മാധ്യമ മലയാളം-2 / ഡോ. പി എ അബൂബകര്‍
(www.kvartha.com 26.04.2021) വൈദേശിക പദങ്ങളുടെ ലിപിവിന്യാസത്തില്‍ നീതി പുലര്‍ത്തേണ്ടത് മൂലഭാഷയോടാണോ മലയാളത്തോടാണോ എന്ന ചോദ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലയാളം മാത്രം അറിയുന്ന ആളെ സംബന്ധിച്ചിടത്തോളം അയാള്‍ കേള്‍ക്കുന്നതും പറയുന്നതുമെല്ലാം മലയാളമായതിനാല്‍ തന്നെ ഈ ചോദ്യത്തിന് വലിയ പ്രസക്തിയില്ല. എന്നാല്‍ അന്യഭാഷകളില്‍ കൂടി വിവരമുള്ള ആളുകളാണ് സാധാരണയായി, ഇത് ചോദിക്കാറുള്ളത്.
വൈദേശിക പദങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് ഇരട്ടിപ്പിനുള്ളത്. മലയാളപദങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു ചോദ്യത്തിന് സാധാരണഗതിയില്‍ പ്രസക്തിയില്ല. ചക്കയുടെയും മാങ്ങയുടെയും അവസാനത്തെ ‘ക്ക’യും ‘ങ്ങ’യും ഇരട്ടിച്ചല്ലാതെ ഉച്ചരിക്കാനോ എഴുതാനോ ആവില്ല. എന്നാല്‍ പല വൈദേശികപദങ്ങളുടെയും കാര്യത്തില്‍ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകൾ നടക്കുന്നു.
(www.kvartha.com 26.04.2021) വൈദേശിക പദങ്ങളുടെ ലിപിവിന്യാസത്തില്‍ നീതി പുലര്‍ത്തേണ്ടത് മൂലഭാഷയോടാണോ മലയാളത്തോടാണോ എന്ന ചോദ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മലയാളം മാത്രം അറിയുന്ന ആളെ സംബന്ധിച്ചിടത്തോളം അയാള്‍ കേള്‍ക്കുന്നതും പറയുന്നതുമെല്ലാം മലയാളമായതിനാല്‍ തന്നെ ഈ ചോദ്യത്തിന് വലിയ പ്രസക്തിയില്ല. എന്നാല്‍ അന്യഭാഷകളില്‍ കൂടി വിവരമുള്ള ആളുകളാണ് സാധാരണയായി, ഇത് ചോദിക്കാറുള്ളത്.
വൈദേശിക പദങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് ഇരട്ടിപ്പിനുള്ളത്. മലയാളപദങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു ചോദ്യത്തിന് സാധാരണഗതിയില്‍ പ്രസക്തിയില്ല. ചക്കയുടെയും മാങ്ങയുടെയും അവസാനത്തെ ‘ക്ക’യും ‘ങ്ങ’യും ഇരട്ടിച്ചല്ലാതെ ഉച്ചരിക്കാനോ എഴുതാനോ ആവില്ല. എന്നാല്‍ പല വൈദേശികപദങ്ങളുടെയും കാര്യത്തില്‍ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകൾ നടക്കുന്നു.
വൈദേശികപദങ്ങളിലെ ഇരട്ടിപ്പുകള്‍ രണ്ടുതരത്തിലുണ്ട്. വരമൊഴിയുടെ പ്രത്യേകതകള്‍ കാരണമായി മലയാളത്തില്‍ കടന്നുകൂടിയതും ഒഴിവാക്കിയാലും ഉച്ചാരണത്തിന് വലിയ പ്രശ്നമില്ലാത്തതുമായ ഇരട്ടിപ്പുകളാണ് ഒരു വിഭാഗം. ‘കമ്മീഷണര്‍’ ആണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഇംഗ്ലീഷില്‍ എഴുതമ്പോള്‍ രണ്ട് ‘എം’ ഉണ്ട് എന്ന കാരണത്താല്‍ മലയാളത്തില്‍ ‘മ’കാരം ഇരട്ടിച്ചെഴുതുകയായിരുന്നു. ഇംഗ്ലീഷില്‍ എഴുതുമ്പോഴുള്ള ഇരട്ടിപ്പ് ചരിത്രപരമായ കാരണങ്ങളാല്‍ വന്നതും ഉച്ചാരണവുമായി വലിയ ബന്ധമില്ലാത്തതുമാണ്. ഇതുപോലെ കമ്യൂണിസം, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയും ഇംഗ്ലീഷില്‍ എഴുത്തുമ്പോള്‍ രണ്ട് ‘എം’ ഉണ്ടെങ്കിലും മലയാളത്തില്‍ പൊതുവെ ഒരു ‘മ’ മാത്രമേ എഴുതാറുള്ളൂ.
ഭാഷാശാസ്ത്രപരമായ വേരുകളുള്ള ഇരട്ടിപ്പുകളാണ് ഇനിയുള്ളത്. മാങ്ങയിലെ അനുനാസികമായ അവസാനത്തെ അക്ഷരത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതുള്ളതിനാല് അതൊഴിവാക്കാനായി ചക്കയില്‍ തന്നെ കേന്ദ്രീകരിക്കാം. കൊക്ക്, പച്ച, ഉച്ച, ചട്ടി, മുട്ട, തത്ത, മുത്തം, ചപ്പ്, ഉപ്പ് തുടങ്ങിയ പദങ്ങളും ഇത്തരത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നവയാണ്. പച്ചമലയാളവും പച്ചമലയാളത്തിന്റെ രീതി സ്വായത്തമാക്കിയ പ്രാകൃതപദങ്ങളും ഇവയില്‍ ഉണ്ടാവാം. ചക്ക മുതല്‍ ഉപ്പ് വരെ ഇവിടെ പറഞ്ഞ ഉദാഹരണങ്ങളില്‍ ഇരട്ടിപ്പ് വന്നിരിക്കുന്നത് വര്ഗാക്ഷരങ്ങള്ക്കാണ്. മാത്രമല്ല ഇവയില്‍ ഈരണ്ടെണ്ണം വീതം യഥാക്രമം ക, ച, ട, ത, പ വര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇതുപോലെ ഇതേ സ്ഥാനത്ത് വര്ഗാക്ഷരങ്ങള്ക്ക് ഇരട്ടിപ്പില്ലാതെ ഉപയോഗിക്കുന്ന പുക, അകം, കുട, വട, അത്, ഇത്, തുടങ്ങിയ പദങ്ങളിലൂടെ കണ്ണോടിക്കുകയാണെങ്കില്‍ രണ്ടാമത്തെ ഉദാഹരണങ്ങളില്‍ ഗ, ഡ, ദ എന്നിങ്ങനെയാണ് ഉച്ചരിക്കുന്നത് എന്ന വസ്തുത ബോധ്യമാകും.
രണ്ടാമത്തെ പട്ടികയില്‍ ച, പ എന്നീ വര്‍ഗങ്ങളില്‍ നിന്നുള്ള അക്ഷരങ്ങള്‍ കൊടുത്തിട്ടില്ല. നാട്ടുഭാഷയില്‍ ഇവ തുടക്കത്തിലല്ലാതെയുള്ള പദങ്ങളില്‍ പലതിലും തൊട്ടടുത്ത ഘര്ഷി വരുന്നവെന്നതിനാല് കൃത്യമായ ഉദാഹരങ്ങള്‍ കുറവാണ്. വിചാരം, ആചാരം, പാപം, ചാപം എന്നീ സംസ്കൃതപദങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. ഒന്നാമത്തെ ഉദാഹരണങ്ങളില്‍ രണ്ടാമത്തെ അക്ഷരങ്ങള്‍ക്ക് ക, ച, ട, ത, പ എന്നിങ്ങനെയായിരുന്നു ഉച്ചാരണമെങ്കില്‍ രണ്ടാമത്തെ ഉദാഹരങ്ങളിലെത്തുമ്പോള് അവ ഗ, ജ, ഡ, ദ, ബ എന്നിങ്ങനെയാവുന്നു. ഇത് മലയാളം ഉള്‍പ്പെടെയുള്ള ദ്രാവിഡഭാഷകളിലെ നിയമമാണ്. സ്വരങ്ങള്‍ക്കിടയില്‍ വരുന്ന ഖരങ്ങള്‍ മൃദുക്കളാവുമെന്നതാണത്. ഇവിടെ സ്വരങ്ങള്‍ എന്നുപറയുന്നത് അനുസ്വാരം ഉള്‍പ്പെടെയാണ്;അനുനാസികങ്ങളും ഭാഷയില്‍ ചിലപ്പോള്‍ അനുസ്വാരങ്ങളെപ്പോലെ പെരുമാരാറുണ്ട്. ദ്രാവിഡഭാഷകളിലെ നിയമമാണ് ഇത് എന്നതിനാല്‍ തന്നെ അവയില്‍ ഉപയോഗിക്കുന്ന/ ഉപയോഗിച്ചിരുന്ന തമിഴ് ,വട്ടെഴുത്ത്, കോലെഴുത്ത്, അക്ഷരമാലകളും ഇതനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടിരുന്നത്.
ക, ങ, ച, ഞ, ട, ണ, ത, ന, പ, മ എന്നീ ചിഹ്നങ്ങള്‍ മാത്രമേ വര്ഗാക്ഷരങ്ങള്ക്കുവേണ്ടി ഉപയോഗിച്ചിരുന്നുള്ളൂ. ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ,ഥ, ദ, ധ, ഫ, ബ, ഭ എന്നിവ ഉണ്ടായിരുന്നില്ല. എന്നാല്‍ /ന/യ്ക്ക് രണ്ട് ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. നാണം,നാര്,നാക്ക് തുടങ്ങി പദങ്ങളുടെ തുടക്കത്തില്‍ വരുന്ന ദന്ത്യം (Dental) ആയിട്ടുള്ള ഉച്ചാരണത്തിന് ഒരു ചിഹ്നവും ആന, ചേന തുടങ്ങിയവയില്‍ പദാദിയിലല്ലാതെ വരുന്ന വര്‍ത്സ്യം (Alveolar) ആയിട്ടുള്ള ഉച്ചാരണത്തിന് മറ്റൊരു ചിഹ്നവും. തമിഴ് അക്ഷരമാലയില്‍ ഇവയെ യഥാക്രമം ந , ன എന്നിങ്ങനെ എഴുതുന്നു. കോലെഴുത്തിലും വട്ടെഴുത്തിലും ഇവയ്ക്ക് വെവ്വേറെ ചിഹ്നങ്ങളുണ്ടായിരുന്നു. ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ എന്നിങ്ങനെ ഇല്ലാതിരുന്ന ചിഹ്നങ്ങളില്‍ അതിഖരങ്ങളെയും ഘോഷങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ, ധ, ഫ, ഭ എന്നിവ, ദ്രാവിഡഭാഷകളില്‍ അത്തരം സ്വനിമങ്ങള് ഇല്ലാതിരുന്നതിനാല്‍, ആവശ്യമില്ലായിരുന്നു.
എന്നാല്‍ മൃദുക്കളായ ഗ, ജ, ഡ, ദ, ബ എന്നിവ ദ്രാവിഡഭാഷകളില്‍ ഉണ്ടായിരുന്നുവെങ്കിലും എഴുത്തില്‍ അവയ്ക്ക് സ്വന്തമായ ചിഹ്നങ്ങള്‍ ആവശ്യമായി വന്നില്ല. മുകളിലത്തെ ഉദാഹരങ്ങളില്‍ നാം കണ്ടതുപോലെ ഖരങ്ങള്‍ (ക, ച, ട, ത, പ എന്നിവ) തന്നെ സ്ഥാനത്തിനനുസരിച്ച് മൃദുക്കള്‍ (ഗ, ജ, ഡ, ദ, ബ എന്നിവ)ആയി ഉച്ചരിക്കപ്പെട്ടിരുന്നതാണ് കാരണം. വര്ഗാക്ഷരങ്ങള്ക്ക് സ്വരമധ്യത്തില്‍ മൃദുക്കളുടെ ഉച്ചാരണം ആയിരുന്നു. സ്വരമധ്യമല്ലാത്ത സ്ഥാനങ്ങളില്‍ അവ എല്ലായ്പോഴും ഖരങ്ങള്‍ ആയാണ് ഉച്ചരിക്കപ്പെട്ടിരുന്നത്. കൂട്ടക്ഷരങ്ങളിലും സ്വരമധ്യമല്ലാത്തതിനാല് ഇതായിരുന്നു അവസ്ഥ.
കൂട്ടക്ഷരങ്ങള്‍ രണ്ടുതരത്തിലുണ്ട്. ഒരേ സ്വനിമം മധ്യത്തില്‍ സ്വരമില്ലാതെ രണ്ടുപ്രാവശ്യം വരുന്നതാണൊന്ന്. ഇരട്ടിപ്പ് എന്നാണ് അതിനെ പൊതുവെ പറയാറ്. രണ്ടുതരത്തിലുള്ള സ്വനിമങ്ങള് ഇടയില്‍ സ്വരമില്ലാതെ കൂടിച്ചേരുന്നതിനെയാണ് കൂട്ടക്ഷരം എന്ന് സാധാരണയായി പറയാറുള്ളത്. രണ്ടായാലും ഘടകസ്വനിമങ്ങള്ക്ക് ഖരങ്ങളുടെ ഉച്ചാരണം ആണ്. ഇപ്പറഞ്ഞ നിയമങ്ങളനുസരിച്ച് കയര്‍, ചക്ക എന്നിവയിലെ ‘ക’യ്ക്ക് കയുടെയും മകന് , പുക എന്നിവയിലെ ‘ക‘യ്ക്ക് ‘ഗ’ യുടെയും ഉച്ചാരണമാണ്. മറ്റുള്ള വര്‍ഗാക്ഷരങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. എന്നാല്‍ ‘ട’ വര്‍ഗത്തില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു. ഈ സ്വനിമത്തില് തുടങ്ങുന്ന പദങ്ങള്‍ ഭാഷയില്‍ വളരെക്കുറവായതിനാല്‍ ആളുകള്‍ ‘ട’ എന്നുകണ്ടാല്‍ ‘ഡ’ എന്നുവായിക്കുന്ന അവസ്ഥയായിരുന്നു.
ഇതിന്റെ ഏറ്റവും രസകരമായ ഉദാഹരണം ഉള്ളത് കാസര്‍ക്കോട് ജില്ലയിലാണ്. കാസര്‍ക്കോട് പാര്‍ലമെന്റ് മണ്ഡത്തിലേക്ക് ടി ഗോവിന്ദന് എന്നുപേരുള്ള ഒരു സ്ഥാനാര്‍ഥി മത്സരിച്ചിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായതിനാല്‍ തന്നെ അനുയായികള്‍ സഖാവ് ടി ഗോവിന്ദന് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അത് ചുരുക്കി സ: ടി ഗോവിന്ദന് എന്ന് പ്രചാരണപോസ്റ്ററുകളില്‍ അച്ചടിച്ചുവന്നു. മലയാളത്തിന്റെ മുകളില്‍ പറഞ്ഞ പ്രശ്നം കാരണമായി ‘ടി’ എന്നുകണ്ടാല്‍ സാധാരണക്കാര്‍ക്ക് ‘ഡി’ എന്നുമാത്രമേ വായിക്കാനാകുമായിരുന്നുള്ളൂ. അങ്ങനെ അവര്‍ സ: ടി ഗോവിന്ദനെ സഡ്ഡി ഗോവിന്ദന് എന്നുവായിച്ചു. ദുഃഖം തുടങ്ങിയ പദങ്ങളില്‍ വിസര്‍ഗത്തിന് ഒരു കടുപ്പിക്കല്‍ ധ്വനി ഉള്ളതിനാല്‍ സ: ടി യെ സഡ്ഡിയെന്നുവായിക്കാന് ബുദ്ധിമുട്ടില്ലായിരുന്നു. വടക്കന്‍ നാട്ടുഭാഷയില്‍ സഡ്ഡിയെന്നാല് underwear ആയതിനാല്‍ തന്നെ ഇതൊരു പരിഹാസവും തെറിയും ഒക്കെയായി മാറി. ‘ട’ വര്‍ഗവും വര്ത്സ്യവര്ഗവും ഒഴിച്ചുള്ള വര്‍ഗാക്ഷരങ്ങള്‍ തുടക്കത്തില്‍ വരുന്ന മലയാളപദങ്ങള്‍ ലഭ്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഖരങ്ങളുടെ ഉച്ചാരണമാണ്. എന്നാല്‍ ‘ട’(മൂര്ധന്യ) വര്‍ഗത്തിന്റെയും വര്ത്സ്യവര്ഗത്തിന്റെയും കാര്യത്തില്‍, മലയാളപദങ്ങളില്‍, സ്വരമധ്യത്തിലല്ലാത്ത അവസ്ഥയുള്ളത് കൂട്ടക്ഷരങ്ങളില്‍ മാത്രമാണ്.
ഇത്തരം കൂട്ടക്ഷരങ്ങളടങ്ങിയ ധാരാളം പദങ്ങള്‍ മലയാളത്തിലുണ്ട്. അട്ടം, ആട്ടം, ചട്ടം, ചാട്ടം, വട്ടം തുടങ്ങിയവ മൂര്ധന്യവര്ഗത്തിന്റെയും ഈറ്റ, ചീറ്റ, നാറ്റം , പുറ്റ് തുടങ്ങിയവ വര്ത്സ്യവര്ഗത്തിന്റെയും ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ കൂട്ടക്ഷരങ്ങളുടെ ഭാഗമായി മാത്രം നിലനില്‍ക്കുന്നതിനാലാണ് ലീലാതിലകകാരന്‍ അതിനെ ആ രീതിയില്‍ തിരിച്ചറിഞ്ഞത്. ‘റ’ യുടെ ഇരട്ടിപ്പിനെ ഇരട്ടിച്ച വര്ത്സ്യഖരം ആദേശം ചെയ്യുന്നുവെന്നതും, മലയാളത്തില്‍, ‘റ്റ’യുടെ ആധിക്യത്തിന്റെ കാരണമാണ്. നാം ഉപയോഗിക്കുന്ന ‘റ്റ’ എന്ന ചിഹ്നത്തിന്റെ ഉത്പത്തിക്കും ഇതുമായി ബന്ധമുണ്ട്. ഇവയാണ് വര്‍ഗാക്ഷരങ്ങളുടെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍. വൈദേശികപദങ്ങള്‍, അവ പ്രാകൃതമായാലും സംസ്കൃതമായാലും അറബിയായാലും ഇംഗ്ലീഷായാലും, തദ്ഭവങ്ങളായി മലയാളത്തില്‍ സ്വീകരിക്കപ്പെടുന്നത് ഈ രീതിയിലുള്ള മാറ്റങ്ങളോടെയാണ്. ഇവിടെ കാണുന്ന കാലികമായ പരിണാമത്തെക്കുറിച്ച് അല്പം പറയേണ്ടതുണ്ട്.
വട്ടെഴുത്തിനായിരുന്നു കേരളത്തില്‍ പ്രചാരം. പിന്നീട് ഗ്രന്ഥാക്ഷരത്തിന്റെ വകഭേദമായ ആര്യ-എഴുത്ത് അഥവാ തുളുമലയാളം സ്വീകരിക്കപ്പെട്ടു. വട്ടെഴുത്തില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങള്‍ ആര്യ-എഴുത്തിനുണ്ടായിരുന്നു. അവയധികവും സംസ്കൃതം എഴുതാന്‍ പാകത്തിലുള്ളതായിരുന്നു. വര്‍ത്സ്യവും ദന്ത്യവുമായ അനുനാസികങ്ങളെ സൂചിപ്പിക്കാന്‍ ഒരൊറ്റ ‘ന’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘എ’കാര, ‘ഒ’കാരങ്ങളില്‍ ഹ്രസ്വവും ദീര്‍ഘവും സൂചിപ്പിക്കാന്‍ വെവ്വേറെ ചിഹ്നങ്ങളുണ്ടായിരുന്നില്ല. ഖരത്തിനും അതിഖരത്തിനും മൃദുവിനും ഘോഷത്തിനും വെവ്വേറെ ചിഹ്നങ്ങളുണ്ടായിരുന്നതിനാല് വര്‍ഗ്ഗാക്ഷരങ്ങളുടെ എണ്ണം കൂടുതലായിരുന്നു.
വട്ടെഴുത്തില്‍ നിന്ന് ആര്യ-എഴുത്തിലേക്ക് പൂര്‍ണമായും മാറുന്നതിന് മുമ്പുള്ള ഇടവേളയില്‍ അറബിമലയാളം, സുറിയാനിമലയാളം(കര്‍ശോനി) എന്നീ വരമൊഴികളിലും മലയാളം എഴുതിയിരുന്നു. ചില സമുദായങ്ങളിലായിരുന്നു ഇത്തരം രീതികള്‍ക്ക് പ്രാമുഖ്യം. ജൂതന്മാര് ഹീബ്രു ലിപിയിലും മലയാളം എഴുതിയിരുന്നുവെങ്കിലും അതത്ര വ്യാപകമായിരുന്നില്ല. വട്ടെഴുത്തില്‍ നിന്ന് വ്യത്യസ്തമായി അറബിയില്‍ ദ, ജ എന്നീ മൃദുക്കള്‍ എഴുതാനുള്ള ചിഹ്നങ്ങള്‍ കൂടുതലായി ഉണ്ടായിരുന്നു. അതുപോലെ സുറിയാനിയില്‍ ഗ എഴുതാനുള്ള ചിഹ്നമുണ്ടായിരുന്നു. (ശരിക്കുപറഞ്ഞാല്‍, അറബിയിലെ ‘ജ’ യും സുറിയാനിയിലെ ‘ഗ’ യും ആദിസെമിറ്റിക്/ഫിനീഷ്യന്‍ ലിപിമാലയിലെ മൂന്നാമത്തെ ചിഹ്നത്തിന്റെ രണ്ടുതരത്തിലുള്ള വായനകളായിരുന്നു. ഇതനുസരിച്ച് ഒട്ടകത്തിന്റെ പേര് സുറിയാനിയില്‍ ഗിമല് എന്നും അറബിയില്‍ ജമല് എന്നും ആയി മാറി.ആധുനിക-അറബിയുടെ ഈജിപ്ഷ്യന്‍ പോലുള്ള ഭേദങ്ങള്‍ ഇക്കാര്യത്തില്‍ സുറിയാനി രീതിയാണ് പിന്തുടരുന്നത്.) ഇങ്ങനെ കൂടുതല്‍ ചിഹ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ നാട്ടുപദങ്ങളുടെയും പ്രാകൃതങ്ങളുടെയും തദ്ഭവങ്ങളുടെയും കാര്യത്തില്‍ അറബിമലയാളവും കര്ശോനിയും കൂടുതലായി ഉണ്ടായിരുന്ന ചിഹ്നങ്ങള്‍ ഉപയോഗിച്ചു. മുഹിയിദ്ദീന്‍ മാലയുടെ തുടക്കത്തില്‍ വരുന്ന തുദി എന്ന പദമാണ് ഉദാഹരണം.
എന്നാല്‍ ആര്യ-എഴുത്താവട്ടെ നാട്ടുപദങ്ങളുടെ കാര്യത്തില്‍ വട്ടെഴുത്തിന്റെ വഴി പിന്തുടര്ന്നു. മഗന് എന്നാണ് ഉച്ചാരണമെങ്കിലും മകന് എന്നെഴുതിയതാണ് ഉദാഹരണം. എന്നാല്‍ അയല്പക്കത്തുള്ള കന്നഡയിലാവട്ടെ മഗ(ಮಗ) എന്നുതന്നെ എഴുതി. എല്ലാ വാക്കുകളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇത്തരത്തില്‍ വട്ടെഴുത്തിന്റെ ഉച്ചാരണബോധം കൈവിടാതിരുന്നതിനാല്‍ ആര്യ-എഴുത്തില്‍ സംസ്കൃതപദങ്ങളില്‍ അതിഖരവും മൃദുവും ഘോഷവുമൊക്കെ സംസ്കൃതത്തിന്റെ രീതിയില്‍ തന്നെ എഴുതിയെങ്കിലും മലയാളത്തിന്റെ രീതിയില്‍ വായിച്ചു. ‘വിചാരം’ എന്നെഴുതി വിജാരം എന്ന് വായിച്ചതാണ് ഉദാഹരണം. എന്നാല്‍ കന്നഡ ഇക്കാര്യത്തിലും വ്യത്യാസം പുലര്‍ത്തിക്കൊണ്ട് സംസ്കൃതപദങ്ങളെ സംസ്കൃതരീതിയില്‍ തന്നെ വായിച്ചു.
അറബിപദങ്ങള്‍ മലയാളത്തിന്റെ ഭാഗമായത് പല കാലഘട്ടങ്ങളിലൂടെയാണ്. മുഹമ്മദ് നബിയുടെ ജനനത്തിന് വളരെ മുമ്പുതന്നെ അറബികളുമായി കേരളക്കരയ്ക്ക് കച്ചവടബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഒരുപാട് അറബിപദങ്ങള്‍ അങ്ങനെ കേരളത്തിലെ നാട്ടുഭാഷയിലേക്ക് വന്നിട്ടുണ്ടാവാം. അവയൊക്കെ മലയാളവത്കരിക്കപ്പെട്ടുകൊണ്ട് തദ്ഭഭവങ്ങളായാണ് നിലനിന്നത്. കത്ത് ആണ് ഇത്തരത്തില്‍ മലയാളവത്കരിക്കപ്പെട്ട പദങ്ങളുടെ ഏറ്റവും നല്ല ഉദാഹരണം. അറബിയിലെ خط ല്‍ നിന്നാണ് ഈ പദം ഉണ്ടായത്. ഇതിലെ രണ്ടുവ്യഞ്ജനങ്ങളും മലയാളത്തിന്റെ രീതിയില്‍ മാറി. രണ്ടാമത്തേതില്‍ മറ്റൊരു മാറ്റം കൂടി ഉണ്ടായി. ഇരട്ടിപ്പായിരുന്നു അത്. പിന്നീട് മലയാളത്തിലേക്കുവന്ന അറബി, ഇംഗ്ലീഷ് പദങ്ങളില്‍ ഇത്തരം ഇരട്ടിപ്പുകള്‍ കൂടുതലായി സംഭവിച്ചു. മലയാളത്തില്‍ ഇരട്ടിപ്പിന്റെ ആധിക്യം ഉണ്ടായതിന്റെ ഒന്നാമത്തെ ഉദാഹരണമാണിത്.
ഇത്തരത്തില്‍ ഇരട്ടിപ്പുണ്ടായതിനു പിന്നില്‍ ഭാഷാശാസ്ത്രപരമായ കാരണമുണ്ട്. ഖരങ്ങളുടെയുടെയും മൃദുക്കളുടെയും സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ദ്രാവിഡഭാഷയായ മലയാളം പുലര്‍ത്തുന്ന പ്രത്യേകതയാണത്. ഈ രീതിയിലുള്ള ഇരട്ടിപ്പിലൂടെ മലയാളത്തിന്റെ ഈ പ്രത്യേകതയുമായി ഒത്തുപോകാന്‍ ശ്രമിച്ച പദങ്ങളില്‍ കൂടുതലും വന്നത് അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നിന്നാണ്. സംസ്കൃതപദങ്ങളില്‍ പലതും ഇതുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചത് മറ്റൊരു വിധത്തിലാണ്. സംസ്കൃതരീതിയില്‍ എഴുതുകയും മലയാളരീതിയില്‍ വായിക്കുകയും ചെയ്തുകൊണ്ടാണത്. വാചകം, സൂചന, കുടുംബം, തുടങ്ങിയവ പദങ്ങള്‍ വാജകം, സൂജന, കുഡുംബം തുടങ്ങിയ തരത്തില്‍ വായിക്കുന്നതാണ് അതിന്റെ എറ്റവും നല്ല ഉദാഹരണം. എന്നാല്‍ അറബിയില്‍ നിന്നുവന്ന കത്ത് എന്ന പദത്തില്‍ ഖരം ഖരമായി വായിക്കപ്പെടുതിനുള്ള യോഗ്യതയായ സ്വരമധ്യത്തിലല്ലാതിരിക്കുക എന്ന അവസ്ഥയുണ്ടാക്കാനായി ‘ത’ ഇരട്ടിക്കുകയാണുണ്ടായത്. അറബിയില്‍ നിന്നുവന്ന പദങ്ങളില്‍ കിത്താബ്. ചക്കാത്ത്, ബര്‍ക്കത്ത്,വക്കീല്‍ ,വക്കാലത്ത് തുടങ്ങിയവയിലും അബൂബക്കര്‍, ഫാത്തിമ തുടങ്ങിയ പേരുകളിലുമൊക്കെ ഈ രീതിയിലുള്ള മാറ്റമാണ് ഉണ്ടായത്.
അറബി അല്ലാത്ത പേരുകളിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. യാക്കോബ്, ജേക്കബ്, ചാക്കോ എന്നീ പേരുകള്‍ ബൈബിളിലെ ഒരേ കഥാപാത്രത്തിന്റെ പേരിന്റെ മൂന്നുതരത്തിലുള്ള ആവിഷ്ക്കാരങ്ങളാണ്. ഒന്നാമത്തേത് കൂടുതല്‍ സെമിറ്റിക്കും രണ്ടാമത്തേത് കൂടുതല്‍ യൂറോപ്യനും അവസാനത്തേത് ഏറെക്കുറെ പൂര്‍ണമായും കേരളീയവും ആണെന്നുപറയാം. മൂന്നിലും ‘ക’യ്ക്ക് ഇരട്ടിപ്പുണ്ടായിരിക്കുന്നത് നാം ചര്‍ച്ച ചെയ്യുന്ന തത്ത്വമനുസരിച്ചാണ്. ഇംഗ്ലീഷില്‍ നിന്നുവന്ന ജീപ്പ്, ബൈക്ക്, കേക്ക്, കാപ്പി, ഷാപ്പ്, മജിസ്ത്രേട്ട്, മാര്‍ക്കറ്റ്, നോട്ട്, വോട്ട്, സോപ്പ് തുടങ്ങിയ പദങ്ങളില്‍ ഇത്തരത്തിലുള്ള മാറ്റം കാണാം. മാത്രമല്ല, ഇവയില്‍ പലതിലും ഭാഷാശാസ്ത്രപരമായ വേറെയും തത്ത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവ അതാത് സന്ദര്‍ഭങ്ങളില്‍ വിവരിക്കാം.
നേരത്തെ പറഞ്ഞ കാരണങ്ങളാല്‍ പല സംസ്കൃതപദങ്ങള്‍ക്കും ഈ രീതിയിലുള്ള ഇരട്ടിപ്പുണ്ടായിട്ടില്ലെങ്കിലും അപവാദങ്ങള്‍ ഇല്ലെന്നുപറയാനാവില്ല. വാക്ക്, വിപത്ത്, ത്വക്ക്, തുടങ്ങിയ സംസ്കൃതപദങ്ങിളില് ‘ക’യ്ക്കും ‘ത’യ്ക്കും ഇരട്ടിപ്പുണ്ടായിരിക്കുന്നത് ഈ രീതിയില്‍ തന്നെയാണ്. ഇത്തരത്തിലുള്ള ഇരട്ടിപ്പുണ്ടായിട്ടില്ലെങ്കിലും സംസ്കൃതപദങ്ങളില്‍ വേറെ തരത്തിലുള്ള ഇരട്ടിപ്പുകള്‍ ധാരാളമായി ഉണ്ട്; മാത്രമല്ല, മലയാളത്തിന്റെ ലിപിവിന്യാസവുമായി ബന്ധപ്പെട്ട് ഇന്നുനടക്കുന്ന ചര്ചകളിലെല്ലാം അവയ്ക്ക് പ്രാമുഖ്യവുമുണ്ട്. അവയില്‍ ചില്ലുകളെ തുടര്‍ന്നുവരുന്ന അക്ഷരങ്ങളുടെ ഇരട്ടിപ്പുകളെക്കുറിച്ചുള്ള വാഗ്വാദങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. അവയെക്കുറിച്ച് അടുത്ത ഭാഗത്ത് ചര്‍ച്ച ചെയ്യാം.
(തുടരും)
Keywords: Kerala, Article, Malayalam, Tamil, Arabic, Language, Mistakes, Dr. P A Aboobacker, Doubling and related topics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.