Monsoon | കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത.
വ്യാഴാഴ്ച 11 ജില്ലകളില്‍ യെലോ ജാഗ്രത.
മീന്‍പിടുത്തത്തിനായി കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം.
തിരുവനന്തപുരം: (KAVARTHA) സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ അറിയിപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച (29.05.2024) അതി ശക്തമായ മഴക്കും മേയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത (Orange Alerts) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളില്‍ ബുധനാഴ്ച യെലോ (Yellow Alerts) ജാഗ്രത മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച (30.05.2024) തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെലോ ജാഗ്രത മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവര്‍ഷക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ തെക്കന്‍, മധ്യ കേരളത്തില്‍ മഴ കനക്കും. തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം. തെക്കന്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തത്തിനായി കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്.
മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മധ്യകേരളത്തില്‍ മഴക്കെടുതികള്‍ ഒഴിയുന്നില്ല. വെള്ളത്തില്‍ മുങ്ങിയ കളമശ്ശേരിയില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. മൂന്നു മണിക്കൂര്‍ നിന്ന് പെയ്ത മഴയില്‍ നിന്ന് കൊച്ചി കരകയറി വരുന്നു. ലഘുമേഘവിസ്‌പോടനത്തില്‍ മുങ്ങിയ കളമശ്ശേരിയില്‍ വെള്ളം ഇറങ്ങി.