ചില്ലുകളും ഇരട്ടിപ്പുകളും

 


മാധ്യമമലയാളം - 3 / ഡോ. പി എ അബൂബകര്‍

(www.kvartha.com 16.05.2021) മലയാളത്തിന്‍റെ അക്ഷരമാലയിലെ ഒരു കൂട്ടം ചിഹ്നങ്ങളാണ് ചില്ലുകള്‍. ഏതാനും ചിഹ്നങ്ങള്‍ മാത്രമേ ചില്ലുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളൂവെങ്കിലും അവയുടെ വൈവിധ്യം ഭാഷാശാസ്ത്രപരമായ നിര്‍വചനം സങ്കീര്‍ണമാക്കുന്നു. പ്രധാനമായും എഴുത്തിന്‍റെ സൌകര്യമാണ് ചില്ലുകള്‍ എന്ന വിഭാഗത്തിന് അക്ഷരമാലയില്‍ ഇടം നേടിക്കൊടുത്തത്.

മലയാളത്തില്‍ വ്യഞ്ജനങ്ങള്‍ക്ക് സ്വതന്ത്രമായ നിലനില്പില്ല. അക്ഷരമാലയില്‍ വ്യഞ്ജനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളവ കേവലവ്യഞ്ജനങ്ങളല്ല; അവയുടെ കൂടെ സ്വരങ്ങള്‍ ഒട്ടിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെ നിലനില്ക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകള്‍ എന്ന് സാമാന്യമായി പറയാമെങ്കിലും പൂര്‍ണമായ അര്‍ഥത്തില്‍ അത് ശരിയല്ല.

ചില്ലുകളും ഇരട്ടിപ്പുകളും

ല്‍, ള്‍, ര്‍, ണ്‍, ന്‍ എന്നിവയെയാണ് ചില്ലുകളായി പൊതുവെ കണക്കാക്കുന്നത്. മരം, അരം, അറം, മുറം തുടങ്ങിയ ഭാഷാപദങ്ങളിലുപയോഗിക്കുന്ന അനുസ്വാരചിഹ്നം ‘മ’കാരത്തിന്‍റെ ചില്ലിനെ പ്രതിനിധാനം ചെയ്യുനതായി കണക്കാക്കുന്നവരുണ്ട്. അതുപോലെ വനം (वनम् ), ഗൃഹം (गृहम्), ഗ്രഹം(ग्रहम्) തുടങ്ങിയ സംസ്കൃതപദങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍ അവസാനത്തെ അനുസ്വാരചിഹ്നം പ്രതിനിധാനം ചെയ്യുന്നത് സ്വരരഹിതമായ മകാരത്തെയാണെന്നതിനാല്‍ അതും ഈ നിഗമാനപ്രകാരം ചില്ലാണ്. വേറെയും ഒരുപാട് ചില്ലുകളുണ്ടെന്ന് പറയുന്നവരുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രായോഗികതലത്തില്‍ ചില്ലുകളായി നിലകൊള്ളുന്നത് ല്‍, ള്‍, ര്‍, ണ്‍, ന്‍ എന്നിവയാണ്. അതിന് കാരണമുണ്ട്.

ഇംഗ്ലീഷ് പോലുള്ള യൂറോപ്യന്‍ ഭാഷകളിലെ വരമൊഴികള്‍ ആല്‍ഫബെറ്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്; വര്‍ണങ്ങള്‍ അഥവാ ആധുനിക സംജ്ഞ പ്രകാരമുള്ള സ്വനിമങ്ങള്‍ (phonemes) ആണ് അവയില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഹീബ്രു, സുറിയാനി, അറബി തുടങ്ങിയ സെമിറ്റിക് ഭാഷകളിലാവട്ടെ വ്യഞ്ജനങ്ങള്‍ (consonants) രേഖപ്പെടുത്തുന്നു. മലയാളത്തിന്‍റെ വരമൊഴിയാവട്ടെ അക്ഷരമാലയാണ്. അക്ഷരങ്ങള്‍(syllables) ആണ് അക്ഷരമാലയില്‍ രേഖപ്പെടുത്തുന്നത്. ചില്ലുകള്‍ക്ക് അക്ഷരമാലയില്‍ ഇടം ലഭിച്ചത് അക്ഷരങ്ങളായതിനാലാണ്. സ്വതന്ത്രമായി ഉച്ചരിക്കാന്‍ പറ്റുന്നവയാണ് അക്ഷരങ്ങള്‍.

കേരളപാണിനി ചില്ലുകളെ നിര്‍വചിക്കുന്നത് പദാന്തത്തിൽ സംവൃതംകൂടാതെ നില്ക്കാവുന്ന വ്യഞ്ജനങ്ങൾ എന്നാണ്. സാധാരഗതിയില്‍ സ്വരങ്ങള്‍ കൂടാതെ വ്യഞ്ജനങ്ങളെ ഉച്ചരിക്കാനാവില്ല. എന്നാല്‍ ചില്ലുകളെ ഉച്ചരിക്കാനാവും. ഈ മാനദണ്ഡം വെച്ചുനോക്കുമ്പോള്‍ ക് തുടങ്ങിയവ ചില്ലുകളല്ല. അവ നിലനില്ക്കുന്നത് ചെറുപ്പം മുതല്‍ കേരളത്തിനുപുറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന തുടങ്ങിയ കാരണങ്ങളാല്‍ മലയാളവുമായുള്ള സമ്പര്‍ക്കം കുറഞ്ഞവരുടെ സംസാരത്തിലാണ്. അത്തരക്കാര്‍ എല്ലാ വ്യഞ്ജനങ്ങളെയും സ്വരഹിതമായി ഉച്ചരിക്കുമെന്നതിനാല്‍ തന്നെ അവയെ എല്ലാം ചില്ലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ അര്‍ഥമില്ല.

മ, ന, ണ, ല, ള, റ എന്നിവയുടെ സ്വരഹിതാവസ്ഥകളാണ് മലയാളികളുടെ സംസാരത്തില്‍ പൊതുവെ സ്വതന്ത്രമായ അക്ഷരങ്ങളായി നിലനില്ക്കുന്നത്. ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം അനുനാസികങ്ങളും അവസാനത്തെ മൂന്നെണ്ണം മധ്യമങ്ങളുമാണ്. ഭാഷയില്‍ നിലനില്ക്കുന്ന എല്ലാ അനുനാസികങ്ങള്‍ക്കും മധ്യമങ്ങള്‍ക്കും ഇത്തരത്തില്‍ സ്വതന്ത്രമായ സ്വരരഹിതാവസ്ഥകളില്ല. ഭാഷയിലുള്ള അനുനാസികങ്ങളില്‍ ങ , ഞ എന്നിവയ്ക്കുമാത്രമല്ല, ‘ന’ എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്ന രണ്ട് വ്യഞ്ജനങ്ങളില്‍ ഒരെണ്ണത്തിനും (ദന്ത്യമായ ‘ന’യ്ക്ക്) സ്വരങ്ങളോടുകൂടാതെ അക്ഷരങ്ങള്‍ എന്ന തരത്തിലുള്ള നിലനില്പില്ല . വര്‍ത്സ്യമായ ‘ന’യ്ക്ക് മാത്രമേ ചില്ലുള്ളൂ. ചുരുക്കത്തില്‍ ണ, മ, വര്‍ത്സ്യമായ ‘ന’ എന്നിവയ്ക്കാണ് അനുനാസികങ്ങളില്‍ സ്വരാരഹിതാവസ്ഥകളുള്ളത്.

ഭാഷയില്‍ മാത്രമുള്ള ള, ഴ, റ സംസ്കൃതത്തില്‍ കൂടിയുള്ള യ, ര, ല, വ എന്നിങ്ങനെ എഴ് മധ്യമങ്ങള്‍ നമ്മുടെ അക്ഷരമാലയിലുണ്ടെങ്കിലും അവയില്‍ ചില്ലുകള്‍ ഉള്ളത് ള, റ, ല എന്നിവയ്ക്കുമാത്രമാണ്. യകാരം ചില്ലായി വരുന്നത് ദീർഘസ്വരങ്ങളിൽ ആഗമമായിട്ടോ, അല്ലെങ്കിൽ 'ആയി' 'പോയി' എന്ന ഭൂതരൂപഭേദങ്ങളുടെ ഇകാരം ലോപിച്ചിട്ടോ മാത്രമായിട്ടാണെന്നും അതിനാൽ അതിനെ ഗണിക്കാന്‍ പറ്റില്ലെന്നും കേരളപാണിനി പറയുന്നു.'ഴ' യുടെ ചില്ല് ‘ള’യുടെ ചില്ലിലും ‘ര’യുടേത് ‘റ’യുടെ ചില്ലിലും വിലയിക്കാറാണ് പൊതുവെ പതിവ്‌. ഇക്കാര്യത്തില്‍ കേരളപാണിനി പറയുന്നത് ശ്രദ്ധേയമാണ്.

