കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

 


എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-9)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 09.05.2020) യാത്രകള്‍ എനിക്കൊരു ഹരമാണ്. നിരവധി പഠനയാത്രകള്‍ക്ക് നേതൃത്വം കൊടുക്കാനുളള അവസരം ഉണ്ടായിട്ടുണ്ട്. മിക്കതും കുടുംബ പഠന യാത്രകളായിരുന്നു. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നതൊഴിലാളികളേയും കുടുംബാഗങ്ങളെയും പങ്കെടുപ്പിച്ചുളള യാത്രകള്‍ നടത്തിയിട്ടുണ്ട്. നിരക്ഷരര്‍, നവസാക്ഷരര്‍, സ്‌ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചുളള യാത്രകള്‍, കലാ-ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്തുളള യാത്രകള്‍, വിദേശ യാത്രകള്‍ എന്നിവ നടത്തിയിട്ടുണ്ട്.

1970 മുതല്‍2000 വരെ വര്‍ഷത്തില്‍ ഒന്നോ,രണ്ടോ യാത്രകള്‍ സംഘടിപ്പിക്കുകയും, അതിന് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു.ഹിമാചല്‍ പ്രദേശിലെ ഡെറാഡൂണ്‍, മുസ്സോറി, ഷിംല എന്നിവിടങ്ങളിലും. ഡല്‍ഹി, ബോംബെ, ചെന്നൈ,ഭോപാല്‍, ബാംഗ്ലൂര്‍,ഊട്ടി, കന്യാകുമാരി, വയനാട്, തേക്കടി, ഇടുക്കി തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ ഒരുപാട് തവണ തൊഴിലാളികളേയും മറ്റും സംഘടിപ്പിച്ചുളള യാത്രകള്‍ എന്നും ഓര്‍ക്കാന്‍ രസമുളളതാണ്. ചിലത് സങ്കടമുളവാക്കുന്നതും. ഇക്കൂട്ടത്തില്‍ സിങ്കപ്പൂര്‍, മലേഷ്യ,ഒമാന്‍,എന്നീ വിദേശ രാജ്യങ്ങളിലും സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഡെറാഡൂണ്‍ യാത്ര

കണ്ണൂരില്‍ നിന്ന് ഇരുപത് പേരടങ്ങുന്ന ഒരു ദളിദ് ഗ്രൂപ്പിനൊപ്പം ഡെറാഡൂണിലേക്ക് നടത്തിയ യാത്ര മനസ്സില്‍ സന്തോഷം നിറഞ്ഞതാണെങ്കിലും, ഭയമുളവാക്കിയ അനുഭവം ആ യാത്രയിലാണുണ്ടായത്.നെഹ്‌റു യുവക് കേന്ദ്രയിലെ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ എ.ശ്രീധരന്‍ കണ്‍വീനറും ഞാന്‍ ടീം ലീഡറുമായാണ് പ്രസ്തുത യാത്ര നടത്തിയത്. ഡല്‍ഹി വരെ യാത്ര സുഖമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഓരോ സംസ്ഥാന കലാട്രൂപ്പിനും  ഡെറാഡൂണില്‍ ചെല്ലാനും, തിരിച്ചുവരാനും പ്രത്യേക എ.സി. ബസ് ഏര്‍പ്പാടാക്കി തന്നിരുന്നു. ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച ബസ്സ് ചെങ്കുത്തായ മലനിരകളിലെ ഓരം ചേര്‍ന്നു പോകുമ്പോള്‍. താഴേക്ക് നോക്കിയാല്‍ തലകറങ്ങും. ഒരു ബസ്സിനു കഷ്ടിച്ച് കടക്കാന്‍ മാത്രമേ റോഡിനു വീതിയുളളൂ.ഡ്രൈവറുടെ ശ്രദ്ധ ഒന്നു പാളിയാല്‍ ബസ്സ് താഴെക്ക് പതിക്കും.

ഡ്രൈവര്‍ നിര്‍ദേശം തരുന്നതിങ്ങിനെ ഭയമുളളവര്‍ ഇറങ്ങി നടന്നോളളൂ. ഇടയ്ക്കിടക്ക് കയറുകയും ചെയ്യാം.  നടക്കുന്നതിനേക്കാള്‍ വേഗത കുറച്ചാണ് ബസ്സ് നീങ്ങുന്നത്. നടന്ന് ക്ഷീണിക്കുമ്പോള്‍ ബസ്സില്‍ കയറും, കണ്ണടച്ചിരിക്കും. ഉളളാലെ ഭയമുണ്ടെങ്കിലും കൂടെയുളളവര്‍ക്ക് ധൈര്യം പകര്‍ന്ന് കൊടുത്തുകൊണ്ടിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങില്‍ നിന്നും കലാകാരന്‍മാരുണ്ട്. ആദ്യ ദിവസം റോഡ് ഷോ ആയിരുന്നു. തുടര്‍ന്നുളള രണ്ട് മൂന്നു ദിവസം കലാവിരുന്നാണ്. തിരിച്ചു ഡല്‍ഹിയിലേക്കുളള യാത്രയും ബസ്സിലായിരുന്നു. വീണ്ടും പേടി പെടുത്തുന്ന യാത്ര. കാലമെത്ര കഴിഞ്ഞിട്ടും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത സൂഹൃത്തുക്കളില്‍ ചിലര്‍ വിളിച്ച് ഓര്‍മ്മ പുതുക്കാറുണ്ട്.

സാരി മോഷ്ടാവ്

ഒരു ഫാമിലി ഗ്രൂപ്പുമായി തമിഴ് നാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോളുണ്ടായ ഒരു ദുരനുഭവം മറക്കാന്‍ കഴിയില്ല. ആ ഗ്രൂപ്പില്‍ ഒരു മകനും മധ്യവയസ്സിലെത്തിയ അമ്മയും ഉണ്ടായിരുന്നു.കാഴ്ചകള്‍ കാണുന്നതിനേക്കാള്‍ ആ സ്ത്രീക്ക് താല്‍പര്യം കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലായിരുന്നു. അവരുടെ കൂടെ മകനും ഉണ്ടാവും. ഊട്ടിയിലെ ഒരു ടെക്സ്റ്റയില്‍ കടയില്‍ യാത്രാംഗങ്ങളെല്ലാം കയറി. ആവശ്യാനുസരണം തുണിത്തരങ്ങള്‍ തെരഞ്ഞെടുത്തു തുടങ്ങി. ഈ സ്ത്രീയും സജീവമായി തുണിത്തരങ്ങള്‍ സെലക്ട് ചെയ്യുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ കടക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്ന വിശ്വാസത്തില്‍ മൂന്നോ, നാലോ സാരി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചാണ് മറ്റുളളവരോടൊപ്പം അവര്‍ പുറത്തിറങ്ങിയത്.

എല്ലാവരും കടയില്‍ നിന്നു പുറത്തിറങ്ങി. പെട്ടെന്ന് കടയില്‍ നിന്ന് തമിഴന്‍ തടിമാടന്‍ ഓടിവന്ന് ഈ സ്ത്രീയെ തടഞ്ഞു നിര്‍ത്തി. ചോദ്യം ചെയ്യാന്‍ തുടങ്ങി. കൂടെ വന്നവര്‍ ഇത്ര മോശക്കാരാണെന്ന് മനസ്സിലാക്കാത്തതിനാല്‍ ഞാനും വന്ന മനുഷ്യനോട് കയര്‍ത്തു സംസാരിച്ചു. ഞങ്ങള്‍ എല്ലാവരും വാങ്ങിയ സാധനത്തിന്റെ ബില്‍ തുക അടച്ചിട്ടുണ്ട്. ആരും തുക തരാത്തവരില്ല എന്നൊക്കെ വീറോടെ വാദിച്ചു. വാസ്തവത്തില്‍ ആ സ്ത്രീ സാരി മോഷിടിച്ചെന്നത് ബസ്സില്‍ കയറി ഇരുന്നപ്പോഴാണ് കൂട്ടത്തിലുളളവര്‍ സത്യം വിളിച്ചു പറഞ്ഞത്. തല്ല് കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം.

ഉറക്കത്തില്‍ തുപ്പുന്ന പ്രൊഫസര്‍

ഭാരത് ജന്‍വിജ്ഞാന്‍ പരിപാടിയുടെ ഭാഗമായി ഷിംലയില്‍ സംഘടിപ്പിച്ച ഒരു ദേശീയ പരിശീലന പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം മറക്കാന്‍ പറ്റുന്നതല്ല. കേരളത്തില്‍ നിന്ന് ഞാനും തിരുവന്തപുരത്തെ കൃഷ്ണകുമാരി മാഡവുമാണ് പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തത്. താമസം അടുത്തുളള യൂണിവേഴ്‌സിറ്റി കാമ്പസിലായിരുന്നു. മൂന്നു ദിവസത്തെ പരിപാടിയാണ് ഒരു മുറിയില്‍ രണ്ടുപേര്‍ പങ്കിട്ടാണ് താമസിക്കേണ്ടിയിരുന്നത്.

എനിക്ക് റൂംമേറ്റായി കിട്ടിയത് ഒറീസ്സക്കാരനായ റിട്ട.കോളേജ് പ്രൊഫസറാണ്. അദ്ദേഹം രാത്രി ഭക്ഷണ ശേഷം പല മരുന്നുകളും കഴിക്കുന്നതു കണ്ടു. റൂമിന്റെ രണ്ടറ്റത്താണ് ബെഡ് വെച്ചിട്ടുളളത്. നടു ഭാഗം ഒഴിഞ്ഞും കിടന്നു. ഞാന്‍ ക്ഷീണം മൂലം നല്ല ഉറക്കത്തിലാണ്. പ്രൊഫസര്‍ ഉച്ചത്തില്‍ ചുമക്കുന്നുണ്ട്, കാര്‍ക്കിച്ചു തുപ്പുന്നുണ്ട്.അതൊക്കെ എന്റെ പുതപ്പിലേക്കും ബെഡ്ഡിലേക്കുമാണ് വീഴുന്നത്. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ നിവൃത്തിയില്ലാതെ ഞാന്‍ ഉറക്കെ അലറി. ' യെ ക്യാഹെ സര്‍'.

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍


അപ്പോഴേക്കും എന്റെ ബെഡും പുതപ്പും നിറയെ തുപ്പലും,കഫവും കൊണ്ട് നിറഞ്ഞിരുന്നു. അദ്ദേഹം വന്ന് സോറി പറഞ്ഞു. ബെഡ്ഷീറ്റും പുതപ്പും ഓഫീസില്‍ ചെന്ന് സംഘടിപ്പിച്ചുകൊണ്ടുവന്നു. പക്ഷേ ഉറങ്ങിയില്ല. ഇരുന്നു നേരം വെളുപ്പിച്ചു. ഇതദ്ദേഹത്തിന്റെ സ്വഭാവമാണു പോലും... അടുത്ത ദിവസം രാവിലെ ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞു. എനിക്ക് സ്വന്തമായി ഒരു മുറി തയ്യാറാക്കി തന്നു.

ഡ്രൈവറുടെ കാലു മുറിഞ്ഞു

കരിവെളളൂരിലെ ദിനേശ് ബീഡി തൊഴിലാളി കുടുംബങ്ങളോടൊത്തുളള ഒരു യാത്രാനുഭവം പേടിപ്പെടുത്തുന്നതായിരുന്നു. തമിഴ് നാട്ടിലെ കോയമ്പത്തൂര്‍, ഊട്ടി എന്നിവ കണ്ട് പളനി ക്ഷേത്രത്തില്‍ എത്തി. യാത്രാപരിപാടിയില്‍ കന്യാകുമാരി,തിരുവന്തപുരം,കൊച്ചിവരെ കാണാന്‍ പദ്ധതി ഇട്ടിരുന്നു. പളനി ക്ഷേത്ര ദര്‍ശനം കഴിയാന്‍ വൈകീട്ട് നാലു മണിയായി. അന്നു തന്നെ കന്യാകുമാരി പിടിക്കണം. ഡ്രൈവര്‍ ഒരു നാരായണേട്ടനയിരുന്നു. എളിമയുളള വ്യക്തി. യാത്രക്കാരുടെ ഇഷ്ടമറിഞ്ഞ് വണ്ടിയോടിക്കുന്ന മിടുക്കനായ ഡ്രൈവര്‍. അദ്ദേഹം പറഞ്ഞു. പളനിയില്‍ നിന്ന് നേരെ വിട്ടാല്‍ രാത്രി എട്ടു മണിക്കു മുന്നേ കന്യാകുമാരി എത്താം ഞങ്ങളും സമ്മതം മൂളി.

വണ്ടി ഹൈ സ്പീഡില്‍ ഓടുകയാണ്. നല്ല റോഡാണ്. വണ്ടിയില്‍ മ്യൂസിക്ക് അതിന്റെ ഉച്ചസ്ഥായിയില്‍ വെച്ചിട്ടുണ്ട്. യാത്രക്കാരെല്ലാം നല്ല മൂഡിലാണ്. കയ്യടിയും ഡാന്‍സും തകര്‍ക്കുന്നുണ്ട്. പുറത്തു നല്ല കാറ്റുണ്ട്. പെട്ടന്ന് ഡ്രൈവറുടെ സീറ്റിന്റെ അടുത്ത് എന്തോ പൊട്ടി വീഴുന്ന ശബ്ദം കേട്ടു.വണ്ടി പെട്ടന്ന് റോഡിന്റെ ഓരം ചേര്‍ന്നു നിന്നു. ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ പൊട്ടിവീണതാണ്. ഡ്രൈവറുടെ തുടയിലേക്കാണ് ഒരുഭാഗം വീണത് തുട മുറിഞ്ഞ് രക്തം ചീറ്റുകയാണ്. തോര്‍ത്തെടുത്തുകെട്ടി തുടയിലെ രക്തമൊഴുക്കു നിര്‍ത്തി.ഭാഗ്യത്തിന് ഒരു ടാക്‌സി കിട്ടി. അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ബാന്‍ഡേജിട്ടു. കൂടെ വന്ന ബസ്സിലെ ക്ലീനര്‍ക്ക് ഡ്രൈവിംഗ് അറിയാവുന്നതു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വിജയവാഡയും മാംഗോജ്യൂസ്സും

യുനെസ്‌കോയും, ഇന്ത്യാ ഫൗണ്ടേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ 'ആചാര്യ വിനോഭാവെനാഷണല്‍ വളണ്ടിയര്‍ അവാര്‍ഡ'് ഡല്‍ഹിയില്‍ വച്ച് കൈപ്പറ്റി തിരിച്ചുളള വരവില്‍ അനുഭവപ്പെട്ട മാനസീക പ്രയാസം ഒരിക്കലും മറക്കില്ല. ഞാനും ഭാര്യയുമാണ് അവാര്‍ഡ് സ്വീകരിക്കാന്‍ ചെന്നത്.

അടുത്തദിവസം തന്നെ തിരിച്ചു വരാനുളള ട്രെയിന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നു. വിജയവാഡ മാങ്ങയ്ക്ക് പേരു കേട്ട പ്രദേശമാണ്. അതിനു മുമ്പുളള യാത്രയില്‍ അവിടെ ഇറങ്ങി മാങ്ങ ജ്യൂസ്സ് കുടിച്ചത് ഓര്‍മ്മയുണ്ട്. അക്കാര്യം ഭാര്യയോട് സൂചിപ്പിച്ചിരുന്നു. തിരിച്ചു വരവില്‍ ഒന്നു കൂടി ഓര്‍മിപ്പിച്ചു. വിജയവാഡയില്‍ വണ്ടിയെത്തി. സ്റ്റേഷനില്‍ ഒരു പാട് ജ്യൂസ്സ് കച്ചവടക്കാരുണ്ടായിരുന്നു. ഒരു ജ്യൂസ് വാങ്ങി ജനലില്‍ കൂടി ഭാര്യയെ ഏല്‍പ്പിച്ചു. നല്ല ഉഷ്ണ കാലമായിരുന്നു അത്. സ്റ്റേഷനകത്ത് കയറി മുഖം കഴുകി വരാമെന്ന് കരുതി പോയി. ഒന്നു രണ്ടുപേര്‍ ക്യൂവിലുണ്ടായിരുന്നു. അവര്‍ കഴിയും വരെ ഞാന്‍ കാത്തു നിന്നു മുഖം കഴുകി പുറത്തിറങ്ങലും വണ്ടി നീങ്ങിത്തുടങ്ങി. എനിക്കുളള ജ്യൂസ്സ് കൈയില്‍ പിടിച്ചിട്ടുണ്ട്. ഞാന്‍ ലുങ്കിയും ബനിയനിലുമാണ്. ഒരു നിമിഷം എന്തു ചെയ്യേണ്ടെന്നറിയില്ല. ജ്യൂസ് വലിച്ചെറിഞ്ഞ് അവസാന കമ്പാര്‍ട്ട്‌മെന്റിലേക്ക് ഒരലര്‍ച്ചയോടെ ഓടിക്കയറി. ശ്വാസം നേരെ വീണു.

ഇതൊന്നും ഭാര്യ അറിയുന്നില്ല. അവള്‍ കരയാന്‍ തുടങ്ങി. കമ്പാര്‍ട്ടുമെന്റിലുളളവര്‍ അവളെ സമാശ്വസിപ്പിച്ചു. മറ്റേതെങ്കിലും കമ്പാര്‍ട്ടുമെന്റില്‍ കയറിയിട്ടുണ്ടാവും ഭയപ്പെടാതിരിക്കൂ എന്നവര്‍ സമാശ്വസിപ്പിച്ചു. ഞാനും പരിഭ്രാന്തനായിരുന്നു. ഒരു പതിനഞ്ചുമിനിറ്റെടുത്തു ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റില്‍ തിരിച്ചെത്താന്‍. കണ്ടപ്പോള്‍ രണ്ടുപേര്‍ക്കും സമാധാനമായി.... വിജയവാഡയിലെ മാംങ്കോജ്യൂസ് ഒരിക്കലും മറക്കില്ല.....

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

Keywords:  Article, Kookanam-Rahman, Study, Article about My Study tour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia