Follow KVARTHA on Google news Follow Us!
ad

പലവക ഇരട്ടിപ്പുകൾ

Media Malayalam - 4#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാധ്യമമലയാളം 4

ഡോ. പി എ അബൂബക്കർ

(www.kvartha.com 26.05.2021) അച്ചടി മാധ്യമങ്ങളിലായാലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലായാലും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇരട്ടിപ്പ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ച ഇവിടെ അവസാനിക്കുന്നു. ഇന്ന് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെ രണ്ടായി തിരിക്കാം. സംവൃത-ഉകാരവുമായി ബന്ധപ്പെട്ട ഇരട്ടിപ്പുകളാണ് ആദ്യം വിശദീകരിക്കുന്നത്. അതുകഴിഞ്ഞ് ഇതുവരെ പരിഗണനയ്ക്കുവരാത്ത മറ്റുള്ള ഇരട്ടിപ്പുകള്‍ ചര്‍ച്ചചെയ്യാം.

മലയാളത്തിന്റെ പ്രത്യേകതയായി കേരളപാണിനി എടുത്തുപറയുന്ന ഒന്നാണ് സ്വരസംവരണം. സംവൃത-ഉകാരമെന്ന് കേരളപാണിനി പറഞ്ഞതും മറ്റു പലരും അരയുകാരം, അര്‍ധാച്ച്, അകാര് തുടങ്ങിയ പേരുകള്‍ വിളിച്ചതുമൊക്കെ മലയാളഭാഷയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സ്വരത്തെയാണെന്ന് ഇന്ന് നമുക്കറിയാം. അതുപോലെത്തന്നെ ഇപ്പറഞ്ഞ പേരുകള്‍ ഇന്നത്തെ ശാസ്ത്രീയമായ അറിവുകള്‍ക്ക് നിരക്കുന്നതല്ലെന്നും വ്യക്തമാണ്. ഈ പേരുകളില്‍ മലയാളഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചിട്ടുള്ളത്‌ സംവൃത-ഉകാരമാണ്. ഭാഷാശാസ്ത്രപരമായി ഇത് സെന്‍ട്രല്‍ മിഡ് വവല്‍ എന്ന സ്വരമാണെങ്കിലും ആ പേരിന് മലയാള പണ്ഡിതന്മാര്‍ക്കിടയില്‍ പ്രചാരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ശീര്‍ഷകത്തിലടക്കം ഈ ചര്‍ച്ചയില്‍ സംവൃത-ഉകാരം എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. ‘ഉ’കാര ചിഹ്നവും ചന്ദ്രക്കലയും ചേര്‍ത്താണ് മുമ്പ് ഇതെഴുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചന്ദ്രക്കല മാത്രമായിട്ടുണ്ട്.
മലയാളത്തിന്‍റെ ജീവനാഡിയാണ് ഈ സ്വരമെന്ന് പറയാം. കേരളത്തിന്‍റെ പല ഭാഗങ്ങളിലും സംസാരിക്കുന്ന നാട്ടുമൊഴികളില്‍ സ്വതന്ത്രമായും വ്യഞ്ജനങ്ങളോട് ചേര്‍ന്നും ഹ്രസ്വദീര്‍ഘഭേദങ്ങളോടുകൂടി ഈ സ്വരത്തിന്‍റെ ശക്തമായ സാന്നിധ്യമുണ്ട്. എന്നാല്‍ മാനകമലയാളത്തില്‍ അത്രത്തോളമില്ലെങ്കിലും ഭാഷയുടെ ജീവനാഡി തന്നെയാണ് ഈ സ്വരം. ചില്ലുകള്‍ എന്ന പരിഗണന ലഭിക്കാത്ത ഏത് വ്യഞ്ജനവും പദത്തിന്‍റെ അവസാനത്തില്‍ ഇത് അനുഗമിക്കുന്ന അക്ഷരമായി മാത്രമേ വരികയുള്ളൂ. വൈദേശികപദങ്ങള്‍ മലയാളത്തിലെത്തുമ്പോഴും ഈ മാറ്റം സംഭവിക്കുന്നുണ്ട്. ഇംഗ്ലീഷില്‍ നിന്നുവന്ന കാറ്, ബസ്സ്‌, സംസ്കൃതത്തില്‍ നിന്നുള്ള വാക്ക്, ത്വക്ക്, അറബിയില്‍ നിന്നുവന്ന കിത്താബ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

Media Malayalam - 4, Dr P  A Aboobacker

ഇത്തരം പദങ്ങളില്‍ ചിലതില്‍ അവസാനത്തെ (സ്വരത്തിന് തൊട്ടുമുമ്പുള്ള) വ്യഞ്ജനം ഇരട്ടിക്കുകയും ചിലതില്‍ ഇരട്ടിക്കാതിരിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം. കാറ്, കിതാബ് എന്നിവ ഇരട്ടിക്കാതിരിക്കുന്നതിന്‍റെയും ബസ്സ്‌, വാക്ക്, ത്വക്ക് എന്നിവ ഇരട്ടിക്കുന്നതിന്‍റെയും ഉദാഹരണങ്ങളാണ്. സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കില്‍ ഇരട്ടിക്കുന്നതിനും ഇരട്ടിക്കാതിരിക്കുന്നതിനും പിന്നില്‍ ചില തത്ത്വങ്ങളുണ്ടെന്ന് കാണാം. അവ താഴെ വിവരിക്കാം.
അവസാനത്തെ സ്വരത്തിന് തൊട്ടുമുമ്പുള്ള മൃദുക്കളാണെങ്കില്‍ ഇരട്ടിക്കാറില്ല. ഉദാ: കിത്താബ്. എന്നാല്‍ ഖരങ്ങളാണെങ്കില്‍, മുന്‍ ചര്‍ച്ചകളില്‍ പറഞ്ഞ കാരണങ്ങളാല്‍, ഇരട്ടിക്കുന്നു. മലയാളത്തിലെ ആറ് വര്‍ഗങ്ങളില്‍ നിന്നുള്ള ഖരങ്ങള്‍ ഇരട്ടിക്കുന്നതിന്‍റെ ഉദാഹരങ്ങള്‍, ഇംഗ്ലീഷില്‍ നിന്നും അറബിയില്‍ നിന്നും വന്ന പദങ്ങളുടെ സഹായത്തോടെ ഇനി പറയുന്നു.

ബൈക്ക്, ലീക്ക്, വാച്ച്, മാച്ച്, ടോർച്ച്, വോട്ട്, ഫ്രൂട്ട്, മാറ്റ്, ചാറ്റ്‌, വാറ്റ്,കാരറ്റ്, കത്ത്, മാപ്പ്/മേപ്പ്, കപ്പ്, സൂപ്പ്, ഡ്യൂപ്പ്, ആപ്പ് (വാട്സ് ആപ്പ്), ജീപ്പ്. ഇവയില്‍ വര്‍ത്സ്യഖരങ്ങള്‍ വരുന്ന മാറ്റ്, ചാറ്റ്, വാറ്റ്, കാരറ്റ് എന്നിവയില്‍ ഇരട്ടിപ്പിനെ സൂചിപ്പിക്കുന്ന ചിഹ്നം മാത്രമേ മലയാളത്തിലുള്ളൂ.

ഖരമല്ലാത്തവ പൊതുവെ ഇരട്ടിക്കാറില്ല . എന്നാല്‍ ‘സ’ മിക്കപ്പോഴും ഇരട്ടിക്കുന്നു. (ഉദാ, മനസ്സ്). ‘സ’യുടെ ഇരട്ടിപ്പിനെക്കുറിച്ച് ഇനി പറയുന്ന നിര്‍ദേശങ്ങള്‍ എസ് സി ഇ ആര്‍ ടിയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ മുന്നോട്ടുവെക്കുന്നു.

ദീര്‍ഘസ്വരത്തിനുശേഷം വരുന്ന പദാന്ത ‘സ’കാരം ഇരട്ടിക്കേണ്ടതില്ല. ഉദാ. ത്രാസ്, ക്ലാസ്, ഗ്ലാസ്, ഗ്യാസ്, പാസ്, ഷൂസ്. അതുപോലെ വ്യഞ്ജനസംയുക്തത്തിനുശേഷം വരുന്ന ഹ്രസ്വസ്വരത്തെ തുടര്‍ന്നുള്ള ‘സ’കാരവും ഇരട്ടിക്കാതെ എഴുത്തണം. ഉദാ. വയര്‍ലസ്, കോണ്ഗ്രസ്, അര്‍ശസ്. ഇപ്പറഞ്ഞവ അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം ‘സ’കാരം ഇരട്ടിക്കണം. ഇതോടെ സംവൃത-ഉകാരവുമായി ബന്ധപ്പെട്ട ഇരട്ടിപ്പുകളെക്കുറിച്ചുള്ള ചര്‍ച്ച അവസാനിക്കുന്നു. ഇനി മറ്റുള്ള പലവക ഇരട്ടിപ്പുകളിലേക്ക് കടക്കാം.

‘സ’കാര ‘ശ’കാരങ്ങള്‍ക്ക് ശേഷമുള്ള ക കാരം ചേര്‍ന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളില്‍ ഇരട്ടിക്കെണ്ടതില്ല. ഉദാ. സംസ്കാരം , ഭാസ്കരന്‍, സംസ്കൃതം, സ്കൂള്‍. അതുപോലെ യ, വ, ര, റ എന്നിവയ്ക്ക് മുമ്പുവരുന്ന ഒരു വ്യഞ്ജനവും ഇരട്ടിച്ചെഴുതേണ്ടതില്ല. ഉദാ. പഥ്യം, അധ്യായം. അവസാനം പറഞ്ഞത് സംസ്കൃതത്തിലെ തന്നെ ചില നിയമങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനെക്കുറിച്ച് അടുത്ത ആഴ്ചത്തെ ചര്‍ച്ചയില്‍ വിശദീകരിക്കാം.

ഇത്തരം കാര്യങ്ങളില്‍ എസ് സി ഇ ആര്‍ ടിയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ പലപ്പോഴും സങ്കീര്‍ണതയും സന്ദിഗ്ധതയും കാണാം. അതിന്‍റെ കാരണങ്ങള്‍ പലതാണ്. മലയാളഭാഷ മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. ഒരേ തോതിലല്ല മാറ്റം നടക്കുന്നത്. അന്യഭാഷകളുമായുള്ള സമ്പര്‍ക്കം മാറ്റത്തെ ത്വരിതപ്പെടുത്തുന്നുമുണ്ട്. സംസ്കൃതത്തിലും ഇംഗ്ലീഷിലും അറബിയിലുമൊക്കെ പാണ്ഡിത്യമുള്ളവര്‍ ഉപയോഗിക്കുന്നത് ഒരേ തരത്തിലുള്ളതല്ല. ഇത്തരം മാറ്റങ്ങള്‍ക്കിടയില്‍ മധ്യമസമീപനം കൈക്കൊള്ളുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ് സങ്കീര്‍ണതയും സന്ദിഗ്ധതയും. കൂട്ടക്ഷരങ്ങളായി എഴുതാന്‍ പറ്റുന്ന പലതും ചില്ലുകള്‍ ചേര്‍ത്ത് ഇരട്ടിപ്പോടെ എഴുതാന്‍ നിര്‍ദേശിച്ചത് ബാക്കിയുള്ളവയുടെ പൊതുസ്വഭാവം നഷ്ടപ്പെടുത്തി.

ഇനി നമുക്ക് ചര്‍ച്ചയുടെ കാതലായ ഭാഗത്തേക്കുകടക്കാം. എസ് സി ഇ ആര്‍ ടിയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ ഇരട്ടിപ്പ് ചേര്‍ത്തെഴുതാന്‍ നിര്‍ദേശിച്ച പല പദങ്ങളും ഇരട്ടിപ്പില്ലാതെ എഴുതണമെന്ന നിര്‍ദേശങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പ്രത്യേകിച്ച് ഇംഗ്ലീഷില്‍ നിന്നുവന്ന പദങ്ങള്‍. ഇംഗ്ലീഷില്‍ സാധാരണഗതിയില്‍ ഇരട്ടിപ്പില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളത്തില്‍ ഇരട്ടിച്ചെഴുതുന്നത് മലയാളിയുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ ബാധിക്കുമെന്നാണ് വാദം. ഇപ്പറഞ്ഞ പശ്ചാത്തലത്തില്‍ ഈ വാദം ശരിയാണ്. എന്നാല്‍ മറ്റുള്ള പശ്ചാത്തലങ്ങളില്‍ ഈ വാദത്തിന്‍റെ സാധുത പരിശോധിക്കേണ്ടതുണ്ട്. ബൈക്ക്, വോട്ട് എന്നിവയ്ക്കുപകരം ബൈക് (ബൈക്‍), വോട് എന്നൊക്കെ ഒറ്റയ്ക്കൊറ്റയ്ക്ക് ഉപയോഗിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ ഒറ്റയ്ക്കല്ലാതെയാവുമ്പോള്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ബൈക്കാക്സിഡന്‍റ് എന്നത് ബൈകാക്സിഡന്‍റ് എന്നെഴുതുമ്പോള്‍ മലയാളിയുടെ ഇന്നത്തെ രീതിയനുസരിച്ച് ബൈഗാക്സിഡന്‍റ് എന്നുവായിക്കാനുള്ള പ്രവണത കൂടുതലാണ്. അതുപോലെ വോട്ട് എന്നെഴുതിയാലും മലയാളികള്‍ പൊതുവെ വായിക്കുന്നത് ഓട്ട് എന്നാണ്. വോട് എന്നാവുമ്പോള്‍ ഭാഷയിലുള്ള ഓട് എന്ന പദവും അതും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഖരങ്ങളല്ലാത്തവ ഇരട്ടിക്കാതെയെഴുതുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല.

Post a Comment