Follow KVARTHA on Google news Follow Us!
ad

മണിയറ പുല്‍കും മുമ്പ് മുംതാസിന്റെ മാരന്‍ പോയതെവിടേക്ക് ?

പൂവനപ്പറമ്പിലെ ധനാഢ്യനായ കുഞ്ഞുമോന്റെ കല്യാണം നാടാകെ ഉത്സവാന്തരീക്ഷത്തില്‍ നടക്കുകയാണ്. Article, Facebook, Sayyid Muhammed Kakkad, Marriage Function, Famous Facebook Status, Malayalam News, National News
പൂവനപ്പറമ്പിലെ ധനാഢ്യനായ കുഞ്ഞുമോന്റെ കല്യാണം നാടാകെ ഉത്സവാന്തരീക്ഷത്തില്‍ നടക്കുകയാണ്. തലേന്ന് മുതല്‍ കല്യാണ വീട്ടില്‍ നടന്നുവരുന്ന ഓരോ ചലനങ്ങളും നര്‍മത്തില്‍ പൊതിഞ്ഞ് ഒപ്പിയെടുത്ത് അവതരിപ്പിച്ച് വായനക്കാരെ അവിടേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഫേസ്ബുക്കറായ സയ്യിദ് മുഹമ്മദ് കക്കാട്.

സന്ധ്യ മയങ്ങി കുഞ്ഞുമോനും മണവാട്ടി മുംതാസും മണിയറ പുല്‍കും മുമ്പ് അവിടെ യാദൃശ്ചികമായി സംഭവിച്ച ദുരന്തം മുഹമ്മദ് കക്കാട് അവതരിപ്പിക്കുന്നു. ആനന്ദം അലതല്ലിയിരുന്ന കല്യാണ വീട് നിമിഷ നേരം കൊണ്ട് മരണ വീടായി മാറിയത് നേരില്‍ ഹൃദ്യമായ ഭാഷയിലൂടെ ഇവിടെ വരച്ചിടുന്നു. മുംതാസിനൊപ്പം വായനക്കാരും സ്തംഭിച്ചു നിന്നു പോകുന്നു.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്‌ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് ആറാം ഭാഗം
സയ്യിദ് മുഹമ്മദിന്റെ കുറിപ്പിലേക്ക്

പൂവനപ്പറമ്പിലെ കല്യാണപ്പന്തല്‍

പൂവനപ്പറമ്പ് ഗ്രാമം ഇന്ന് ഉത്സവ ലഹരിയിലാണ്. ഇന്നാണ് മേലേവീട്ടിലെ കുഞ്ഞുമോന്റെ കല്യാണം.. പതിനെട്ട് വയസ് തികയും മുമ്പ് പാസ്‌പോര്‍ട്ടില്‍ ജനന തീയ്യതി പെരുപ്പിച്ചു കാണിച്ചു ഗള്‍ഫില്‍ പോയതാണ് കുഞ്ഞുമോന്‍. ദുബൈയിലെ ഏതോ എണ്ണക്കമ്പനിയില്‍ അക്കാലത്ത് ചായക്കാരനായി ജോലി കിട്ടി. പിന്നീട് ഓഫീസിലെ സ്‌റ്റോര്‍ റൂമില്‍ അന്ത്യശ്വാസം വലിച്ചു കിടന്നിരുന്ന പൊട്ടിപ്പൊളിഞ്ഞ കമ്പ്യൂട്ടറില്‍ ഞെക്കിയും കുത്തിയും ടൈപ്പ് റൈറ്റിംഗ് ഒരു വിധം പഠിച്ചെടുത്തു. ക്രമേണ മുതലാളിയുടെ വിശ്വാസം പിടിച്ചു പറ്റിയ കുഞ്ഞുമോന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പനിയില്‍ ടൈപ്പിസ്റ്റായി.

പഠനത്തില്‍ വട്ടപൂജ്യമായിരുന്നെങ്കിലും കുട്ടിക്കാലത്ത് കടങ്കഥ പറച്ചിലിലും കണക്ക് പറഞ്ഞുള്ള കളികളിലും വലിയ സാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്ന കുഞ്ഞുമോന്‍ അന്യരാജ്യക്കാരുമായുള്ള സഹവാസത്തിലൂടെ ഇംഗ്ലീഷ് ഭാഷ പെട്ടെന്ന് വശത്താക്കി. ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടാന്‍ ഇംഗ്ലീഷ് കുഞ്ഞുമോനെ സഹായിച്ചു. ആറു വര്‍ഷം മുമ്പ് കമ്പനിയിലെ ജോലി രാജിവെച്ചു സ്വന്തമായി ബിസിനസ് തുടങ്ങിയതോടെ കുഞ്ഞുമോന്റെ നക്ഷത്രം തെളിഞ്ഞു.
Article, Facebook, Sayyid Muhammed Kakkad, Marriage Function, Famous Facebook Status, Malayalam News,

12 വര്‍ഷങ്ങള്‍ക്കിപ്പുറം പൂവനപ്പറമ്പിന്റെ അലങ്കാര ചിഹ്നങ്ങളില്‍ ഒന്നാണ് മേലേവീട്ടില്‍ കുഞ്ഞുമോന്‍. നാട്ടിലെ എണ്ണം പറഞ്ഞ പണക്കാരില്‍ ഒരാള്‍. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് യൂറോപ്യന്‍ മാതൃകയില്‍ പണി കഴിപ്പിച്ച നാട്ടുകാര്‍ കൊട്ടാരം എന്ന് പേരിട്ടു വിളിക്കുന്ന വിശാലമായ ഇരുനില ബംഗ്ലാവ്. മുറ്റത്ത് ആഡംബര കാറുകള്‍ മൂന്നെണ്ണം. നഗരത്തില്‍ ഗള്‍ഫ് നിര്‍മാണ ശൈലി കടംകൊണ്ട കൂറ്റന്‍ ബിസിനസ് സമുച്ചയം. ആദ്യമാദ്യം അറബിയെ പറ്റിച്ചുണ്ടാക്കിയ കാശാണെന്നൊക്കെ പരദൂഷണം പറഞ്ഞിരുന്നവരെല്ലാം ഇന്ന് കുഞ്ഞുമോന്റെ പുറംതിരുമ്മുകാരായി

കല്ല്യാണദിവസം നേരം പുലര്‍ന്നു. നേരം വെളുത്തെന്നറിയിച്ചു കൊണ്ട് പള്ളിയില്‍ സുബ്ഹി ബാങ്ക് മുഴങ്ങി. തലേന്നാളത്തെ ആരവങ്ങളൊഴിഞ്ഞു പുലര്‍ച്ചയോടടുത്താണ് കല്ല്യാണവീട് മയക്കത്തിലേക്ക് കടന്നത്. എങ്കിലും കുറച്ചുപേര്‍ പന്തലില്‍ അങ്ങിങ്ങായി ഇപ്പോഴും അണയാത്ത അലങ്കാര ബള്‍ബുകളുടെ മങ്ങിയ വെളിച്ചത്തില്‍ സൊറ പറഞ്ഞിരിക്കുന്നുണ്ട്. ദൂര സ്ഥലങ്ങളിലുള്ള ബന്ധുക്കളെല്ലാം ഒരാഴ്ച മുമ്പ് തന്നെ മേലേവീട്ടില്‍ വന്നു തമ്പടിച്ചിട്ടുണ്ട്. കല്യാണത്തലേന്ന് വിരുന്നുകാരുടെ ആധിക്യം കാരണം വിശാലമായ മേലേവീട്ടിലെ റൂമുകളെല്ലാം ലോക്കല്‍ ട്രെയിനിലെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റു പോലെ കുത്തി നിറച്ചിരിക്കുകയാണ്.

അയല്‍പക്കത്തെ പെണ്ണുങ്ങളില്‍ ചിലര്‍ സ്‌റ്റോര്‍റൂമിലാണ് ചുരുണ്ട് കൂടി കിടക്കുന്നത്. വൈകി കിടന്നത് കൊണ്ടും ക്ഷീണം കാരണവുമാവാം പല പ്രായത്തിലുള്ളവര്‍ കിടക്കുന്ന വിവിധ റൂമുകളില്‍ നിന്നും പല താളത്തിലും ഈണത്തിലുമുള്ള കൂര്‍ക്കം വലി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അയല്‍പ്പക്കത്തെ പപ്പടക്കാരി ഖയ്(ദീ)ജാത്താന്റെ മകള്‍, സ്ഥലത്തെ പയ്യന്‍സ്!, ചെളിക്കുണ്ടില്‍ വിരിഞ്ഞ റോസാപ്പൂവെന്നു വിളിക്കുന്ന 16കാരി ഷാഹിനയും ഏതാനും ചില മധുരപതിനാറുകാരും ആള്‍ക്കൂട്ടത്തില്‍ കിടക്കാന്‍ മടിച്ചു സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച പന്തലിലെ ടേബിളുകളില്‍ തലചായ്ച്ചാണ് നേരം വെളുപ്പിക്കുന്നത്.

തലേന്നാള്‍ വൈകുന്നേരം മുതല്‍ അര്‍ധരാത്രി കഴിയുന്നത് വരെ പേരുകേട്ട റിയാലിറ്റി ഷോ താരങ്ങളെയെല്ലാം അണിനിരത്തിയ ഗാനമേള ഉണ്ടായിരുന്നു, ഇന്ന് മണവാട്ടി വരുമ്പോള്‍ കൈകൊട്ടിപ്പാട്ടോടെ വരവേല്‍ക്കാന്‍ ഒപ്പന ട്രൂപ്പും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കുഞ്ഞുമോന്റെ ഉമ്മ സൈനാത്ത കുടിക്കാരത്തിയെന്ന ഗമയില്‍ വാതിലുകളില്‍ മുട്ടി ഉറങ്ങുന്നവരെയെല്ലാം വിളിച്ചുണര്‍ത്താന്‍ തുടങ്ങി. 'നേരം ബെള്‍ത്തിക്ക്ണ് ണീചൂടി, ല്ലാരും ണീചൂടി'

ദൂരസ്ഥലങ്ങളില്‍ നിന്ന് വന്ന പലരും തൊട്ടടുത്തുള്ള പുഴക്കടവില്‍ പോയി കുളിയും പല്ല് തേപ്പുമെല്ലാം നിര്‍വഹിച്ചു വന്നു. ഇപ്പോള്‍ കല്യാണവീട് ചെറിയ തോതില്‍ സജീവമായി തുടങ്ങി. പിറകുവശത്തെ പന്തലിനരികിലുള്ള വെപ്പ്പുരയില്‍ മാടുകളെയും കോഴികളെയും മുറിച്ചിട്ട ചെമ്പുകള്‍ കൊണ്ടുവന്നു നിരത്തി. ആ ചെമ്പുകള്‍ക്ക് അകമ്പടിയായി വന്ന തെരുവ് നായ്ക്കളോടും കാക്കകളോടും പിറുപിറുത്തു കൊണ്ട് സൈനാത്ത. മുറ്റത്ത് അവിടവിടങ്ങളില്‍ വെള്ളം ഒലിച്ചു പോവാന്‍ കുഴികള്‍ വെട്ടുന്നതിനിടയില്‍ മണ്ണിനോടും മരങ്ങളോടും കിന്നാരം പറഞ്ഞു കൊണ്ട് തമിള്‍നാട്ടുകാരന്‍ മൂര്‍ത്തി.

നല്ല കാര്യങ്ങളില്‍ പോലും എന്തെങ്കിലും കുറ്റം കണ്ടെത്തുന്ന ചൊറിച്ചിലിന്റെ അസുഖമുള്ള ഒരു ദോഷൈകദൃക്കാണ് കുഞ്ഞുമോന്റെ അമ്മാവന്‍ മുല്ലാപ്പു. പന്തലും മറ്റും നിര്‍മിച്ചിരിക്കുന്നത് ഏറണാകുളത്തെ പ്രശസ്തമായ ഒരു ഇവന്റ്‌റ് മാനേജ്‌മെന്റ് കമ്പനിയാണ്. പന്തലിലെ പൂക്കള്‍ അലങ്കരിച്ചിരിക്കുന്നത് തൃശൂരില്‍ നിന്നുമുള്ള വേറൊരു കമ്പനിയും. പക്ഷെ അതൊന്നും മുല്ലാപ്പുവിനു പ്രശ്‌നമല്ല. കക്ഷി പന്തലിലെ ഇളക്കമുള്ള തൂണുകള്‍ ഏതെല്ലാമെന്ന് കുലുക്കി നോക്കി കണക്കെടുക്കുന്ന തിരക്കിലാണ്.

കൂട്ടുകുടുംബങ്ങളും നേരത്തെ എത്തിയ നാട്ടുകാരുമെല്ലാം അതിരാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു പലഭാഗങ്ങളിലായി ഇരിപ്പുറപ്പിച്ചു. തലേന്നാള്‍ രാത്രിയിലെ തുടര്‍ച്ചയെന്നോണം ഗാനമേള സംഘം ഒമ്പത് മണിയോടെ വീണ്ടും രംഗം കയ്യടക്കി.

വര്‍ണങ്ങളും പൂക്കളും അലങ്കാര ദീപങ്ങളും കൊണ്ട് രാജകീയമായി അണിയിച്ചൊരുക്കിയ ഊട്ടുപുരയില്‍ 11 മണിക്ക് മുമ്പേ ചോറ് വിളമ്പിത്തുടങ്ങി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വന്നെത്തിയവരെക്കൊണ്ട് കല്ല്യാണപ്പന്തലും ഊട്ടുപുരയും മേലേവീടിന്റെ പരിസരവുമെല്ലാം ഇപ്പോഴേ നിറഞ്ഞു കവിഞ്ഞു.

ഊട്ടുപുരയിലേക്ക് ആളുകള്‍ കയറി വരുന്ന കവാടത്തിനരികിലാണ് പൂവനപ്പറമ്പിലെ കോമാളി കഥാപാത്രം ഒസ്സാന്‍ മാനുവിന് ഇരിപ്പിടം കിട്ടിയത്. മാനു ആദ്യത്തെ കോഴിക്കാല്‍ വായില്‍ വെച്ചതും പറമ്പിലെ അബൂബക്കര്‍ ഹാജി സലാം പറഞ്ഞു കയറി വന്നു. മാനു കോഴിക്കാല്‍ താഴെ വെച്ച് സലാം മടക്കി. 'വ അലൈക്കും മുസ്സലാം', വീണ്ടും കോഴിക്കാല്‍ വായിലേക്കെടുത്തതും കീലോട്ടു ഉസ്മാന്‍ സലാം പറഞ്ഞു അകത്തു കയറി, മാനു വീണ്ടും കോഴിക്കാല്‍ താഴെ വെച്ച് സലാം മടക്കി. 'വ അലൈക്കും മുസ്സലാം' ഇത്തവണ കോഴിക്കാല്‍ വായിലേക്കെടുത്തതും പള്ളിയിലെ ഉസ്താദ് സലാം പറഞ്ഞു കടന്നു വന്നു. ഉസ്താദിനെ ഒരു മാതിരി നോട്ടം നോക്കി സലാം മടക്കിയ ശേഷം.. 'ത് വല്ലാത്ത കട്ടകലായെല്ലോ, ഞ്ഞി ഇമ്മായിരി ഏര്‍പാടിന് ഞമ്മളില്ലാന്നും' പറഞ്ഞു പ്ലേറ്റ് കയ്യിലെടുത്തു മാനു പുതിയ ഇരിപ്പടം തിരക്കിപ്പോയി.

മാനുവിന് ഇപ്പോള്‍ കുറച്ചപ്പുറത്ത് ചട്ടുകാലുള്ള ഓടക്കല്‍ ബാവയുടെ അടുത്തായി മറ്റൊരു സീറ്റ് കിട്ടി. ബാവക്ക് മൂന്നാമതും മസാല ചോദിച്ചിട്ട് ഇതുവരെ കിട്ടാത്തതില്‍ കുരുപൊട്ടി ഇരിപ്പാണ്. അരിശം തീര്‍ക്കാന്‍ എന്തൊക്കെയോ തന്നെത്താന്‍ പിറുപിറുക്കുന്നുണ്ട്. ഇടക്ക് നെഞ്ച് തടവുന്ന ബാവ ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിക്കുന്നുണ്ട്. പെട്ടെന്ന് ബാവ ഇരിപ്പിടത്തില്‍ നിന്നും തലകറങ്ങി നിലത്തു വീണു. അടുത്തുള്ളവര്‍ ചുറ്റും കൂടി. നാട്ടുകാരില്‍ ചിലര്‍ ബാവയെ ആശുപത്രിയിലേക്ക് കൊണ്ട് പോകാമെന്നായി. നിശബ്ദമായി ബാവ അവരുടെ കൂടെ പോയി. കാഴ്ചക്കാര്‍ക്ക് ബാവയോടുള്ള സഹതാപം അവിടെ അവസാനിച്ചു. എങ്കിലും ബാവയുടെ നിശബ്ദതക്ക് ആള്‍ക്കൂട്ടം തിരിച്ചറിയാത്ത വലിയ അര്‍ത്ഥങ്ങളുണ്ടായിരുന്നു. ആഘോഷനിറവില്‍ മേലേവീട്ടിലെ കല്യാണം പൊടിപൊടിക്കുമ്പോള്‍ സാമ്പത്തിക പ്രയാസങ്ങളാല്‍ മൂന്നെണ്ണം പുരനിറഞ്ഞിരിപ്പുണ്ട് ബാവയുടെ വീട്ടില്‍.

കുഞ്ഞുമോന്റെ അനുജന്‍ കുട്ടിമോന്‍ ന്യൂ ജനറേഷനാണ്. ബഹുവര്‍ണക്കളര്‍ കുപ്പായവും മുഖത്തിന്റെ പകുതി ഭാഗം മറക്കുന്ന ഒരു ഗ്ലാസും വെച്ചിട്ടുണ്ട്. അരക്കെട്ടില്‍ നിന്നും അഞ്ചിഞ്ചു താഴ്ഭാഗത്ത് നിന്നാണ് പാന്റു തുടങ്ങുന്നത്. മൂന്ന് മൂവി ക്യാമറകള്‍ ഒരേ സമയം കല്യാണാഘോഷം പകര്‍ത്തുന്നുണ്ട്. ക്യാമറാമാന്‍ന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തും, ഇടക്കിടക്ക് ഗാനമേള സംഘത്തിലെ തരുണികളായ ഗായികമാരോട് ഏതു പാട്ടു പാടണമെന്ന് നിര്‍ദേശിച്ചും ആളാവാന്‍ കുട്ടിമോന്‍ ആവത് ശ്രമിക്കുന്നുണ്ട്. പക്ഷെ, അവരുടെ രൂക്ഷമായ നോട്ടത്തില്‍ തന്നെ ആള് പത്തി മടക്കി തിരികെ പോരും. ഇപ്പോള്‍ തിരക്കിനിടയിലും സ്മാര്‍ട്ട് ഫോണില്‍ സ്വന്തമായി ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്ന തിരക്കിലാണ് കുട്ടിമോന്‍.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാജകീയമായി തന്നെയായിരുന്നു വധുഗൃഹത്തിലേക്കുള്ള വരന്റെ ആദ്യയാത്രയും മടക്കവുമെല്ലാം. നാല് മണിയോടെ കുഞ്ഞുമോന്റെ ജീവിതത്തിലേക്ക് മുംതാസ് എന്ന പഞ്ചവര്‍ണക്കിളി സ്‌നേഹത്തിന്റെ കുളിര്‍കാറ്റ് വീശി പൂവനപ്പറമ്പിലെത്തി. ഒപ്പനയോടെ എതിരേറ്റ മണവാട്ടിയെ സൈനാത്ത തന്നെ കയ്യില്‍ പിടിച്ചു വലതുകാല്‍ വെച്ച് മേലേവീട്ടിന്റെ പടി കയറ്റി ആനയിച്ചു.

ചായ സല്‍ക്കാരത്തിന് പലഹാരങ്ങളുടെ ഒരു സമ്മേളനം തന്നെ വിളിച്ചിട്ടുണ്ട്. കുഞ്ഞുമോന്റെ ബിസിനസ് പങ്കാളി തലശേരിക്കാരന്‍ അഷ്‌റഫ് വഴി ഏര്‍പ്പെടുത്തിയ 12 ഓളം പെണ്ണുങ്ങള്‍ രണ്ടു ദിവസമായി ചായസല്‍ക്കാരത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. വടക്കന്‍ മലബാറിലെ കേളികേട്ട പലഹാരക്കൂട്ടുകളെല്ലാം ടേബിളില്‍ നിരന്നു. ചട്ടിപത്തിരി, കോഴിയട, മസാലട, മീനട, മുട്ടമാല, മുട്ടസുര്‍ക്ക, പുഡ്ഡിംഗ്, കേക്ക്, ചിക്കന്‍ പപ്പ്‌സ്, കട്ട്‌ലെറ്റ്, പഴം പൊരിച്ചത്, ബോണ്ട, ബ്രെഡ് പൊരിച്ചത്, വാഴക്കട, കല്ലുമ്മക്കായ നിറച്ചു പൊരിച്ചത്, ഇറച്ചിപ്പത്തിരി, മണ്ട, പൂവട, കുയ്യപ്പം, വെട്ട്യപ്പം.. അങ്ങിനെ 19 തരം പലഹാരങ്ങള്‍

ചായ സല്‍ക്കാരത്തിന്റെ ബഹളം തീര്‍ന്നപ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. സന്ധ്യയോടെ കുഞ്ഞുമോന്റെയും മുംതാസിന്റെയും പ്രണയാര്‍ദ്ര്മായ മനസിനും ശരീരത്തിനും കുളിര് പകര്‍ന്നു കൊണ്ട് പുറത്ത് ചെറിയ ചാറ്റല്‍ മഴയും വിരുന്നെത്തി. രാവിലെ മുതല്‍ ബ്യൂട്ടീഷ്യന്‍ കൂടെ ഉണ്ടായിരുന്നെങ്കിലും രാത്രിയിലെ ഔദ്യോഗിക ചടങ്ങുകളുടെ അവസാനവട്ട ഒരുക്കമെന്ന നിലയില്‍ സൗന്ദര്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുവായ കുഞ്ഞുമോന്‍ ടൗണിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയി.

15 മിനിറ്റുനുള്ളില്‍ അമ്മാവന്‍ മുല്ലാപ്പുവിനു വന്ന ഒരു ഫോണ്‍ കോള്‍ സന്ദേശം പൂവനപ്പറമ്പില്‍ കാട്ടുതീ പോലെ പടര്‍ന്നു. സമയം തെറ്റി വന്ന അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞ കുഞ്ഞുമോന്റെ വിലപിടിപ്പുള്ള ആഡംബര കാറിനുള്ളില്‍ നിന്നും മോഹങ്ങളും സ്വപ്നങ്ങളും വിട്ടു പോവാന്‍ കൂട്ടാക്കാത്ത ഒരു മൃതദേഹം പുറത്തെടുത്തു...

കേട്ടവര്‍ കേട്ടവര്‍ മേലേവീട്ടിലേക്കോടി... പൂവനപ്പറമ്പിന്റെ അസ്തമയ സൂര്യനെ ഇരുണ്ട മേഘപാളികള്‍ പൊതിഞ്ഞു. ആഘോഷത്തിന്റെ ആര്‍പുവിളികള്‍ ഉയര്‍ന്ന പന്തലില്‍ ദുരന്തത്തിന്റെ കൂട്ടക്കരച്ചില്‍ മുഴങ്ങി.. പുഞ്ചിരിച്ചു കൊണ്ട് അല്‍പ്പം മുമ്പ് പിരിഞ്ഞു പോയവരെലാം വിതുമ്പിയും പൊട്ടിക്കരഞ്ഞും തിരികെ വന്നു കൊണ്ടിരിക്കുന്നു.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും അസുലഭാമായ മുഹൂര്‍ത്തം ക്ഷണനേരം കൊണ്ട് ഏറ്റവും ശപിക്കപ്പെട്ടതായി മാറിയത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ അകത്തു മനസ് മരവിച്ചു. ഇപ്പോഴും കല്യാണപ്പുടവയില്‍ തന്റെ പ്രാണനെ കാത്തിരിക്കുന്ന കല്ല്യാണപെണ്ണ്. പുറത്ത് മോഹങ്ങളും സ്വപ്നങ്ങളും വിധി തിരിച്ചെടുത്ത ചലനമറ്റ ശരീരം പട്ടടയില്‍ പൊതിഞ്ഞ കല്യാണ ചെറുക്കന്‍. പൂവനപ്പറമ്പിന്റെ ആകാശത്ത് നിന്നും അപ്പോഴും നക്ഷത്രങ്ങളുടെ കണ്ണുനീര്‍ മഴത്തുള്ളികളായി പെയ്തിറങ്ങുന്നുണ്ടായിരുന്നു. ....// Man proposes, God disposes//....

ഈ കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്: Sayyed Mohammed Kakkad

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Related: 
'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'



ആശ്വാസമായി വരുന്ന നെറ്റ് കോളുകള്‍

അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍

Keywords: Article, Facebook, Sayyid Muhammed Kakkad, Marriage Function, Famous Facebook Status, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment