Leak | പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പി വി അന്‍വറിനെതിരെ കേസെടുത്തു; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ
● നടപടി ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ച്.
● കോട്ടയം സ്വദേശിയുടെ പരാതിയില്‍ കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.
● ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്‍വര്‍.
കോട്ടയം: (KVARTHA) പൊതുസുരക്ഷയെ ബാധിക്കുന്നരീതിയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയെന്ന പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ (PV Anvar) പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ (Thomas Peelianickal) പരാതിയിലാണ് ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ച് കറുകച്ചാല്‍ പൊലീസ് കേസെടുത്തത്.
അന്‍വറിന്റെ വെളുപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. കോട്ടയം കറുകച്ചാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. എല്‍ഡിഎഫ് വിട്ട അന്‍വര്‍ ഇന്ന് നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പൊലീസ് കേസെടുത്തത്.
പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നു കയറി ചോര്‍ത്തിയെന്നും അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അന്‍വര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അന്ന് അന്‍വറിനെതിരെ കേസെടുത്തിരുന്നില്ല. എല്‍ഡിഎഫില്‍നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് കേസെടുത്തത്.
നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അന്‍വറിനെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുക്കുന്നത്.
കേസിന്റെ തുടര്‍ നടപടികളും ഇനി നിര്‍ണായകമാണ്. നോട്ടീസ് നല്‍കി പിവി അന്‍വറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടിവരും. സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്ന കേസിനെതിരെ അന്‍വര്‍ കോടതിയെ സമീപിച്ചാലും വാര്‍ത്താ സമ്മേളനത്തിലടക്കം അന്‍വര്‍ നടത്തിയ അവകാശവാദങ്ങള്‍ മുന്‍നിര്‍ത്തിയാകും സര്‍ക്കാര്‍ നീക്കം.
എന്നാല്‍, താന്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ ഇനിയും കേസുകള്‍ ഉണ്ടാകും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും പിവി അന്‍വര്‍ എംഎല്‍എ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും എന്നാല്‍ അതിന് സമയമായിട്ടില്ല. നിലവില്‍ കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകും. താന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകള്‍ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ, അന്‍വറും സിപിഎമ്മും തമ്മിലുള്ള തുറന്ന പോരില്‍ നിര്‍ണായകമാകുകയാണ് ഈ കേസ്.
#PVAnvar #Kerala #phonetapping #dataleak #privacy #government #police #India