമയമാണ് കുട്ടീ ചോദിച്ചത്.....
അത് തന്നെയാണ് പറഞ്ഞു തരില്ലാന്നു പറഞ്ഞത്..
ഇത്ര ചെറുപ്പത്തിലെ കുട്ടികള്‍ കഞ്ചാവ് അടിക്കുമോ എന്ന സംശയത്തില്‍ എന്നെ ഒന്ന് തറപ്പിച്ചു നോക്കി അദ്ദേഹം നടന്നകന്നു...

അതിനൊക്കെ ശേഷമാണ് ചെറിയ കാശിനു കിട്ടുന്ന സ്‌പോട്‌സ് ടൈപ് വാച്ചുകള്‍ ഇറങ്ങുന്നത്. നല്ല വലുപ്പമുള്ള ആ കറുത്ത വാച്ചുകളില്‍ ഒരു വിമാനത്തിന്റെ കോക്ക്പിറ്റിനെക്കാളും സൂചികള്‍ ഉണ്ടായിരുന്നു, ചിലപ്പോഴൊക്കെ.

വാച്ചിലെ സെക്കന്റ് സൂചി അതിവേഗത്തിലും മിനിറ്റ് സൂചി മടിച്ചു മടിച്ചും മണിക്കൂര്‍ സൂചി ഇഴഞ്ഞും നീങ്ങുമ്പോള്‍ സത്യായിട്ടും അന്നോര്‍ത്തില്ലാ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ഈ കഴിഞ്ഞു പോകുന്നതെന്ന്. ഒരിക്കലും റിവേഴ്‌സ് ഗിയറില്‍ ഓടാത്ത സെകന്റ് സൂചിയെ പോലെ ഓടി പോയ ആ കാലം ഇപ്പോള്‍ ഓര്‍മകളിലെങ്കിലും റിവേഴ്‌സ് ഗിയറിലിടാന്‍ ശ്രമിക്കുന്നു.

( ഒന്നും കൂടെ വരേണ്ടി വരും..കാരണം ഗള്‍ഫില്‍ ആണല്ലോ വാച്ചിനെ കുറിച്ചു കൂടുതല്‍ കഥകളുണ്ടാവുക)

ഈ കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്: Abbas Kubbusine Prnayikkendi Vannavan
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

അബ്ബാസിനെ പരിചയപ്പെടുത്തി കെവാര്‍ത്ത നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍:

 ഉപ്പാനെ വിഷമിപ്പിക്കണോ, ഉമ്മാക്ക് കൊടുത്ത വാക്ക് പാലിക്കണോ?

ലൈക്കുകള്‍ കിട്ടുന്നില്ലേ? ഫേസ് ബുക്കിലെ അബ്ബാസിന്റെ കുബ്ബൂസ് രസായനം!


Related: 'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'



ആശ്വാസമായി വരുന്ന നെറ്റ് കോളുകള്‍

Keywords: Article, Facebook, Abbas Kubbusine Prnayikkendi Vannavan, Gulf, Watch, Time, Mother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment