Law | ലഹരി മാഫിയയെ അമർച്ച ചെയ്യാൻ പുതിയ സേനാംഗങ്ങൾ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി


● ലഹരി മാഫിയ സമൂഹത്തെ നശിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
● പുതിയ സേനാംഗങ്ങൾക്ക് ലഹരി മാഫിയയെ അമർച്ച ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
● സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
● ഉയർന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ പുതിയ പൊലീസ് സേനാംഗങ്ങൾക്കാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
● പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.
തൃശ്ശൂർ: (KVARTHA) ലഹരി മാഫിയയുടെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതൽ ശക്തി പകരാൻ പുതിയ സേനാംഗങ്ങൾക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇൻസ്പെക്ടർ പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകൾ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലീസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇവയെ ചെറുത്തു തോൽപ്പിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനമാണ് പൊലീസിൻ്റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങൾ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയർന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ പുതിയ സേനാംഗങ്ങൾക്കാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇൻസ്പെക്ടർ പരിശീലനാർത്ഥികളാണ് പാസിംഗ് ഔട്ട് ചടങ്ങിലൂടെ കർമ്മപഥത്തിലേക്ക് എത്തിയത്. ബിബിൻ ജോൺ ബാബുജി നയിച്ച പരേഡിൻ്റെ സെക്കൻഡ് ഇൻ കമാൻഡ് വർഷാ മധുവായിരുന്നു. ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു. മികച്ച ഇൻഡോർ കേഡറ്റായി ടി.എസ്. ശ്രുതിയും മികച്ച ഔട്ട്ഡോർ കേഡറ്റായി വർഷാ മധുവും തിരഞ്ഞെടുക്കപ്പെട്ടു. മിജോ ജോസ് ആണ് മികച്ച ഷൂട്ടർ. ബിബിൻ ജോൺ ബാബുജി ആണ് ഓൾ റൗണ്ടർ.
2024 ഫെബ്രുവരി 20-ന് ആരംഭിച്ച ഒരു വർഷക്കാലത്തെ അടിസ്ഥാന പരിശീലനത്തിൻ്റെ ഭാഗമായി ഇവർ ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീൽഡ് & ലത്തി ഡ്രിൽ, വൺ മിനിറ്റ് ഡ്രിൽ, സെറിമോണിയൽ ഡ്രിൽ, സ്ക്വോർഡ് ഡ്രിൽ, കെയിൻ ഡ്രിൽ, മോബ് ഓപ്പറേഷൻ, ഒബ്സ്റ്റക്കിൾ കോഴ്സ്, ഫീൽഡ് ക്രാഫ്റ്റ് & മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷൻ & ഡിസ്പോസൽ, കരാട്ടെ, യോഗ, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ SOG-യുടെ കീഴിൽ കമാൻഡോ ട്രെയിനിംഗ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും അത്യാധുനിക ആയുധങ്ങളായ എ.കെ 47, താർ, ഇൻസാസ്, SLR, LMG, Glock Pistol, 9 MM Pistol, Carbine എന്നിവയിൽ ഫയറിംഗ് പരിശീലനവും നൽകിയിട്ടുണ്ട്.
ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങൾ, പോലീസ് സ്റ്റേഷൻ മാനേജ്മെൻ്റ്, ട്രാഫിക് മാനേജ്മെൻ്റ്, കേസന്വേഷണം, വി.ഐ.പി. ബന്തവസ്സ്, ഇൻ്റേണൽ സെക്യൂരിറ്റി, ഡിസാസ്റ്റർ മാനേജ്മെൻ്റ്, ഫോറൻസിക് സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻ പോലീസിംഗ്, കംപാഷനേറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻ്റർവെൻഷൻ ബൈ പോലീസ് (CCIP), ഫോറൻസിക് മെഡിസിൻ, കമ്പ്യൂട്ടർ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് റൂം പരിശീലനവും ലഭ്യമായിട്ടുണ്ട്.
കൂടാതെ കേരളം സമീപകാലത്ത് നേരിട്ട പ്രളയകെടുതികൾ പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്ന വിഷയത്തിൽ ഇവർക്ക് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിലെ വിദഗ്ധർ പരിശീലനം നൽകിയിട്ടുണ്ട്. സർക്കാർ വിഭാവനം ചെയ്യുന്ന തരത്തിലുള്ള നവകേരള സൃഷ്ടിക്കായി പോലീസിൻ്റെ തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും പോലീസിൻ്റെ ആപ്തവാക്യമായ "മൃദു ഭാവേ ദൃഢ കൃത്യേ" അന്വർത്ഥമാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് പരിശീലന കാലയളവിൽ നൽകിയിട്ടുള്ളത്.
കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കൊച്ചി നേവൽ ബേസിലും ഫോർട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും ഫോറൻസിക് മെഡിസിൻ പ്രായോഗിക പരിശീലനം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭ്യമാക്കിയിട്ടുണ്ട്. അരീക്കോട് SOG ക്യാമ്പിൽ 15 ദിവസത്തെ ഭീകര വിരുദ്ധ പരിശീലനവും ഇടുക്കിയിലെ കുട്ടിക്കാനത്ത് 5 ദിവസത്തെ ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലനവും നൽകി. പരിശീലന കാലയളവിൽ തന്നെ പ്രായോഗിക പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2024 ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കായും തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാന പാലന ഡ്യൂട്ടിക്കായും ഇവരെ നിയോഗിച്ചിട്ടുണ്ട്.
മുൻ ബാച്ചുകളിലേത് പോലെ തന്നെ പരിശീലനം പൂർത്തിയാക്കി കേരള പോലീസിൻ്റെ ഭാഗമാകുന്ന 31 ബി ബാച്ചിലും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേരാണുള്ളത്. ഇന്ന് പാസ് ഔട്ടായി സേനയിൽ ചേരുന്നവരിൽ 18 ബിരുദാനന്തര ബിരുദധാരികളും മൂന്ന് എം.ബി.എ.ക്കാരും മൂന്ന് എം.ടെക്കുകാരും 39 ബി.ടെക്കുകാരും 55 ബിരുദധാരികളും ഉൾപ്പെടുന്നു.
തൃശ്ശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ, മേയർ എം.കെ. വർഗീസ്, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, കേരള പോലീസ് അക്കാദമി ഡയറക്ടർ ഐ.ജി. കെ. സേതുരാമൻ, മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.
ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kerala CM Pinarayi Vijayan urged new police recruits to combat the drug mafia during their passing out parade. He emphasized the need to tackle cybercrimes and maintain law and order, highlighting the police's role as protectors.
#KeralaPolice, #DrugMafia, #CyberCrime, #PinarayiVijayan, #LawAndOrder, #PoliceTraining