'ളകാരഴകാരങ്ങളുടേയും സ്ഥിതി ഏകദേശം ഇതുപോലെയാണു്. 'അപ്പോഴ്' എന്ന ഴകാരത്തിനും, 'അന്നാള്' എന്ന ളകാരത്തിനും വാസ്തവത്തിലുള്ള ധ്വനിഭേദത്തെ വകവെയ്ക്കാതെ രണ്ടും ഒന്നുപോലെ ളകാരമായിട്ടാണു ഉച്ചരിക്കുക നടപ്പ്. സ്വരം പരമാകുമ്പോൾപോലും 'അപ്പോഴാണ്' എന്നല്ല 'അപ്പോളാണ്' എന്നുതന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നു.' (കേരളപാണിനീയം)

മലയാളിയുടെ സംസാരത്തില്‍ രേഫത്തിന്‍റെയും ‘റ’കാരത്തിന്‍റെയും സ്വരരഹിതാവസ്ഥകള്‍ക്ക് കാലികവും ദേശീയവുമായ വ്യത്യാസങ്ങളുണ്ട്. ഇന്ന് പൊതുവെ ‘റ’കാരത്തിന്‍റെ സ്വരഹിതാവസ്ഥയ്ക്കാണ് പ്രാമുഖ്യം. സംസ്കൃതത്തില്‍ ‘രേഫ’ത്തിനാണ് വ്യാകരണഗ്രന്ഥങ്ങളില്‍ അസ്തിത്വമുള്ളത്. ‘റ’യെ ഒരു ഉച്ചാരണഭേദമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഉച്ചാരണസ്ഥാനങ്ങള്‍ പറയുന്ന 'ഋടുരഷാണാം മൂര്‍ധാ...' എന്ന വാക്യത്തില്‍ രേഫത്തെ മൂര്‍ധന്യമായാണ് കണക്കാക്കുന്നത്. ആധുനികമതപ്രകാരം റിട്രോഫ്ലക്സ് ആയി കണക്കാക്കുന്ന സ്വനിമങ്ങളെയാണ് ക്ലാസിക്കല്‍ വ്യാകരണഗ്രന്ഥങ്ങളില്‍ മൂര്‍ധന്യമായി കണക്കാക്കുന്നത്. രേഫത്തെക്കാള്‍ റിട്രോഫ്ലക്സ്‌ സ്വഭാവമുള്ളത് ‘റ’യ്ക്കാണ്. സംസ്കൃതത്തിലുള്ള വ്യാകരണഗ്രന്ഥങ്ങളിലെ ഒരുപാട് സന്ദിഗ്ധതകളില്‍ ഒന്നായി ഇതിനെ കണക്കാക്കാം. മലയാളത്തില്‍ ചില സ്വനിമങ്ങള്‍ക്കുമുമ്പ് സ്വരരഹിതമായ രേഫം വരാമെന്ന് കേരളപാണിനി പറയുന്നുണ്ട്. ഉദാ. ‘ശ’/അര്‍ശസ്. പക്ഷേ ഇന്നത്തെ മലയാളിയുടെ ഉച്ചാരണത്തില്‍ ചില്ലക്ഷരത്തിന്‍റെ സ്ഥാനമുള്ളത് മിക്കവാറും സ്വരരഹിതമായ ‘റ’കാരത്തിനാണ്.

‘വ’ യും മധ്യമങ്ങളിലാണ് ഉള്‍പെടുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ സംശയാസ്പദമാണ്. സംസ്കൃതത്തില്‍ ഓഷ്ഠ്യ-ദന്ത്യം (labiodental) ആയാണ് ‘വ’ പൊതുവെ നിര്‍വചിക്കപ്പെടുന്നത്. പക്ഷേ ‘യണ്‍’ ആദേശസന്ധിയിലും മറ്റും കൃത്യമായി പങ്കെടുക്കാന്‍ പറ്റുന്നത് ശുദ്ധമായ ഓഷ്ഠ്യ (Bilabial) ’വ’കാരത്തിനാണ്. മലയാളത്തിലെ ‘വ’കാരം ഓഷ്ഠ്യ-ദന്ത്യമാണോ ശുദ്ധമായ ഓഷ്ഠ്യമാണോയെന്ന കാര്യത്തില്‍ ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ല. കേരളപാണിനി ഓഷ്ഠ്യമാണ് മലയാളത്തിലെ ‘വ’കാരം എന്നുപറയുന്നുണ്ടെങ്കിലും പില്‍ക്കാലത്തെ പല വൈയാകരണന്മാരും മറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വരരഹിതാവസ്ഥയ്ക്കുള്ള സാധ്യത ഓഷ്ഠ്യ-ദന്ത്യ’വ’കാരത്തെക്കാള്‍ ശുദ്ധമായ ഓഷ്ഠ്യ’വ’കാരത്തിനാണ്.

ലിപിവിന്യാസവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ ചില്ലക്ഷരങ്ങള്‍ പല തരത്തില്‍ കടന്നുവരുന്നുണ്ട്. ഇരട്ടിപ്പാണ് അവയില്‍ പ്രധാനപ്പെട്ടത്. എല്ലാ ചില്ലുകളും ഒരേ തരത്തിലല്ല എന്നതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട സമീപനങ്ങളിലും വ്യത്യാസമുണ്ട്. ന്‍, ണ്‍ എന്നിവ അനുനാസികങ്ങളുടെ ചില്ലുകളും ള്‍, ല്‍, ര്‍ എന്നിവ മധ്യമങ്ങളുടെ ചില്ലുമാണ്. മധ്യമങ്ങളുടെ ചില്ലുകള്‍ എല്ലാം ഒരു പോലെയല്ല.
മലയാളത്തില്‍ ചില്ലുകളായി ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ രൂപത്തിലും വ്യത്യാസമുണ്ട്. ന്‍, ണ്‍ എന്നീ ചിഹ്നങ്ങള്‍ രൂപത്തിലും ഉച്ചാരണത്തിലും ഒരുപോലെയാണ്.

എന്നാല്‍ ള്‍, ല്‍ എന്നിവ അങ്ങനെയല്ല. രൂപത്തില്‍ യഥാക്രമം 'ട' യുടെയും 'ത'യുടെയും ചില്ലുകളാണവ. എന്നാല്‍ ഉച്ചാരണത്തില്‍ 'ള'യുടെയും ലയുടെയും ചില്ലുകളായി അവ മാറിയിരിക്കുന്നു. മാത്രമല്ല, ഭാഷാപദങ്ങളില്‍ അവ 'ള'യുടെയും 'ല'യുടെയും ചില്ലുകളാണ്. എന്നാല്‍ സംസ്കൃതപദങ്ങളില്‍, വിശിഷ്യാ പദങ്ങളുടെ അവസാനത്തില്‍, ടയുടെയും തയുടെയും സ്വരരഹിതരൂപങ്ങളെ ഈ ചിഹ്നങ്ങള്‍ കൊണ്ട് സൂചിപ്പിക്കുന്ന രീതി മണിപ്രവാളകാലം മുതല്‍ നിലവിലുണ്ട്. അവയില്‍ തയുടേത് ഭാഷയില്‍ ഇപ്പോഴും തുടരുന്നു. ഇതുകൊണ്ടുണ്ടായ പ്രശ്നങ്ങള്‍ അതാത് സന്ദര്‍ഭത്തില്‍ വിവരിക്കാം. ഇരട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നു.

ര്‍, ല്‍, ള്‍ എന്നിവയ്ക്കുശേഷം ക, ച, ട, ത, പ എന്നിവ വന്നാല്‍ ഇരട്ടിപ്പിക്കണമെന്നും മറ്റുള്ള അക്ഷരങ്ങള്‍ വന്നാല്‍ ഇരട്ടിപ്പ് ആവശ്യമില്ലെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എസ് സി ഇ ആര്‍ ടി)യുടെ ലിപിവിന്യാസമാര്‍ഗരേഖ പറയുന്നത്. ഇതനുസരിച്ചാണ് ടെക്സ്റ്റ് ബുക്കുകള്‍ അച്ചടിക്കുന്നത്. ലിപിവിന്യാസത്തിന്‍റെ കാര്യത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്റ്റൈൽ ബുക്കും ഏതാണ്ട് ഇതിന് സമാനമായ രീതിയാണ് നിര്‍ദേശിക്കുന്നത്. പൊതുവെ കുറ്റമറ്റതാണ് ഈ നിര്‍ദേശം. എങ്കിലും ചില പ്രശ്നങ്ങള്‍ ഇല്ലെന്നുപറയാനാവില്ല.

ഇപ്പറഞ്ഞ ചില്ലുകള്‍ക്കുശേഷം വരുന്ന എല്ലാ അക്ഷരങ്ങളും ഇരട്ടിപ്പിച്ചെഴുതുന്ന രീതിയാണ് മലയാളിക്ക് ഉണ്ടായിരുന്നത്. പര്‍ദ്ദ എന്നെഴുതിയിരുന്നത് അങ്ങനെയാണ്. എങ്ങനെ എഴുതാന്‍ പറ്റാത്ത അവസരങ്ങളിൽ സ്വരാഗം ഉണ്ടാകുമായിരുന്നു. ഉദാ. ഉർദു > ഉറുദു

ഭാഷയിലെ ഇന്നത്തെ ലിപിവിന്യാസവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളുടെ പ്രതിസന്ധി ഏറ്റവും നന്നായി കാണാനാവുന്നത് ചില്ലക്ഷരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലാണ്. മലയാളത്തിന്റെ ഇന്നത്തെ വരമൊഴിക്ക് ചട്ടം നിർമ്മിക്കുന്നവർക്കു മുമ്പിൽ ഒരുപാട് കടമ്പങ്ങളുണ്ട്. നൂറുശതമാനം സാക്ഷരത എന്ന കണക്ക് അക്ഷരംപ്രതി ശരിയായി വരുന്ന ഒരു പ്രദേശമാണ് കേരളം. എഴുത്തും വായനയും വ്യാപകമായ ഭൂഭാഗം. അച്ചടി മാധ്യമങ്ങൾക്കു പുറമെ നവ - സാമൂഹികമാധ്യമങ്ങൾ കൂടിയായപ്പോൾ ഈ വ്യാപ്തി വളരെയധികം കൂടി. ഇത്ര വലിയ ഒരു സമൂഹത്തിന്റെ വരമൊഴിയിൽ ഇടപെടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അമ്പതുവർഷം മുമ്പത്തെ ചട്ടമല്ല ഇന്ന് വേണ്ടത്. ഭാഷ മാറിവരികയാണ്. എന്നാൽ മാറ്റം നടക്കുന്നതാവട്ടെ ഒരേ രീതിയിലും തോതിലുമല്ല. അതിന് പ്രാദേശികവും സാമൂഹികവും വ്യക്തിപരവുമായ വ്യതിയാനങ്ങളുണ്ട്. മലയാളത്തിനു പുറമെ ഏത് ഭാഷയിലാണ് ഓരോ വ്യക്തിക്കും പരിജ്ഞാനമെന്നത് അയാളുടെ മലയാളത്തെ കൂടി സ്വാധീനിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ ചട്ടമുണ്ടാക്കുന്നവർ എല്ലാ കാര്യങ്ങളെയും പരിഗണിക്കണം. ഇത്തരത്തിൽ ലിപിവിന്യാസത്തിന് മാനദണ്ഡമുണ്ടാക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളുടെയും പരിമിതികളുടെയും കൃത്യമായ പരിച്‌ഛേദം കാണാനാവുന്നത് ചില്ലക്ഷരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ്.

നിർവചനത്തെ അതിവിവർത്തിക്കുന്ന തരത്തിലുള്ള വൈവിധ്യം ചില്ലക്ഷരങ്ങൾ ക്കിടയിലുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാരണം. ആശയവിനിമത്തിലെ പരിമിതികളാണ് മറ്റൊന്ന്. ഭാഷാ ശാസ്ത്രത്തിലോ മലയാളഭാഷയും അതിൻ്റെ വരമൊഴിയും താണ്ടിയ ചരിത്രവഴികളിലോ വലിയ വിവരമില്ലാത്തവരാണ് ലിഖിതഭാഷ കൈകാര്യം ചെയ്യുന്നവരിൽ ബഹുഭൂ രിപക്ഷവും. അവർക്ക് മനസ്സിലാകുന്ന വിധത്തിൽ ചട്ടങ്ങൾ രൂപപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില്ലുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാണുന്നത് അതാണ്. ർ, ൽ, ൾ എന്നിവയ്ക്കുശേഷം വരുന്ന ക, ച, ട, ത, പ എന്നിവ ഇരട്ടിപ്പിക്കണമെന്നും മറ്റുള്ള അക്ഷരങ്ങൾ സാധാരണഗതിയിൽ ഇരട്ടിപ്പിക്കേണ്ടെന്നും എസ് സി ഇ ആർ ടി യും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും പറയുമ്പോൾ ഇക്കാര്യത്തിൽ മധ്യമവും വിവേചനപരവുമായ ഒരു നിലപാട് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

അന്യഭാഷകളിൽ നിന്നുവന്ന പദങ്ങളുടെ കാര്യത്തിൽ ഇപ്പറഞ്ഞ അക്ഷരങ്ങൾക്കുശേഷം നാം പരമ്പരാഗതമായി ഇരട്ടിച്ചെഴുതിയിരുന്ന പല അക്ഷരങ്ങളും അതാത് ഭാഷകളിൽ ഇരട്ടിക്കാതെയാണ് എഴുതിയിരുന്നത് എന്നത് വാസ്തവമാണ്. എന്നാൽ അത്തരം അവസ്ഥകളിലേക്ക് തിരിച്ചുപോകാതെ മലയാളത്തിനുവേണ്ടി ഏറെക്കുറെ യുക്തിസഹമായ ഒരു നിലപാട് സ്വീകരിക്കാനുള്ള ശ്രമമെന്ന നിലയിൽ മുകളിൽ പറഞ്ഞ ചട്ടങ്ങളെ പുരോഗമനപരമായ ചുവടുവെപ്പുകളായി കാണേണ്ടിവരും. ഇരട്ടിപ്പ് പൂർണമായും ഒഴിവാക്കുന്നില്ല. മലയാളത്തിൽ മുമ്പ് ചെയ്തിരുന്ന പോലെ എല്ലായിടത്തും ഇരട്ടിപ്പിക്കുന്നുമില്ല. അവയ്ക്കിടയിൽ മധ്യമമായ ഒരു നിലപാട് സ്വീകരിക്കുന്നു. ഈ നിലപാടിലെത്തിയത് ഒരുപാട് നിരീക്ഷണങ്ങൾക്കും മനങ്ങൾക്കും ചർച്ചകൾക്ക് ഒടുവിലാണ്. ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും വിവേചനപരവും മധ്യമവുമായ ഈ നിലപാടിന് പ്രശ്നങ്ങൾ ഇല്ലെങ്കിലും ചിലയിടങ്ങളിൽ ബുദ്ധിമുട്ടുകളുണ്ട്.

ക, ച, ട, ത, പ എന്നിവ ഇരട്ടിപ്പിക്കണമെന്നു പറയുന്നതിന്റെ മാനദണ്ഡം അവ ഖരങ്ങളാണ് എന്നതാണ്. ഖരങ്ങൾ പദങ്ങളുടെ തുടക്കത്തിലും കൂട്ടക്ഷരങ്ങളിലുമല്ലാതെ വരുമ്പോൾ മൃദുക്കളായി ഉച്ചരിക്കാനുള്ള പ്രവണതയുണ്ട്. നാം പദങ്ങൾ സ്വീകരിച്ച സംസ്കൃതം അടക്കമുള്ള പല ഭാഷകളിലും ചില്ലക്ഷരങ്ങൾ എന്ന വിഭാഗം ഇല്ലാത്തതിനാൽ തന്നെ നാം ഇവിടെ പരിഗണിക്കുന്ന പല അവസ്ഥകളും കൂട്ടക്ഷരങ്ങളാണ്. മലയാളികൾ പല തരത്തിലാണ് അവ ഉച്ചരിക്കുന്നത്. മലയാള ത്തിന്റെ ഭൂമികയിൽ നിന്ന് അകന്നുമാറിയ മലയാളികൾ മൂലഭാഷകളിലേതുപോലെ പല പദങ്ങളും ഉച്ചരിക്കാം.

മലയാളത്തിൽ നിന്ന് അത്രത്തോളം അകന്നുമാറാത്തവർ കൂട്ടക്ഷരങ്ങളിലേതുപോലെ ഇവയിലെ ഖരങ്ങളെ ഖരങ്ങളായിത്തന്നെ ഉച്ചരിക്കാം. എന്നാൽ മലയാളത്തിന്റെ ഭൂമികയിൽ ഇപ്പോഴും ശക്തമായ വേരുകൾ ഉള്ളവർ, ചില്ലുകൾക്ക് അക്ഷരപരിഗണന ലഭിക്കുന്ന ഭാഷാപരമായ പ്രത്യേകതകൾ കാരണമായി ഇവയെ മൃദുക്കളാക്കിക്കൊണ്ട് ഗ, ജ , ഡ, ദ , ബ എന്നിങ്ങനെ ഉച്ചരിക്കാം. ആ സാധ്യത ഇല്ലാതാക്കാനാണ് ക, ച, ട, ത, പ എന്നിവ ഇരട്ടിച്ചെഴുതണമെന്ന് പറഞ്ഞത്. ചേർച്ച പോലുള്ള നാട്ടുപദങ്ങളിൽ നാം ഖരത്തെ ഇരട്ടിപ്പിക്കുന്നതും ഈ നിലപാടിന്റെ ന്യായമാണ്. എന്നാൽ ഈ സാമാന്യവത്കരത്തിനും ചില പരിമിതികൾ ഉണ്ട് എന്നതാണ് വാസ്തവം.

വേർപാട്, നൽകുക തുടങ്ങിയവ ഇത്തരത്തിലുള്ള ചില മലയാളപദങ്ങളാണ്. ഇവയിൽ പ, ക എന്നീ ഖരങ്ങൾ ഇരട്ടിപ്പില്ലാതെയാണ് എഴുതുന്നത്. വേർപാടിനെ വേണമെങ്കിൽ വേർപ്പാട് എന്നുമാക്കാം; വായിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ നൽകുകയുടെ അവസ്ഥ അതല്ല. നൽക്കുക എന്ന് ഒരിക്കലും എഴുതാനോ ഉച്ചരിക്കാനോ പറ്റില്ല. മാത്രമല്ല, ആ രീതിയിലുള്ള നിൽക്കുക എന്ന പദത്തിന്റെ ഉച്ചാരണം വ്യത്യസ്തമാണ്. ശരിക്കുപറഞ്ഞാൽ നൽകുക, നിൽക്കുക എന്നിവ ഉച്ചരിക്കുന്നതിലെ വ്യത്യാസമാണ് അക്ഷരങ്ങൾ എന്ന നിലയിലുള്ള അസ്തിത്വം ചില്ലുകൾക്ക് നേടിക്കൊടുക്കുന്നത്.

ർ , ൽ , ൾ എന്നിവയ്ക്കുശേഷം വരുന്ന ക, ച, ട, ത, പ എന്നിവയല്ലാത്ത അക്ഷരങ്ങൾ ഇരട്ടിപ്പിക്കേണ്ടതില്ല എന്ന നിലപാടിന്റെ മറ്റൊരു അപവാദമാണ് 'ന 'കാരം. 'രഷാഭ്യാം നോ ണ: സമാനപദേ' എന്ന തത്ത്വമനുസരിച്ച് രേഫത്തിനുശേഷമുള്ള ന കാരം ണ കാരമാവുന്നതിനാൽ സംസ്കൃതപദങ്ങളിൽ ഈയാവസ്ഥയില്ല. മലയാളത്തിലും വർത്സ്യമായ ന കാരത്തിന്റെ കാര്യത്തിൽ ഇതുതന്നെയാണ് അവസ്ഥ . എന്നാൽ ദന്ത്യമായ ന കാരം കാലവാചിയാകുമ്പോൾ ഇരട്ടിക്കുന്നുണ്ട്. . ഇത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റൈൽ പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. രൂപത്തില്‍ തയുടെ ചില്ലാണ് ൽ എന്ന തത്ത്വമനുസരിച്ച് രേഫത്തിനുശേഷമുള്ള ന കാരം ണ കാരമാവുന്നതിനാൽ സംസ്കൃതപദങ്ങളിൽ ഈയാവസ്ഥയില്ല. മലയാളത്തിലും വർത്സ്യമായ ന കാരത്തിന്റെ കാര്യത്തിൽ ഇതുതന്നെയാണ് അവസ്ഥ. എന്നാൽ ദന്ത്യമായ ന കാരം കാലവാചിയാകുമ്പോൾ ഇരട്ടിക്കുന്നുണ്ട്. ഇത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റൈൽ പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്.

ൽ എന്നത് തയുടെ സ്വരരഹിതാവസ്ഥയായത് കൊണ്ടുള്ള പ്രശ്നങ്ങളും ഒരുപാടുണ്ട്. ഇക്കാര്യം അവഗണിച്ചുകൊണ്ട് അതിനെ പൂർണമായും ല കാരത്തിന്റെ ചില്ല് ആയി കണക്കാക്കണമെന്നാണ് എസ് സി ഇ ആർ ടിയുടെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നിർദേശം. മാത്രമല്ല സംസ്കൃതത്തിൽ ലയുടെ സ്വരരഹിതരൂപം ഉപയോഗിക്കുന്ന അവസ്ഥയിലും ൽ ഉപയോഗിക്കണമെന്നും പറയുന്നു. സ്വാഭാവികമായും ചില്ലിനു പറഞ്ഞ നിയമങ്ങൾ ഇതിന് ബാധമാണ്. അങ്ങനെയാണ് ശില്പിയെ, ശിൽപ്പി എഴുതുന്നത്. ഒരുപാട് പദങ്ങൾ ഇത്തരത്തിൽ മാറുന്നുണ്ട്. ഇത് സംസ്കൃതം, ഹിന്ദി തുടങ്ങിയ ഭാഷകൾ ഉപയോഗിക്കുന്ന മലയാളികളിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം അവഗണിക്കാനാവാത്തതാണ്.

പലപ്പോഴും കൂട്ടക്ഷരം പിരിച്ചുകൊണ്ട് ചില്ലുചേർത്തെഴുതാനും നിർദേശിക്കുന്നുണ്ട്. ഉദാ: ചികിത്സ > ചികിൽസ. എന്നാൽ ചില സന്ദർഭങ്ങളിൽ ഇങ്ങനെ വേണ്ടെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റൈൽ പുസ്തകം പറയുന്നു. ഉദാ : ആത്മാവ്, പത്മിനി (ആൽമാവ് , പൽമിനി എന്നിങ്ങനെ ഉപയോഗിക്കണമെന്ന് പറയുന്നില്ല) പല സന്ദർഭങ്ങളിലും ഉച്ചാരണത്തിനനുസരിച്ച് ഇരട്ടിപ്പ്' ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്യണമെന്ന് പറയുന്നു. ചില്ലുകളും ഒരങ്ങളും ഒന്നിച്ചു വരുന്ന സന്ദർഭങ്ങളിൽ പല തരത്തിലുള്ള ഉച്ചാരണക്കിന് സാധ്യതയുള്ളതിനാൽ തന്നെ ഇത് സൃഷ്ടിക്കുന്ന ആശയക്കുഴപ്പം അവഗണിക്കാനാവാത്തതാണ്.

ചില്ലിനുശേഷം വരുന്ന ഇരട്ടിപ്പിന്റെ കാര്യമാണ് ഇവിടെ പറഞ്ഞത്. ചില്ലുകളുമായി ബന്ധപ്പെട്ട മറ്റുള്ള കാര്യങ്ങൾ തുടർഭാഗങ്ങളിൽ ചർച്ചചെയ്യാം. ഇതുവരെ ചർച്ച ചെയ്ത എസ് സി ഇ ആർ ടിയുടെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാർഗനിർദേശങ്ങളനുസരിച്ചുള്ള ശരിയായ രൂപങ്ങളുടെ ഏതാനും ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു. വർക്ക്, അർക്കം, ചർച്ച, ചേർച്ച, പാർട്ടി, കർത്താവ്, ഗർത്തം, അൽപ്പം, വർഗം, വർഗീയം, വർജിക്കുക, ചൂർണം, കർണാടക, കർമം .. സർക്കാർ സ്ഥാപനങ്ങൾ ടെക്സ്റ്റ് ബുക്കുകളിലും മറ്റും ഈ രീതിയാണ് ഇന്ന് ഉപയോഗിക്കുന്നത് എങ്കിലും സർക്കാറിതരമേഖലകളിൽ വേറെ രീതികളുമുണ്ട്. ദേശാഭിമാനിയുടെ പാർടി പ്രസിദ്ധമാണല്ലോ.

(തുടരും)



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia