Follow KVARTHA on Google news Follow Us!
ad

മലയാളിയുടെ ശീലങ്ങളും ദുശീലങ്ങളും

Habits and bad habits of a Malayalees#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാധ്യമ മലയാളം-6

ഡോ. പി എ അബൂബകർ

(www.kvartha.com 30.07.2021) നശിക്കാത്തത് എന്നാണല്ലോ അക്ഷരം എന്ന പദത്തിന്‍റെ അര്‍ഥം. മാധ്യമമലയാളത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പറയേണ്ടിവരുന്നതും അക്ഷരങ്ങളെക്കുറിച്ചുതന്നെയാണ്. ദലിത്, ദളിത്‌ എന്നിവയില്‍ ഏതാണ് ശരിയെന്ന ചോദ്യം ഇപ്പോഴും അങ്ങിങ്ങായി ഉയരുന്നതു കാണാം. വി ടി രാജ്ശേഖര്‍ Dalit Voice തുടങ്ങുന്ന കാലത്ത് കൊച്ചുകുട്ടിയായിരുന്നുവെങ്കിലും എൺപതുകളുടെ രണ്ടാം പകുതിയില്‍ അതു വായിക്കാന്‍ തുടങ്ങിയിരുന്നു. മലയാളത്തില്‍ അതെങ്ങനെയെഴുതുമെന്നത് സംശയത്തിനതീതമായിരുന്നില്ല. പിന്നീടൊരു കാര്യം ബോധ്യമായി. Dalit Activist കളാണ് ദലിത് എന്നെഴുതുന്നത്. 

ദലിത് പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്തവരും അതിന്റെ ശത്രുക്കളുമൊക്കെയാണ് ദളിത്‌ എന്നുപയോഗിച്ചിരുന്നത്. ദലിത് സാഹിത്യ അക്കാദമിയും  ‘ദലിതക’വുമൊക്കെ ആദ്യം പറഞ്ഞതിന്‍റെ  ഉദാഹരണങ്ങളാണ്. വിവിധ ആനുകാലികങ്ങളില്‍ വന്നിരുന്ന ദലിത് വിരുദ്ധലേഖനങ്ങളാണ് രണ്ടാമത്തേതിന്റെ ഉദാഹരണം. ഈ വ്യത്യാസത്തിന്‌ കാരണമുണ്ട്. ദളിത്‌ എന്നുച്ചരിക്കാനാണ് മലയാളിക്ക് സ്വാഭാവികമായ പ്രവണതയുള്ളത്. ദലിത് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകരാവട്ടെ പ്രാസ്ഥാനികമായ പിടിവാശി കാരണം ദലിത് എന്ന് കൃത്യമായി ഉച്ചരിക്കുന്നു.  
 
Habits and bad habits of a Malayalees


എന്നാല്‍ ഇപ്പോള്‍ ഈ വേര്‍തിരിവ് ഇല്ലാതായികൊണ്ടിരിക്കുകയാണ്. ദലിത്, ദളിത്‌ എന്നിവ മാറി മാറി ഉപയോഗിക്കുന്നുണ്ട്. നാസ്തികനാണോ നാസ്ഥികനാണോ ശരി, ആസ്തികദര്‍ശനങ്ങളാണോ ആസ്ഥികദര്‍ശനങ്ങളാണോ ശരി, ദൈവത്തിന്‍റെ  അസ്തിത്വമാണോ `അസ്ഥിത്വമാണോ ശരി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പലരും സംശയങ്ങള്‍ ചോദിക്കാറുണ്ട്. ഇവയിലൊക്കെ ആദ്യം പറഞ്ഞ ‘സ്ത’ ചേര്‍ന്ന രൂപങ്ങളാണ് ശരി. രണ്ടാമതു പറഞ്ഞ ‘സ്ഥ’ ചേര്‍ന്ന രൂപങ്ങളെ Malayalisms എന്നു വിളിക്കാമെന്നു തോന്നുന്നു. 
ഗള്‍ഫ് ബന്ധമുള്ളവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഇക്കാര്യം വിവരിക്കാം.  എവിടെയാണ് എന്ന അര്‍ഥത്തില്‍  ഇറാനികള്‍ ചോദിക്കാറുള്ള “kujaas”,  “kujaa ast( (کجا است ”  ന്‍റെ ചുരുക്കമാണ്.  ഈ ast ന്‍റെ സംസ്കൃതരൂപത്തില്‍ നിന്നാണ് അസ്തിത്വം, ആസ്തികദര്‍ശനം തുടങ്ങിയവ ഉണ്ടായത്. 

സംസ്കൃതത്തിലെ अस्ति തന്നെയാണ് പാര്‍സിയിലെ است . ഇവിടെ വന്ന ആര്യന്‍റെ  മൊഴിക്ക് പുറത്തുള്ള ആര്യന്‍റെ  മൊഴിയുമായി ചാര്‍ച്ചയുണ്ടാവണമല്ലോ. Bone എന്ന അര്‍ത്ഥത്തിലുള്ള അസ്ഥിയാണെന്നുധരിച്ചാവാം മലയാളി അസ്ഥിത്വം, ആസ്ഥികദര്‍ശനങ്ങള്‍ എന്നൊക്കെയെഴുതുന്നത്. മലയാളികള്‍ പൊതുവെ വരുത്തുന്ന തെറ്റുകളാണിവ. ഇവ തെറ്റാണെന്ന് പണ്ഡിതന്മാര്‍ക്കെങ്കിലും ബോധ്യമുണ്ട്. എന്നാല്‍ പണ്ഡിതന്മാരും പാമരന്മാരും ഒരു പോലെ വരുത്തുന്ന ചില തെറ്റുകളുടെ ഉദാഹരണമാണ് ഹിന്ദുസ്താന്‍, ഹിന്ദുസ്താനി എന്നിവയെ ഹിന്ദുസ്ഥാന്‍, ഹിന്ദുസ്ഥാനി എന്നിവയാക്കുകയെന്നത്.

സാധാരണഗതിയില്‍ ഏത് ഭാഷയിലെയും ലിപിവിന്യാസം അതിന്‍റെ ഭാഷാശാസ്ത്രപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൂടാതെ  എല്ലാ ഭാഷകളിലും ഭാഷാപരമായി ശരിയല്ലാത്തതും എന്നാല്‍ ദീര്‍ഘകാലത്തെ ഉപയോഗത്തിലൂടെ ശരിയായി മാറിയതുമായ ലിപിവിന്യാസരീതികള്‍ ഉണ്ടാവാം. ഈ പ്രസ്‌താവനകള്‍ മലയാളത്തിനും ബാധകമാണ്. ഇത്തരത്തിലുള്ള ഒരുപാട് പദങ്ങള്‍ മുന്‍ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. നന്ദി, മൂര്‍ഖന്‍, പശു തുടങ്ങിയവ ദീര്‍ഘകാലത്തെ ഉപയോഗത്തിലൂടെ ശരിയായി മാറിയ, ശരിയല്ലാത്ത വാക്കുകളാണ് . അവയൊന്നും ഇനി തിരുത്തേണ്ട ആവശ്യമില്ല. എന്നാല്‍ ചില പദങ്ങള്‍ അങ്ങനെയല്ല. അവയുടെ തെറ്റായ ഉപയോഗം വേറെയും ഒരുപാട് തെറ്റായ ധാരണകളിലേക്ക് നയിക്കുമെന്നതിനാല്‍, വളരെക്കാലമായി ഉപയോഗത്തിലുള്ളതാണെങ്കിലും  തിരുത്തുന്നതാണ് അഭികാമ്യം.  

മലയാളപത്രങ്ങള്‍ ‘ഹിന്ദുസ്ഥാന്‍’ എന്ന് തെറ്റായി ഉപയോഗിക്കുന്ന ഹിന്ദുസ്താന്‍ ആണ് ഒരു ഉദാഹരണം. ഹിന്ദുസ്താന്‍, ഹിന്ദുസ്താനി എന്നിവയെ മലയാളികള്‍ യഥാക്രമം ഹിന്ദുസ്ഥാന്‍, ഹിന്ദുസ്ഥാനി എന്നിവയാക്കാറാണ് പതിവ്. ചിലര്‍ അതിര്‍ത്തിക്കപ്പുറത്തേക്കുകടന്ന് Pakistan നെ പാകിസ്ഥാന്‍ ആക്കും. മാതൃഭൂമിക്കാര്‍  Pakistan, Afghanistan തുടങ്ങിയവയെ കൃത്യമായി തന്നെ മലയാളത്തിലേക്കു transliterate ചെയ്യാറുണ്ട്; എന്നാല്‍ Hindustan നെ ഹിന്ദുസ്ഥാന്‍ എന്നുതന്നെയാണെഴുതിയിരുന്നത്. അബ്ദുസ്സമദ് സമദാനിയുടെ 'ഹിന്ദുസ്താന്‍ ഹമാരാ' പംക്തി പ്രസിദ്ധീകരിച്ചു തുടങ്ങിയതോടു കൂടിയാണ്  അക്കാര്യത്തിലും ശരിയുടെ വഴിയിലേക്ക് വന്നതെന്നുതോന്നുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഹിന്ദുസ്ഥാന്‍ തുടങ്ങി എല്ലായിടത്തും ‘സ്ഥ’ ഉപയോഗിക്കുന്നതിനെക്കാള്‍ അപകടകരം പാകിസ്താനും അഫ്ഗാനിസ്താനും ശരിയായി എഴുതി ഹിന്ദുസ്താനെ മാത്രം ഹിന്ദുസ്ഥാന്‍ ആക്കുന്നതാണ്. 

ഉര്‍ദു അല്‍പ്പമെങ്കിലും അറിയാന്‍ സാധ്യതയുള്ള മുസ്‌ലിം പത്രമാധ്യമങ്ങളുടെ ആള്‍ക്കാര്‍ വരെ ഇക്കാര്യത്തില്‍ തെറ്റുവരുത്തുന്നുവെന്നതാണ് വാസ്തവം. സാങ്കേതികഭാഷയുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന്‍റെ ഭാഗമായി പ്രധാനപ്പെട്ട പത്രസ്ഥാപനങ്ങളുടെ സ്റ്റൈല്‍ പുസ്തകങ്ങള്‍ പരിശോധിക്കുകയുണ്ടായി. ഹിന്ദുസ്ഥാന്‍  എന്നെഴുതണമെന്നതിന് ന്യായങ്ങള്‍ നിരത്തിയ ഒരു മുസ്ലിം പത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലര്‍ അഫ്ഗാനിസ്താനെ  അഫ്ഘാനിസ്ഥാന്‍ ആക്കാറുണ്ട്. ഇംഗ്ലീഷില്‍ Afghanistan എന്നെഴുതുന്നതാണ് കാരണം. ഗ്വൈന്‍(ग़ / غ  ) ന്‍റെ ഇംഗ്ലീഷ് ട്രാന്‍സ്ലിറ്ററേഷന്‍ gh ആണ്. ഇത്തരത്തിലുള്ള ഒരുപാട് ശബ്ദങ്ങള്‍ സൂചിപ്പിക്കാന്‍ മലയാളത്തില്‍ ചിഹ്നങ്ങള്‍ ഇല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

ഹിന്ദിയില്‍ പല അക്ഷരങ്ങളുടെയും  അടിയില്‍ കുത്തിട്ട് എഴുതാമെന്ന സൗകര്യമുണ്ട്. പക്ഷേ ഉര്‍ദു വിരോധികള്‍ അത്തരം രീതികളെ നിരുത്സാഹപ്പെടുത്താറാണ് പതിവ്. കുത്തുകളുടെ അഭാവത്തില്‍ അര്‍ഥം തന്നെ മാറിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ ഹിന്ദിയില്‍ ഉണ്ടാവാറുണ്ട്. 'മേരെ രശ്കെ കമര്‍' എന്ന പ്രസിദ്ധമായ ഗാനത്തില്‍ ക യുടെ അടിയില്‍ കുത്തില്ലെങ്കില്‍ സ്ത്രീയുടെ നിതംബ വര്‍ണ്ണനയായാണ് തോന്നുക. അടിയിലെ കുത്തിന്‍റെ അഭാവത്തില്‍  ബക്രീദിലെ ആദ്യഭാഗം ആടാണോ പശുവാണോയെന്ന്  ന്യായമായും സംശയിക്കാം. ബക്രീദും റംസാനും മലയാളത്തിലെ മുഖ്യധാരാമാധ്യങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേരുകളാണ്. തെറ്റാണെന്ന് എത്ര പറഞ്ഞാലും ഈദുല്‍ ഫിത്‌റിനെ റംസാന്‍ എന്നേ എഴുതൂ.

ഇനിയുള്ളത് ഒരു പ്രത്യേകവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം പ്രശ്നങ്ങളാണ്. ഭാഷാശാസ്ത്രപരമായ ന്യായീകരണം ഇല്ലെങ്കിലും  മലയാളിയുടെ ദു:ശാഠ്യങ്ങളുടെ ഭാഗമായി നിലകൊള്ളുന്ന പദങ്ങളും  പ്രയോഗങ്ങളുമാണവ. അത്തരത്തിലുള്ള ഒന്നാണ് ‘ഷ’കാരത്തോടുള്ള അഭിനിവേശം. ബേപ്പൂര്‍ സുല്‍ത്താന്‍ സ്വന്തം പേരെഴുതിയത് വൈക്കം മുഹമ്മദ്‌ ‘ബഷീര്‍ എന്നുതന്നെയാണ്. സ്വന്തം പേര് എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമാണ്.  എല്ലാ ആര്‍ത്ഥത്തിലും ഭാഷയിലെ പാണ്ഡിത്യഗര്‍വിനെതിരെ ശബ്ദിച്ച സി അച്യുതമേനോന്‍ സ്വന്തം പേരെഴുതിയിരുന്നത് സി അച്ചുതമേനോന്‍ എന്നാണ്. അനുയായികള്‍ക്ക് അങ്ങനെയേ ഉച്ചരിക്കാനാവു എന്നാണ് ന്യായം പറഞ്ഞത്.  

ബഷീറിന്‍റെയും അച്യുതമേനോന്‍റെയും നടപടി പുരോഗമനപരമായിരുന്നു. ഖലീല്‍ ജിബ്രാന്‍  പാശ്ചാത്യവായനക്കാരുടെ സൗകര്യത്തിനുവേണ്ടി ഇംഗ്ലീഷില്‍ സ്വന്തം പേരിലെ ലിപിവിന്യാസം  മാറ്റിയിരുന്നു. പേരിന്‍റെ  രണ്ടാം  ഭാഗത്ത് J യ്ക്കുപകരം G  ഉപയോഗിച്ചത് Levantine Arabic   ന്റെ അധിഷ്ഠാനപരമായ സവിശേഷതകള്‍ നിലനില്ക്കുന്ന ലബനോനില്‍ ജനിച്ചവരുടെ സ്വാഭാവികമായ പ്രത്യേകതയായിരുന്നു. എന്നാല്‍ പേരിന്‍റെ  ആദ്യപകുതിയില്‍ ബോധപൂര്‍വ്വമായ ഒരു മാറ്റം അദ്ദേഹം നടത്തിയിട്ടുണ്ട്. തുടക്കത്തിലെ unvoiced uvular fricative നെ സൂചിപ്പിക്കുന്ന kha (Arabic: خ)യെ  kah ആക്കിക്കൊണ്ടാണത്. 

ഏതെങ്കിലും വ്യക്തി സ്വന്തം പേര് മാറ്റിയെഴുതുന്നതിനെക്കുറിച്ചല്ല മലയാളിയുടെ പൊതുപ്രവണതയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ബഷീര്‍, ഷബീര്‍, ഷമീന, രേഷ്മ തുടങ്ങിയ പേരുകള്‍   മലയാളിയുടെ അക്ഷരപരമായ ദുശ്ശാഠ്യത്തിന്‍റെ തെളിവായി നിലകൊള്ളുന്നു. ബഷീര്‍, ഷബീര്‍, ഷമീന, രേഷ്മ എന്നിവ അറബി, പേര്‍ഷ്യന്‍ പദങ്ങളായതിനാല്‍ മലയാളത്തില്‍ ഇഷ്ടമുള്ള ചിഹ്നം സ്വീകരിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നുപറയാം. എന്നാല്‍ സംസ്കൃതസംജ്ഞകളെയും മലയാളി ഇത്തരത്തില്‍ മാറ്റിയെഴുതുതുന്നുണ്ട് എന്നതാണ് വാസ്തവം. രാജേഷ്, രമേഷ്, സുരേഷ് തുടങ്ങിയ പേരുകളില്‍ കാണുന്നത് അതാണ്‌. ഇവിടെ പലപ്പോഴും വില്ലനായി മാറിയത് reverse transliteration ആണ്. ആദ്യം ശ, ഷ എന്നിവയ്ക്കിടയില്‍ കൃത്യത പാലിക്കണമെന്ന ശാഠ്യത്തോടെ ശ യ്ക്ക് s യും ഷ യ്ക്ക് sh ഉം ഉപയോഗിക്കാന്‍ തുടങ്ങി. ശശിയെ Sasi എന്നെഴുതുന്നത് അങ്ങനെയാണ്.

പിന്നീടാണ്‌ ഉത്തരേന്ത്യയില്‍ നിന്ന് കേന്ദ്രരാഷ്ട്രീയനേതാക്കളുടെയും ബോളിവുഡ് സിനിമാനടന്മാരുടെയുമൊക്കെ പേരുകളുടെ രൂപത്തില്‍ രാജേഷ്, രമേഷ്, സുരേഷ് തുടങ്ങിയവ കടന്നുവരുന്നത്. ശ(श)യ്ക്ക് sh ഉപയോഗിക്കുന്ന ഉത്തരേന്ത്യന്‍ രീതിയനുസരിച്ച് ഈ പേരുകള്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നത് Rajesh, Ramesh, Suresh എന്നിങ്ങനെയാണ്. sh ന് മലയാളി നിശ്ചയിച്ചുവെച്ച ഉച്ചാരണമനുസരിച്ച് അവയെ രാജേഷ്, രമേഷ്, സുരേഷ് എന്നിങ്ങനെ എഴുതാന്‍ തുടങ്ങി. ഇത്തരത്തിലുള്ള ഒരുപാട് പേരുകളുണ്ട്. പേരുകളില്‍ മാത്രമല്ല,പല ഇംഗ്ലീഷ് പദങ്ങളിലും മലയാളി ഇതേ രീതിയാണ് സ്വീകരിക്കുന്നത്. കാസർകോട് വാര്‍ത്ത, കെവാർത്തയെപ്പോലുള്ള ചില മാധ്യമങ്ങള്‍ ഈ ട്രെന്‍റ് മാറ്റാന്‍ ശ്രമിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്.

കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഉത്തരേന്ത്യന്‍ പേരുകളെക്കുറിച്ച് പറയുമ്പോള്‍ പരിഗണനയില്‍ വരേണ്ട ഒന്നാണ് ഈയിടെ കാസർകോട് ജില്ലയിലുണ്ടായ, കന്നഡയിലുള്ള  സ്ഥലപ്പേരുകള്‍ മലയാളത്തിലേക്ക് മാറ്റുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും വിവാദങ്ങളും. ആരോപണം ഉന്നയിച്ചവര്‍ അടക്കമുള്ളവരുടെ പേരുകള്‍ കന്നഡ രീതിയില്‍ നിന്ന് ഉത്തരേന്ത്യന്‍ രീതിയിലേക്ക് മാറിയതുപോലുള്ള കാര്യങ്ങള്‍ വിവാദമാവുകയുണ്ടായി. മാധ്യമമലയാളത്തില്‍  ഇത്, സംസ്ഥാനത്തിന്‍റെ മറ്റുള്ള ഭാഗങ്ങളില്‍, വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും കാസര്‍ക്കോട് ജില്ലയില്‍ പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  

സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും സാധ്യതയുണ്ട്. കന്നഡയില്‍ പുരുഷനാമങ്ങള്‍ ‘അ’യിലാണ് അവസാനിക്കുക. ഉദാ. രാമ, കൃഷ്ണ, ബംഗാരപ്പ, തിമ്മപ്പ, ജാലപ്പ. അവയില്‍ പലതും ഇപ്പോള്‍ ഉത്തരേന്ത്യന്‍ രൂപത്തിലായിട്ടുണ്ട്; എന്നാല്‍ മുഴുവനുമായില്ല. ചൈതന്യ, വസന്ത, ഹേമന്ത തുടങ്ങിയ പേരുകള്‍ പഴയ രീതിപ്രകാരം പുരുഷന്മാരുടേതും പുതിയ രീതിപ്രകാരം സ്ത്രീകളുടേതുമാണ്. പരിണാമം പൂര്‍ണമല്ലാത്തതിനാല്‍  രണ്ടുതരത്തിലുള്ള പേരുകളും ഇടകലര്‍ന്നുകാണാം. അപൂര്‍വമായി ഇത്തരം പ്രശ്നങ്ങള്‍ കേരളത്തിന്‍റെ ഇതരഭാഗങ്ങളിലും കാണാറുണ്ട് ഒരു സംഭവം പറയാം.

മാസങ്ങള്‍ക്കുമുമ്പാണ്, ഒ പി ഡ്യൂട്ടിയിലിരിക്കുമ്പോള്‍, ഒരു ആണ്‍കുട്ടിയുമായി ആ സ്ത്രീ  വന്നത്. Slip ല്‍ പേര് ടൈപ്പ് ചെയ്തിരിക്കുന്നത് Krishna എന്നാണ്. സൂക്ഷിച്ചുനോക്കി. ആണ്‍കുട്ടി തന്നെയാണ്. ഇനി transgender വല്ലതും ആകുമോ ? അല്ലെങ്കില്‍ transvestism ? ഭാഗ്യത്തിന് അതൊക്കെ ചോദിക്കുന്നതിനുമുമ്പ് ചോദ്യോത്തരങ്ങള്‍ മറ്റൊരു വഴിയിലേക്കു മാറിപ്പോയി. കന്നഡയുടെ പുരുഷന്മാരുടെ പേര് അകാരത്തില്‍ അവസാനിക്കാറുള്ളതു കൊണ്ടും എന്‍റെ  സഹപ്രവര്‍ത്തകന്‍റെ അത്തരത്തിലുള്ള പേര് ഡോ. ഗോപീകൃഷ്ണ ആയതുകൊണ്ടും നിങ്ങള്‍ മലയാളി തന്നെയല്ലേയെന്നു ചോദിച്ചു. ആണെന്ന മറുപടിയും ലഭിച്ചു. അവസാനം ആ സ്ത്രീ തന്നെ കുട്ടിയുടെ നാമകരണത്തിന്‍റെ ചരിത്രം വിവരിച്ചു. Grandfather ന്റെ പേര് കുട്ടിക്കിടണമെന്ന് അച്ഛന് വല്ലാത്ത ആഗ്രഹം. എന്തുചെയ്യാം, Grandfather ന്‍റെ കൃഷ്ണന്‍ എന്ന പേരിട്ടാല്‍ പഴഞ്ചന്‍ പേരാണെന്നുപറഞ്ഞ് ആള്‍ക്കാര്‍ കളിയാക്കില്ലേ ? അവസാനം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ ഒരു ഉപായം കണ്ടുപിടിച്ചു. അങ്ങനെ കൃഷ്ണന്‍റെ പേരക്കിടാവ് കൃഷ്ണ ആയി. 

കുട്ടിക്കാലത്തുതന്നെ ശ്രദ്ധയില്‍ പെട്ട ഒന്നാണ്, Aboobaker, Mohammed , Mujeeb, Sajid തുടങ്ങിയവയില്‍ നിന്നു വ്യത്യസ്തമായി കൃഷ്ണന്‍, രാമന്‍, നാരായണന്‍, അപ്പുക്കുട്ടന്‍ തുടങ്ങി അന്‍ ല്‍ അവസാനിക്കുന്ന ഒരു കൂട്ടം പേരുകള്‍. കാലക്രമത്തില്‍ അന്‍ ഇല്ലാതാവുകയും രാം, നാരായണ്‍ തുടങ്ങിയ വിധത്തില്‍  Aboobaker, Mohammed, Mujeeb, Sajid Pattern ല്‍‌ എല്ലാ പേരുകളും അവസാനിക്കുകയും ചെയ്തു. ഇതേ Pattern ല്‍ ഉള്ള വിനോദ് , സുധീര്‍, പ്രകാശ് തുടങ്ങിയ പേരുകള്‍ ധാരാളമായി ഉത്തരേന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടു. Aboobaker, Mohammed , Mujeeb, Sajid Pattern ല്‍ അവസാനപദത്തിലെ ഹ്രസ്വസ്വരങ്ങള്‍ ഒഴിവാക്കിയാണ് ഉര്‍ദുവില്‍ ഉച്ചരിക്കുന്നത്. 

സംസ്കൃതത്തിലെ രാമ: ഉര്‍ദുവില്‍ രാം ആണ്. ഉര്‍ദു ഭാഷയില്‍ ദേവനാഗരിലിപി ഉപയോഗിച്ച് കൊണ്ട് ഹിന്ദി ഉണ്ടാക്കിയപ്പോള്‍ ഉര്‍ദുവിന്‍റെ അതേ തത്ത്വം നിലനിര്‍ത്തി. ദേവനാഗരിലിപിയില്‍ राम  എന്നെഴുതിയാല്‍ സംസ്കൃതത്തില്‍ വായിക്കേണ്ടത് രാമ എന്നാണ്. എന്നാല്‍ ഉര്‍ദു നിയമം പിന്തുടുന്നതിനാല്‍ ഹിന്ദിയില്‍ രാം എന്നു വായിക്കുന്നു. ഈ Pattern ല്‍ ഉള്ള പേരുകള്‍ മലയാളികള്‍ക്കിടയില്‍ ഫാഷനായപ്പോള്‍ പലതും സംഭവിച്ചു. അപ്പുക്കുട്ടന്‍ പോലുള്ള മലയാളം പേരുകള്‍ നാടുനീങ്ങി. രാമന്‍, കുമാരന്‍, പ്രകാശന്‍ തുടങ്ങിയവര്‍ രാം, കുമാര്‍, പ്രകാശ് തുടങ്ങിയവരായി മാറി. എങ്കിലും ഗാംഭീര്യം പഴയതിനുതന്നെയാണ്. 'പോ മോനെ ദിനേശാ' എന്നതിനു പകരം 'പോ മോനെ ദിനേശ്' എന്നോ 'പോ മോനെ ദിനേശേ' എന്നോ പറഞ്ഞാല്‍ ഒരു effect ഇല്ലല്ലോ. 

ചൈതന്യ, ചിന്മയ് തുടങ്ങിയ പേരുകള്‍ കേട്ടാല്‍ Urdu Pattern ല്‍ സംസ്കൃതപദങ്ങള്‍ പേരുകളാക്കി മാറ്റുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാകും. അവയില്‍ ഏറ്റവും വലിയ ബുദ്ധിമുട്ട് കൃഷ്ണനെ മാറ്റിപ്പണിയാനാണ്. കൃഷ്ണ് ആക്കിയാല്‍ ഉച്ചരിക്കാനാവില്ല. പിന്നെ ആകെയുള്ള വഴി ആ സ്ത്രീ പറഞ്ഞതു പോലെ കൃഷ്ണ ആക്കുകയാണ്. സംസ്കൃതത്തിലെ എല്ലാ വര്‍ണ്ണങ്ങളും നിലനിര്‍ത്തി അവസാനത്തെ വര്‍ണ്ണത്തെ മാത്രം അടിച്ച് shape മാറ്റുമ്പോഴാണ് ഇത്തരത്തില്‍  ഏച്ചുകെട്ടിയതുപോലെ മുഴച്ചുനില്ക്കുന്നത് . സ്വാഭാവികമായ പരിണാമത്തില്‍ പല വര്‍ണ്ണങ്ങള്‍ക്കും വ്യത്യാസം വരാം. കൃഷ്ണന്‍റെ അത്തരത്തിലുള്ള  സ്വാഭാവികമായ ഉര്‍ദു/ ഹിന്ദി രൂപം കിശന്‍ ആണ്. ഉര്‍ദുവിനും ഹിന്ദിക്കും  പുറമെ ഉത്തരേന്ത്യയിലെ പല നാട്ടുഭാഷകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.

അക്ഷരങ്ങളില്‍ നിന്ന് വാക്കുകളിലേക്കുവരാം. ഇക്കാലത്ത് ഭാഷയില്‍ വാക്കുകള്‍ സൃഷ്ടിക്കുന്നതില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. സിക്കിള്‍ സെല്‍ അനീമിയയ്ക്കുള്ള അരിവാള്‍ രോഗം, ലെപ്റ്റോസ്പൈറോസിസിനുള്ള എലിപ്പനി തുടങ്ങി പത്രക്കാര്‍ ഉണ്ടാക്കിയ പദങ്ങള്‍ ഭാഷയില്‍ ഒരുപാടുണ്ട്. പത്രപ്രവര്‍ത്തകരുടെ നിരന്തരമായ ഉപയോഗത്തിലൂടെ പല  പദങ്ങളുടെയും അര്‍ഥം മാറിയിട്ടുണ്ട്. തീവ്രവാദി  ഒരു ചീത്തവാക്കായതും അതിന്‍റെ  അര്‍ഥം ഭീകരവാദി ആയതും പത്രക്കാരുടെ കൈകളിലൂടെയാണ്‌. സ്വാതന്ത്ര്യസമരകാലത്ത് തീവ്രവാദിയെന്നത് ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികളുടെ വിശേഷണമായിരുന്നുവല്ലോ. 

അതുപോലെ പത്രക്കാര്‍ അര്‍ഥം മാറ്റിയ മറ്റൊരു പദമാണ് പീഡനം. ഇന്നത് ലൈംഗികപീഡനം മാത്രമായി ചുരുങ്ങിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ പദനിര്‍മ്മിതിയില്‍ പത്രപ്രവര്‍ത്തകരുടെ പങ്ക് പ്രധാനപ്പെട്ടതാണ്. മലയാളഭാഷയുടെ മൊത്തം പ്രശ്നങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഇംഗ്ലീഷിലുള്ള സാങ്കേതികപദങ്ങള്‍ക്കും മറ്റും മലയാളമുണ്ടാക്കുകയെന്നത് പലപ്പോഴും യാന്ത്രികമായ ഒരു പ്രക്രിയയാണ്.  ഈയിടെ ഒരു ഗള്‍ഫ് രാജ്യത്ത് നടന്ന അണുനശീകരണയജ്ഞത്തെ വന്ധ്യംകരണയജ്ഞമായി  ചില മലയാളപത്രങ്ങള്‍ പരിഭാഷപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്. സംസ്കൃതവാങ്മയം ഉപയോഗിച്ച് കൃത്രിമമായി തട്ടിക്കൂട്ടിയെടുക്കുന്നവയാണ് മലയാളത്തിലെ പല സാങ്കേതികപദങ്ങളും. സാങ്കേതികഭാഷ  സർഗഭാഷയുടെ വിപരീതമാവുന്നത് കൃത്യത കൊണ്ടാണ്.

സന്ദിഗ്ധത പലപ്പോഴും സർഗഭാഷയുടെ അലങ്കാരമാണ്. മാനം നോക്കി നടക്കാതെ മാനം നോക്കിനടക്കണമെന്ന്‌ പറയുമ്പോഴും 'കായമെന്നോതീട്ട് കായം കലക്കുന്ന മായം പൊറുക്കുമോ ഗാന്ധി പോലും' എന്ന പദ്യശകലത്തിലും അത് വ്യക്തമാണ്. എന്നാൽ നാനാർഥം പോലുള്ളവയ്ക്ക് സാങ്കേതികഭാഷയിൽ സ്ഥാനമില്ല. ഫിസിക്സിൽ speed ഉം velocityയും വ്യത്യസ്തമാണ്. പക്ഷേ എല്ലാ ശാസ്ത്രശാഖകളിലും ഉപയോഗിക്കാവുന്ന സാർവത്രികമോ സാർവലൗകികമോ ആയ സാങ്കേതിഭാഷ (Universal technical language) ഇന്നും ഒരു മരീചികയായി തുടരുന്നുവെന്നതാണ് വാസ്തവം. 

ഒരൊറ്റ വിജ്ഞാനശാഖയുടെ ഉപശാഖകൾക്കിടയിൽ പോലും കൃത്യതയില്ലെന്നതാണ് വാസ്തവം. sterilization എന്നാല്‍ അണുനശീകരണവും വന്ധ്യംകരണവുമാണ്. ഇങ്ങനെ വരാന്‍ ചരിത്രമമായ കാരണങ്ങളുണ്ട്. പക്ഷേ അത് യന്ത്രത്തിനറിയില്ലല്ലോ. ഇവയ്ക്കൊക്കെ അപ്പുറത്ത് സാമൂഹികവും നൈതികവുമായ സങ്കല്പങ്ങൾക്കനുസരിച്ച് സാങ്കേതികഭാഷ മാറിക്കൊണ്ടിരിക്കുന്നുമുണ്ട്.  മുമ്പ് പുരുഷന്മാരെക്കുറിച്ച് പറയുമ്പോൾ sterilityയും സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ fertilityയുമാണ് ഉപയോഗിച്ചിരുന്നത്. ഇന്നാവട്ടെ എല്ലാവർക്കും sterilityആണ് പൊതുവെ ഉപയോഗിക്കുന്നത്. ഇവയിലൊക്കെ വിവേചനം കല്പിക്കാവുന്ന അവസ്ഥയിലേക്ക് യന്ത്രബുദ്ധി വളരാത്തതിനാൽ Google translationൽ അബദ്ധങ്ങൾ സംഭവിക്കുക സ്വാഭാവികമാണ്.  

(തുടരും)



വീണ ജോര്‍ജും വീഴാത്ത ജോര്‍ജും 7

Keywords: Kerala, Malayalam, Article, Language, Mistakes, Arabic, Hindi, Dr. P A Aboobacker, Habits and bad habits of a Malayalees.

Post a Comment